തിരുവനന്തപുരം:വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാരായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂട്ടറെ മാറ്റാനും സര്‍ക്കാര്‍ തീരുമാനിച്ചു.തുടരന്വേഷണത്തില്‍ കോടതിയെ സമീപിക്കാനും തീരുമാനമായി. തുടരന്വേഷണത്തിന് തടസമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്.പൊലീസ് മേധാവിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു.ഇതിന് ശേഷമാണ് പ്രോസിക്യൂട്ടറെ മാറ്റുന്നതടക്കമുള്ള നിര്‍ണായക തീരുമാനം വന്നിരിക്കുന്നത്.കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തില്‍ ആക്കിയിരുന്നു. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെ കെ ശൈലജ അടക്കം രംഗത്തെത്തുകയും ചെയ്തു.കേസില്‍ പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തുടനീളം ഉയര്‍ന്നിരുന്നു. കേസില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി പട്ടികജാതി-പട്ടിക വര്‍ഗ കമ്മീഷനും കണ്ടെത്തിയിരുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നിയമസഭയും കഴിഞ്ഞ ദിവസം പ്രക്ഷുബ്ദമായിരുന്നു.തുടര്‍ന്ന് സി.ബി.ഐ അന്വേഷണമാണോ പുനരന്വേഷണമാണോ വേണ്ടതെന്ന് പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേസ് അട്ടിമറിച്ചെന്ന പ്രതിപക്ഷ ആരോപണം തള്ളിയ മുഖ്യമന്ത്രി കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
വാളയാറിലെ സഹോദരിമാരുടെ മരണം;സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുട്ടികളുടെ അമ്മ
വാളയാർ:വാളയാറിലെ കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കുട്ടികളുടെ അമ്മ. കുട്ടിയെ പീഡിപ്പിക്കുന്നത് കണ്ടെന്ന് മജിസ്ട്രേറ്റിനോട് നേരിട്ട് പറഞ്ഞു.കോടതിക്ക് അകത്ത് നിന്ന പ്രതിയെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.എന്നിട്ടും കോടതി അത് മുഖവിലക്കെടുത്തിലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.തന്റെ ഇളയ കുട്ടിയെ കൊന്നത് തന്നെയാണെന്ന് ഇവര്‍ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.ചേച്ചി മരിച്ച സമയത്ത് മുഖം മൂടി ധരിച്ച രണ്ട് പേര്‍ ഇറങ്ങിപ്പോകുന്നത് കണ്ടുവെന്ന് ഇളയമകള്‍ പറഞ്ഞത് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് അറിഞ്ഞ പ്രതികള്‍ ഇളയമകളേയും കൊന്ന് കെട്ടിത്തൂക്കിയതാണെന്നും ഇവർ പറഞ്ഞു. ഇളയമകള്‍ നല്‍കിയ മൊഴി എന്തുകൊണ്ടാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടാഞ്ഞതെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞിരുന്നു.രണ്ടാമത്തെ കുട്ടിയുടെത് കൊലപാതകം തന്നെയാണെന്ന് സാക്ഷിയായ അബ്ബാസും വെളിപ്പെടുത്തിയിരുന്നു. രണ്ടാമത്തെ കുട്ടി മരിക്കുമ്പോൾ ഉത്തരത്തിൽ ലുങ്കി മുറുകിയിരുന്നില്ല. കുട്ടിക്ക് സ്വന്തമായി മുകളിൽ കയറി തുങ്ങി മരിക്കാൻ കഴിയില്ല. കോടതിയിൽ കൃത്യമായി മൊഴി നല്‍കാന്‍ അവസരം ലഭിച്ചില്ലെന്നും അബ്ബാസ് മാധ്യമങ്ങളോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
പോലീസ് കുറ്റപത്രം വൈകിച്ചു;യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതികളായ നസീമും ശിവരഞ്ജിത്തും ജയില്‍ മോചിതരായി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിയെ കുത്തിയ കേസിലും പിഎസ്‌സി കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയ കേസിലും പ്രതികളായ നസീമും ശിവരഞ്ജിത്തും ജയില്‍ മോചിതരായി.രണ്ടു കേസിലും പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.കേസുകളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിച്ചതോടെയാണ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമുണ്ടായത്.യൂണിവേഴ്സിറ്റി കോളേജിലുണ്ടായ കുത്തുകേസിലാണ് പ്രതികള്‍ക്കെതിരെ ആദ്യം എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. അതിനുശേഷം പി.എസ്.സി തട്ടിപ്പുകേസിലും ഇവര്‍ പ്രതി ചേര്‍ക്കപ്പെട്ടു. കുത്തുകേസ് അന്വേഷിച്ചിരുന്നത് ലോക്കല്‍ പോലീസും പി.എസ്.സി അന്വേഷിച്ചിരുന്നത് ക്രൈം ബ്രാഞ്ചുമാണ്. കുത്തുകേസില്‍ കഴിഞ്ഞമാസം തന്നെ ഇരുവര്‍ക്കും ജാമ്യം ലഭിച്ചുരുന്നു. പി.എസ്.സി തട്ടിപ്പിലും കൂടി ജാമ്യം ലഭിച്ചതോടെയാണ് ഇരുവരും ജയില്‍ മോചിതരാവുന്നത്. അതേസമയം പിഎസ്‌സി പരീക്ഷ ക്രമക്കേട് കേസിലെ മറ്റ് പ്രതികളായ പി.പി.പ്രണവ്, ഗോകുല്‍, സഫീര്‍ എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. ഇവര്‍ക്കും കുറ്റപത്രം വൈകുന്നതിനാല്‍ അടുത്തുതന്നെ ജാമ്യം ലഭിച്ചേക്കും.
പ്രാർത്ഥനകൾ വിഫലം;കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ വിടപറഞ്ഞു
തിരുച്ചിറപ്പള്ളി: പ്രാര്‍ത്ഥനകളും പ്രതീക്ഷകളും വിഫലമാക്കി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ട് വസുകാരന്‍ വിടപറഞ്ഞു. വെള്ളിയാഴ്‌ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവരവെയാണ് രാജ്യത്തെയാകെ നൊമ്പരപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നത്. കിണറില്‍ നിന്ന് അഴുകിയ ദുര്‍ഗന്ധം വമിച്ചതോടെയാണ് കുട്ടി മരിച്ചതായി സ്ഥിരീകരിച്ചത്.പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിര്‍ത്തി വെച്ച് കുഴല്‍കിണറിനുള്ളില്‍ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചയോടെ പുറത്തെടുത്തു. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് വീടിനടുത്തുള്ള പുരയിടത്തില്‍ കളിക്കുന്നതിനിടെ കുട്ടി കുഴല്‍ക്കിണറ്റില്‍ അകപ്പെട്ടത്. 600 മുതല്‍ ആയിരം അടി വരെ ആഴമുണ്ടെന്നു കരുതപ്പെടുന്ന കിണറില്‍, നൂറ് അടി താഴ്‌ചയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കുട്ടി. ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പൊലീസ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്.എണ്ണ കമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കല്‍ പുരോഗമിച്ചത്. മണിക്കൂറില്‍ പത്തടി കുഴിയെടുക്കാന്‍ കഴിയുന്ന യന്ത്രം കൊണ്ട മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിക്കാന്‍ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലായത്.കുറെയേറെ തടസ്സങ്ങളെ മറികടന്നാണ് രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നത്. എന്നാല്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥനയെ കണ്ണീരിലാഴ്ത്തി തിങ്കളാഴ്ച രാത്രിയോടു കൂടി കുഞ്ഞിന്റെ മരണവാര്‍ത്തയെത്തുകയായിരുന്നു.
മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു
എടവണ്ണ:മലപ്പുറത്ത് ബയോഗ്യാസ് പ്ലാന്‍റ് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ടു പേര്‍ മരിച്ചു.ഒരാള്‍ ഗുരുതരാവസ്ഥയിലാണ്.തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് എടവണ്ണ പത്തപ്പിരിയത്താണ് സംഭവം.അഞ്ചു പേരാണ് പ്ലാന്‍റ് വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്.ഇതില്‍ മൂന്നുപേരാണ് പ്ലാന്‍റിനുള്ളില്‍ ഇറങ്ങിയത്.ഇവരില്‍ രണ്ടു പേര്‍ വിഷവാതകം ശ്വസിച്ച് പ്ലാന്റില്‍ തന്നെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കൂടത്തായി കൊലപാതക പരമ്പര;അൽഫൈൻ വധക്കേസിൽ ജോളിയെ ഇന്ന് അറസ്റ്റ് ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപതാക കേസിലെ മുഖ്യപ്രതി ജോളിയെ ആല്‍ഫൈന്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യും.ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ അറസ്റ്റു ചെയ്യാന്‍ അന്വേഷണ സംഘത്തിന് കൊയിലാണ്ടി കോടതി അനുമതി നല്‍കിയിരുന്നു. ഈ കേസ് അന്വേഷിക്കുന്ന തിരുവമ്പാടി സിഐ ഇന്ന് കോഴിക്കോട് ജില്ലാ ജയിലിലെത്തി ജോളിയുടെഅറസ്റ്റ് രേഖപ്പെടുത്തും.തുടർന്ന് ഇന്നുതന്നെ അന്വേഷണ സംഘം പ്രൊഡക്ഷന്‍ വാറന്റ് താമരശ്ശേരി കോടതിയില്‍ സമര്‍പ്പിക്കും.ആല്‍ഫൈന്‍ വധക്കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനായി ജോളിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് സാധ്യത. ആല്‍ഫൈന്‍ വധക്കേസുമായി ബന്ധപ്പെട്ട് ജോളിയുടെ രണ്ടാം ഭര്‍ത്താവിനേയും പിതാവിനേയും ഇന്ന് വീണ്ടും വിളിച്ചുവരുത്തിയേക്കുമെന്ന് സൂചനയുണ്ട്.നിലവിൽ റോയ്,സിലി വധക്കേസുകളിലാണ് ജോളിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറബിക്കടലില്‍ ‘ക്യാര്‍’ ചുഴലിക്കാറ്റ് രൂപം കൊണ്ടു; കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം:മധ്യ കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ‘ക്യാര്‍’എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴു കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ ആറു മണിക്കൂറായി സഞ്ചരിക്കുകയാണ്. ചുഴലിക്കാറ്റിലെ കാറ്റിന്റെ പരമാവധി വേഗതയിപ്പോള്‍ മണിക്കൂറില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ്.വെള്ളിയാഴ്ച പകല്‍ മഹാരാഷ്ട്രയിലെ രത്‌നഗിരി തീരത്തില്‍ നിന്ന് 210 കിലോമീറ്റര്‍ ദൂരത്തിലും തെക്കുപടിഞ്ഞാറന്‍ മുംബയില്‍ നിന്ന് 370 കിലോമീറ്റര്‍ ദൂരത്തിലും ഒമാനിലെ സലാല തീരത്ത് നിന്ന് 1870 കിലോമീറ്റര്‍ ദൂരത്തിലുമായിരുന്നു ക്യാര്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം.അടുത്ത 12 മണിക്കൂറില്‍ ഇതൊരു അതിശക്തമായ ചുഴലിക്കാറ്റായി മാറുമെന്നാണ് കരുതുന്നത്.തുടര്‍ന്നുള്ള 24 മണിക്കൂറില്‍ കൂടുതല്‍ ശക്തിപ്രാപിച്ചു തീവ്ര ചുഴലിക്കാറ്റായി മാറുമെന്നും ദിശമാറി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.കേരളം ക്യാര്‍ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ല.എന്നാല്‍, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.ചുഴലിക്കാറ്റിന്റെ സ്വാധീനമുള്ളത് കൊണ്ട് തന്നെ മല്‍സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്നും കർശന നിർദേശമുണ്ട്.ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കേരള തീരത്ത് 3.0 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചു.അടുത്ത 48 മണിക്കൂറില്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടകതീരം, വടക്ക് കിഴക്ക് അറബിക്കടല്‍ ഇതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോകരുത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മത്സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് ജില്ലാഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.’ക്യാര്‍’ ചുഴലിക്കാറ്റിന്റെ വികാസത്തെയും സഞ്ചാരത്തെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതിശക്തമായ മഴയുണ്ടാകുകയും ചെയ്യുന്ന ഘട്ടത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
മരട് ഫ്ലാറ്റ് വിവാദം;ഉടമകൾക്ക് 25 ലക്ഷം രൂപ വീതം നൽകണം,നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണമെന്നും സുപ്രീം കോടതി
ന്യൂഡല്‍ഹി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി.എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരമായി 25 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.എന്നാല്‍ തങ്ങള്‍ക്ക് 25 ലക്ഷം നല്‍കാന്‍ ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല എന്ന് ഫ്‌ളാറ്റ് ഉടമകള്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. വില്‍പ്പന കരാറില്‍ തുക കുറച്ച് കാണിച്ചെങ്കിലും ബാങ്ക് ലോണിനും മറ്റും വന്‍ തുക തങ്ങള്‍ ചെലവഴിച്ചിട്ടുണ്ട് എന്ന് ഫ്‌ളാറ്റ് ഉടമകള്‍ വാദിച്ചു.ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ തയ്യാറാണെന്നും ഉടമകള്‍ വ്യക്തമാക്കി.ബാലകൃഷ്ണന്‍ നായര്‍ സമിതിയുടെ മാനദണ്ഡം പ്രകാരം ഫ്‌ളാറ്റിന്റെ വില പരിശോധിച്ച് നഷ്ടപരിഹാരം നിശ്ചയിച്ചത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു.ഇതേ തുടര്‍ന്നാണ് നഷ്ട പരിഹാരത്തിന് സമിതിയെ സമീപിച്ച എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്.എന്നാല്‍ ഈ തുകയ്ക്ക് ഉള്ള രേഖകള്‍ ഫ്‌ളാറ്റ് ഉടമകള്‍ പിന്നീട് ഹാജരാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.നഷ്ട പരിഹാരത്തുക നല്‍കാന്‍ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ 20 കോടി രൂപ കെട്ടി വയ്ക്കണം. ഈ തുക നല്‍കുന്നതിനായി ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരിപ്പിച്ച മുന്‍ ഉത്തരവില്‍ സുപ്രീം കോടതി ഭാഗികമായി ഭേദഗതി വരുത്തി.സംസ്ഥാന സര്‍ക്കാര്‍ പണം ഈടാക്കി ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ വീതം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന ഹര്‍ജിക്കാരുടെആവശ്യം കോടതി തള്ളി. ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന് ഒരിഞ്ചുപോലും പുറകോട്ട് പോകില്ലെന്നും കോടതി പറഞ്ഞു.
കൂടത്തായി കൊലപാതകം;ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിതീകരണം
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം സയനൈഡ് കണ്ടെത്തിയത്.സിലിയെ കൊല്ലാന്‍ ഉപയോഗിച്ചതിന്റെ ബാക്കി സയനൈഡ് ആണിത് എന്നാണ് റിപ്പോര്‍ട്ട്.ബുധനാഴ്ചയാണ് മുഖ്യപ്രതി ജോളിയുടെ കാറില്‍ നിന്നും വെളുത്ത പൊടി കണ്ടെത്തിയത്.ജോളിയുടെ വീടിന് തൊട്ടടുത്ത വീട്ടില്‍ നിന്നുമാണ് കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഈ കാറിലാണ് വിഷം സൂക്ഷിച്ചതെന്ന് ജോളി മൊഴി നല്‍കിയിരുന്നു. ഡ്രൈവര്‍ സീറ്റിന് അടുത്തായി രഹസ്യഅറയിലെ പഴ്‌സില്‍ നിന്നുമാണ് പൊട്ടാസ്യം സയനൈഡ് കണ്ടെത്തിയത്. കാറിനുള്ളിലാണ് താന്‍ സയനൈഡ് സൂക്ഷിച്ചിരുന്നതെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു.ജോളി നടത്തിയ കൊലപാതകങ്ങളില്‍ ഒന്ന് കാറിനുള്ളില്‍ വെച്ചാണ് നടത്തിയത് എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. നിലവില്‍ കാറിനുള്ളില്‍ നിന്ന് ലഭിച്ചത് സയനൈഡ് എന്ന് സ്ഥിരീകരിച്ചത് അന്വേഷണത്തില്‍ പൊലീസിന് നിര്‍ണായകമായ തെളിവാകും.
അതേസമയം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോളിയുമായി പോലീസ് ഇന്നലെ തെളിവെടുപ്പ് നടത്തി.ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.രാവിലെ വടകരയില്‍ നിന്ന് കൂടത്തായിയിലെത്തിച്ച ജോളിയെ ആദ്യം ഭര്‍തൃവീടായ പുലിക്കയത്തേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്.ഇവിടെ ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒന്നിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തു. പുലിക്കയത്തെ തെളിവെടുപ്പിന് ശേഷം നേരെ പൊന്നാമറ്റത്തെ വീട്ടിലേക്കാണ് പോയത്. പൊന്നാമറ്റത്തെ വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് ഉള്‍പ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച്‌കൊടുത്തു.തുടര്‍ന്ന് പൊന്നാമറ്റത്തുനിന്നും താമരശേരിയിലെ ദന്താശുപത്രിയിലേക്ക്. താമരശേരി ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ഉച്ച ഭക്ഷണത്തിന് ശേഷം വീണ്ടും തെളിവെടുപ്പിനായി പുറത്തേക്ക്.സിലിക്ക് നല്‍കാനായി അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി തീരും മുന്‍പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും.
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു
തിരുവനന്തപുരം:വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്ത് വിജയിച്ചു.14251 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് പ്രശാന്തിന്റെ തിളക്കമാര്‍ന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയ മേയര്‍ ബ്രോ ഒരു ഘട്ടത്തില്‍ പോലും പിന്നിലേക്ക് പോയില്ല.കഴിഞ്ഞ തവണ മൂന്നാമതായി പിന്തളളപ്പെട്ട എല്‍ഡിഎഫിന്റെ ശക്തമായ തിരിച്ചുവരവാണ് ഉണ്ടായിരിക്കുന്നത്.വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ പ്രശാന്തിന് അനുകൂലമായ ഫലസൂചനകളാണ് പുറത്തുവന്നുകൊണ്ടിരുന്നത്. ഒരു ഘട്ടത്തിലും പ്രശാന്ത് പിന്നോട്ട് പോയില്ല. ലീഡ് നില ഉയര്‍ത്തുന്നതാണ് ഓരോ മണിക്കൂറിലും കണ്ടത്.