തിരുവനന്തപുരം:അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തി വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ കേസിൽ മുഖ്യപ്രതി അഖിൽ കുറ്റം സമ്മതിച്ചു.അമ്പൂരിയിലെ വീട്ടിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഖിലിന്‍റെ കുറ്റസമ്മതം.വിവാഹം സംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് അഖിൽ പറഞ്ഞു.സഹോദരന്‍ രാഹുലും സുഹൃത്ത് ആദര്‍ശും കൊലപാതകത്തിന് സഹായിച്ചുവെന്നും അഖില്‍ പൊലീസിന് മൊഴി നല്‍കി.കീഴടങ്ങുകയാണെന്ന് പൊലീസിനെ അറിയിച്ചശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി നടത്തിയ ചോദ്യം ചെയ്യലിലാണ് അഖിൽ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്.രണ്ടാംപ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുല്‍ മലയിന്‍കീഴില്‍ നിന്ന് പിടിയിലായതോടെയാണ് ഡല്‍ഹിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന അഖിലിന് കീഴടങ്ങാന്‍ സമ്മര്‍ദ്ദമേറിയത്. താനും അഖിലും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയതായി രാഹുലും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കൊല്ലാനായി തന്നെയാണ് യുവതിയെ നെയ്യാറ്റിന്‍കരയില്‍ നിന്ന് കാറില്‍ കയറ്റിയത്. കാറില്‍ വച്ച് തര്‍ക്കമുണ്ടായപ്പോള്‍ അഖില്‍ യുവതിയെ കഴുത്ത് ഞെരിച്ച് ബോധംകെടുത്തി.വീട്ടിലെത്തിച്ച് കയര്‍ കഴുത്തില്‍ മുറുക്കി മരണം ഉറപ്പാക്കിയെന്നും രാഹുല്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ മൃതദേഹം മറവുചെയ്യാനുള്ള കുഴിയെടുക്കാന്‍ പ്രതികള്‍ക്കൊപ്പം അച്ഛനും ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളടക്കം വെളിപ്പെടുത്തിയതോടെ ആസൂത്രണത്തില്‍ അച്ഛനും പങ്കുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്. ഇത് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. പ്രതികളെ പ്രത്യേക അപേക്ഷ കൊടുത്ത് കസ്റ്റഡിയിൽ വാങ്ങി അമ്പൂരിയിലെ കൊല നടന്ന വീട്ടിലെത്തിച്ച തെളിവെടുപ്പ് നടത്താനാണ് പോലീസ് ശ്രമം.
പ്രളയ ഭീതിയിൽ മുംബൈ;കനത്ത മഴ രണ്ടു ദിവസം കൂടി;വിമാനങ്ങൾ റദ്ദാക്കി;റെയിൽ,റോഡ് ഗതാഗതം തടസ്സപ്പെട്ടു
മുംബൈ:മുംബൈയിൽ കനത്ത മഴ.ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരും എന്ന കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് പ്രളയ ഭീതിയിലാണ് മുംബൈ നഗരം.താനെ, കല്ല്യാണ്‍ പ്രദേശങ്ങളില്‍ വീടുകളുടെ ഒന്നാം നില വരെ വെള്ളം കയറി. പ്രളയ സമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നേരിടാന്‍ എല്ലാ തയ്യാറെടുപ്പു നടത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.കനത്തമഴയും പ്രതികൂല കാലവസ്ഥയും കാരണം മുബൈ വിമാനത്താവളത്തില്‍ നിന്നുള്ള പതിനൊന്നു വിമാനസര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയിരുന്നു.മുബൈയില്‍ ഇറങ്ങേണ്ടിയിരുന്ന ഒൻപത് വിമാനങ്ങളെ സമീപ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു. മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ മഴ ശക്തമാകും. തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു.വിദര്‍ഭയില്‍ ഇന്ന് മാത്രം ഏതാണ്ട് 40 മില്ലീമീറ്റര്‍ മഴ പെയ്തിട്ടുണ്ട്. മറാത്ത്‌വാഡയിലും, ദക്ഷിണ മധ്യ മാഹ് മേഖലയിലും നല്ല മഴ ലഭിച്ചു. കൊളാബയില്‍ മാത്രം 24 മണിക്കൂറില്‍ പെയ്തത് 19.1 മില്ലീമീറ്റര്‍ മഴ. സാന്താക്രൂസ് സ്‌റ്റേഷനില്‍ 44 മില്ലീമീറ്റര്‍ മഴ. കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയില്‍ സിയോണ്‍, മാട്ടുംഗ, മാഹിം, അന്ധേരി, മലാഡ്, ദഹിസര്‍ എന്നിവിടങ്ങളില്‍ കനത്ത വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടിരുന്നു.
കാസർകോഡ് ബദിയടുക്കയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിതീകരണം
കാസർകോഡ്: ബദിയടുക്ക കന്യാപാടിയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് മിലിയോഡോസിസ് ബാധിച്ചെന്ന് സ്ഥിതീകരണം.അദ്ധ്യാപകനായ സിദ്ദിഖിന്റെയും അസറുന്നിസയുടെയും മക്കളായ മൊയ്തീന്‍ ഷിനാസ് (നാലര), ഷിഹാറത്തുല്‍ മുന്‍ ജഹാന്‍ (6 മാസം) എന്നിവരാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചത്.മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മരണകാരണം സ്ഥിരീകരിച്ചത്.ഇതേ രോഗലക്ഷണങ്ങളോടെ കുട്ടികളുടെ മാതാപിതാക്കളടക്കം നാലുപേര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. പനിബാധിച്ച് ചികിത്സയിലായിരുന്നു ഇരുവരും. എന്താണ് മരണകാരണമെന്ന് ആദ്യഘട്ടത്തില്‍ സ്ഥിരീകരിക്കാനാവാത്തതാണ് ആശങ്കയ്ക്കിടയാക്കിയത്. വൈറസ് ബാധയല്ല മരണകാരണമെന്ന് പിന്നീട് തിരിച്ചറിഞ്ഞെങ്കിലും എന്തു രോഗം ബാധിച്ചാണ് കുട്ടികള്‍ മരിച്ചതെന്ന സംശയം ബാക്കിയായിരുന്നു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് മിലിയോഡോസിസ് ആണ് മരണകാരണമെന്ന് കണ്ടെത്തിയത്.മലിനമായ വെള്ളത്തില്‍ നിന്നോ ചെളിയില്‍ നിന്നോ ബാക്ടീരിയ മൂലം പിടിപെടുന്ന രോഗമാണ് മിലിയോഡോസിസ്. കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയുടെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയിരുന്നു.ഇത്തരം ജലത്തിൽ നിന്നതിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് നിഗമനം.മഴക്കാലത്ത് ഈ രോഗം പടരുവാന്‍ സാധ്യത ഏറെയാണ്.പ്രതിരോധ ശേഷി കുറഞ്ഞ കുട്ടികള്‍, പ്രായമേറിയവര്‍, ഗര്‍ഭിണികള്‍ എന്നിവരെയാണ് ഈ രോഗം എളുപ്പത്തിൽ ബാധിക്കുക. ചികിത്സ വൈകുന്തോറും മരണ സാധ്യതയും കൂടും.
അമ്പൂരി കൊലപാതകം;അഖിലേഷും രാഖിയും വിവാഹിതനായിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്
തിരുവനന്തപുരം:അമ്പൂരിയിൽ കൊന്ന് കുഴിച്ചുമൂടപ്പെട്ട നിലയിൽ കണ്ടെത്തിയ രാഖിയും കാമുകൻ അഖിലേഷും വിവാഹം ചെയ്തിരുന്നതായി പോലീസ്.ഫെബ്രുവരിയില്‍ എറണാകുളത്തെ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്ന് മൂന്നാം പ്രതി ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.അതിനിടെ കൊല്ലപ്പട്ട രാഖി നെയ്യാറ്റിന്‍കര ബസ് സ്റ്റേഷന് സമീപത്ത് കൂടി നടന്ന് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചു. 21ന് എറണാകുളത്തേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇറങ്ങിയ രാഖി അഖിലേഷിനെ കാണാന്‍ പോകുന്ന ദൃശ്യങ്ങളാണ് പൊലിസിന് ലഭിച്ചത്. ദൃശ്യങ്ങളില്‍ കാണുന്നത് രാഖി തന്നെയാണെന്ന് അച്ഛന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.നെയ്യാറ്റിന്‍കരയില്‍ നിന്നും രാഖിയെ കൂടെക്കൂട്ടിയ അഖിലേഷ് യാത്രാ മധ്യേ തനിക്ക് വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ചിട്ടുള്ള വിവാഹം മുടക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതിരുന്ന രാഖിയെ സന്ധ്യയോടെ സുഹൃത്തിന്റെ കാറില്‍ വീടിന് സമീപമെത്തിച്ചു. കാര്‍ നിര്‍ത്തിയശേഷം ഡ്രൈവിങ് സീറ്റില്‍ ഇരിക്കുകയായിരുന്ന അഖിലേഷ് രാഖിയുടെ രണ്ട് കൈകളും കൂട്ടിപ്പിടിച്ചു. ഈ സമയം പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന സഹോദരന്‍ രാഹുല്‍ രാഖിയുടെ കഴുത്തില്‍ കയർ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.കഴുത്തില്‍ കുരുക്ക് മുറുകിയപ്പോള്‍ നിലവിളിക്കാനും ബഹളം വയ്ക്കാനും ശ്രമിച്ചെങ്കിലും കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് അഖിലേഷ് എന്‍ജിന്‍ ഇരപ്പിച്ചതിനാല്‍ നിലവിളിയും ബഹളവുമൊന്നും പുറം ലോകം അറിഞ്ഞില്ല.നഗ്നയാക്കിയ നിലയില്‍ മൃതദേഹം അഖിലേഷിന്റെ പറമ്പിൽ മറവ് ചെയ്ത സംഘം രാത്രിതന്നെ അവിടെ നിന്ന് പോയി.ഏതാനും ദിവസത്തിനുശേഷം അവധികഴിഞ്ഞ് ഡല്‍ഹിയിലേക്ക് അഖിലേഷ് തിരികെ മടങ്ങി. ഇതിനിടെ മകളെ കാണാനില്ലെന്ന് കാണിച്ച് രാഖിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
പ്രളയ രക്ഷാപ്രവര്‍ത്തനം; സംസ്ഥാനത്തിനോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഉണ്ടായ പ്രളയ സമയത്ത് രക്ഷാപ്രവർത്തനം നടത്തിയതിന് 113 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സർക്കാരിന് കത്തയച്ചു.വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും വ്യോമസേന ഇതേ രീതിയില്‍ പണം ആവശ്യപ്പെട്ടിരുന്നു.ഓഗസ്റ്റ് 15 മുതല്‍ നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതിലേക്കായി 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്.ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.113 കോടിയുടെ ബില്‍ ലഭിച്ചതിനെക്കുറിച്ച് ഇതുവരെ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലേക്ക്;സത്യപ്രതിജ്ഞ ഇന്ന് വൈകുന്നേരം 6 മണിക്ക്
ബെഗളൂരു:കർണാടകയിൽ ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്ന് അധികാരമേൽക്കും.ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി യെദ്യൂരപ്പ രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തി.വൈകുന്നേരം ആറുമണിക്കാണ് സത്യപ്രതിജ്ഞ.അതേസമയം യെദ്യൂരപ്പ മാത്രമായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക എന്നാണ് സൂചന.കുമാരസ്വാമി സര്‍ക്കാരിനെ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തിയതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്ര നേതൃത്വവുമായി കൂടിക്കാഴ്ച നടത്താന്‍ ജഗദീഷ് ഷെട്ടാറുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ നേതാക്കള്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയിരുന്നു. ഇന്ന് 12.30-ന് സത്യപ്രതിജ്ഞ വേണമെന്നാണ് യെദ്യൂരപ്പ ഗവര്‍ണര്‍ വാജുഭായ് വാലെയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈകീട്ട് ആറ് മണിക്കാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്.. താന്‍ നിലവില്‍ പ്രതിപക്ഷ നേതാവാണ്. അതുകൊണ്ട് തന്നെ നിയമസഭാ പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കേണ്ട ആവശ്യമില്ലെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.16 വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കുന്നതുവരെ കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ യെദ്യൂരപ്പ തീരുമാനിക്കുന്നത്.അതേസമയം, മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു.രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി, സ്വതന്ത്ര എം.എല്‍.എ ആര്‍.ശങ്കര്‍ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇവര്‍ക്ക് 2023 വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല.തിങ്കളാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബിജെപിക്ക് രണ്ട് സ്വതന്ത്രരുടേത് ഉള്‍പ്പെടെ 107 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ 12 ഇന്ത്യൻ ജീവനക്കാരിൽ ഒമ്പതുപേരെ വിട്ടയച്ചു
ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒൻപത് പേരെ വിട്ടയച്ചു. ക്യാപ്റ്റനടക്കം മൂന്ന് പേരെ വിട്ടയച്ചിട്ടില്ല.യുഎഇ കമ്പനിക്കായി സര്‍വീസ് നടത്തുന്ന പനാമയുടെ പതാകയുള്ള എണ്ണക്കപ്പലായ എംടി റിയ ജൂലായ് 14-നാണ് ഇറാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.എണ്ണ കടത്ത് ആരോപിച്ചാണ് എംടി റിയ ഇറാന്‍ പിടിച്ചെടുത്തത്.യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ബി പെട്രോകെമിക്കല്‍സ് എന്ന കമ്പനി വാടകയ്‌ക്കെടുത്തതാണ് ഈ കപ്പല്‍.അതേ സമയം കഴിഞ്ഞ ആഴ്ച ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലായ സ്റ്റെന ഇംപേരോയിലെ 18 ജീവനക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല.ഇതില്‍ നാല് മലയാളികളുണ്ട്. ഇവരടക്കം രണ്ട് കപ്പലുകളിലായി 21 ഇന്ത്യക്കാര്‍ ഇപ്പോള്‍ ഇറാനിലുണ്ട്.
കാസര്‍ക്കോട് ബദിയടുക്കയില്‍ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന
കാസര്‍ക്കോട്:ബദിയടുക്ക കന്യാപാടിയിൽ സഹോദരങ്ങളായ കുട്ടികൾ മരിച്ചത് വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന.മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്ററ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കര്‍ സിദ്ധിഖിന്റെ 8 മാസം പ്രായമുള്ള മകള്‍ സിദത്തുല്‍ മുന്‍തഹ,5 വയസ് പ്രായമുള്ള മകന്‍ സിനാൻ എന്നിവരാണ് മണിക്കൂറുകളുടെ ഇടവേളകളിൽ മരിച്ചത്.കുട്ടികളുടെ അമ്മയും സമാനമായ ലക്ഷണങ്ങളോടെ ചികിത്സയിലാണ്.ഏത് തരത്തിലുള്ള പനിയാണ് ബാധിച്ചതെന്ന് കണ്ടെത്താനാവത്തതായിരുന്നു ആദ്യഘട്ടത്തില്‍ ആശങ്കക്കിടയാക്കിയത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ രക്ത പരിശോധനയിലാണ് പകര്‍ച്ചപ്പനിയെല്ലെന്ന് വ്യക്തമായത്.
കാണാതായ യുവതിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കുഴിച്ചുമൂടിയ നിൽയിൽ കണ്ടെത്തി
തിരുവനന്തപുരം:കാണാതായ യുവതിയുടെ മൃതദേഹം ഒരു മാസത്തിനു ശേഷം കുഴിച്ചുമൂടിയ നിൽയിൽ കണ്ടെത്തി.പൂവാര്‍ സ്വദേശിനി രാഖിയുടെ മൃതദേഹമാണ് അമ്പൂരി തോട്ടുമുക്കിലുള്ള സുഹൃത്ത് അഖിലിന്റെ വീടിനു സമീപം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയത്.അമ്പൂരി തട്ടാന്‍മുക്കില്‍ അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പിന്‍ഭാഗത്തു നിന്നാണ് മൃതദേഹം കിട്ടിയത്. ഒരു മാസം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ജീര്‍ണിച്ച നിലയിലാണ്. കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. നഗ്നമായ നിലയിലുള്ള മൃതദേഹത്തില്‍ ഉപ്പു വിതറിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ പുരയിടം മുഴുവന്‍ പുല്ലുവെട്ടി കിളയ്ക്കുകയും കമുകിന്റെ തൈകള്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 21 മുതലാണ് രാഖിയെ കാണാതായത്. എറണാകുളത്ത് ജോലി ചെയ്യുന്ന രാഖി ഓഫീസിലേക്കെന്ന് പറഞ്ഞാണ് വീടുവിട്ടത് പിന്നീട് വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല.ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് ഫോണ്‍ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അഖിലിന്റെ മൂന്ന് ബന്ധുക്കളെ കസ്റ്റഡിയിലെടുത്തു.അഖിലും സഹോദരന്‍ രാഹുലും സുഹൃത്തായ ആദര്‍ശും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സഹോദരന്‍ രാഹുലും ഒളിവിലാണ്.
ഡല്‍ഹിയില്‍ സൈനികനായ അഖില്‍(27) കുറെക്കാലമായി രാഖിയുമായി അടുപ്പത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പൊലീസിനു മൊഴിനല്‍കി.മിസ്ഡ് കോളിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടത്. അഖിലിന് മറ്റൊരു വിവാഹം നിശ്ചയിച്ചതറിഞ്ഞ് രാഖി, ആ പെണ്‍കുട്ടിയെ നേരില്‍കണ്ട് വിവാഹത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. യുവതി പ്രണയത്തില്‍ നിന്നു പിന്മാറാത്തതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു കരുതുന്നു. എറണാകുളത്ത് കോള്‍സെന്റര്‍ ജീവനക്കാരിയായ രാഖി ജോലിസ്ഥലത്തേക്ക് പോകുന്നു എന്ന് അറിയിച്ചാണ് കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതി വീട്ടിൽ നിന്നും ഇറങ്ങിയത്. വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു. കാണാതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. രാഖിയുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തിലാണ് സുഹൃത്തായ സൈനികന്‍ അഖിലിലേക്ക് പൊലീസ് എത്തിയത്.തുടര്‍ന്ന് അഖിലിന്‍റെ വീടും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.അഖിലിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്തതതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. ഇയാള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ അഖിലിന്‍റെ നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു.
കാസർകോഡ് ജില്ലയിൽ പനി ബാധിച്ച് സഹോദരങ്ങളായ കുട്ടികൾ മരിച്ചു
കാസർകോഡ്:ബദിയടുക്കയില്‍ കന്യപാടിയില്‍ പനി ബാധിച്ച് സഹോദരങ്ങളായ കുട്ടികൾ മരിച്ചു.കന്യാപാടി സ്വദേശി സിദ്ധീഖിന്റെ മക്കളാണ് മരിച്ചത്.പനിയുടെ കാരണം വ്യക്തമല്ല.ബദിയടുക്ക കന്യപ്പാടിയിലെ സിദ്ദീഖ് – നിഷ ദമ്പതികളുടെ മക്കളായ ഷിനാസ്(4), എട്ടു മാസം മാത്രം പ്രായമായ സിദ്റത്തുല്‍ മുന്‍തഹ എന്നിവരാണ് മരിച്ചത്.കുട്ടികളുടെ മാതാവും പനി ബാധിച്ച് മംഗലാപുരത്ത് ചികിത്സയിലാണ്.പനി ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി രണ്ടു കുട്ടികളും മംഗളൂരുവിലെ ഫാദര്‍ മുള്ളേഴ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുഞ്ഞിന് ന്യൂമോണിയയാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും ചൊവ്വാഴ്ച സിദ്റത്തുല്‍ മുന്‍തഹ മരണപ്പെട്ടു. ഇതിനു പിന്നാലെ ബുധനാഴ്ച രാവിലെ സിനാനും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാഴ്ച മുൻപ് മാതാവിന്റെ മുഗു റോഡിലെ വീട്ടില്‍ നിന്നുമാണ് കുട്ടികള്‍ക്ക് പനി ബാധിച്ചതെന്നാണ് സംശയിക്കുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരികയായിരുന്നു.അതേസമയം കുട്ടികളുടെ മരണകാരണം തേടി മെഡിക്കല്‍ സംഘം കന്യപ്പാടിയിലേക്ക് തിരിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളുടെ രക്ത സാമ്പിൾ പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചു.