തിരുവനന്തപുരം:ജൂലായ് മുതല്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം ട്രഷറിയിലൂടെ മാത്രം.ശമ്പളം ട്രഷറി വഴി ലഭിക്കുന്നതിന് എല്ലാ ജീവനക്കാരും എംപ്ലായി ട്രഷറി സേവിംങ്‌സ് അക്കൗണ്ട് എടുക്കണമെന്ന് ധനവകുപ്പ് ഉത്തരവിറക്കി.സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ മാസം ആദ്യം ട്രഷറികളില്‍ പണം ഉറപ്പാക്കാനാണ് പുതിയ പരിഷ്‌കാരം. ജീവനക്കാര്‍ പിന്‍വലിക്കാത്ത പണം സര്‍ക്കാരിന് പ്രയോജനപ്പെടും. മാസം ഏകദേശം 2500 കോടിരൂപയാണ് ജീവനക്കാരുടെ ശമ്പള ഇനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.ശമ്പളം പിന്‍വലിക്കാതെ അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുന്നവര്‍ക്ക് പ്രത്യേക പലിശ നിരക്ക് ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ജീവനക്കാര്‍ക്ക് ചെക്കുവഴി ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യവും നല്‍കും.
സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു
കൊച്ചി:മാവേലിക്കരയിൽ വനിതാ പോലീസ് ഓഫീസർ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു.ഗുരുതരമായി പൊള്ളലേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അജാസ് മരണത്തിനു കീഴടങ്ങിയത്.എറണാകുളം കാക്കനാട് സ്വദേശിയായ അജാസ് ആലുവ ട്രാഫിക്കില്‍ സിവില്‍ പൊലിസ് ഓഫീസറായിരുന്നു.സൗമ്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടയില്‍ അജാസിനു ഗുരുതരമായി പൊള്ളലേറ്റിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലാക്കിയ അജാസ് ഗരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.മാവേലിക്കര വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സൗമ്യയെ ശനിയാഴ്ചയാണ് അജാസ് വടിവാളുപയോഗിച്ച് വെട്ടിയ ശേഷം തീ കൊളുത്തി കൊലപ്പെടുത്തിയത്.സൗമ്യ സംഭവസ്ഥലത്ത് തന്നെ മരിച്ചു. എഴുപതുശതമാനത്തോളം പൊള്ളലേറ്റ അജാസിനെ സംഭവസ്ഥലത്തു നിന്നും പൊലീസ് ആശുപത്രിയില്‍ എത്തിച്ചു.ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജാസിന്റെ വൃക്കകളുടെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം സാധാരണ നിലയിലല്ലെന്ന് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം അജാസിന് ഡയാലിസിസ് ആരംഭിച്ചിരുന്നു. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസ് തീവ്രപരിചരണ ഐസൊലേഷൻ വാർഡിലായിരുന്നു ചികിത്സയിൽ കഴിഞ്ഞത്.അതേസമയം സൗമ്യയുടെ സംസ്കാരം ഇന്ന് രാവിലെ 10ന് ശേഷം വീട്ടുവളപ്പിൽ നടക്കും.ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 9ന് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഊപ്പൻതറ വീട്ടിൽ എത്തിക്കും.
നിപ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍
പുതുച്ചേരി:നിപ രോഗ ലക്ഷണങ്ങളോടെ മലപ്പുറം തിരൂരില്‍ ജോലി ചെയ്ത തമിഴ്നാട്ടുകാരന്‍ പുതുച്ചേരിയില്‍ നിരീക്ഷണത്തില്‍.തമിഴ്നാട്ടിലെ കടലൂര്‍ സ്വദേശിയായ ഇയാളെ പുതുച്ചേരി ജിപ്മെര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇയാളുടെ രക്തസാംപിള്‍ പൂണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.സാംപിള്‍ പരിശോധനയുടെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.ഇയാള്‍ മലപ്പുറത്തെ തിരൂരില്‍ കെട്ടിട്ട നിര്‍മ്മാണ തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എന്നാണ് വിവരം.79-കാരനായ ഇയാള്‍ക്ക് പനി കലശലായതിനെ തുടര്‍ന്ന് മരുമകന്‍ കേരളത്തിലെത്തി ഇയാളെ തമിഴ്നാട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. കടലൂരിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് നിപ ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഡോക്റ്റർമാർ ഇയാളെ ജിപ്മെർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇയാളുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നിലവില്‍ ജിപ്മെറില്‍ തയ്യാറാക്കിയ പ്രത്യേക ഐസോലേഷന്‍ വാര്‍ഡിലാണ് രോഗിയുള്ളത്.ഇയാളുടെ രക്തവും ശരീരസ്രവങ്ങളും അടക്കമുള്ള സാംപിളുകള്‍ പൂണെയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്:കൊയിലാണ്ടി -എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്തിനടുത്ത് ഓടത്തെരുവിൽ ടിപ്പര്‍ ലോറിക്ക് അടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. മലപ്പുറം കാവനൂര്‍ ഇരിവേറ്റി സ്വദേശി വിഷ്ണു (23) പശ്ചിമ ബംഗാള്‍ സ്വദേശി മക്ബൂല്‍ (51) എന്നിവരാണ് മരിച്ചത്.രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്.അരീക്കോട് ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് വരുന്ന ടിപ്പര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടയില്‍ സ്‌കൂട്ടര്‍ ടിപ്പറില്‍ ഇടിച്ച് പിന്‍ചക്രത്തിനടിയിലേക്ക് വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ഇവരുടെ ശരീരത്തിന് മുകളിലൂടെ ടിപ്പര്‍ കയറി ഇറങ്ങുകയായിരുന്നു.രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.മുക്കം പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നിര്‍ത്താതെ പോയ ടിപ്പര്‍ ലോറിയും ഡ്രൈവര്‍ നിസാമുദ്ദീനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം
കൊല്ലം:ഇരവിപ്പുറത്ത് വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമം.വീടിന്റെ ഓടിളക്കിയ ശേഷം യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു.യുവതി ഓടി രക്ഷപ്പെട്ടതിനാൽ അത്യാഹിതം ഒഴിവായി.യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച വർക്കല സ്വദേശി ഷിനു (25)നെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു.ഷിനു പെണ്‍കുട്ടിയെ നേരത്തെ വിവാഹം ആലോചിച്ചു എത്തിയിരുന്നെങ്കിലും ജാതകം ചേരാത്തതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ വിവാഹം വേണ്ടെന്നു വച്ചു.ഇതിനു ശേഷം ഷിനു പെണ്‍കുട്ടിയെ വിവാഹത്തിനായി സമീപിച്ചെങ്കിലും പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് പെണ്‍കുട്ടിയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.
ഓഡിറ്റോറിയത്തിന് നഗരസഭ അനുമതി നൽകിയില്ല;കണ്ണൂരിൽ വ്യവസായി ചെയ്തു
കണ്ണൂർ:കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി നൽകാത്തതിൽ മനംനൊന്ത് കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു.കണ്ണൂർ കൊറ്റാളി സ്വദേശി സാജൻ പാറയിലാണ് ആത്മഹത്യ ചെയ്തത്.ഇന്ന് പുലര്‍ച്ചെയാണ് കൊറ്റാളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സജനെ കണ്ടെത്തിയത്. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്ത് സമ്പാദിച്ച പതിനാറ് കോടിയോളം രൂപ മുടക്കിയാണ് കണ്ണൂര്‍ ബക്കളത്ത് സജന്‍ ഈ ഓഡിറ്റോറിയം നിര്‍മ്മിച്ചത്.നിര്‍മ്മാണം പൂര്‍ത്തിയായി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് ആന്തൂർ നഗരസഭ നിരന്തരം അപേക്ഷ മടക്കിയതായി പാര്‍ത്ഥ ബില്‍ഡേഴ്സ് മാനേജര്‍ ആരോപിച്ചു.നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കെ നിയമലംഘനം ഉണ്ടെന്ന് പറഞ്ഞ് നഗരസഭ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇതിനെതിരെ സജന്‍ നല്‍കിയ പരാതിയില്‍ ഉന്നതല സംഘം അന്വേഷണം നടത്തി നിയമലംഘനമില്ലെന്ന് കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ഭാഗത്തെ അലംഭാവം നഗരസഭ ചെയര്‍പേഴ്സനോട് പറഞ്ഞെങ്കിലും കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും പാര്‍ത്ഥ ബില്‍ഡേഴ്സ് മാനേജര്‍ സജീവന്‍ ആരോപിച്ചു.അതേസമയം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുളള സ്വാഭാവിക കാലതാമസം മാത്രമാണുണ്ടായതെന്നാണ് ആന്തൂര്‍ നഗരസഭയുടെ വിശദീകരണം.കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി കോടതി സ്റ്റേ ചെയ്തു
തൊടുപുഴ:ജോസ് കെ മാണിയുടെ ചെയര്‍മാന്‍ പദവി കോടതി സ്റ്റേ ചെയ്തു. തൊടുപുഴ മുന്‍സിഫ് കോടതിയാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്.ജോസഫ് വിഭാഗം നല്‍കിയ ഹരജിയിലാണ് സ്റ്റേ.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹരന്‍ നടുവിലത്ത് എന്നിവരാണ് കോടതിയെ സമീപിച്ചത്.ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേ.സംസ്ഥാന സമിതി വിളിച്ചുചേര്‍ക്കുകയും ജോസ് കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുക്കുകയും ചെയ്ത മാണി വിഭാഗത്തിന്റെ നടപടി നിയമപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെയും ജോസഫ് വിഭാഗം സമീപിക്കും.കഴിഞ്ഞ ദിവസം കോട്ടയത്ത് ചേര്‍ന്ന കേരള കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തിരഞ്ഞെടുത്തത്. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതി യോഗം വിളിക്കണമെന്ന പിജെ ജോസഫിന്‍റെ ആവശ്യം അംഗീകരിക്കാതെ ജോസ് കെ മാണി ബദല്‍ യോഗം വിളിക്കുകയായിരുന്നു. യോഗത്തില്‍ 437 അംഗ സംസ്ഥാന സമിതിയിലെ 325 അംഗങ്ങളും പങ്കെടുത്തിരുന്നു.കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനാണെന്ന് കാണിച്ച് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഒരു തരത്തിലും അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടിലായിരുന്നു പിജെ ജോസഫ്.
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി:ഹൈസ്കൂൾ-ഹയര്‍സെക്കന്‍ഡറി ഏകീകരണം ശിപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി.റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലെ തുടര്‍നടപടികള്‍ ഹൈക്കോടതി രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തു.ലയനം ദേശീയ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമാണെന്നും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്ന നടപടിയാണെന്നും ആരോപിച്ച് നൽകിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.യോഗ്യത ഇല്ലാത്തവര്‍ക്കു ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ പഠിപ്പിക്കാനും പ്രിന്‍സിപ്പലാകാനും അവസരമൊരുക്കുന്ന നടപടിക്കാണു ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മനസിരുത്താതെ നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ വഴിയൊരുക്കിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു.ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ഡയറക്ടറേറ്റിനു കീഴിലാക്കണമെന്നും ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കണമെന്നുമായിരുന്നു ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശ.
പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഭീകരാക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും
ശ്രീനഗർ:പുല്‍വാമ ആക്രമണത്തിന്റെ മോഡലില്‍ ഇന്ത്യയിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പാകിസ്ഥാനും അമേരിക്കയും.ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമീഷനാണ് പാകിസ്ഥാന് വിവരം കൈമാറിയത്. ഇതു സംബന്ധിച്ചുള്ള രഹസ്യാന്വേഷണ വിവരം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.ഷാങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ചര്‍ച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്. അവന്തിപൊരയ്ക്കു സമീപം ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതയാണ് മുന്നറിയിപ്പ്.മുന്നറിയിപ്പിനു പിന്നാലെ ജമ്മു കാശമീരില്‍ സുരക്ഷ ശക്തമാക്കി.കാശ്മീരിലെ ത്രാല്‍ മേഖലയില്‍ കഴിഞ്ഞ മാസം അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരസംഘം അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് തലവന്‍ സാകിര്‍ മൂസയെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പകരം വീട്ടാനാണ് ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.2017 മെയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനെ കശ്മീരില്‍ നിരോധിച്ചതോടെ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള അന്‍സാര്‍ ഘസ്‌വാത് ള്‍ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തനം തുടങ്ങിയത് സംഘടന തലവനായ സക്കീര്‍ മുസ ആയിരുന്നു.
ചെറുകുന്നിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു
കണ്ണൂർ:ചെറുകുന്ന് മുട്ടിൽ റോഡിൽ ലോറി ബൈക്കുകളിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.പള്ളിക്കര സ്വദേശികളായ കെ.ടി മുഹ്‌സിൻ(18),കെ.വി ജാസിം(18)എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് അപകടം നടന്നത്.കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. ജാസിം,മുഹ്സിൻ എന്നിവർ ഏറെനേരം ലോറിക്കടിയിൽ കുടുങ്ങിക്കിടന്ന.എസ്കവേറ്റർ ഉപയോഗിച്ച് ലോറിയുടെ മുൻഭാഗം ഉയർത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.ഉടൻതന്നെ ചെറുകുന്നില്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്കിലെ യാത്രക്കാരായ റിസ്‌വാൻ,സഫ്‌വാൻ എന്നിവരെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പരിയാരം മെഡിക്കൽ കോളേജി മോർച്ചറിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.സെയ്തലവി-സാഹിദ ദമ്പതിലയുടെ മകനാണ് മരിച്ച ജാസിം.അബ്ദുല്ല-നസീമ ദമ്പതികളുടെ മകനാണ് മുഹ്സിൻ.