കോഴിക്കോട്: തനിക്ക് പെണ്‍കുട്ടികളോട് വെറുപ്പായിരുന്നുവെന്നും ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ സഹോദരി റെഞ്ചിയുടെ മകളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ വെളിപ്പെടുത്തല്‍.ചോദ്യം ചെയ്യലിനിടെയാണ് പെൺകുട്ടികളോട് തനിക്ക് വെറുപ്പായിരുന്നുവെന്ന് ജോളി മൊഴി നല്‍കിയത്.പെണ്‍കുട്ടികളോട് വെറുപ്പ് പുലര്‍ത്തിയിരുന്നപ്രത്യേക മാനസികാവസ്ഥയായിരുന്നു ജോളിയ്ക്കുണ്ടായിരുന്നത്. റെഞ്ചിയുടെ മകളുടെ വായില്‍ നിന്ന് നുരയും പതയും വന്ന സാഹചര്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.അതേസമയം ജോളി രണ്ടിലേറെ തവണ ഗര്‍ഭഛിദ്രം നടത്തിയിരുന്നതായും പോലീസ് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികളായത് കൊണ്ടാണോ ജോളി ഗര്‍ഭഛിദ്രം നടത്തിയത് എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. ജോളി ഗര്‍ഭഛിദ്രം നടത്തിയ ക്ലിനിക്കില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തും. അന്വേഷത്തില്‍ ലഭിച്ച കൂടുതല്‍ വിവരങ്ങള്‍ ജോളിയുടെ വഴിവിട്ടുള്ള ജീവിതത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന നിഗമനത്തിലാണ് പോലീസ്.അതേസമയം കുടുംബത്തിന്റെ അഭിമാനമോര്‍ത്താണ് താന്‍ സംഭവങ്ങളൊന്നും പുറത്തുപറയാതിരുന്നതെന്ന് ഷാജു പറഞ്ഞു. സിലിക്ക് അന്ത്യചുംബനം നല്‍കിയത് ജോളിയുടെ തന്ത്രമായിരുന്നു. സിലിയോട് കാണിച്ച് അപമര്യാദ തങ്ങളുടെ വിവാഹം നടത്താനുള്ള ആദ്യ തറക്കല്ലിടലിന്റെ ഭാഗമായിരുന്നു. തന്നെയും കൊലപ്പെടുത്തുമെന്നുള്ള ഭയമുണ്ടായിരുന്നുവെന്നും ഷാജു കൂട്ടിച്ചേര്‍ത്തു
കൂടത്തായി കൊലപാതക പരമ്പര;ഷാജുവിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെ പൊലീസ് കസ്റ്റഡിയില്‍ നിന്നു വിട്ടു. ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഷാജുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്. ആവശ്യമെങ്കില്‍ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വടകര റൂറല്‍ എസ് പി കെ ജി സൈമണ്‍ പറഞ്ഞു. ഷാജുവിനെ വിട്ടയച്ചത് കേസ് അന്വേഷണത്തെ ഒരു തരത്തിലും ബാധിയ്ക്കില്ല.ഷാജു അന്വേഷണവുമായി സഹകരിക്കുന്നുണ്ട്.നേരത്തെ ജോളിയെ ചോദ്യം ചെയ്യുമ്പോൾ ഷാജു ഉണ്ടായിരുന്നു.അപ്പോള്‍ എടുത്ത മൊഴി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ വിളിപ്പിച്ചത്. മൃതദേഹങ്ങളുടെ ശാസ്ത്രീയ പരിശോധനയ്ക്ക് ആവശ്യമെങ്കില്‍ വിദേശസഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചതായും എസ് പി പറഞ്ഞു.പയ്യോളി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് സി ഐ ഹരിദാസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷം ഷാജുവിനെ വടകര റൂറല്‍ എസ് പി ഓഫീസില്‍ എത്തിയ്ക്കുകയായിരുന്നു
കൊല്ലം പാരിപ്പള്ളിയിൽ നാലുവയസ്സുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പ്രാഥമിക നിഗമനം
കൊല്ലം:പാരിപ്പള്ളിയിൽ നാലു വയസുകാരി മരിച്ചത് മർദ്ദനമേറ്റിട്ടല്ലെന്ന് പോസ്റ്റ് മോർട്ടത്തിൽ പ്രാഥമിക നിഗമനം. ന്യുമോണിയയും മസ്തിഷ്ക ജ്വരവും മരണ കാരണമായി. രോഗം മൂർച്ഛിച്ചതിനാൽ മരണം ഉറപ്പായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി. കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.ആന്തരിക രക്തസ്രാവമുണ്ടായത് രോഗത്തിന്റെ ഭാഗമാണെന്നാണ് പോസ്റ്റമോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.കുട്ടിയെ അടിക്കുമ്പോള്‍ ഉണ്ടായ സ്വാഭാവിക അടയാളങ്ങൾ മാത്രമാണ് ശരീരത്തിൽ ഉണ്ടായിരുന്നത്.കുട്ടിയെ അമ്മ മർദ്ദിച്ചിരുന്നുവെന്ന പരാതിയിൽ അസ്വാഭ്വാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അമ്മയെയും അച്ഛനെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു.എന്നാൽ കുട്ടിയുടെ മരണം മർദനം മൂലമല്ലെന്നും കടുത്ത ന്യുമോണിയയും മസ്തിഷ്‌കജ്വരവും കാരണമാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതോടെ കുട്ടിയുടെ അമ്മയെയും അച്ഛനെയും വിട്ടയച്ചു.തിരുവനന്തപുരം മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
രണ്ടുമൂന്നു ദിവസമായി ദിയയ്ക്ക് പനിയുണ്ടായിരുന്നു.പനി മൂർച്ഛിച്ചതോടെ കുട്ടിയെ പാരിപ്പള്ളിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടുത്തെ പരിശോധനയ്‌ക്കിടയിൽ കുട്ടിയുടെ ദേഹത്ത് മർദ്ദനമേറ്റതിന്റെ പാടുകൾ കണ്ട ഡോക്റ്റർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.അടിയന്തിര ചികിത്സ വേണമെന്ന ഡോക്റ്റർമാരുടെ നിർദേശത്തെ തുടർന്ന് കുട്ടിയെ പോലീസ് സംരക്ഷണയിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ ആരോഗ്യനില വഷളാവുകയും രക്തം ഛർദിക്കുകയും ചെയ്തു.തുടർന്ന് ആംബുലൻസിൽ ഉണ്ടായ ഡോക്റ്ററുടെ നിർദേശപ്രകാരം കുട്ടിയെ കഴക്കൂട്ടത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ പ്രാഥമിക ചികിത്സ നല്കുന്നതിനിടെ കുട്ടി മരണത്തിനു കീഴടങ്ങുകയായിരുന്നു. വിവരമറിഞ്ഞ് കഴക്കൂട്ടം സിഐ പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.കുട്ടിയുടെ ഇരുകാലുകളിലും കമ്പുകൊണ്ടടിച്ചതിന്റെ പാടുകൾ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ അമ്മയുടെ പോലീസ് നിരീക്ഷണത്തിലാക്കുകയും പാരിപ്പള്ളി പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. ആഹാരം കഴിക്കാത്തതിന് കുട്ടിയെ കമ്പുകൊണ്ട് അടിച്ചതായി അമ്മ രമ്യ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ച ശേഷം മാതാപിതാക്കളെ പാരിപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണമാകാരണം ന്യുമോണിയ ആണെന്ന് വ്യക്തമായതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ വിട്ടയച്ചു.അതേസമയം കുട്ടിയെ തല്ലിയതിന് ബാലനീതി വകുപ്പ് പ്രകാരം പോലീസ് രമ്യക്കെതിരെ കേസെടുക്കും.കുട്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയായ ശേഷം ഹാജരാകണമെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു
കൊല്ലം:പാരിപ്പള്ളിയിൽ അമ്മയുടെ മർദനമേറ്റ് നാല് വയസ്സുകാരി മരിച്ചു.പാരിപ്പള്ളി ചിറയ്ക്കല്‍ സ്വദേശി ദീപുവിന്റെ മകള്‍ ദിയയാണ് മരിച്ചത്. കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂര്‍ സ്വദേശി രമ്യയെ കഴക്കൂട്ടം പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആഹാരം കഴിക്കാത്തതിനാണ് അമ്മ കുട്ടിയെ മര്‍ദിച്ചതെന്നാണ് പോലിസിന് ലഭിച്ച പ്രാഥമികവിവരം. ഭക്ഷണം കഴിക്കാത്തതിനു കുട്ടിയെ തല്ലിയതായി പിതൃസഹോദരി ഷൈമയാണ് മൊഴി നല്‍കിയത്. ആദ്യം പാരിപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുംവഴി നില വഷളായി. ഇതെത്തുടര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കും പരിക്കേറ്റതായാണ് സൂചന. മരിച്ച ദിയയുടെ കാലില്‍ രക്തം കട്ടപിടിച്ച പാടുകളുണ്ടായിരുന്നെന്ന് പോലീസ് പറയുന്നു. ഒരുദിവസം മുൻപ് അടികൊണ്ടതിന്റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങള്‍ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നത്. കുട്ടിക്ക് പനിയുമുണ്ടായിരുന്നു. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോള്‍ രക്തം ഛര്‍ദിച്ചാണ് മരിച്ചത്. അസ്വാഭാവിക മരണത്തിനു പോലീസ് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് വന്നതിനു ശേഷമായിരിക്കും തുടര്‍നടപടിയെന്നും പോലിസ് അറിയിച്ചു.
അതേസമയം കുട്ടിയെ വടി വെച്ച് ഇന്നാണ് അടിച്ചതെന്നാണ് അമ്മ പറയുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് നേരത്തേ മര്‍ദ്ദിച്ചിട്ടുണ്ടെന്നും ശരീരത്തിലെ പാടുകള്‍ക്ക് ഒരു ദിവസത്തെ പഴക്കമുണ്ടെന്നുമാണ്.കുട്ടിയെ യുവതി നല്ല രീതിയിലാണ് നോക്കിയിരുന്നതെന്നും നഴ്‌സ് ആയിരുന്നതുകൊണ്ട് തന്നെ ഈ രീതിയില്‍ മര്‍ദ്ദിക്കും എന്ന വിവരം അറിയില്ലായിരുന്നുവെന്നും ബന്ധു പറഞ്ഞു.അച്ഛനും അമ്മയും ചേര്‍ന്ന് തന്നെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കൂടെ ഇളയ കുഞ്ഞുമുണ്ടായിരുന്നു.രണ്ടാമത്തെ കുഞ്ഞിന് രണ്ട് വയസ്സ് മാത്രമേ പ്രായമുള്ളൂ. മൂത്ത കുഞ്ഞാണ് മരിച്ചത്. കുട്ടി മരിച്ചതറിഞ്ഞ് അച്ഛന്‍ ദീപു ബോധരഹിതനായി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൂടത്തായിയിലെ ദുരൂഹമരണങ്ങൾ;മരിച്ച റോയിയുടെ ഭാര്യ ജോളി കസ്റ്റഡിയിൽ
കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറുപേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണപ്പെട്ട റോയിയുടെ ഭാര്യ ജോളിയേയും ഇവരുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.ശനിയാഴ്ച രാവിലെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായാണ് സൂചന.നിലവില്‍ റോയിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിയെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിലായിരിക്കും മറ്റ് അഞ്ച് മരണങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടോ എന്നത് വ്യക്തമാകൂ. റോയിയുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്നു൦ അത് നല്‍കിയത് ജോളിയുടെ സുഹൃത്തായ ജ്വല്ലറി ജീവനക്കാരനാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.വടകര എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്യുന്ന ഇരുവരുടെയും അറസ്റ്റ് ഉടനുണ്ടാകും.ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ റോയിയുടെ ഭാര്യ ജോളിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.ഇവരെ സഹായിച്ച ഒരാള്‍ കൂടി പൊലീസ് നിരീക്ഷണത്തിലാണ്. കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പ് അഞ്ച് തവണയാണ് ജോളിയുടെ മൊഴി രേഖപ്പെടുത്തിയത്.സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതക കാരണമാകാമെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.
വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയി തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യൂ മച്ചാടിയില്‍, ടോം തോമസിന്റെ സഹോദരന്‍ പുലിക്കയത്തെ ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ മകള്‍ അല്‍ഫിന്‍(2) എന്നിവരാണ് മരിച്ചത്. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.16 വര്‍ഷം മുൻപാണ് ആദ്യമരണം നടക്കുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളിലാണ് ചെറിയ കുട്ടിയടക്കം മറ്റുള്ള അഞ്ചുപേരും മരിക്കുന്നത്. ഇന്നലെ ആറുപേരുടേയും കല്ലറ തുറന്ന് മൃതദേഹാവശിഷ്‌ടങ്ങള്‍ പരിശോധനക്കായി പുറത്തെടുത്തു. റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറുപേർ മരിച്ച സംഭവം;കൊലപാതകമെന്ന് സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന;സംശയം ഉറ്റബന്ധുവായ സ്ത്രീയിലേക്ക്
കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേര്‍ മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിതീകരിക്കുന്ന തെളിവുകള്‍ ലഭിച്ചതായി സൂചന. ഒരു സ്ത്രീയുള്‍പ്പെടെ മൂന്നുപേര്‍ ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലാണ്.ആറുപേരുടെയും മരണം നടന്ന സ്ഥലങ്ങളില്‍ യുവതിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഇവരെ സഹായിച്ചവരാണ് ബന്ധു ഉള്‍പ്പെടെയുള്ള മറ്റ് രണ്ടുപേര്‍. സ്വത്ത് സ്വന്തമാക്കുന്നതിനൊപ്പം വ്യക്തിവൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. കൊല്ലപ്പെട്ട ആറുപേരും മരണത്തിനു തൊട്ടുമുന്‍പ് ആട്ടിന്‍സൂപ്പ് കഴിച്ചതായും സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഉറ്റബന്ധുവായി യുവതി ശ്രമിച്ചതാണ് കേസില്‍ നിര്‍ണായകമായത്.അന്വേഷണം യുവതിയിലേക്ക് നീണ്ടതിന് പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. ഇതോടെയാണ് അന്വേഷണസംഘം ശാസ്ത്രീയ തെളിവുകള്‍ തേടി കല്ലറ തുറക്കുന്നതിലേക്ക് വരെ എത്തിയത് നിരീക്ഷണത്തിലുള്ള വനിതയുടെ മൊഴി ആറുതവണ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.എന്നാൽ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് അറിയിച്ചു. ശാസ്ത്രീയമായ തെളിവുകളിലൂടെ ദുരൂഹതകളുടെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കല്ലറകള്‍ തുറന്ന് ഭൗതികാവശിഷ്ടങ്ങള്‍ ശേഖരിച്ചു. ഇത് ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഏറ്റവുമൊടുവില്‍ മരിച്ച സിലിയെയും അവരുടെ രണ്ടു വയസായ കുട്ടിയെയും അടക്കം ചെയ്ത കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിലെ കല്ലറയാണ് ആദ്യം തുറന്നത്. രാവിലെ 10ന് വടകര റൂറല്‍ എസ്.പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടര്‍ന്ന് കൂടത്തായിയില്‍ അടക്കം ചെയ്ത, പൊന്നാമറ്റം കുടുംബത്തിലെ അന്നമ്മ, ടോംതോമസ്, റോയി, മഞ്ചാടിയില്‍ മാത്യു എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും ശേഖരിച്ചു.
കോടഞ്ചേരി പള്ളിയിലെ കല്ലറകള്‍ തുറന്നു;ആദ്യം തുറന്നത് സിലിയുടെയും പത്തു മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറ
കോഴിക്കോട്: കൂടത്തായിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കുന്ന നടപടി തുടങ്ങി.പള്ളിയിലെത്തിയ പോലീസും ഫോറൻസിക് വിദഗ്ദ്ധരും അടങ്ങിയ സംഘം സിലിയുടെയും പത്തു മാസം പ്രായമുള്ള കുഞ്ഞിന്‍റെയും മൃതദേഹങ്ങള്‍ അടക്കിയ കല്ലറകളാണു ആദ്യം തുറന്നത്.ആറു മരണങ്ങളില്‍ ഏറ്റവും അവസാനം നടന്ന മരണങ്ങളായതുകൊണ്ടാണ് ഇവരുടെ കല്ലറകള്‍ ആദ്യം തുറക്കുന്നതെന്ന് അന്വേഷണ സംഘം അറിയിച്ചു.മരിച്ചവരില്‍ നാലുപേരെ കൂടത്തായിയിലും രണ്ടുപേരെ കോടഞ്ചേരിയിലുമുള്ള സെമിത്തേരികളിലാണ് സംസ്കരിച്ചത്.കൂടത്തായിയില്‍ സംസ്കരിച്ചവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച പുറത്തെടുത്തത്.റൂറല്‍ എസ്പി കെ.ജി. സൈമണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സെമിത്തേരിയില്‍ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയശേഷമാണു കല്ലറകള്‍ തുറന്നത്. ദ്രവിക്കാത്ത പല്ല്, അസ്ഥി എന്നിവയാണ് പരിശോധിക്കുന്നത്. കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.2002-ലും തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുമുണ്ടായ ബന്ധുക്കളുടെ മരണങ്ങള്‍ ആസൂത്രിത കൊലപാതകമാണെന്ന പരാതിയെത്തുടര്‍ന്നാണു മൃതദേഹങ്ങള്‍ കോടതി അനുമതിയോടെ പുറത്തെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.മരിച്ച ടോം തോമസ്-അന്നമ്മ ദമ്പതികളുടെ മകന്‍ അമേരിക്കയില്‍ ജോലിയുള്ള റോജോയാണ് പോലീസില്‍ ആദ്യം പരാതി നല്‍കിയത്.
കേസുമായി ബന്ധപ്പെട്ട് മരിച്ചവരുമായി അടുത്ത ബന്ധമുള്ള യുവതിയെയാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.യുവതിക്ക് സംഭവവുമായുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന് സാഹചര്യതെളിവുകള്‍ക്കു പുറമേ ശാസ്ത്രീയ തെളിവുകള്‍കൂടി ശേഖരിക്കേണ്ടതുണ്ട്. ഇതിനു മുന്നോടിയായി യുവതിയുടെ ബ്രെയിന്‍മാപ്പിംഗ് പരിശോധിക്കാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നുണ്ട്. നുണപരിശോധനയ്ക്കായി അനുവാദം ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് മറ്റു ശാസ്ത്രീയ പരിശോധനയ്ക്കുള്ള നടപടികള്‍ സ്വീകരിക്കുന്നത്.മരിച്ചവരുടെ സ്വത്തുകള്‍ തട്ടിയെടുക്കാന്‍ യുവതി വ്യാജ ഒസ്യത്തുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യുവതിക്ക് ദുരൂഹമരണവുമായി ബന്ധമുണ്ടെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ആദ്യമെത്തിയത്.പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവതി നിരന്തരം റോജോയുടെ എറണാകുളത്തുള്ള സഹോദരിയെ ബന്ധപ്പെട്ടിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.യുവതിയുടെ ബാങ്ക് അക്കൗണ്ടുകളും ഫോണ്‍വിളികളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്.പല ബിസിനസുകാരുമായും ഇവർ ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ വിശദാംശങ്ങളും ക്രൈംബ്രാഞ്ചിനു ലഭിച്ചതായും സൂചനയുണ്ട്.
വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ റിട്ട. അധ്യാപിക അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്‍റെ സഹോദരപുത്രനും അധ്യാപകനുമായ ഷാജുവിന്‍റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് ആന്‍ഫൈന്‍ എന്നിവരാണു ദുരൂഹ സാഹചര്യത്തില്‍ പലപ്പോഴായി മരിച്ചത്. അന്നമ്മയാണ് ഇവരില്‍ ആദ്യം മരിച്ചത്. 2002 ഓഗസ്റ്റില്‍ വീട്ടില്‍ വച്ചായിരുന്നു, റിട്ട സ്‌കൂള്‍ ടീച്ചര്‍ ആയ അന്നമ്മയുടെ മരണം. ആട്ടിന്‍ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഹാര്‍ട്ട് അറ്റാക് ആണെന്ന നിഗമനത്തില്‍ ഇതില്‍ അന്വേഷണമൊന്നും നടന്നില്ല. ടോം തോമസ് 2008 ഓഗസ്റ്റിലാണ് മരിച്ചത്, റോയ് തോമസ് 2011 സെപ്റ്റംബറിലും. ഇതിനു പിന്നാലെ മാത്യുവും മരിച്ചു. സിലിയും കുഞ്ഞും 2014ല്‍ ആണ് മരിച്ചത്. എല്ലാവരുടെയും മരണം കുഴഞ്ഞുവീണായിരുന്നു. ഹൃദയ സ്തംഭനം എന്ന നിഗമനത്തിതല്‍ അന്വേഷണമോ മറ്റു പരിശോധനകളോ നടന്നിരുന്നില്ല.റോയിയുടെ മൃതദേഹം മാത്രമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. ഇതില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയെന്നു സൂചനകളുണ്ട്. എന്നാല്‍ കൂടുതല്‍ അന്വേഷണം നടന്നില്ലെന്നാണ് അറിയുന്നത്.ഇവരുടെ സ്വത്തുകള്‍ സംബന്ധിച്ച് ഏതാനും ബന്ധുക്കളുമായി തര്‍ക്കമുണ്ടായിരുന്നു. സ്വത്തു തട്ടിയെടുക്കാന്‍ നടന്ന കൊലപാതകങ്ങളാണോയെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.
‘ഫ്ളാറ്റുകള്‍ ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ല’;കോടതിയില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര
ന്യൂ ഡല്‍ഹി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്ര.ഫ്ലാറ്റിൽ നിന്നും ഒഴിയാൻ ഒരു മണിക്കൂര്‍ പോലും കേസില്‍ നീട്ടി നല്‍കില്ല എന്നും ഉത്തരവ് അന്തിമമാണെന്നുമാണ് ജഡ്ജി കോടതിയില്‍ പറഞ്ഞത്. ഹരജി നല്‍കിയ അഭിഭാഷക ലില്ലി തോമസ് കോടതിക്ക് പുറത്തുപോകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി പറഞ്ഞു.ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് ഒരാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് ഫ്ലാറ്റുടമകള്‍ കോടതിയെ സമീപിച്ചത്. കേസില്‍ എന്താണ് നടന്നതെന്ന് നിങ്ങള്‍ക്കറിയില്ലെന്നും ഇതിന് ഇനിയൊരു പോംവഴിയില്ലെന്നും ഉടമകള്‍ക്ക് നിയമം അറിയില്ലെന്നും ജഡ്ജി പറഞ്ഞു. കോടതിയില്‍ ക്ഷുഭിതനായ ജസ്റ്റിസ് അരുണ്‍ മിശ്ര എല്ലാവരോടും പുറത്ത് പോകാനും ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ പരമാവധി ക്ഷമിച്ചെന്നും ഇനി സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു.വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് മാറാന്‍ സമയം അനുവദിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്‌ളാറ്റുകളില്‍നിന്ന് 243 കുടുംബങ്ങള്‍ ഒഴിഞ്ഞതായാണ് വിവരം.നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍ മാത്രമാണ്. ഹോളി ഫെയ്ത് ഫ്‌ളാറ്റില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആല്‍ഫാ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ല കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.സമയക്രമം അനുസരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചിട്ടുണ്ട്. മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.
ഒരു കുടുംബത്തിലെ ആറുപേർ സമാനസാഹചര്യത്തിൽ മരിച്ച സംഭവം;ദുരൂഹത നീക്കാൻ ഇന്ന് കല്ലറകൾ തുറന്നു പരിശോധിക്കും
താമരശ്ശേരി: വര്‍ഷങ്ങളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലെ ആറുപേർ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത.മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധു പരാതി നൽകിയതോടെ ഇന്ന് മരണപ്പെട്ടവരുടെ കല്ലറകള്‍ തുറന്ന് പരിശോധിക്കും.ആറുപേരുടെയും മരണകാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് കല്ലറ തുറന്ന് പരിശോധന നടത്തുന്നത്.വിഷാംശം ഉള്ളില്‍ചെന്നാണോ മരിച്ചതെന്ന കാര്യമാണ് മുഖ്യമായും പരിശോധിക്കുക.2002 മുതല്‍ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഫൊറന്‍സിക് വിദഗ്ധരാണ് പരിശോധിക്കുക. കൂടത്തായി ലൂര്‍ദ് മാതാ പള്ളി സെമിത്തേരിയിലെ രണ്ട് കല്ലറകളാണ് ഇന്ന് രാവിലെ തുറക്കുന്നത്.ഈ കല്ലറയില്‍ നാലു പേരെയാണ് അടക്കം ചെയ്തിരിക്കുന്നത്. രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലെ കല്ലറയിലുമാണ് അടക്കിയിരിക്കുന്നത്.ആവശ്യമെങ്കില്‍ ഇതും തുറന്ന് പരിശോധിക്കേണ്ടതായി വരുമെന്ന് അധികൃതര്‍ അറിയിച്ചു.മണ്ണില്‍ ദ്രവിക്കാതെയുള്ള എല്ലിന്‍ കഷ്ണങ്ങള്‍, പല്ല് എന്നിവ രാസപരിശോധനക്ക് വിധേയമാക്കുകയാണ് ഫോറൻസിക് സംഘത്തിന്റെ ലക്‌ഷ്യം.
താൽക്കാലിക ഡ്രൈവർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം;നൂറോളം സർവീസുകൾ മുടങ്ങി
തിരുവനന്തപുരം:താത്കാലിക ജീവനക്കാരായ 2320 ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്‌ആര്‍ടിസിയിലെ സര്‍വീസുകള്‍ പ്രതിസന്ധിയില്‍. ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന് ഇതുവരെ കഴിയാത്തതിനാല്‍ വ്യാഴാഴ്ച മാത്രം 800ഓളം സര്‍വ്വീസുകള്‍ മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കുമെന്നാണ് സൂചന. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍.എന്നാല്‍ ഇത് ഗ്രാമീണമേഖലകളിലെ യാത്രക്കാരെ സാരമായി ബാധിക്കുന്ന തീരുമാനമാണ്. ഇതോടൊപ്പം, യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ സര്‍വ്വീസുകള്‍ മുടങ്ങാതിരിക്കാന്‍ കെഎസ്‌ആര്‍ടിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി.പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ അധികമായി 40 കോടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓണത്തിന് അധികസഹായം നല്‍കിയതിനാല്‍ ഈ മാസം 16 കോടി നല്‍കാനാകൂ എന്ന നിലപാടിലാണ് ധനവകുപ്പ്.ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം എംപാനല്‍ ജീവനക്കാരെ ജൂണ്‍ 30 മുതലാണ് പിരിച്ചുവിട്ടത്.എന്നാൽ ഇതില്‍ ചിലരെ സര്‍വ്വീസ് തടസപ്പെടാതിരിക്കാന്‍ പല സ്ഥലങ്ങളിലും ദിവസ വേതനത്തില്‍ ജോലിക്ക് നിയമിച്ചിരുന്നു.ഇതിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് എല്ലാ താല്‍ക്കാലികക്കാരെയും പിരിച്ചുവിടാന്‍ കോടതി ഉത്തരവിട്ടത്.പി.എസ്.സി.വഴി മാത്രമേ സ്ഥിരനിയമനം പാടുള്ളൂ. ആവശ്യമെങ്കില്‍ നിയമവിധേയമായി താത്കാലിക നിയമനം ആകാമെന്നാണ് കോടതിവിധി.