ഇറാഖ്:ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്‍ ചാര തലവനടക്കമുള്ള ഏഴു സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.ആക്രമണം നടത്തിയ വിവരം അമേരിക്ക സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇറാഖിലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അക്രമിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്ന് വൈറ്റ് ഹൗസ് പത്രകുറിപ്പിലൂടെ അറിയിച്ചു.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ ആക്രമണമുണ്ടായത്.ബാഗ്ദാദിലെ യുഎസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യുഎസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. യുഎസ് സൈനികരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ ഇറാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുഎസ് ആക്രമണമുണ്ടായിരിക്കുന്നത്.ഇതോടെ യുഎസ്-ഇറാന്‍-ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക.പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പ്രതികരിച്ചു.
റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി:റിപ്പബ്ലിക്ക് ദിന പരേഡിൽ നിന്നും ഇത്തവണയും കേരളത്തിന്റെ നിശ്ചല ദൃശ്യം ഒഴിവാക്കി കേന്ദ്രസർക്കാർ. നേരത്തെ ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച് വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്.കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു ദൃശ്യത്തിന്റെ പ്രമേയം.കലാമണ്ഡലം, വള്ളംകളി, ആനയെഴുന്നള്ളത്ത്, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടകൊട്ട് തുടങ്ങിയ സകല സാംസ്‌കാരിക ദൃശ്യങ്ങളും ഉള്‍ക്കൊള്ളുന്ന തുഴവഞ്ചിയും തോണിയുമാണ് കേരളം പ്രതിരോധമന്ത്രാലയത്തിലെ വിദഗ്ധസമിതിക്കുമുന്നില്‍ അവതരിപ്പിച്ചത്. ധനസഹായം ലഭ്യമാക്കുന്ന കന്യാശ്രീ പദ്ധതിയുടെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന സബുജ് സാഥി, ജലസംരക്ഷണത്തിനുള്ള ജോല്‍ ധോരോ ജോല്‍ ഭോരോ പദ്ധതിയുമാണ് ടാബ്ലോയ്ക്കായി ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. ബംഗാളില്‍നിന്നുള്ള കലാകാരനായ ബാപ്പ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ നിശ്ചലദൃശ്യം സാക്ഷാത്കരിച്ചത്.
അതേസമയം ഫ്‌ളോട്ടുകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്നണികള്‍ ആരോപിച്ചു.പൗരത്വനിയമ ഭേദഗതിയിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെ നിരന്തരം എതിര്‍ക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. മഹാരാഷ്ട്രയിലാകട്ടെ ബിജെപി.യുമായി ഇടഞ്ഞാണ് ശിവസേന സഖ്യസര്‍ക്കാരുണ്ടാക്കിയത്. എന്നാൽ റിപ്പബ്ലിക് ദിന പരേഡ് രാജ്യത്തിന്റെ അഭിമാനമാണെന്നും അവിടെ ഏറ്റവും മികച്ചതു മാത്രമാണ് തിരഞ്ഞെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും ജൂറി അംഗവും പ്രശസ്ത നര്‍ത്തകിയുമായ ജയപ്രദാ മേനോന്‍ പറഞ്ഞു. അഞ്ചുഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് ടാബ്ലോകള്‍ തിരഞ്ഞെടുക്കുന്നത്. മൂന്നാംഘട്ടത്തിലാണ് കേരളം പുറന്തള്ളപ്പെട്ടത്. ബംഗാളാകട്ടെ രണ്ടാംഘട്ടത്തില്‍ തന്നെ പുറത്തായി.ജനുവരി 26-ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നിശ്ചലദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 32 മാതൃകകള്‍ സമര്‍പ്പിച്ചിരുന്നു. വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്ന് 24 മാതൃകകള്‍ നല്‍കി. ഇതില്‍ 16 സംസ്ഥാനങ്ങളുടേതുള്‍പ്പെടെ 22 എണ്ണത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കണ്ണൂരില്‍ പൗരത്വസംരക്ഷണസമിതി റാലി ഈ മാസം നാലിന്
കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി കണ്ണൂര്‍ പൗരത്വസംരക്ഷണസമിതി രംഗത്ത്.സമിതിയുടെ നേതൃത്വത്തില്‍ ഈ മാസം നാലിന് കണ്ണൂരില്‍ റാലിയും പൊതുസമ്മേളനവും നടത്തും.കണ്ണൂര്‍ ജില്ലയിലെ വിവിധ രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലാണ് റാലിയും പ്രതിഷേധയോഗവും സംഘടിപ്പിക്കുന്നത്.വൈകീട്ട് നാലിന് സെന്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്തുനിന്ന് റാലി ആരംഭിക്കും. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറിലാണ് പൊതുസമ്മേളനം നടക്കുക.സമസ്ത കേന്ദ്ര കമ്മിറ്റി സെക്രട്ടറി പി.പി.ഉമര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
മരട് ഫ്ലാറ്റ് പൊളിക്കൽ;സമീപവാസികൾ അനിശ്ചിതകാല നിരാഹാര സമരമാരംഭിച്ചു
മരട്: മരടിലെ പൊളിക്കുന്ന ഫ്ലാറ്റുകള്‍ക്ക് സമീപത്ത് താമസിക്കുന്ന കുടുംബങ്ങള്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു.സമീപത്തെ വീടുകളുടെയും, താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താതെയും, ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതില്‍ വ്യക്തതയില്ലാതെയും പൊളിക്കല്‍ നടപടികള്‍ തുടരുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ മുതൽ പ്രത്യക്ഷ സമരം ആരംഭിച്ചത്.പുതുവര്‍ഷാരംഭത്തില്‍ ആല്‍ഫ സെറിന്‍ ഫ്ലാറ്റിന് മുന്നില്‍ ആരംഭിച്ച സമരം സബ്ജഡ്ജി എം.ആര്‍. ശശി ഉദ്ഘാടനം ചെയ്തു.മുന്‍ മന്ത്രി കെ. ബാബു, മരട് നഗരസഭ ചെയര്‍പേഴ്‌സന്‍ ടി.എച്ച്. നദീറ, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുംപറമ്പിൽ,കൗണ്‍സിലര്‍മാരായ ദിഷ പ്രതാപന്‍, ദേവൂസ് ആന്‍റണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ്, സി.ബി. മഹേശന്‍ എന്നിവര്‍ പ്രസംഗിച്ചു.നെട്ടൂര്‍ പാലത്തില്‍നിന്നു വിളംബര ജാഥയായെത്തിയാണ് സമരത്തിന് തുടക്കം കുറിച്ചത്. സമരത്തിനു പിന്തുണയുമായി നാട്ടുകാരുമുണ്ട്. വീടുകള്‍ക്കുണ്ടാകുന്ന നാശനഷ്ടം പരിഹരിക്കുന്നതടക്കമുളള വിഷയങ്ങളില്‍ വ്യക്തമായ തീരുമാനം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നു കര്‍മസമിതി ഭാരവാഹികള്‍ പറയുന്നു.സമരരംഗത്തുള്ളവര്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് കര്‍മ്മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ജനവാസകേന്ദ്രത്തില്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നത് രണ്ടാം ദിവസത്തിലേക്ക് മാറ്റണമെന്നതും ഇവരുടെ ആവശ്യമാണ്.അനിശ്ചിതകാല സമരം ആരംഭിച്ചതിനെത്തുടര്‍ന്ന് മന്ത്രി എ.സി. മൊയ്തീന്‍ ഇന്നു യോഗം വിളിച്ചു. എം. സ്വരാജ് എംഎല്‍എ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തില്‍ വൈകുന്നേരം 5.30ന് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേംബറിലാണ് യോഗം. മരട് നഗരസഭ ചെയര്‍പേഴ്സനും പരിസ്ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സമരസമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കും.
സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം; സജീവമാകാനൊരുങ്ങി പേപ്പർബാഗ് യൂണിറ്റുകൾ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മുതൽ പ്ലാസ്റ്റിക്ക് നിരോധനം.ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ് നിരോധനം ബാധകമാവുക.വ്യക്തികളോ കമ്പനികളോ വ്യവസായ സ്ഥാപനങ്ങളോ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ നിർമ്മിക്കുകയോ കൊണ്ടുപോവുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ പിഴ ഈടാക്കും.ആദ്യഘട്ട ലംഘനത്തിന് 10,000 രൂപ,രണ്ടാംവട്ടം ലംഘിച്ചാൽ 25000 രൂപ,വീണ്ടും ലംഘിച്ചാൽ 50000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുക.ഈ മാസം 15 വരെ നിയമനടപടികളുണ്ടാകില്ല.തുടർന്ന് നടപടികളിലേക്ക് നീങ്ങും. പ്ലാസ്റ്റിക് ക്യാരിബാഗ്,ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റുകൾ,കപ്പുകൾ,സ്പൂണുകൾ, ഫോർക്കുകൾ,തെർമോക്കോൾ,സ്റ്റൈറോഫോം എന്നിവകൊണ്ട് നിർമിച്ച അലങ്കാര വസ്തുക്കൾ, പ്ലാസ്റ്റിക്ക് കോട്ടിങ് ഉള്ള പേപ്പർ കപ്പുകൾ,പ്ലേറ്റ്,ബൗൾ, ക്യാരിബാഗ്,പ്ലാസ്റ്റിക്ക് തോരണങ്ങൾ, കൊടി,നോൺ വൂവൺ ബാഗുകൾ,പ്ലാസ്റ്റിക്ക് വെള്ള പായ്ക്കറ്റ്,പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റുകൾ,300 മില്ലിയ്ക്ക് താഴെ ശേഷിയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ,പ്ലാസ്റ്റിക്ക് ഗാർബേജ് , ബാഗ്,പി.വി.സി ഫ്ലെക്സ്,പ്ലാസ്റ്റിക് പായ്ക്കറ്റ് എന്നിവയ്ക്കാണ് നിരോധനം ബാധകമാവുക.
അതേസമയം പ്ലാസ്റ്റിക് നിരോധനം നിലവിൽ വന്നതോടെ സജീവമാവുകയാണ് പേപ്പർ ബാഗ് നിർമാണ യൂണിറ്റുകൾ.വിറ്റുവരവില്ലാത്തതിനെ തുടർന്ന് അടച്ചുപൂട്ടിയ യൂണിറ്റുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുവാനുള്ള ഒരുക്കത്തിലാണ്.കഴിഞ്ഞ ഒരുവർഷത്തിനിടെ മുപ്പത് ശതമാനമായിരുന്ന വളർച്ച സമീപകാലത്ത് 70 ശതമാനമായി വർധിച്ചതായി പേപ്പർ ബാഗ് മാനുഫാക്‌ചറർസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ബെംഗളൂരുവിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമാണ് പ്രധാനമായും ബാഗ് നിർമാണത്തിനാവശ്യമായ പേപ്പർ എത്തുന്നത്. ജർമ്മനി,ന്യൂസിലാൻഡ്,സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയും ഉപയോഗത്തിലുണ്ട്.നാലുരൂപ മുതൽ മുപ്പത് രൂപവരെയുള്ള ബാഗുകളാണ് പ്രധാനമായും നിർമിക്കുന്നത്. ടെക്‌സ്‌റ്റൈൽസ്, ജ്വല്ലറി,ഹോട്ടലുകൾ എന്നിവയാണ് വിലകൂടിയ പേപ്പർ ബാഗിന്റെ മുഖ്യ ഉപഭോക്താക്കൾ.
ഭക്ഷ്യവിഷബാധ;കണ്ണൂര്‍ ചുണ്ടക്കുന്ന് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു;20 ഓളം പേര്‍ ആശുപത്രിയില്‍
കണ്ണൂർ:ഭക്ഷ്യവിഷബാധയേറ്റ് ഒടുവള്ളിതട്ട് ചുണ്ടക്കുന്ന് കാരുണ്യ ഭവനത്തിലെ അന്തേവാസി മരിച്ചു.ആന്ധ്രപ്രദേശ് സ്വദേശി ഗുണ്ടുറാവു (52) ആണ് മരിച്ചത്. 20 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇതിൽ 2 പേരുടെ നില ഗുരുതരമാണ്.ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.പുറത്ത് നിന്നെത്തിച്ച നെയ്‌ച്ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.നടുവില്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഞായറാഴ്ച നടന്ന പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്നാണ് ആശ്രമത്തിലേക്ക് ഭക്ഷണമെത്തിച്ചത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്നുള്ള നെയ്‌ചോറും ചിക്കന്‍ കറിയും കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചതിന് ശേഷം രാത്രിയിലും അതേ ഭക്ഷണം കഴിച്ചവരാണ് ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ചില പൂര്‍വ വിദ്യാര്‍ത്ഥികളും ആശുപത്രിയില്‍ ചികിത്സ തേടി. 23 അന്തേവാസികളാണ് ചുണ്ടകുന്ന് ദിവ്യകാരുണ്യ ആശ്രമത്തിലുള്ളത്. ഇതില്‍ ഒരാളൊഴികെ ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം ഭക്ഷ്യ വിഷബാധയേറ്റു.ഇവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ ഒടുവള്ളിത്തട്ട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യയിൽ ശൈത്യം അതിരൂക്ഷമാകുന്നു; ഡൽഹിയിൽ 34 ട്രെയിനുകള്‍ വൈകിയോടുന്നു; വാഹനാപകടത്തിൽ രാജസ്ഥാനത്തിൽ രണ്ടു മരണം
ന്യൂഡൽഹി:ഡല്‍ഹി അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യം അതിരൂക്ഷമാകുന്നു.ഡല്‍ഹിയുടെ 119 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ താപനിലയാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 34 ട്രെയിനുകള്‍ വൈകിയോടുകയാണ്.തണുപ്പിനൊപ്പം വായുമലിനീകരണവും കൂടിയതോടെ ജനജീവിതം ദുസ്സഹമായി.അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.കനത്ത മൂടല്‍ മഞ്ഞില്‍ രാജസ്ഥാനിലെ ബോജ്‌കയില്‍ രണ്ട് ബസുകളും കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.നാല് പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്.പലസംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മൂടല്‍ മഞ്ഞില്‍ ഡല്‍ഹി ഗ്രേറ്റര്‍ നോയ്ഡയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചിരുന്നു.അതേസമയം ജനുവരി ആദ്യവാരം ഡല്‍ഹിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നത്.
കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം.ഒറ്റത്തവണ ഉപയോഗിക്കാവുന്ന എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല ഇവ സൂക്ഷിക്കുന്നതും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.എന്നാല്‍ ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മ്മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല.ഉത്തരവ് ലംഘിച്ചാല്‍ ആദ്യതവണ പതിനായിരം രൂപ പിഴ ഈടാക്കും.രണ്ടാമതും ലംഘിച്ചാല്‍ 25,000 രൂപ,തുടര്‍ന്നും ലംഘിച്ചാല്‍ 50,000 രൂപ എന്നിങ്ങനെണ് പിഴ ഈടാക്കുക. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും.കളക്ടര്‍, സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ഇതിനെതിരെ നടപടിയെടുക്കാം.
മഹാരാഷ്ട്രയില്‍ അജിത്ത് പവാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റു
മുംബൈ: എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറെ ഉള്‍പ്പെടെ 25 ക്യാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കോണ്‍ഗ്രസില്‍ നിന്ന് 10 മന്ത്രിമാര്‍ സഭയിലുണ്ട്.ഇതോടെ എന്‍സിപിക്ക് 12 ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമായി. ശിവസേനയ്ക്ക് പത്ത് ക്യാബിനറ്റ് മന്ത്രിമാരും നാല് മന്ത്രിമാരുമാണുള്ളത്. കോണ്‍ഗ്രസിന് പത്ത് ക്യാബിനറ്റ് മന്ത്രിമാരും രണ്ട് മന്ത്രിമാരുമാണുള്ളത്.ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടക്കുന്ന ആദ്യ മന്ത്രിസഭാ വികസനമാണിത്.ദീര്‍ഘനാള്‍ മഹാവികാസ് അകാഡി സഖ്യത്തിനുള്ളില്‍ നടന്ന ചര്‍ച്ചക്കൊടുവിലാണ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്.ഒരു മാസത്തിനുള്ളില്‍ ഉപമുഖ്യമന്ത്രിയായി രണ്ടാം തവണയാണ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. നവംബര്‍ 26ന് എന്‍സിപിയില്‍ നിന്ന് ബിജെപിക്കൊപ്പം പോയ അജിത്, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ പിന്നീട് രാജിവച്ചു. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എംഎല്‍എമാര്‍ ഒപ്പമില്ലെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയായിരന്നു രാജി. ഇതിന് പിന്നാലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു. മുതിര്‍ന്നന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചൗഹാന് താക്കറെ സര്‍ക്കാരില്‍ ഇടംകണ്ടെത്താനായില്ല.അശോക് ചവാന് മന്ത്രിസ്ഥാനം ലഭിച്ചപ്പോള്‍ പൃഥിരാജ് ചവാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന. നിലവില്‍ ബാലസാഹിബ് തോറാട്ട് മന്ത്രിസ്ഥാനത്ത് എത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണ്.
കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’; കൊണ്ടുവെച്ചത് പർദ്ദയണിഞ്ഞ സ്ത്രീയാണെന്നറിഞ്ഞതോടെ പരിഭ്രാന്തിയില്‍ ജീവനക്കാര്‍
കോഴിക്കോട്:കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’.ശനിയാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനിറങ്ങിയ ജീവനക്കാരാണ് താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്ത് എട്ടു കവറുകളിലായി അജ്ഞാത കേക്ക് കണ്ടെത്തുന്നത്. ഇതോടെ ഇത് ആരുടേതാണെന്ന് കണ്ടെത്താനുള്ള ശ്രമമായി.ആരാണ് കേക്ക് വെച്ചതെന്ന് ആര്‍ക്കും അറിയില്ല. വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാര്‍ പറഞ്ഞു. അവര്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ തല്‍ക്കാലത്തേക്കു കവര്‍ മേശപ്പുറത്തു വച്ചതാണെന്നാണ് കണ്ടവര്‍ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണ് വന്നതെന്നും, അതില്‍ തന്നെ തിരിച്ചു പോയി എന്നും ചിലര്‍ വെളിപ്പെടുത്തി.ഇതോടെ കേക്കില്‍ ദുരൂഹതയേറി.കലക്ടര്‍ സ്ഥലത്തില്ലാത്തതിനെ തുടര്‍ന്ന് എഡിഎം റോഷ്ണി നാരായണനെ ജീവനക്കാര്‍ കാര്യം അറിയിച്ചു. അവര്‍ പൊലീസിനു വിവരം നല്‍കി. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സന്നാഹങ്ങളുമായി പൊലീസ് സംഘം സ്ഥലത്തെത്തി. നിരീക്ഷണ ക്യാമറയില്‍ നോക്കി ആളെ കണ്ടെത്താന്‍ പൊലീസ് ശ്രമിച്ചെങ്കിലും ആ ഭാഗത്ത് നിരീക്ഷണ ക്യാമറ ഇല്ലാത്തതിനാൽ ആ ശ്രമം വിഫലമായി.പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കാണ് ഇതെന്ന് പരിശോധനയില്‍ വ്യക്തമായി. അവസാനം സാംപിള്‍ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു.തുടർന്ന് ബേക്കറിയിലെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി.സ്ത്രീ പെരുവയല്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു. അതിനിടെ, ഉച്ചയോടെ മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു. അവിടെ കേക്ക് സ്വീകരിക്കാന്‍ തയാറാകാതെ വന്നതോടെ, കലക്ടറേറ്റില്‍ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങുകയായിരുന്നു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മധുരം നല്‍കാന്‍ തീരുമാനിച്ചതാണെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണത്തിലാണ്.