ന്യൂഡല്‍ഹി: മദ്രാസ് ഐഐടി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദ്യാര്‍ഥിനിയുടെ പിതാവ് ലത്തീഫുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് സിബിഐ അന്വേഷണം നടത്താമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയത്.വനിതാ ഐജിയുടെ നേതൃത്വത്തിലാകും സിബിഐ അന്വേഷണം നടക്കുകയെന്നും അമിത് ഷാ കൂടിക്കാഴ്ചയില്‍ അറിയിച്ചു.കേരളത്തില്‍നിന്നുള്ള എം.പിമാരുടെ നേതൃത്വത്തിലാണ് ഫാത്തിമയുടെ പിതാവ് ലത്തീഫ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ സന്ദര്‍ശിച്ചത്. ലത്തീഫിന്റെ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും കൈമാറി.ഇതോടൊപ്പം 37 എം.പിമാര്‍ ഒപ്പിട്ട നിവേദനവും പ്രധാനമന്ത്രിക്ക് നല്‍കി. ഫാത്തിമയുടെ മരണത്തെ സംബന്ധിച്ചുള്ള അന്വേഷണത്തിന് പുറമേ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന മാനസിക പീഡനമടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണമാണ് നടക്കുകയെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു.ഈ അന്വേഷണങ്ങളോടെ ഉന്നതവിദ്യാഭ്യാസരംഗത്ത് മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്രസര്‍ക്കാരിന്റെ മറുപടിയില്‍ തൃപ്തിയുണ്ടെന്ന് ഫാത്തിമയുടെ പിതാവ് ലത്തീഫും പ്രതികരിച്ചു. തന്റെ മകള്‍ അവസാനത്തെ ഇരയാകണമെന്നാണ് ആഗ്രഹം. ഇനിയും രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം സംഭവങ്ങളുണ്ടാകരുത്. ഫാത്തിമയുടെ മരണത്തിന് ശേഷം നീതി ലഭ്യമാക്കാന്‍ രാഷ്ട്രീയഭേദമന്യേ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബര്‍ ഒൻപതിനാണ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്നും 90 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 90 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോ 336 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുകൾ പിടികൂടി.ബുധനാഴ്ച പുലര്‍ച്ചെയാണ് വിമാനത്തില്‍ നിന്നും സ്വര്‍ണം കണ്ടെത്തിയത്. അബുദാബിയില്‍ നിന്ന് പുലര്‍ച്ചെ 3.45ന് എത്തിയ ഗോ എയര്‍ വിമാനത്തിനുള്ളില്‍ സീറ്റിനടിയിലാണ് സ്വര്‍ണം ഒളിപ്പിച്ചത്.എന്നാല്‍ ഇത് കൊണ്ടുവന്നയാളെ കണ്ടെത്താന്‍ സാധിച്ചില്ല.വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ ഇറങ്ങിയതിന് ശേഷം സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് സീറ്റിനിടയില്‍ ഒളിപ്പിച്ച പൊതിയില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ കണ്ടെത്തിയത്. രണ്ട് കെട്ടുകളിലായി പത്ത് സ്വര്‍ണ ബിസ്‌കറ്റുകള്‍ വീതം സെല്ലോ ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു.അതിനിടെ യാത്രക്കാരനായ കാസര്‍കോട് സ്വദേശിയിൽ നിന്ന് രണ്ടര ലക്ഷം രൂപയുടെ മൂന്നു കിലോ കുങ്കുമപ്പൂവും പിടികൂടി. അബുദാബിയില്‍ നിന്നെത്തിയ നൗഫലില്‍ നിന്നാണ് കുങ്കുമപ്പൂവ് കണ്ടെത്തിയത്.സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാളില്‍ നിന്നും കുങ്കുമപ്പൂവ് കണ്ടെത്തിയത്.
ഛത്തീസ്ഗഡിലെ ഐടിബിപി ക്യാമ്പിൽ ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവർത്തകർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും
റായ്പൂര്‍:ഛത്തീസ്ഗഡില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിലുണ്ടായ സംഘര്‍ഷത്തിനിടെ ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവർത്തകർ കൊല്ലപ്പെട്ടു. മരിച്ചവരിൽ കോഴിക്കോട് സ്വദേശിയും ഉൾപ്പെടുന്നു.ഐടിബിപി കോണ്‍സ്റ്റബിളായ കോഴിക്കോട് പേരാമ്പ്ര സ്വദേശി ബിജീഷാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം സ്വദേശി എസ് ബി ഉല്ലാസിന് വെടിവെപ്പില്‍ പരിക്കേറ്റു. ഐടിബിപി ജവാന്റെ വെടിയേറ്റ് അഞ്ച് സഹപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഐടിബിപി ഹെഡ്‌കോണ്‍സ്റ്റബില്‍ മസുദുല്‍ റഹ്മാനാണ് സഹപ്രവര്‍ത്തകര്‍ക്ക് നേര്‍ക്ക് വെടിയുതിര്‍ത്തത്. ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ മഹേന്ദ്രസിങ് ( ബിലാസ്പൂര്‍, ഹിമാചല്‍പ്രദേശ്), ദല്‍ജിത്ത് സിങ് ( ലുധിയാന-പഞ്ചാബ്), കോണ്‍സ്റ്റബിള്‍മാരായ സുര്‍ജിത്ത് സര്‍ക്കാര്‍ (ബര്‍ദ്വാന്‍- പശ്ചിമബംഗാള്‍), ബിശ്വരൂപ് മഹദോ (പുരൂലിയ-പശ്ചിമബംഗാള്‍) എന്നിവരാണ് മരിച്ചത്.നാരായണ്‍പൂരില്‍ രാവിലെ ഒൻപതു മണിയോടെയാണ് സംഭവം. വ്യക്തിപരമായ തര്‍ക്കങ്ങളാണ് ആക്രമണത്തിന് കാരണമെന്ന് ബസ്തര്‍ മേഖലയുടെ ചുമതലയുള്ള ഐ ജി പി സുന്ദരരാജ് അറിയിച്ചു.തര്‍ക്കത്തിനിടെ ഒരു പൊലീസുകാരന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത പൊലീസുകാരനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ഹെലികോപ്റ്റര്‍മാര്‍ഗം റായ്‌പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. മാവോയിസ്റ്റുകളെ നേരിടാനാണ് ഐടിബിപി വിഭാഗത്തെയും ചത്തീസ്ഗഡില്‍ വിന്യസിച്ചിരിക്കുന്നത്.സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു.
ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി.ചിദംബരത്തിന് ജാമ്യം
ന്യൂഡൽഹി:ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം.സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്.എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 100 ദിവസത്തിലധികമായി ചിദംബരം കസ്റ്റഡിയിലായിരുന്നു.ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയിലും ഡല്‍ഹി ഹൈക്കോടതിയിലും ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു.ഹരജി തള്ളിയ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.ജസ്റ്റിസ് ആര്‍ ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങുന്ന ബഞ്ചാണ് ജാമ്യം നല്‍കി ഉത്തരവിട്ടത്. ഐഎന്‍എക്സ് മീഡിയ പണമിടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഒക്ടോബര്‍ 16നാണ് ചിദംബരത്തെ ഇഡി അറസ്റ്റ് ചെയ്തത്. ഐഎന്‍എക്സ് മീഡിയ കമ്പനിക്ക് വഴിവിട്ട് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന്‍റെ പ്രതിഫലമായി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണം ലഭിച്ചെന്നാണ് ആരോപണം.
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന നാസയുടെ വാദത്തെ തള്ളി ഐ.എസ്.ആര്‍.ഒ;ലാന്‍ഡര്‍ എവിടെയാണെന്ന് ഞങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തിയതായി ചെയര്‍മാന്‍ കെ.ശിവന്‍
ബംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാന്‍ 2വിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയുടെ വാദത്തെ തള്ളി ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ.ശിവന്‍.വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്നും,സെപ്തംബര്‍ 10ന് ഇക്കാര്യം ട്വീറ്റ് ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.സെപ്തംബര്‍ ഏഴിന് പുലര്‍ച്ചെയാണ് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയത്. അതിനു ശേഷം ലാന്‍ഡറുമായുള്ള ആശയ വിനിമയം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ ശ്രമിച്ചെങ്കിലും ഇതുവരെ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിക്രം ലാന്‍ഡറിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടത്.ലൂണാര്‍ ഓര്‍ബിറ്റര്‍ എടുത്ത ചിത്രങ്ങള്‍ താരതമ്യം ചെയ്തതിന് ശേഷമായിരുന്നു നാസയുടെ സ്ഥിരീകരണം.രണ്ട് ഡസനോളം വരുന്ന പ്രദേശങ്ങളിലായാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 23 കഷണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയായിരുന്നു അവശിഷ്ടങ്ങള്‍. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയ ഭാഗം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമായിരുന്നു നാസ പുറത്ത് വിട്ടത്.തമിഴ്‌നാട് സ്വദേശിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ആദ്യം കണ്ടെത്തിയതെന്നും നാസ പറയുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ചതോടെ ഷണ്‍മുഖ സുബ്രഹ്മണ്യന്‍ എല്‍ആര്‍ഒ പ്രൊജക്ടുമായി ബന്ധപ്പെട്ടു. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് വീണ്ടും എ.ടി.എം തട്ടിപ്പ്; കൊച്ചിയില്‍ ഡോക്റ്ററുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് ഒരു ലക്ഷം രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയില്‍ ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്.15 മിനുട്ട് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു.ഇന്നലെ രാവിലെ 6.50 മുതല്‍ 7.15 വരെയുള്ള സമയത്തിനിടയിലാണ് പണം നഷ്ടമായത്. 7.28 നാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഡോക്ടര്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു. വൈകീട്ടും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനകം കാര്‍ഡ് ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പണം നഷ്ടമായിട്ടില്ല.10,000 രൂപ വീതമാണ് പിന്‍വലിച്ചത്. മുണ്ടംവേലിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്നാണ് നാലു തവണ പണം പിന്‍വലിച്ചത്. ബാക്കി ആറു തവണ ഇന്‍ഡസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നുമാണ്. ആദ്യം പനങ്ങാട് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ആദ്യതട്ടിപ്പ് നടന്നത് മുണ്ടംവേലിയിലായതിനാല്‍ കേസ് പിന്നീട് തോപ്പുംപടി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.ഈ ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ടെക്‌നീഷ്യന്റെ അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞയാഴ്ച 45,000 രൂപ നഷ്ടമായതായി പൊലീസില്‍ പരാതിയുണ്ട്. ഈ കേസിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് പുതിയ തട്ടിപ്പ് നടന്നത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് മോഷ്ടാക്കളെ പിടികൂടാനുള്ള ശ്രമത്തിലാണ് തോപ്പുംപടി പൊലീസ്.
ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ
ന്യൂഡൽഹി:ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്.ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനിടെ കാണാതായ വിക്രം ലാന്‍ഡറിനെ കണ്ടെത്തുന്നതിനായി യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ ഐഎസ്‌ആര്‍ഒയുമായി സഹകരിച്ചിരുന്നു. നേരത്തെ നാസയുടെ റീ കണ്‍സസ് ഓര്‍ബിറ്ററാണ് വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ പ്രദേശത്തെ ചിത്രങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ ഇത് ഫലം കണ്ടിരുന്നില്ല. വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും നാസ അറിയിച്ചിട്ടുണ്ട്.ചന്ദ്രോപരിതലത്തില്‍750 മീറ്റര്‍ കിഴക്ക് പടിഞ്ഞാറായി മെക്കാനിക്കല്‍ എന്‍ജിനീയറായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് ആദ്യം വിക്രം ലാന്‍ഡര്‍ കണ്ടെത്തിയത്. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അറിയിച്ചുകൊണ്ട് സുബ്രഹ്മണ്യ എല്‍ആര്‍ഒ പ്രൊജക്ടിനെ സമീപിക്കുകയായിരുന്നു. ചന്ദ്രോപരിതലത്തില്‍ ക്രാഷ് ലാന്‍ഡിംഗ് നടത്തിയ വിക്രം ലാന്‍ഡറിന്റെ തകര്‍ന്ന കഷ്ണങ്ങളായ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. 21 കഷ്ണങ്ങളായി മാറിയെന്നാണ് നാസ പുറത്തുവിട്ട ചിത്രത്തില്‍ നിന്ന് വ്യക്തമാകുന്നത്. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നീ തിയ്യതികളിലെടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടിട്ടുള്ളത്.വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ പ്രധാന ഭാഗങ്ങളടങ്ങിയതാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2.
തമിഴ്‌നാട്ടിൽ ശക്തമായ മഴ;17 മരണം;ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത മഴ. വിവിധ അപകടങ്ങളിലായി 17 പേര്‍ മരിച്ചു.ആറ് തീരദേശ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി, കാഞ്ചീപുരം,കടലൂര്‍ എന്നിവിടങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.മേട്ടുപ്പാളയത്ത് കെട്ടിടം ഇടിഞ്ഞ് വീണ് ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടുന്നു.കനത്ത മഴയെ തുടര്‍ന്ന് അണ്ണാ സര്‍വകലാശാലയും മദ്രാസ് സര്‍വകലാശാലയും ഇന്ന് നടത്താനിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.തീരദേശ മേഖലകളായ കടലൂരില്‍ നാലും തിരുനെല്‍വേലിയില്‍ രണ്ടും ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നു. ചെന്നൈ നഗരത്തിലെ മുടിചൂര്‍, താമ്ബ്രം, പള്ളിക്കരണി, മേട വാക്കം, മടിപ്പാക്കം, ആദമ്ബാക്കം മേഖലകളിലെ രണ്ടായിരത്തോളം വീടുകളില്‍ വെള്ളം കയറി. ചെമ്പരമ്പാക്കം, മധുരാന്തകം നദികള്‍ കരകവിഞ്ഞ് ഒഴുകിയതിനാലാണിത്. ഇവിടങ്ങളിലെ കുടുംബങ്ങളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 20 സെന്റി മീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ ഉള്‍പ്പെടെയുള്ള ഒമ്ബത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തൂത്തുക്കുടി ജില്ലയിലെ സാത്താളത്താണ് കൂടുതല്‍ മഴ ഇതുവരെ രേഖപ്പെടുത്തിയത്.ചെന്നൈ ഉൾപ്പെടെ പതിനാല് ജില്ലകളിലെ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. മദ്രാസ്, അണ്ണാ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഊട്ടിയിൽ മണ്ണിടിച്ചിൽ വ്യാപകമായതിനാൽ പർവത തീവണ്ടി സർവീസ് മൂന്നു ദിവസത്തേക്ക് നിർത്തിവച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്.
ഇന്നു മുതല്‍ പിൻസീറ്റ് യാത്രക്കാർക്കും ഹെല്‍മറ്റ് നിര്‍ബന്ധം;നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കികൊണ്ടാണ് പുതിയ തീരുമാനം നടപ്പിലാക്കുന്നത്. ഹെല്‍മറ്റ് ഉപോഗിക്കാത്തവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാനാണ് കോടതി നിര്‍ദ്ദേശമെങ്കിലും ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കല്‍ അടക്കമുള്ള നീക്കത്തിന് ഗതാഗതവകുപ്പ് മുതിരില്ലെന്നാണ് സൂചന.കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മററ് നിര്‍ബന്ധമാക്കിയിരുന്നെങ്കിലും സംസ്ഥാനത്ത് നടപ്പിലാക്കിയിരുന്നില്ല. ഒടുവില്‍ ഹൈക്കോടതി ഇടപെടലോടെയാണ് പിന്‍സീറ്റ് ഹെല്‍മറ്റ് നിയമം ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങുന്നത്.ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ.കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ നല്‍കണം.സ്ഥിരമായി ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്. പിഴത്തുക അടക്കുന്നില്ലെന്ന് കണ്ടെത്തിയാലും വാഹന ഉടമക്കെതിരെ നടപടി ഉണ്ടാകും.നിയമം കര്‍ശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.എന്നാല്‍ ആദ്യ ഘട്ടത്തില്‍ പിഴ ഈടാക്കാതെ ബോധവല്‍കരണത്തിനായിരിക്കും മുന്‍തൂക്കം നല്‍കുക. കുട്ടികള്‍ക്കുള്‍പ്പെടെ ഹെല്‍മറ്റ് ധരിക്കേണ്ടിവരുന്നത് പൊതുജനങ്ങളില്‍ നിന്ന് എതിര്‍പ്പിനിടയാക്കുമോയെന്ന സംശയം സര്‍ക്കാരിനുണ്ട്. വാഹനാപകടങ്ങളില്‍ ഇരുചക്രവാഹനക്കാര്‍ക്ക് തലക്ക് പരിക്കേല്‍കുന്നതിന്റെ നിരക്ക് വര്‍ധിച്ചതിനെതുടര്‍ന്നാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയത്.
മഹാരാഷ്ട്രയിൽ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവ് താക്കറെ;സർക്കാരിന് 169 പേരുടെ പിന്തുണ
മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വിശ്വസ വോട്ട് നേടി. 169 എംഎല്‍എമാരാണ് ത്രികക്ഷി സര്‍ക്കാരിനെ പിന്തുണച്ചത്.സഭാനടപടികള്‍ ആരംഭിച്ചത് ചട്ടവിരുദ്ധമായെന്ന് ആരോപിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സഭയില്‍ നിന്നും ഇറങ്ങിപോയിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയാണ് വോട്ടെടുപ്പ് നടന്നത്.അതേസമയം വന്ദേമാതരം ചൊല്ലിയല്ല സെഷൻ ആരംഭിച്ചതെന്നും ഇത് ചട്ടവിരുദ്ധമാണെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതിഷേധമുയർത്തി. തങ്ങളുടെ പ്രതിഷേധം സ്പീക്കർ വകവെക്കാതിരുന്നതിനെ തുടർന്ന് ഫഡ്‌നാവിസും ബി.ജെ.പി അംഗങ്ങളും സഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.ഗവർണറുടെ അനുമതി പ്രകാരമാണ് പ്രത്യേക സഭ വിളിച്ചുചേർത്തതെന്ന് പ്രോട്ടം സ്പീക്കർ ദിലീപ് പാട്ടീൽ പറഞ്ഞെങ്കിലും ഇത് അംഗീകരിക്കാതെയാണ് ബി.ജെ.പി അംഗങ്ങൾ ഒച്ചപ്പാടുണ്ടാക്കിയത്. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിനു വേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ത്രികക്ഷി സര്‍ക്കാരിന്റെ മുഖ്യന്ത്രിയായി ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഡിസംബര്‍ മൂന്നിനാണ് ഉദ്ധവ് താക്കറെയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടത്.