ന്യൂഡൽഹി:മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്‍റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായർ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു.ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു.
പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും
മുംബൈ:പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും.ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പർ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ നമ്പർ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും.എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ആധാര്‍ നമ്പർ നല്‍കിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍പ്രകാരം പാന്‍ നമ്പർ നല്‍കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നവരാണെങ്കില്‍ മിക്കവാറും പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് www.incometaxindiaefiling.gov.in എന്ന പോര്‍ട്ടലിലൂടെ ഇതുചെയ്യാനാകും. ഇതിലുള്ള ‘ക്വിക് ലിങ്ക്‌സി’ല്‍ ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ലഭിക്കും.
പാലായിൽ എൽഡിഎഫിന് ചരിത്ര വിജയം; ഭൂരിപക്ഷം 2943
പാലാ:പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി എൽഡിഎഫ്. 54 വര്‍ഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പന്‍ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോള്‍ മാണി സി കാപ്പന്‍ 54,137 വോട്ട് ലഭിച്ചു. എന്‍.ഡി എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരത്രത്തില്‍ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. പത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നിട്ടുനിന്നപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സര്‍വേകളില്‍ മുന്‍തൂക്കം. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്‍ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചില്‍, കൊഴുവനേല്‍ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പന്‍ തന്നെയായിരുന്നു മുന്നില്‍. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എന്‍.സി.പി നേതാവാണു മാണി സി.കാപ്പന്‍.
ഇനി എണ്ണാന്‍ എട്ട് ബൂത്തുകള്‍ മാത്രം;പാലായിൽ വിജയമുറപ്പിച്ച് മാണി.സി.കാപ്പൻ
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയമുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ. 169ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 2247വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്.177 ബൂത്തുകളാണ് ആകെയുള്ളത്.എണ്ണാന്‍ ഇനി എട്ട് ബൂത്തുകള്‍ മാത്രം. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ രാമപുരം,കടനാട് മേലുകാവ്, മൂന്നിലാവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. അതേ സമയം മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും യുഡിഎഫാണ് ലീഡ് നേടിയത്. മീനച്ചില്‍, കൊഴുവനാല്‍,ഏലിക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്. പോസ്റ്റല്‍ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്തനായിട്ടില്ല. തുടക്കം മുതല്‍ നേരിയ ലീഡിന് മുന്നേറിയ മാണി സി.കാപ്പന്‍ ഓരോ ഘട്ടം കഴിയുന്തോറും ലീഡ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്.രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
പാലായിൽ എൽഡിഎഫ് മുന്നേറ്റം തുടരുന്നു;മാണി സി കാപ്പന്റെ ലീഡ് 3000 കടന്നു;വോട്ട് കച്ചവടം നടന്നതായി ജോസ് ടോം
പാലാ:പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽഡിഎഫ് മുന്നേറ്റം തുടരുന്നു.3000 ത്തോളം വോട്ടുകൾക്കാണ് മാണി.സി.കാപ്പൻ നിലവിൽ മുന്നിട്ടു നിൽക്കുന്നത്. രാമപുരം പഞ്ചായത്തിലെയും കടനാട് പഞ്ചായത്തിലെയും വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.അതേസമയം പാലായിൽ വോട്ട് കച്ചവടം നടന്നതായി യുഡിഎഫ് സ്ഥാനാർഥി ടോം ജോസ് ആരോപിച്ചു.ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം പറഞ്ഞു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു.
പാലാ ഉപതിരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യ റൗണ്ടിൽ എൽഡിഎഫിന് മുന്നേറ്റം
കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ആദ്യ ലീഡ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന്. 162 വോട്ടുകള്‍ക്കാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. രാമപുരം പഞ്ചായത്തിലെ ആദ്യ 15 ബൂത്തുകളിലെ വോട്ടുകള്‍ എണ്ണിയപ്പോഴാണ് മാണി സി.കാപ്പന്‍ മുന്നില്‍ നില്‍ക്കുന്നത്.തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമായിരുന്നു.പതിനഞ്ച് ബൂത്തുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍, 4,263 വോട്ടുകളാണ് മാണി സി കാപ്പന്‍ നേടിരിക്കുന്നത്. 4,101 വോട്ടുകളാണ് ജോസ് ടോം പുലികുന്നേല്‍ നേടിയത്. എന്‍ഡിഎയുടെ എന്‍ ഹരിക്ക് 1929വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.യുഡിഎഫിന്റെ കോട്ടയായ രാമപുരത്ത് മാണി സി കാപ്പന്‍ ലീഡ് നേടിയത് കേരള കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് വ്യക്തമായ ലീഡ് ലഭിച്ചിരുന്ന പഞ്ചായത്തായിരുന്നു രാമപുരം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 180വോട്ടുകളാണ് കെഎം മാണി ഇവിടെ നേടിയത്.എട്ടുമണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും.
കണ്ണൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സിയും സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍
കണ്ണൂർ:കണ്ണൂര്‍ വിമാനത്താവളം വഴി വിദേശ കറന്‍സിയും സ്വര്‍ണ്ണവും കടത്താന്‍ ശ്രമിച്ച രണ്ട് പേര്‍ പിടിയില്‍.ദോഹയില്‍ നിന്നും എത്തിയ വടകര സ്വദേശിനി ഷരീഫയിൽ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്. ഷരീഫയില്‍ നിന്ന് 233 ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്. രണ്ട് സ്വര്‍ണ്ണ ചെയിനാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.ദോഹയില്‍ നിന്ന് പുലര്‍ച്ചെ 5.40ന് എത്തിയ ഇന്‍ഡിഗോ വിമാനയാത്രക്കാരിയായിരുന്നു ഷരീഫ.സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി.കമ്മീഷണര്‍ ഒ.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് രണ്ട് ചെയിന്‍ കണ്ടെടുത്തത്.മലപ്പുറം അരീക്കോട് സ്വദേശി ഷിഹാബുദ്ദീന്റെ പക്കല്‍ നിന്നും വിദേശത്തേക്ക് കടത്താൻ ശ്രമിച്ച നാലര ലക്ഷത്തോളം രൂപ മൂല്യമുള്ള യുഎസ് ഡോളറാണ് പിടികൂടിയത്.കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഒ പ്രദീപിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍ നടന്നത്. കഴിഞ്ഞ മാസം ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലരക്കോടി രൂപയുടെ സ്വര്‍ണം യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു.കസ്റ്റംസ് സൂപ്രണ്ടുമാരായ പി.വി.സന്തോഷ് കുമാര്‍, ജ്യോതി ലക്ഷ്മി, ഇന്‍സ്‌പെക്ടര്‍മാരായ സോനിദ് കുമാര്‍, അശോക് കുമാര്‍, യൂഗല്‍ കുമാര്‍, ജോയ് സെബാസ്റ്റ്യന്‍, സന്ദീപ് കുമാര്‍, ഹവില്‍ദാര്‍മാരായ പാര്‍വതി, മുകേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.
മരട് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി,ജലവിതരണം നിർത്തലാക്കി;പ്രതിഷേധം ശക്തമാക്കി താമസക്കാര്‍
കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി പൊളിച്ചു നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി വിതരണവും,ജല വിതരണവും വിച്ഛേദിച്ചു.ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ കനത്ത പൊലീസ് സുരക്ഷയില്‍ കെ.എസ്.ഇ.ബി ജീവനക്കാരാണ് വൈദ്യുതി വിച്ഛേദിച്ചത്.രാവിലെ ഒൻപത് മണിയോടെയാണ് ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണം നിര്‍ത്തിവെച്ചത്. സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുന്നതിനായി ഫ്ളാറ്റുകളില്‍ നിന്നും താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കുന്നതിനായി ആദ്യഘട്ടമെന്ന നിലയിലാണിത്. കുണ്ടന്നൂരിലെ എച്ച്.ടു.ഒ, നെട്ടൂരിലെ ജെയിന്‍ കോറല്‍കേവ്, ആല്‍ഫാ വെഞ്ച്വേഴ്സ്, കണ്ണാടിക്കാട് ഗോള്‍ഡന്‍ കായലോരം എന്നീ നാല് ഫ്ളാറ്റുകളിലെ വൈദ്യുതി,ജലവിതരണമാണ് വിച്ഛേദിച്ചത്.സംഭവം അറിഞ്ഞ താമസക്കാര്‍ ഫ്ലാറ്റുകള്‍ക്ക് മുൻപിൽ പ്രതിഷേധിക്കുകയാണ്. വെള്ളവും വെളിച്ചവും പാചകവാതകവും നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും പ്രായമുള്ളവരെയും കുട്ടികളെയും പോലും പരിഗണിച്ചില്ലെന്നും ഇവർ ആരോപിച്ചു.റാന്തല്‍വെളിച്ചത്തില്‍ സമരം തുടരുമെന്നും ഫ്ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു.സെപ്റ്റംബര്‍ 27നകം ഫ്ലാറ്റുകളിലെ വൈദ്യുതബന്ധം വിച്ഛേദിക്കണമെന്ന് ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബിക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു.കുടിവെള്ളം വെള്ളിയാഴ്ച വിച്ഛേദിക്കും. രണ്ടു ദിവസത്തിനകം പാചകവാതക വിതരണം അവസാനിപ്പിക്കുന്നതിന് എണ്ണക്കമ്പനികൾക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരമാവധി മൂന്നു മാസത്തിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശ്യം. ഒക്ടോബര്‍ മൂന്നിനകം പൊലീസ്, ജില്ല അധികൃതര്‍, ജല-വൈദ്യുതി വകുപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് ഒഴിപ്പിക്കല്‍ പദ്ധതി തയാറാക്കും.ഒന്നിനും മൂന്നിനുമിടയില്‍ ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കും 750 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളിലെ താമസക്കാര്‍ക്കും നോട്ടീസ് നല്‍കും. 11ന് ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാൻ ആരംഭിക്കും.ഡിസംബര്‍ നാലിനകം പൊളിക്കല്‍ പൂര്‍ത്തിയാക്കും. അവശിഷ്ടങ്ങള്‍ ഡിസംബര്‍ നാലിനും 19നും ഇടയില്‍ നീക്കും.അതേസമയം ഫ്ലാറ്റുടമകളുടെ പരാതിയിൽ ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. വഞ്ചനാ കുറ്റത്തിനാണ് കേസ്. ഫ്ലാറ്റ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിക്കുന്ന അടക്കമുള്ള നടപടികളുമായി മുന്നോട്ടു നീങ്ങാനാണ് പൊലീസ് തീരുമാനം.
ഉപതിരഞ്ഞെടുപ്പ്;മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥി
കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായസി.എച്ച് കുഞ്ഞമ്പു എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകും. സി.പിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ കുഞ്ഞമ്പുവിന്റെ പേരു മാത്രമാണ് പാര്‍ട്ടി നേതൃത്വം അവതരിപ്പിച്ചത്.2006 തെരഞ്ഞെടുപ്പില്‍ മുസ് ലിം ലീഗിലെചെര്‍ക്കളം അബ്ദുല്ലയെ തോല്‍പിച്ച് കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്.മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.2006 ലെ വിജയത്തിനുശേഷം 2011 ലും 2016ലും തെരഞ്ഞെടുപ്പുകളില്‍ പി.ബി അബ്ദുറസാഖിനോട് പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ ഇപ്പോഴും സി.പി.എമ്മിന് പൊതുസമ്മതനായ ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ സി.എച്ച് കുഞ്ഞമ്പുവിലൂടെ മാത്രമേ കഴിയുകയുള്ളൂവെന്നാണ് സി.പി.എം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടേറിയറ്റില്‍ സി.എച്ച് കുഞ്ഞമ്ബുവിന്റെ പേരുമാത്രമാണ് പരിഗണിച്ചത്. മുസ്ലിംലീഗില്‍ നിന്നും ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ തന്നെയാകും സ്ഥാനാര്‍ഥിയെന്നാണ് വിവരം. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്തുമായിരിക്കും അങ്കത്തട്ടില്‍.
മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് ശക്തമാക്കി സർക്കാർ;നാല് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും
കൊച്ചി:മരട് ഫ്ലാറ്റ് വിഷയത്തിൽ നിലപാട് ശക്തമാക്കി സർക്കാർ.നാല് ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും മൂന്ന് ദിവസത്തിനകം വിച്ഛേദിക്കും.ഇക്കാര്യം ആവശ്യപ്പെട്ട് നഗരസഭ കെ.എസ്.ഇ.ബിക്കും വാട്ടര്‍ അതോറിറ്റിക്കും കത്ത് നല്‍കി.തദ്ദേശ സ്വയം ഭരണവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നഗരസഭ കെ.എസ്.ഇ.ബിക്കും ജല അതോറിറ്റിക്കും കത്ത് നല്‍കിയത്. മൂന്ന് ദിവസത്തിനുള്ളില്‍ ഫ്ലാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും വിച്ഛേദിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇവിടേക്കുള്ള പാചകവാതക വിതരണം നിര്‍ത്തിവെക്കാന്‍ വിതരണക്കമ്പനികളോടും ആവശ്യപ്പെടും.അതേ സമയം ഫ്ളാറ്റുകള്‍ ഒഴിപ്പിക്കുന്നതും പൊളിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും മുനിസിപ്പല്‍ സെക്രട്ടറിയെ മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ സ്നേഹില്‍ കുമാര്‍ സിംഗ് ഐഎഎസി ന് മുനിസിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കിക്കൊണ്ട് ചൊവ്വാഴ്ച വൈകീട്ടോടെ ജോയിന്റ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടി വെച്ച് ഒഴിഞ്ഞ് മാറാന്‍ മരട് നഗരസഭാ ശ്രമിച്ചു കൊണ്ട് ഇരിക്കവെ ആണ് സര്‍ക്കാരിന്റെ നടപടി.മരട് ഫ്ലാറ്റ് പൊളിക്കലിലെ കോടതി ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി സുപ്രിം കോടതി ശകാരിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് കടന്നത്.