തിരുവനന്തപുരം:സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. മുന്നറിയിപ്പിനെ തുടർന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ഈ ജില്ലകള്‍ക്ക് പുറമെ കാസര്‍കോടും യെല്ലോ അലര്‍ട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഒൻപത് ജില്ലകളില്‍ 29 ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തമാകുന്ന സാഹചര്യത്തിലാണ് മഴ കനക്കുന്നത്.
പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു
ഇടുക്കി:പ്ലസ് വണ്‍ ഓണപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു.ഇക്കണോമിക്സ് ചോദ്യ പേപ്പറാണ് ചോർന്നത്.ഇടുക്കിയിലെ എട്ട് സ്കൂളുകളിലാണ് ചോദ്യപ്പേപ്പർ ചോർന്നത്.ഇന്ന് നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപ്പേപ്പറിന് പകരം ഇക്കണോമിക്സിന്‍റെ ചോദ്യക്കടലാസായിരുന്നു കെട്ടിലുണ്ടായിരുന്നത്.ഇതേതുടർന്ന് അധ്യാപകർ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതരെ ബന്ധപ്പെട്ടപ്പോൾ ഹിസ്റ്ററി ചോദ്യപ്പേപ്പർ സ്കൂളിലേക്ക് ഇമെയിൽ ചെയ്തു. ഇത് സ്കൂളിൽ വച്ച് തന്നെ പ്രിന്‍റെടുത്ത് കുട്ടികൾക്ക് നൽകി 11 മണിക്ക് പരീക്ഷ ആരംഭിച്ചു.എന്നാൽ വൈദ്യുതിയില്ലാതിരുന്നതിനാൽ മലയോര മേഖലകളിലെ സ്കൂളുകളിൽ ചോദ്യങ്ങൾ ബോർഡിൽ എഴുതി നൽകിയാണ് പരീക്ഷ നടത്തിയത്. പ്ലസ് വൺ പരീക്ഷയുടെ ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നതിൽ അധികൃതർക്ക് ഉണ്ടായ ഗുരുതരമായ വീഴ്ചയാണ് ചോര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഒന്നിച്ചായിരുന്നു ഇന്ന് പരീക്ഷ. എസ്എസ്എൽശി, ഹയർസെക്കൻഡറി ഫൈനൽ പരീക്ഷകൾ രാവിലെ ഒന്നിച്ച് നടത്തുന്നതിന് മുന്നോടിയായാണ് പദ്ധതി നടപ്പിക്കാലാക്കിയത്.ചോദ്യപ്പേപ്പർ ചോർന്നതിനെ കുറിച്ച് അന്വേഷണം നടത്തിയശേഷം പ്രതികരിക്കാം എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്.
ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിയുടെ വാദങ്ങൾ പൊളിയുന്നു
അജ്മാന്‍:വണ്ടിച്ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ വാദം പൊളിയുന്നു.ചെക്ക് കേസില്‍ തെളിവെടുപ്പ് നടപടികളുടെ ഭാഗമായി അജ്മാന്‍ കോടതിയില്‍ ഇന്ന് തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരനായ നാസില്‍ അബ്ദുല്ലയും ഹാജരായിരുന്നു.പ രാതിക്കാരനായ നാസില്‍ തന്‍റെ ചെക്ക് മോഷ്ടിച്ചതാണെന്നാണ് തുഷാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഇത് വിശ്വസനീയമല്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.നാസില്‍ ചെക്ക് മോഷ്ടിച്ചതാണെന്ന് വാദിച്ച തുഷാറിനോട് , മോഷണം നടന്ന സമയത്ത് എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. പ്രോസിക്യൂഷന്‍റെ മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പ് ശ്രമം നടന്നെങ്കിലും ഒത്തു തീര്‍പ്പ് തുക അപര്യാപ്തമാണെന്നു പറഞ്ഞു നാസില്‍ അബ്ദുള്ള ഒത്തു തീര്‍പ്പിന് വഴങ്ങിയില്ല.യു.എ.ഇ നിയമപ്രകാരം ക്രിമിനല്‍ കുറ്റങ്ങളില്‍ തെളിവ് ശേഖരിക്കുക പബ്ലിക് പ്രോസിക്യൂഷനാണ്. ജാമ്യകാലാവധി കഴിയുന്ന മുറക്കായിരിക്കും തുഷാര്‍ കോടതിയിലെത്തുക. 20 ദിവസത്തിനകം ജാമ്യകാലാവധി അവസാനിക്കും.തുഷാര്‍ വെള്ളാപ്പള്ളി ഒപ്പിട്ട ചെക്കാണ് കേസിലെ പ്രധാന തെളിവ്. ഇത് കോടതിയില്‍ നേരത്തേ ഹാജരാക്കിയതാണ്.കേസ് ഒത്തുതീര്‍പ്പ് ആയില്ലെങ്കില്‍ പാസ്പോര്‍ട്ട് ജാമ്യത്തില്‍ നല്‍കിയ തുഷാറിന് കേസ് തീരും വരെ യു എ ഇ വിട്ടു പോകാനാകില്ല.
കവളപ്പാറയില്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത 11 പേര്‍ക്കായി രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനം
മലപ്പുറം: ഉരുൾപൊട്ടൽ നാശം വിതച്ച കവളപ്പാറയില്‍ ഇനിയും കണ്ടെത്താന്‍ സാധിക്കാത്ത 11 പേര്‍ക്കായി രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്താന്‍ തീരുമാനം. ദിവസങ്ങളോളം തെരച്ചില്‍ നടത്തിയിട്ടും കവളപ്പാറയില്‍ ആരേയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ തെരച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായി കാണാതായാവരുടെ കുടുംബാംഗങ്ങളേയും ഉള്‍പ്പെടുത്തി ഇന്ന് പോത്തുകല്ല് പഞ്ചായത്ത് ഓഫീസില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് തെരച്ചില്‍ രണ്ട് ദിവസം കൂടി തുടരാനുള്ള തീരുമാനമുണ്ടായത്.സാധ്യമായ എല്ലാ രീതിയിലും കവളപ്പാറയില്‍ തെരച്ചില്‍ നടത്തിയെന്നും കാണാതായവരെ ഇനി കണ്ടെത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ രണ്ട് ദിവസം കൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായവരുടെ ബന്ധുക്കള്‍ യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടു. ഇതോടെയാണ് തെരച്ചില്‍ വീണ്ടും നടത്താന്‍ തീരുമാനിച്ചത്.കാണാതായവരുടെ ബന്ധുക്കളെ കൂടി പങ്കെടുപ്പിച്ചാവും ഇനിയുള്ള രണ്ട് ദിവസം തെരച്ചില്‍ നടത്തുക. രണ്ട് ദിവസത്തെ തെരച്ചിലിലും ആരേയും കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ തെരച്ചില്‍ അവസാനിപ്പിച്ച് കാണാതായവരെ മരിച്ചതായി കണക്കാക്കി ആശ്രിതര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റും ധനസഹായവും നല്‍കാനും യോഗത്തില്‍ ധാരണയായി.
തീവ്രവാദ ബന്ധം സംശയിച്ച് തൃശ്ശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ വിട്ടയച്ചു
തൃശൂർ:തീവ്രവാദ ബന്ധം സംശയിച്ച് തൃശ്ശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ വിട്ടയച്ചു.കൊടുങ്ങല്ലൂര്‍ സ്വദേശി റഹീം അബ്ദുള്‍ ഖാദറിനേയും സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതി എന്നിവരെയാണ് വിട്ടയച്ചത്. ശനിയാഴ്ചയാണ് ഇവരെ കസ്റ്റഡിയിലെടുത്തത് എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ നിരപരാധികളാണെന്ന് തെളിഞ്ഞതോടെ വിട്ടയക്കുകയായിരുന്നു.24 മണിക്കൂറോളം കസ്റ്റഡിയില്‍ വച്ച് എന്‍.ഐ.എ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല. ക്രൈംബ്രാഞ്ചും തമിഴ്നാട് പോലീസിന്റെ ക്യൂ ബ്രാഞ്ച് എന്നീ ഏജന്‍സികളും യുവാവിനെ ചോദ്യം ചെയ്തിരുന്നു.ലഷ്‌കര്‍ ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാകാനെത്തിയ യുവാവിനെ ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. മലയാളികള്‍ ഉള്‍പ്പെട്ട ആറംഗ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരസംഘം തമിഴ്നാട്ടില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനിടെയാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്.താന്‍ നിരപരാധിയാണെന്നും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നുമാണ് റഹീം അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലഷ്‌ക്കർ ഭീകരനെന്ന് സംശയം;കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ് കസ്റ്റഡിയില്‍
കൊച്ചി :തീവ്രവാദി ഭീഷണിയുടെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുന്നതിനിടെ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് സംശയിക്കുന്ന തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്‌ദുള്‍ ഖാദര്‍ റഹീം പൊലീസ് കസ്റ്റഡിയിലായി. കൊച്ചിയിലെ കോടതിയില്‍ ഹാജരാകാനെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ തമിഴ്‌നാട് പൊലീസിന് കൈമാറും.അതേസമയം താന്‍ നിരപരാധിയാണ്. എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും, കോടതിയില്‍ ഹാജരാകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണങ്ങള്‍ക്കായി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.രണ്ട് ദിവസം മുമ്ബാണ് ഇയാള്‍ ബഹ്‌റൈനില്‍ നിന്ന് കൊച്ചിയിലെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.ഭീകരരുമായി ബന്ധമില്ലെന്നും തനിക്ക് അബുദാബിയില്‍ ഹോട്ടല്‍ ബിസിനസ്സ് ആണെന്നുമാണ് കസ്റ്റഡിയില്‍ എടുക്കുമ്ബോള്‍ ഇയാള്‍ പോലീസിനെ അറിയിച്ചത്. എന്നാല്‍ അന്വേഷണ സംഘം ഇത് കണക്കില്‍ എടുത്തിട്ടില്ല. വിശദമായ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ സത്യാവസ്ഥ പൂറത്തുവരൂ എന്നതാണ് പോലീസിന്റെ നിലപാട്. ലഷ്‌കര്‍ ഭീകരര്‍ക്ക് തമിഴ്‌നാട് തീരത്തേയ്ക്ക് എത്തുന്നതിന് വേണ്ട യാത്രാ സഹായങ്ങള്‍ ചെയ്തത് അബ്ദുള്‍ ഖാദറാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ മാസം 28ന് ലഷ്‌കര്‍ ഇ തോയ്ബ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി ഇന്റലിജെന്‍സ് ഏജന്‍സിയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങള്‍ ഉള്‍പ്പടെയുള്ള വിവിധ സ്ഥലങ്ങളില്‍ കര്‍ശ്ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു
ന്യൂഡൽഹി:മുന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു.ഡല്‍ഹിയിലെ എയിംസില്‍ വച്ചായിരുന്നു അന്ത്യം.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ജെയ്റ്റ്ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്.ജെയ്റ്റിലുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള പ്രമുഖർ അനുശോചിച്ചു.1952 ഡിസംബർ 28-ന് ഡൽഹിയിൽ ജനിച്ച അരുൺ ജെയ്റ്റ്‌ലി ഡൽഹി സെന്റ് സേവിയേഴ്‌സ് സ്‌കൂളിലാണ് പ്രാഥമിക പഠനം നിർവഹിച്ചത്. ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിൽ നിന്ന് ബികോം ഡിഗ്രിയും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദവും സ്വന്തമാക്കി. യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1974-ൽ സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡണ്ടായി.1991 മുതൽ ബി.ജെ.പിയുടെ സജീവ നേതൃത്വത്തിലേക്കു വന്ന അദ്ദേഹം 1999 പൊതുതെരഞ്ഞെടുപ്പ് കാലയളവിൽ പാർട്ടി വക്താവായി. 1999-ലെ വാജ്‌പെയ് മന്ത്രിസഭയിൽ വിവര സംപ്രേഷണ വകുപ്പിന്റെ സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. 2002-ൽ ബി.ജെ.പിയുടെ ദേശീയ വക്താവും ജനറൽ സെക്രട്ടറിയുമായി. 2004-ൽ ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. 2014 പൊതുതെരഞ്ഞെടുപ്പിൽ അമൃത്‌സറിൽ നിന്നു മത്സരിച്ചു തോറ്റെങ്കിലും ഒന്നാം മോദി മന്ത്രിസഭയിൽ ധനകാര്യ, കോർപറേറ്റ് വകുപ്പ് മന്ത്രിയായി.ഇക്കഴിഞ്ഞ ആഗസറ്റ് ഒന്‍പതിനാണ് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്ലിയെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് , പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടങ്ങി നിരവധി കേന്ദ്രമന്ത്രിമാരും ലോക്സഭാ സ്പീക്കറും ഈ ദിവസങ്ങളില്‍ അദ്ദേഹത്തെ കാണാന്‍ എയിംസില്‍ എത്തിയിരുന്നു.സുഷമ സ്വരാജിന്‍റെ അപ്രതീക്ഷിത നിര്യാണത്തിന് പിന്നാലെ അരുണ്‍ ജെയ്റ്റലിയും വിട വാങ്ങുന്നതോടെ കഴിവും ജനപ്രീതിയുമുള്ള രണ്ട് നേതാക്കളെയാണ് ബിജെപിക്ക് പൊടുന്നനെ നഷ്ടമാക്കുന്നത്.
മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നു വീണ് രണ്ടുപേർ മരിച്ചു
മുംബൈ: മഹാരാഷ്ടയിലെ ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേരെ രക്ഷപ്പെടുത്തി. മൂന്ന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ കുടുങ്ങിക്കിടക്കുന്നതായ സംശയത്തെത്തുടര്‍ന്ന് തിരച്ചില്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചയോടെയാണ് ഭീവണ്ടിയിലെ ശാന്തി നഗറില്‍ എട്ടുവര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്.കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 22 കുടുംബങ്ങളെ അധികൃതര്‍ ഇവിടെനിന്നും ഒഴിപ്പിച്ചിരുന്നു.എന്നാല്‍ സാധനങ്ങളെടുക്കാനായി തിരികെയെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. എന്‍ഡിആര്‍എഫും അഗ്‌നിശമനസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പരിക്കേറ്റ നാലുപേര്‍ ചികില്‍സയിലാണ്. അനധികൃതമായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നതെന്നാണ് ഭീവണ്ടി നിസാംപൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും കോര്‍പറേഷന്‍ വ്യക്തമാക്കി.
ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്;കേരളത്തിലും ജാഗ്രത നിർദേശം
തിരുവനന്തപുരം: ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്കര്‍-ഇ-ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിൽ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്.റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം നൽകിയിട്ടുണ്ട്.സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി.ബസ്സ് സ്റ്റാന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും.തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും.സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ശ്രീലങ്ക വഴി ആറ് ലഷ്കര്‍-ഇ-ത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഞ്ച് ശ്രിലങ്കന്‍ തമിഴ് വംശജരും ഒരു പാകിസ്ഥാന്‍ സ്വദേശിയുമുള്‍പ്പെടുന്ന സംഘം തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ എത്തിയെന്നാണ് വിവരം. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും സ്ഥലം മാറ്റി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ സഹകരണബാങ്കില്‍ നിന്നും സ്ഥലം മാറ്റി. ജില്ലാ ബാങ്കിന്റെ പേരാവൂര്‍ ശാഖയിലേക്കാണ് സ്ഥലംമാറ്റിയത്.കഴിഞ്ഞ 17-ാം തീയ്യതി മേയര്‍ ഇ.പി. ലതക്കെതിരെ യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ പിന്‍തുണച്ച് എല്‍.ഡി.എഫിന്റെ നാല് വര്‍ഷത്തെ ഭരണത്തിന് അറുതി വരുത്തിയത് രാഗേഷിന്റെ പിന്തുണയായിരുന്നു. ഇതിനുള്ള തികിച്ചടിയായിട്ടാണ് ഇപ്പോഴത്തെ സ്ഥലംമാറ്റമെന്നും ആരോപണമുണ്ട്.അതിനിടെ, പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള പള്ളിക്കുന്ന് സഹകരണബാങ്കിനെതിരേ ക്രമക്കേട് ആരോപണം സംബന്ധിച്ചുള്ള സഹകരണവകുപ്പിന്റെ അന്വേഷണം ഹൈക്കോടതി സ്റ്റേചെയ്തിട്ടുണ്ട്. നേരത്തേ രാഗേഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് ബാങ്ക് ഭരിച്ചുകൊണ്ടിരുന്നത്. അവിടെ നടന്ന നിയമനത്തിലുംമറ്റും ക്രമക്കേടുണ്ടെന്നാരോപിച്ച് ഒരുവര്‍ഷംമുമ്ബ് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. രാഷ്ട്രീയപ്രതികാരം തീര്‍ക്കാന്‍ സഹകരണവകുപ്പിനെക്കൊണ്ട് അന്വേഷണംനടത്തി ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റര്‍ ഭരണം കൊണ്ടുവരാനാണ് നീക്കമെന്ന് പി.കെ.രാഗേഷ് ആരോപിച്ചിരുന്നു.