തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൽസ്യം ധാരാളമായി എത്തുന്നുണ്ട്.എന്നാൽ ഇവിടെ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുക്കള്‍ കലർത്തുന്നതായി റിപ്പോർട്ട്.കാഴ്ചയില്‍ ഉപ്പാണെന്ന് തോന്നിപ്പിക്കുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്,അമോണിയ,ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്.കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ പെട്ടികളാക്കി ഐസ് ഇട്ട് ശേഷം അതിന്റെ മുകളില്‍ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.പ്രമുഖ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ കാശിമേട് തുറമുഖം സജീവമാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക്പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളില്‍ ഐസ് ഇട്ട് അടുക്കി വയ്ക്കും.ഇതിന് പിന്നാലെ കൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.എണ്ണൂര്‍ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്.ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച മീന്‍ ചെന്നൈ എഫ്‌എഫ്‌എസ്‌എസ്‌ഐയുടെ ലാബില്‍ പരിശോധിച്ചപ്പോൾ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു.കാന്‍സറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം മത്സ്യങ്ങളിൽ കണ്ടെത്തി.കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളില്‍ കണ്ടെത്തി.അതേസമയം ചെക്ക്‌പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്.
സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍; പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി എം.എം മണി
ഇടുക്കി:സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണെന്നും പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി എം.എം മണി.മഴയില്‍ 46 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്.ഇടുക്കി,വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു.സംസ്ഥാനത്താകെ ഈ കാലയളല്‍ 799 മില്ലീ മീറ്റര്‍ മഴ പെയ്യണം. ഇത്തവണ കിട്ടിയതാകട്ടെ 435 മീല്ലീ മീറ്ററും.പതിനാല് ജില്ലകളിലും മഴയുടെ വന്‍കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കഴിഞ്ഞ ദിവസം വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയിരുന്നു. സ്ളാബ് അടിസ്ഥാനത്തിലുള്ള ഫിക്സഡ് ചാര്‍ജും യൂണിറ്റ് നിരക്കും ഒരേ സമയം കൂട്ടിയാണ് ഇരട്ട അടി നല്‍കിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 18 രൂപ മുതല്‍ 254 രൂപ വരെ നിരക്കു കൂടും. ഒപ്പം അധിക ഫിക്സഡ് ചാര്‍ജും നല്‍കണം. അഞ്ചു രൂപ മുതല്‍ 70 രൂപ വരെയാണ് ഫിക്സഡ് ചാര്‍ജ് വര്‍ദ്ധന. ചാര്‍ജ് വര്‍ദ്ധന ഇന്നലെ മുതല്‍ നിലവില്‍ വന്നതായി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.
വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്;കണ്ണൂരില്‍ അധ്യാപികയ്ക്ക് നഷ്ടമായത് ഒൻപത് ലക്ഷം രൂപ
കണ്ണൂർ:ഓൺലൈൻ തട്ടിപ്പിലൂടെ കണ്ണൂരിൽ അധ്യാപികയ്ക്ക് ഒൻപത് ലക്ഷം രൂപ നഷ്ട്ടപ്പെട്ടതായി പരാതി.പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.ജൂണ്‍ 26-നാണ് സംഭവം.ബാങ്കില്‍ നിന്ന് മാനേജര്‍ എന്ന വ്യാജേനെ അധ്യാപികയെ ഒരാള്‍ വിളിക്കുകയും പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും അതിനായി അക്കൗണ്ട് നമ്പറും യൂസര്‍നെയിമും പാസ്സ്‌വേർഡും ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യുവതി സംശയമൊന്നും കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു.പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.
കണ്ണൂരിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു
കണ്ണൂർ:കണ്ണൂർ വലിയന്നൂരിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു.മലപ്പുറം മങ്കട കൂട്ടിൽ സ്വദേശി പരേതനായ അബ്ബാസിന്റെ മകൻ ഷമീറലിയാണ്(20) മരിച്ചത്.ക്യാംപസ് ഫ്രന്റ് ഓഫ് ഇന്ത്യ മങ്കട മുൻ ഏരിയ സെക്രെട്ടറിയാണ്.ഞായറാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്.പള്ളിപ്രത്തുള്ള സുഹൃത്തിന്റെ കല്യാണത്തിനായി മറ്റ് സുഹൃത്തുക്കളോടൊപ്പം കണ്ണൂരിൽ എത്തിയതായിരുന്നു ഷമീറലി.ഇരിട്ടി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു ഷമീറലിയും സുഹൃത്തുക്കളും.ഷമീർ സഞ്ചരിച്ച ബൈക്കിൽ കാർ ഉരസിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീഴുകയും പിന്നാലെയെത്തിയ പി.കെ ട്രാവൽസിന്റെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ബസ് ഷമീറലിയുടെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഷമീറലി മരണപ്പെട്ടിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിലപാട് കടുപ്പിച്ച് സിപിഐ
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ നിലപാട് കടുപ്പിച്ച് സിപിഐ.കസ്റ്റഡി കൊലപാതകത്തില്‍ എസ്.പി, മുന്‍ കട്ടപ്പന ഡി.വൈ.എസ്.പി, നെടുങ്കണ്ടം സി.ഐ. എന്നിവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു.ഇക്കാര്യം ഉന്നയിച്ച് ചൊവ്വാഴ്ച നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന്‍ പറഞ്ഞു.അതിനിടെ, രാജ്കുമാറിന്റെ കൊലപാതകത്തില്‍ പ്രതികളായ എ.എസ്.ഐയെയും ഡ്രൈവറെയും ക്രൈംബ്രാഞ്ച് സംഘം ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇരുവരുമാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആക്ഷേപം.കസ്റ്റഡി കൊലപാതകത്തില്‍ നാല് പ്രതികളെന്നാണ് പീരുമേട് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഒന്നാം പ്രതി എസ്‌ഐ സാബുവിനേയും നാലാം പ്രതി സജീവ് ആന്‍റണിയേയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കണ്ണൂർ വളപട്ടണത്ത് നിയന്ത്രണംവിട്ട ആംബുലൻസിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ:വളപട്ടണം ബൂത്തിനടുത്ത് നിയന്ത്രണം വിട്ട ആംബുലൻസിടിച്ച് രണ്ടുപേർ മരിച്ചു.വളപട്ടണം കീരിയാട് ലക്ഷംവീട് കോളനിയിലെ ബുഖാരി മസ്ജിദിനടുത്ത് താമസിക്കുന്ന കെ എന്‍ ഹൗസില്‍ അഷ്റഫ്, തിരുവനന്തപുരം സ്വദേശി ബീരയ്യന്‍ സ്വാമി (60) എന്നിവരാണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന രോഗിയുള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു.അപകടം നടന്ന് ഉടനെ എല്ലാവരേയും എ കെ ജി ആശുപത്രിയിലെത്തിച്ചെങ്കിലും ബീരയ്യന്‍ സ്വാമി മരണപ്പെട്ടിരുന്നു.പിന്നീട് ഗുരുതരമായി പരിക്കേറ്റ അഷറഫിനെയും ആംബുലന്‍സിലുണ്ടായിരുന്ന കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യന്‍, ഭാര്യ മിനി ഫിലിപ്പ് എന്നിവരേയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അഷ്റഫും മരണപ്പെട്ടു. കാന്‍സര്‍ രോഗിയായ ഫിലിപ്പ് കുര്യനെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുന്ന വഴിയാണ് അപകടം സംഭവിച്ചത്.നിയന്ത്രണം വിട്ട ആംബുലന്‍സ് ഒരു കാറില്‍ ഇടിച്ചതിനു ശേഷം റോഡിനു സമീപത്തായി നിന്നു സംസാരിച്ചു കൊണ്ടിരുന്ന ബീരയ്യ സ്വാമിയുടേയും അഷ്റഫിന്റേയും ദേഹത്തിടിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ പൂട്ടിയിട്ട തട്ടുകടയില്‍ ഇടിച്ച് നിന്നു. വളപട്ടണം മത്സ്യമാര്‍ക്കറ്റിലെ വ്യാപാരിയായ തട്ടാമുറ്റത്ത് മഹമൂദ്-ആസീമ ദമ്ബതികളുടെ മകനാണ് അഷറഫ്. ചിത്രയാണ് ബീരയ്യന്‍ സ്വാമിയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.കഴിഞ്ഞ നാലുവര്‍ഷമായി കീരിയാട്ടെ ഫര്‍ണിച്ചര്‍ നിര്‍മ്മാണക്കടയില്‍ ജോലി ചെയ്തുവരികയാണ് ബീരയ്യന്‍സ്വാമി.
നെടുങ്കണ്ടം കസ്റ്റഡി മരണം;കൂടുതൽ പോലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. മർദ്ദനത്തിൽ നേരിട്ട് പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി ഉണ്ടാവുക. കഴിഞ്ഞ രണ്ട് ദിവസമായി ഇവരെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തുവരികയായിരുന്നു.കേസിൽ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്ന സൂചനകളാണ് ക്രൈംബ്രാഞ്ച് നൽകുന്നത്. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മർദ്ദനത്തിൽ ഇവരുടെ പങ്ക് ക്രൈംബ്രാഞ്ച് സംഘത്തിന് ബോധ്യപ്പെട്ടതായാണ് സൂചന.ഇവരിൽ നിന്ന് മൊഴിയെടുക്കൽ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.ഇതിനിടെ, കേസിൽ റിമാൻഡിലുള്ള എസ്ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾ ക്രൈംബ്രാഞ്ച് തുടങ്ങിയതായും വിവരമുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്. കേസിലെ മൂന്നാം പ്രതിയായ മഞ്ജുവും ഭർത്താവ് അജിയും പറഞ്ഞ ചില പേരുകൾ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം.
നെടുങ്കണ്ടം കസ്റ്റഡി മരണം;രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ കോടതി തള്ളി
ഇടുക്കി:നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ റിമാന്‍ഡിലുള്ള രണ്ട് പൊലീസുകാരുടെ ജാമ്യാപേക്ഷ പീരുമേട് കോടതി തള്ളി.നെടുങ്കണ്ടം സ്‌റ്റേഷനിലെ എസ്‌ഐ സാബു, സിവില്‍ പോലീസുകാരനായ സജീവ് ആന്റണി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം രാജ്‌കുമാറിന്റെ കൊലപാതകത്തില്‍ കൂടുതല്‍ പൊലീസുകാരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കേസുമായി ബന്ധപ്പെട്ട് ഇടുക്കി എസ്പിയെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണമെന്ന് സിപിഐ ആവശ്യപ്പെട്ടു. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്നും നാലും പ്രതികളായ പൊലീസുകാരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ടും മൂന്നും പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നല്‍കുന്ന വിവരം.ഇവരില്‍ നിന്ന് മൊഴിയെടുക്കല്‍ തുടരുകയാണെന്നും ഏത് നിമിഷവും അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്
ദില്ലി:രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും.രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.കന്നി ബജറ്റ് അവതരിപ്പിക്കുന്ന കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് മുന്നിലുള്ളത് സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന വെല്ലുവിളിയാണ്. ഈ വര്‍ഷം ആഭ്യന്തര വളര്‍ച്ച ഏഴ് ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഇത് എട്ട് ശതമാനത്തിലേക്ക് നിലനിര്‍ത്തിയാലേ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക ശേഷി എന്ന ലക്ഷ്യം കൈവരിക്കാനാകൂ. അത് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം.കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. വിദേശ, സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുക, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ പ്രത്സാഹിപ്പിക്കുക എന്നതിലൂടെ മാത്രമേ ഈ പ്രതിസന്ധി മറികടക്കാനാകൂ എന്നാണ് സാമ്ബത്തിക സര്‍വ്വേ നിര്‍ദ്ദേശം. ഓഹരി വിറ്റഴിക്കല്‍ വഴി 90,000 കോടി രൂപ കണ്ടെത്താനായിരുന്നു പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റിലെ നിര്‍ദ്ദേശം. ഈ പരിധി ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ത്തിയേക്കും. നികുതി ഘടനയില്‍ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം.ഇന്ത്യന്‍ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് തന്‍റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്.ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ വനിതയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ ചരിത്രത്തില്‍ ഇടം നേടും.
നെടുങ്കണ്ടം കസ്റ്റഡി മരണം;റിമാൻഡ് റിപ്പോർട്ട് പുറത്ത്;മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനം
ഇടുക്കി:നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ രാജ്‌കുമാർ മരിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു.രാജ് കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനമാണെന്നും ന്യുമോണിയ ബാധയ്ക്ക് കാരണം കടുത്ത മര്‍ദ്ദന മുറകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാകൃതമായ രീതിയിലാണ് രാജ്‌കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദ്ദനം തടയാന്‍ എസ്‌ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.റിമാന്‍ഡിലിരിക്കെ രാജ്കുമാറിനെ പൊലീസ് മനുഷ്യത്വരഹിതമായി പീഡിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മദ്യലഹരിയിലായിരുന്ന ഉദ്യാേഗസ്ഥര്‍ സ്റ്റേഷന് പുറത്തെ തോട്ടത്തില്‍ നിന്നുള്ള കാന്താരി മുളക് രാജ്കുമാറിന്റെ സ്വകാര്യ ഭാഗങ്ങളില്‍ തേച്ചെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനിടെ തെറ്റായ വിവരങ്ങള്‍ നല്‍കിയതാണ് പൊലീസുകാരെ പ്രകോപിപ്പിച്ചത്.12ന് കസ്റ്റഡിയിലെടുത്ത ശേഷം നാല് ദിവസത്തോളം രാജ്കുമാറിനെ ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. മദ്യപിച്ചെത്തിയ പൊലീസ് രാത്രിയും പുലര്‍ച്ചെയുമായിട്ടാണ് ചോദ്യം ചെയ്തിരുന്നത്.ആരോപണ വിധേയരായ പൊലീസുകാരുടെ മൊഴിയെടുത്തപ്പോഴാണ് മൂന്നാംമുറയുടെ വിവരങ്ങള്‍ ലഭിച്ചത്.നേരത്തെ ഇതുസംബന്ധിച്ച രണ്ട് പൊലീസുകാരെ ക്രൈം ബ്രാഞ്ച് അന്വേഷണ സഘം അറസ്റ്റ് ചെയ്തിരുന്നു. എസ്‌ഐ സാബു, സി.പി.ഒ സജീവ് ആന്റണി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിനാണ് ഇവരുടെ അറസ്റ്റ്.ഇരുവര്‍ക്കുമെതിരെ 302, 331, 343, 34 എന്നീ വകുപ്പുകള്‍ പ്രകാരം കൊലക്കുറ്രം, കസ്റ്റഡിയില്‍ പീഡിപ്പിച്ച് കുറ്റം സമ്മതിപ്പിക്കല്‍, അന്യായമായി കസ്റ്റഡിയില്‍ വയ്ക്കല്‍, ഒന്നില്‍ക്കൂടുതല്‍ പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കല്‍ എന്നിവയാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്. വധശിക്ഷയോ ജീവപര്യന്തം തടവോ കിട്ടാവുന്ന വകുപ്പുകളാണ് ഇത്.