മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ട് തേടും. ഇതിന്റെ ഭാഗമായി ഇന്ന് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. ഉച്ചക്ക് രണ്ടിനാണ് സഭ. മഹാവികാസ് അഗാഡിയുടെ ശിപാര്‍ശ അംഗീകരിച്ച് എന്‍.സി.പി എം.എല്‍.എയും മുന്‍ സ്പീക്കറുമായ ദിലീപ് വത്സെ പാട്ടീലിനെ ഗവര്‍ണര്‍ പ്രോ ടെം സ്പീക്കറായി നിയോഗിച്ചു.288 അംഗ നിയമസഭയില്‍ 170 ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്.സര്‍ക്കാറുണ്ടാക്കാന്‍ അവകാശമുന്നയിച്ചപ്പോള്‍ 162 എം.എല്‍.എമാരുടെ പിന്തുണ കത്താണ് അഗാഡി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇപ്പോള്‍ 170 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. ശിവസേന (56), എന്‍.സി.പി (54), കോണ്‍ഗ്രസ് (44) പാര്‍ട്ടികള്‍ക്ക് മാത്രം 154 എം.എല്‍.എമാരുണ്ട്.ചെറു പാര്‍ട്ടികളും സ്വതന്ത്രരും ഉള്‍പ്പെടെ ഒമ്ബത് എം.എല്‍.എമാര്‍ ശിവസേനയെ പിന്തുണക്കുന്നു. ബഹുജന്‍ വികാസ് അഗാഡി (മൂന്ന്), സമാജ്വാദി പാര്‍ട്ടി (രണ്ട്), പി.ഡബ്ല്യു.പി (ഒന്ന്), സ്വാഭിമാന്‍ പക്ഷ (ഒന്ന്) എന്നിവര്‍ കോണ്‍ഗ്രസ്, എന്‍.സി.പിക്ക് ഒപ്പവുമുണ്ട്. ഇവരും ചേരുന്നതോടെയാണ് 170 പേരാകുന്നത്. വിശ്വാസ വോട്ട് തേടാന്‍ ഡിസംബര്‍ മൂന്നു വരെയാണ് ഗവര്‍ണര്‍ സമയം അനുവദിച്ചത്.
എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചു;കണ്ണൂരിൽ സ്വകാര്യ സ്കൂളിലെ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
കണ്ണൂർ:എട്ട് വിദ്യാര്‍ത്ഥിനികളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ കണ്ണൂർ ചന്ദനക്കാം പാറയിലെ സ്വകാര്യ സ്കൂളിലെ കായിക അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു.ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. ഇതോടെ അദ്ധ്യാപകനെതിരെ സ്‌കൂള്‍ മാനേജ് മെന്റ് നടപടി സ്വീകരിക്കുകയായിരുന്നു.ജില്ലാ ലീഗല്‍ സര്‍വ്വീസ് അഥോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ലധികം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്. ജില്ലാ ജഡ്ജി അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് ഞെട്ടിപ്പിക്കുന്ന പീഡനവിവരം വിദ്യാര്‍ത്ഥിനികള്‍ വെളിപ്പെടുത്തിയത്.സ്‌കൂള്‍ മാനേജ്‌മെന്റ് നടപടി സ്വീകരിക്കാത്തതോടെ പി.ടി.എ ഇടപെടലോടെയാണ് ഇയാളെ സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്.നേരത്തെയും ഈ അദ്ധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിരുന്നില്ല. നിരന്തരം അദ്ധ്യാപകന്റെ കയ്യില്‍ നിന്ന് പീഡനം നേരിട്ടുവെന്നാണ് കുട്ടികള്‍ പറയുന്നത്. വിഷയത്തില്‍ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂര്‍ എസ്‌പിക്ക് റിപ്പോര്‍ട്ട് കൈമാറും. ഇന്ന് തന്നെ കേസില്‍ തുടര്‍ നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസ്;ദിലീപിന് തിരിച്ചടി; ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ദൃശ്യങ്ങള്‍ കൈമാറാനാകില്ലെന്ന് സുപ്രീംകോടതി. ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡിനെ കേസിലെ രേഖയായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ.ഇരയുടെ സ്വകാര്യത മാനിക്കണമെന്നും അതിനാല്‍ പ്രതിക്ക് പകര്‍പ്പ് കൈമാറാനാകില്ലെന്നും സുപ്രീംകോടതി അറിയിച്ചു.എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്നും കോടതി അഭിപ്രായപ്പെട്ടു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും അത് വ്യാജമായിരുന്നെന്നും പറഞ്ഞാണ് ദൃശ്യങ്ങള്‍ തനിക്ക് വേണമെന്ന ആവശ്യവുമായി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്.ഓടുന്ന വാഹനത്തില്‍ പീഡിപ്പിക്കപ്പെട്ടു എന്നാണ് നടിയുടെ വാദം.എന്നാല്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനമാണ് ദൃശ്യങ്ങളില്‍ കാണുന്നതെന്നായിരുന്നു ആയിരുന്നു ദിലീപിന്റെ വാദം. അതുപോലെ തന്നെ നടിയുടെ ശബ്ദം ഡബ്ബ് ചെയ്തതാണെന്ന് സംശയിക്കുന്നതായും ഇതില്‍ ഫോറന്‍സിക് പരിശോധന വേണമോ മറ്റെന്തെങ്കിലും പരിശോധന വേണമോ എന്നതും തന്റെ അവകാശമാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. ദൃശ്യങ്ങളുടെ കോപ്പിയില്‍ വാട്ടര്‍ മാര്‍ക്കിടാം, പോലീസുകാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധന നടത്താം, സി ഡാക്കിനെ ഏല്‍പ്പിക്കാം തുടങ്ങിയ അനേകം ഉപാധികള്‍ ദിലീപ് മുൻപോട്ട് വെച്ചെങ്കിലും ഇതൊന്നും കോടതി അംഗീകരിച്ചില്ല. ദിലീപിന് വ്യക്തിപരമായി പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.ദൃശ്യങ്ങള്‍ ദിലീപിന് കൈമാറുന്നത് നടിയുടെ സ്വകാര്യതയും സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന നടിയുടെയും സര്‍ക്കാരിന്റെയും വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. ഇതോടെ അന്വേഷണ സംഘത്തിന് കേസുമായി മുൻപോട്ട് പോകാനാകും.
സംസ്ഥാന സ്കൂൾ കലോത്സവം;കോഴിക്കോട് ജില്ല മുന്നിൽ
കാഞ്ഞങ്ങാട്:അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ആദ്യദിനം പിന്നിടുമ്പോൾ 279 പോയിന്റുമായി കോഴിക്കോട് ജില്ല മുന്നിൽ.271 പോയന്റുമായി കണ്ണൂരാണ് രണ്ടാം സ്ഥാനത്ത്.269 പോയന്റുള്ള മലപ്പുറം മൂന്നാം സ്ഥാനത്താണ്. തൃശൂര്‍ നാലാം സ്ഥാനത്തും കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ പാലക്കാട് ജില്ല അഞ്ചാം സ്ഥാനത്തുമാണ്.പതിവുപോലെ രാത്രി വൈകിയും പലവേദിയിലും മത്സരങ്ങള്‍ നീണ്ടു.രണ്ടാം ദിനമായ ഇന്ന് 28 വേദികളിലായി 70ലേറെ മത്സരങ്ങള്‍ നടക്കും. ഒപ്പന, തിരുവാതിര, യക്ഷഗാനം, ദഫ്മുട്ട്, മിമിക്രി തുടങ്ങിയവയാണ് ഇന്നത്തെ പ്രധാന ഇനങ്ങള്‍. ശാസ്ത്രീയ നൃത്ത ഇനങ്ങളായ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയും ഇന്ന് വേദിയിലെത്തും. ഒന്നാം ദിവസം രാത്രി ഒന്നരയോടെയാണ് പ്രധാന വേധിയില്‍ സംഘനൃത്ത മത്സരം തീര്‍ന്നത്. വൈകിട്ട് 5 മണിക്ക് തുടങ്ങേണ്ട സംഘനൃത്തം മൂന്ന് മണിക്കൂര്‍ വൈകിയിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ നാടക മത്സരം രാത്രി വരെ നീണ്ടു.
വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തി പോലീസ്;നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്
കൊല്ലം:വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികനെ ലാത്തിയെറിഞ്ഞു വീഴ്ത്തി പോലീസ്.കൊല്ലം കടയ്ക്കലിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ലാത്തിയേറിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു.ബൈക്ക് യാത്രികനായ ചിതറ കിഴക്കുംഭാഗം പന്തവിള വീട്ടില്‍ സിദ്ദിഖി (22) നാണു പരുക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിയോടും കൊല്ലം റൂറല്‍ ജില്ലാ പോലിസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.സംഭവത്തില്‍ സിവില്‍ പോലിസ് ഓഫീസര്‍ ചന്ദ്രമോഹനെ സസ്പെന്‍റ് ചെയ്യാന്‍ കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇയാളാണ് ലാത്തിയെറിഞ്ഞത്.പരിക്കേറ്റ സിദ്ദിഖിനെ പോലിസുകാര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നുവെന്നു സിദ്ദിഖിന്റെ പിതാവ് പറഞ്ഞു. പരുക്കു ഗുരുതരമാണെന്നു കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണു ബന്ധുക്കള്‍ എത്തിയത്. ഇതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.പോലിസ് നടപടിയില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പാരിപ്പള്ളി – മടത്തറ റോഡ് ഉപരോധിച്ചു. തുര്‍ന്ന് എസ്പിയുടെ നേതൃത്വത്തില്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് സംഭവങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കാമെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ഇതോടെ ജനങ്ങള്‍ ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.
നടന്‍ ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക് ഏർപ്പെടുത്തി;വെയില്‍, ഖുര്‍ബാനി ചിത്രങ്ങള്‍ ഉപേക്ഷിക്കും
കൊച്ചി:നടന്‍ ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക് ഏർപ്പെടുത്തി.നടന്റെ ഭാഗത്തു നിന്നുള്ള ആവർത്തിച്ചുള്ള നിസ്സഹകരണമാണ് വിലക്കിന് കാരണമെന്ന് നിര്‍മാതാക്കളുടെ സംഘടന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് വരെ ഒരു നടന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത പ്രതികരണമാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്, പണം മുടക്കുന്നവരെ കളിയാക്കുന്ന രീതിയിലാണ് പ്രതികരണമെന്നും ഇത് അസോസിയേഷന് അംഗീകരിക്കാനാവില്ലായെന്നും പ്രൊഡ്രൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.വെയില്‍, കുര്‍ബാനി സിനിമകള്‍ ഉപേക്ഷിക്കാനും തീരുമാനമായി.ഇതുവരെ ചെലവായ തുക ഷെയിനില്‍ നിന്ന് ഈടാക്കും.രണ്ട് ചിത്രങ്ങള്‍ക്കുമായി ഏഴ് കോടി രൂപയാണ് ചെലവ്. ഈ പണം നല്‍കാതെ ഷെയിനിനെ ഇനി ഒരു സിനിമയിലും സഹകരിപ്പിക്കില്ലെന്നാണ് തീരുമാനം എന്നും നിര്‍മ്മാതാക്കളുടെ സംഘടന അറിയിച്ചു.ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ്പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍റെതീരുമാനം. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നാണ് പരാതി. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാര്‍ ഒപ്പിട്ടതെന്നും എന്നാല്‍ ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും നിര്‍മ്മാതാക്കള്‍ പരാതിയില്‍ വ്യക്തമാക്കുന്നു. ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ ആരോപണം ഷെയ്ന്‍ നിഗം തള്ളി.വെയില്‍ സിനിമയുടെ സംവിധായകന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു കഴിഞ്ഞ ദിവസം ഷെയ്ന്‍ നിഗം സെറ്റില്‍ നിന്നും ഇറങ്ങിപ്പോയത്. ഇതിന് പിന്നാലെയാണ് മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ന്‍ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.ശരത് സംവിധാനം ചെയ്യുന്ന വെയില്‍ സിനിമയില്‍ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്. വെയിലിന്‍റെ ചിത്രീകരണം പൂര്‍ത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേര്‍ന്ന് നടത്തിയ ഒത്തുതീര്‍പ്പുചര്‍ച്ചയില്‍ കരാറുണ്ടാക്കിയിരുന്നു. മുന്നറിയിപ്പ് ലംഘിച്ചുള്ള ഷെയ്നിന്റെ വെല്ലുവിളിയെ ഗൗരവമായി നേരിടാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.
അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കലോത്സവത്തിന് കാഞ്ഞങ്ങാട് കൊടിയേറി
കാസര്‍ഗോഡ്: അറുപതാമത് സംസ്താന സ്കൂള്‍ കലോത്സവത്തിന് ഇന്ന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ബാബു ചടങ്ങിൽ പതാകയുയര്‍ത്തി. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഒൻപത് മണിക്ക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുന്നതോടെ നാലു ദിവസത്തെ കലാമേളയ്ക്ക് ആരംഭമാകും.മഹാകവി പി കുഞ്ഞിരാമന്‍ നായരുടെ പേരിലുളള മുഖ്യ വേദിയിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, സി രവീന്ദ്രനാഥ്, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.28 വര്‍ഷത്തിനു ശേഷമാണ് കലോത്സവം കാസര്‍കോട് എത്തുന്നത്. 28 വേദികളില്‍ ആയിട്ടാണ് കലോത്സവം നടക്കുന്നത്. 239 മത്സരയിനങ്ങളിലായി 13000 മത്സരാര്‍ത്ഥികളാണ് ഇത്തവണ കലോത്സവത്തില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നത്.കോല്‍കളി, മോഹനിയാട്ടം, സംഘനൃത്തം കുച്ചുപുടി, ചവിട്ടുനാടകം, തുടങ്ങിയവാണ് ആദ്യ ദിനത്തിലെ പ്രധാന മത്സരയിനങ്ങള്‍. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ 60 അംഗ സംഘം നയിക്കുന്ന ഊട്ടുപുര കലോത്സവത്തിനായി സജ്ജമായിട്ടുണ്ട്. ഒരേ സമയം 3000 പേര്‍ക്ക് കഴിക്കാനാകുന്ന തരത്തില്‍ 25000 പേര്‍ക്കുളള ഭക്ഷണമാണ് ദിവസവും ഒരുക്കുന്നത്.
കനകമല ഐഎസ് കേസില്‍ വിധി പ്രഖ്യാപിച്ചു;ഒന്നാം പ്രതിക്ക് 14 വര്‍ഷം തടവും പിഴയും, രണ്ടാം പ്രതിക്ക് 10 വര്‍ഷം തടവ്
കൊച്ചി:കണ്ണൂര്‍ കനകമല കേസില്‍ കുറ്റകാരാണെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷ വിധിച്ചു.ഒന്നാം പ്രതി കോഴിക്കോട് സ്വദേശി മന്‍സീദ് മുഹമ്മദിന് 14 വര്‍ഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് പത്തുവര്‍ഷം തടവും പിഴയും മൂന്നാം പ്രതി റാഷിദിന് ഏഴ് വര്‍ഷം തടവും പിഴയും വിധിച്ചിട്ടുണ്ട്.എന്‍.ഐ.എ.പ്രത്യേക കോടതി ജഡ്ജി പി. കൃഷ്ണകുമാറാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്.മറ്റു പ്രതികളായ കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലന് മൂന്ന് വര്‍ഷവും തിരൂര്‍ സ്വദേശി സഫ്‌വാന് എട്ട് വര്‍ഷവും കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്‌നൂദീന് മൂന്ന് വര്‍ഷം തടവുമാണ് വിധിച്ചത്.2016 ഒക്ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഐ.എസ് അനുകൂല രഹസ്യയോഗം ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തെന്നായിരുന്നു പ്രതികള്‍ക്കെതിരെയുള്ള കേസ്. രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രാഷ്ട്രീയ പ്രമുഖര്‍, ചില വിദേശികള്‍ എന്നിവരെ വധിക്കാനും പൊതുസ്ഥലങ്ങളില്‍ ആക്രമണം നടത്താനുമായിരുന്നു പ്രതികളുടെ പദ്ധതി.9 പ്രതികളുള്ള കേസില്‍ വിചാരണ നേരിട്ടത് ഏഴുപേരാണ്. കേസിലെ എല്ലാ പ്രതികള്‍ക്കുമെതിരെ ഗൂഡാലോചന കുറ്റവും നിരോധിത സംഘടനയെ അനുകൂലിച്ചുവെന്ന കുറ്റവും കണ്ടെത്തി.
യുഎപിഎ അറസ്റ്റ്;അലനും താഹയ്ക്കും ജാമ്യമില്ല; ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി:കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത താഹാ ഫസലിനും, അലന്‍ ഷുഹൈബിനും ജാമ്യമില്ല. ഇരുവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.ഇരുവര്‍ക്കും ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്ത സാഹചര്യത്തിലാണ് നടപടി.കേസില്‍ അന്വേഷണം പുരോഗിക്കുന്ന ഈ ഘട്ടത്തില്‍ പ്രതികള്‍ക്കു ജാമ്യം നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു. പ്രതികള്‍ക്കു മാവോയിസ്റ്റു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കി. യുഎഎപിഎ ചുമത്തിയതിന്റെ കാരണവും അറിയിച്ചു.പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യുഎപിഎ കേസുകളിലും പ്രതിയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പൊലീസ് പറഞ്ഞു.
മഹാരാഷ്ട്ര നിയമസഭയില്‍ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ തുടങ്ങി;ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ നാളെ നടക്കും
മുംബൈ: പുതിയ എം.എല്‍.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി മഹാരാഷ്ട്ര നിയമസഭയുടെ പ്രത്യേക സമ്മേളനം തുടങ്ങി. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളാംബ്കറെക്ക് മുൻപാകെയാണ് 288 എം.എല്‍.എമാര്‍ സത്യവാചകം ചൊല്ലുന്നത്. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ ബുധനാഴ്ച വൈകീട്ട് അഞ്ചിനകം പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്കായി നിയമസഭയുടെ പ്രത്യേക സമ്മേളനം ഗവര്‍ണര്‍ വിളിച്ചത്.മുതിര്‍ന്ന എം.എല്‍.എ കാളിദാസ് കൊളാംബ്കറയെ നിയമസഭാ പ്രോടേം സ്പീക്കറായി കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു.അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു.പിന്നാലെ സഖ്യനേതാക്കള്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയെ കണ്ട് ഉദ്ദവ് താക്കറെ തെരഞ്ഞെടുത്ത കത്ത് കൈമാറി. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്നതില്‍ പിന്നീട് തീരുമാനമെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അതേസമയം അതെ സമയം തനിക്ക് കൈ വന്ന സൗഭാഗ്യത്തില്‍ കൂട്ടുകക്ഷികള്‍ക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ നന്ദി രേഖപ്പെടുത്തി.’മഹാരാഷ്ട്രയെ നയിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. ഇതിന് സഹായിച്ച സോണിയാ ഗാന്ധിക്കും ശരത് പവാറിനും മറ്റുള്ളവര്‍ക്കും നന്ദി പറയുന്നു’- അദ്ദേഹം പ്രതികരിച്ചു.ശരത് പവാറിനെ കാണാന്‍ അജിത് പവാര്‍ വീട്ടിലെത്തി പരസ്പരം വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് രാജ്യത്തിന് ഒരു പുതിയ നേതൃത്വത്തെ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ സര്‍ക്കാര്‍ ആരോടും പ്രതികാരം ചെയ്യില്ല. സത്യപ്രതിജ്ഞക്കു ശേഷം ഞാന്‍ എന്റെ മൂത്ത സഹോദരനെ ഡല്‍ഹിയില്‍ പോയി കാണും- മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന അര്‍ത്ഥത്തില്‍ അദ്ദേഹം വ്യക്തമാക്കി. പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിസംബര്‍ ഒന്നാം തിയ്യതി മുംബൈ ശിവജി പാര്‍ക്കില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.