മഞ്ചിക്കണ്ടിയില്‍ നിന്നും രക്ഷപ്പെട്ട മാവോയിസ്റ്റ് ദീപക് ആനക്കട്ടിയില്‍ പിടിയില്‍;ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയെന്ന് പൊലീസ്

keralanews maoist deepak escaped from manjakkady caught deepak is the main person to give arms training to maoists

പാലക്കാട്: അട്ടപ്പാടിക്ക് അടുത്ത മേലെ മഞ്ചിക്കണ്ടിയിലുണ്ടായ പൊലീസ് വെടിവെപ്പിനിടെ കാട്ടിലേക്ക് രക്ഷപ്പെട്ട മാവോയിസ്റ്റ് പൊലീസ് പിടിയില്‍. മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് എന്ന ചന്ദുവിനെയാണ് തമിഴ്‌നാട് ടാസ്‌ക് ഫോഴ്‌സ് പിടികൂടിയത് എന്നാണ് വിവരം. ആനക്കട്ടിക്ക് അടുത്ത് വച്ച്‌ ഇയാളെ ടാസ്‌ക് ഫോഴ്‌സ് പിടികൂടുമ്പോൾ കൂടെ മറ്റൊരാളും ഉണ്ടായിരുന്നുവെന്നും ഇയാളും കസ്റ്റഡിയിലാണെന്നാണ് വിവരം.തമിഴ്‌നാട് വഴി രക്ഷപെടാനായിരുന്നു നീക്കം.ദീപക്കിനെ കോയമ്ബത്തൂരിലെ രഹസ്യ കേന്ദ്രത്തിലേക്ക് നീക്കിയെന്നാണ് വിവരം.പാലക്കാട് മഞ്ചക്കണ്ടിയില്‍ പൊലീസ് നടത്തിയ ഓപ്പറേഷനില്‍ നാലു മാവോയിസ്റ്റുകളെയാണ് വെടിവെച്ചുകൊന്നത്. മാവോയിസ്റ്റ് നേതാവ് മണിവാസകം അടക്കം മൂന്നു പുരുഷന്മാരും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന ദീപക് ഓടിരക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. ഛത്തീസ് ഗഡ് സ്വദേശിയായ ദീപക് മാവോയിസ്റ്റുകള്‍ക്ക് ആയുധപരിശീലനം നല്‍കുന്നതില്‍ പ്രധാനിയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മാവോയിസ്റ്റ് നേതാവ് ദീപക് എകെ-47 തോക്കുപയോഗിച്ച്‌ വനത്തിനുള്ളില്‍ പരിശീലനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു.മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്ത പെന്‍ഡ്രൈവിലാണ് ദീപക്കിന്റെ തോക്ക് പരിശീലന ദൃശ്യങ്ങളുണ്ടായിരുന്നത്.

അയോധ്യയിൽ ചരിത്ര വിധി;തർക്കഭൂമി ഹിന്ദുക്കൾക്ക്;മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകും

keralanews historic verdict in ayodhya case the disputed land will be given to hindus land will be given to muslims instead

ന്യൂഡൽഹി:അയോദ്ധ്യ കേസിൽ നിർണായക വിധി വന്നു.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.അയോധ്യയിലെ തർക്കഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീങ്ങൾക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി.പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീംങ്ങള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടു.മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് സ്ഥലം കൊടുക്കണം.ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയില്‍ ഉടമാവകാശം സ്ഥാപിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ലെന്ന് കോടതി വിലയിരുത്തി. അതേസമയം ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം. ഇതിനായി മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഭൂമിക്കടിയില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നെന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ റിപ്പോർട്ട് തള്ളാനാവില്ലെന്ന് കോടതി പറഞ്ഞു. ബാബരി മസ്ജിദ് പണിതത് ഒഴിഞ്ഞുകിടന്ന ഭൂമിയില്‍ അല്ല. ആ കെട്ടിടത്തിന്റെ അടിയിലുണ്ടായിരുന്ന അവഷിഷ്ടങ്ങള്‍ ഇസ്ലാമികമല്ല എന്നതിനു തെളിവുണ്ട്. എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തര്‍ക്ക സ്ഥലത്തു തന്നെയാണ് ശ്രീരാമന്‍ ജനിച്ചത് എന്നു ഹിന്ദുക്കള്‍ വിശ്വസിച്ചുവരുന്നതിന് തെളിവുണ്ട്. രാം ചബൂത്ര, സീതാ രസോയി എന്നിവയില്‍ ബ്രിട്ടിഷ് കാലത്തിനു മുമ്ബുതന്നെ ഹിന്ദുക്കള്‍ ആരാധാന നടത്തിയിരുന്നതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച കേസില്‍ വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനമെടുക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

രാമജന്മ ഭൂമിയെ നിയമ വ്യക്തിത്വമായി അംഗീകരിക്കണമെന്ന നിര്‍മോഹി അഖാഡയുടെ വാദം കോടതി അംഗീകരിച്ചില്ല. നിര്‍മോഹി അഖാഡ നല്‍കിയ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭൂമിയില്‍ അവകാശവാദം ഉന്നയിച്ച്‌ ഷിയ വഖഫ് ബോര്‍ഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 1946ലെ ഫൈസാബാദ് കോടതി വിധിയെ ചോദ്യം ചെയ്താണ് ഷിയാ വഖഫ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നത്.40 ദിവസം നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, ഡി വൈ ചന്ദ്രചൂഡ്, എസ് അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച്് കേസില്‍ വിധി പറഞ്ഞത്.അയോധ്യ വിധിയുമായി ബന്ധപ്പെട്ടു കനത്ത സുരക്ഷയാണ് രാജ്യമെമ്പാടും ഒരുക്കിയിരിക്കുന്നത്.

അയോദ്ധ്യാ കേസിൽ വിധി 10.30 ന്;രാജ്യമെങ്ങും കനത്ത ജാഗ്രത

keralanews verdict on ayodhya case today high alert in the country

ന്യൂഡൽഹി: ഏഴ് പതിറ്റാണ്ട് നീണ്ട ബാബരി ഭൂമി കേസിലെ അന്തിമവിധി ഇന്ന്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊേഗായി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് രാവിലെ 10.30 ന് കേസിൽ വിധി പറയും.വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത ജാഗ്രതയിലാണ്.വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് ഇക്കാര്യം സുപ്രീംകോടതിയുടെ നോട്ടീസായി ഇറങ്ങിയത്. ശനിയാഴ്ച രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയുമെന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കി.വിധി പ്രസ്താവിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി രാേജന്ദ്ര കുമാര്‍ തിവാരി, പൊലീസ് മേധാവി ഓം പ്രകാശ് സിങ് എന്നിവരെ ചീഫ് ജസ്റ്റിസ് സ്വന്തം ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചക്കു ശേഷം വിവരമറിയാന്‍ കാത്തുനിന്ന മാധ്യമങ്ങളെ കാണാതെ തന്നെ രണ്ട് ഉദ്യോഗസ്ഥരും സുപ്രീംകോടതിയില്‍നിന്ന് മടങ്ങി.ചീഫ് ജസ്റ്റിസിന്റെ കൂടിക്കാഴ്ചക്കെതിരെ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങളുയരുന്നതിനിടയിലാണ് ശനിയാഴ്ച വിധിപറയാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.1949 ഡിസംബര്‍ 22ന് രാത്രി ഫൈസാബാദിലെ ബാബരി മസ്ജിദിനകത്ത് അതിക്രമിച്ചുകയറിയ ഒരുസംഘം രാമവിഗ്രഹം കൊണ്ടുവെച്ചതോടെ തുടങ്ങിയ നിയമയുദ്ധത്തിനാണ്, ഏഴ് പതിറ്റാണ്ടിനുശേഷം പരമോന്നത കോടതി അന്ത്യം കുറിക്കാനൊരുങ്ങുന്നത്. അതിക്രമിച്ചു കയറി വിഗ്രഹം വെച്ചവരെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കം ചെയ്യാതെ ജില്ല ഭരണകൂടം പള്ളി അടച്ചുപൂട്ടി.രാമജന്മഭൂമിയില്‍ വിഗ്രഹം സ്വയംഭൂവായതാണെന്ന് വാദിച്ച്‌ ഹിന്ദുവിഭാഗം രംഗത്തുവന്നേതാടെ സുന്നിവഖഫ് ബോര്‍ഡ് പള്ളി തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി കര്‍സേവകരെ അയോധ്യയിലെത്തിച്ച്‌ സംഘ്പരിവാര്‍ പള്ളി തകര്‍ത്ത് അവിടെ താല്‍ക്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കി രാമവിഗ്രഹം സ്ഥാപിച്ചു. പതിറ്റാണ്ടുകള്‍ നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2010ല്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് പുറപ്പെടുവിച്ച വിധിയില്‍ രാം ലല്ല, നിര്‍മോഹി അഖാഡ എന്നീ ഹിന്ദുപക്ഷത്തെ രണ്ട് കക്ഷികള്‍ക്കും സുന്നി വഖഫ് ബോര്‍ഡ് എന്ന മുസ്ലിം പക്ഷത്തെ ഏക കക്ഷിക്കും തര്‍ക്കത്തിലുള്ള 2.77 ഭൂമി തുല്യമായി വീതിക്കാന്‍ ഉത്തരവിട്ടു. അതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതി വാദം അവസാനിപ്പിച്ച്‌ വിധിപറയാനായി മാറ്റിയത്

യുഎപിഎ കേസ്:പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി

keralanews u a p a case the hearing of bail application of accused postponed to 14th of this month

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 14 ലേക്ക് മാറ്റി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജാമ്യാപേക്ഷ മാറ്റിയത്. കേസില്‍ സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ട് തേടി.സിപിഎം പ്രവര്‍ത്തകരായ ഒളവണ്ണ മൂര്‍ക്കനാട് താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ അലന്‍ ഷുഹൈബ് (20) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി മാറ്റിയത്. കഴിഞ്ഞ ദിവസം ഇവരുടെ ജാമ്യാപേക്ഷ യുഎപിഎ പ്രത്യേക കോടതി കൂടിയായ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയിരുന്നു.

മാവോവാദ ബന്ധം തെളിയിക്കുന്ന ഒരു രേഖയും പോലീസിന്റെ പക്കലില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. നിയമ വിദ്യാര്‍ഥിയാണെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ വീട്ടില്‍ നിന്ന് ഒരു ഫോണ്‍ മാത്രമാണ് പോലീസ് കണ്ടെടുത്തത്. അത് മാവോവാദി ബന്ധം തെളിയിക്കാനുള്ള ഒരു രേഖയല്ലെന്നും അലന്റെ ജാമ്യാപേക്ഷയില്‍ പറയുന്നു.പിടിയിലാകുമ്ബോള്‍ തന്നെക്കൊണ്ട് പോലീസ് മുദ്രാവാക്യം വിളിപ്പിച്ചുവെന്ന കാര്യമാണ് താഹയുടെ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുദ്രാവാക്യം വിളിക്കുന്നത് ഏതെങ്കിലും തരത്തില്‍ ഒരു ക്രിമിനല്‍ കുറ്റമല്ലെന്നും അപേക്ഷയില്‍ പറയുന്നു. മാത്രമല്ല കീഴ്ക്കോടതി തങ്ങള്‍ക്കെതിരെ എന്തെങ്കിലും കുറ്റമുണ്ടെന്ന് പറഞ്ഞിട്ടില്ല. ജേര്‍ണലിസം വിദ്യാര്‍ഥിയാണ്. ഏതെങ്കിലും തരത്തിലുള്ള പുസ്തകങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെങ്കിലും അത് സിപിഐ ( മാവോയിസ്റ്റ്) സംഘടനയില്‍ അംഗമാണെന്ന് പറയാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങളാണ് താഹയുടെ ജാമ്യഹര്‍ജിയില്‍ പറയുന്നത്.

യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവം;മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കേരളത്തിലേക്ക്

keralanews u a p a arrest anti maoist squad from other states will arrive kerala

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കുന്നതിനായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് മാവോയിസ്റ്റ് വിരുദ്ധ സേനാ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തുന്നു. കേരള പൊലീസ് ശേഖരിച്ച തെളിവുകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് ഇതര സംസ്ഥാന അന്വേഷണ സംഘങ്ങള്‍ എത്തുന്നത്.വിദ്യാര്‍ഥികളുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തരത്തിലുള്ള ശക്തമായ തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തെളിവുകള്‍ പരിശോധിക്കാനായാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അന്വേഷണ സംഘം എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമ്ബോള്‍ തങ്ങളുടെകൂടി സാന്നിധ്യത്തില്‍ ചോദ്യംചെയ്യണമെന്നും ഇവര്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അലന്‍ മറ്റൊരു സംസ്ഥാനത്തുനിന്നുള്ള മാവോയിസ്റ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി പോലീസ് പറയുന്നു. പാലക്കാട് വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇതിനു ശേഷമാണ് അലന്റെ മാവോയിസ്റ്റ് ബന്ധം സജീവമായതെന്നും ഇതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.അലന്റെ വീട്ടില്‍നിന്ന് ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് പിടിച്ചെടുത്തതെങ്കിലും അലന്‍ ആറ് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഈ ഫോണുകളുടെ ഉപയോഗം സംബന്ധിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.അലനും താഹയ്ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളെ കണ്ടെത്താന്‍ മറ്റു സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറയുന്നു.

കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യത;രാജ്യത്തിന്റെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായും ഡോ.സൂപ്രീയോ ചക്രബര്‍ത്തി

keralanews chance for heavy rain in kerala in coming years and there is big changes in the climate in the country says suprio chakrabarthy

ന്യൂഡല്‍ഹി: കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിന് സാധ്യതയുള്ളതായി ഇന്ത്യന്‍ ഇന്റിറ്റിയൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെട്രേളോജി (Indian Institute Of Tropical Meteorology)ഡെപ്യൂട്ടി പ്രോജക്‌ട് ഡയറക്ടര്‍ ഡോ. സൂപ്രീയോ ചക്രബര്‍ത്തി.രാജ്യത്തിന്റെ കാലാവസ്ഥയില്‍ വന്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങള്‍ വന്നു.കൂടാതെ, കാര്‍ഷിക കലണ്ടര്‍ പരിഷ്‌ക്കരിക്കണ്ട സാഹചര്യമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭൂമധ്യരേഖയില്‍ നിന്ന് അറബിക്കടല്‍ വഴി ഇന്ത്യയിലേക്ക് എത്തുന്ന മണ്‍സൂണ്‍ കാറ്റുകളുടെ ഘടനയില്‍ വലിയ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രതിഭാസം കേരളത്തില്‍ പ്രളയ സാധ്യത കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.രാജസ്ഥാനില്‍ മഴ കൂടി. രാജ്യത്തെ കാലാവസ്ഥ മാറ്റത്തിന്റെ പ്രകടമായ ഒന്നാണിത്. എണ്‍പതുകള്‍ മുതല്‍ മണ്‍സൂണ്‍ കാറ്റുകളുടെ സ്വഭാവത്തിലും ഘടനയിലും മാറ്റങ്ങള്‍ വന്നു തുടങ്ങി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഉണ്ടായത് വലിയ മാറ്റങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാജ്യത്തില്‍ ഏറ്റവും കുറവ് മഴ ലഭിച്ചിരുന്ന പ്രദേശങ്ങളില്‍ മഴ കൂടി കാലാവര്‍ഷത്തിന്റെയും തുലാവര്‍ഷത്തിന്റെയും സമയക്രമങ്ങള്‍ക്ക് മാറ്റം വന്നു. മഴയില്‍ വരുന്ന മാറ്റം കാലാവസ്ഥയെ മുഴുവനായി ബാധിക്കുന്നു. ദുരന്ത സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടുള്ള പ്രവര്‍ത്തങ്ങളാണ് ഇനി ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്‌സി പരീക്ഷ തട്ടിപ്പ്;പ്രതികളെ ഒഴിവാക്കി മറ്റ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് തടസ്സമില്ലെന്ന് ക്രൈംബ്രാഞ്ച്

keralanews p s c exam scam case crimebranch report that there is no objection to appoint other canidate to appoint excluding the three accused

തിരുവനന്തപുരം: പിഎസ് സി പരീക്ഷാത്തട്ടിപ്പില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും പ്രണവും ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ സിവില്‍ പോലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ പെട്ടിട്ടുള്ളവര്‍ക്ക് ആശ്വാസം.പ്രതികളായ മൂന്നു പേരെയും ഒഴിവാക്കി റാങ്ക്‌ലിസ്റ്റ് നില നിര്‍ത്താനും വിവാദത്തില്‍ പെടാത്തവര്‍ക്ക് നിയമനം നല്‍കാനും തടസ്സമില്ലെന്ന് കാണിച്ച്‌ ക്രൈംബ്രാഞ്ച് പിഎസ് സി യ്ക്ക് റിപ്പോര്‍ട്ട് നല്‍കി.പി.എസ്.സി പരീക്ഷയിൽ തിരിമറി കാണിച്ചെന്ന് കണ്ടെത്തിയതോടെ ആശങ്കയിലായിരുന്നു റാങ്ക് ലിസ്റ്റിലെ മറ്റ് ഉദ്യോഗാർഥികൾ. കൃത്രിമം കാണിച്ച് ലിസ്റ്റിൽ ഉൾപ്പെട്ടവർ കാരണം പി.എസ്.സി ലിസ്റ്റ് തന്നെ റദ്ദാകുമോ എന്ന ഭീതിയിലായിരുന്നു ഇവർ.ക്രൈംബ്രാഞ്ച് റിപ്പോർട്ട് വന്നതോടെ റാങ്ക്‌ലിസ്റ്റിനെ കുറിച്ച്‌ ആശങ്കപ്പെട്ടിരുന്നവര്‍ക്ക് ആശ്വാസമായി.മൂന്ന് പേരൊഴികെ പട്ടികയില്‍ പെട്ട ആരും കൃത്രിമം കാണിച്ചിട്ടില്ലെന്നും അതിനാല്‍ ലിസ്റ്റ് ഒഴിവാക്കേണ്ടതില്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.പരീക്ഷാ ക്രമക്കേട് സംബന്ധിച്ച വാര്‍ത്ത പുറത്തു വന്നതോടെ പരീക്ഷ വീണ്ടും നടത്തുമോ എന്ന ആശങ്ക വിദ്യാർത്ഥികളിൽ ഉണ്ടായിരുന്നു.ഇക്കാര്യത്തിലുള്ള ആശങ്ക ചിലര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തിരുന്നു. മറ്റ് ചിലര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതില്‍ തടസ്സമില്ലെന്ന് പിഎസ് സി സെക്രട്ടറിക്ക് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി കത്ത് നല്‍കി.പരീക്ഷാത്തട്ടിപ്പ് വ്യക്തമായ പിഎസ് സി പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് ജൂലൈ 1 നായിരുന്നു പറുത്തുവന്നത്. ഇതില്‍ എഴുത്തുപരീക്ഷയില്‍ 78.33 മാര്‍ക്ക് നേടി ശിവരഞ്ജിത്താണ് ഒന്നാമത് എത്തിയത്.സ്‌പോര്‍ട്‌സ് ക്വാട്ടയിലെ മാര്‍ക്കും കൂടി കിട്ടിയതോടെ മൊത്തം മാര്‍ക്ക് 90 ന് മുകളിലായി. രണ്ടാം റാങ്കുകാരന്‍ നസീം 28 ആം റാങ്കുകാരനായിരുന്നു. 65.33 മാര്‍ക്കാണ് നസീമിന് കിട്ടിയത്. പ്രണവിന് രണ്ടാം റാങ്ക് ആയിരുന്നു. എന്നാല്‍ ജയിലില്‍ ഇതേ ചോദ്യപേപ്പര്‍ ഉപയോഗിച്ച്‌ ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു ചോദ്യത്തിന് പോലും ഉത്തരം പറയാന്‍ കഴിയാതെ വന്നതോടെയാണ് പ്രതികള്‍ കോപ്പിയടിച്ചതായി സമ്മതിച്ചത്.

യു​എ​പി​എ അറസ്റ്റ്;വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോടതി ത​ള്ളി

keralanews u a p a arrest court rejected the bail application of students

കോഴിക്കോട്‌: മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ചു യുഎപിഎ ചുമത്തി പോലീസ്‌ അറസ്റ്റ് ചെയ്‌ത രണ്ടു വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാലാ ക്യാമ്പസ് നിയമവിദ്യാര്‍ഥി കോഴിക്കോട്‌ തിരുവണ്ണൂര്‍ പാലാട്ട്‌നഗര്‍ മണിപ്പൂരി വീട്ടില്‍ അലന്‍ ഷുഹൈബ്‌ (20) , കണ്ണൂര്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസം വിദ്യാര്‍ഥി ഒളവണ്ണ മൂര്‍ക്കനാട്‌ പാനങ്ങാട്ടുപറമ്പ് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫൈസല്‍ (24) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.യുഎപിഎ പ്രത്യേക കോടതി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ്‌ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി ഉത്തരവിട്ടു. കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് ഹിന്ദു ഐക്യവേദിയും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇരുവരില്‍ നിന്നും പിടിച്ചെടുത്ത മാവോയിസ്റ്റ് അനുകൂല ലഘുലേഖയും കോഡ് ഭാഷ സംബന്ധിച്ച രേഖകളും നോട്ടീസുകളും വിവിധ ഡിജിറ്റല്‍ തെളിവുകളും ഉള്‍പ്പെടെ അനേകം തെളിവുകള്‍ പോലീസ് ഹാജരാക്കിയിരുന്നു. ഇരുവരും മാവോയിസ്റ്റ് ബന്ധം സമ്മതിച്ചതായും എഫ്‌ഐആറില്‍ പറഞ്ഞിരുന്നു.അതേസമയം, പ്രതികളെ കാണാന്‍ അഭിഭാഷകര്‍ക്ക് കോടതി അനുമതി നല്‍കി. യുവാക്കളെ ജയിലില്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അപേക്ഷ നല്‍കിയിരുന്നു.

യുഎപിഎ ചുമത്തി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത കേസ്;ജാമ്യാപേക്ഷയിൽ വിധി ഇന്ന്

keralanews the case of students arrested charging u a p a bail application of accused will consider today

കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച്  പന്തീരങ്കാവിൽ വിദ്യാർത്ഥികളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത കേസിലെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യ ഹരജിയിലാണ് വിധി പറയുക. കേസിൽ പിടിച്ചെടുത്ത തെളിവുകൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. യു.എ.പി.എ ചുമത്താവുന്ന തരത്തിലുള്ള യാതൊന്നും ഇരുവരിൽ നിന്നും പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍ യുഎപിഎ നിലനില്‍ക്കുമെന്നാണ് കോടതി നിരീക്ഷണമെങ്കില്‍ ജാമ്യ സാധ്യത അടയും. യുഎപിഎ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ എന്ന് കോടതി ആരാഞ്ഞപ്പോള്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും ഇല്ലെന്നായിരുന്നു പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത്.പ്രതികളുടെ കൈയില്‍ നിന്നും പിടിച്ചെടുത്ത തീവ്ര ഇടത് യോഗങ്ങളുടെ മിനുട്‌സില്‍ പേരുള്ള ചിലരുടെ വീടുകളിലും ഇന്നലെ പൊലീസ് പരിശോധന നടത്തി. പ്രതികളുടെ കൈയല്‍ നിന്ന് പിടിച്ചെടുത്ത കോഡ് ഭാഷയിലുള്ള നോട്ട് വിദഗ്ധരുടെ സഹായത്തോടെ വായിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

മഞ്ചക്കണ്ടിയില്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി

keralanews highcourt order will not bury the deadbodies of maoists killed in attappadi

പാലക്കാട്:അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി. മൃതദേഹം അഴുകാതെ സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.മൃതദേഹം സംസ്‌കരിക്കാമെന്ന പാലക്കാട് സെഷന്‍സ് കോടതിയുടെ ഉത്തരവിനെതിരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്.മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ കൊല്ലപ്പെട്ട കാര്‍ത്തിയുടേയും മണിവാസകത്തിന്റേയും ബന്ധുക്കള്‍ പാലക്കാട് സെഷന്‍സ് കോടതിയെ സമിപിച്ചിരുന്നു. നാല് ദിവസത്തെ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും തിങ്കളാഴ്ച പോലീസിന്റെ വാദം സ്വീകരിച്ച്‌ മൃതദേഹം സംസ്‌കരിക്കാന്‍ അനുവാദം നല്‍കി. ഇതിനെതിരെയാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്.കഴിഞ്ഞമാസം 28നാണ് അട്ടപ്പാടി അഗളിയില്‍ തണ്ടര്‍ബോള്‍ട്ടുമായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.