പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വി.കെ. ഇബ്രാഹിമിനെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും; അറസ്റ്റ് ഉണ്ടായേക്കുമെന്നും സൂചന

keralanews palarivattom flyover scam case vigilance will again question v k ibrahimkunj and may be arrested

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്.പാലം നിര്‍മാണത്തിനുള്ള തുക കരാറുകാര്‍ക്ക് മുന്‍കൂറായി നല്‍കിയത് മന്ത്രിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം ഇബ്രാഹിം കുഞ്ഞിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും പണമിടപാട് സൂചിപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം വിളിച്ചു. അന്വേഷണ പുരോഗതി വിലയിരുത്താനും വിശകലനം ചെയ്യാനുമാണ് യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ചും തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.അതേസമയം അഴിമതിക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ടി.ഒ സൂരജ് അടക്കമുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതോടെ പ്രതികളെ കൊച്ചിയില്‍ നടക്കുന്ന ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് അവധിയായതിനാലാണ് ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കുന്നത്. പ്രതികളുടെ ജാമ്യാപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

അടുത്ത 48 മണിക്കൂറിൽ മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

keralanews chance for heavy rain in mumbai in 48hours leave for educational institutions

മുംബൈ:അടുത്ത 48 മണിക്കൂറിൽ മുംബൈയിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ശക്തമോ അതി തീവ്രമോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുബൈയിലെ സ്കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.മുംബൈയ്‌ക്ക് പുറമെ, റെയ്‌ഗാര്‍ഡ്, താനെ, കൊങ്കണ്‍ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നഗരത്തിന് ചുറ്റുമുളള അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണ്. ഈ സാഹചര്യത്തില്‍ സമീപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുംബൈ മുനസിപ്പല്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി. സമീപകാലത്തെ റെക്കോര്‍ഡ് മഴയാണ് നഗരത്തില്‍ ഇത്തവണ ലഭിച്ചത്. മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. റോഡ് ഗതാഗതം പലയിടത്തും പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും കർശന വാഹനപരിശോധന

keralanews strict vehicle inspection in the state from tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും വാഹന പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പും പോലീസും തീരുമാനിച്ചു. ഓണം പ്രമാണിച്ച്‌ സര്‍ക്കാര്‍ നിയമത്തില്‍ അയവ് വരുത്തിയിരുന്നു.എന്നാല്‍, ചട്ടലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കില്ലെന്നും, ചട്ടലംഘനങ്ങളുടെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കുക മാത്രമേ ചെയ്യൂ എന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.എട്ട് ഇനങ്ങളിൽ പിഴത്തുക പകുതിയാക്കിയ മണിപ്പൂർ മാതൃക പിന്തുടരുന്ന കാര്യവും സംസ്ഥാനസർക്കാർ പരിഗണിക്കുന്നുണ്ട്. നിയമം നടപ്പാക്കുന്നതിലെ തുടർനടപടികൾ തീരുമാനിക്കാൻ ശനിയാഴ്ച മുഖ്യമന്ത്രി ഉന്നതതലയോഗം വിളിക്കും.മോട്ടോർ വാഹനനിയമഭേദഗതിയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് തൽക്കാലം ഓണക്കാലത്തേക്ക് മാത്രം വാഹനപരിശോധന നിർത്തി വയ്ക്കുകയും ഉയർന്ന പിഴ തൽക്കാലം ഈടാക്കേണ്ടെന്നും സംസ്ഥാനസർക്കാർ തീരുമാനമെടുത്തത്. വൻതുക പിഴയായി ഈടാക്കുന്ന നിയമഭേദഗതിക്കെതിരെ ബിജെപിയുൾപ്പടെ ഭരിക്കുന്ന സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധം അറിയിച്ചതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാടിൽ മലക്കം മറിഞ്ഞു. ഈ സാഹചര്യത്തിൽ ഇനി എന്തുവേണമെന്ന് തീരുമാനിക്കാനാണ് മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ പങ്കെടുക്കുന്ന ഉന്നതതലയോഗം ശനിയാഴ്ച വിളിച്ചു ചേർക്കാനിരിക്കുന്നത്.മോട്ടോർവാഹന നിയമലംഘനങ്ങൾക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങൾക്കും ഇടപെടാൻ അനുമതി നൽകിയിട്ടുണ്ട്. പിഴത്തുക പരിശോധകർക്ക് നേരിട്ട് നൽകുകയോ മോട്ടോർ വാഹന വകുപ്പിന്‍റെ ഓഫീസിൽ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സർക്കാരിന് ഇടപെടാൻ അനുവാദമുളളത്.കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തിൽ വാഹനമോടിച്ചാൽ പിഴ 1000 മുതൽ 2000 വരെയാണ്. പിടിക്കപ്പെടുന്നവർ നേരിട്ട് പണമടയ്ക്കുകയാണെങ്കിൽ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്.

മരട് ഫ്ലാറ്റ് പൊളിക്കൽ; താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍;ഫ്‌ളാറ്റുടമകള്‍ സമരം അവസാനിപ്പിച്ചു

keralanews marad flat demolition chief minister says he will do everything possible to protect the residents flat owners call off the strike

കൊച്ചി:മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കുന്നതിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. ഇത് സംബന്ധിച്ച്‌ സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ക്ക് സര്‍വ്വകക്ഷിയോഗം പിന്തുണ അറിയിച്ചു. ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടുന്നതിന് സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കാനും യോഗത്തില്‍ ധാരണയായി. ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ നടത്തുന്ന എല്ലാ ശ്രമങ്ങളും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിക്കൊണ്ടും കോടതിയുടെ അംഗീകാരത്തോടെയും ആയിരിക്കുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി.പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇത്തരം കേസുകളില്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഈ അധികാരം കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കെട്ടിടങ്ങള്‍ പൊളിച്ചു നീക്കമ്ബോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍കൊണ്ടുവരാന്‍ മുന്‍കൈ എടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച്‌ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥാ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. അതോടൊപ്പം കേന്ദ്ര പരിസ്ഥിതി മന്ത്രിയെ ഫോണില്‍ വിളിച്ച്‌ പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ കേസില്‍ പരിസ്ഥിതി മന്ത്രാലയം കക്ഷി ചേരണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.അതേസമയം സുപ്രീം കോടതി വിധിയിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുഭാവപൂർണമായ നടപടി ഉണ്ടായ സാഹചര്യത്തിൽ പ്രതിഷേധ സമരങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഫ്ലാറ്റ് ഉടമകൾ അറിയിച്ചു.നഗരസഭയുടെയോ ജില്ലാകളക്റ്ററുടെയോ ഭാഗത്തു നിന്നും ഏതെങ്കിലും വിധത്തിലുള്ള നടപടിയുണ്ടായാൽ പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്നും മരട് ഭവന സംരക്ഷണ സമിതി കൺവീനർ പറഞ്ഞു.

സുപ്രീംകോടതി വിധി കണക്കിലെടുത്ത് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുമ്പോൾ ഈ മേഖലയില്‍ ഉണ്ടാകുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ചെന്നൈ ഐ.ഐ.ടി.യെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍, പൊളിച്ചുനീക്കല്‍ പരിമിതമായ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കുക പ്രായോഗികമല്ല എന്നാണ് ഐഐടി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പരിസ്ഥിതിയെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സമീപത്തുള്ള കെട്ടിടങ്ങളെ ഇത് ബാധിക്കും. കനാലുകള്‍, ആള്‍ത്താമസമുള്ള കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍, ചെടികള്‍ എന്നിവയ്ക്ക് ഹാനിയുണ്ടാകും.വായുമലിനീകരണം ഒരു കിലോമീറ്റര്‍ ചുറ്റളവിലെങ്കിലും ഉണ്ടാകും. മാത്രമല്ല, പൊളിച്ചുമാറ്റിയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നീക്കുന്നത് വലിയ ബാധ്യതയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ്, കെ.വി. തോമസ് (കോണ്‍ഗ്രസ്), വി.കെ. ഇബ്രാഹിം കുഞ്ഞ്, ഡോ. എം.കെ. മുനീര്‍ (മുസ്ലീം ലീഗ്), എ.എന്‍. രാധാകൃഷ്ണന്‍ (ബി.ജെ.പി), മോന്‍സ് ജോസഫ് (കേരള കോണ്‍ഗ്രസ് എം), മാത്യു ടി തോമസ് (ജനതാദള്‍ എസ്), കോവൂര്‍ കുഞ്ഞുമോന്‍ (ആര്‍എസ്പി ലെനിനിസ്റ്റ്), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് (ജനപക്ഷം), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), എ.എ. അസീസ് (ആര്‍.എസ്.പി), അഡ്വ. വര്‍ഗ്ഗീസ് (കോണ്‍ഗ്രസ് എസ്), അഡ്വ. വേണുഗോപാലന്‍ നായര്‍ (കേരള കോണ്‍ഗ്രസ് ബി) സണ്ണി തോമസ് (ലോക് താന്ത്രിക് ജനതാദള്‍), അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മേത്ത, ടി.കെ. ജോസ്, പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷ ടൈറ്റസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് തൃശ്ശൂരിലും വയനാട്ടിലും സന്ദര്‍ശനം നടത്തും

keralanews the central team will visit thrissur and wayanad today to assess the impact of the flood

തിരുവനന്തപുരം:പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് തൃശ്ശൂരിലും വയനാട്ടിലും സന്ദര്‍ശനം നടത്തും.കേന്ദ്രത്തില്‍ നിന്നുള്ള പ്രത്യേക സംഘം ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടി, മാള, പൊയ്യ, കുഴൂര്‍, പുഴയ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുളള നാലംഗ സംഘമാണ് വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്നത്. രാവിലെ പത്ത് മണിക്ക് കളക്‌ട്രേറ്റില്‍ എത്തുന്ന സംഘത്തിന് മുൻപാകെ പ്രകൃതിദുരന്തങ്ങളുടെ ആഘാതം ബോധ്യപ്പെടുത്തുന്ന റിപ്പോര്‍ട്ട് അവതരിപ്പിക്കും.പുത്തുമല,കുറിച്യർമല തുടങ്ങിയ ദുരന്തബാധിത പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.കഴിഞ്ഞദിവസം കേന്ദ്രസംഘം മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെ ആണ് തൃശ്ശൂരിലും വയനാട്ടിലും സംഘം സന്ദര്‍ശനം നടത്തുന്നത്. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു സംഘം വീണ്ടും കേരളത്തില്‍ എത്തി പ്രളയബാധിത മേഖലകളില്‍ പരിശോധന നടത്തും. ഇതിനു ശേഷമാണ് കേന്ദ്രസഹായത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാവുക.

നടിയെ ആക്രമിച്ച കേസ്;മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്നും പകർപ്പ് ദിലീപിന് കൈമാറരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ

keralanews govt in supreme court said that the visuals in memory card is a record and do not hand over it to dileep

ന്യൂഡൽഹി:നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ രേഖയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍. മെമ്മറി കാര്‍ഡ് തൊണ്ടി മുതലാണ്. രേഖയാണെങ്കിലും ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ കൈമാറുന്ന കാര്യത്തിൽ തീരുമാനം വിചാരണക്കോടതിക്ക് വിടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.മെമ്മറി കാര്‍ഡ് കേസിലെ തൊണ്ടിമുതലാണോ രേഖയാണോ എന്ന് സുപ്രീംകോടതി ഇന്നലെ ചോദിച്ചിരുന്നു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജസ്റ്റീസ് എ.എന്‍.ഖാന്‍വില്‍ക്കര്‍, അജയ് റോത്തഗി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ടത്.മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ രേഖയാണെങ്കില്‍ അത് കിട്ടാനുള്ള അവകാശം ദിലീപിനുണ്ടെന്ന് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്താണ് തനിക്ക് എതിരായ രേഖ എന്നതറിയാതെ എങ്ങനെ നിരപരാധിത്വം തെളിയിക്കാനാകും എന്ന് കോടതി ചോദിച്ചു. എന്നാല്‍ മെമ്മറി കാര്‍ഡ് നല്‍കുന്നതിനെ എതിര്‍ക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് ദൃശ്യങ്ങള്‍ നല്‍കിയാല്‍ അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാനിടയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. ആക്രമണത്തിനിരയായ നടിയുടെ സുരക്ഷിതത്വത്തെയും സ്വകാര്യതയെയും ഇത് ഗുരുതരമായി ബാധിക്കുന്നതാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.പ്രതിക്ക് മെമ്മറി കാര്‍ഡ് കൈമാറുന്നതിനെ നടിയും ശക്തമായി എതിര്‍ത്തു. മെമ്മറി കാര്‍ഡ് നല്‍കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ദൃശ്യങ്ങള്‍ പ്രതിയ്ക്ക് കൈമാറാതെ, രേഖകള്‍ പരിശോധിക്കാനുള്ള നടപടിക്രമങ്ങള്‍ വേണമെന്നതാണ് നടിയുടെ പ്രധാന ആവശ്യം. അത് തന്റെ സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കുന്നതുമാകരുതെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ;മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

keralanews marad flat demolition all party meeting called by cm today

കൊച്ചി:മരട് ഫ്ലാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുക.ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ‍ മുന്നോട്ട് പോകുന്നതിനിടിയില്‍ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. തീരദേശപരിപാലന നിയമം ലംഘിച്ച്‌ നിർമ്മിച്ച മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രിം കോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കുന്നത്. പ്രശ്നം എങ്ങിനെ തീര്‍ക്കുമെന്ന അനിശ്ചിതത്വത്തിനിടെയാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്.മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രിം കോടതിയെ ബോധ്യപ്പെടുത്തുക, ഫ്ലാറ്റുടമകളുടെ ഭാഗം കേള്‍ക്കുക, പൊളിച്ചേ തീരൂ എങ്കില്‍ പുനരധിവാസം ഉറപ്പാക്കി തുല്യമായ നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് വിഷയത്തിൽ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്നത്.നിയമപരമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യവും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണ അറിയിച്ച പശ്ചാത്തലത്തില്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എതെങ്കിലും തീരുമാനം സര്‍വ്വകക്ഷി യോഗത്തില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവം; മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നൽകരുതെന്ന് കാണിച്ച് നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

keralanews actress attack case the actress filed a petition in the supreme court stating that should not give the copy of memory card to dileep

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിസ്ഥാനത്തുള്ള ദിലീപിന് മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കരുതെന്ന് ആക്രമണത്തിന് ഇരയായ നടി. ഇത് സംബന്ധിച്ച്‌ നടി സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി.നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിലെ എല്ലാ രേഖകളും ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നായിരുന്നു ദിലീപിന്റെ വാദം. ഇതിന് എതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കുന്നത് തന്റെ സ്വകാര്യതക്ക് ഭീഷണിയുണ്ടാക്കുമെന്നാണ് നടി സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്.അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പം ചില സുപ്രധാന രേഖകളും നിര്‍ണായക തെളിവുകളും നടി സുപ്രീംകോടതിയില്‍ നല്‍കിയിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് ഈ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിക്ക് കൈമാറിയത്. ഈ രേഖകള്‍ ചൊവ്വാഴ്ച ജസ്റ്റിസുമാരായ എ.എന്‍.ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ക്ക് സമര്‍പ്പിക്കും.

മരടിലെ ഫ്ലാറ്റ് പൊളിക്കൽ;ഒഴിഞ്ഞു പോകുന്നതിനുള്ള സമയപരിധി അവസാനിച്ചു; ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍

keralanews marad flat demolishing deadline to vacate the flats is over flat manufacturers say they wont take responsibility

കൊച്ചി: അനധികൃതമായിനിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകുന്നതിനായി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഗരസഭ നല്‍കിയ നോട്ടീസിലെ സമയപരിധി ഞായറാഴ്ച അവസാനിച്ചു. തീരദേശപരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഈമാസം ഇരുപതിനകം പൊളിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ അഞ്ചുദിവസത്തിനുള്ളില്‍ ഫ്‌ളാറ്റ് ഒഴിയാന്‍ നഗരസഭ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. എന്നാല്‍, ഒഴിയില്ലെന്ന നിലപാടിലുറച്ച്‌ നില്‍ക്കുകയാണ് താമസക്കാര്‍. ഫ്‌ളാറ്റുകള്‍ വിറ്റത് നിയമാനുസൃതമായാണെന്നും തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്നും ഫ്‌ളാറ്റ് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തതോടെ ഫ്‌ളാറ്റുടമകള്‍ വലഞ്ഞിരിക്കുകയാണ്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ നിര്‍മ്മാതാക്കള്‍ മരട് നഗരസഭാ സെക്രട്ടറിക്ക് ഉത്തരവാദിത്വമില്ലെന്ന് കാണിച്ച്‌ കത്ത് നല്‍കി.പദ്ധതിയുമായി ബന്ധമില്ല. നിലവിലെ ഉടമസ്ഥരാണ് കരമടയ്ക്കുന്നത്. അതിനാല്‍ ഉടമസ്ഥാവകാശവും അവര്‍ക്കാണ്. നഗരസഭ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഒഴിഞ്ഞ് പോകില്ലെന്നുമാണ് അതേസമയം ഉടമകളുടെ നിലപാട്.ഒഴിപ്പിക്കല്‍ നടപടിയുമായി അധികൃതര്‍ മുന്നോട്ട് പോയാല്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ഫ്ലാറ്റുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും ഫ്ലാറ്റുടമകള്‍ പറഞ്ഞു.ഫ്ലാറ്റുകള്‍ പൊളിക്കാന്‍ താല്‍പര്യമറിയിച്ചുകൊണ്ട് കമ്പനികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ട തീയതി ഇന്നവസാനിക്കും. ഇതുവരെ എട്ട് കമ്പനികള്‍ നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കി. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. പ്രൊഫ. ദേവദാസ് മേനോന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം ഫ്ലാറ്റുകളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ്‌ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

keralanews woman died after hoarding falls on her in chennai

ചെന്നൈ:അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ്‌ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് യുവതിയുടെ തലയിൽ വീഴുകയും ഇതോടെ താഴെവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നിൽ നിന്നും വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയുമായിരുന്നു. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എൻജിനീയറായ ശുഭ ശ്രീ ആണ് മരിച്ചത്.പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ മേല്‍ പടുകൂറ്റന്‍ ഫ്ലക്സ് വന്നു വീഴുകയായിരുന്നു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് ഉപ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ ഉള്‍പ്പെടെയുള്ളവരെ സ്വാഗതം ചെയ്യാന്‍വച്ച ഫ്ലകസ് ബോര്‍ഡാണ് തകര്‍ന്നു വീണത്.ഫ്ളക്സ് ബോർഡ് ദേഹത്ത് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.പോലീസിനോടും കോര്‍പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.കൂടാതെ യുവതിയുടെ ശരീരത്തിലേക്ക് കയറിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.