മുംബൈ:വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ ദിന്‍ഡോഷി കോടതി വ്യാഴാഴ്ച വിധി പറയാനിരിക്കെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.നാളെ ജാമ്യം ലഭിച്ചില്ലെങ്കില്‍ പ്രതി വിദേശത്തേക്ക് കടന്നേക്കുമെന്ന് സൂചന കിട്ടിയതോടെയാണ് പോലീസിന്റെ ഈ നീക്കം.ഇതിന്റെ ഭാഗമായി വിമാനത്താവളങ്ങളില്‍ ബിനോയിയുടെ പാസ്‌പോര്‍ട്ട് രേഖകള്‍ നല്‍കും. ബിനോയ് എവിടെയെന്ന കാര്യത്തില്‍ ഒരു സൂചനയും ഇല്ലാത്തതിനാല്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതും കൂടി കണക്കിലെടുത്താണ് പോലീസിന്റെ ഈ നടപടി.ജാമ്യം ലഭിച്ചാല്‍ ബിനോയ് അന്വേഷണത്തോട് സഹകരിക്കുമെന്നാണ് സൂചന. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകണമെങ്കില്‍ ബിനോയിയെ അറസ്റ്റ് ചെയ്‌തേ മതിയാകൂ. കുട്ടിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട സംശയത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്. ബിനോയ് ഇക്കാര്യം തള്ളിക്കളഞ്ഞതിനാല്‍ ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ ഇത് സ്ഥിരീകരിക്കാനാവൂ. അതിനും ബിനോയിയെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ഇതിനെല്ലാം വേണ്ടിയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരം;സർക്കാർ മുട്ടുമടക്കില്ലെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരത്തില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍.സമരത്തിനു മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ ഭയക്കുന്നത് ജനങ്ങളെയാണെന്നും ബസ് ഉടമകളെ അല്ലെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി അധിക സര്‍വ്വീസ് നടത്തി യാത്രാഭാരം കുറയ്ക്കുമെന്നും, നിയമലംഘനം നടത്തുന്ന കല്ലട ഉള്‍പ്പെടെയുള്ള സ്വകാര്യബസുകള്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ദിവസം സ്വകാര്യബസ് ഉടമകളുമായി എ കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ സമരം തുടരുമെന്നാണ് ബസ് ഉടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്.കോണ്‍ട്രാക്‌ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നെന്നാണ് ബസുടമകളുടെ വാദം. കേന്ദ്ര സര്‍ക്കാര്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തില്‍ നിയമഭേദഗതി ഉണ്ടാകും വരെ പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരിലുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.
ഒളിവിൽ പോയ ബിനോയ് കോടിയേരിയെ കണ്ടെത്താനായില്ല;അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനാകാതെ മുംബൈ പോലീസ്
മുംബൈ:ഒളിവിൽ പോയ ബിനോയ് കോടിയേരിയെ ഇനിയും കണ്ടെത്താനാകാത്തതോടെ കേസ് അന്വേഷണം മുൻപോട്ട് കൊണ്ടുപോകാനാകാതെ മുംബൈ പോലീസ്.ബിനോയി ഒളിവില്‍ പോയിരിക്കുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിയാത്ത സ്ഥിതിയിലാണ്.ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് വരാത്തതും പോലീസിനെ കുഴയ്ക്കുന്നുണ്ട്.ബിനോയ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പോലീസിന്റെ തീരുമാനം.ഒളിവിലുള്ള ബനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് കിട്ടിയിട്ടില്ല.ആഴ്ചകള്‍ക്ക് മുമ്ബാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി ബീഹാറുകാരിയായ യുവതി മുംബൈ പോലീസിന് സമര്‍പ്പിച്ചത്.അതിനിടയില്‍ കേസില്‍ യുവതിയുടെ വാദം തള്ളി ബിനോയ് കോടിയേരിയുടെ അഭിഭാഷകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഭാര്യയാണെങ്കില്‍ ബലാത്സംഗ സാധ്യത എങ്ങിനെ നില നില്‍ക്കുമെന്ന് ബിനോയിയുടെ അഭിഭാഷകര്‍ ചോദിക്കുന്നു.യുവതിയുടെ ആരോപണപ്രകാരം പത്തു വര്‍ഷം മുൻപാണ് സംഭവം. കോടതിയില്‍ പരാതിപ്പെടേണ്ടത് ഇപ്പോഴല്ല. വിവാഹമായിരുന്നു ഉദ്ദേശ്യമെങ്കില്‍ ഇത്രയും കാത്തിരിക്കണമായിരുന്നില്ല”-അഭിഭാഷകര്‍ വാദിച്ചു. പാസ്‌പോര്‍ട്ടിലും ജനനസര്‍ട്ടിഫിക്കറ്റിലും ബാങ്ക് അക്കൗണ്ടിലും കുട്ടിയുടെ പിതാവിന്റെ സ്ഥാനത്തു തന്റെ പേര് ചേര്‍ത്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ബിനോയിയുടെ വാദം.
ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 27 ലേക്ക് മാറ്റി
മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയുടെ പീഡന പരാതിയില്‍ ബിനോയി കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി ഈ മാസം 27 ലേക്ക് മാറ്റി.ജഡ്ജി അവധിയായതിനാലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിയത്.അതിനിടെ, ഒളിവിലുള്ള ബിനോയിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം തിരുവനന്തപുരത്തെ വസതിയില്‍ മുംബൈ പൊലീസ് പരിശോധന നടത്തിയിരുന്നു. ബിനോയിയുടെ മൊബൈല്‍ ഓഫ് ചെയ്തിരിക്കുകയാണ്. അതേസമയം കേസിൽ ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ യുവതിയുടെ കുടുംബം പുറത്തുവിട്ടു.യുവതിക്ക് ബിനോയ് പലവട്ടം പണം അയച്ചതിെന്‍റ രേഖകള്‍ പുറത്തായതിനൊപ്പം യുവതിയുടെ പാസ്പോര്‍ട്ടില്‍ ഭര്‍ത്താവിെന്‍റ പേരായി ചേര്‍ത്തിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് എന്നും വ്യക്തമായി.മുംബൈ ഓഷിവാര പൊലീസില്‍ യുവതി സമര്‍പ്പിച്ച രേഖകളിലാണ് ഈ വിവരം. 2013 ഏപ്രില്‍, മേയ് മാസങ്ങളില്‍ യുവതിയുടെ ഐ.സി.ഐ.സി.ഐ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴര ലക്ഷം രൂപയാണ് ബിനോയ് അയച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് 50,000 രൂപയും അതേമാസം 18ന് നാലു ലക്ഷം രൂപയും അയച്ചതായി രേഖകളില്‍ കാണുന്നു.2014ല്‍ പരാതിക്കാരിയുടെ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഭര്‍ത്താവിെന്‍റ പേരിെന്‍റ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്ന് കാണിച്ചിരിക്കുന്നത്. 2004ല്‍ എടുത്ത പാസ്പോര്‍ട്ടില്‍ സ്വന്തം മാതാപിതാക്കളുടെ പേരാണുള്ളത്.കഴിഞ്ഞ ഡിസംബറില്‍ യുവതി ആദ്യ പരാതി നല്‍കിയതിനു പിന്നാലെ ബിനോയിയുടെ അമ്മ വിനോദിനി മുംബൈയിലെത്തി കുടുംബത്തെ കണ്ടിരുന്നു. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ബിനോയ് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ കൂടുതല്‍ തെളിവുകളുമായി പൊലീസിനെ സമീപിച്ചത്. ബിനോയ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയതിെന്‍റ ഓഡിയോ റെക്കോഡുകളും യുവതി തെളിവായി സമര്‍പ്പിച്ചിട്ടുണ്ട്.
പീഡനക്കേസ്;ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും
മുംബൈ: യുവതിയുടെ പീഡന പരാതിയിൽ അറസ്റ്റ് തടയാൻ ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് ഹർജി പരിഗണിക്കുക.കേസിൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. 2009 മുതൽ 2015 വരെ ബിനോയ്ക്കൊപ്പം ഭാര്യാഭർത്താക്കന്മാരെ പോലെ ജീവിച്ചെന്ന് യുവതി പറയുമ്പോൾ എങ്ങനെയാണ് ബലാത്സംഗക്കുറ്റം നിലനിൽക്കുക എന്നാണ് പ്രതിഭാഗം അഭിഭാഷകൻ അശോക് ഗുപ്ത വാദിച്ചത്. അതേസമയം വിവാഹവാഗ്ദാനം നൽകി ലൈംഗിക ചൂഷണം നടത്തുന്നത് പീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.കോടതി ഉത്തരവിന് ശേഷമാകും കേസിൽ തുടർ നടപടി സ്വീകരിക്കുക എന്ന് മുംബൈ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് ദിവസമായി ബിനോയ് ഒളിവിലാണ്. ഇതിനിടെ, ബിനോയ് കോടിയേരിക്കെതിരെ പരാതിക്കാരിയുടെ കുടുംബം കൂടുതൽ രേഖകൾ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ബിനോയ് ലക്ഷങ്ങൾ അയച്ചതിന്റെ രേഖകളാണ് കുടുംബം പുറത്തുവിട്ടത്. ഐസിഐസിഐ ബാങ്കിന്റെ അന്ധേരി വെസ്റ്റ് ശാഖയിലെ യുവതിയുടെ അക്കൗണ്ടിലേക്ക് നാല് ലക്ഷം, ഒരുലക്ഷം, അമ്പതിനായിരം എന്നിങ്ങനെ പലതവണകളായി ബിനോയ് പണം അയച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. യുവതിയുടെ പാസ്പോർട്ടിൽ ഭർത്താവിന്റെ സ്ഥാനത്ത് ബിനോയ് വിനോദിനി ബാലകൃഷ്ണൻ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പാസ്പോർട്ടിന്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.
കേരളത്തിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി

കണ്ണൂർ സെൻട്രൽ ജയിലിൽ മിന്നൽ പരിശോധന; മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ ഡി.ജി.പി. ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു. ഐ.ജി അശോക് യാദവ്, കണ്ണൂര്‍ എസ് പി എന്നിവര്‍ സിംഗിന് ഒപ്പം ഉണ്ടായിരുന്നു.പുലര്‍ച്ചെ നാല് മണിക്ക് അപ്രതീക്ഷിതമായി ജയിലില്‍ എത്തി ഋഷിരാജ് സിംഗ് റെയ്ഡ് നടത്തുകയായിരുന്നു. റെയ്‌ഡില്‍ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകള്‍ ഡി.ജി.പി പുറത്ത് വിടും. ജയിലിനുള്ളില്‍ ഇത്തരത്തില്‍ അനധികൃതമായി വിവിധ സംഭവങ്ങള്‍ നടക്കുന്നുവെന്ന് നേരത്തെ തന്നെ ഋഷിരാജ് സിംഗിന് വിവരം ലഭിച്ചിരുന്നു. അതിനാലാണ് ഉടന്‍ തന്നെ റെയ്ഡ് നടത്തിയത്.തടവുകാര്‍ പിരിവിട്ട് ഇവിടെ ടെലിവിഷന്‍ വാങ്ങിയത് വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലില്‍ റെയ്ഡ് നടത്തിയത്.റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കും.റൈയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.
ബിനോയി കോടിയേരിക്കെതിരെ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
തിരുവനന്തപുരം:വിവാഹവാഗ്ദാനം നൽകി ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിനോയി കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയേക്കും. മുംബൈ പൊലീസ് ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചതായാണ് സൂചന. ബിഹാര്‍ സ്വദേശിനിയുടെ പീഡന പരാതി ലഭിച്ചിട്ടും ഇതുവരെ ബിനോയി കോടിയേരിയെ കണ്ടെത്താന്‍ മുംബൈ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണത്തിനായി കേരളത്തിലെത്തിയ മുംബൈ ഓഷ് വാര പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ മൂന്നു ദിവസമായി കണ്ണൂര്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും ബിനോയ് കോടിയേരിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ള തിരുവനന്തപുരത്തെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താനായി സംഘം തീരുമാനിച്ചത്.ഇതിനായി കണ്ണൂരിലെത്തിയ മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തും എത്തി.ഇവര്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ തന്നെ മുംബൈ ഡി.സി.പിക്ക് കൈമാറിയേക്കുമെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത് അടക്കമുള്ള തുടര്‍ നടപടികള്‍ സംബന്ധിച്ച തീരുമാനം എടുക്കുക. ബിനോയി കോടിയേരിയെ കസ്റ്റഡിയിലെടുത്ത് നല്‍കാന്‍ കേരള പൊലീസിനോട് മുംബൈ പോലീസ് സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിനോയിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണന്ന നിലപാടിലാണ് കേരള പൊലീസ്.ഇതിനിടെ പീഡന പരാതിയില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.ജാമ്യാപേക്ഷ ഇന്ന് തന്നെ കോടതി പരിഗണിച്ചേക്കും.
പ്രവാസിയുടെ മരണം;ആന്തൂർ നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം
കണ്ണൂർ:പ്രവാസി വ്യവസായിയും പാര്‍ട്ടി അനുഭാവിയുമായ സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭാ അധ്യക്ഷയും പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവുമായ പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കാനൊരുങ്ങി സി.പി.എം.സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങളില്‍ ശ്യാമളക്ക് വീഴ്ച സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍. നേതൃത്വം ആവശ്യപ്പെട്ടിട്ടും ശ്യാമള കണ്‍വെന്‍ഷന്‍ സെന്ററിനുള്ള അനുമതി വൈകിപ്പിച്ചുവെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിന്റെ ജില്ലാ നേതൃയോഗം ഉടന്‍ ചേര്‍ന്നേക്കും.ഇന്നലെ സാജന്റെ വീട്ടിലെത്തിയ ജില്ലാ സെക്രട്ടറി എം.വിജയരാജനടക്കമുളള നേതാക്കളോട് രണ്ട് കാര്യങ്ങളാണ് സാജന്റെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടത്. ഒന്ന് അടിയന്തരമായി ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കുക,രണ്ട് പി.കെ ശ്യാമളക്കെതിരെ നടപടിയെടുക്കുക.രണ്ട് കാര്യങ്ങളിലും അനുകൂല നിലപാടെടുക്കുമെന്ന ഉറപ്പ് നേതാക്കള്‍ ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി അനുഭാവി കൂടിയായ സാജന്‍ നേരത്തെ സി.പി.എം ജില്ലാ നേതൃത്വത്തെ സമീപിച്ചിരുന്നു.എന്നാല്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടും അനുമതി വൈകിപ്പിക്കുകയാണ് പി.കെ ശ്യാമള ചെയ്തത്. ഇക്കാര്യവും പാര്‍ട്ടി ഗൌരവത്തോടെയാണ് കാണുന്നത്.
ഐഎസ് ഭീകരർ കേരളത്തിലേക്ക് കടന്നതായി സൂചന;കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യത
കൊച്ചി:ശ്രീലങ്കയില്‍ നിന്ന് മാല ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.കൊച്ചിയിലെ ഷോപ്പിംഗ് മാളുകൾ,പ്രധാനപ്പെട്ട മറ്റ് സ്ഥലമാണ് എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായും സൂചനയുണ്ട്.ഇതുമായി ബന്ധപ്പെട്ട ഇന്റലിജൻസ് റിപ്പോർട്ട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്.ഐഎസുമായി ബന്ധപ്പെട്ട മൂന്ന് കത്തുകളാണ് ഇന്റലിജൻസ് പൊലീസിന് കൈമാറിയിരിക്കുന്നത്.ഇതിലൊന്നിലാണ് കൊച്ചിയിൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളം ഉൾപ്പെടെയുള്ള കൊച്ചിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. തിരുവനന്തപുരം,കോഴിക്കോട് എന്നിവിടങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.