ന്യൂ ഡല്‍ഹി:മഹാരാഷ്ട്രയിൽ മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ദേവേന്ദ്ര ഫഡ്‌നാവിസ് സര്‍ക്കാര്‍ നാളെ അഞ്ച് മണിക്ക് മുന്‍പായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എന്‍സിപി നേതാവ് അജിത് പവാര്‍ പദവിയില്‍ നിന്ന് നേരത്തെ രാജിവെച്ചിരുന്നു.വിശ്വാസ വോട്ടെടുപ്പിന് 14 ദിവസത്തെ സമയം ബിജെപി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി വോട്ടെടുപ്പ് നടത്തണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഏറെ നാളായി നീണ്ടുനിന്ന നാടകീയതകള്‍ക്കും, അനിശ്ചിതത്വത്തിനുമിടയിലാണ് ശനിയാഴ്ച രാവിലെ ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.സര്‍ക്കാര്‍ രൂപവത്ക്കരണത്തിനെതിരെ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും സംയുക്തമായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് രേഖകള്‍ ആവശ്യപ്പെട്ട കോടതി വിശ്വാസ വോട്ടെടുപ്പിന് ഉത്തരവിടുകയായിരുന്നു. 288 അംഗ നിയമസഭയില്‍ ഭൂരിപക്ഷത്തിന് 145 വേണം. ഈ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന് ബോധ്യമായ ബിജെപി നാണംകെട്ട് പടിയിറങ്ങുകയായിരുന്നു.
പോലീസ് സംരക്ഷണം നൽകില്ല;തൃപ്തി ദേശായിയും സംഘവും മടങ്ങുന്നു
കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങും. സംരക്ഷണം നല്‍കില്ലെന്ന് പോലിസ് നിലപാട് വ്യക്തമാക്കിയതോടെയാണ് ഇവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. രാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച് പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പോലിസ് വ്യക്തമാക്കി.തൃപ്തിയും സംഘവും മടങ്ങുമെന്ന് വ്യക്തമാക്കിയതോടെ ശബരിമല കര്‍മസമിതി കമ്മീഷണര്‍ ഓഫിസിനു മുൻപിൽ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു.ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി ദേശായി കേരളത്തിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്തില്‍ മല കയറിയ ബിന്ദു അമ്മിണിയും സംഘത്തോടൊപ്പം ചേരുകയായിരുന്നു.ഇവരുള്‍പ്പെടെ അഞ്ചുപേരാണ് ശബരിമലയ്ക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചത്. കമ്മീഷണര്‍ ഓഫീസിലെത്തിയ ഇവരോട്, സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നും യുവതീ പ്രവേശന വിധിക്ക് സ്‌റ്റേയുണ്ടെന്നാണ് നിയമോപദേശം എന്നും പോലിസ് ധരിപ്പിച്ചു.യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്ത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് ഇത്തവണ പോലീസ്.
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി;പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ
കൊച്ചി: ശബരിമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി.പുലര്‍ച്ചെയാണ് സംഘം നെടുമ്പാശ്ശേരിയില്‍ എത്തിയത്.കഴിഞ്ഞ വര്‍ഷം മല ചവിട്ടിയ ബിന്ദു അമ്മിണിയും ഇവർക്കൊപ്പം ഉണ്ട്. തൃപ്തി ദേശായിയും സംഘവും ഇപ്പോള്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിലാണ്. യുവതികള്‍ പ്രവേശിക്കാമെന്ന കോടതി വിധി നിലനില്‍ക്കുന്നുവെന്നും ശബരിമല ദര്‍ശനം നടത്തുമെന്നും തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം വഴി ശബരിമലയിലെത്താനാണ് തൃപ്തിയുടെയും സംഘത്തിന്‍റെയും പദ്ധതി.എന്നാല്‍ ഇവര്‍ക്ക് പൊലീസ് സംരക്ഷണമൊരുക്കുമോയെന്നതില്‍ വ്യക്തതയില്ല. തൃപ്തി കമ്മിഷണര്‍ ഓഫീസില്‍ ഉണ്ടെന്ന് പ്രദേശത്ത വന്‍ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്. നാമജപവുമായാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.കമ്മിഷണര്‍ ഓഫിസില്‍ നിന്നും നാമജപ പ്രതിഷേധക്കാരെ നീക്കാനാനായി പോലീസ് ശ്രമം നടത്തി വരികയാണ്.എന്നാല്‍ തൃപ്തിയും സംഘവും ശബരിമലയിലേക്ക് തന്നെ പോകുമെന്ന നിലപാടിലാണ്.നവംബര്‍ 20 ന് ശേഷം ശബരിമല സന്ദര്‍ശിക്കാന്‍ താന്‍ എത്തുമെന്ന് നേരത്തെ തൃപ്തി ദേശായി പ്രഖ്യാപനം നടത്തിയിരുന്നു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ കഴിഞ്ഞ മണ്ഡലകാലത്തും തൃപ്തി ദേശായി കേരളത്തിലെത്തിയിരുന്നു.എന്നാല്‍ ശബരിമല കര്‍മസമിതി അടക്കമുള്ള സംഘടനകളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് അവര്‍ മടങ്ങിപ്പോവുകയായിരുന്നു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിയാതെയായിരുന്നു തൃപ്തി ദേശായി അന്ന് മടങ്ങിപ്പോയത്.
മഹാരാഷ്ട്ര കേസ്;സുപ്രീം കോടതിയിൽ വാദം പൂർത്തിയായി;വിധി നാളെ
ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ പാതിരാ അട്ടിമറിയിലൂടെ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിനെതിരെ എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന കക്ഷികള്‍ നല്‍കിയ ഹരജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി.കേസിൽ നാളെ 10.30 ന് കോടതി വിധി പറയും.ഇരുഭാഗത്തും മുതിര്‍ന്ന അഭിഭാഷകര്‍ അണിനിരന്ന ഒന്നേ മുക്കാല്‍ നീണ്ട വാദത്തിനൊടുവില്‍ ജസ്റ്റിസുമാരായ എന്‍.വി രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് കേസ് വിധിപറയാനായി മാറ്റിയത്.വിശ്വാസവോട്ടെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 10.30ന് കോടതി ഉത്തരവിറക്കും. തിങ്കളാഴ്ചത്തെ വാദത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് എന്‍.സി.പിക്കും ശിവസേനക്കും വേണ്ടി ഹാജരായ കപില്‍ സിബലും മനു അഭിഷേക് സിങ് വിയും ആവശ്യപ്പെട്ടു. എന്നാല്‍, രണ്ടാഴ്ചത്തെ സമയം അനുവദിക്കണമെന്നും ഗവര്‍ണറുടെ നടപടിയില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു മുഖ്യമന്ത്രി ദേേവന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുള്‍ രോഹതഗി വാദിച്ചത്. ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ചാണ് വാദം കേട്ടത്.
അങ്കമാലിയിൽ സ്വകാര്യബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
കൊച്ചി: അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു.രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം.ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര പനങ്ങാട്ടുപറമ്പിൽ ഔസേഫിന്റെ മകന്‍ ജോസഫ് (58),ഓട്ടോയാത്രക്കാരായ മാമ്പ്ര കിടങ്ങേന്‍ മത്തായിയുടെ ഭാര്യ മേരി (65), അങ്കമാലി കല്ലുപാലം പാറയ്ക്ക ജോര്‍ജിന്റ ഭാര്യ മേരി (58), മൂക്കന്നൂര്‍ കൈ പ്രസാടന്‍ തോമസിന്റെ ഭാര്യ റോസി (50) എന്നിവരാണ് മരിച്ചത്.അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്കയില്‍ നിന്ന് കുര്‍ബാന കഴിഞ്ഞ് അങ്കമാലി ടൗണിലേക്ക് വരികയായിരുന്ന യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മൂക്കന്നുരിലേക്ക് പോകുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.ബസിനടിയില്‍ പെട്ട ഓട്ടോയിൽ നിന്നും പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ സമയം ഗതാഗത തടസ്സവുമുണ്ടായി.
മഹാരാഷ്ട്രയിൽ നാടകീയ രാഷ്ട്രീയ നീക്കം;ദേവന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
മുംബൈ:വൻ നാടകീയ നീക്കങ്ങൾക്കൊടുവിൽ മഹാരാഷ്ട്രയിൽ ബി.ജെ.പി – എൻ.സി.പി സഖ്യ സർക്കാർ ചുമതലയേറ്റു.എന്‍സിപി പിന്തുണയില്‍ ബിജെപി നേതാവും മുന്‍മുഖ്യമന്ത്രിയുമായ ദേവന്ദ്ര ഫഡ്നാവിസ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ അജിത് പവാറാണ് ഉപമുഖ്യമന്ത്രി. എന്‍.സി.പിയിലെ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പം ചേരുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തിന് ചര്‍ച്ചകള്‍ നടത്തി വന്നിരുന്ന ശിവസേന, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് പുതിയ നീക്കം.ശരദ് പവാറിന്‍റെ നീക്കങ്ങളെ വെട്ടിക്കൊണ്ട് അജിത് പവാര്‍ നടത്തിയ നീക്കങ്ങളാണ് എന്‍സിപി-ബിജെപി സഖ്യത്തിന് വഴിയൊരുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ശരത് പവാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒറ്റരാത്രികൊണ്ട് എന്‍സിപിയെ തങ്ങളോടൊപ്പം ചേര്‍ത്ത് ബിജെപി മഹാരാഷ്ട്ര ഭരണം പിടിച്ചെടുക്കുകയായിരുന്നു.രാവിലെ രാജ്ഭവനിലെത്തിയാണ് ദേവന്ദ്ര ഫഡ്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിയായി ഫഡ്നാവിസ് ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലേയേറ്റു.ജനഹിതത്തിന് വിരുദ്ധമായി സംസ്ഥാനത്ത് ഭരണം നേടാനാണ് ശിവസേന ശ്രമിച്ചതെന്ന് ദേവേന്ദ്ര ഫഡ്നാവീസ് മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ബി.ജെ.പിക്ക് വ്യക്തമായി ഭൂരിപക്ഷം നല്‍കി.എന്നാല്‍ മറ്റു പാര്‍ട്ടികളുമായി ശിവസേന കൂട്ടുകൂടാന്‍ ശ്രമിച്ചത് രാഷ്ട്രപതി ഭരണത്തിലേക്കാണ് സംസ്ഥാനത്തെ കൊണ്ടെത്തിച്ചതെന്നും ഫഡ്നാവീസ് പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ദേവന്ദ്ര ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.മഹാരാഷ്ട്രയില്‍ വേണ്ടത് സ്ഥിരതയുള്ള സര്‍ക്കാരാണെന്നായിരുന്നു ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ അജിത് പവാര്‍ പ്രതികരിച്ചത്.
അതേസമയം ബിജെപിയുടെ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. രാഷ്ട്രീയത്തിലെ ഏറ്റഴും വലിയ ചതിയാണ് എന്‍സിപി കാട്ടിയതെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ന് പ്രഖ്യാപനം ഉണ്ടാവുമെന്ന് ശരത് പവാര്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചതെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.ശരത് പവാറിന്‍റെ അറിവോടെയാണ് ഈ നീക്കങ്ങള്‍ നടന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ശരത് പവാര്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു.സംസ്ഥാനത്തെ കര്‍ഷക പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതെന്നായിരുന്നു ശരത് പവാറിന്‍റെ വിശദീകരണം. പാര്‍ലമെന്‍റില്‍ നരേന്ദ്ര മോദി എന്‍സിപിയെ പ്രശംസിച്ചതും ശ്രദ്ധേയമായിരുന്നു. കര്‍ഷകപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു സഭയില്‍ അച്ചടക്കം പാലിച്ചതിന് എന്‍സിപിയെ പ്രശംസിക്കുന്നതായി മോദി പറഞ്ഞത്. ആവശ്യമില്ലാതെ സഭയില്‍ ബഹളം വെക്കുന്ന പാര്‍ട്ടിയല്ല എന്‍സിപിയെന്നായിരുന്നു മോദിയുടെ പ്രശംസ. ഈ നീക്കങ്ങളെല്ലാമാണ് ഇന്നത്തെ സര്‍ക്കാര്‍ രൂപീകരണത്തില്‍ കലാശിച്ചതെന്നാണ് സൂചന.
വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; എസ്.എഫ്.ഐ വയനാട് കളക്റ്ററേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
വയനാട്: വിദ്യാര്‍ഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.വയനാട് കളക്‌ട്രേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. പൊലീസ് വലയം ഭേദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കളക്‌ട്രേറ്റിലേക്ക് തള്ളിക്കയറി. കളക്‌ട്രേറ്റിന്‍റെ മുന്‍വശത്തെ ഗേറ്റില്‍ ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് നൂറോളം വരുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രണ്ടാമത്തെ ഗേറ്റിലേക്ക് പാഞ്ഞെത്തിയത്. പ്രതീക്ഷിക്കാതെയെത്തിയ നീക്കമായിരുന്നതിനാല്‍ പോലീസിന് കുറച്ച് നേരത്തേക്ക് നിസഹായരായി നിൽക്കാനേ കഴിഞ്ഞുള്ളു.തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി.പ്രവര്‍ത്തകര്‍ ഗേറ്റും മതിലും ചാടി കടന്ന് കളക്‌ട്രേറ്റിലേക്ക് പാഞ്ഞു കയറുകയായിരുന്നു. കളക്‌ട്രേറ്റ് വളപ്പിലേക്ക് പ്രവേശിച്ച പ്രവര്‍ത്തകര്‍ വിവിധ ഓഫീസുകളിലേക്കും കയറി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരാണ് കളക്‌ട്രേറ്റിലേക്ക് ഓടിക്കയറിയത്. മതിയായ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ഇല്ലാതിരുന്നതിനാല്‍ വനിതാ പ്രവര്‍ത്തകരെ നിയന്ത്രിക്കാനായില്ല.കളക്‌ട്രേറ്റിനുള്ളിലെ രണ്ടാം നിലയിലേക്ക് കയറാനൊരുങ്ങിയ പ്രവര്‍ത്തകരെ ലാത്തിച്ചാര്‍ജ് ചെയ്താണ് പോലീസ് പിന്തിരിപ്പിച്ചത്. ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി.
വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവം; വയനാട്ടിലെ എല്ലാ സ്‌കൂളുകളുടെ പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയിൽ നിന്നും പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ സ്‌കൂളുകള്‍ വൃത്തിയാക്കാന്‍ നടപടികളെടുത്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. വയനാട്ടിലെ മുഴുവന്‍ സ്‌കൂളും പരിസരവും ഉടന്‍ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഉത്തരവിട്ടു. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്‌കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിര്‍ദേശം.അടിയന്തര സാഹചര്യത്തില്‍ ഇടപെടുന്നതില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവില്‍ പറയുന്നു. ജാഗ്രതക്കുറവ് തുടര്‍ന്നാല്‍ നടപടിയെടുക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.എല്ലാ ക്ലാസ് മുറികളും പ്രധാന അധ്യാപകന്‍ പിടിഎയുടെ നേതൃത്വത്തില്‍ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം, ടോയ്‌ലറ്റും ടോയ്‌ലറ്റിലേക്ക് പോകുന്ന വഴികളും ഇന്നുതന്നെ വൃത്തിയാക്കണം,ക്ലാസ് മുറിയില്‍ കുട്ടികള്‍ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവില്‍ പറയുന്നു. എല്ലാമാസവും പരിശോധന തുടരണമെന്നും നിര്‍ദേശമുണ്ട്.കളിസ്ഥലത്തും വിവിധ ആവശ്യങ്ങള്‍ക്ക് സ്‌കൂളില്‍ സ്ഥാപിച്ചിരിക്കുന്ന ബോക്‌സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അധ്യാപകര്‍ ഉറപ്പുവരുത്തണം. പ്രധാനധ്യാപകന്റെ നിര്‍ദേശം സ്‌കൂളിലെ അധ്യാപകര്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. വയനാട് ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയിട്ടുണ്ട്. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ജില്ലാ കളക്ടറും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.സുല്‍ത്താന്‍ ബത്തേരിയിലെ ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം;ആരോപണ വിധേയനായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു
സുൽത്താൻബത്തേരി:ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ അധ്യാപകന്‍ ഷാജിലിനെ സസ്‌പെൻഡ് ചെയ്തു.പാമ്പ് കടിച്ചതാണെന്ന് വിദ്യാര്‍ഥിനി പറഞ്ഞിട്ടും അത് കേള്‍ക്കാന്‍ അധ്യാപകന്‍ തയ്യാറായില്ലെന്ന് കുട്ടികള്‍ പറയുന്നു.ചികിത്സ നല്‍കാന്‍ വൈകിയതാണ് മരണത്തിന് കാരണമായതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ ഷെറിനാണ് പാമ്പുകടിയേറ്റ് കഴിഞ്ഞ ദിവസം മരിച്ചത്.രക്ഷിതാക്കള്‍ എത്തിയതിന് ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.പാമ്പ് കടിയേറ്റ് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതെന്നും വിദ്യാര്‍ഥികള്‍ വിശദീകരിച്ചു.അതേസമയം വിദ്യാർത്ഥിനിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് മറ്റ് അധ്യാപകര്‍ക്ക് മെമ്മോ നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഡി പി ഐയോട് റിപ്പോര്‍ട്ട് തേടുകയും അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിടുകയും ചെയ്തു. വിവരങ്ങളറിയാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല അന്വേഷണ സംഘത്തെ സ്‌കൂളിലേക്ക് അയച്ചിട്ടുണ്ടെന്ന് കലക്ടര്‍ അദീല അബ്ദുല്ല വ്യക്തമാക്കി. സംഭവത്തില്‍ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടി സ്വീകരിക്കും.
ക്ലാസ്സ്മുറിയിലെ ചുമരിനുള്ളിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു
വയനാട്:ക്ലാസ്സ്മുറിയിലെ ചുമരിനുള്ളിലെ പൊത്തിൽ നിന്നും പാമ്പുകടിയേറ്റ് അഞ്ചാംക്ലാസ് വിദ്യാർത്ഥിനി മരിച്ചു.സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഡ്വ. അസീസിന്റെയും അഡ്വ. സജ്‌ന ആയിഷയുടെയും മകള്‍ ഷഹ്‌ല ഷെറിനാണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാല്‍ ക്ലാസ് റൂമിലെ ഭിത്തിയോട് ചേര്‍ന്ന പൊത്തില്‍പ്പെടുകയും കാലില്‍ മുറിവുപറ്റുകയുമായിരുന്നു. മുറിവില്‍ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികള്‍ അദ്ധ്യാപകരോട് വിവരം അറിയിച്ചു. വിദ്യാര്‍ത്ഥിനിയുടെ കാല്‍ പരിശോധിച്ചപ്പോള്‍ പാമ്പ് കടിയേറ്റതു പോലുള്ള പാടുകള്‍ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്‌കൂള്‍ അധികൃതര്‍ വിവരം അറിയിച്ചു.പിതാവ് എത്തിയതിനു ശേഷം സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിന്നീട് ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാര്‍ത്ഥിനി മരണപ്പെടുകയായിരുന്നു.പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപ്പോര്‍ട്ട്. സഹോദരങ്ങള്‍: അമീഗ ജബീന്‍, ആഹില്‍ ഇഹ്‌സാന്‍. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച 12.30ന് പുത്തന്‍കുന്ന് ജുമാ മസ്ജിദില്‍.