ന്യൂഡല്‍ഹി: ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിട്ട് സുപ്രീം കോടതി. ശബരിമല വിധിക്ക് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്‌താവിച്ച കോടതി, കേസ് ഉയര്‍ന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിട്ടു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുള്‍പ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്.രാവിലെ 10.44ന് വിധി പ്രസ്‌താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി.യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയുമായി ബന്ധപ്പെട്ട് 56 റിവ്യൂ ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. റിട്ട് ഹര്‍ജികളും സര്‍ക്കാരിന്റെ ഹര്‍ജികളും ചേര്‍ത്ത് മൊത്തം 65 ഹര്‍ജികള്‍ കോടതിയിലെത്തി. ഏഴ് പ്രമുഖ കക്ഷികളുടെ വാദങ്ങളാണ് സുപ്രീംകോടതി തുറന്ന കോടതിയില്‍ കേട്ടത്. മറ്റു കക്ഷികള്‍ വാദം എഴുതി നല്‍കുകയായിരുന്നു. 2018 സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തു. ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് യോജിച്ചു. എന്‍.എസ്.എസും തന്ത്രിയും മറ്റും യുവതീ പ്രവേശനം അനുവദിക്കരുതെന്നാണ് ആവശ്യപ്പെട്ടത്.
ശബരിമല യുവതീ പ്രവേശനം;പുനഃപരിശോധനാ ഹർജികളിൽ നിർണായക വിധി ഇന്ന്
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജികളിലുള്ള സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുന്നത്. ഇന്ന് രാവിലെ 10.30നാണ് വിധി പുറപ്പെടുവിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്തംബര്‍ 28 ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ആര്‍ എഫ് നരിമാന്‍, എഎം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ആരാധനക്ക് എല്ലാവര്‍ക്കും തുല്യാവകാശമാണെന്നായിരുന്നു ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാരും അഭിപ്രായപ്പെട്ടത്.അതേ സമയം, ബെഞ്ചിലെ ഏക വനിതാ ജഡ്ജായ ഇന്ദു മല്‍ഹോത്ര വിധിയോട് വിയോജിച്ചു. മതവിശ്വാസങ്ങളിലും ആചാരങ്ങളിലും യുക്തി അളക്കാന്‍ സാധ്യമല്ലെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ നിലപാട്.സുപ്രീം കോടതിയുടെ ഈ വിധിക്കെതിരെ വിവിധ ഹിന്ദു സംഘടനകള്‍ സമര്‍പ്പിച്ച 65 റിവ്യൂ ഹര്‍ജികളിലാണ് സുപ്രിംകോടതി ഇന്ന് വിധി പ്രസ്താവിക്കുന്നത്. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് റിവ്യൂ ഹര്‍ജിളില്‍ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ അവസാനിച്ചിരുന്നു.ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. ശബരിമല മണ്ഡലക്കാലം അടുത്ത തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് കേരളം കാത്തിരിക്കുന്ന നിര്‍ണായക വിധി വരാന്‍ പോകുന്നത്.അതേസമയം, ശബരിമല വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് അക്രമങ്ങളോ വ്യാജ പ്രചാരണങ്ങളോ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.ശബരിമല വിധിയെ സംബന്ധിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെയും വിദ്വേഷ പ്രചരണങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അറിയിപ്പുണ്ട്.
ശബരിമല പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതി വിധി നാളെ
ന്യൂഡൽഹി:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് പുനഃപരിശോധന ഹരജിയില്‍ സുപ്രീം കോടതി നാളെ വിധി പറയും.നാല്‍പതിലധികം ഹരജികളാണ് കോടതിക്ക് മുന്നിലുള്ളത്.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചാണ് നാളെ രാവിലെ 10.30ന് വിധി പറയുക.എല്ലാപ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതിയുടെ വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തിലാണ് നാളെ അന്തിമ തീരുമാനം വരുന്നത്. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നിലവിൽ വന്നത്.വിധിയുടെ അടിസ്ഥാനത്തില്‍ യുവതി പ്രവേശനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയും ഒരുക്കിയിരുന്നു. എന്നാല്‍ സ്ത്രീപ്രവേശന വിധിയില്‍ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നത്. വന്‍ തോതില്‍ പ്രതിഷേധക്കാരും ശബരിമലയില്‍ തമ്പടിച്ചു.ശബരിമലയില്‍ തൊഴാന്‍ എത്തിയ യുവതികളെ തടഞ്ഞും ഉപദ്രവിച്ചും അക്രമങ്ങളും സംസ്ഥാനത്ത് അരങ്ങേറി.ഇതിനു പിന്നാലെയാണ് പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജികളിലാണ് നാളെ നിര്‍ണ്ണായക വിധിയെത്തുന്നത്.
കർണാടകയിലെ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു
ന്യൂഡല്‍ഹി: കര്‍ണാടകത്തിലെ 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതി ശരിവച്ചു. അതേസമയം, 2023വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി. അയോഗ്യരാക്കിയ എംഎല്‍എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.മുന്‍ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാറിന്റെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 14 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്നു ജെഡിഎസ് എംഎല്‍എമാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ 17 എംഎല്‍എമാരും നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമര്‍ശിച്ചു.എംഎല്‍എമാര്‍ ആദ്യം ഹൈക്കോടതിയെ സമീപിക്കണമായിരുന്നു.പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ട്. ജനാധിപത്യത്തില്‍ ധാര്‍മികത പ്രധാനമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.എംഎല്‍എമാരുടെ അയോഗ്യത ശരിവച്ച സുപ്രീംകോടതി വിധി ബി.എസ്. യെദിയൂരപ്പ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റില്‍ ആറ് ഇടത്തെങ്കിലും ജയിച്ചാല്‍ മാത്രമേ സര്‍ക്കാരിന് ഭൂരിപക്ഷം നിലനിര്‍ത്താന്‍ സാധിക്കൂ. ഡിസംബര്‍ അഞ്ചിനാനാണ് ഉപതെരഞ്ഞെടുപ്പ്. കര്‍ണാടക ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ രണ്ടു മണ്ഡലങ്ങളില്‍ പിന്നീട് മാത്രമേ തെരഞ്ഞെടുപ്പ് നടക്കൂ.
കർണാടകയിൽ വിമത എംഎൽഎമാരെ അയോഗ്യരാക്കിയ കേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും
ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ കൂറുമാറിയ 15 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതിനെതിരെ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും.രാവിലെ 10.30ന് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ചാണ് വിധി പറയുക.ജെഡിഎസ്- കോണ്‍ഗ്രസ് വിമത എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതാണ് സുപ്രിംകോടതി വിധി. കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാരിനെ തള്ളി, ജെഡിഎസ്- കോണ്‍ഗ്രസ് പാര്‍ട്ടികളിലെ 15 എംഎല്‍എമാര്‍ ബിജെപിയെ അനുകൂലിക്കുകയായിരുന്നു.ഇത് ചോദ്യം ചെയ്ത് കോണ്‍ഗ്രസും ജെഡിഎസും നല്‍കിയ പരാതിയിലാണ് മുന്‍ സ്പീക്കര്‍ രമേഷ് കുമാര്‍ 15 എംഎല്‍എമാരെയും കൂറുമാറിയതിനാല്‍ അയോഗ്യരായി പ്രഖ്യാപിച്ചത്. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ കര്‍ണാടകത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സ്‌റ്റേ ചെയ്തിരുന്നു.
യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം; ഇരുവരെയും പാര്‍ട്ടിയിൽ നിന്നും പുറത്താക്കി
കോഴിക്കോട്:കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയ്ക്കും മാവോവാദി ബന്ധമുണ്ടെന്ന് സിപിഎം.ഇവർക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ ഇരുവരെയും സിപിഎം പാര്‍ട്ടിയിൽ നിന്നും പുറത്താക്കി.ഇരുവരും നിരപരാധികള്‍ അല്ലെന്ന് പാര്‍ട്ടി കണ്ടെത്തി. കോഴിക്കോട്ടെ ലോക്കല്‍ കമ്മിറ്റികളില്‍ പാര്‍ട്ടി ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു. വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ വ്യതിയാനം മനസിലാക്കാന്‍ കഴിയാതെ പോയത് സ്വയം വിമര്‍ശനമായി കരുതണമെന്നും സിപിഎം റിപ്പോര്‍ട്ടില്‍ പറയുന്നു.വിദ്യാര്‍ത്ഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് സംസ്ഥാനത്താകെ ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ അടിയന്തരമായി ലോക്കല്‍കമ്മിറ്റി യോഗങ്ങള്‍ വിളിച്ചുചേര്‍ത്തത്. തിങ്കളാഴ്ചയാണ് അലന്‍ ഷുഹൈബ് അംഗമായ മീഞ്ചന്ത ബ്രാഞ്ച് ഉള്‍പ്പെടുന്ന പന്നിയങ്കര ലോക്കല്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ക്കും മാവോവാദി ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് സിപിഎം നല്‍കിയിരിക്കുന്നത്.അറസ്റ്റിലായ രണ്ടുപേരേയും തെറ്റുതിരുത്തി പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ തിരിച്ചുവരാനുള്ള അവസരം പാര്‍ട്ടി നല്‍കണമെന്ന അഭിപ്രായവും ലോക്കല്‍ കമ്മിറ്റി യോഗത്തിലുണ്ടായി. എന്നാല്‍, പിന്നാലെ പുറത്താക്കല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു. കണ്ണൂര്‍ സര്‍വകലാശാലയിലെ പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിയമ വിദ്യാര്‍ത്ഥിയായ അലന്‍ സിപിഎം തിരുവണ്ണൂര്‍ ബ്രാഞ്ച് അംഗമാണ്. ജേണലിസം വിദ്യാര്‍ത്ഥിയായ താഹ ഫസല്‍ പാറമ്മല്‍ ബ്രാഞ്ച് അംഗവുമാണ്.ഇരുവരും എസ്‌എഫ്‌ഐയിലും സജീവമായിരുന്നു.അതിനിടെ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ജാമ്യത്തെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് പ്രാസിക്യൂഷന്റെ തീരുമാനം. ഇരുവര്‍ക്കുമെതിരെ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയേക്കും.
അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ വിലക്ക് മറികടന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ:അയോധ്യ കേസിൽ സുപ്രീം കോടതി വിധിക്കെതിരെ വിലക്ക് മറികടന്ന് പ്രതിഷേധ പ്രകടനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.കണ്ണൂര്‍ നഗരത്തിലാണ് പ്രവർത്തകർ പ്രതിഷേധപ്രകടനം നടത്തിയത്. ഇരുന്നൂറോളം പ്രവർത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. ഇതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിധി പ്രസ്താവനയോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയതാണ്.അതേസമയം വയനാട് മാനന്തവാടിയിലും വിലക്ക് ലംഘിച്ചു പ്രതിഷേധ പ്രകടനം നടത്താന്‍ ശ്രമിച്ച 67 എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റിലായിട്ടുണ്ട്. അയോധ്യ ഭൂമി കേസില്‍ സുപ്രീംകോടതി ശനിയാഴ്ച്ച പുറപ്പെടുവിച്ച വിധിയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനം.ആലപ്പുഴയില്‍ പ്രതിഷേധത്തിന് ഒത്തു ചേര്‍ന്ന 77 എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഈ നടപടികള്‍ അതിനിടെ കോടതി വിധിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധപോസ്റ്റ് ഇട്ട മൂന്ന് പ്രവാസികള്‍ക്കെതിരേയും പോലീസ് കേസെടുത്തു. മലപ്പുറം പാണ്ടിക്കാട് സ്വദേശി ജംഷീര്‍ മെഹവിഷ്, മഞ്ചേരി സ്വദേശി വാഹിദ് ബിന്‍ മുഹമ്മദ്, പെരിന്തല്‍മണ്ണ സ്വദേശി താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. പ്രകോപനപരമായി പോസ്റ്റിട്ടതിനാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികൾ ശബരിമലയിൽ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്;കനത്ത ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം:നവംബർ 15 ന് നട തുറക്കാനിരിക്കെ മാവോയിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള തീവ്രവാദികൾ ശബരിമലയിൽ നുഴഞ്ഞു കയറാൻ സാധ്യതയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.ഈ വര്‍ഷത്തെ ശബരിമല സുരക്ഷാ റിപ്പോര്‍ട്ടിലാണ് കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നവംബര്‍ 15ന് തുറക്കുന്ന നട ജനുവരി 20നാണ് അടയ്ക്കുന്നത്. ഭക്തരുടെ വേഷത്തില്‍ മാവോയിസ്റ്റ് ഉള്‍പ്പെടെയുള്ള സംഘങ്ങള്‍ നുഴഞ്ഞ് കയറാന്‍ സാധ്യതയുണ്ടെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. എഡിജിപി ഷേക്ക് ദര്‍വേഷ് സാഹേബ് ഐപിഎസിനാണ് സുരക്ഷാ ചുമതല. സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന സാധനങ്ങള്‍ പരിശോധിക്കാനും, പുല്ലുമേടില്‍ പട്രോളിങ് ശക്തമാക്കാനും, സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനക്ഷമമാക്കാനും നിര്‍ദേശം നല്‍കി.ഡോളിയില്‍ വരുന്നവരേയും കാക്കി പാന്‍റ് ധരിച്ചു വരുന്നവരെയും പരിശോധിക്കണം. ശബരിമലയിലെത്തുന്ന വിദേശ തീര്‍ഥാടകരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്നും നിർദേശമുണ്ട്.കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാണ് ചീഫ്- കോഡിനേറ്റര്‍.ആയുധങ്ങളും സ്ഫോടക വസ്തുക്കളും കേരളത്തിലേക്കു കടത്താന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
അയോധ്യ വിധി;കാസര്‍കോട് ജില്ലയിലെ ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബര്‍ 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
കാസര്‍കോട്: അയോധ്യ വിധിയെ തുടർന്നുള്ള അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയിലെ ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നവംബർ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള,കാസര്‍കോട്, വിദ്യാനഗര്‍,മേപ്പറമ്പ്, ബേക്കല്‍, ഹൊസ്ദുര്‍ഗ്, നീലേശ്വരം, ചന്ദേര പോലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് കേരള പോലീസ് ആക്‌ട് 78,79 പ്രകാരം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ പതിനാലാം തീയതി രാത്രി 12 മണിവരെയാണ് നിരോധനാജ്ഞ.അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംകൂടുന്നതും, പ്രകടനങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതും പൂര്‍ണായും നിരോധിച്ചിട്ടുണ്ട്. എല്ലാവരും പോലീസുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പത്രക്കുറിപ്പിലൂടെ അഭ്യര്‍ഥിച്ചു.അയോധ്യ വിധിക്ക് മുന്നോടിയായി കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ സിആര്‍പിസി 144 പ്രകാരം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കഴിഞ്ഞദിവസം രാത്രിയോടെ പിന്‍വലിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സുരക്ഷാമുന്‍കരുതലുകളുടെ ഭാഗമായി പോലീസ് ആക്‌ട് പ്രകാരം ഒൻപത് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോയിസ്റ്റ് ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്
കോഴിക്കോട്:മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്നും മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകൾ കണ്ടെത്തിയതായി പോലീസ്.മാവോവാദി ഭരണഘടന,മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോ തുടങ്ങിയ തെളിവുകളാണ് പൊലീസിന് ലഭിച്ചത്.പ്രതികളുടെ മാവോവാദി ബന്ധത്തിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്‌ക്കൊപ്പം അന്വേഷണ സംഘം ഈ തെളിവുകളും ഹാജരാക്കും.രണ്ടുപ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.റിമാന്റിലുള്ള അലൻ ഷുഹൈബ്,താഹ ഫസൽ എന്നിവരോടൊപ്പമുണ്ടായിരുന്ന രക്ഷപ്പെട്ട മൂന്നാമനെ കുറിച്ച് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ ആവശ്യപ്പെടും.കേസിൽ അറസ്റ്റിലായ അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ബുധനാഴ്ച കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു.