കൊച്ചി:കാണാതായ സി.ഐ നവാസിനെ ഇന്നലെ വൈകിട്ടോടെ കൊച്ചിയിലെത്തിച്ചു.ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സി.ഐ നവാസിനെ കൊച്ചിയിലെത്തിച്ചത്. കളമശ്ശേരി റസ്റ്റ് ഹൌസിലെത്തിച്ച സി.ഐ നവാസിനെ ഡി.സി.പി പൂങ്കുഴലി രണ്ട് മണിക്കൂറിലധികം വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി.തുടര്‍ന്ന് നവാസിനെ ഏഴരയോടുകൂടി അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കി.നടപടി ക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.പാലാരിവട്ടം സി.ഐയുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് നവാസിനെ പാലക്കാട് നിന്നും എറണാകുളത്ത് എത്തിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സി.ഐ നവാസിനെ കൊച്ചിയില്‍ നിന്ന് കാണാതായത്. നാഗർകോവിൽ കോയമ്പത്തൂർ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ കോയമ്പത്തൂരിന് സമീപം കരൂരിൽ വച്ചാണ് നവാസിനെ കണ്ടെത്തിയത്.
ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍ വാഹന പണിമുടക്ക് മാറ്റിവച്ചു
കൊച്ചി:സംസ്ഥാന വ്യാപകമായി ഈ മാസം 18ന് നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു.ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോട്ടോർ വാഹന സംരക്ഷണ സമിതിയുടെ തീരുമാനം. പൊതു വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഘടിപ്പിക്കാൻ കൂടുതൽ സമയം അനുവദിച്ചതിനെത്തുടർന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കുന്നത് തൽക്കാലം നടപ്പാക്കില്ലെന്നും ആവശ്യമായ ഘട്ടത്തിൽ പൊതുമേഖല സ്ഥാപനത്തിൽനിന്ന് തവണ വ്യവസ്ഥയിൽ ഉപകരണം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്നതുൾപ്പെടെയുള്ള വിഷയങ്ങൾ 26ന് മന്ത്രിതല യോഗത്തിൽ ചർച്ചചെയ്ത് തീരുമാനിക്കാമെന്ന്ഉറപ്പുനൽകിയതിനെത്തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കൺവീനർ കെ.കെ ദിവാകരൻ പറഞ്ഞു.എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, ടാക്‌സികള്‍ പതിനഞ്ച് വര്‍ഷത്തെ ടാക്‌സ് ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെയായിരുന്നു പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.ജൂണ്‍ മാസം ഒന്നാംതിയ്യതി മുതലാണ് പൊതുഗതാഗത വാഹനങ്ങളിലെല്ലാം ജിപിഎസ് നിർബന്ധമാക്കിയത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരാണ് ജിപിഎസ് ഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദേശം പുറപ്പെടുവിച്ചത്.
കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വി.എസ് നവാസിനെ കണ്ടെത്തി
കൊച്ചി:കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടർ വി.എസ് നവാസിനെ കണ്ടെത്തി.ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി കോയമ്പത്തൂരിന് സമീപം കരൂരിൽ ട്രെയിനിൽ യാത്ര ചെയ്യുമ്പോഴാണ് റെയിൽവേ പോലീസ് നവാസിനെ കണ്ടെത്തിയത്.തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കേരള പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.പാലക്കാട് നിന്നും കേരള പൊലീസിന്റെ ഒരു സംഘം തമിഴ്നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ നവാസിനെ കൊച്ചിയിൽ എത്തിക്കും.തുടർന്ന് നവാസിനെ കോടതിയിൽ ഹാജരാക്കും.കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ നവാസിനെ കാണാനില്ലെന്ന വാര്‍ത്ത പുറംലോകമറിഞ്ഞത്. നവാസിനെ കാണാനില്ലെന്ന് ഭാര്യയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പൊലീസ് നാലു സംഘങ്ങളായി തിരിഞ്ഞ് അന്വേഷിക്കുകയായിരുന്നു.മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തില്‍ മനം മടുത്താണ് നവാസ് നാട് വിട്ടതെന്ന് അദ്ദേഹത്തിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
തകർന്നുവീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി
അരുണാചൽപ്രദേശ്:കഴിഞ്ഞദിവസം തകർന്നുവീണ നിലയിൽ കണ്ടെത്തിയ വ്യോമസേന വിമാനം എ.എന്‍ 32വില്‍ ഉണ്ടായിരുന്ന മലയാളികള്‍ അടക്കമുള്ള 13 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു.മൃതദേഹങ്ങള്‍ അരുണാചല്‍ പ്രദേശിലെ വനത്തില്‍ നിന്ന് ഹെലികോപ്ടറില്‍ ഇന്നലെ പുറത്തെത്തിച്ചു.എ.എന്‍ 32വിന്‍റെ ബ്ലാക്ക് ബോക്സും കണ്ടെടുത്തിട്ടുണ്ട്.വിമാനം കാണാതായി 10 ദിവസത്തിന് ശേഷമാണ് വിമാനം തകര്‍ന്ന സ്ഥലത്ത് എത്താന്‍ തെരച്ചില്‍ സംഘത്തിനായത്.എം.ഐ 17 ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്‍ ചൊവ്വാഴ്ചയാണ് അരുണാചല്‍ പ്രദേശിലെ ലിപോയ്ക്ക് 16 കിലോമീറ്റര്‍ അകലെ എ.എന്‍ 32 വിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ നിരപ്പായ പ്രദേശമല്ലാത്തതിനാല്‍ ഹെലികോപ്ടറിന് ഇവിടെ ഇറങ്ങാന്‍ സാധിച്ചില്ല. തൊട്ടടുത്ത മറ്റൊരു സ്ഥലത്തെ എട്ടംഗ സംഘത്തെ ഇറക്കുകയും ഇവര്‍ കാല്‍നടയായി സ്ഥലത്ത് എത്തുകയുമായിരുന്നു.എട്ട് പേരടങ്ങുന്ന തെരച്ചില്‍ സംഘം ഇന്നലെ രാവിലെയോടെയാണ് വിമാനം തകര്‍ന്ന് വീണ സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 13 മൃതദേഹങ്ങളും കണ്ടെടുക്കുകയായിരുന്നു.ജൂണ്‍ 3ന് ഉച്ചയോടെ അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് എ.എന്‍ 32 വിമാനം കാണാതായത്. വിവിധ സേനാ വിഭാഗങ്ങളോടൊപ്പം ഐ.എസ്.ആര്‍.ഒ സാറ്റലൈറ്റ് വഴിയുള്ള തെരച്ചിലും നടത്തിയിരുന്നു.കൊല്ലം സ്വദേശി അനൂപ് കുമാര്‍, തൃശൂര്‍ സ്വദേശി വിനോദ്, കണ്ണൂര്‍ സ്വദേശി ഷെരിന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.
സ്വർണ്ണക്കടത്ത് കേസ്;പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ
തിരുവനന്തപുരം:സ്വർണകടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശ് തമ്പി വിമാനത്താവളം വഴി കടത്തിയത് 60 കിലോ സ്വര്‍ണമെന്ന് ഡി.ആര്‍.ഐ ഹൈക്കോടതിയില്‍. ബിജു, വിഷ്ണു, അബ്ദുള്‍ ഹക്കിം എന്നിവരാണ് സ്വര്‍ണ്ണക്കടത്തിലെ മുഖ്യ കണ്ണികളെന്നും ഡിആര്‍ഐ വ്യക്തമാക്കി. കേസിലെ മറ്റൊരു പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേല്‍ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഡി.ആര്‍.ഐ ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളം വഴി തിരുവനന്തപുരത്ത് എത്തിക്കുന്ന സ്വര്‍ണം പിപിഎം ചെയിന്‍സിലെ മാനേജറായ ഹക്കിമിന് എത്തിക്കുന്നത് പ്രകാശ് തമ്പിയാണെന്നാണ് ഡിആര്‍ഐയുടെ റിപ്പോര്‍ട്ട്. മെയ് 13 ആം തീയതി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 25 കിലോ സ്വര്‍ണ്ണവുമായി രണ്ടു പേര്‍ പിടിയിലായതോടെയാണ് തട്ടിപ്പ് പുറത്തുവരുന്നത്.
വായു ചുഴലിക്കാറ്റിന്റെ ഗതി മാറി;ഗുജറാത്തിൽ ഭീതിയൊഴിയുന്നു;തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ്‍വീശില്ല
ന്യൂഡല്‍ഹി: അറബിക്കലില്‍ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായു ചുഴലിക്കാറ്റിന്റെ ഗതിമാറുന്നു.വടക്ക് പടിഞ്ഞാറ് ഭാഗത്തേക്കാണ് ചുഴലിക്കാറ്റിന്റെ ഗതി നേരിയ തോതില്‍ മാറിയിരിക്കുന്നത്.ഇതോടെ വായു ഗുജറാത്ത് തീരം തൊട്ടാലും കരയിലേക്ക് ആഞ്ഞ് വീശില്ല. തീരത്തിന്റെ സമീപത്ത് കൂടി വടക്ക്,പടിഞ്ഞാറ് ദിശയിലേക്കാണ് കാറ്റ് വീശുക.വരാവല്‍, പോര്‍ബന്ദര്‍, ദ്വാരക തുടങ്ങിയ തീരപ്രദേശത്തിന് സമീപത്തുകൂടി വായു കടന്നുപോകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ചുഴലിക്കാറ്റിന്റെ ഭീതി ഒഴിഞ്ഞെങ്കിലും ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.മാത്രമല്ല ശക്തമായ കടൽക്ഷോഭം ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.കേരളത്തിലും ഇന്നും അതി ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ജൂൺ 18 ന് വാഹന പണിമുടക്ക്
വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു;പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു
അഹമ്മദാബാദ്:അറബിക്കടലിൽ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു.അടുത്ത 24 മണിക്കൂറിനുളളിൽ തീവ്ര ചുഴലിക്കാറ്റായി മാറുന്ന വായു വ്യാഴാഴ്ച രാവിലെ ഗുജറാത്തിലെ തീരങ്ങളിൽ ആഞ്ഞു വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇതിന്‍റെ മുന്നോടിയായി ഗുജറാത്ത് തീരത്തു നിന്നും പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.കച്ചിൽ നിന്ന് മാത്രമാണ് പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചത്. ഏകദേശം 60 ലക്ഷത്തോളം ആളുകളെ വായു ബാധിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ. കൂടുതൽ ആളുകളെ സുരക്ഷിതമായി മാറ്റാനുള്ള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.ഇതിനായി 160 അംഗ എന്‍.ഡി.ആര്‍.എഫ് സംഘം പ്രത്യേക വ്യോമസേനാ വിമാനത്തിലെത്തി.കാറ്റ് നാശം വിതക്കാനിടയുള്ള സൗരാഷ്ട്രയിലും കച്ചിലും ദുരന്തനിവാരണ സേനയെ വിന്യസിച്ചു. മഹാരാഷ്ട്രയിലും ഗോവയിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പടിഞ്ഞാറ് തെക്കുപടിഞ്ഞാറ് ദിശയില്‍ ഗോവയില്‍ നിന്നും 350ഉം മുംബൈയില്‍ നിന്ന് 510ഉം ഗുജറാത്തില്‍ നിന്നും 650ഉം കിലോമീറ്റര്‍ അകലെയാണ് നിലവില്‍ വായു ചുഴലിക്കാറ്റ് നീങ്ങുന്നത്.കാറ്റ് ഗുജറാത്ത് തീരത്തെത്തിയാല്‍ ഏറെ ബാധിക്കുക സൗരാഷ്ട്ര, കച്ച് മേഖലകളെയാണ്.24 മണിക്കൂര്‍ കാറ്റ് തുടരാനുമിടയുണ്ട്.24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. തീരദേശ സേന, നേവി, കരസേന, വ്യോമ സേന എന്നിവ സജ്ജമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.
കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ഇറ്റാനഗർ:കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. വിമാനത്തിന്റെ വ്യോമപാതയിൽ നിന്ന് 15-20 കിലോമീറ്റർ വടക്ക് മാറി അരുണാചൽ പ്രദേശിലെ ലിപ്പോ പ്രദേശത്താണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്.ഇവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12: 25 നാണ് വ്യോമസേന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ട് അസമിലെ ജോര്‍ഹട്ടില്‍ നിന്നും വിമാനം യാത്രതിരിച്ചത്.ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര. ഒരുമണിയോടെ വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
കെഎസ്ആര്‍ടിസി താല്‍ക്കാലിക പെയിന്റര്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി
കൊച്ചി:കെഎസ്ആര്‍ടിസിയിലെ മുഴുവൻ താല്‍ക്കാലിക പെയിന്റര്‍ ജീവനക്കാരെയും പിരിച്ചുവിടണമെന്ന് ഹൈക്കോടതി.പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും കോടതി.പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്.പെയിന്റർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും നിയമനം നടക്കുന്നില്ലന്ന് ഹരജിക്കാർ കോടതിയെ അറിയിച്ചു. ജൂൺ 30നകം എം. പാനൽ പെയ്ന്റർമാരെ പിരിച്ച് വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നിർദേശം. നിലവിൽ 90 താൽകാലിക പെയ്ന്റർമാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്.നേരത്തെ ആയിരത്തിലേറെ വരുന്ന എം. പാനൽ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സമാനമായ രീതിയിൽ പിരിച്ചുവിട്ടു റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.