കോഴിക്കോട്:മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് അറസ്റ്റിലായ യുവാക്കൾക്കെതിരെ യുഎപിഎ(അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്‌ട്) നിലനിൽക്കുമെന്ന് പോലീസ്.ഇതിനാവശ്യമായ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.അറസ്റ്റിലായ യുവാക്കളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കവെയാണ് പോലീസ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയത്. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു.എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പ്രോസിക്യൂഷന്‍ ഈ വാദത്തെ എതിര്‍ക്കും. സര്‍ക്കാര്‍ പ്ലീഡര്‍ ഇത്തരത്തില്‍ കോടതിയില്‍ നിലപാട് വ്യക്തമാക്കുമെന്നുമാണു സൂചന.യുഎപി കേസുകളില്‍ സെഷന്‍സ് കോടതികള്‍ സാധാരണ ജാമ്യം നല്‍കാറില്ല. കുറ്റപത്രം തയാറായി കഴിയുമ്പോഴോ 90 ദിവസ കാലാവധിക്കു ശേഷമോ ആണ് ഇത്തരം കേസുകളില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത. സംഭവത്തില്‍ കേസ് വിവരങ്ങള്‍ വേഗത്തില്‍ ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി അധ്യക്ഷനായ യുഎപിഎ പരിശോധനാ സമിതിക്കു കൈമാറാന്‍ പോലീസിനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമിതി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാകും പ്രോസിക്യൂഷന്‍ അനുമതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഇതിനുശേഷം മാത്രമേ ഇനി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതടക്കമുള്ള തുടര്‍നടപടികള്‍ പോലീസിനു സ്വീകരിക്കാനാകൂ.അതേസമയം, സിപിഎം പ്രവര്‍ത്തകരായ യുവാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തതു മേലുദ്യോഗസ്ഥരുടെ അറിവോടെയെന്നാണു സൂചന. യുഎപിഎ ചുമത്തുന്നതിന് മുൻപ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതി ലോക്കല്‍ പോലീസ് തേടിയിരുന്നു.യുഎപിഎ ചുമത്തുന്നതിനു മുന്നോടിയായി ഡിജിപി പുറപ്പെടുവിച്ച മാനദണ്ഡങ്ങളെല്ലാം പാലിച്ചിരുന്നതായി പന്തീരാങ്കാവ് പോലീസ് പറഞ്ഞു.ജില്ലാ പോലീസ് മേധാവിയുടെ അനുമതി വാങ്ങണമെന്നാണു ഡിജിപിയുടെ നിര്‍ദേശം. ഇതു പ്രകാരം സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജിന്‍റെ അനുമതി പന്തീരാങ്കാവ് പോലീസ് വാങ്ങിയിരുന്നു. എഫ്‌ഐആര്‍ തയാറാക്കിയതും കമ്മീഷണറുടെയും മറ്റും അനുമതിയോടെ തന്നെയാണ്. സിപിഎം പ്രവര്‍ത്തകരായതിനാല്‍ കമ്മീഷണര്‍ ഐജിയെയും ഐജി എഡിജിപിയെയും ഡിജിപിയെയും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്കു പോലീസ് നീങ്ങിയത്.
അട്ടപ്പാടിയിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി
പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടി ഉൾവനത്തിൽ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കുന്ന നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്ന് കോടതി.പാലക്കാട് ജില്ലാ കോടതിയുടേതാണ് ഉത്തരവ്.സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പൊലീസ് പാലിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കണോ എന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം മണിവാസകത്തിന്‍റെ മൃതദേഹം മാത്രമാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കാതെ, ആരും ഏറ്റെടുക്കാനില്ലാത്ത വിഭാഗത്തില്‍പ്പെടുത്തി സംസ്കരിക്കാനാണ് പൊലീസിന്‍റെ ഉദ്ദേശ്യമെന്ന് മാവോയിസ്റ്റുകളുടെ ബന്ധുക്കള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷക ആരോപിച്ചു.എന്നാല്‍ സംസ്കാരം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയില്‍ അപേക്ഷ നല്‍കി. ഇന്നത്തെ കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം റീ പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈക്കോടതിയെ സമീപിക്കാനുള്ള സാവകാശം നല്‍കണമെന്ന് കോടതിയില്‍ അപേക്ഷ നല്‍കിയെന്ന് അഭിഭാഷക പറഞ്ഞു.
കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
കണ്ണൂര്‍: കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ട് അപകടത്തില്‍പ്പെട്ട് കാണാതായ സ്രാങ്കായ ആലപ്പുഴ തോട്ടപ്പള്ളി ഗോപിയുടെ മകന്‍ രാജീവന്‍ (43), കണ്ണൂര്‍ ആയിക്കരയില്‍നിന്നു പോയ ഫൈബര്‍ വള്ളത്തിലുണ്ടായിരുന്ന ആദികടലായി സ്വദേശി ഫാറൂഖ് (40) എന്നിവര്‍ക്കായുള്ള തിരച്ചിലാണ് പുരോഗമിക്കുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇന്നലെ കോസ്റ്റല്‍ പോലീസ്, ഫിഷറീസ്, മത്സ്യ തൊഴിലാളികള്‍ എന്നിവരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല.
തൃശൂര്‍ ചാവക്കാടുനിന്ന് തിങ്കളാഴ്ച രാവിലെ കടലില്‍ പോയ തമ്പുരാൻ ബോട്ടും കണ്ണൂര്‍ ആയിക്കരയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ രണ്ടു ഫൈബര്‍ വള്ളങ്ങളുമാണ് അപകടത്തില്‍പ്പെട്ടത്.ബുധനാഴ്ചയാണ് തമ്പുരാൻ ബോട്ട് കനത്ത തിരമാലകളില്‍പ്പെട്ടത്.ആടിയുലഞ്ഞ ബോട്ടില്‍നിന്ന് രാജീവന്‍ കടലിലേക്ക് തെറിച്ചുവീഴുകയായിരുന്നു.വയര്‍ലസ് സെറ്റടക്കം നഷ്‌ടപ്പെട്ടതിനാല്‍ അപകടത്തില്‍പ്പെട്ട വിവരം പുറംലോകത്തെ അറിയിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല.കേടുപാടുകള്‍ സംഭവിച്ച ബോട്ട് വെള്ളിയാഴ്ച പുലര്‍ച്ചെ ആയിക്കര ഹാര്‍ബറിലാണ് എത്തിയത്.ബോട്ടിൽ അവശനിലയിൽ കണ്ടെത്തിയ തോട്ടപ്പള്ളി സ്വദേശി കമലാസന്‍ (67), കുഞ്ഞുമോന്‍ (58), ചാവക്കാട് സ്വദേശികളായ ബിജു (40), രൂപേഷ് (28), അജേഷ് (32), തമിഴ്നാട് ചിദംബരം സ്വദേശി ഗോപു (42) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആയിക്കരയില്‍നിന്ന് ബുധനാഴ്ച രാവിലെ മത്സ്യബന്ധനത്തിനു പോയ ഫൈബര്‍ വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ ബോട്ടിലുണ്ടായിരുന്ന ഫാറൂഖ് വള്ളത്തില്‍നിന്നു തെറിച്ച് കടലിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി വര്‍ഗീസ് (40), ആയിക്കര സ്വദേശി മുഹമ്മദ് (38) എന്നിവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആയിക്കരയില്‍നിന്നു പോയ കിരണ്‍ എന്ന ഫൈബര്‍ ബോട്ട് അപകടത്തില്‍പ്പെട്ടെങ്കിലും വള്ളത്തിലുണ്ടായിരുന്ന മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു.
മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം;യുഎപിഎ പിൻവലിക്കില്ലെന്ന് പോലീസ്
കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത സി.പി.എം പ്രവര്‍ത്തകരുടെ കയ്യില്‍ നിന്നും കണ്ടെടുത്തത് മാവോയിസ്റ്റ് ലഘുലേഖകള്‍ തന്നെന്ന് പോലീസ്.ഈ സാഹചര്യത്തില്‍ ഇവർക്കുമേൽ ചുമത്തിയ യു.എ.പി.എ പിന്‍വലിക്കില്ലെന്നും ഉത്തര മേഖല ഐ.ജി അശോക് യാദവ് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സി.പി.എം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരെയാണ് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പിന്‍വലിക്കില്ലെന്നു വ്യക്തമാക്കി ഐ.ജി രംഗത്തെത്തിയിരിക്കുന്നത്.ഏത് സാഹചര്യത്തിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് വിശദീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.യുഎപിഎ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും ആവശ്യപ്പെട്ടിരുന്നു. മാവോയിസ്റ്റുകളുമായി സൗഹൃദമുണ്ടെന്നതിന്റെ പേരില്‍ യു.എ.പി.എ ചുമത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ നിയമ ബിരുദ വിദ്യാര്‍ഥിയായ അലന്‍ എസ്.എഫ്.ഐ അംഗമാണ്. താഹ സി.പി.എം പ്രവര്‍ത്തകനും.
മാവോയിസ്റ്റ് വേട്ടക്കെതിരേ ലഘുലേഖ കൈവശം വെച്ചതിന് വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു
കോഴിക്കോട്: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെയുള്ള ലഘുലേഖ കൈവശം വെച്ചതിന് കോഴിക്കോട് ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡി.വൈ.എഫ്.ഐ അംഗമായ തിരുവണ്ണൂർ സ്വദേശി അലൻ ഷുഹൈബിനെയും എസ്.എഫ്.ഐ അംഗം താഹ ഫസലിനെയുമാണ് വെള്ളിയാഴ്ച വൈകീട്ടോടെ പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.ഇരുവരുടെയും വീട്ടില്‍ പൊലീസ് പരിശോധന നടത്തി.കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമബിരുദ വിദ്യാര്‍ഥിയാണ് അലന്‍. മാധ്യമവിദ്യാര്‍ഥിയാണ് താഹ ഫസല്‍. നിയമ വിദ്യാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനുമായ അലന്‍റെ അറസ്റ്റിനെതിരെ വിവിധ യുവജന പ്രസ്ഥാനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. വിവിധ പരിപാടികള്‍ക്കായി കോഴിക്കോടെത്തുന്ന മുഖ്യമന്ത്രിയെ അലന്‍റെ മാതാപിതാക്കള്‍ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പ്രതിഷേധിച്ചുള്ള ലഘുലേഖയായിരുന്നു എന്നാണ് പൊലീസില്‍ നിന്നുള്ള വിവരം.
ഡല്‍ഹിയില്‍ പുകമലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍;പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു,ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ അടച്ചിട്ടു
ന്യൂഡല്‍ഹി:ഡൽഹിയിൽ പുക മലിനീകരണം അതീവ ഗുരുതരാവസ്ഥയില്‍.ഇതോടെ ഡല്‍ഹി- എന്‍.സി.ആര്‍ മേഖലയില്‍ പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.സുപ്രിംകോടതി സമിതിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.നവംബര്‍ അഞ്ചു വരെ മേഖലയില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്താന്‍ പാടില്ലെന്നും നിർദേശമുണ്ട്.ചൊവ്വാഴ്ച വരെ സ്‌കൂളുകള്‍ അടച്ചിടുകയും ചെയ്തു. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിനെതിരെ പരിസ്ഥിതി മലിനീകരണ (നിയന്ത്രണ) അതോറിറ്റി നിരോധന ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്.ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി ചീഫ് സെക്രട്ടറിമാര്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുക മലനീകരണം അതീവ ഗുരുതരാവസ്ഥയിലാണെന്നും ആളുകളെ, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ വലിയ രീതിയില്‍ ബാധിക്കുമെന്നും ഇവര്‍ക്കറിയിച്ച കത്തില്‍ പറയുന്നു.സ്‌കൂള്‍ കുട്ടികള്‍ക്കായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 50 ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തു. മറ്റുള്ളവരോടു മാസ്‌ക് ധരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.വായു നിലവാര സൂചിക ക്യൂബിക് 426 ആണ്. മനുഷ്യന് സ്ഥാപിക്കാവുന്ന നിലവാരം 200 ആണ്. ഇന്ത്യ ഗേറ്റ് പരിസരത്താണ് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം. നോയിഡ, ഗസിയാബാദ് എന്നിവിടങ്ങളിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാണ്.
മഹ കൂടുതല്‍ ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക്; കേരള തീരത്ത് ആശങ്ക ഒഴിയുന്നു;ജാഗ്രത തുടരാൻ നിർദേശം
കോഴിക്കോട്: അറബിക്കടലില്‍ രൂപം കൊണ്ട മഹ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു.ഇതോടെ കേരള തീരത്ത് ആശങ്ക ഒഴിയുകയാണ്എങ്കിലും ഇന്നും നാളെയും സംസ്ഥാനത്തുടനീളം പരക്കെ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.’മഹ’ കേരള തീരത്ത് നിന്നും 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക, ഗോവ മേഖലയിലാണുള്ളത്. കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും.മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്‍റെ വേഗം. കേരളത്തിലെ തീരദേശ മേഖലയിലും മലയോര മേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. മറ്റെല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.ചുഴലിക്കാറ്റിന്‍റെ സ്വാധീനത്തെ തുടര്‍ന്ന് ഉണ്ടായ മഴയും കാറ്റും ഇന്ന് മുതല്‍ കുറഞ്ഞ് തുടങ്ങും. വിവിധ ജില്ലകളില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. കൊച്ചി മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരമേഖലയില്‍ കടല്‍ക്ഷോഭം തുടരുകയാണ്.കേരള തീരത്ത് ശനിയാഴ്ച്ച വരെ മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.തീരദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമാണ്.നാല് മീറ്ററില്‍ അധികം ഉയരമുള്ള വന്‍തിരമാലകള്‍ ഉണ്ടാകുമെന്ന് സമുദ്ര നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
കണ്ണൂര്‍:മഴ ശക്തമായ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.സിബിഎസ്‌ഇ, ഐസിഎസ് സ്‌കൂളുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ലെന്നും കളക്ടര്‍ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.നേരത്തെ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എം ജി സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലാ പിആര്‍ഒ അറിയിച്ചിട്ടുണ്ട്.
അട്ടപ്പാടി വനത്തില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്
പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടി വനത്തില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. കൊല്ലപ്പെട്ട മാവോവാദികളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയു ബന്ധുക്കള്‍ നല്‍കിയ ഹർജിയിൽ പാലക്കാട് ജില്ല സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. നവംബര്‍ രണ്ടിന് കോടതി പരാതി വീണ്ടും പരിഗണിക്കും.ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രീം കോടതി മാനദണ്ഡം പാലിക്കണമെന്ന പരാതിയിലാണ് കോടതി നടപടി. റീപോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ബന്ധുക്കള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നല്‍കിയിരുന്നു. മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്.അതേസമയം അട്ടപ്പാടി മഞ്ചക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആവര്‍ത്തിച്ച് കൊല്ലപ്പെട്ട മാവോവാദികളുടെ ബന്ധുക്കള്‍ രംഗത്തെത്തി. തങ്ങള്‍ക്ക് നീതി വേണമെന്ന് കൊല്ലപ്പെട്ട കാര്‍ത്തിക്കിന്റെ സഹോദരന്‍ മുരുകേഷ് ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നാല് മാവോയിസ്റ്റുകളാണ് പാലക്കാട് മേലെ മഞ്ചക്കണ്ടി വനത്തിനുള്ളില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
ക്യാറിനു പിന്നാലെ മഹാ ചുഴലിക്കാറ്റും;കേരളത്തിലും ലക്ഷദ്വീപിലും കനത്ത മഴ;തീരപ്രദേശത്ത് ജാഗ്രത നിര്‍ദ്ദേശം; മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിച്ചു
കൊച്ചി:അറബിക്കടലിൽ ലക്ഷദ്വീപ് മേഖലയിൽ രൂപം കൊണ്ട അതിതീവ്ര ന്യൂനമർദം മഹാ ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ഉച്ചയോടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകും.ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി.മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ലെങ്കിലും കേരള തീരത്തോട് ചേർന്ന കടൽ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാനിടയുണ്ട്.അതിനാല്‍ സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശമുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകുന്നത് വിലക്കി.മത്സ്യത്തൊഴിലാളികളെ പൂര്‍ണ്ണമായും തിരിച്ചു വിളിച്ചിട്ടുണ്ട്.ഇനിയുള്ള സമയങ്ങളിലും കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരുന്നതാണ്. കടൽ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്.ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.ശക്തമായ കാറ്റുള്ളതിനാല്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കുകയോ വാഹനങ്ങള്‍ നിര്‍ത്തിയിടുകയോ ചെയ്യരുത്. പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.മലയോരത്തേക്കുള്ള രാത്രിയാത്ര നിയന്ത്രിക്കണമെന്നും ബീച്ചുകളിലേക്കു പോകരുതെന്നും അതോറിറ്റി വ്യക്തമാക്കി.അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിവതും താമസിക്കാതെ സുരക്ഷിത ഇടങ്ങളിലേക്കു മാറുന്നതാണു നല്ലതെന്നും അതോറിറ്റി അറിയിച്ചു.