തിരുവനന്തപുരം:അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.രണ്ടാം റൌണ്ട് എണ്ണിത്തുടങ്ങുമ്പോൾ മൂന്നിടങ്ങളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്.കോന്നിയിലും വട്ടിയൂർകാവിലും എൽഡിഎഫ് ലീഡ് ചെയ്യുന്നു.എറണാകുളം, മഞ്ചേശ്വരം, അരൂര്‍ മണ്ഡലങ്ങളില്‍ ആദ്യ റൗണ്ടിന് ശേഷം ഫലം പുറത്തു വരുമ്പോൾ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലാണ്. വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്താണ് ലീഡ് ചെയ്യുന്നത്. 638 വോട്ടുകള്‍ക്കാണ് മേയര്‍ ബ്രോ ലീഡ് ചെയ്യുന്നത്. കോന്നിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.യു ജനീഷ് കുമാര്‍ 343 വോട്ടുകള്‍ക്ക് മുന്നിലാണ്.മഞ്ചേശ്വരത്ത് ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി എം.സി. കമറുദ്ദീന്‍ ലീഡ് തുടരുകയാണ്. രണ്ടാം റൗണ്ടിലേക്ക് ഇവിടെ വോട്ടെണ്ണല്‍ നീങ്ങുമ്പോൾ ബിജെപിയുടെ രവീശതന്ത്രിയാണ് രണ്ടാമത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ മൂന്നാം സ്ഥാനത്താണ്.കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹൻരാജ് രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ബിജെപിയുടെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്താണ്. എറണാകുളത്ത് ബിജെപി സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിനെ ഒന്നാം സ്ഥാനത്ത് എത്തിച്ച പോസ്റ്റല്‍ വോട്ടിന് ശേഷം വോട്ടിംഗ് മെഷീനിലെ ആദ്യ ലീഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദ് മുന്നിലെത്തി. 325 വോട്ടുകള്‍ക്കാണ് മുന്നില്‍. ആദ്യ ഫല സൂചനകളില്‍ മൂന്നിടത്ത് യുഡിഎഫും രണ്ടിടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.
പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിക്ക്;നഷ്ടം മുന്‍ കരാറുകാരനില്‍ നിന്നും ഈടാക്കും
തിരുവനന്തപുരം:പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഏല്‍പിക്കാന്‍ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച് ഇ.ശ്രീധരന്‍ സമിതി സമര്‍പ്പിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ തീരുമാനമായത്. പാലം പുതുക്കി പണിതാല്‍ നൂറ് വര്‍ഷം ആയുസ് ലഭിക്കുമെന്നാണ് ശ്രീധരന്റെ കണ്ടെത്തല്‍.പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മ്മാണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന കാര്യം ഡിഎംആര്‍സി നേരത്തെ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഈ വാഗ്ദാനം സ്വീകരിച്ചാണ് ഡിഎംആര്‍സിയെ തന്നെ ദൗത്യം ഏല്‍പിച്ചത്. പാലത്തിന്റെ തകരാര്‍ കാരണം നഷ്ടമായ തുക ബന്ധപ്പെട്ട കോണ്‍ട്രാക്ടറില്‍ നിന്ന് ഈടാക്കാന്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഈ വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കാൻ ശ്രമിക്കുന്നു;ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ വീണ്ടും
കൊച്ചി:ബിഷപ്പ് ഫ്രാങ്കോ അനുയായികളെ വെച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയും യൂട്യൂബ് ചാനല്‍ ഉണ്ടാക്കി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി പരാതിക്കാരിയായ കന്യാസ്ത്രീ.ഇത് സംബന്ധിച്ച് ദേശീയ, സംസ്ഥാന വനിതാകമ്മീഷനുകൾക്ക് കന്യാസ്ത്രീ പരാതി നല്‍കി.നേരത്തേ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു, ഭീഷണിപ്പെടുത്തി തുടങ്ങി എട്ടിലധികം കേസുകള്‍ ഫ്രാങ്കോയ്ക്ക് എതിരേ പോലീസ് എടുത്തിട്ടുണ്ട്. ഈ കേസുകളില്‍ ഒന്നില്‍ പോലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍ അന്വേഷണം മന്ദഗതിയിലാണെന്നും ആരോപിച്ചിട്ടുണ്ട്. കേസില്‍ പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലും ഫ്രാങ്കോ അനുയായികളെ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തിപെടുത്തുകയും ചെയ്യുന്നത് തുടരുകയാണ്. അനുയായികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും കേസില്‍ നിന്നും പിന്തിരിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കുന്നു.ബിഷപ്പിന്റെ അനുയായികളുടെ ക്രിസ്റ്റ്യന്‍ ടൈംസ് എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നു. ആക്ഷേപം മാനസീകമായി തകര്‍ക്കുന്നതിനാല്‍ നടപടി എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഫ്രാങ്കോയ്‌ക്കെതിരേ പരാതി നല്‍കിയ കാലം മുതല്‍ ഭീഷണിപ്പെടുത്തലും അപമാനിക്കാനും സ്വാധീനിക്കാനുമുള്ള ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പരാതിയിലുണ്ട്.
പീഡനക്കേസില്‍ അടുത്തമാസം 11 ന് വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് കന്യാസ്ത്രീ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗീയ വിദ്വേഷം ഉള്‍പ്പെടെ ഉണ്ടാക്കാന്‍ ഇവരുടെ ഭാഗത്ത് നിന്ന് നീക്കമുണ്ടെന്നും പരാതിയില്‍ കന്യാസ്ത്രീ പറയുന്നു. മനുഷ്യാവകാശ കമ്മീഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യന്‍ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.ഫ്രാങ്കോ കേസില്‍ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിന്റെ നാള്‍വഴികളില്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവര്‍ക്കെതിരെയുള്ള കേസുകളാണിത്. എന്നാല്‍ ഫാ. ജെയിംസ് എര്‍ത്തയിലിന്റെ കേസുള്‍പ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണെന്നും കന്യാസ്ത്രീ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ബസ് ചാര്‍ജ്ജ് വര്‍ദ്ധന; അനിശ്ചിതകാല സമരത്തിനൊരുങ്ങി ബസുടമകള്‍;നവംബർ 20 ന് സൂചനാ പണിമുടക്ക്
തൃശ്ശൂര്‍: ബസ് ചാർജ് വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചികാലസമരത്തിനൊരുങ്ങുന്നു. ഇതിന് മുന്നോടിയായി നവംബര്‍ 20-ന് സൂചന പണിമുടക്ക് നടത്തും.തുടര്‍ന്നു നടപടികളുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഫെഡറേഷന്‍ അറിയിച്ചു.തൃശ്ശൂരില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ബസുടമകള്‍ ഇക്കാര്യം വ്യക്തമാക്കിയത്.സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും സമരത്തിൽ പങ്കെടുക്കുമെന്നും ബസുടമകള്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് ബസുടമകളുടെ പ്രധാന ആവശ്യം. ഇതോടൊപ്പം മിനിമം ചാര്‍ജ്ജ് നിലവിലെ എട്ട് രൂപയില്‍ നിന്നും പത്ത് രൂപയായി ഉയര്‍ത്തണമെന്നും ആവശ്യമുണ്ട്.വിദ്യാർത്ഥികളുടെ യാത്രാനിരക്ക് അൻപത് ശതമാനമെങ്കിലും കൂട്ടണമെന്നും വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെ ബസ് ചാർജ് വർദ്ധന കൊണ്ടു മാത്രം കാര്യമില്ലെന്നും ബസുടമകൾ വ്യക്തമാക്കി.ഇതോടൊപ്പം പുതിയ ഗതാഗതനയം രൂപീകരിക്കണമെന്നും കെഎസ്‌ആര്‍ടിസിയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു.
പൊതുമേഖലാ ബാങ്കുകളുടെ ലയനം;ബാങ്ക് ജീവനക്കാർ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തുന്നു
ന്യൂഡല്‍ഹി:പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ച് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ ഇന്ന് രാജ്യവ്യാപകമായി സൂചനാ പണിമുടക്ക് നടത്തും. കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല തീരുമാനം ഉണ്ടാവാത്തതിനാലാണ് പണിമുടക്കുന്നതെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി) ഭാരവാഹികള്‍ വ്യക്തമാക്കി.ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.പ്രധാനപ്പെട്ട 10 പൊതുമേഖലാ ബാങ്കുകളെ ലയിപ്പിപ്പ് നാലെണ്ണമാക്കുമെന്ന് ഇക്കഴഞ്ഞ് ആഗസ്ത് 30നാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചത്. തകര്‍ച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗത്തെ പിടിച്ചുനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകള്‍ ലയിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം.എന്നാല്‍ ബാങ്ക് ലയനത്തെ ശക്തമായി എതിര്‍ത്ത വിവിധ യൂണിയനുകൾ കരിദിനം ആചരിക്കുകയും സപ്തംബര്‍ 26, 27 തിയ്യതികളില്‍ പണിമുടക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടതിനാലാണ് ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നത്. കനറാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, അലഹാബാദ് ബാങ്ക്, യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക്, യുനൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്.
പ്രാർത്ഥനകൾ വിഫലം;കായികമേളക്കിടെ ഹാമര്‍ വീണ് തലക്ക് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു
കോട്ടയം:പാലായില്‍ നടന്ന ജൂനിയര്‍ അത് ലറ്റിക് മീറ്റിനിടെ ഹാമർ വീണ് തലക്ക് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. ഈരാറ്റുപേട്ട മൂന്നിലവ് കുരിഞ്ഞംകുളത്ത് അഫീല്‍ ജോൺസനാണ് മരിച്ചത്.സംസ്ഥാന ജൂനിയർ അത് ലറ്റിക്ക് മീറ്റിനിടെ വളണ്ടിയറിയിരുന്ന അഫീൽ ജോൺസണ് ഒക്ടോബർ 4ന് ആണ് പരിക്കേറ്റത്. സ്‌റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമർ ത്രോ പിറ്റിൽ നിന്നുള്ള ഹാമര്‍ അഫീലിന്റെ തലയില്‍ വന്നു വീഴുകയായിരുന്നു.അഫീലിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എങ്കിലും ആരോഗ്യനില ഗുരുതരമായി തുടര്‍ന്നു.കഴിഞ്ഞ 15 ദിവസമായി കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു അഫീല്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.സംസ്ഥാന കായിക വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ചികിത്സാ കാര്യങ്ങള്‍. വിദഗ്ധരായ ഡോക്ടര്‍മാരുടെ പാനലടക്കം ചികിത്സക്കായി രൂപീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫീലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ദ്രവ രൂപത്തിലുള്ള ഭക്ഷണം അഫീലിന് നല്‍കുകയും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്യുന്ന സ്ഥിതിയിലേക്ക് കുട്ടി എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം അഫീലിന് കടുത്ത പനി ബാധിക്കുകയായിരുന്നു.ന്യുമോണിയ ബാധയാണ് മരണത്തിലേക്ക് നയിച്ചത്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫീൽ ജോൺസൻ.
എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവെയ്ക്കില്ല; ആവശ്യമെങ്കിൽ സമയം നീട്ടി നൽകുമെന്നും ടിക്കാറാം മീണ
കൊച്ചി:മഴയുടെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പോളിങ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടിട്ടില്ല. ആശങ്ക അറിയിച്ചതേയുള്ളൂ. വൈകി പോളിങ് തുടങ്ങിയ സ്ഥലങ്ങളില്‍ സമയം നീട്ടുന്നത് പരിഗണിക്കുമെന്നും ടിക്കാറാം മീണ അറിയിച്ചു.പോളിങ് ഒട്ടും നടത്താനാവാത്ത സാഹചര്യത്തില്‍ മാത്രമാണ് വോട്ടെടുപ്പു മാറ്റിവയ്ക്കുക. അത്തരം സാഹചര്യം സംസ്ഥാനത്ത് എവിടെയുമില്ല. മഴ പ്രതികൂലമായി ബാധിച്ച സ്ഥലങ്ങളില്‍ വോട്ടു രേഖപ്പെടുത്താന്‍ കൂടുതല്‍ സയമം അനുവദിക്കുന്ന കാര്യം, സാഹചര്യം അനുസരിച്ച് തീരുമാനിക്കും. കലക്ടറുമായും നിരീക്ഷകരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. കേന്ദ്ര തെരഞ്ഞടുപ്പു കമ്മിഷനുമായി കൂടിയാലോചിച്ചാണ് വോട്ടിങ്ങിന് അധിക സമയം നല്‍കുന്നതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വോട്ടര്‍മാര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും ടിക്കാറാം മീണ അഭ്യര്‍ത്ഥിച്ചു.ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു മണ്ഡലങ്ങളില്‍ എറണാകുളത്താണ് കനത്ത മഴ പെയ്തത്. കൊച്ചി നഗരത്തിലെ പത്തു ബൂത്തുകളിലാണ് വെള്ളം കയറിയത്. ഇവിടങ്ങളിലെ ബൂത്തുകള്‍ ഒന്നാംനിലയിലേക്കു മാറ്റി സ്ഥാപിച്ചു. പോളിങ് നാല് മണിക്കൂര്‍ പിന്നിട്ടിട്ടും പത്തു ശതമാനത്തില്‍ താഴെയാണ് എറണാകുളത്തെ വോട്ടിങ് നില.
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു;എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; മഴ പോളിങ്ങിനെയും ബാധിച്ചു
കൊച്ചി: തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു.എറണാകുളം ജില്ലയില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്. കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചി എം.ജി. റോഡ്, സൗത്ത് റെയില്‍വേ സ്‌റ്റേഷന്‍,നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന്‍ റോഡുകള്‍, കലൂര്‍ ബസ് സ്റ്റാന്‍ഡ്, കലൂര്‍ സ്‌റ്റേഡിയം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. ബസുകള്‍ മാത്രമാണ് പലയിടത്തും റോഡുകളിലൂടെ സഞ്ചരിക്കുന്നത്. എം.ജി. റോഡിലെ പലകടകളിലും വെള്ളം കയറി. എറണാകുളം സൗത്തിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ പല ട്രെയിനുകളും വിവിധ സ്‌റ്റേഷനിലുകളായി പിടിച്ചിട്ടിരിക്കുകയാണ്.തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.ഇവരുടെ യൂണിഫോം ഉള്‍പ്പെടെ ഒഴുകിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.കലൂര്‍ സബ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കൊച്ചി ചുള്ളിക്കല്‍ ഭാഗത്ത് വീടുകളില്‍ വെള്ളം കയറി.ജില്ലയില്‍ മഴ ശക്തമായി തുടരുന്നത് ഉപതിരഞ്ഞെടുപ്പിലെ പോളിങിനെയും ബാധിച്ചിട്ടുണ്ട്. രണ്ടിടത്ത് പോളിങ് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിച്ചു. കഠാരിബാഗിലെ ബൂത്തിലും കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി.എറണാകുളം നോര്‍ത്ത്, സൗത്ത് റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസ് തല്‍ക്കാലത്തേക്കു നിര്‍ത്തിവച്ചിട്ടുണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ മഴ ശക്തമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത.
സംസ്ഥാനത്ത് തുലാവർഷം കനത്തു;അമ്പൂരിയിൽ ഉരുൾപൊട്ടൽ
തിരുവനന്തപുരം:സംസ്ഥാനത്ത് തുലാവര്‍ഷം ശക്തി പ്രാപിച്ചു.വരും നാളുകളിലും കനത്ത മഴ തുടരും.മഴ ശക്തമായ സാഹചര്യത്തിൽ എല്ലാ ജില്ലക്കിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ പെയ്ത കനത്ത മഴയിൽ കുന്നത്തുമല ഓറഞ്ചുകാടില്‍ ഉരുള്‍പൊട്ടലുണ്ടായി. സംഭവത്തില്‍ ആളപായമൊന്നുമില്ലെങ്കിലും കനത്ത കൃഷി നാശവും ഒരേക്കര്‍ കൃഷിഭൂമി ഒലിച്ച് പോയെന്നാണ് വിവരം.ഒന്നര ഏക്കറോളം കൃഷി സ്ഥലമാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഇന്നലെ വൈകിട്ടോടെയാണ് അപ്രതീക്ഷതമായി ഉരുള്‍പൊട്ടല്‍ സംഭവിച്ചത്. കോട്ടൂരിലെ അഗസ്ത്യവന മേഖലയിലുണ്ടായ കനത്ത മഴയില്‍ കാര്‍ ഒഴുകി പോയി. ശക്തമായ വെള്ളപാച്ചിലിലൂടെ കാറില്‍ പോകാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ വെള്ളത്തിലായത്. തുടര്‍ന്ന് അതിസാഹസികമായി നാട്ടുകാര്‍ കാറിനുള്ളില്‍ കുടുങ്ങിയ ആളെ പുറത്തെടുത്തു. അടുത്ത മൂന്ന് ദിവസങ്ങള്‍ കൂടി ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന സമയത്ത് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
കൊല്ലത്ത് സ്കൂളിലെ മാലിന്യ ടാങ്കിന്റെ സ്ളാബ് തകർന്ന് കുഴിയിൽ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്ക്
അഞ്ചല്‍: കൊല്ലം ഏരൂരില്‍ സ്കൂളിലെ മാലിന്യ ടാങ്കിൽ വീണ് അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏരൂര്‍ എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.ആരുടെയും പരിക്ക് ഗുരുതരമല്ല.ഉച്ചയ്ക്ക് ശേഷമാണ് സംഭവം.സ്കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നാണ് മാലിന്യ ടാങ്കുള്ളത്. ഈ ടാങ്കിന്‍റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നത്. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം പോലുള്ള പ്രശ്നങ്ങളുണ്ടായില്ല. സംഭവമുണ്ടായതിന് പിന്നാലെ സ്കൂള്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് കുട്ടികളെ പുറത്തെടുത്തു. പോലീസും സ്ഥലത്തെത്തി. തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്.