ബെംഗളൂരു:ബിജെപിയില്‍ ചേരാന്‍ 30 കോടി രൂപയുടെ വാഗ്‍ദാനം ലഭിച്ചെന്ന് ജെഡിഎസ് എംഎല്‍എ ശ്രീനിവാസ ഗൗഡ.ബിജെപി എംഎല്‍എ അശ്വത് നാരായണന്‍റെ നേതൃത്വത്തില്‍ വാഗ്‍ദാനവുമായി എത്തിയെന്നാണ് ശ്രീനിവാസ ഗൗഡയുടെ ആരോപണം.പണം വേണ്ടെന്ന് പറഞ്ഞിട്ടും 5 കോടി രൂപ വീട്ടില്‍ വെച്ചിട്ട് പോയെന്നും ശ്രീനിവാസ് ഗൗഡ നിയമസഭയെ അറിയിച്ചു.വിശ്വാസ വോട്ടെടുപ്പിന് മുൻപേയുള്ള ചര്‍ച്ചയിലാണ് ശ്രീനിവാസ് ഗൗഡ ഇക്കാര്യം അറിയിച്ചത്.കോഴ ആരോപണവുമായി മന്ത്രിയും രംഗത്തെത്തി. മാധ്യമ പ്രവര്‍ത്തകന്‍ തനിക്ക് കോഴ വാഗ്ദാനം ചെയ്തതായി മന്ത്രി ജി.ടി ദേവഗൗഡയാണ് സഭയില്‍ അറിയിച്ചത്.അതേസമയം ഉച്ചയ്ക്ക് 1.30ന് മുന്‍പ് വിശ്വാസ വോട്ട് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദേശം കോണ്‍ഗ്രസ്സ് തള്ളി. ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും വിശ്വാസ വോട്ടെടുപ്പിന്റെ നടപടികള്‍ പൂര്‍ത്തിയാകാതെ വോട്ടെടുപ്പ് നടത്താനാകില്ലെന്നും കോണ്‍ഗ്രസ്സ് അറിയിച്ചു. വിശ്വസ പ്രമേയ നടപടികളില്‍ ഇടപെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും കോണ്‍ഗ്രസ്സ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കാലവർഷം കനത്തു;ചൊവ്വാഴ്ച വരെ ശക്തമായ മഴ;എല്ലാ ജില്ലകളിലും ജാഗ്രത നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം കനത്തു.കനത്ത മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.കാലവര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഡാമുകള്‍ തുറന്നു.ഇടുക്കിയിലെ മലങ്കര ,കല്ലാര്‍ക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താന്‍കെട്ട്, തിരുവനന്തപുരത്തെ അരുവിക്കര,കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്.നദീ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പെരിയാറിന്റെ തീരത്തുള്ളവര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കല്ലാര്‍ക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടര്‍ വീതവും, ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒന്‍പത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്.ശക്തമായ മഴ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് 40 സെന്റിമീറ്റര്‍വരെ മഴ ലഭിക്കാനാണ് സാധ്യത.മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം കാലവർഷം ശക്തമായതോടെ മിക്ക ജില്ലകളും ദുരന്ത ഭീഷണിയിലായി.തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂര്‍ തലശേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും മരണമടഞ്ഞു.കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ റെഡ് അലെര്‍ട്ട് തുടരുകയാണ്.
കേരളത്തിൽ മഴ കനക്കുന്നു; കോഴിക്കോട് ഉരുൾപൊട്ടൽ;ഇടുക്കിയിൽ മണ്ണിടിഞ്ഞു
തിരുവനന്തപുരം:കേരളത്തിൽ മഴ കനക്കുന്നു.ഇന്നലെ രാത്രി ആരംഭിച്ച മഴ ഇന്ന് ശക്തമായി തുടരുകയാണ്.കനത്തമഴയെ തുടർന്ന് പല സ്ഥലത്തും പുഴ കര കവിഞ്ഞൊഴുകയാണ്. പമ്പാനദിയിലടക്കം ജലനിരപ്പ് ഉയർന്നു. എറണാകുളം-കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങി. ഇത് മൂലം ഉറിയംപെട്ടി ,വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു.പത്തനംതിട്ട അഴുതയിലെ മൂഴിക്കൽ ചപ്പാത്ത് മുങ്ങിയതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.തീക്കോയി – വാഗമൺ റൂട്ടിൽ പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു.ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു.കോഴിക്കോട് പൂഴിത്തോട് വനമേഖലകളിൽ ഇന്നലെ രാത്രി ഉരുൾപൊട്ടലുണ്ടായി.വിഴിഞ്ഞത്തു നിന്നും മത്സ്യബന്ധനത്തിന് പോയ പുതിയതുറ സ്വദേശികളായ ലൂയിസ്,ബെന്നി,കൊച്ചുപള്ളി സ്വദേശികളായ ആന്റണി യേശുദാസന്‍ എന്നിവരെ കാണാതായി.ബുധനാഴ്ച വൈകീട്ട് മത്സബന്ധനത്തിന് പോയ ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ മറൈന്‍ എന്‍ഫോഴ്സ്മെന്റന്റെ നേത്യത്വത്തില്‍ തുടരുകയാണ്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
സോന്‍ഭദ്ര സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു;പ്രദേശത്ത് സംഘർഷ സാധ്യത
ഉത്തർപ്രദേശ്:മിര്‍സാപൂരിലെ സോന്‍ഭദ്രയില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ കോൺഗ്രസ്സ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് പ്രിയങ്കയെ കസ്റ്റഡിയില്‍ വെച്ചത്.മിര്‍സാപൂരിലെത്തിയ പ്രിയങ്കയെ പോലീസ് തടഞ്ഞതോടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രിയങ്ക റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു സ്ത്രീകൾ ഉൾപ്പെടെ പത്ത് പേരാണ് മിര്‍സാപൂരില്‍ കൊല്ലപ്പെട്ടത്. 24 പേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഒന്ന് കാണുകയും ആശ്വസിപ്പിക്കുകയും മാത്രമാണ് തന്റെ ആവശ്യം. ഒരു കരുണയുമില്ലാതെയാണ് അവരുടെ ഉറ്റവരെ കൊലപ്പെടുത്തിയത്. എന്റെ മകന്റെ പ്രായമുള്ള ഒരു ആണ്‍കുട്ടിയും വെടിയേറ്റ് ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ ഇവിടെ തടഞ്ഞ് വെച്ചിരിക്കുന്നതെന്നും പ്രിയങ്ക ചോദിച്ചു. പരിക്കേറ്റവരെ വരാണസിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച ശേഷമാണ് പ്രിയങ്ക കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനായി എത്തിയത്.രണ്ടുവര്‍ഷം മുൻപ് ഗ്രാമമുഖ്യന്‍ യാഗ്യ ദത്ത് എന്നയാൾ ഇവിടെ 36 ഏക്കര്‍ കൃഷിസ്ഥലം വാങ്ങിയിരുന്നു. ഇയാളും സഹായികളും കൂടി സ്ഥലമേറ്റെടുക്കുന്നതിനുവേണ്ടി ഇവിടെയെത്തുകയും ട്രാക്ടറുകള്‍ എത്തിച്ചു നിലമുഴാനും തുടങ്ങി.ഈ നീക്കം ഗ്രാമവാസികള്‍ തടഞ്ഞു. തുടര്‍ന്ന് യാഗ്യ ദത്തിന്റെ അനുയായികള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.അതേസമയം സംഭവത്തില്‍ 29 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശക്തമായ അന്വേഷണം നടന്ന് വരികയാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു;മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തിപ്പെടുന്നു.ദുരന്ത സാധ്യത കണക്കിലെടുത്ത് മൂന്നു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയില്‍ നാളെയും അലര്‍ട്ട് തുടരും. ഞായറാഴ്ച കണ്ണൂരിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നും നാളെയും മണിക്കൂറില്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ അറബിക്കടലിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തും വടക്കും മധ്യഭാഗത്തും മത്സ്യബന്ധനത്തിനു പോകരുതെന്ന മുന്നറിയിപ്പുണ്ട്. ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുക, ക്യാമ്പുകൾ തയ്യാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നിവയാണ് റെഡ് അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റിയുടെ ഉത്തരക്കടലാസുകള്‍ തന്നെ; സംഭവം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് യൂനിവേഴ്‌സിറ്റി കോളജിലെ ഉത്തരക്കടലാസുകള്‍ തന്നെയെന്ന് കണ്ടെത്തി.ഇതുസംബന്ധിച്ച് പരീക്ഷാ കണ്‍ട്രോളര്‍ വിശദമായ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കറ്റിന് കൈമാറിയിട്ടുണ്ട്. സര്‍വകലാശാല, യൂനിവേഴ്‌സിറ്റി കോളജിന് അനുവദിച്ച ഉത്തരക്കടലാസുകള്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പരീക്ഷ നടത്തിപ്പിലെ ഗുരുതര വീഴ്ച സിന്‍ഡിക്കറ്റ് ഉപസമിതി അന്വേഷിക്കാന്‍ തീരുമാനമായിട്ടുണ്ട്.ക്രമനമ്പർ അനുസരിച്ചാണ് യൂനിവേഴ്‌സിറ്റി വ്യത്യസ്ത കോളജുകള്‍ക്ക് ഉത്തരക്കടലാസുകള്‍ അനുവദിക്കുന്നത്.പിടിച്ചെടുത്ത ഉത്തരക്കടലാസുകളില്‍ നിന്നുള്ള സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നിന്ന് തന്നെയാണ് ഉത്തരപേപ്പര്‍ ചോര്‍ന്നിരിക്കുന്നതെന്ന് വ്യക്തമായി.ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് അന്വേഷിക്കുന്നതിനോടൊപ്പം 2015 മുതലുള്ള ഉത്തരക്കടലാസുകളുടെ വിനിയോഗം സംബന്ധിച്ച് പരിശോധന നടത്താനും ഉപസമിതിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
കർണാടകത്തിന്റെ വിധി ഇന്നറിയാം;വിശ്വാസ വോട്ടെടുപ്പ് 11 മണിക്ക്
ബെംഗളൂരു: 16 ഭരണപക്ഷ എംഎല്‍എമാരുടെ രാജിയോടെ പ്രതിസന്ധിയിലായ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാറിന്‍റെ ഭാവി ഇന്ന് അറിയാം. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി കുമാരസ്വാമി നിയമസഭിയില്‍ വിശ്വാസപ്രമേയം അവതരിപ്പിക്കും. നിലവിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോൾ സര്‍ക്കാര്‍ വീഴാനാണ് സാധ്യത കൂടുതല്‍. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്ന് മുംബൈയിലെ റിസോര്‍ട്ടില്‍ കഴിയുന്ന 12 വിമത എംഎല്‍എമാരും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്നാണ് രാമലിംഗ റെഡ്ഡി ഇന്നലെ വ്യക്തമാക്കിയത്.എം.എല്‍.എമാരുടെ രാജി കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് ഇന്നലെ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിച്ച സുപ്രീംകോടതി, ചുരുങ്ങിയ വാക്കുകളിലായിരുന്നു വിധി പ്രഖ്യാപിച്ചത്. 24 മണിക്കൂറിനകം രാജിയിൽ തീരുമാനമെടുക്കാനുള്ള വിമതരുടെ ആവശ്യവും കോടതി തള്ളി.രാജി കാര്യത്തില്‍ അനുയോജ്യമായ സമയത്ത് സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് കോടതി വിധിച്ചു. എന്നാല്‍ സഭാ നടപടികളില്‍ പങ്കെടുക്കാന്‍ എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചിരുന്നു.
കർണാടക പ്രതിസന്ധി;എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി:കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രിം കോടതിയുടെ നിര്‍ണ്ണായക വിധി.രാജിവച്ച വിമത എം.എല്‍.എമാരുടെ കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി.ഇക്കാര്യത്തില്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ വിമത എം.എല്‍.എമാര്‍ സഭാസമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വിമതര്‍ക്ക് തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എമാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാമെന്നായിരുന്നു സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.
കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി;സുപ്രീം കോടതി വിധി ഇന്ന്
ന്യൂഡൽഹി:കർണാടകയിൽ നിലനിൽക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക. രാജിയില്‍ എത്രയും വേഗം തീരുമാനമെടുക്കാന്‍ സ്പീക്കറോട് നിര്‍ദ്ദേശിക്കണം എന്നാണ് വിമത എം.എല്‍.എ മാരുടെ ആവശ്യം.രാജികളിലും വിമതര്‍ക്കെതിരായ അയോഗ്യത നടപടിയിലും ഒരേ സമയം തീരുമാനം എടുക്കാം എന്നാണ് സ്പീക്കറുടെയും മുഖ്യമന്ത്രിയുടെയും നിലപാട്.വിമത എംഎൽഎമാരുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ കുമാര സ്വാമി സര്‍ക്കാര്‍ വീഴും.എന്നാല്‍ ഒരേസമയം രാജിക്കത്ത് സ്വീകരിക്കാനും അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കാനും സ്പീക്കർക്ക് കോടതി അനുമതി നൽകിയാൽ സര്‍ക്കാര്‍ക്കാരിന് പിന്നെയും പ്രതീക്ഷക്ക് വകയുണ്ടാകും. കര്‍ണാടക നിയമ സഭയില്‍ നാളെയാണ് വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ചരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഭരണ കക്ഷിയായ കോണ്‍ഗ്രസ്സ്-ജെ.ഡി.എസ് സഖ്യത്തിനും വിമത എം.എല്‍.എമാര്‍ക്കും ബി.ജെ.പിക്കും ഇന്നത്തെ ഉത്തരവ് വളരെ നിർണായകമാണ്.കേസിന്റെ ഭരണഘടന വശങ്ങള്‍ ഇന്നലെ സുപ്രിം കോടതി വിശദമായി പരിശോധിച്ചിരുന്നു. രണ്ട് ഭാഗത്തിന്റെയും വാദങ്ങള്‍ക്ക് ബലമുണ്ടെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. സ്പീക്കര്‍ എന്ത് തീരുമാനം എടുക്കണം എന്ന് നിര്‍ദ്ദേശിക്കാനാകില്ലെന്നും കോടതി പറഞ്ഞിരുന്നു.എം.എല്‍.എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം വൈകിയതിനെയും കോടതി വാദത്തിനിടെ ചോദ്യം ചെയ്തു.എന്നാല്‍ രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കറുടെ മേല്‍ സമയം നിശ്ചയിക്കുന്നതിന് പോലും കോടതിക്ക് ഭരണഘടനാപരമായ പരിമിതിയുണ്ടെന്നാണ് സ്പീക്കറുടെ പ്രധാന വാദം.
ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 44 ആയി
ബീഹാർ:ബീഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 44 ആയി. എഴുപത് ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു.ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.നദികളെല്ലാം കര കവിഞ്ഞ് ഒഴുകുന്നതിനാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി മോശമായി തുടരുകയാണ്. 15 മരണം റിപ്പോര്‍ട്ട് ചെയ്ത അസമില്‍ 30 ജില്ലകള്‍ വെള്ളത്തിനടിയിലാണ്. 43 ലക്ഷം ജനങ്ങളെ മഴക്കെടുതി ബാധിച്ചു. കാസിരംഗ ദേശീയ പാര്‍ക്ക്, പൊബി തോറ വന്യജീവി സങ്കേതം, മാനസ് ദേശീയ പാര്‍ക്ക് എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഒരുലക്ഷം ഹെക്ടറിലധികം കൃഷി നശിച്ചതായാണ് പ്രാഥമിക കണക്ക്. ബീഹാറിലും മരണസംഖ്യ 24 കടന്നു. ഉത്തര്‍പ്രദേശിലെ ചില ഭാഗങ്ങളും ത്രിപുരയും മഴക്കെടുതിയിലാണ്. ദുരിതബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിലൂടെ ആശയവിനിമയം നടത്തി. ആവശ്യമായ സഹായങ്ങള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രിമാര്‍ അറിയിച്ചു.