തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകള്‍ സംസ്ഥാനത്ത് ചൊവ്വാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹര്‍ത്താല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുൻപേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തില്‍ ഒരു സംഘടനയും പതിനേഴാം തിയതി ഹര്‍ത്താല്‍ നടത്തുമെന്ന് അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഘാടകര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിയമവിരുദ്ധമായി നാളെ ഹര്‍ത്താല്‍ നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കടകള്‍ അടപ്പിക്കാനോ വാഹനങ്ങള്‍ തടയാനോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ബിഎസ്പി, കേരള മുസ്ലിം യുവജന ഫെഡറേഷന്‍, സോളിഡാരിറ്റി, എസ്‌ഐഒ, ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം, പോരാട്ടം, ഡിഎച്ച്‌ആര്‍എം, ജമാ- അത്ത് കൗണ്‍സില്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സംയുക്ത യോഗ തീരുമാനമാണെന്നുള്ള രീതിയിലാണ് ഹര്‍ത്താല്‍ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് പ്രമുഖ മുസ്ലീം സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രനിലപാടുകാരുമായി യോജിച്ച് സമരത്തിനില്ലെന്ന് കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് സമസ്തയും അറിയിച്ചിട്ടുണ്ട്. ഹര്‍ത്താലുമായി ബന്ധമില്ലെന്നും പ്രവര്‍ത്തകരോടെ വിട്ട് നില്‍ക്കണമെന്ന് യൂത്ത് ലീഗും അറിയിച്ചിരുന്നു. ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി.ആദ്യം ഹര്‍ത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇകെ സുന്നി വിഭാഗവും ഹര്‍ത്താലില്‍ നിന്ന് വിട്ട് നിന്നു. യോജിച്ചുള്ള ഹര്‍ത്താലിനോട് മാത്രമേ സഹകരിക്കേണ്ടതള്ളൂ എന്ന നിലപാടിലാണ് വിട്ടുനിന്നത്. മുജാഹിദ് വിഭാഗവും ഈ ഹര്‍ത്താലിനെ പിന്തുണക്കുന്നില്ല. സിപിഎമ്മും ഹര്‍ത്താലിന് എതിരാണ്. വിഷയത്തില്‍ പ്രക്ഷുബ്ധാവസ്ഥ ഉണ്ടായാല്‍ അത് സമരത്തിന്റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന നിഗമനത്തിലാണ് മുസ്ലിം സംഘടനകള്‍ ഹര്‍ത്താലില്‍ നിന്നും പിന്മാറുന്നത്.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് കനത്ത പ്രതിഷേധം;യുദ്ധക്കളമായി തലസ്ഥാനം
ന്യൂഡൽഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രക്ഷോഭം രാജ്യതലസ്ഥാനമായ ഡൽഹിയിൽ അക്രമാസക്തമായി. പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലെ ജാമിയ നഗറില്‍ മൂന്നു ബസുകള്‍ക്ക് തീയിട്ടു. ജാമിയ മിലിയ സര്‍വ്വകലാശാലയിലേക്ക് പൊലീസ് റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകും നടത്തിവരുന്ന സമരമാണ് വലിയ സംഘര്‍ഷമായി വ്യാപിച്ചത്. അതേസമയം, അക്രമങ്ങളില്‍ പങ്കില്ലെന്നും പുറത്തു നിന്നുള്ളവരാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്നും ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.ഇന്നലെ വൈകുന്നേരം നാലു മണിയോടെ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും ‘ഗാന്ധി പീസ് മാര്‍ച്ച്’ എന്ന പേരില്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധ മാര്‍ച്ച് ആരംഭിച്ചു. എന്നാല്‍ ഈ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് നേരെ കല്ലെറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.സര്‍വകലാശാല അടച്ചിട്ടും വിദ്യാര്‍ഥികള്‍ പ്രക്ഷോഭം തുടരുകയാണ്. പ്രക്ഷോഭത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അഞ്ച് മെട്രോ സ്റ്റേഷനുകള്‍ അടച്ചു. സുഖ്ദേവ് വിഹാര്‍, ജാമിയ മിലിയ ഇസ്ലാമിയ, ഓഖ്‌ല വിഹാര്‍, ജസോള വിഹാര്‍, ആശ്രം മെട്രോ സ്റ്റഷനുകളാണ് അടച്ചത്.അതേസമയം അതേസമയം, ആക്രമണങ്ങള്‍ക്ക് പിന്നില്‍ പൊലീസ് ആണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയ രംഗത്തെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം പുറത്തു വിട്ടു. ബസ് കത്തിക്കാന്‍ കൂട്ടു നിന്നത് പൊലീസെന്നത് ഉള്‍പ്പെടെ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉന്നയിച്ചിരിക്കുന്നത്.പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന നിരവധി തെളിവുകളാണ് മനീഷ് സിസോദിയ പുറത്തു വിട്ടിരിക്കുന്നത്. പെട്രോള്‍ ക്യാനുമായി പൊലീസ് നില്‍ക്കുന്ന ചിത്രങ്ങളും വിദ്യാര്‍ഥിനികളെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രങ്ങളും മനീഷ് സിസോദിയ പുറത്തുവിട്ടു. പ്രതിഷേധക്കാരോട് സംഘര്‍ഷം ഒഴിവാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ആഹ്വാനം ചെയ്തു.
വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും;കണ്ണൂർ വളപട്ടണത്ത് നാല് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍:വാഹനപരിശോധനയ്ക്കിടെ പൊലീസുമായി തര്‍ക്കവും വാക്കേറ്റവും നടത്തിയതിന് നാല് യുവാക്കള്‍ അറസ്റ്റില്‍.നിഷാദ്, ഇര്‍ഷാദ്, മിന്‍ഹാജ്, നവാബ് എന്നിവരാണ് അറസ്റ്റിലായത്. പൊതുസ്ഥലത്ത് പുകവലിച്ചതിന് ഒരാള്‍ക്ക് പിഴയിട്ടതിനെ ചോദ്യം ചെയ്തതാണ് പിടിവലിയില്‍ കലാശിച്ചത്.കണ്ണൂര്‍ അലവില്‍ പണ്ണേരിമുക്കിലാണു സംഭവം.കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇവരെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.അതേസമയം ഗതാഗതം തടസപ്പെടുത്തി പൊലീസ് വാഹനം പാര്‍ക്ക് ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ പോലീസുകാർ മർദിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.നിയമം പഠിപ്പിക്കാന്‍ നീയാരാണെന്നു ചോദിച്ച എസ്‌ഐ യുവാവിനോടു ജീപ്പില്‍ കയറാന്‍ ആവശ്യപ്പെട്ടു.എന്തു തെറ്റു ചെയ്തിട്ടാണെന്നു ചോദിച്ചതോടെ വലിച്ചിഴച്ചു ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചു.നാട്ടുകാര്‍ എതിര്‍ത്തു. ഇതോടെ സ്ട്രൈക്കര്‍ ഫോഴ്സിനെ വിളിച്ചു വരുത്തി.ഉന്തിലും തള്ളിലും എസ്‌ഐ നിലത്തുവീണു.ഏറെ നേരം നടന്ന വാഗ്വാദത്തിനൊടുവില്‍ നാട്ടുകാര്‍ ഓട്ടോറിക്ഷയില്‍ യുവാവിനെ സ്റ്റേഷനിലെത്തിച്ചു.യുവാവ് പൊലീസിനോടു മോശമായി സംസാരിച്ചുവെന്നും കേസെടുക്കുമെന്നും വളപട്ടണം സിഐ പറഞ്ഞു.എന്തു വകുപ്പു പ്രകാരമാണു കേസെന്ന ചോദ്യത്തിന്, വകുപ്പു തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പൊലീസിന്റെ മറുപടി. സ്റ്റേഷനിലെത്തിയ നാട്ടുകാരില്‍ രണ്ടു പേരുടെ മൊബൈല്‍ ഫോണും പൊലീസ് പിടിച്ചുവച്ചു. എസ്‌ഐ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്.
കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി കോണ്‍ഗ്രസ്; ഇന്ന് തലസ്ഥാനത്ത് ‘ഭാരത് ബചാവോ’ മഹാറാലി
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹി രാംലീല മൈതാനിയില്‍ കോണ്‍ഗ്രസ്സിന്‍റെ ‘ഭാരത് ബചാവോ’ റാലി ഇന്ന്.പൗരത്വ ഭേദഗതി നിയമം, സ്ത്രീ സുരക്ഷ, തൊഴിലില്ലായ്മ, വിലക്കയറ്റം, കര്‍ഷക പ്രശ്നങ്ങള്‍ എന്നിവയടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് റാലി.പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ കടന്നതോടെ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാണ്.അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, എ.കെ. ആന്റണി, പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കള്‍ പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് റാലിയില്‍ പ്രതീക്ഷിക്കുന്നത്.ഡൽഹിയിൽ ഇത് വരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ റാലിയായിരിക്കുമെന്നാണ് അവകാശവാദം. റാലിക്കുള്ള ഒരുക്കങ്ങൾ രാംലീലാ മൈതാനത്ത് പൂർത്തിയായി.കേരളം അടക്കം എല്ലാ പി.സി.സികളില്‍ നിന്നുമുള്ള പ്രതിനിധികള്‍ റാലിക്കായി ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്.
പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവം;മാപ്പ് ചോദിച്ച് ഹൈക്കോടതി; നാല് എന്‍ജിനീയര്‍മാര്‍ക്ക് സസ്പെന്ഷന്
കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.റോഡുകള്‍ നന്നാക്കാന്‍ ഇനിയും എത്രപേര്‍ മരിക്കേണ്ടി വരുമെന്ന് ഹൈക്കോടതി ആരാഞ്ഞു.യദുലാലിെന്‍റ മരണത്തിന് കാരണമായത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്. സര്‍ക്കാര്‍ സംവിധാനം പൂര്‍ണ പരാജയമാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു.കുഴി അടക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാന്‍ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവന്‍ നഷ്ടമായത്. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണെന്നും ഹൈക്കോടതി പറഞ്ഞു. യദുലാലിെന്‍റ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇങ്ങനെ റോഡില്‍ മരിക്കുന്ന എത്രപേര്‍ പണം നല്‍കാനാകുമെന്ന് കോടതി ചോദിച്ചു. കൊച്ചിയിലെ റോഡുകളുടെ അവസ്ഥ വിലയിരുത്താന്‍ മൂന്ന് അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. സമിതി ഈമാസം ഇരുപതിനകം റിപ്പോര്‍ട്ട് നല്‍കണം.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നാല് എന്‍ജിനീയര്‍മാരെ പൊതുമരാമത്ത് വകുപ്പ് സസ്പെന്‍ഡ് ചെയ്തു. നിരത്ത് വിഭാഗം അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ തോമസ്, എറണാകുളം സെക്ഷന്‍ അസി. എന്‍ജിനീയര്‍ കെ.എന്‍. സുര്‍ജിത്, നിരത്ത് പരിപാലന വിഭാഗം അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ.പി. സൈനബ, അസി. എന്‍ജിനീയര്‍ പി.കെ. ദീപ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ശബരിമല യുവതീ പ്രവേശനം;വിശാലബെഞ്ചിന്റെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്.യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റെ വിധി വിശാല ബെഞ്ചിന് കോടതി വിട്ടതല്ലേയെന്നും വിശാല ബെഞ്ച് വിഷയം പരിഗണിക്കുന്നതുവരെ കാത്തിരിക്കാനും ഹര്‍ജിക്കാരോട് ചീഫ് ജസ്റ്റീസ് നിര്‍ദ്ദേശിച്ചു. രാജ്യത്തിന് നിലവില്‍ സ്ഫോടനാത്മകമായ സ്ഥിതിയാണ് നിലനില്‍ക്കുന്നത്. സ്ഥിതി വഷളാക്കാന്‍ കോടതി ആഗ്രഹിക്കുന്നില്ല. ശബരിമലയിലേക്ക് പോകുന്നതിന് പോലീസ് സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും സമാധാനത്തോടെ അന്തിമ വിധി വരും വരെ കാത്തിരിക്കാനും സുപ്രീംകോടതി നിരീക്ഷിച്ചു.ശബരിമല ദര്‍ശനത്തിന് പ്രായ,മതഭേദമന്യേ സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി നല്‍കിയ അപേക്ഷയും സുരക്ഷ ഒരുക്കാന്‍ സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ നല്‍കിയ റിട്ട് ഹരജിയുമാണ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ. ബോബ്ഡെ ജസ്റ്റിസുമാരായ സുര്യകാന്ത്, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്.വിശാല ബെഞ്ചിന്‍റെ ഉത്തരവ് അനുകൂലമാണെങ്കില്‍ യുവതികള്‍ക്ക് ശബരിമല ദര്‍ശനത്തിന് സംരക്ഷണം ലഭിക്കും. യുവതീപ്രവേശനം സംബന്ധിച്ച വിഷയം പരിഗണിക്കാന്‍ വിശാല ബെഞ്ച് ഉടന്‍ രൂപീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.അതേസമയം തന്റെ ജീവന് ഭീഷണിയുണ്ടെന്ന ബിന്ദു അമ്മിണിയുടെ അപേക്ഷയില്‍ സുരക്ഷയൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എതിര്‍പ്പുകള്‍ മറികടന്ന് നിയമം പ്രാബല്യത്തില്‍; പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചു
ന്യൂഡൽഹി:പാര്‍ലമെന്റിലെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു.ഗസറ്റില്‍ പ്രഖ്യാപനം വന്നതോടെ ഇന്നു മുതല്‍ നിയമം പ്രാബല്യത്തിൽ വരും.ലോക്സഭയിലും രാജ്യസഭയിലും ഏറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്.വന്‍ ഭൂരിപക്ഷത്തോടെ ലോക്‌സഭ പാസാക്കിയ ബില്ല് ബുധനാഴ്ചയാണ് രാജ്യസഭയിൽ പാസാക്കിയത്. ഇതുപ്രകാരം പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നു 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയംതേടിയ ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമത വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. അതേസമയം അസം, ത്രിപുര ഉള്‍പ്പെടെയുള്ള വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അതിരൂക്ഷമായ പ്രക്ഷോഭങ്ങളാണ് ബില്ലിനെതിരെ നടക്കുന്നത്. അസമില്‍ പോലിസ് വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.അസമില്‍ തുടരുന്ന പ്രതിഷേധം മേഘാലയയിലേക്കും വ്യാപിച്ചിട്ടുണ്ട്. ഇവിടെയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.അസമില്‍ ഇന്നലെ അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തു.ശക്തമായ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ട്രെയിന്‍ വ്യോമഗതാഗതം തടസപ്പെട്ടു. ജനങ്ങള്‍ ശാന്തരാകണമെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. അസമിലെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതിയെ ശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. ബി.ജെ.പിയുടെ ഭിന്നിപ്പിക്കല്‍ അജന്‍ണ്ടയാണിതെന്നും, കോണ്‍ഗ്രസ് അതിനെ ശക്തമായി നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ചെയ്തു. പൗരത്വ ഭേദഗതി ബില്ലിനെതിരെ നിയമയുദ്ധത്തിനും പ്രതിപക്ഷം തുടക്കമിട്ടു. മുസ്ലിം ലീഗ് ഇന്നലെ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുല്‍ വഹാബ്, പി.കെ. നവാസ് കനി എന്നിവര്‍ നേരിട്ടാണ് ഹര്‍ജി നല്‍കിയത്. പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തില്‍ സ്ഥാനമുണ്ടാകില്ല മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് കേരളത്തില്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.അതേ സമയം അയല്‍രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ നിയമനിര്‍മ്മാണത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പൗരത്വ ബില്ലിനെ വിമര്‍ശിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ. അബ്ദുള്‍ മോമെനും ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാനും ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. മതേതര രാഷ്ട്രമെന്ന ഇന്ത്യയുടെ ചരിത്രപരമായ പദവിയെ ദുര്‍ബലപ്പെടുത്തുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും ബംഗ്ലാദേശില്‍ ഹിന്ദുക്കളെ പീഡിപ്പിക്കുന്നുവെന്ന മട്ടിലുള്ള അമിത് ഷായുടെ പ്രസ്താവന അസത്യമാണെന്നും മോമെന്‍ വിമര്‍ശിച്ചിരുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം; ബി.ജെ.പി എം.എല്‍.എയുടെ വീട് പ്രതിഷേധക്കാര്‍ കത്തിച്ചു
ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവര്‍ അസമിലെ ചബുവയിൽ ബി.ജെ.പി എം.എൽ.എ ബിനോദ് ഹസാരിക്കയുടെ വസതി കത്തിച്ചു. കൂടാതെ, വാഹനങ്ങളും സർക്കിൾ ഓഫീസും പ്രതിഷേധക്കാർ അഗ്നിക്കിരയാക്കി.പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട അക്രമത്തില്‍ അസമില്‍ മൂന്ന് ആര്‍.എസ്.എസ് ഓഫീസുകള്‍ നേരത്തെ ആക്രമിക്കപ്പെട്ടിരുന്നു. ദില്‍ബ്രുഗയില്‍ ആര്‍.എസ്.എസ് ജില്ലാ ഓഫീസിന് പ്രതിഷേധക്കാര്‍ ഇന്നലെ രാത്രി തീയിട്ടപ്പോള്‍ തേജ്പൂര്‍, സദിയ എന്നിവിടങ്ങളില്‍ ആര്‍.എസ്.എസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമായ അസമില്‍ ഇന്നലെ രാത്രി കേന്ദ്രമന്ത്രി രാമേശ്വര്‍ തെലിയുടെ വീടിനു നേര്‍ക്കും ആക്രമണമുണ്ടായിരുന്നു. ഇതിനിടെ സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന അഭ്യര്‍ഥനയുമായി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ രംഗത്തുവന്നിട്ടുണ്ട്. പൗരത്വ ഭേദഗതി ബില്‍ ദേശീയതലത്തിലുള്ള ബില്ലാണെന്നും അസം ജനത ഒന്നുകൊണ്ടും പേടിക്കേണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ ഉപദേശം.വിവാദമായ പൗരത്വ ഭേദഗതി ബില്‍ ഇന്നലെ 105 വോട്ടിനെതിരേ 125 വോട്ടുകള്‍ക്കാണ് രാജ്യസഭയില്‍ പാസായത്.അതേസമയം, ക്രമസമാധാന സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിന് കേന്ദ്ര സായുധ പൊലീസ് സേനയെ സഹായിക്കാൻ അസം റൈഫിളുകളുടെ അഞ്ച് കമ്പനികളെ അസമിലും മൂന്ന് കമ്പനികളെ ത്രിപുരയിലും വിന്യസിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്ലിൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രതിഷേധം കനക്കുന്നു;രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു;അസമില്‍ അനിശ്ചിതകാല കര്‍ഫ്യു പ്രഖ്യാപിച്ചു
ആസാം:പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധക്കാര്‍ അസമില്‍ രണ്ട് റെയില്‍വേ സ്റ്റേഷന് തീയിട്ടു. അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ രാത്രി കല്ലേറുണ്ടായി. പ്രതിഷേധം കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് അര്‍ധസൈനിക വിഭാഗത്തിന് പുറമെ സൈന്യത്തെ കൂടി വിന്യസിച്ചേക്കും. ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തെക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. വ്യാപക പ്രതിഷേധത്തിന്‍റെ ഭാഗമായി അസമിലെ പത്ത് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ നാലു മണിക്കൂര്‍ ഗുവാഹത്തി വിമാനത്താവളത്തില്‍ കുടുങ്ങി. തുടര്‍ന്ന് ഏറെ പണിപ്പെട്ടാണ് മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയില്‍ എത്തിച്ചത്.പ്രതിഷേധങ്ങള്‍ക്കിടെ ഗുവാഹതിയില്‍ നിന്നുമാത്രം 1000 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് അസമില്‍ ഉള്‍ഫ ബന്ദ് പ്രഖ്യാപിച്ചു. ബില്‍പിന്‍വലിക്കുന്നതുവരെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ക്രിഷക് മുക്തി സംഗ്രാം സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്.
പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ കടുത്ത പ്രതിഷേധമാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അലയിടക്കുന്നത്. പലയിടങ്ങളിലും പ്രതിഷേധം അക്രമങ്ങളിലേക്ക് തിരിഞ്ഞു.വിദ്യാര്‍ത്ഥികളാണ് പ്രധാനമായും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധിക്കുന്നത്. ഞായറാഴ്ച ജാപനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കുന്ന പരിപാടിയുടെ ബോര്‍ഡുകള്‍ക്കും മറ്റും പ്രതിഷേധക്കാര്‍ തീവെച്ചു. വടക്ക് കിഴക്കന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതാണ് പൌരത്വ ഭേദഗതി ബില്‍ എന്നാണ് പ്രതിഷേധക്കാരുടെ വിമര്‍ശനം. ദീബ്രുഗഡില്‍ പോലീസും സമരക്കാരും ഏറ്റുമുട്ടിയതോടെ പോലീസ് ടിയര്‍ ഗ്യാസും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു. നിരവധി ട്രെയിനുകളും പ്രതിഷേധത്തിന് പിന്നാലെ റദ്ദാക്കേണ്ടി വന്നു.
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു
ന്യൂഡൽഹി:രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പൗരത്വ ഭേദഗതി ബിൽ ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു.പൗരത്വ ഭേദഗതി ബില്‍ മുസ്ലീങ്ങള്‍ക്ക് എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് അമിത് ഷാ പറഞ്ഞു. ‘ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കെതിരാണെന്ന തെറ്റിദ്ധാരണ പരക്കുന്നുണ്ട്. എന്നാല്‍ ഈ ബില്ലിന് ഇന്ത്യയിലെ മുസ്ലീങ്ങളുമായി എന്ത് ബന്ധമാണുള്ളതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവര്‍ എല്ലായ്‌പ്പോഴും ഇന്ത്യയിലെ പൗരന്മാരാണ്. അവരോട് ഒരുതരത്തിലുള്ള വിവേചനവുമില്ല’- അമിത് ഷാ പറഞ്ഞു.ഈ ബില്ലില്‍ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം സഭയില്‍ വ്യക്തമാക്കി. നിങ്ങളെ ചിലര്‍ ഭയപ്പെടുത്താന്‍ നോക്കിയാല്‍ നിങ്ങള്‍ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങള്‍ക്ക് എല്ലാ സുരക്ഷയും ലഭിക്കും. ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബില്ലിന്‍ മേല്‍ രാജ്യസഭയില്‍ ചര്‍ച്ച തുടരുകയാണ്. ലോക്സഭയിൽ സർക്കാറിന് എളുപ്പത്തിൽ പാസാക്കാനായ ബിൽ രാജ്യസഭയിൽ പ്രതിപക്ഷ സഹായം കൂടാതെ വിജയിപ്പിക്കാൻ കഴിയില്ല. രാജ്യസഭയിൽ ബിൽ പരാജയപ്പെട്ടാൽ സംയുക്ത പാർലമെന്റ് വിളിച്ചു ചേർക്കാനും കേന്ദ്ര സർക്കർ ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.