കോല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരുന്നു.നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലെ കന്‍കിനാരയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നാലു പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.ഒരു ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹം തിങ്കളാഴ്ച മരത്തില്‍ തൂക്കിയ നിലയിലും കണ്ടെത്തിയിരുന്നു. ഹൗറയിലെ സര്‍പോത ഗ്രാമത്തില്‍ സമതുല്‍ ഡോളു എന്ന പ്രവര്‍ത്തകനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ജയ് ശ്രീറാം വിളിച്ചതിന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇയാളെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് ബിജെപി ആരോപിച്ചു.ശനിയാഴ്ചയാണ് ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് ജനജീവിതം സാധാരണ നിലയിലായിട്ടില്ല.സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബംഗളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ബംഗാളില്‍ സംഘര്‍ഷം തുടരുകയാണ്. ഒരാഴ്ചക്കിടെ ഈ മേഖലയിലുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു ബിജെപി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ പ്രവര്‍ത്തകനും കൊല്ലപ്പെട്ടു.
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റായി മാറും;കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കും.ഇതോടെ കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.’വായു’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്.ഗുജറാത്ത് തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും അഞ്ചുദിവസം കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. ശക്തമായ കാറ്റിന് സാധ്യയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യബന്ധനത്തിന് പുറപ്പെട്ട തൊഴിലാളികള്‍ എല്ലാം ഉടന്‍ അടുത്തുള്ള തീരങ്ങളിലേക്ക് എത്തിച്ചേരണമെന്ന് കോസ്റ്റ് ഗാര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കനത്ത കടല്‍ക്ഷോഭവും അനുഭവപ്പെടുന്നുണ്ട്. ശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം,തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസർകോഡ് എന്നീ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കത്വ പീഡനക്കേസ്;മൂന്നു പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ
പഠാന്‍കോട്ട്: കത്വ കൂട്ട ബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതി സാഞ്ചി റാം, സ്പെഷ്യല്‍ പൊലീസ് ഓഫീസറായ ദീപക് ഖജുരിയ,സാഞ്ചി റാമിന്‍റെ സുഹൃത്ത് പര്‍വേഷ് കുമാര്‍ എന്നിവര്‍ക്കാണ് മരണം വരെ തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.പഞ്ചാബിലെ പഠാന്‍കോട്ട് സെഷല്‍സ് കോടതിയുടേതാണ് വിധി.കേസിൽ ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.മറ്റ് മൂന്ന് പ്രതികൾക്ക് അഞ്ച് വര്‍ഷം തടവും പിഴയും വിധിച്ചു.സഞ്ജീ റാം, സ്‌പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥരായ ദീപക് കജോരിയ, സുരീന്ദര്‍ കുമാര്‍, അന്വേഷണ ഉദ്യോഗസ്ഥരായ തിലക് രാജ്, ആനന്ദ് ദത്ത, പ്രവീഷ് കുമാര്‍ എന്നിവരെയാണ് കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.രാജ്യത്തെ നടുക്കിയ കത്വ കൂട്ട ബലാല്‍സംഗക്കേസില്‍ ഏഴില്‍ ആറ് പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച പഠാന്‍ കോട്ട് പ്രത്യേക കോടതി കേസില്‍ ഒരാളെ വെറുതെ വിട്ടു. സാഞ്ചിറാമിന്‍റെ മകൻ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ പ്രതികള്‍ ഇയാളെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇത് സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മുഖ്യപ്രതി സാഞ്ചി റാമിന്‍റെ പതിനഞ്ചുകാരനായ മരുമകനും കേസില്‍ പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലാണ്.പഠാന്‍കോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്‍വീന്ദര്‍ സിംഗാണ് കേസില്‍ വിധി പറഞ്ഞത്. വിധിപ്രസ്താവത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.പതിനഞ്ച് പേജ് കുറ്റപത്രത്തില്‍ എട്ട് വയസുള്ള പെണ്‍കുട്ടി ക്രൂരമായി മര്‍ദ്ദനമേല്‍ക്കുകയും ക്ഷേത്രത്തിനകത്ത് വച്ച് ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.പെണ്‍കുട്ടിക്ക് മയക്കുമരുന്ന് നല്‍കിയതായും ആന്തരീകാവയവയങ്ങളുടെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. 2018 ജനുവരിയിലായിരുന്നു രാജ്യ വ്യാപക പ്രതിഷേധങ്ങളുണ്ടാക്കിയ കത്വ കൂട്ട ബലാല്‍സംഗം നടന്നത്.പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബകര്‍വാള്‍ സമുദായത്തെ ഭയപ്പെടുത്തി സ്ഥലത്ത് നിന്ന് അകറ്റുന്നതിനാണ് ഇത്തരത്തില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കത്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്;ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി
ശ്രീനഗർ:കശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി.കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത മുഖ്യപ്രതിയും ക്ഷേത്രപൂജാരിയുമായ സാഞ്ചി റാമും, കുട്ടിയെ ബലാത്സംഗം ചെയ്തെന്ന് പൊലീസ് കണ്ടെത്തിയ ആനന്ദ് ദത്ത, വിശാല്‍ എന്നീ പ്രതികളും രണ്ട് പൊലീസുദ്യോഗസ്ഥരും കുറ്റക്കാരെന്നാണ് കോടതി വിധിച്ചിരിക്കുന്നത്.പഞ്ചാബിലെ പഠാന്‍ കോട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ മാസം മൂന്നിന് കേസിന്റെ വിചാരണ പൂര്‍ത്തിയായിരുന്നു. നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ ഏഴ് പ്രതികളാണ് കേസിലുള്ളത്.രണ്ടായിരത്തില്‍ അധികം പേജുകളുള്ള കുറ്റപത്രമുള്ള കേസില്‍ 114 സാക്ഷികളെയാണ് വിസ്തരിച്ചത്.പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസിന്റെ വിചാരണ കശ്മീരില്‍ നിന്ന് പത്താന്‍കോട്ടിലേക്കു മാറ്റിയത്.2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്.എട്ട് വയസുകാരിയായ പെണ്‍കുട്ടി പ്രദേശത്തെ ക്ഷേത്രത്തില്‍ വെച്ചാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. മയക്കുമരുന്നുകള്‍ നല്‍കുകയും പെണ്‍കുട്ടിയെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. ശേഷം ശ്വാസം മുട്ടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചും കൊലപ്പെടുത്തി. കേസിലെ മുഖ്യപ്രതിയായ സഞ്ചി റാം, പെണ്‍കുട്ടിയുടെ സമുദായത്തില്‍ പെട്ടവരെ കശ്മീരില്‍ നിന്ന് ആട്ടിപ്പായിക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്നു കൊലപാതകം എന്നാണ് പൊലിസ് കുറ്റപത്രത്തില്‍ പറയുന്നത്.
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ചു;ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുന്നു. ഇന്നും നാളെയും സംസ്ഥാനവ്യാപകമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയും കണ്ണുരും കോഴിക്കോട്ടും ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യപിച്ചിരിക്കുകയാണ്.കേരള കര്‍ണാടക തീരത്തോട് ചേര്‍ന്ന് അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ഇന്നത്തോടെ ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാനും ചുഴലിക്കാറ്റാകാനും സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ ദിശയിലൂടെയാകും കാറ്റിന്റെ സഞ്ചാരം. തെക്കുപടിഞ്ഞാറന്‍ അറബിക്കടലില്‍, മധ്യകിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്കുകിഴക്കന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട് അതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശനിവാസികള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിപ;ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി; വിദ്യാർത്ഥിയുടെ സാമ്പിൾ വീണ്ടും പരിശോധിക്കും
കൊച്ചി:നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉള്ളതായി ആശുപത്രി അധികൃതർ.കളമശ്ശേരിയിലെ പരിശോധനയിൽ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് ഇല്ല. ക്ഷീണം കുറവുള്ളത് തുടര്‍ ചികിത്സക്കും സഹായകരമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.രോഗം പൂര്‍ണമായി മാറുന്നത് വരെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുളള ചികിത്സ തുടരാനാണ് തീരുമാനം. മൂത്രത്തിൽ വൈറസിന്റെ സാന്നിധ്യം ഉണ്ടെങ്കിലും ആശങ്കയുണ്ടാക്കുന്ന സാഹചര്യം ഇല്ല. ഇത് ഔദ്യോഗികമായി സ്‌ഥിരീകരിക്കാൻ പൂനെയിൽ നിന്നുള്ള ഫലം വരണം. യുവാവിന്റെ രണ്ടാംഘട്ട രക്ത സാമ്പിളും പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചിട്ടുണ്ട്.
സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു;ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി
കൊച്ചി:സംസ്ഥാനത്ത് നിപ ഭീതി ഒഴിയുന്നു.രോഗലക്ഷണങ്ങളുമായി പുതുതായി ആരും ചികിത്സ തേടാത്തതും ചികിത്സ തേടിയവര്‍ക്ക് നിപ ബാധയില്ലെന്ന കണ്ടെത്തലും കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.അതേസമയം രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട 318 പേരില്‍ 52 പേര്‍ ഇപ്പോഴും ഹൈ റിസ്‌ക് വിഭാഗത്തില്‍ തീവ്രനിരീക്ഷണത്തില്‍ തന്നെയാണ്. 266 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. പൂര്‍ണമായി നിപ ഭീതി അകലുന്നത് വരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. സംശയം തോന്നുവര്‍ക്ക് വിദഗ്ധ ചികിത്സ നല്‍കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൂടുതല്‍ സൌകര്യം ഏര്‍പ്പെടുത്തി.കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലെ ബെഡുകളുടെ എണ്ണം എട്ടില്‍ നിന്ന് 38 ആയി വര്‍ധിപ്പിച്ചു.അതേസമയം നിപ വൈറസ് ബാധിതനായി കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.പനി കുറയുകയും നന്നായി ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ട്. സംസാരിക്കാനും ആളുകളെ തിരിച്ചറിയാനും സാധിക്കുന്നുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ചികിത്സ തുടരുന്നത്.പനി പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്.നേരിയ തോതില്‍ പനി തുടരുന്നതാണ് ആശങ്ക ബാക്കി നിര്‍ത്തുന്നത്.ക്ഷീണം കുറവുള്ളത് തുടര്‍ ചികിത്സക്കും സഹായകരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബോഡി ബാലന്‍സ് പൂര്‍ണമായും പഴയ അവസ്ഥയിലേക്കെത്തിയിട്ടില്ല. ആശുപത്രി അധികൃതരും മെഡിക്കല്‍ ബോര്‍ഡും യോഗം ചേര്‍ന്ന് തുടര്‍ ചികിത്സാരീതികള്‍ പ്ലാൻ ചെയ്യുന്നു.
ദുബായ് വാഹനാപകടം;മരിച്ച മലയാളികളുടെ എണ്ണം ഏഴായി
ദുബായ്:ദുബായിയിലെ യാത്രാബസ് അപകടത്തിൽ മരിച്ച മലയാളികളുടെ എണ്ണം ഏഴായി. ഇതോടെ മരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. അപകടത്തില്‍ ആകെ 17 പേരാണ് മരിച്ചത്.തിരുവനന്തപുരം സ്വദേശി ദീപക് കുമാർ, തൃശൂർ സ്വദേശി ജമാലുദ്ദീൻ, കണ്ണൂർ തലശ്ശേരി സ്വദേശി ഉമർ ചോനോകടവത്ത്, മകൻ നബീൽ ഉമർ, കിരൺ ജോണി, രാജഗോപാലൻ, കോട്ടയം സ്വദേശി വിമല്‍ എന്നിവരാണ് മരിച്ച മലയാളികൾ. ദീപകുമാറിന്റെ ഭാര്യ ആതിരയും നാല് വയസുള്ള മകനും പരിക്കുകളോടെ ആശുപത്രിയിലുണ്ട്.വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.വൈകിട്ട് 5.40 ഓടെ റാഷിദീയ മെട്രോ സ്റ്റേഷന് അടുത്തുള്ള എക്സിറ്റിലെ ബാരിക്കേഡിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. അപകട കാരണം അന്വേഷിച്ചു വരികയാണെന്ന് ദുബൈ പൊലീസ് അറിയിച്ചു.മൃതദേഹങ്ങൾ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടിക്രമങ്ങൾക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും മലയാളി സാമൂഹിക പ്രവർത്തകരും രംഗത്തുണ്ട്.രണ്ടു ദിവസങ്ങൾക്കകം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.
വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി
വയനാട്:തനിക്ക് വോട്ട് ചെയ്ത വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി.കരിപ്പൂരില്‍ വിമാനമിറിങ്ങിയ രാഹുലിനെ കോണ്‍ഗ്രസ് -യുഡിഎഫ് നേതാക്കള്‍ സ്വീകരിച്ചു.ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്കുശേഷം രാഹുല്‍ഗാന്ധി ആദ്യമായാണ് പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നത്.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടിടങ്ങളില്‍ നടക്കുന്ന റോഡ്‌ഷോയില്‍ പങ്കെടുത്ത ശേഷം ഞായറാഴ്ചയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മടങ്ങുക.കേരളത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം നല്‍കിയ വോട്ടര്‍മാര്‍ക്ക് നന്ദി പറയാനെത്തുന്ന രാഹുല്‍ വയനാട് മണ്ഡലത്തിലെ ഗ്രാമങ്ങളും സന്ദര്‍ശിക്കും.ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെയാണ് കരിപ്പൂരിൽ രാഹുൽ ഗാന്ധി എത്തിയത്. ഉച്ചക്ക് ശേഷം മലപ്പുറം ജില്ലയിലെ കാളികാവ് നിലമ്പൂർ എടവണ്ണ അരീക്കോട് എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. ശേഷം ഇന്നുതന്നെ റോഡ് മാർഗം വയനാട്ടിലേക്ക് തിരിക്കുന്ന രാഹുൽ കൽപ്പറ്റയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലാണ് വിശ്രമിക്കുക.നാളെ വയനാട് ജില്ലയിൽ മാത്രം ആറിടങ്ങളിൽ രാഹുൽ വോട്ടർമാരെ നേരിൽ കാണും.രാവിലെ 9.10 ന് കലക്ടറേറ്റിലെ എം.പി ഫെസിലിറ്റേഷൻ സെന്റര്‍ സന്ദർശിച്ചശേഷം 10.10 ന് കൽപ്പറ്റയിലെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് കമ്പളക്കാട് പനമരം മാനന്തവാടി പുൽപ്പള്ളി സുൽത്താൻബത്തേരി എന്നിവിടങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ടാം ദിവസവും വയനാട്ടിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ വിശ്രമിക്കുന്ന രാഹുൽ ഗാന്ധി കുട്ടിക്കാലത്ത് തന്നെ പരിചരിച്ച നഴ്സ് രാജമ്മയെ നേരിൽ കാണും. ഞായറാഴ്ച കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തിലാണ് രാഹുലിനെ പര്യടനം. കാലത്ത് പത്തുമണിക്ക് ഈങ്ങാപ്പുഴയിലും 11.20ന് മുക്കത്തും പൊതുപരിപാടികൾ. ഉച്ചക്ക് ഒരു മണിക്ക് കരിപ്പൂർ വഴി ഡൽഹിയിലേക്ക് തിരിക്കും.
ദുബായിൽ വാഹനാപകടത്തിൽ പത്ത് ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു;മരിച്ചവരിൽ ആറ് മലയാളികളും
ദുബായ്:ദുബായിൽ വാഹനാപകടത്തിൽ പത്ത് ഇന്ത്യാക്കാരടക്കം 17 പേർ മരിച്ചു.ആറ് മലയാളികളടക്കം എട്ട് ഇന്ത്യക്കാർ മരിച്ചവരിൽ ഉൾപ്പെടുന്നു.ഇതിൽ നാല് മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ദീപക് കുമാർ, ജമാലുദ്ദീൻ, വാസുദേവൻ, തിലകൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്.ബസ് സൈൻ ബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസിലുണ്ടായിരുന്നത്.പരിക്കു പറ്റിയവരെ ഉടനടി റാഷിദ് ഹോസ്പിറ്റലിലേക്ക് മാറ്റി. പലപ്പോഴും അപകടങ്ങളുണ്ടാവുന്ന പ്രദേശമാണിതെങ്കിലും സമീപ കാലത്ത് ദുബൈയിലുണ്ടായ ബസ് അപകടങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇന്നലെ സംഭവിച്ചത്.പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിൽ പോയി മടങ്ങിയെത്തിയവരാണ് അപകടത്തിൽ പെട്ടത്.