ദില്ലി: പൗരത്വ നിമയ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ അഞ്ചംഗ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിന് സ്റ്റേ നല്‍കാനാവില്ലെന്നും സുപ്രീംകോടതി വാക്കാല്‍ വ്യക്തമാക്കി. സ്റ്റേ വേണ്ടെന്നും നിയമം നടപ്പിലാക്കുന്നത് രണ്ടു മാസത്തേക്ക് നീട്ടണമെന്നും കപില്‍ സിബല്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. നീട്ടിവെക്കുന്നത് സ്റ്റേക്ക് തുല്യമാണെന്നായിരുന്നു കേന്ദ്രസര്‍ക്കാറിന് വേണ്ടി ഹാജരായ എജിയുടെ വാദം.നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ രണ്ടായി പരിഗണിക്കാനും സുപ്രീം കോടതി തീരുമാനിച്ചു. അസം, ത്രിപുര ഹര്‍ജികള്‍ പ്രത്യേകം പരിഗണിക്കും. ഹര്‍ജികള്‍ ഭരണഘടാന ബെഞ്ചിന് വിടണമെന്ന് മനു അഭിഷേഗ് സിങ്വി കോടതിയില്‍ വാദിച്ചു. എല്ലാ ഹര്‍ജികള്‍ക്കും മറുപടി സത്യവാങ് മൂലം നല്‍കാന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുപ്രകാരം മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാറിന് 4 ആഴ്ച്ചത്തെ സമയം കോടതി അനുവദിച്ചു.നിയമം ഭരണഘടന വിരുദ്ധമാണെന്ന കാര്യത്തിലും, സ്റ്റേ ചെയ്യണമെന്ന ആവശ്യത്തിലും ജനുവരി രണ്ടാം വാരത്തിനകം നിലപാട് അറിയിക്കണമെന്ന് കാണിച്ച് കോടതി കേന്ദ്രത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതുവരെ മറുപടിയൊന്നു നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് കോടതി സമയം നീട്ടി നല്‍കിയത്.
നേപ്പാളിൽ മരിച്ച മലയാളി വിനോദസഞ്ചാരികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന്;മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും
കാഠ്‌മണ്ഡു: നേപ്പാളിൽ മരിച്ച മലയാളി വിനോദസഞ്ചാരികളുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും.ഒൻപത് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങുമെന്നാണ് കാഠ്മണ്ഡു പൊലീസ് അറിയിച്ചിട്ടുള്ളത്.പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വ്യാഴാഴ്ച മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നിലവില്‍ കാഠ്മണ്ഡുവിലെ ടീച്ചിംഗ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു.ഇന്നലെയാണ് ഇവരെ താമസിച്ചിരുന്ന റിസോട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍, ഭാര്യ ശരണ്യ(34), മക്കളായ ആര്‍ച്ച, ശ്രീഭദ്ര, അഭിനവ് എന്നിവരും കോഴിക്കോട് കുന്നമംഗലം സ്വദേശി രഞ്ജിത് കുമാര്‍, ഭാര്യ ഇന്ദു, മകന്‍ രണ്ടു വയസ്സുകാരന്‍ വൈഷ്ണവ് എന്നിവരുമാണ് മരിച്ചത്. രഞ്ജിത് കുമാര്‍-ഇന്ദു ദമ്പതികളുടെ ഒരു കുട്ടി മറ്റൊരു മുറിയിലായതിനാല്‍ രക്ഷപ്പെട്ടു.തിങ്കളാഴ്ച രാത്രി ഒൻപതരക്കാണ് 15 മലയാളി വിനോദ സഞ്ചാരികള്‍ നേപ്പാളിലെ ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. ഇതില്‍ എട്ടുപേര്‍ ഒരു സ്വീട്ട് റൂമില്‍ തങ്ങി. കടുത്ത തണുപ്പായതിനാല്‍ ജനലുകളും വാതിലുകളും അടച്ചിട്ട് ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. രാവിലെ ഒപ്പമുണ്ടായിരുന്നവര്‍ ഇവരെ വിളിച്ചിട്ടും പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഇവര്‍ ഹോട്ടല്‍ അധികൃതരെ ബന്ധപ്പെട്ടത്. മുറികള്‍ തുറന്ന് നോക്കിയപ്പോഴാണ് എട്ടുപേരും അബോധാവസ്ഥയിലാണെന്ന് കണ്ടത്. ഹെലികോപ്റ്റര്‍ മാര്‍ഗം ഇവരെ കാഠ്മണ്ഡുവിലെ ഹാംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നെന്നും ശ്വാസതടസ്സമാകാം മരണ കാരണമെന്നും എസ്.പി സുശീല്‍ സിംങ് റാത്തോര്‍ അറിയിച്ചു.
നേപ്പാളിലെ റിസോർട്ടിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി;അപകടമുണ്ടായത് ഗ്യാസ് ഹീറ്ററിലെ വാതകം ചോര്‍ന്ന്
കാഠ്മണ്ഡു:നേപ്പാളിലെ ദമാനിയെ എവറസ്റ്റ് പനോരമ റിസോർട്ടിൽ എട്ടു മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34), രഞ്ജിത് കുമാര്‍ ടിബി (39), ഇന്ദു രഞ്ജിത് (34), ശ്രീ ഭദ്ര (9), അഭിനവ് (9), അഭി നായര്‍ (7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.രാവിലെ ഒന്‍പതു മണിയോടെയാണ് ഇവരെ അബോധാവസ്ഥയില്‍ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശ്രീകാര്യത്തിന് അടുത്ത് ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചവര്‍. രാത്രി തണുപ്പകറ്റാന്‍ മുറിയില്‍ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ നിന്ന് വാതകം ചോര്‍ന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 15 പേരടങ്ങുന്ന വിനോദസഞ്ചാര സംഘം ഇന്നലെയാണ് ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടില്‍ മുറിയെടുത്തത്. നാലു സ്യൂട്ട് മുറികളാണ് ഇവര്‍ വാടകയ്ക്ക് എടുത്തത്. ഇതില്‍ അപകടത്തില്‍പ്പെട്ട എട്ടുപേര്‍ ഒരു മുറിയിലാണ് കഴിഞ്ഞതെന്ന് റിസോര്‍ട്ട് മാനേജര്‍ പറയുന്നു.രാവിലെ വാതിലില്‍ തട്ടിനോക്കുമ്പോൾ പ്രതികരണം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്തുകടന്നപ്പോള്‍ എല്ലാവരെയും അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുറിയിലെ ജനലുകളും വാതിലുകളും അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. അതിനാല്‍ മുറിയിലേക്ക് പുറത്തുനിന്നുളള വായുസഞ്ചാരം കടക്കാത്ത സ്ഥിതിയായിരുന്നുവെന്ന് മാനേജര്‍ പറയുന്നു.അതേസമയം, ഇവര്‍ക്കൊപ്പം മുറിയില്‍ ഉണ്ടായിരുന്ന ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ തുടര്‍ന്നു വരികയാണ്.പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ക്ക് ശേഷം ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും ഇന്ത്യന്‍ എംബസി ഡോക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.
പന്തീരാങ്കാവ് യുഎപിഎ കേസ്;അലനെയും താഹയെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണത്തേത്തുടര്‍ന്ന് യുഎപിഎ ചുമത്തി പന്തീരാങ്കാവില്‍ അറസ്റ്റ് ചെയ്ത അലനെയും താഹയേയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് ഉത്തരവ്.ഇരുവരെയും ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. എത്രദിവസത്തേക്കാണ് കസ്റ്റഡിയെന്ന് കോടതി ബുധനാഴ്ച വ്യക്തമാക്കും.എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാൽ പ്രതികളെ കുടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍.ഐ.എയുടെ ആവശ്യം. പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.
കളിയിക്കാവിള കൊലപാതക കേസിലെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി;മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി വിധി ഇന്ന്
തിരുവനന്തപുരം:കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികളുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.കസ്റ്റഡി അപേക്ഷയില്‍ കോടതി ഇന്നലെ വാദം കേട്ടിരുന്നു.നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക.28 ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളുടെ തീവ്രവാദ ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. കസ്റ്റഡിയില്‍ ലഭിച്ചാല്‍ പ്രതികളെ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇതിന് ശേഷമാകും തെളിവെടുപ്പ്. ഗൂഢാലോചനയെ കുറിച്ചും സഹായം നല്‍കിയവരെ കുറിച്ചുമുള്ള വിവരങ്ങളാകും ചോദിച്ചറിയുക. കൃത്യത്തിന് ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്തിയിട്ടില്ല.അതേസമയം, കളിയിക്കാവിളയില്‍ എഎസ്‌ഐയെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളില്‍ ഒരാളെ അനുകൂലിച്ച് പോസ്റ്റിട്ടയാളെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ പ്രതിയായ ഷെമീമിനെ അനുകൂലിച്ച് പോസ്റ്റിട്ടതിന് തേങ്ങാപട്ടണം സ്വദേശിയായ നവാസിനെയാണ് തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരത്തു നിന്നാണ് നവാസിനെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ ദിവസം കളിയിക്കാവിളയില്‍ എഎസ്‌ഐയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയും അല്‍ ഉമ്മ തലവനുമായ മെഹബൂബ് പാഷയെ പിടികൂടിയിരുന്നു.ബംഗളൂരു പൊലീസാണ് മെഹബൂബ് പാഷയെ പിടികൂടിയത്. കൂട്ടാളികളായ ജബീബുള്ളും അജ്മത്തുള്ളയും മന്‍സൂറും പിടിയിലായിട്ടുണ്ട്. സംഭവത്തിനു ഭീകര ബന്ധമുള്ളതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. തമിഴ്‌നാട് സ്വദേശികളായ സെയ്ദ് ഇബ്രാഹിം, അബ്ബാസ് എന്നിവരെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രായപൂർത്തിയായിരുന്നില്ല എന്ന വാദം തെറ്റ്;നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി. 2012ല്‍ കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പവന്‍ സുപ്രീം കോടതിയെ സമീപിച്ചത്.ജസ്റ്റിസുമാരായ ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേട്ട ശേഷം തള്ളിയത്. ഇതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതിയും തള്ളിയിരുന്നു.അഡ്വ.എ.പി സിംഗാണ് പവന്‍ ഗുപ്തക്ക് വേണ്ടി ഇന്ന് കോടതിയില്‍ ഹാജരായത്. കേസില്‍ നീതിപൂര്‍വമായ വിചാരണ നടന്നിട്ടില്ലെന്നും നടന്നത് മാദ്ധ്യമവിചാരണയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ എ.പി. സിംഗ് കോടതിയില്‍ വാദിച്ചു. സംഭവം നടക്കുമ്പോൾ പ്രതിക്ക് 16 വയസായിരുന്നു പ്രായമെന്നും ജനനരേഖ ഡല്‍ഹി പൊലീസ് മറച്ചുവച്ചെന്നും പ്രായത്തിന്റെ കാര്യത്തില്‍ വിചാരണക്കോടതി തിടുക്കപ്പെട്ട് വിധി പ്രസ്താവിച്ചുവെന്നും അഭിഭാഷകന്‍ പറഞ്ഞു.അതേസമയം പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയില്‍ വിശ്വാസ യോഗ്യമായ ഒന്നും കണ്ടെത്താനായില്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞു. കേസില്‍ പ്രതികളായ നാല് പേര്‍ക്കും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാന്‍ ഡല്‍ഹി തീസ് ഹസാരി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് എന്‍.പി.ആറും എന്‍.ആര്‍.സിയും നടപ്പാക്കില്ല;സെൻസസുമായി സഹകരിക്കുമെന്നും കേരള സർക്കാർ
തിരുവനന്തപുരം:സംസ്ഥാനത്ത് ദേശീയ പൗരത്വ രജിസ്റ്ററും( എന്‍.ആര്‍.സി) ദേശീയ ജനസംഖ്യാ രജിസ്റ്ററും (എന്‍.പി.ആര്‍) നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭായോഗത്തിൽ തീരുമാനം.ഇക്കാര്യം കേന്ദ്ര സെന്‍സസ് ഡയറക്ടറെ ഔദ്യോഗികമായി അറിയിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.ഇവ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയുണ്ടെന്നും അതുകൊണ്ടാണ് ഇതിനെതിരെ സുപ്രിംകോടതിയെ സമീപിച്ചതെന്നും യോഗം വ്യക്തമാക്കി.അതുകൊണ്ട് തന്നെ ഇവ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും യോഗം തീരുമാനിക്കുകയായിരുന്നു. ഗവര്‍ണറുടെ എതിര്‍പ്പും മന്ത്രിസഭാ യോഗം തള്ളിക്കളഞ്ഞു. ഗവര്‍ണര്‍ക്ക് ഇന്ന് സര്‍ക്കാര്‍ മറുപടി നല്‍കും.അതേസമയം, തദ്ദേശ തിരഞ്ഞെടുപ്പില്‍ വാര്‍ഡ് വിഭജന കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം നല്‍കി.ഗവര്‍ണര്‍ എതിര്‍ത്ത ഓര്‍ഡിനന്‍സ്, നിയമസഭയില്‍ ബില്ലായി കൊണ്ടുവരാന്‍ തീരുമാനിക്കുകയും ആ ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുകയുമായിരുന്നു.ഗവര്‍ണര്‍ എതിര്‍ത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കൊണ്ട് തന്നെയാണ് കരട് ബില്ല് അവതരിപ്പിച്ചതും അംഗീകരിച്ചതും. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ ഒരുവട്ടം മാത്രമെ വാര്‍ഡ് വിഭജനം പാടുള്ളുവെന്നാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ച വ്യവസ്ഥ. എന്നാല്‍ പഞ്ചായത്ത് രാജ് ആക്ടിലോ മുന്‍സിപ്പാലിറ്റി ആക്ടിലോ ഈ വ്യവസ്ഥയില്ല എന്ന കാരണം പറഞ്ഞാണ് ഗവര്‍ണറുടെ വാദങ്ങള്‍ മന്ത്രിസഭാ യോഗം തള്ളിയത്.
മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി;സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍;സഹപ്രവർത്തകനായ അധ്യാപകൻ പോലീസ് കസ്റ്റഡിയിൽ
കാസർകോഡ്:മഞ്ചേശ്വരത്ത് നിന്നും മൂന്നു ദിവസം മുൻപ് കാണാതായ അധ്യാപികയെ കടപ്പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.മരിക്കുന്നതിനും രണ്ട് ദിവസം മുമ്പ് അധ്യാപികയെ സ്കൂളില്‍ നിന്നും കാണാതായിരുന്നു.ഇത് സംബന്ധിച്ച ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ദുരുഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.അതേസമയം സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുമായ ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളാണ് അധ്യാപികയുടെ മരണത്തിന് പിന്നിലെന്ന് രൂപശ്രീയുടെ കുടുംബവും ആരോപിച്ചു. അധ്യാപികയെ സഹപ്രവര്‍ത്തകന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നുവെന്നാണ് രൂപശ്രീയുടെ മകന്‍ കൃതികിന്റെ മൊഴി.അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. തുടര്‍ന്ന് രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പറത്ത് അഴുകിയ നിലയില്‍ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്നും മുടി മുറിച്ചെടുത്ത നിലയിലുമായിരുന്നു. അദ്ധ്യാപികയുടെ സ്കൂട്ടർ ഹൊസങ്കടിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ദുർഗപ്പള്ളത്തെ റോഡിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. അതേസമയം മൃതദേഹം കണ്ടെത്തിയതിനു ശേഷവും രൂപശ്രീയുടെ കയ്യിലുണ്ടായിരുന്ന ഫോണുകളിലൊന്നിൽ ബെല്ലടിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകരെയടക്കം പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണു;നിരവധി പേര്‍ക്ക് പരിക്ക്
പാലക്കാട്:പാലക്കാട് ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റു.കളിക്കളത്തില്‍ കുഴഞ്ഞുവീണ് മരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര്‍ ധന്‍രാജിന്റെ സ്മരണാര്‍ത്ഥം നൂറണിയിലെ ടര്‍ഫ് ഗ്രൗണ്ടിൽ നടത്തിയ ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടമുണ്ടായത്.മല്‍സരം തുടങ്ങുന്നതിന് തൊട്ടുമുന്‍പായിരുന്നു ഗ്യാലറി തകര്‍ന്ന വീണത്.അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും പരിക്ക് സാരമുള്ളതാണെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തിനായി ഫയര്‍പോഴ്സ് രംഗത്തെത്തി.ഞായറാഴ്ച രാത്രി 8.40-ഓടെയാണ് സംഭവം. ഏഴുമണിക്ക് ആരംഭിക്കുമെന്ന് അറിയിച്ചിരുന്ന ഫുട്ബോള്‍ മത്സരം സെലിബ്രിറ്റി താരങ്ങള്‍ എത്താന്‍ വൈകിയതോടെ ഒരുമണിക്കൂറിലേറെ താമസിച്ചു.ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന വി.കെ. ശ്രീകണ്ഠന്‍ എം.പി. പ്രസംഗിക്കുന്നതിനിടെയാണ് ഗാലറി പൂര്‍ണമായും തകര്‍ന്നുവീണത്.നാലായിരത്തോളം പേര്‍ അപകടം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി.അറുന്നൂറിലേറെ ആളുകള്‍ ഒരേസമയം തിങ്ങിനിറഞ്ഞതോടെ ഭാരം താങ്ങാനാവാതെയാണ് ഗാലറി വീണതെന്ന് കേരള ഫുട്ബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രിയായിരുന്നു മുന്‍ സന്തോഷ് ട്രോഫി താരവും ഈസ്റ്റ് ബംഗാള്‍, മോഹന്‍ബഗാന്‍, മുഹമ്മദന്‍സ്, വിവകേരള എന്നീ ടീമുകള്‍ക്കായി ബൂട്ടണിയുകയും ചെയ്തിട്ടുള്ള പാലക്കാട് സ്വദേശി ധന്‍രാജ് കളിക്കളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചത്. നാല്പത്തിയെട്ടാമത് ഖാദറലി അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ മത്സരത്തിനിടെയായിരുന്നു സംഭവം. പെരിന്തല്‍മണ്ണ ടീം അംഗമായ ധനരാജന് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.മികച്ച കളിക്കാരനായിരുന്നിട്ടും കഷ്ടപാടുകള്‍ നിറഞ്ഞ ജീവിതമായിരുന്നു ധന്‍രാജിന്റെത്. ഈ സാഹചര്യത്തിലായുരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കാന്‍ പ്രദര്‍ശന ഫുട്ബോള്‍ മല്‍സരം സംഘടിപ്പിക്കാന്‍ പാലക്കാട്ടെ ഫുട്ബോള്‍ പ്രേമികള്‍ തീരുമാനിച്ചത്. ഈ മല്‍സരമാണ് ഇപ്പോള്‍ തുടങ്ങും മുന്‍പ് അപകടത്തില്‍ കലാശിച്ചത്.ഐഎം വിജയന്‍, ബെച്ച്‌യൂങ് ബുട്ടിയ തുടങ്ങിയ താരങ്ങള്‍ മത്സരത്തിൽ കളിക്കുമെന്ന് അറിയിച്ചിരുന്നു.
നിര്‍ഭയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്;ഇത്തരക്കാര്‍ ഉള്ളതുകൊണ്ടാണ് ബലാല്‍സംഗങ്ങള്‍ അവസാനിക്കാത്തതെന്ന് നിര്‍ഭയയുടെ അമ്മ
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്ക് മാപ്പ് നല്‍കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ്. നിര്‍ഭയയുടെ അമ്മയോടാണ് ട്വിറ്ററിലൂടെ ഇന്ദിരാ ജയ്‌സിങ് ഈ ആവശ്യം ഉന്നയിച്ചത്. ‘നിര്‍ഭയയുടെ അമ്മയുടെ വേദന ഞാന്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നു. അതേസമയം രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനിക്ക് മാപ്പ് കൊടുത്ത സോണിയ ഗാന്ധിയെ മാതൃകയാക്കണണെന്ന് ഞാന്‍ ആശാദേവിയോട് അഭ്യര്‍ത്ഥിക്കുന്നു.ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. എന്നാല്‍ വധശിക്ഷക്ക് എതിരാണ്’ ഇന്ദിരാ ജെയ്‌സിങ് ട്വിറ്ററില്‍ കുറിച്ചു.എന്നാൽ ഇന്ദിര ജയ്‌സിങിന്റെ ആവശ്യത്തിനെതിരെ നിര്‍ഭയയുടെ അമ്മ രൂക്ഷമായാണ് പ്രതികരിച്ചത്. അത്തരമൊരു നിര്‍ദേശം എന്റെ മുന്നില്‍ വെക്കാന്‍ ഇന്ദിരാ ജെയ്‌സിങ് ആരാണെന്ന് ആശാ ദേവി ചോദിച്ചു. ‘ഇന്ദിരാ ജെയ്‌സിങിനെ പോലുള്ള ആളുകള്‍ക്ക് എങ്ങനെയാണ് കുറ്റവാളികള്‍ക്ക് മാപ്പ് നല്‍കണമെന്ന് നിര്‍ദേശിക്കാന്‍ സാധിക്കുന്നത്. സുപ്രീംകോടതിയില്‍ വെച്ച് നിരവധി തവണ ഞാന്‍ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ഒരിക്കല്‍ പോലും അവര്‍ എനിക്ക് ക്ഷേമം നേരുകയോ അന്വേഷിക്കുകയോ ചെയ്തിട്ടില്ല.ഇന്ന് അവര്‍ കുറ്റവാളികള്‍ക്ക് വേണ്ടി സംസാരിക്കുന്നു.നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റണമെന്ന് രാജ്യം മുഴുവന്‍ ആഗ്രഹിക്കുന്നു. ഈ സമയത്താണ് ഇത്തരം ആവശ്യവുമായി ഇന്ദിരാ ജയ്‌സിങ് മുന്നോട്ടുവരുന്നത്. ബലാത്സംഗക്കേസ് പ്രതികളെ പിന്തുണച്ച് ഇത്തരം ആളുകള്‍ ഉപജീവനം നടത്തുന്നതുകൊണ്ട് തന്നെ ഇവിടെ ബലാത്സംഗങ്ങള്‍ അവസാനിക്കുന്നില്ലെന്നും ആശാ ദേവി പറഞ്ഞു.