കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുഖ്യപ്രതിയായ ജോളി. താനാണ് അന്നമ്മയെ കൊലപ്പെടുത്തിയതെന്ന് മകന്‍ റോയിയ്ക്ക് അറിയാമായിരുന്നു എന്നാണ് പുതിയ വെളിപ്പെടുത്തല്‍. ജോളിയുടെ ആദ്യ ഭര്‍ത്താവാണ് റോയി.ചെറിയ കുപ്പിയില്‍ സയനൈഡ് കൊണ്ടുനടന്നാണ് താന്‍ ഈ കൊലകളൊക്കെ നടത്തിയതെന്നും ജോളി സമ്മതിച്ചു.ഓരോ കൊലപാതകത്തിനു ശേഷവും പിടിക്കപ്പെടാതിരുന്നത് ആത്മവിശ്വാസം കൂട്ടുകയും അടുത്ത കൊലപാതകത്തിന് ‘പ്രോത്സാഹന’മാവുകയും ചെയ്‌തെന്ന് കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളി ജോസഫ്. ആദ്യത്തെ മൂന്ന് കൊലപാതകവും പിടിക്കപ്പെടാത്തത് പിന്നീടുള്ള ഓരോ കൊല നടത്താനുമുള്ള ധൈര്യം നല്‍കി. ഇതോടെയാണ് കൊലപാതകങ്ങള്‍ക്കിടയിലെ കാലയളവ് കുറഞ്ഞതെന്നും ജോളി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടും ഒരന്വേഷണവും നടക്കാതിരുന്നതോടെ എല്ലാ ആശങ്കകളും നീങ്ങി പൂര്‍ണ്ണ ധൈര്യമായെന്നു ജോളി ചോദ്യം ചെയ്യലിനിടെ പോലീസിനോടു പറഞ്ഞു.കോടഞ്ചേരി പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തുന്നത് തടയാന്‍ ജോളി ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി.കല്ലറ തുറന്ന് പരിശോധന നടത്തിയാല്‍ ആത്മാക്കള്‍ക്ക് പ്രശ്നമുണ്ടാകുമെന്ന് കുടുംബാംഗങ്ങള്‍ക്കിടയില്‍ ജോളി പ്രചരിപ്പിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതുവഴി വിശ്വാസം മുതലെടുത്ത് അന്വേഷണം തടസപ്പെടുത്താനായിരുന്നു ജോളിയുടെ ശ്രമമെന്നും റൂറല്‍ എസ്.പി. കെ.ജി സൈമണ്‍ പറഞ്ഞു.ഇതിനിടെ കേസില്‍ അന്വേഷണം നടത്താന്‍ എസ്‍.പി ദിവ്യ എസ് ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്‍ധസംഘം ഇന്നെത്തും. ഫോന്‍ന്‍സിക് വിദഗ്‍ധരും ഡോക്ടര്‍മാരും അടക്കമുള്ള സംഘമാണ് ഇത്.
രാജമലയില്‍ യാത്രക്കിടെ ജീപ്പില്‍ നിന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്;കുഞ്ഞിനെ രക്ഷപ്പെടുത്തിയത് ഓട്ടോ ഡ്രൈവര്‍; വനപാലകരുടെ വാദം കള്ളം
മൂന്നാർ:രാജമലയില്‍ യാത്രക്കിടെ ജീപ്പില്‍ നിന്ന് വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ ട്വിസ്റ്റ്.കുഞ്ഞിനെ രക്ഷപ്പെടുത്തിയത് മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജ്. കുട്ടിയെ രക്ഷിച്ചതിന്റെ അവകാശവാദവുമായി നേരത്തെ വനംവകുപ്പ് രംഗത്തെത്തിയിരുന്നു. പ്രേതമെന്ന് കരുതി കുട്ടിയുടെ അടുത്തെത്താതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മടിച്ചുനിന്നപ്പോള്‍ ഓട്ടോ ഡ്രൈവർ കനകരാജാണ് കുട്ടിയെ രക്ഷിച്ചത്.ഈ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.ഇക്കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് പഴനിയില്‍ ക്ഷേത്രസന്ദർശനം നടത്തി തിരികെ മടങ്ങിയ അടിമാലി കമ്പിളികണ്ടം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച ജീപ്പില്‍ നിന്നാണ് ഒരുവയസുകാരി അബദ്ധത്തില്‍ റോഡില്‍ വീണത്. അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് കുട്ടിയെ രക്ഷിച്ചത് എന്ന വാദം ഉന്നയിച്ചിരുന്നു.കുട്ടിയെ രക്ഷപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.മൂന്നാറിലെ ഓട്ടോ ഡ്രൈവര്‍ കനകരാജാണ് കുട്ടിയെ രക്ഷിച്ചത്.നഗ്‌നമായും മൊട്ടയടിച്ചും കാണപ്പെട്ട ഇഴഞ്ഞ് നീങ്ങുന്ന കുട്ടി പ്രേതമാണെന്ന ഭയത്താല്‍ വാച്ചര്‍മാര്‍ മാറി നിന്നപ്പോഴാണ് കനകരാജ് കുട്ടിയെ രക്ഷിച്ചെടുത്തത്.ചെക്ക് പോസ്റ്റിലെ രണ്ട് വാച്ചര്‍മാരാണ് കുട്ടിയെ രക്ഷിച്ചത് എന്നായിരുന്നു വനം വകുപ്പിന്റെ അവകാശ വാദം. ഇത് തെളിയിക്കാന്‍ എഡിറ്റ് ചെയ്ത സിസിടിവി ദൃശ്യങ്ങള്‍ വനം വകുപ്പ് പ്രചരിപ്പിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ മൂന്നാര്‍ പൊലീസ് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ വഴിത്തിരിവായത്. പൊലീസിന് ലഭിച്ച ദൃശ്യങ്ങളില്‍ കനകരാജ് ഓട്ടോ നിര്‍ത്തി ഇറങ്ങുന്നതും കുട്ടിയെ എടുത്ത് ചെക്ക് പോസ്റ്റ് ഓഫീസിലേക്ക് കയറുന്നതും വ്യക്തമാണ്.സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
കൂടത്തായി കൊലപാതക പരമ്പര;ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദർശിച്ചു;പ്രതികളെ ചോദ്യം ചെയ്‌തേക്കും
തിരുവനന്തപുരം: കൂടത്തായി കൊലക്കേസുകളിലെ മുഖ്യപ്രതി ജോളി ജോസഫ് അടക്കം കസ്റ്റഡിയിലുള്ള മൂന്നു പ്രതികളേയും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തേക്കും. കൊലപാതക കേസിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്തുന്നത് അടക്കമുള്ള നടപടികള്‍ക്കായി ലോക്നാഥ് ബെഹ്റ ശനിയാഴ്ച രാവിലെ കോഴിക്കോട്ട് എത്തി. മൂന്നു കൊലപാതകങ്ങള്‍ നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് ബെഹ്റ സന്ദര്‍ശിച്ചു.ദേശീയ അന്വേഷണ ഏജന്‍സിയില്‍ (എന്‍ഐഎ) അടക്കം സേവനം അനുഷ്ഠിച്ച ബെഹ്റ, സംസ്ഥാന പോലീസ് മേധാവിയായ ശേഷം പെരുന്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലക്കേസില്‍ അടക്കം നേരിട്ട് ഇടപെട്ടു ചോദ്യം ചെയ്തിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായെങ്കിലും ഇവരെ പോലീസ് കസ്റ്റഡിയില്‍ ലഭിച്ച ശേഷം മാത്രമേ കൂടത്തായിയിലേക്കു പോകുകയുള്ളുവെന്നാണു നേരത്തെ ഡിജിപി അറിയിച്ചിരുന്നത്.ശാസ്ത്രീയമായ അന്വേഷണത്തിനാകും മുന്‍ഗണന നല്‍കുക. ശാസ്ത്രീയമായ എല്ലാ അന്വേഷണ മാര്‍ഗങ്ങളും ഇതില്‍ സ്വീകരിക്കും. തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല. വിശദമായ ഫോറന്‍സിക് പരിശോധനകള്‍ അടക്കം വേണ്ടി വരുമെന്നും ഡിജിപി പറഞ്ഞു. കേസില്‍ വിദഗ്ധ സഹായത്തിന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ മുന്‍ ഡയറക്ടറും ഫോറന്‍സിക് വിഭാഗം മേധാവിയുമായ ഡോ. തിരത്ദാസ് ഡോഗ്ര അടക്കമുള്ളവരുമായും കഴിഞ്ഞ ദിവസം ഡിജിപി ആശയ വിനിമയം നടത്തിയിരുന്നു. അതേസമയം മുഖ്യപ്രതി ജോളിയെ ഇന്നലെ കൂടത്തായിലും കോടഞ്ചേരിയിലും എന്‍.ഐ.ടി പരിസരത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി. അന്നമ്മയും ടോം തോമസും റോയി തോമസും മരിച്ച കൂടത്തായിലെ പൊന്നാമറ്റം വീടിലെത്തിച്ചായിരുന്നു ആദ്യ തെളിവെടുപ്പ്.
മാത്യുവിന് സയനൈഡ് നൽകിയത് മദ്യത്തിൽ കലർത്തി;ഒപ്പമിരുന്ന് മദ്യപിക്കാറുണ്ടായിരുന്നെന്നും ജോളി
കോഴിക്കോട്:തന്റെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അമ്മാവന്‍ മാത്യുവിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണെന്ന് കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ വെളിപ്പെടുത്തൽ.മാത്യുവിന്റെ മഞ്ചാടിയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തെപ്പോഴാണ് ജോളി ഇക്കാര്യം പോലീസിനോടു പറഞ്ഞത്. മാത്യുവും താനും ഒരുമിച്ചിരുന്ന് മദ്യം കഴിച്ച മുറി ജോളി പോലീസിന് കാണിച്ചുകൊടുത്തു. അവിടെവെച്ചാണ് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയതെന്നും ജോളി അന്വേഷണസംഘത്തോടു പറഞ്ഞു.മുൻപും മാത്യുവിനൊപ്പം അദ്ദേഹത്തിന്റെ വീട്ടില്‍വെച്ചും പൊന്നാമറ്റത്തെ വീട്ടില്‍ വെച്ചും മദ്യപിച്ചിട്ടുണ്ടെന്നും ജോളി പറഞ്ഞതായാണ് റിപ്പോര്‍ട്ട്. കൊലപാതക പാരമ്പരയുമായി ബന്ധപ്പെട്ട് ജോളിക്കൊപ്പം അറസ്റ്റിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യുവാണ് സയനൈഡ് എത്തിച്ചു കൊടുത്തത്. ഈ സയനൈഡ് റോയ് തോമസിന്റെ അമ്മാവനായ മാത്യുവിന് മദ്യത്തില്‍ കലര്‍ത്തി നല്‍കുകയായിരുന്നു.നേരത്തെ റോയ് തോമസിന്റെ മരണത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ച വ്യക്തിയായിരുന്നു മാത്യു.
കൂടത്തായി കൊലപാതക പരമ്പര;തെളിവെടുപ്പ് തുടരുന്നു;ജോളി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്തി
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുവാനായി അന്വേഷണ സംഘം ഇന്ന് പ്രതികളുമായി പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കേസിലെ നിര്‍ണായക തെളിവുകളായ സയനൈഡ് സൂക്ഷിച്ചിരിക്കുന്ന കുപ്പി കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ് പോലീസ്.ഇതിനായി ജോളി അത് ഉപേക്ഷിച്ച മാലിന്യ കൂമ്പാരം പൊലീസ് പരിശോധിക്കുകയാണ്.ഇതിനിടെ പരിശോധനയില്‍ ഇവിടെ നിന്നും കീടനാശിനി കുപ്പി കണ്ടെടുത്തുവെന്നാണ് വിവരം. പൊന്നാമറ്റത്തെ വീടിന്റെ താഴത്തെ നിലയിലുള്ള കിടപ്പു മുറിയില്‍ നിന്നാണ് കുപ്പി കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.ഫോറന്‍സിക് വിഭാഗം കുപ്പിയുടെ കാലപ്പഴക്കം പരിശോധിച്ചു വരികയാണ്. കുപ്പി ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടയില്‍ ജോളിയുടെ മക്കളുടെ മൊഴിയും അന്വേഷണ സംഘം എടുത്തു. ഇവരുടെ കയ്യിലായിരുന്നു ജോളിയുടെ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത്. ഫോണ്‍ ഇവര്‍ അന്വേഷണസംഘത്തിനു കൈമാറി.റോയിയുടെ സഹോദരി റെഞ്ചിയുടെ മൊഴിയും രേഖപ്പെടുത്തി. റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്.ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ ചമയ്ക്കൽ, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂർ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എൻ.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉൾപ്പെടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങൾ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പിൽ ഉൾപ്പെടുത്തും.ഏഴു ദിവസത്തെ കസ്റ്റഡി ദിനത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആറു കേസുകളും വെവ്വേറെ അന്വേഷിക്കുന്നത് വഴി കൂടുതൽ സമയം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
കൂടത്തായി കൊലപാതക പരമ്പര; ജോളിയെ എസ്പി ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തു;മൂന്നു പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വടകര റൂറൽ എസ്.പി ഓഫീസിൽ എത്തിച്ചു ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ച ജോളി അഞ്ച് പേരുടെ കൊലപാതകത്തിൽ പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചെന്നും പോലീസിനോട് പറഞ്ഞു.ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടകര റൂറൽ എസ്.പി ഓഫീസിലെത്തിച്ച ശേഷം ജോളിയെയും കൂട്ടു പ്രതികളെയും ഏറെ നേരം അന്വേഷണ സംഘം ചോദ്യം ചെയ്തു. മുഖ്യപ്രതി ജോളി ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. പൊട്ടാസ്യം സയനൈഡ് ഉപയോഗിച്ചാണ് അഞ്ച് കൊലപാതങ്ങൾ നടത്തിയതെന്നും അന്നമ്മയുടെ കൊലപാതകത്തിന് കീടനാശിനിയാണ് ഉപയോഗിച്ചെന്നും ജോളി പൊലീസിനോട് പറഞ്ഞു. ചോദ്യം ചെയ്യലിന്റെ പലഘട്ടത്തിലും ജോളി തേങ്ങിക്കരഞ്ഞു. പ്രതികൾ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്ന് എസ്.പി വ്യക്തമാക്കി.ജോളിയ്ക്ക് സയനൈഡ് എത്തിച്ചു നൽകിയ മാത്യുവിനെയും മാത്യു സയനൈഡ് വാങ്ങിയ പ്രജികുമാറിനെയും വെവ്വേറെ ചോദ്യം ചെയ്തു. എത്ര തവണ സയനൈഡ് കൈമാറി, കൊലപാതകത്തിൽ പങ്കുണ്ടോ, കൊലപാതക വിവരം അറിയാമായിരുന്നോ എന്നീ കാര്യങ്ങളാണ് ഇവരിൽ നിന്ന് അന്വേഷിച്ചത്.
അതേസമയം ജോളി ഉൾപ്പെടെയുള്ള പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ജോളിയെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം. ജനരോഷം ഭയന്ന് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് പൊന്നാമാറ്റം വീട്ടിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ജോളി മൊഴി നൽകിയിരുന്നു.ഇത് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്.ജോളി ജോലി ചെയ്തിരുന്നെന്ന് അവകാശപ്പെടുന്ന കോഴിക്കോട് എൻഐടി ക്യാമ്പസിനു സമീപത്തുള്ള ഫ്ലാറ്റിലും പോലീസ് തെളിവെടുപ്പ് നടത്തും.കേസിൽ ജോളിക്കൊപ്പം അറസ്റ്റിലായ മാത്യു,പ്രജുകുമാർ എന്നിവരെയും ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും.കസ്റ്റഡി ആറു ദിവസം മാത്രമായതിനാല്‍ പരമാവധി വേഗത്തില്‍ തെളിവെടുക്കല്‍ പൂര്‍ത്തിയാക്കി അന്വേഷണം മുൻപോട്ട് കൊണ്ടുപോവാനാണ് ക്രൈംസംഘത്തിന്റെ തീരുമാനം.
കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് അഡ്വ.ആളൂർ
കൊച്ചി: കൂടത്തായിയിലെ മരണങ്ങളെല്ലാം ആത്മഹത്യകളാണെന്ന് കേസിലെ മുഖ്യപ്രതി ജോളിക്ക് വേണ്ടി വാദിക്കുന്ന അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. മാധ്യമങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മരിച്ചവരെല്ലാം സയനൈഡ് ഉള്ളില്‍ ചെന്നു മരിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.എന്നാൽ സയനൈഡ് ഇവര്‍ സ്വയം കഴിച്ചതാണോ പ്രതിയെന്ന് ക്രൈംബ്രാഞ്ച് പറയുന്ന ജോളി കഴിപ്പിച്ചതാണോ എന്നത് തെളിയിക്കപ്പെടേണ്ട കാര്യമാണ്. സാഹചര്യ തെളിവുകള്‍ കൂട്ടിയിണക്കി ജോളിക്കെതിരേ കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.പ്രതി ജോളിയുടെ ആവശ്യപ്രകാരമാണ് ആളൂര്‍ അസോസിയേറ്റ്സ് കേസിന്‍റെ വക്കാലത്ത് ഏറ്റെടുത്തത്. ആരാണ് കേസുമായി തന്നെ സമീപിച്ചതെന്ന് പുറത്തു പറയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അഡ്വ.ആളൂര്‍ വ്യക്തമാക്കി.
കൊച്ചിയില്‍ പെണ്‍കുട്ടിയെ തീവെച്ചു കൊന്ന യുവാവ് എല്ലാവരെയും കൊല്ലാന്‍ പദ്ധതിയിട്ടു;പിന്നിൽ കേസ് കൊടുത്തതിന്റെ പക
കൊച്ചി: തന്റെ പ്രണയം നിരസിച്ച ദേവികയെന്ന പ്ലസ് വണ്‍കാരിയെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയുമായാണ് മിഥുന്‍ ഇന്നലെ കാക്കനാടെ അത്താണിയിലുള്ള സലഫി ജുമാ മസ്ജിദിന് സമീപത്തെ ‘പദ്മാലയം’ എന്ന വീട്ടിലേക്ക് എത്തിയത്.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന് തീവച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തി.അർധരാത്രി വീട്ടിലെ കതകിൽ മുട്ടിയ മിഥുന് ദേവികയുടെ അച്ഛൻ ഷാലനാണ് മുന്‍വശത്തെ വാതില്‍ തുറന്നുകൊടുത്തത്.തുടര്‍ന്ന് തനിക്ക് ദേവികയെ കാണണമെന്ന് മിഥുന്‍ ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്ന് വീടിന്റെ മുന്‍വശത്തേക്ക് എത്തിയ ദേവികയെ കണ്ട ഇയാള്‍ പെട്ടെന്നുതന്നെ വീടിനകത്തേക്ക് ഓടിക്കയറി. തന്റെ നേര്‍ക്ക് ഓടിയടുക്കുന്ന മിഥുനെ കണ്ട ദേവിക ഉടന്‍ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.നിമിഷനേരം കൊണ്ട് മിഥുന്‍ പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. ഇതിനിടെ ഇയാളുടെ ദേഹത്തേക്കും തീ പടര്‍ന്നു.മകളെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ദേവികയുടെ അച്ഛനും തീപ്പൊള്ളല്‍ ഏറ്റിട്ടുണ്ട്.
എട്ടാം ക്ലാസ് മുതല്‍ മിഥുന്‍ പ്രേമാഭ്യര്‍ത്ഥനയുമായി ദേവികയെ ശല്യപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ മിഥുനും ദേവികയുടെ അമ്മ മോളിയും തമ്മിൽ വാക്കുതര്‍ക്കം നടന്നിരുന്നുവെന്നുമുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്.ഇയാളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് മോളി രണ്ടു ദിവസം മുന്‍പ് കാക്കനാട് പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ഇരുവരെയും അനുനയിപ്പിക്കാനും ശ്രമിച്ചിരുന്നു.കുടുംബത്തിലെ എല്ലാവരെയും കൊല്ലാനായിരുന്നു മിഥുനിന്റെ പദ്ധതിയെന്ന് തീവച്ച് കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ അമ്മ വെളിപ്പെടുത്തിയിരുന്നു. രാത്രി പന്ത്രണ്ടേകാലിന് വീട്ടിലേക്കെത്തി മകള്‍ ദേവികയെ കൊലപ്പെടുത്തിയ മിഥുന്‍ തന്റെ ദേഹത്തേക്കും പെട്രോള്‍ ഒഴിച്ചിരുന്നുവെന്ന് അമ്മ മോളി പറയുന്നു.തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയും ഇളയ കുട്ടിയും ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ബോധരഹിതയായ മോളി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദേഹത്ത് പെട്രോള്‍ ഒഴിച്ചതിന് ശേഷമാണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയതെന്ന് സംശയിക്കുന്നതായി ഇവരുടെ അയല്‍വാസിയും പറയുന്നു. ഇതിന് മുന്‍പും മിഥുന്‍ വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും ഇവർ പറയുന്നു. ദേവിക ട്യൂഷനായി പോയിരുന്ന സ്ഥലത്തും മിഥുന്‍ ശല്യം ചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ സഹപാഠിയും പറയുന്നുണ്ട്. ഇവര്‍ രണ്ടുപേരും തമ്മില്‍ ബുധനാഴ്ച വൈകുന്നേരം വാക്കുതര്‍ക്കം നടന്നിരുന്നതായും സഹപാഠി വെളിപ്പെടുത്തി. സുഹൃത്തിന്റെ ബൈക്ക് എടുത്താണ് മിഥുന്‍ ദേവികയുടെ വീട്ടിലേക്ക് എത്തിയത്. ബൈക്ക് വീടിനടുത്തുനിന്നും പൊലീസ് കണ്ടെടുത്തു.
കൊച്ചിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു;പൊള്ളലേറ്റ യുവാവും മരിച്ചു
കൊച്ചി:കൊച്ചി കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ യുവാവ് തീകൊളുത്തി കൊന്നു. അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക(പാറു,17 വയസ്സ്) ആണ് മരിച്ചത്.പൊള്ളലേറ്റ യുവാവും മരിച്ചു.പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.സുഹൃത്തിന്റെ ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ മിഥുന്‍ വാതിലില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയ ശേഷം ഷാലനോട് മകളെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഒപ്പം മിഥുന്റെ ദേഹത്തേക്കും തീ പടര്‍ന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ചുകൊണ്ടായിരുന്നു മുഥുന്‍ വീട്ടില്‍ എത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലിസ് എത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു.എന്നാൽ ദേവിക സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍വച്ചാണ് മിഥുൻ മരിച്ചത്.മിഥുന്‍ പെണ്‍കുട്ടിയുടെ അകന്ന ബന്ധുകൂടിയാണ്. ഇരുവരുടേയും മൃതദേഹങ്ങള്‍ കളമശ്ശേരി പൊലിസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. മിഥുന്‍ പെണ്‍കുട്ടിയോട് പല തവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിക്കുകയായിരുന്നു.
കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കും
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ ആറു കൊലകളും വെവ്വേറെ സംഘം അന്വേഷിക്കുമെന്ന് റിപ്പോർട്ട്.അതിനായി ജില്ലയിലെ ഏറ്റവും മിടുക്കരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് തീരുമാനം.റൂറല്‍ എസ്പി കെ.ജി. സൈമണായിരിക്കും ഇതിന്‍റെ ഏകോപന ചുമതല.അന്വേഷണ സംഘത്തിന്‍റെ വിപുലീകരണത്തെക്കുറിച്ച് നേരത്തെ ഡിജിപി സൂചന നല്‍കിയിരുന്നു.11 പേരാണ് അന്വേഷണ സംഘത്തില്‍ ഇപ്പോഴുള്ളത്. ഡിവൈഎസ്പി ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള ഈ സംഘമാണ് കേസിലെ നിര്‍ണായക വഴിത്തിരിവുകള്‍ കണ്ടെത്തിയത്. ഇതിനായി ഇവരെ സഹായിച്ചത് സ്പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജ്ജിന്‍റെ റിപ്പോര്‍ട്ടാണ്.പുതിയ ആറു സംഘങ്ങളെ രൂപീകരിക്കുന്നതോടെ ഓരോ സംഘത്തിനും ഓരോ തലവനുണ്ടാകും. സൈബര്‍ ക്രൈം, ഫൊറന്‍സിക് പരിശോധന, എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ വിദഗ്‍ധര്‍, അന്വേഷണ വിദഗ്‍ധര്‍ എന്നിങ്ങനെ ഓരോ മേഖലയിലും കഴിവു തെളിച്ചവരെയാണ് സംഘങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്. കേസന്വേഷണം വേഗത്തിലാക്കാനും പരമാവധി തെളിവുകള്‍ ശേഖരിക്കാനും വേണ്ടിയാണ് ആറു സംഘങ്ങളായി വിപുലീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്.കൂടത്തായിയിലെ കൂട്ടമരണക്കേസില്‍ സംശയമുണ്ടെന്ന് ഉന്നയിച്ച് മരിച്ച ടോം തോമസ്-അന്നമ്മ ദമ്ബതികളുടെ മകനായ റോജോ നല്‍കിയ പരാതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കല്ലറ തുറന്ന് പരിശോധന നടത്തിയത്.ഇതോടെയാണ് മരണത്തിന്‍റെ ചുരുളഴിഞ്ഞത്. അറസ്റ്റ് ഇവരില്‍ മാത്രം ഒതുങ്ങില്ലെന്ന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അധ്യാപിക അന്നമ്മ (57), മകന്‍ റോയി തോമസ് (40), ബന്ധുവായ യുവതി സിലി, സിലിയുടെ മകള്‍ അല്‍ഫോന്‍സ (2), അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍ (68) എന്നിവരാണ് വർഷങ്ങളുടെ ഇടവേളകളിൽ ഒരേ സാഹചര്യത്തിൽ മരണപ്പെട്ടത്.