കണ്ണൂര്‍:പള്ളിക്കുന്ന് വനിത കോളേജില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായി ആരോപണം.കോളേജിന് പുറത്തുള്ള ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നാണ് കൃഷ്ണ മേനോന്‍ സ്മാരക വനിത കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.പ്രതിഷേധത്തിന്റെ ഭാഗമായി മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടവഴിയില്‍ ഒട്ടിച്ചിരുന്നു. ഇതില്‍ ചവിട്ടി വിദ്യാര്‍ത്ഥികള്‍ കോളേജിനകത്ത് കയറിയായിരുന്നു അവര്‍ പ്രതിഷേധം നടത്തിയത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തിരുന്നു.എന്നാല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ഇതോടെ കൂടുതല്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തുകയും വിദ്യാര്‍ഥിനികളുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇത് സംഘര്‍ഷാവസ്ഥയ്ക്ക് വഴിവെച്ചു. തുടര്‍ന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ കോളേജിനു മുന്നില്‍നിന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പെണ്‍കുട്ടികള്‍ കോളേജ് കവാടത്തില്‍ കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.പിന്നീട് പോലീസെത്തി ഇരുകൂട്ടരെയും പിന്തിരിപ്പിച്ചു. ബി.ജെ.പി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം നിലത്തുപതിച്ചിരുന്ന മോദിയുടെയും അമിത് ഷായുടെയും പോസ്റ്ററുകള്‍ പോലീസ് നീക്കം ചെയ്തതോടെയാണ് സംഘര്‍ഷാവസ്ഥ അവസാനിച്ചത്.ഇന്ന് രാവിലെ ഒൻപതരയോടെ പ്രതിഷേധത്തിനിറങ്ങിയ വിദ്യാര്‍ത്ഥികളെയാണ് ബിജെപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്.ജയിലില്‍ കഴിയേണ്ടിവരുമെന്നും കോളേജിന്റെ പടി ചവിട്ടിക്കില്ലെന്നും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനെതിരെ കോളേജിലെ മുഴുവന്‍ സംഘടനകളുടേയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിനിറങ്ങുകയും മോദിയുടേയും അമിത് ഷായുടേയും പോസ്റ്ററുകള്‍ കത്തിക്കുകയും ചെയ്തു.വരും ദിവസങ്ങളിലും എല്ലാ സംഘടനയിലേയും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നിന്നുകൊണ്ടുതന്നെ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; മംഗളൂരുവിൽ പോലീസ് വെടിവെയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു
മംഗളൂരു:മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് സംഭവം.വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്‍റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് വെടിവെപ്പുണ്ടായത്.പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ. വെടിവെപ്പുണ്ടായതോടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി. കര്‍ണാടകത്തിലെ മുഴുവന്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പ്പില്‍ ഇന്നലെ രാജ്യത്താകെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. മംഗലാപുരത്ത് രണ്ട് പേരും ലഖ്‌നൗവില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്. അതേസമയം തങ്ങള്‍ ഉപയോഗിച്ചത് റബ്ബര്‍ പെല്ലെറ്റാണെന്ന് കര്‍ണ്ണാടക പോലീസും വെടിവച്ചിട്ടില്ലെന്ന് യുപി പോലീസും പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം; രാജ്യത്ത് കൂട്ട അറസ്റ്റ്
ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ഡല്‍ഹി ,കര്‍ണാടക,തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലായി വിദ്യാർത്ഥികളുൾപ്പെടെ വിവിധ രാഷ്ടട്രീയ നേതാക്കളെ അറസ്റ്റ് ചെയ്തു. നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയന്ന കാരണത്താലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേയും ഒപ്പം ക്യാംപസില്‍ ഉണ്ടായ പോലിസ് നടപടിയിലും പ്രതിഷേധിച്ച് ജാമിഅ മില്ലിയ്യ ഇസ്ലാമിയ സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍ ചെങ്കോട്ടയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ചെങ്കോട്ടയിലും പരിസരത്തും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുന്നത്. 13 മെട്രോ സ്‌റ്റേഷനുകളും അടച്ചു. റോഡ് ഗതാഗത നിയന്ത്രണവും പൊലീസ് ഏര്‍പ്പെടുത്തി.ജാമിഅ മില്ലിയ്യ, ജമാ മസ്ജിദ്, മുന്റുക എന്‍ട്രി, പട്ടേല്‍ ചൗക്ക്, ലോക് കല്യാണ്‍ മാര്‍ഗ്, ഉദ്യോഗ് ഭവന്‍, ഐടിഒ, പ്രഗതി മൈതാന്‍, ഖാന്‍ മാര്‍ക്കറ്റ് തുടങ്ങിയ സ്‌റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സ്‌റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തില്ലെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.കൂടുതല്‍ സ്‌റ്റേഷനുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ കാളികുന്ദ് മധുര റോഡും അടച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായതോടെ തലസ്ഥാനത്ത് നീണ്ട ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നിരവധി സംഘടനകളും രംഗത്തെത്തിട്ടുണ്ട്. ചെങ്കോട്ടയിലെ നിരോധനാജ്ഞ ലംഘിച്ചത്തിന്റെ പേരില്‍ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് ചരിത്രക്കാരന്‍ രാമചന്ദ്ര ഗുഹ സീതാറാം യെച്ചൂരി, ഡി രാജ, പ്രകാശ് കാരാട്ട്,കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് എം റാഷിദ്, കമ്മിറ്റി അംഗം പി വി ശുഹൈബ് അടക്കം പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്ത് നീക്കി.ഡല്‍ഹിയില്‍ വിവിധ പ്രദേശങ്ങളില്‍ വോയ്‌സ്, എസ്‌എംഎസ് സര്‍വ്വീസുകള്‍ എയര്‍ടെല്‍ കമ്പനി നിര്‍ത്തിവച്ചു. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് സര്‍വീസുകള്‍ നിര്‍ത്തിവച്ചതെന്നാണ് കമ്പനി നല്‍കുന്ന വിവരം.സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചാല്‍ സര്‍വീസുകള്‍ പുനസ്ഥാപിക്കുന്നതാണെന്ന് എയര്‍ടെല്‍ കമ്പനി പ്രതിനിധി ഡാനിഷ് ഖാന്‍ ട്വീറ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ നടപടി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ജാമിയ വിദ്യാര്‍ത്ഥികള്‍; ഇന്ന് ചെങ്കോട്ടയിലേയ്ക്ക് മാര്‍ച്ച്
ന്യൂഡൽഹി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി ജാമിയ മിലിയ സർവകലാശാല വിദ്യാര്‍ത്ഥികള്‍.ഇന്ന് ചെങ്കോട്ടയിലേയ്ക്ക് മാര്‍ച്ച് നടത്തും. ദേശീയ തലത്തില്‍ ശക്തമായ പ്രതിഷേധത്തിനും ജാമിയ സമര സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. സമരത്തിന്റെ കോര്‍ഡിനേഷന്‍ കമ്മിറ്റിയിലുള്ള നാല് പേര്‍ മലയാളികളാണ്. സമരത്തിന് എല്ലാ ക്യാംപസിലെയും വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കണമെന്നും സമരസമിതി ആവശ്യപ്പെട്ടു. ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിനിടെ ഉണ്ടായ അക്രമ സംഭവങ്ങള്‍ ഡല്‍ഹിയെ യുദ്ധക്കളമാക്കിയിരുന്നു. ശേഷം പോലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചതോടെ സംഘര്‍ഷം രൂക്ഷമായി.നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പോലീസിന്റെ നരനായാട്ടില്‍ പരിക്കേറ്റത്.സംഭവത്തില്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്താകമാനം പിന്തുണ ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ മദ്രാസിലെ കേന്ദ്ര സര്‍വ്വകലാശാലയില്‍ വരെ പ്രതിഷേധമുയര്‍ന്നു. പോലീസ് നടപടികളില്‍ ഭയന്ന് പിന്മാറില്ലെന്ന് നേരത്തെ തന്നെ ജാമിയ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് സമരം വീണ്ടും ശക്തമാക്കുന്നത്.
പൗരത്വ നിയമം;കണ്ണൂരിൽ വിദ്യാര്‍ഥികളുടെ പ്രതിഷേധ റാലിക്ക് നേരെ അക്രമം
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ അക്രമം. 25ഓളം വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. 15 പേരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മമ്പറം രാജീവ്ഗാന്ധി സയന്‍സ് ആന്‍റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ് അക്രമിക്കപ്പെട്ടത്.കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച പ്രകടനം മമ്പറം ടൗണിലെത്തിയപ്പോള്‍ ഒരു സംഘം തടയുകയും അക്രമിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചിതറിയോടി.ആർഎസ്എസ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് വിദ്യാർഥികൾ ആരോപിച്ചു.വിദ്യാര്‍ഥികളെ ഇവർ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതിന് ശേഷം എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മമ്പറം ടൗണില്‍ പ്രതിഷേധ പ്രകടനം നടന്നു.പ്രകടനം തടയാനുള്ള ശ്രമത്തെ തുടര്‍ന്ന് മമ്പറം ടൗണില്‍ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.ടൗണില്‍ കനത്ത പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പൗരത്വ ഭേദഗതിബില്ലിൽ സ്റ്റേ ഇല്ല;സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു
ന്യൂഡല്‍ഹി:പൗരത്വ ഭേദഗതി ബില്ലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് നല്‍കി.ജനുവരി രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി തയ്യാറായില്ല.ബില്ലുമായി ബന്ധപ്പെട്ട 59 ഹര്‍ജികളാണ് സുപ്രീം കോടതി കേട്ടത്. പൗരത്വ ബില്‍ സംബന്ധിച്ച എല്ലാ ഹര്‍ജികളും ഇനി ജനുവരി 22നാണ് കോടതി കേള്‍ക്കുക. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. പുതിയ പൗരത്വ നിയമം നിലവില്‍ വന്നിട്ടുണ്ടെങ്കിലും നടപ്പായിട്ടില്ല. നിയമത്തിലെ ചട്ടങ്ങള്‍ വ്യക്തമല്ല. സര്‍ക്കാര്‍ വിജ്ഞാപനം വന്നിട്ടില്ല. അതുകൊണ്ടുതന്നെ സ്റ്റേ ചെയ്യാന്‍ സാധ്യമല്ലെന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാളായ ഹാരിസ് ബീരാന്‍ മാധ്യമങ്ങളോട് പറഞ്ഞു.പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, പാഴ്‌സി, ജെയിന്‍, ബുദ്ധിസ്റ്റുകള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതില്‍ വന്‍പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
ദേശീയ പൗരത്വ ഭേദഗതിനിയമം ഒരുകാരണവശാലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി:ദേശീയ പൗരത്വ ഭേദഗതിനിയമം ഒരുകാരണവശാലും പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.പുതിയ നിയമംകൊണ്ട് ഒരു ഇന്ത്യക്കാരനും പൗരത്വം നഷ്ടമാകില്ല. പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്ലീം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോഡി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് കഴിയുന്നത്ര എതിര്‍ക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു.പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ ആദ്യം നിയമം കൃത്യമായി വായിച്ചുനോക്കി അതിന്റെ അര്‍ത്ഥം മനസിലാക്കണം. ഇന്ത്യയില്‍ ജീവിക്കുന്ന ആരും ഭയപ്പെടേണ്ടതില്ല. ആര്‍ക്കും പൗരത്വം നഷ്ടപ്പെടില്ല. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.പുതിയ നിയമം കൊണ്ട് ആര്‍ക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനമെന്നതാണ് മോഡി സര്‍ക്കാരിന്റെ നയം. പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലും വേട്ടയാടലിന് ഇരയായ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക എന്നതുമാത്രമാണ് ഈ നിയമത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹർത്താലിനെ തുടർന്ന് പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തും
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്തസമരസമിതി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്ന് അര്‍ധവാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക പരീക്ഷ നടത്തും.ഡിസംബര്‍ 30 നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തുക. സ്‌കൂളുകളില്‍ പ്രത്യേക ചോദ്യ പേപ്പര്‍ തയാറാക്കിയായിരിക്കും പരീക്ഷ. നിര്‍ദേശം ഉടന്‍ നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.ഹര്‍ത്താല്‍ നിയമാനുസൃതമല്ലെന്ന് പൊലീസ് അറിയിച്ചതോടെ വിദ്യാര്‍ത്ഥികളുടെ പരീക്ഷ മാറ്റിവെച്ചിരുന്നില്ല. എന്നാല്‍ ബസുകളും മറ്റും സര്‍വീസ് നടത്താതിരുന്നതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല.
പൗരത്വ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം;ബസ് കത്തിച്ചു;മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു; വിവിധയിടങ്ങളില്‍ സംഘര്‍ഷം; നിരവധി പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംയുക്ത സമിതി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുന്നു.ഹർത്താലിൽ വിവിധയിടങ്ങളില്‍ സംഘർഷമുണ്ടായി.പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ സമരാനുകൂലികള്‍ക്കു നേരെ പൊലീസ് ലാത്തി വീശി. കോഴിക്കോടും ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.കോഴിക്കോട് കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിന് നേരെ കല്ലേറുണ്ടായി.അതേസമയം ഹര്‍ത്താലിെന്‍റ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത്പൊലീസ് സുരക്ഷ ശക്തമാക്കി. മുന്‍കരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കൃത്രിമമായി സംഘര്‍ഷം സൃഷ്ടിച്ച് മറ്റുള്ളവരുടെ മുകളില്‍ കെട്ടിെവക്കുക സംഘ്പരിവാറിന്‍റെ സ്ഥിരം രീതിയാെണന്നും അങ്ങനെ സംഭവിച്ചാല്‍ പൊലീസിനും സര്‍ക്കാറിനുമായിരിക്കും അതിന്‍റെ ഉത്തരവാദിത്തമെന്നും സമര സമിതി നേതാക്കള്‍ ഇന്നലെ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ശബരിമല തീര്‍ഥാടകര്‍ക്ക് ഒരു അസൗകര്യവും ഉണ്ടാകില്ല. റാന്നി താലൂക്കിനെ പൂര്‍ണമായി ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. തദ്ദേശ ഉപതെരഞ്ഞെടുപ്പിനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ തടസ്സമുണ്ടാകില്ലെന്നും നേതാക്കള്‍ അറിയിച്ചിരുന്നു. ആര്‍.എസ്.എസിനെ ഭയന്ന് സമരം ചെയ്യാന്‍ പാടില്ല എന്ന പൊതുബോധം വളരുന്നത് ശരിയെല്ലന്നും അവര്‍ പറഞ്ഞു.അതേസമയം ഹര്‍ത്താലിനെ തുടര്‍ന്ന് സ്‌കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളിലും മാറ്റമില്ല. പിഎസ് സി പരീക്ഷകള്‍ക്കും മാറ്റമില്ല.