തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായി. നാളെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാവും.കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ചേര്‍ന്നു നടത്തിയ കൂടിയാലോചനയിലാണ് സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ധാരണയായത്. വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറുപ്പു തന്നെയാവും സ്ഥാനാര്‍ഥി. എറണാകുളത്ത് ടിജെ വിനോദും കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചനകള്‍. അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റെ പേരിനാണ് മുന്‍തൂക്കമെങ്കിലും ഗ്രൂപ്പ് സമവാക്യം കൂടി നോക്കിയാവും തീരുമാനം.വട്ടിയൂര്‍ക്കാവും അരൂരും തമ്മില്‍ ഗ്രൂപ്പുകള്‍ തമ്മില്‍ വച്ചുമാറുകയെന്ന നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും ഇക്കാര്യത്തില്‍ ധാരണയായില്ല. അരൂരില്‍ ഷാനിമോള്‍ ഉസ്മാന് വിജയ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ വട്ടിയൂര്‍ക്കാവ് ഐ ഗ്രൂപ്പ് നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ പീതാംബരക്കുറുപ്പിലേക്ക് എത്തുകയായിരുന്നു. എറണാകുളത്ത് ടിജെ വിനോദ് സ്ഥാനാര്‍ഥിയാവും എന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. കെവി തോമസ് ആണ് മണ്ഡലത്തില്‍ അവകാശവാദം ഉന്നയിച്ച് രംഗത്തുള്ള പ്രമുഖന്‍. എന്നാല്‍ ജില്ലയിലെും സംസ്ഥാനത്തെയും നേതാക്കള്‍ വിനോദിനൊപ്പമാണ്. ഹൈക്കമാന്‍ഡില്‍നിന്ന് ഇടപെടല്‍ ഉണ്ടായാലേ ഇതില്‍ മാറ്റമുണ്ടാവൂ. കെവി തോമസ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതോടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തില്‍ അവകാശവാദം ഉന്നയിച്ചല്ല സോണിയയെ കണ്ടതെന്ന് കെവി തോമസ് പ്രതികരിച്ചു.കോന്നിയില്‍ അടൂര്‍ പ്രകാശ് നിര്‍ദേശിച്ച റോബിന്‍ പീറ്ററില്‍ തന്നെയാണ് സംസ്ഥാനത്തെ നേതാക്കള്‍ എത്തിനില്‍ക്കുന്നത്. എന്നാല്‍ സാമുദായിക പ്രാതിനിധ്യം എന്ന കടമ്പ റോബിനു മുന്നിലുണ്ട്. അടൂര്‍ പ്രകാശ് എംപിയായതോടെ കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍ ഈഴവ വിഭാഗത്തിനു പ്രാതിനിധ്യം ഇല്ലാതായി. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുകൂടി പരിഗണിച്ചാവും കോന്നിയിലെയും അരൂരിലെയും സ്ഥാനാര്‍ഥികളെ അന്തിമമായി പ്രഖ്യാപിക്കുക.
പൊതുമേഖലാ ബാങ്കുകൾ ഈ മാസം 26,27 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു
ന്യൂഡൽഹി:പൊതുമേഖലാ ബാങ്കുകൾ ഈ മാസം 26,27 തീയതികളിൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു.പത്ത് പൊതുമേഖലാബാങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ഓഫീസര്‍മാരുടെ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യ സെക്രട്ടറി രാജീവ് കുമാറിന്റെ ഉറപ്പുലഭിച്ച പശ്ചാത്തലത്തിലാണ് പണിമുടക്ക് മാറ്റിവെച്ചതെന്ന് യൂണിയനുകളുടെ സംയുക്തപ്രസ്താവനയില്‍ അറിയിച്ചു.മെഗാ ബാങ്ക് ലയന പ്രഖ്യാപനം ഉള്‍പ്പെടെയുള്ള ആശങ്കകള്‍ പരിശോധിക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചതായി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി.), ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എ.ഐ.ബി.ഒ.എ.), ഇന്ത്യന്‍ നാഷണല്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഗ്രസ് (ഐ.എന്‍.ബി.ഒ.സി.), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് ഓഫീസേഴ്‌സ് (എന്‍.ഒ.ബി.ഒ.) എന്നീ സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
പാലാരിവട്ടം പാലം അഴിമതി;ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍
കൊച്ചി:പാലാരിവട്ടം പാലം അഴിമതി;ഉന്നത രാഷ്ട്രീയനേതാക്കള്‍ക്കും പങ്കെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍.കരാറുകാരൻ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കൾ ആരെല്ലാമെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവർത്തകരുടെ പേര് വെളിപ്പെടുത്താൻ സുമിത് ഗോയൽ ഭയക്കുന്നുവെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് ഇക്കാര്യങ്ങളറിയിച്ചത്.കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നുണ്ട്. സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. സുമിത് ഗോയലിന് ജാമ്യം നല്‍കിയാല്‍ രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം പണമിടപാട് സംബന്ധിച്ച എല്ലാ രേഖകളിലും ഇബ്രാഹിം കുഞ്ഞ് ഇടപെട്ടിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജും ഇബ്രാഹിംകുഞ്ഞിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണെന്നാണ് ടി.ഒ സൂരജ് പറഞ്ഞത്.
പാലാ ഉപതിരഞ്ഞെടുപ്പ്;വോട്ടെടുപ്പ് പുരോഗമിക്കുന്നു;പോളിങ് ശതമാനം 50 കടന്നു
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു.ഏഴുമണിക്കൂര്‍ പിന്നിടുമ്പോൾ 51.13 ശതമാനം പേര്‍ വോട്ട് ചെയ്‌തു. ഭേദപ്പെട്ട പോളിങ്ങാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തുന്നത്. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്.176 പോളിങ് ബൂത്തുകളിലായി 1,79,107 വോട്ടര്‍മാര്‍മാരാണുള്ളത്. 87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതകളും. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ‌് മെഷീന്‍ ഉപയോഗിക്കുന്നുണ്ട‌്.അഞ്ച് പ്രശ്ന ബാധിത ബൂത്തുകളിലെ മുഴുവന്‍ നടപടികളുടെയും വീഡിയോ ചിത്രീകരിക്കും. സുരക്ഷയ്ക്കായി കേന്ദ്ര സേനയടക്കം 700 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുമുണ്ട്.1965 മുതല്‍ 13 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാലായെ പ്രതിനിധീരിച്ച കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. പാലാ നഗരസഭയിലെ കാണാട്ടുപാറയിലെ 119 ആം നമ്പർ ബൂത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ വോട്ടു ചെയ്തത്. രാവിലെ 7 മണിക്ക് തന്നെ കുടുംബത്തോടൊപ്പം എത്തി മാണി സി കാപ്പന്‍ വോട്ടു ചെയ്തു മടങ്ങി.ഒന്നാമനായി വോട്ട് ചെയ്ത് തെരഞ്ഞെടുപ്പില്‍ ഒന്നാമനാകുമെന്ന് വോട്ടു ചെയ്ത ശേഷം അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ഉപതിരഞ്ഞെടുപ്പില്‍ നൂറു ശതമാനം വിജയപ്രതീക്ഷയുണ്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചു. കൂവത്തോട് ഗവ. എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.കെ.എം.മാണിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ജോസ് ടോം വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്.
പാലാ ഉപതിരഞ്ഞെടുപ്പ് ഇന്ന്;ആദ്യ രണ്ടുമണിക്കൂറിൽ 13 ശതമാനം പോളിംഗ്
പാലാ:കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലായിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു.വോട്ടെടുപ്പിന്റെ ആദ്യ രണ്ടുമണിക്കൂർ പിന്നിടുമ്പോൾ 13 ശതമാനം വോട്ട് രേഖപ്പെടുത്തി.യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരി എന്നിവരടക്കം 13 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും.87,729 പുരുഷ വോട്ടര്‍മാരും 91,378 വനിതാ വോട്ടര്‍മാരുമാണ് പാലാ മണ്ഡലത്തിലുള്ളത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേല്‍ മീനച്ചില്‍ പഞ്ചായത്തിലെ കൂവത്തോട് ഗവ.എല്‍.പി. സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. പാലായില്‍ നൂറുശതമാനം വിജയം ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.പാലായില്‍ ഇത്തവണ ഒന്നാമനാകുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്‍. 101 ശതമാനം വിജയം ഉറപ്പുണ്ട് . 78 ശതമാനത്തിനുമേല്‍ പോളിങ്ങുണ്ടാകുമെന്നും അത് അനുകൂലമാകുമെന്നും മാണി സി.കാപ്പന്‍ പറഞ്ഞു.പാലാ ഗവ. പോളിടെക്നിക്കിലെ ബൂത്തില്‍ കുടുംബത്തോടൊപ്പമെത്തിയാണ് മാണി.സി.കാപ്പൻ വോട്ട് രേഖപ്പെടുത്തിയത്.ഉപതിരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയും പ്രതികരിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി രൂപം കൊണ്ടിരിക്കുന്നത് മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍; ഒക്ടോബറിലും കേരളത്തില്‍ മഴ തുടരുമെന്ന് സൂചന;അണക്കെട്ടുകളില്‍ പലതും 70 ശതമാനവും നിറഞ്ഞിരിക്കുന്നതിനാല്‍ മഴ തുടര്‍ന്നാല്‍ സംസ്ഥാനം കൈക്കൊള്ളേണ്ടത് അതിജാഗ്രത
തിരുവനന്തപുരം:മണ്‍സൂണ്‍ അന്ത്യപാദത്തോട് എടുക്കുമ്പോഴും കേരളത്തില്‍ മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.അതിനിടെ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലുമായി മൂന്നോളം ന്യൂനമര്‍ദങ്ങള്‍ക്ക് കളമൊരുങ്ങിയതായി റിപ്പോര്‍ട്ട് പുറത്തുവന്നു. ഒന്നിനു പിറകെ ഒന്നായാണ് മൂന്നു ന്യൂനമര്‍ദങ്ങള്‍ സജീവമാകുന്നത്.ആദ്യ ന്യൂനമര്‍ദം ഇതിനകം തന്നെ ദക്ഷിണേന്ത്യയില്‍ സജീവമായിട്ടുണ്ട്. ഇതില്‍ രണ്ട് മഴ പ്രേരക ചുഴികളുമുള്ളതായി കാലാവസ്ഥ വിദഗ്ധര്‍ സൂചിപ്പിച്ചു. രണ്ടാമത്തെ ന്യൂനമര്‍ദം ഇന്ന് അറബിക്കടലില്‍ കൊങ്കണ്‍ തീരത്തായി രൂപപ്പെട്ട് വടക്കോട്ടു നീങ്ങും.24 നാണ് മൂന്നാമത്തെ ന്യൂനമര്‍ദം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുക. ഇത് കേരളത്തിലും ഭേദപ്പെട്ട മഴയ്ക്കു കാരണമാകും. ഒരേ കാലത്ത് മൂന്നു ന്യൂനമര്‍ദങ്ങള്‍ രൂപംകൊള്ളുന്നത് അപൂര്‍വമാണെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.ഇതോടെ അടുത്തമാസവും കനത്ത മഴ തുടരുമെന്നാണ് സൂചന.ഇപ്പോള്‍ തന്നെ 70 ശതമാനത്തോളം നിറഞ്ഞു കിടക്കുന്ന അണക്കെട്ടുകളിന്മേല്‍ ജാഗ്രതയും നിരീക്ഷണവും വേണ്ടിവരും. സെപ്റ്റംബര്‍ പകുതിയോടെയാണ് ഉത്തരേന്ത്യയില്‍ നിന്നു മഴയുടെ വിടവാങ്ങല്‍ ആരംഭിക്കേണ്ടത്. എന്നാല്‍ ഇക്കുറി മഴ പിന്മാറാന്‍ മടിക്കുന്നു. പാക്കിസ്ഥാനിലെ കനത്ത ചൂടാണ് ഇതിനു കാരണമായി കണക്കാക്കപ്പെടുന്നത്.കേരളത്തില്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് കാലവര്‍ഷം 14 ശതമാനം അധികമാണ്. രാജ്യവ്യാപകമായി 4 ശതമാനം അധികമഴയുണ്ട്.അതേസമയം മണ്‍സൂണ്‍ തകര്‍ത്ത് പെയ്യുമ്പോൾ അറബിക്കടലില്‍ അളവില്‍ കവിഞ്ഞ ചൂട് നിലനില്‍ക്കുകയാണ്. ലോകത്തില്‍ തന്നെ അതിവേഗത്തില്‍ ചൂട് കൂടുന്ന സമുദ്രമാണ് അറബിക്കടല്‍.എന്നാല്‍ ഇതിന് പിന്നിലുള്ള ശാസ്ത്രീയ വശം തേടി ഗവേഷകര്‍ തലപുകയ്ക്കുകയാണ്.പൊതുവേ മണ്‍സൂണിന്റെ തുടക്കത്തില്‍ അറബിക്കടല്‍ ചൂടായിരിക്കും. ഇത് കാരണമാണ് മണ്‍സൂണിനൊപ്പം ന്യൂനമര്‍ദ്ദങ്ങളും ഉണ്ടാകുന്നത്. പിന്നീട് മഴയോടെ കടല്‍ തണുക്കും. നിലവില്‍ ഇതിന് വിപരീതമായ സാഹചര്യമാണ് അറബിക്കടലിലുള്ളത്.അറബിക്കടലിലെ താപനം പ്രളയത്തിന്റെ സ്ഥിരീകരിക്കാത്ത കാരണങ്ങളില്‍ ഒന്നാകാം.
ഗതാഗത നിയമലംഘനത്തിന് ഉയർന്ന പിഴ; വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം:ഗതാഗത നിയമലംഘനത്തിന് കേന്ദ്രസർക്കാർ നിശ്ചയിച്ച ഉയർന്ന പിഴ ഈടാക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്.ഗതാഗത, നിയമ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ പത്തിരട്ടിയോളമാണ് കേന്ദ്രം വര്‍ധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കിയിരുന്നില്ല.എന്നാല്‍, കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. പരമാവധി ഇത്ര തുക വരെ എന്നു നിര്‍ദ്ദേശിക്കുന്ന 11 വകുപ്പുകള്‍ക്ക് പിഴ തുക കുറയ്ക്കാന്‍ തടസ്സമില്ലെന്ന് നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റ് സീറ്റ് ബല്‍റ്റ് ഇല്ലാത്തതിനുള്ള 1000 രൂപ കുറയ്ക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല.അതേസമയം, കേന്ദ്ര ഭേദഗതി വന്നതിനു പിന്നാലെ പിഴ 50 % കുറച്ച് മണിപ്പൂര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഇതിന്റെ നിയമവശം പഠിച്ചു നടപ്പാക്കാനാണ് കേരളം ശ്രമിക്കുന്നത്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചർച്ച ചെയ്യും.ഇതിനിടെ, പിഴ കുറയ്ക്കാന്‍ സംസ്ഥാനത്തിന് അധികാരമുണ്ടെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കിയെങ്കിലും ഇതുവരെ ഉത്തരവിറക്കിയല്ല. ഇക്കാര്യത്തില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
മരട് ഫ്ലാറ്റ് വിവാദം;വിധി നടപ്പാക്കുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ;ബന്ധപ്പെട്ട റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി:മരട് കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്.കൊച്ചി: മരട് കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ തയ്യാറാണെന്ന് സര്‍ക്കാരിന്‍റെ സത്യവാങ്മൂലം. കോടതി വിധി സര്‍ക്കാര്‍ നടപ്പാക്കും. കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി കൈക്കൊണ്ട നടപടികളും സത്യവാങ്മൂലത്തിൽ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ എന്തെങ്കിലും പോരായ്മ ഉണ്ടായാൽ മാപ്പ് തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ചീഫ് സെക്രട്ടറി കോടതിയിൽ മുന്നോട്ട് വച്ചിട്ടുണ്ട്.കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത നടപടികൾ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. ഫ്ലാറ്റുടമകൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി, പൊളിച്ച് മാറ്റാൻ ടെൻഡര്‍ നൽകി. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്.ചുരുങ്ങിയ സമയ പരിധിക്ക് അകത്ത് 343 ഫ്ളാറ്റുകൾ ഉള്ള അപ്പാർട്ടുമെന്‍റുകൾ പൊളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, വലിയ സാങ്കേതിക സംവിധാനങ്ങൾ ഫ്ളാറ്റുകൾ പൊളിക്കാൻ ആവശ്യമാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ മദ്രാസ് ഐ ഐ ടിയുടെ വിദഗ്ദ ഉപദേശം കിട്ടിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
പാലാ ഉപതിരഞ്ഞെടുപ്പ്;പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
പാലാ:പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.പ്രചാരണം അവസാനിപ്പിക്കേണ്ട തീയതി നാളെയാണെങ്കിലും നാളെ ശ്രീനാരായണഗുരു സമാധി ദിനമായതിനാലാണു ഒരു ദിവസം മുൻപേ പ്രചാരണം അവസാനിപ്പിക്കുന്നത്.യു.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിന്റെ പര്യടനത്തിന്റെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു മൂന്നിനു കുരിശുപള്ളി കവലയില്‍ ആരംഭിക്കും.യു.ഡി.എഫിന്റെ സമുന്നത നേതാക്കള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കുമെന്നു ജില്ലാ ചെയര്‍മാന്‍ സണ്ണി തെക്കേടം പറഞ്ഞു. മണ്ഡലത്തിലെ മേധാവിത്വം പ്രകടിപ്പിക്കുന്നവിധമുള്ള കൊട്ടിക്കലാശമാണു യു.ഡി.എഫ്. പ്ലാൻ ചെയ്യുന്നത്. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള കൊട്ടിക്കലാശവും ഇന്നു നടക്കും.മാണി സി.കാപ്പന്റെ പ്രചരണ സമാപനാര്‍ഥം രാവിലെ പാലാ നഗരത്തില്‍ പ്രവര്‍ത്തകരുടെ റോഡ് ഷോയുണ്ടാകും.വൈകിട്ട് നാലുമണിക്ക് മുഖ്യമന്ത്രി പങ്കെടുക്കുന്ന പുഴക്കര മൈതാനത്തെ പരിപാടിയോടെ ഔദ്യോഗിക പ്രചാരണം അവസാനിപ്പിക്കാനാണു എല്‍.ഡി.എഫ്. തീരുമാനം. എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം ഉച്ചകഴിഞ്ഞു 2.30ന് ആരംഭിക്കും.കടപ്പാട്ടൂര്‍ ജങ്ഷനില്‍ നിന്ന് ആരംഭിച്ചു ബൈപാസ് റോഡ് വഴി താലൂക്ക് ആശുപത്രിയ്ക്കു സമീപം അവസാനിക്കും. എന്‍.ഡി.എയിലെ സമുന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുമെന്നു നേതാക്കള്‍ പറഞ്ഞു.23നാണ് വോട്ടെടുപ്പ്. 27ന് വോട്ടെണ്ണലും നടക്കും.
സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ്;ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാർ ചേർന്ന് എടുത്ത ടിക്കറ്റിന്
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറ് ജീവനക്കാർ ചേർന്ന് എടുത്ത ടിക്കറ്റിന്.ഇന്നലെ വൈകിട്ട് എടുത്ത രണ്ടു ഭാഗ്യക്കുറിയിലെ ഒരെണ്ണമാണ് ഇവർക്ക് ഭാഗ്യം നേടിക്കൊടുത്തത്.റോണി, സുബിന്‍, രാജീവന്‍, വിവേക്, രാജീവ്, റേഞ്ചിന്‍ എന്നിവര്‍ക്കാണ് സമ്മാനം. കോട്ടയം, വൈക്കം, തൃശൂര്‍ അന്നമനട,ചവറ, ശാസ്‌താംകോട്ട എന്നീ സ്വദേശികളാണ് ഇവര്‍. ടിഎം 160869 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. ആലപ്പുഴയിലെ കായംകുളം സ്വദേശി ശിവന്‍കുട്ടിയുടെ ശ്രീമുരുക ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാംസമ്മാനം. ശ്രീമുരുക ഏജന്‍സിയുടെ കരുനാഗപ്പള്ളി ഓഫീസില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്.ആദായനികുതിയും ഏജന്റുമാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടിയാണ് ഭാഗ്യവാന്മാരുടെ കൈയ്യിലെത്താന്‍ പോകുന്നതെന്നാണ് വിവരം. രണ്ടാം സമ്മാനമായ അഞ്ച് കോടി രൂപ ടിഎം 514401 എന്ന ടിക്കറ്റിനാണ്.മാരുടെ കമ്മിഷനും കഴിഞ്ഞ് 7.56 കോടി രൂപ ഇവര്‍ക്ക് ലഭിക്കും.