പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു; രിപുരയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി

keralanews protests in eastern states intensify over citizenship amendment bill internet services canceled in thripura

ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമാകുന്നു.സംഘര്‍ഷ സാഹചര്യത്തില്‍ ത്രിപുരയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. എസ്‌എംഎസ് സേവനവും നിര്‍ത്തലാക്കിയിട്ടുണ്ട്. 48 മണിക്കൂര്‍ നേരത്തേക്കാണ്‌ സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുള്ളതുകൊണ്ടുമാണ് ഇന്റര്‍നെറ്റ് സേനവനം നിര്‍ത്തലാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അസമില്‍ പ്രതിഷേധക്കാര്‍ റോഡ് ഗതാഗതവും ട്രെയിന്‍ സര്‍വീസും തടസ്സപ്പെടുത്തി. സം, ത്രിപുര , അരുണാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ടയര്‍ കൂട്ടിയിട്ട് കത്തിച്ച് ദേശീയ പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെടുത്തിയിരുന്നു.അസമില്‍ പ്രതിഷേധം റെയില്‍വേ ട്രാക്കിലേക്ക് കൂടി കടന്നതോടെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു.ഗുവാഹത്തിയില്‍ സര്‍‍ക്കാര്‍ ബസിനെതിരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ഒരു ബൈക്കിന് തീവെക്കുകയും ചെയ്തു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.പൗരത്വം ലഭിക്കുന്ന കുടിയേറ്റക്കാര്‍ തങ്ങളുടെ ജീവനോപാധികള്‍ക്കും നാടിന്റെ തനിമയ്ക്കും ഭീഷണിയാകുമെന്നാണു ഗോത്രസംഘടനകള്‍ ഭയപ്പെടുന്നത്. പ്രതിഷേധങ്ങള്‍ മേഖലയില്‍ ഗോത്രവര്‍ഗക്കാരും മറ്റുള്ളവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കു വഴിവെക്കുന്നതിനെ ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. പലയിടത്തും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു.പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ അസമീസ് സിനിമാ പ്രവര്‍ത്തകരും ഗായകരും ചൊവ്വാഴ്ച ഗുവാഹാട്ടിയില്‍ തെരുവിലിറങ്ങി. ദേശീയപുരസ്‌കാര ജേതാവായ അസമീസ് സംവിധായകന്‍ ജനു ബറുവ ‘ഭോഗ ഖിരിക്കീ’ എന്ന തന്റെ ചിത്രം സംസ്ഥാന പുരസ്‌കാരപ്പട്ടികയില്‍നിന്നു പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചു.പ്രക്ഷോഭങ്ങള്‍ക്കിടെ സിക്കിമിലെ ദലായ് ജില്ലയില്‍ പ്രക്ഷോഭകര്‍ ചന്തയ്ക്കു തീവെച്ചു. ഹംരോ സിക്കിം പാര്‍ട്ടി നേതാവും ഫുട്‌ബോള്‍ താരവുമായ ബൈച്ചുങ് ബൂട്ടിയയും ബില്ലില്‍ പ്രതിഷേധമറിയിച്ചു.

ഉറങ്ങിപ്പോയ യുകെജി വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു;ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി

keralanews lkg student is locked up in classroom disciplinary action against class teacher

പാലക്കാട്: ഒറ്റപ്പാലത്ത് യുകെജി വിദ്യാര്‍ത്ഥിയെ ക്ലാസ്മുറിയില്‍ പൂട്ടിയിട്ടതായി പരാതി. ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് പൂട്ടിയിട്ടതെന്നാണ് പരാതി. കുട്ടിയുണ്ടെന്ന് അറിയാതെയാണ് ജീവനക്കാര്‍ ക്ലാസ് പൂട്ടി മടങ്ങിയത്. ഇന്നലെ വൈകീട്ട് വാണിയംകുളം പത്തംകുളം സ്‌കൂളിലാണ് സംഭവം.സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച്‌ സ്‌കൂളിലെത്തുകയായിരന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ക്ലാസ് മുറിയില്‍ ഉറങ്ങിയ നിലയില്‍ കുഞ്ഞിനെ കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ഈ വിവരം നാട്ടുകാര്‍ അറിഞ്ഞത്.സംഭവം വിവാദമായതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി രക്ഷിതാക്കളോട് മാപ്പു പറഞ്ഞ് പ്രശ്നം പരിഹരിക്കുകയായിരുന്നു. സംഭവത്തില്‍ പരാതിയില്ലെന്ന് കുട്ടിയുടെ പിതാവും പറഞ്ഞു.അതേസമയം കുട്ടിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ ക്ലാസ് ടീച്ചര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചു. അധ്യാപിക സുമയോട് അഞ്ചു ദിവസത്തേക്ക് ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ എഇഒ നിര്‍ദ്ദേശിച്ചു. സ്കൂളിലെ പ്രധാനാധ്യാപകന്‍, ക്ലാസ് ടീച്ചര്‍ എന്നിവരോട് ഒറ്റപ്പാലം എഇഒ വിശദീകരണം തേടിയിരുന്നു.

ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി

keralanews loksabha passes citizenship amendment bill

ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി.ഏഴ് മണിക്കൂറിലേറെ നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ കടുത്ത വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അവഗണിച്ചാണ് ബില്‍ പാസാക്കിയത്. 80ന് എതിരെ 311 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്.പാകിസ്താന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും എത്തുന്ന അമുസ്‍ലിംകളായ അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്ലിലെ വിവാദ ഭേദഗതി. ഈ രാജ്യങ്ങളില്‍ ഇസ്‌ലാം മതാടിസ്ഥാനത്തിലുള്ള ഭരണഘടനകളുള്ളത് കൊണ്ട് അവിടെ നിന്നുള്ള മുസ്‌ലിംകളെ ബില്ലില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ വ്യക്തമാക്കിയത്.

പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതോടെ 2014 ഡിസംബര്‍ 31-നോ അതിന് മുന്‍പോ ഇന്ത്യയിലേക്ക് എത്തിയ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, ക്രൈസ്തവ, സിഖ്, പാഴ്സി, ജൈന, ബുദ്ധ വിഭാഗങ്ങളില്‍ പെട്ട അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും. ഇവരെ 1920ല ഇന്ത്യയിലേക്കുള്ള പാസ്പോര്‍ട്ട് എന്‍ട്രി നിയമത്തിന്‍റെ സി വ്യവസ്ഥയുടെ രണ്ടും മൂന്നും ഉപവ്യവസ്ഥയില്‍ നിന്നും 1946ലെ വിദേശി നിയമത്തിലെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കി അനധികൃത കുടിയേറ്റക്കാര്‍ അല്ലാതാക്കി മാറ്റും. അഭയാര്‍ഥി പ്രവേശന സമയപരിധി 2014 ഡിസംബര്‍ 31 എന്ന് വ്യക്തമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതിനായി 1955 മുതലുള്ള പൗരത്വ നിയമത്തിന്‍റെ 2(1) ബി വകുപ്പില്‍ പുതിയ വ്യവസ്ഥ എഴുതിച്ചേര്‍ത്തിട്ടുണ്ട്.ഭരണഘടനയുടെ ആറാം അനുബന്ധത്തിന്‍റെ സംരക്ഷണമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകള്‍ക്കു ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ല. അതോടൊപ്പം തന്നെ 1873ലെ ബംഗാള്‍ കിഴക്കന്‍ അതിര്‍ത്തി ഉടന്പടി അനുസരിച്ച്‌ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം സംസ്ഥാനങ്ങളിലെ യാത്രാനുമതി പരിധിക്കുള്ളിലുള്ള സ്ഥലങ്ങള്‍ക്കും ബില്ലിലെ വ്യവസ്ഥകള്‍ ബാധകമല്ലെന്നാണ് പൗരത്വ ഭേദഗതി ബില്ലില്‍ ഉറപ്പു നല്‍കുന്നത്.

ഇന്ത്യയിലെ ജനങ്ങളെ മതപരമായി വിഭജിക്കുന്ന നിയമ നിര്‍മ്മാണമാണ് ഭേദഗതിയിലൂടെ ബി.ജെ.പി നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നാകെ ഉന്നയിച്ചു. ഇതിന് പിന്നാലെ എ.ഐ.എം.ഐ.എം നേതാവ് അസദുദീന്‍ ഉവൈസി വിവാദ ബില്‍ സഭയില്‍ കീറിയെറിഞ്ഞു. രാഷ്ട്രീയ അജണ്ടകളില്ലന്നും ഒരു മതത്തിനും ബില്‍ എതിരല്ലന്നും അമിത് ഷാ വ്യക്തമാക്കിയെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ രൂക്ഷ വിമര്‍ശനം തുടര്‍ന്നു.ഏഴ് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊണ്ടു വന്ന ഭേദഗതികള്‍ തള്ളിയതിന് പിന്നാലെ വോട്ടെടുപ്പിന് സ്പീക്കര്‍ അനുമതി നല്‍കി. 80ന് എതിരെ 311 വോട്ടുകള്‍ക്ക് രാത്രി ഏറെ വൈകി ബില്ല് പാസാക്കി.എ.ഐ.ഡി.എം.കെ, ജനതാദള്‍ യു, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, ടി.ഡിപി തുടങ്ങിയ പാര്‍ട്ടികള്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്‍ലിം ലീഗ്, സി.പി.എം, സി.പി.ഐ തുടങ്ങിയവര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

കർണാടക ഉപതിരഞ്ഞെടുപ്പ്;12 സീറ്റിൽ ബിജെപി വിജയിച്ചു;കോൺഗ്രസ്സ് രണ്ടിടത്ത്

keralanews karnataka byelection bjp won in 12seats and congress in two seats
ബെംഗളൂരു:കർണാടക ഉപതിരഞ്ഞെടുപ്പിൽ  തെരഞ്ഞെടുപ്പ് നടന്ന 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബി.ജെ.പിക്ക് വിജയം.ഭരണം തുടരാന്‍ കോണ്‍ഗ്രസ്സിന്റെയും ജെഡിഎസിന്റെയും 15 സിറ്റിംഗ് സീറ്റുകളില്‍ ആറെണ്ണം വേണമായിരുന്നു യെദ്യൂരപ്പയ്ക്ക്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ ബിജെപിക്ക് കിട്ടിയിരിക്കുന്നത്. കോണ്‍ഗ്രസ് രണ്ട് സീറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ജെഡിഎസിന് ഒരിടത്തും ജയിക്കാന്‍ സാധിച്ചില്ല. ശിവാജി നഗര്‍, ഹുന്‍സൂര്‍ സീറ്റുകളിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഹൊസ്‌കോട്ടെ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ശരത് ബച്ചെ ഗൗഡ മുന്നിലെത്തി. ബിജെപിയുടെ റിബല്‍ സ്ഥാനാര്‍ഥിയായ ശരത് ബിജെപി എംപിയായ ബി.എന്‍. ബച്ചെ ഗൗഡയുടെ മകനാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് പോയ മണ്ഡലങ്ങളില്‍ പോലും വിമതരിലൂടെ ബിജെപി ജയിച്ചുകയറി. വിമതരുടെ വ്യക്തിപ്രഭാവവും കോണ്‍ഗ്രസ് താരതമ്യേന ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതും യെദ്യൂരപ്പയ്ക്ക് അനുഗ്രഹമായി.അതേസമയം കഴിഞ്ഞ തവണ വിജയിച്ച 10 സീറ്റുകൾ കോൺഗ്രസിന് നഷ്ടമായി. ശിവാജി നഗർ മാത്രമാണ് അവർക്ക് നിലനിർത്താൻ സാധിച്ചത്.ഹുൻസൂർ ജെഡിഎസിൽനിന്ന് പിടിച്ചെടുത്തു.

കര്‍ണാടക ഉപതെരഞ്ഞെടുപ്പ്;വോട്ടെണ്ണൽ പുരോഗമിക്കുന്നു;ആദ്യ ഫലസൂചനകള്‍ ബി.ജെ.പിക്ക് അനുകൂലം

keralanews karnataka byelection first result favours bjp

ബംഗളൂരു: കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു.ആദ്യ ഫലസൂചനകളില്‍ ബി.ജെ.പിക്കാണ് മുന്നേറ്റം.പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിതുടങ്ങുമ്പോള്‍ പത്ത് ഇടങ്ങളില്‍ ബി.ജെ.പിയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഹുന്‍സൂർ, കഗ്‍വാദ്, വിജയനഗര കൃഷ്ണരാജപുര, മഹാലക്ഷ്മി ലേഔട്ട്, ഗോകഗ്, ഹിരകേരൂർ, അതാനി, യെല്ലാപൂർ എന്നിവിടങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് രണ്ടിടങ്ങളിലും ലീഡ് ചെയ്യുന്നു. ജെ.ഡി.എസ് ഒരു സീറ്റിലാണ് ലീഡ് ചെയ്യുന്നത്.11 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ചുരുങ്ങിയത് ആറു സീറ്റുകളെങ്കിലും നേടിയാലെ ബി.ജെ.പി സര്‍ക്കാറിന് മുന്നോട്ടു പോകാന്‍ സാധിക്കൂ. ബി.ജെ.പി 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മുഖ്യമന്ത്രി യെദിയൂരപ്പയുടെ അവകാശവാദം.എക്സിറ്റ് പോളുകളും ബി.ജെ.പിക്ക് അനുകൂലമാണ്. എന്നാൽ അട്ടിമറി നടക്കുമെന്ന സൂചനകളാണ് കോൺഗ്രസ് നൽകുന്നത്. ഭരണ സഖ്യം പിരിഞ്ഞതിന് ശേഷം ബി.ജെ.പിക്ക് അനുകൂലമായി നിന്നിരുന്ന ജെ.ഡി.എസ്, നിലപാടിൽ വരുത്തിയ മാറ്റമാണ് കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നത്. ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിക്കുന്നത് എങ്കിലും ചുരുങ്ങിയത് 12 സീറ്റുകളിലെങ്കിലും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ട്. ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ പൂര്‍ണഫലം ഉച്ചയോടെ പുറത്തുവരും. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായിരുന്നു.17 മണ്ഡലങ്ങളിലാണ് ഒഴിവ് വന്നിരുന്നതെങ്കിലും കര്‍ണാടക ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ മുസ്‌കി, ആര്‍.ആര്‍ നഗര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. ഈ രണ്ടു മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.ഡിസംബര്‍ അഞ്ചിന് നടന്ന തിരഞ്ഞെടുപ്പില്‍ 67.91 ശതമാനമായിരുന്നു വോട്ടിങ്. കനത്ത സുരക്ഷയില്‍ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.15 മണ്ഡലങ്ങളില്‍ നിന്നായി 19.25 ലക്ഷം പുരുഷന്മാരും 18.52 ലക്ഷം സ്ത്രീകളും ഉള്‍പ്പടെ 38 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തി.126 സ്വതന്ത്രരും ഒൻപത് വനിതകളുമുള്‍പ്പെടെ 165 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.

വീണ്ടും ക്രൂരത;ത്രിപുരയിൽ കാമുകനും കൂട്ടുകാരും ചേര്‍ന്ന് 17കാരിയെ ബലാ‍ത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

keralanews cruelty again 17year old gang raped and burned alive in thripura

അഗര്‍ത്തല:വീണ്ടും ഞെട്ടിക്കുന്ന ക്രൂരത. കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ് കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 17കാരിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചത്.ശേഷം കാമുകനും അമ്മയും ചേര്‍ന്നു പെണ്‍കുട്ടിയെ തീകൊളുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.സമൂഹമാധ്യമത്തിലുടെയായിരുന്നു പെണ്‍കുട്ടിയും യുവാവും മാസങ്ങള്‍ക്ക് മുൻപ് പരിചയപ്പെട്ടത്.വിവാഹവാഗ്ദാനം നൽകിയതിനെ തുടർന്ന് പെൺകുട്ടി ഇയാളോടൊപ്പം പോയി. പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ എത്തിച്ച്‌ യുവാവ് തടവിലാക്കി.ശേഷം കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് മാസങ്ങളോളം ബലാത്സംഗത്തിനിരയാക്കി. മകളെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ നല്‍കണമെന്നും, ഇല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. ക്ഷുഭിതരായ നാട്ടുകാർ അജോയിയെയും അമ്മയെയും ആശുപത്രിയിൽ കയ്യേറ്റം ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കിയെങ്കിലും.വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ അമ്മ പറയുന്നു.

ഡല്‍ഹിയില്‍ ഫാക്റ്ററി കെട്ടിടത്തിന് തീപിടിച്ച്‌ 32 പേര്‍ മരിച്ചു

keralanews fire broke out in factory in delhi kills 32

ന്യൂഡൽഹി:ഡല്‍ഹിയില്‍ ഫാക്റ്ററി കെട്ടിടത്തിന് തീപിടിച്ച്‌ 32 പേര്‍ മരിച്ചു.റാണി ഝാന്‍സി റോഡില്‍ അനാജ് മന്‍ഡിയിലെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്.പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചത്.പൊള്ളലേറ്റവരെ ലോക് നായക്,ഹിന്ദു റാവു ആശുപത്രികളിലേക്ക് മാറ്റി.27 അഗ്‌നിശമന യൂണിറ്റുകളാണ് തീയണയ്ക്കാൻ പരിശ്രമിക്കുന്നത്.ഒൻപത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.50 ലധികം പേരെ രക്ഷപെടുത്തി. പുലര്‍ച്ചെ 5 മണിയോടെയാണ് സംഭവം. നിരവധി പേര്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.സ്‌കൂള്‍ ബാഗുകളും, ബോട്ടിലുകളും മറ്റ് വസ്തുക്കളും നിര്‍മ്മിക്കുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് ഡെപ്യൂട്ടി ഫയര്‍ ചീഫ് ഓഫീസര്‍ സുനില്‍ ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. അപകടസമയത്ത് ഫാക്ടറിയലുണ്ടായിരുന്നവര്‍ ഉറക്കത്തിലായിരുന്നതാണ് മരണസംഖ്യ ഇത്രയും കൂടാന്‍ കാരണമായത്.

ഉന്നാവോയിൽ ബലാൽസംഗകേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണത്തിനു കീഴടങ്ങി

keralanews unnao rape victim who was set ablaze by the accused died

ന്യൂഡൽഹി:ഉന്നാവിൽ ബലാൽസംഗകേസ് പ്രതികൾ തീകൊളുത്തിയ പെൺകുട്ടി മരണത്തിനു കീഴടങ്ങി.ഡല്‍ഹിയിലെ സഫ്ദാര്‍ജങ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.11.10ന് യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായത് തുടര്‍ന്ന് പരമാവധി ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് സഫ്ദാര്‍ജങ് ആശുപത്രി അധിക‍തര്‍ അറിയിച്ചു. പ്രാഥമിക ചികിത്സ വൈകിയതും 90 ശതമാനം പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അബോധാവസ്ഥയില്‍ അശുപത്രിയിലെത്തിച്ച യുവതി വെന്റിലേറ്ററിലായിരുന്നു.വിവാഹ വാഗ്ദാനം നല്‍കിയ ആള്‍ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ പെണ്‍കുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേര്‍ ചേര്‍ന്നു തീ കൊളുത്തി പരിക്കേല്‍പ്പിച്ചത്. ഉന്നാവ് ഗ്രാമത്തില്‍ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാന്‍ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെണ്‍കുട്ടിയെ ലക്നൗവിലെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹിയിലേക്കു മാറ്റുകയായിരുന്നു.തന്നെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പെണ്‍കുട്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തനിക്ക് മരിക്കാന്‍ ആഗ്രഹമില്ലെന്നും പെണ്‍കുട്ടി പറഞ്ഞതായി കുടുംബം അറിയിച്ചു. ”എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം. എന്നോട് ഇത് ചെയ്തവര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് എനിക്ക് കാണണം” പെണ്‍കുട്ടി സഹോദരനോട് പറഞ്ഞതിങ്ങനെ.ആക്രമിക്കപ്പെട്ട ദിവസം ദേഹത്ത് പടര്‍ന്നുപിടിച്ച തീയുമായി പെണ്‍കുട്ടി ഒരു കിലോമീറ്ററോളം ഓടിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞിരുന്നു. ഒരുകിലോമീറ്ററോളം ഓടിയതിന് ശേഷമാണ് പെണ്‍കുട്ടിയെ ദൃസാക്ഷികള്‍ കാണുന്നത്. ഇവരാണ് പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയിലെത്തിച്ചത്. വിജനമായ റോഡില്‍വെച്ചായിരുന്നു ആക്രമണം. തീ ആളി പടരുന്നതിനിടെ ഇവര്‍ ആംബുലന്‍സ് നമ്പറിലേക്ക് ഫോണ്‍ വിളിച്ചിരുന്നു.

ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു

keralanews four accused in hyderabad rape murder case killed in police encounter

ഹൈദരാബാദ്:ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു.വ്യാഴാഴ്ച രാത്രി ദേശീയപാത 44ല്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടു എന്നാണു പോലീസിന്റെ ഔദ്യോഗിക വിശദീകരണം. തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പ്രതികള്‍ നാലു പേരും കൊല്ലപ്പെട്ടു എന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം ഷാഡ്‌നഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ നവംബര്‍ 28 ന് രാത്രിയാണ് ഷംഷാബാദിനടുത്തുള്ള തോഡുപള്ളി ടോള്‍ ഗേറ്റിന് സമീപംവെച്ച്‌ വനിതാ വെറ്റിനറി ഡോക്ടര്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ടു ജോലികഴിഞ്ഞു മടങ്ങുമ്പോഴാണ് സംഭവം. ഷംഷാബാദിലെ ടോള്‍ പ്ലാസയില്‍നിന്ന് 100 മീറ്റര്‍ അകലെ വൈകിട്ട് ആറോടെ സ്‌കൂട്ടര്‍ നിര്‍ത്തിയ ഇവര്‍ ഗച്ചിബൗളിയിലേക്കു പോയി ഈ സമയം പ്രതികള്‍ സമീപത്തുണ്ടായിരുന്നു.നാലു പേരും ഇവിടെയിരുന്നു മദ്യപിക്കുകയായിരുന്നു.യുവതിയെ കണ്ടതോടെ മാനഭംഗപ്പെടുത്താന്‍ ഇവര്‍ പദ്ധതിയിട്ടു. പ്രതികളിലൊരാളായ ജോളു ശിവ യുവതിയുടെ സ്‌കൂട്ടറിന്റെത ടയറുകള്‍ പഞ്ചറാക്കി.യുവതി തിരിച്ചുവന്നപ്പോള്‍ സഹായം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് ജോളു ശിവ സ്‌കൂട്ടര്‍ നന്നാക്കാനായി തള്ളിക്കൊണ്ടുപോയി. ഇതിനിടെ സംശയം തോന്നിയ യുവതി തന്റെ ഇളയ സഹോദരിയെ വിളിച്ചു.തന്റെ സ്‌കൂട്ടര്‍ പഞ്ചറായെന്നും സഹായിക്കാനെത്തിയവരെ സംശയമുണ്ടെന്നും അറിയിച്ചു.സ്ഥലത്തുനിന്നു വേഗം പോരാന്‍ നിര്‍ദേശിച്ച സഹോദരി പിന്നീടു തിരികെ ഫോണ്‍ വിളിച്ചപ്പോള്‍ ഓഫായിരുന്നു.ഫോണ്‍ വിളിച്ചതിനു പിന്നാലെ മറ്റുമൂന്നുപേരും ചേര്‍ന്നു യുവതിയെ ബലമായി പിടിച്ച് അടുത്ത വളപ്പില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സ്‌കൂട്ടറുമായി തിരിച്ചെത്തിയ ജോളു ശിവയും യുവതിയെ ഉപദ്രവിച്ചു. പിന്നീടു ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയും മൃതദേഹം ലോറിയുടെ കാബിനില്‍ ഒളിപ്പിക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്ന് 20 കിലോമീറ്റര്‍ അകലെ മൃതദേഹം എത്തിച്ചു കത്തിച്ചു. രണ്ടു പേര്‍ ലോറിയിലും മറ്റുള്ളവര്‍ ഡോക്ടറുടെ സ്‌കൂട്ടറിലുമാണു പോയത്.പെട്രോളും ഡീസലും ഉപയോഗിച്ചാണ് മൃതദേഹം കത്തിച്ചത്.

ശബരിമല യുവതീ പ്രവേശന വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ;പരാമര്‍ശം ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ

keralanews sabarimala verdict related to woman entry is not the final word said chief justice s a bobde

ഡല്‍ഹി:ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് പുറപ്പെടുവിച്ച വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. വിപുലമായ ഭരണഘടനാ ബഞ്ചിലേക്ക് കേസ് വിട്ട സാഹചര്യത്തില്‍ ഇപ്പോഴുള്ള വിധി അന്തിമമല്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആണ് സുപ്രീംകോടതിയുടെ നിര്‍ണായക പരാമര്‍ശം. പുതുതായി കേസ് പരിഗണിക്കുന്ന ഭരണഘടനാ ബഞ്ചിന്‍റെ അധ്യക്ഷനാകുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ തന്നെയാണ് ഈ പരാമര്‍ശം നടത്തിയത് എന്നതാണ് ശ്രദ്ധേയം.ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്നാണ് ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്. പ്രമുഖ അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ബിന്ദു അമ്മിണിക്കായി ഹാ‍ജരായത്. ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.ഇതേ ആവശ്യം ഉന്നയിച്ച്‌ രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയും അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതില്‍ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.