തിരുവനന്തപുരം: കേരള സര്‍വകലാശാലാ മാര്‍ക്ക് ദാനത്തിനെതിരെ സമരം ചെയ്ത ഷാഫി പറമ്ബില്‍ എം.എല്‍.എ അടക്കമുളളവര്‍ക്ക് പൊലീസ് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭക്കുള്ളില്‍ പ്രതിപക്ഷ പ്രതിഷേധം. മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കാത്തതും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതും ഭരണ-പ്രതിപക്ഷ വാക്കേറ്റത്തിന് വഴിവെച്ചു. പ്രകോപിതരായ പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയും ഏതാനും പേര്‍ സ്പീക്കറുടെ ഡയസില്‍ കയറുകയും ചെയ്തു. ഇതേ തുടര്‍ന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ച സ്പീക്കര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പൊലീസ് നടപടിയില്‍ മര്‍ദനമേറ്റ ഷാഫി പറമ്ബിലിെന്‍റ രക്തം പുരണ്ട വസ്ത്രവുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്ന്ചോദ്യോത്തരവേള ബഹിഷ്‌കരിക്കുന്നതായിചെന്നിത്തല അറിയിച്ചു.എന്നാല്‍ ചോദ്യോത്തരവേള നിര്‍ത്തിവെക്കാന്‍ ആവില്ലെന്നും ഷാഫി ഉള്‍പ്പെടെയുള്ളവരെ താന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ചോദ്യേത്തരവേള തുടരുമെന്നും ഇതേ വിഷയത്തില്‍ ലഭിച്ച അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാമെന്നും സ്പീക്കര്‍ അറിയിച്ചു.
കേരള സര്‍വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ ചൊവ്വാഴ്ച വൈകിട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്ബില്‍ എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റത്.സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുകയാണ്.
കെഎസ്‌യു മാർച്ചിൽ സംഘർഷം;ഷാഫി പറമ്പിൽ എംഎല്‍എയ്ക്കും നേതാക്കള്‍ക്കും പോലീസ് മര്‍ദനം; നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം:കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭ മാർച്ചിൽ സംഘർഷം.പൊലീസ് ലാത്തിചാര്‍ജില്‍ ഷാഫി പറമ്ബില്‍ എംഎല്‍എക്കും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്തിനും പരിക്കേറ്റു.മാര്‍ച്ചിനിടെ ഷാഫി പറമ്ബില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.ഇവരെ കൊണ്ടുപോയ പൊലീസ് വാന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി.ഇതിലാണ് ഷാഫി പറമ്ബില്‍ ഉള്‍പ്പടെയുള്ള നേതാക്കന്മാര്‍ക്ക് പരിക്കേറ്റത്.ഷാഫി പറമ്ബില്‍ എംഎല്‍എയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകി.
ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി
കൊച്ചി:ഇരുചക്ര വാഹനത്തില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കും ഹെൽമെറ്റ് നിർബന്ധമാക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര നിയമത്തിന് അനുസൃതമായ പുതിയ സർക്കുലർ തയ്യാറാക്കുകയാണെന്നും ഇത് ഉടൻ വിജ്ഞാപനം ചെയ്യുമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഇത് മാധ്യമങ്ങളിലും സിനിമാ തിയറ്ററുകളിലും പരസ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി ആഗസ്റ്റ് ഒമ്ബത് മുതല്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കിലും സംസ്ഥാനത്ത് ഇത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കുന്നതില്‍ ഉണ്ടായിരുന്ന ഇളവുകള്‍ ഇനി തുടരാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രസിഡന്റ്സ് കളര്‍ അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിൽ എത്തും
കണ്ണൂർ:രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കണ്ണൂരിൽ.ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമിയില്‍ നടക്കുന്ന പ്രസിഡന്റ്സ് കളര്‍ അവാർഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് രാഷ്‌ട്രപതി കണ്ണൂരിലെത്തുന്നത്.ഇന്ന് വൈകീട്ട് 4.30ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ നാവിക അക്കാദമിയില്‍ എത്തും. രാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മറ്റ് വിശിഷ്ട വ്യക്തികളും വിമാനത്താവളത്തില്‍ എത്തും.ബുധനാഴ്ച രാവിലെ എട്ട് മണിക്ക് അക്കാദമിയുടെ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് നാവിക അക്കാദമിക്ക് സമര്‍പ്പിക്കും. 10.15-ന് മുതിര്‍ന്ന ഓഫീസര്‍മാരുമായും ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. 11.35-ന് അദ്ദേഹം തിരിച്ച് ഡല്‍ഹിയിലേക്ക് പോകും.
ഈ മാസം 22 മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ഈ മാസം 22 മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം മാറ്റിവെച്ചു.സ്വകാര്യബസുടമകളുമായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.ഡിസംബര്‍ ആദ്യവാരം വീണ്ടും ചര്‍ച്ച നടത്താമെന്ന് ബസുടമകള്‍ക്ക് മന്ത്രി ഉറപ്പ് നല്‍കി.മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ടിവെച്ചിരിക്കുന്ന ആവശ്യങ്ങൾ.ഇവയെപ്പറ്റി പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ബസുടമകള്‍ സമരത്തിന് ഒരുങ്ങിയത്.
നവംബർ 22 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്;ഇന്ന് ഗതാഗത മന്ത്രിയുമായി ചർച്ച
തിരുവനന്തപുരം:നവംബർ 22 മുതൽ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകൾ അനിശ്ചിതകാല സമരത്തിലേക്ക്.സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഈമാസം 22 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് പത്തു രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് 5 രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.ആവശ്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനെ ചുമലതപ്പെടുത്തിയെങ്കിലും തുടര്‍ നടപടി ഇല്ലാത്തതിനാലാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചത്. സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുടമകളുമായി ഗതാഗതമന്ത്രി ഏ കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 2 മണിക്കാണ് ചര്‍ച്ച.
ചെന്നൈ ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു;ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം
ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതകള്‍ തുടരുന്നു. ഫാത്തിമ ആത്മഹത്യ ചെയ്യില്ല എന്നാണ് കുടുംബം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്.കോളേജ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഫാത്തിമ ലത്തീഫിനെ കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയത്. തന്റെ മരണത്തിന് കാരണം അധ്യാപകനായ സുദര്‍ശന്‍ പത്മനാഭന്‍ ആണെന്ന് ഫോണില്‍ ഫാത്തിമ രേഖപ്പെടുത്തിയിരുന്നു. ഫാത്തിമ തന്റെ മരണത്തിന് കാരണക്കാരനെന്ന് വെളിപ്പെടുത്തിയ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.ഇതിന്റെ ഭാഗമായി ആരോപണ വിധേയനായ അധ്യാപകൻ സുദർശൻ പത്മനാഭനോട് ക്യാമ്പസ് വിട്ടു പോകരുതെന്ന് പൊലീസ് നിർദ്ദേശം നൽകി. ഫാത്തിമയുടെ മരണം സംശയിച്ച് പല സംശയങ്ങളും നിലനില്‍ക്കുന്നുണ്ട്. പോലീസ് ഒത്തുകളി നടത്തുന്നതായുളള ആരോപണവും ഉയരുന്നു. അതിനിടെ ദുരൂഹത ശക്തമാക്കി ഫാത്തിമയുടെ സഹപാഠിയുടെ വാട്‌സ്ആപ്പ് വോയിസ് മെസ്സേജ് ചര്‍ച്ചയാവുകയാണ്.ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചു എന്നാണ് പോലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍ ഫാത്തിമയുടെ മൃതദേഹം ആദ്യമായി കണ്ട സഹപാഠി അച്ഛനായ ലത്തീഫിന് അയച്ച വാട്‌സ്ആപ്പ് വോയിസ് മെസ്സേജില്‍ പറയുന്നത് മറ്റൊന്നാണ്. മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് ഫാത്തിമ എന്നാണ് വോയിസ് മെസ്സേജ്.ഇതില്‍ ദുരൂഹതയുണ്ട് എന്നാണ് ഫാത്തിമയുടെ കുടുംബം ആരോപിക്കുന്നത്. ഈ വോയിസ് മെസ്സേജ് അടക്കമുളള തെളിവുകള്‍ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഫാത്തിമയുടെ കുടുംബം കൈമാറിയിട്ടുണ്ട്. മരിക്കുന്നത് മുമ്പുളള 28 ദിവസങ്ങളില്‍ ഗാലക്‌സി നോട്ടില്‍ ഫാത്തിമ പല കാര്യങ്ങളും കുറിച്ച് വെച്ചിരുന്നു.ഈ വിവരങ്ങളും ഫാത്തിമയുടെ കുടുംബം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഫാത്തിമയുടെ പിതാവ് ലത്തീഫിന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം പോലീസിനെതിരെ ഫാത്തിമയുടെ ബന്ധുവായ ഷമീറും വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തി.ഫാത്തിമയുടേത് ആത്മഹത്യ തന്നെയാണ് എന്ന് ഉറപ്പിച്ച മട്ടിലാണ് പോലീസ് പെരുമാറിയത് എന്ന് ഷമീര്‍ പറയുന്നു. മാത്രമല്ല മൃതദേഹം എംബാം ചെയ്യുന്നതിനായി പോലീസ് കൊണ്ടുപോയത് ട്രക്കില്‍ കയറ്റിയാണ് എന്നും ഷമീര്‍ ആരോപിക്കുന്നു.ഫാത്തിമയുടെ സുഹൃത്തുക്കളുമായി സംസാരിച്ചതില്‍ നിന്നും കൊലപാതകമാണ് എന്ന നിഗമനത്തിലാണ് തങ്ങള്‍ എത്തിയതെന്നും ഷമീര്‍ പറയുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോള്‍ പരാതി എഴുതിത്തരാന്‍ ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഫാത്തിമയുടെ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് കൈമാറാന്‍ കൂട്ടാക്കിയില്ലെന്നും ഷമീര്‍ പറയുന്നു.ഫാത്തിമ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും എന്നാല്‍ മരണത്തിന് മുന്‍പുളള ദിവസങ്ങളില്‍ ദുഖിതയായിരുന്നു എന്നുമാണ് സഹോദരി ഐഷ പറയുന്നത്. ഐഐടിയില്‍ നേരിട്ടിരുന്ന മാനസിക പീഡനങ്ങളെ കുറിച്ച് ഫാത്തിമ ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ പെരുമാറ്റത്തില്‍ നിന്നും മനസ്സിലായിരുന്നുവെന്നും നിയമവിദ്യാര്‍ത്ഥിനിയായ ഐഷ പറയുന്നു. ഫാത്തിമയ്ക്ക് വേണ്ടിയുളള നിയമപോരാട്ടം നീതി കിട്ടും വരെ നടത്തുമെന്നും ഐഷ വ്യക്തമാക്കി.
മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും;കനത്ത സുരക്ഷയൊരുക്കി പോലീസ്
പത്തനംതിട്ട:മണ്ഡല-മകരവിളക്ക് പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും.വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തിയാണ് നടതുറക്കുക. നെയ്യ് വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യം അറിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമാവും. പ്രത്യേക പൂജകള്‍ ഒന്നും ഇല്ലാത്ത ഇന്നത്തെ പ്രധാന ചടങ്ങ് തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന പുതിയ മേല്‍ ശാന്തിമാരുടെ സ്ഥാനാരോഹണമാണ്.വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തിയ ഭക്തജനങ്ങള്‍ ഇപ്പോള്‍ പമ്പ, നിലക്കല്‍ എന്നിവിടങ്ങളില്‍ തങ്ങുകയാണ്. ഇവരെ ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ സന്നിധാനത്തേക്ക് കടത്തിവിടും.മണ്ഡലകാലത്തിനായി ശബരിമലയും പരിസര പ്രദേശങ്ങളും പൂർണ്ണസജ്ജമായതായി ദേവസ്വം ബോര്‍ഡും സര്‍ക്കാറും വ്യക്തമാക്കി.പമ്പ, നിലക്കല്‍, എരുമേലി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പത്തനംതിട്ട ജില്ലാകളക്ടര്‍ നേരിട്ട് വിലയിരുത്തി.
പതിനായിരം പോലീസുകാരെ അഞ്ച് സെക്ടറുകളായി തിരിച്ചുള്ള സുരക്ഷയാണ് ഇത്തവണ ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. മൂന്നു സ്ഥലങ്ങളിലും എസ് പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പോലീസ് ഫോഴ്സിനേയും ട്രാഫിക് പോലീസിനേയും നിയോഗിച്ചിട്ടുണ്ട്.പമ്പയിലേക്ക് ഇത്തവണയും സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടില്ല. നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമെ കടത്തിവിടൂ. നിലയ്ക്കലാണ് തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗക്യരം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്ന് തീര്‍ത്ഥാടകരെ പമ്പയിലേക്ക് എത്തിക്കാന്‍ ശനിയാഴ്ച്ച ഇന്ന് രാവിലെ 11 മുതല്‍ കെഎസ്‌ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് ആരംഭിക്കും.
ശബരിമല ദർശനത്തിനെത്തുന്ന യുവതികൾക്ക് സർക്കാർ സംരക്ഷണം നൽകില്ല; ആക്ടിവിസം കാണിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദർശനത്തിന് എത്തുന്ന യുവതികള്‍ക്കു സര്‍ക്കാര്‍ സംരക്ഷണം നല്‍കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു. ഇത്തവണ ശബരിമലയിലേക്ക് സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോവുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, ഇല്ലെന്നു മന്ത്രി മറുപടി നല്‍കി.മുൻപും സര്‍ക്കാര്‍ സ്ത്രീകളെ കൊണ്ടുപോയിട്ടില്ല, ഇനിയും കൊണ്ടുപോവില്ല. പോവണമെന്നുള്ളവര്‍ സുപ്രീം കോടതിയുടെ ഉത്തരവുമായി വരണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.ആക്ടിവിസം പ്രദര്‍ശിപ്പിക്കാനുള്ള സ്ഥലമല്ല ശബരിമല.തൃപ്തി ദേശായിയെപ്പോലുള്ള പ്രചാരണം ലക്ഷ്യമിട്ടു നീങ്ങുന്നവര്‍ക്കുള്ള ഇടവുമല്ല.ഭക്തിയല്ല അവരുടെ പ്രശ്‌നം, വ്യക്തിതാത്പര്യമാണ്. സര്‍ക്കാര്‍ അതിനു കൂട്ടുനില്‍ക്കില്ല.സര്‍ക്കാര്‍ നിലപാട് ഇക്കാര്യത്തില്‍ വ്യക്തമാണ്. മുഖ്യമന്ത്രി തന്നെ അതു വ്യക്തമാക്കിയിട്ടുണ്ട്. തീര്‍ഥാടക്കാലം അലങ്കോലമാക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി പറഞ്ഞു.
മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കും;ഇത്തവണ കനത്ത സുരക്ഷയില്ല
പത്തനംതിട്ട:മണ്ഡലപൂജക്കായി ശബരിമല നട നാളെ വൈകീട്ട് തുറക്കും.യുവതീ പ്രവേശന വിധിക്ക് സ്‌റ്റേ ഇല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഒരുക്കിയതു പോലുള്ള കനത്ത സുരക്ഷ ഇത്തവണ വേണ്ടെന്നാണ് പൊലീസ് തീരുമാനം.എന്നാല്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തും.ഇന്നലെ ശബരിമല വിധി പുനഃപരിശോധിക്കാന്‍ തീരുമാനം വന്നെങ്കിലും യുവതീ പ്രവേശന വിധി സ്‌റ്റേ ചെയ്തിട്ടില്ല.ഇതിനകം മുപ്പതിലേറെ യുവതികള്‍ ദര്‍ശനത്തിനായി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തിട്ടുണ്ട്.രജിസ്റ്റര്‍ ചെയ്തവരെല്ലാം എത്താന്‍ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്. യുവതികളെത്തിയാല്‍ സംരക്ഷണം നല്‍കാന്‍ പൊലീസ് തയ്യാറാകില്ല.യുവതീ പ്രവശേന വിധി വന്നതിന് പിന്നാലെ സന്നിധാനത്ത് വനിതാ പൊലീസിനെ അടക്കം വിന്യസിച്ചായിരുന്നു കഴിഞ്ഞ സീസണില്‍ ശബരിമലയിലെ പൊലീസ് സുരക്ഷ. സന്നിധാനത്തും പമ്പയിലും രണ്ട് ഐജിമാരുടെ നേതൃത്വത്തില്‍ എസ്പി മാരെ അണിനിരത്തി വന്‍ ക്രമീകരണം ഒരുക്കിയെങ്കിലും വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഉണ്ടായത്. പുനപരിശോധന വിധി വന്നതോടെ സര്‍ക്കാര്‍ യുവതീ പ്രവേശനത്തില്‍ നിലപാട് കടുപ്പിച്ചിട്ടില്ല. അതിനാല്‍ പമ്പയിലും സന്നിധാനത്തും നിലക്കലും ചുമതല മൂന്ന് എസ്പിമാരുടെ നേതൃത്വത്തിലാണ്. വനിതാ പൊലീസ് അടക്കം 10,017 പൊലീസുകാരെ വിന്യസിക്കും.കഴിഞ്ഞ തവണ യുവതികളെത്തിയാല്‍ തടയാന്‍ ഹിന്ദു സംഘടനകള്‍ വിവിധ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകരെ നിശ്ചയിച്ച് കൊണ്ടുവന്നിരുന്നു. ഇത്തവണ ഇതുവരെ അത്തരം നീക്കങ്ങളുണ്ടായില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.