കണ്ണൂർ:ചൈനയിൽ കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത നിർദേശം.ചൈനയില്‍ നിന്നും നാട്ടിലെത്തിയ കണ്ണൂർ ജില്ലയിലെ പേരാവൂര്‍ സ്വദേശികളായ അഞ്ചുപേര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി. 28 ദിവസത്തേക്ക് പൊതുപരിപാടികളില്‍ സംബന്ധിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ പാടില്ലെന്നാണ് ഉന്നത ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശം.കഴിഞ്ഞദിവസമാണ് ചൈനയില്‍ നിന്ന് കൊല്‍ക്കത്ത എയര്‍പോര്‍ട്ട് വഴി ഇവർ കേരളത്തിലെത്തിയത്. വെള്ളിയാഴ്ച നാട്ടിലെത്തിയ ഇവര്‍ക്ക് കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ നിന്ന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ എന്ന് വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ അധികൃതര്‍ പേരാവൂരിലെ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്കിയത്. നാട്ടിലെത്തിയ ശേഷം മറ്റൊരിടത്തേക്ക് പോയതിനാല്‍ ഈ കുടുംബത്തെ നേരിട്ട് കാണാനും ബോധവല്‍ക്കരിക്കാനും ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് സാധിച്ചിട്ടില്ലെന്നാണ് സൂചന.ഈ കുടുംബത്തെ കൂടാതെ പേരാവൂര്‍ സ്വദേശിയായ മറ്റൊരാളും ഒരാഴ്ച മുന്‍പ് ചൈനയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. ഇദ്ദേഹത്തിനും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.അതേസമയം ചൈനയില്‍ കൊറോണാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. 2744 പേര്‍ക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ചൈനീസ് അധികൃതരുടേയും ലോകാരോഗ്യ സംഘടനയുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, അതിവേഗമാണ് ചൈനയില്‍ കോറോണാ വൈറസ് പടരുന്നത്.ഷാങ്ഹായ് നഗരത്തിലും കൊറോണാ മരണം റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.സ്ഥിതി അതീവ ഗുരുതരമാണെന്ന് പ്രസിഡന്‍റ് ഷീ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി.
കൊറോണ വൈറസ്;സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം:കൊറോണ വൈറസുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ ഏഴ് പേര്‍ ആശുപത്രികളിലാണുള്ളത്. കൊച്ചിയില്‍ മൂന്ന് പേരും തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് ആശുപത്രികളിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ഇന്നലെ മാത്രം 109 പേരാണ് ചൈനയില്‍ നിന്ന് കേരളത്തിലെത്തിയത്.വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കിലും മുന്‍കരുതലിന്‍റെ ഭാഗമായാണ് നടപടി. മടങ്ങിയെത്തിയവരില്‍ വൂഹാൻ സർവ്വകലാശാലയിലെ രണ്ട് വിദ്യാർഥികളുമുണ്ട്.ഇന്നലെ രാത്രി 11 മണിക്കാണ് ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊറോണ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇവരെ വീടുകളിലേക്ക് അയച്ചു.എല്ലാ മെഡിക്കല്‍കോളജുകളിലും മറ്റും മുന്‍ കരുതലായി ഐസലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്.വിദേശത്ത് നിന്ന് വരുന്നവരെ പരിശോധിക്കുന്നതിനായി വിമാനത്താവളങ്ങളിലും പരിശോധനാ സജ്ജീകരണമൊരുക്കിയിട്ടുണ്ട്. രോഗലക്ഷണം കണ്ടാല്‍ അടിയന്തരമായി ചികിത്സ തേടണമെന്നും നിർദേശമുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് പണി മുടക്കുന്നു
കോഴിക്കോട്:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഫെബ്രുവരി നാലിന് പണി മുടക്കുന്നു.മിനിമം ചാര്‍ജ് 10 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ്സുടമകൾ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നത്. സംയുക്ത സമരസമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാകുന്നില്ലെന്ന് സംയുക്തസമരസമിതി ആരോപിക്കുന്നു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള മാനദണ്ഡം പുതുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
കാസർകോട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 20 വര്‍ഷം കഠിന തടവ്
കാസര്‍കോട്: കാസര്‍കോട്ട് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 20 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.ചുള്ളിക്കര ജി. എല്‍ പി സ്ക്കൂള്‍ അധ്യാപകന്‍ പി രാജന്‍നായർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.കാസര്‍കോട് പോക്സോ കോടതിയുടേതാണ് ശിക്ഷാവിധി.25,000 രൂപ പിഴയടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണം. ഇത് കൂടാതെ, കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പോക്‌സോ കോടതി വിധിച്ചു.2018 ഒക്ടോബര്‍ 11നായിരുന്നു കേസിനാസ്പദമായ സംഭവം.സ്ക്കൂള്‍ ഐ ടി സ്മാര്‍ട്ട് ക്ലാസ്സ് റൂമില്‍ വച്ച് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.പോക്സോ വകുപ്പ് പരിഷ്‌കരിച്ച ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ വിധിയാണ് ഇത്.
കൊറോണ വൈറസ്;ചൈനയില്‍ മരിച്ചവരുടെ എണ്ണം 41 ആയി,1287 പേർ ചികിത്സയിൽ
ബെയ്‌ജിങ്:ചൈനയില്‍ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. 1287 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലാണ്. ഇതില്‍ 237 പേരുടെ നില അതീവ ഗുരുതരമാണെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു.അതുകൊണ്ട് തന്നെ മരണസംഖ്യ ഇനിയും വര്‍ധിക്കാനാണ് സാധ്യത.വൈറസ് ബാധ വ്യാപകമാകുന്നതിനെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് വന്‍മതിലിന്റെ ബാഡാലി ഭാഗവും ഷാങ്ഹായിയിലെ ഡിസ്‌നി ലാന്‍ഡും അനിശ്ചിതകാലത്തേക്ക് അടച്ചിട്ടു. ചൈനീസ് പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി.നാളെ നടത്താനിരുന്ന റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങ് ഇന്ത്യന്‍ എംബസിയും റദ്ദാക്കി.സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചിട്ടു. വുഹാന്‍, ഷുവാഹ്ഗാങ്, ഊജൗ, ചിബി, ഷിജിയാങ് നഗരങ്ങളാണ് അടച്ചിട്ടത്.നാലുകോടിയോളംപേരാണ് ഈ നഗരങ്ങളില്‍ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.ചൈനക്ക് പുറമെ അയല്‍ രാഷ്ട്രങ്ങളായ ജപ്പാന്‍, തായ്‌ലാന്‍ഡ്, തായ് വാന്‍, വിയറ്റ്‌നാം, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും അമേരിക്ക, സൗദി രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കൊറോണ വൈറസ് യൂറോപ്പിലേക്കും പടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സില്‍ മൂന്ന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അദ്ധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു;സഹാധ്യാപകൻ കസ്റ്റഡിയിൽ
കാസർകോഡ്:കാസര്‍ഗോഡ് ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട അദ്ധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.സംഭവുമായി ബന്ധപ്പെട്ട സ്‌കൂളിലെ ഡ്രോയിങ് അധ്യാപകനായ വെങ്കിട്ട രമണ കാരന്തരയെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. അധ്യാപികയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം കടലില്‍ തള്ളുകയായിരുന്നു.ഇയാളുടെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ നിന്നും രൂപശ്രീയുടെ എന്ന് കരുതുന്ന മുടി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. വാഹനത്തിലാണ് മൃതദേഹം കടല്‍ക്കരയില്‍ എത്തിച്ചത്.കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സ്‌കൂളില്‍ പോയ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ച ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിന്നു. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെര്‍വാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയത്.തലമുടി പൂര്‍ണ്ണമായി കൊഴിഞ്ഞ നിലയില്‍ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണെന്ന് തെളിഞ്ഞിരുന്നു. ആദ്യം മഞ്ചേശ്വരം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു.സഹപ്രവര്‍ത്തകനായ വെങ്കട്ടരമണ രൂപശ്രീയെ ശല്യപ്പെടുത്തിയിരുന്ന് എന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു.രൂപശ്രീയുടെ മരണത്തില്‍ ഇയാള്‍ക്ക് പങ്ക് ഉണ്ടെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അദ്ധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നതായി മകന്‍ കൃതികും പറഞ്ഞിരുന്നു.അതേസമയം നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുടെ സഹപ്രവര്‍ത്തകനായ വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയതെങ്കിലും ഇയാളില്‍ നിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചിച്ചിരുന്നില്ല. എന്നാല്‍ വെങ്കട്ടരമണയുടെ കാറില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ രൂപശ്രീയുടെ മുടി അടക്കം ലഭിച്ചതാണ് തെളിവായി മാറിയത്.
കാസര്‍കോട് മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയായിരുന്നു രൂപശ്രീ. രൂപശ്രീയെ വീട്ടിനകത്ത് വെച്ച് കൊലപ്പെടുത്തിയശേഷം കാറില്‍ കോയിപ്പാടി കടപ്പുറത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു. രൂപശ്രീയുടെ ബാഗും ഐഡന്റിറ്റി കാര്‍ഡും ഒരു സ്മാര്‍ട്ട് ഫോണും കാണാതായിരുന്നു. ഇത് കേസന്വേഷണം വിഴി തിരിച്ചുവിടാനായി ഇത് പലഭാഗങ്ങളിലായി വെങ്കിട്ടരമണ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ബാഗും ഐഡന്റിറ്റി കാര്‍ഡും കണ്ണൂര്‍ കടപ്പുറത്ത് ഉപേക്ഷിക്കകുയായിരുന്നു.ഇത് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. കൂടാതെ, കാണാതായ സ്മാര്‍ട്ട് ഫോണ്‍ രൂപശ്രീയുടെ ബെഡ്‌റൂമില്‍ നിന്നും കണ്ടെത്തി.മരിച്ചശേഷം ദൂരെയുള്ള ടവര്‍ ലൊക്കേഷനാണ് ഫോണ്‍ കാണിച്ചിരുന്നത്. ഈ ഫോണ്‍ എങ്ങനെ അധ്യാപികയുടെ ബെഡ്‌റൂമിലെത്തി എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഇതിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നാണ് അന്വേഷിക്കുന്നത്. കാണാതായ ദിവസം ഉച്ചയ്ക്ക് സ്‌കൂളില്‍ നിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയില്‍ സഹപ്രവര്‍ത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും, മകള്‍ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്‌കൂളിലും എത്തിയിരുന്നു.വൈകിട്ടു വീട്ടിലെത്താത്തതിനാല്‍ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.മൂന്നു ദിവസത്തിന് ശേഷം അഴുകിത്തുടങ്ങിയ നിലയില്‍ കുമ്പള കോയിപ്പാടി കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം വച്ചാണു ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കടലില്‍ ഉപേക്ഷിക്കാന്‍ അധ്യാപകന്‍ വെങ്കിട്ടരമണയെ സഹായിച്ച ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം കടലില്‍ തള്ളാന്‍ കാറില്‍ കൊണ്ടുപോകുമ്ബോള്‍ ഇയാളും ഒപ്പമുണ്ടായിരുന്നു എന്നാണ് സൂചന.
മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി;പ്രതി ഒളിവിൽ
തിരുവനന്തപുരം:മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി.തിരുവനന്തപുരം കാട്ടാക്കട കാഞ്ഞിരവിളയില്‍ ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം. അമ്പലത്തിൻകാല സ്വദേശി സംഗീതാണ് കൊല്ലപ്പെട്ടത്.നേരത്തെ അനുമതിയോട് കൂടി സംഗീതിന്റെ ഭൂമിയില്‍ നിന്ന് മണ്ണെടുത്തിരുന്നു. ഇതിന്റെ മറവില്‍ അനുവാദമില്ലാതെ ഒരു സംഘം മണ്ണെടുക്കാന്‍ ശ്രമിച്ചതാണ് ദാരുണ കൊലപാതകത്തില്‍ അവസാനിച്ചത്.മണ്ണുമാന്തി യന്ത്രത്തിന്റെയും ടിപ്പറിന്റെയും മുന്നില്‍ നിന്ന് തടയാന്‍ ശ്രമിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രം കൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന ചാരുപാറ സ്വദേശി സജു ഒളിവിലാണ്. ജെ.സി.ബി ഓടിച്ചിരുന്നത് സജുവാണെന്നാണ് കരുതുന്നത്.വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞാണ് അക്രമിസംഘം മണ്ണെടുപ്പിനെത്തിയത്. ഇത് ചോദ്യം ചെയ്ത സംഗീത് തന്‍റെ കാര്‍ വഴിയില്‍ ഇട്ട് ജെ.സി.ബിയുടെ വഴി മുടക്കി.കാറില്‍ നിന്ന് പുറത്തിറങ്ങി മണ്ണെടുപ്പ് ചോദ്യംചെയ്തതോടെയാണ് അക്രമിസംഘം സംഗീതിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലയാളം വായിച്ചത് ശരിയായില്ല;രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു
കോട്ടയം: മലയാളം വായിച്ചത് ശരിയായില്ലെന്ന കാരണത്താൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച അധ്യാപികയെ സസ്‌പെൻഡ് ചെയ്തു. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ മലയാളം അധ്യാപിക മിനി ജോസിനെയാണ് സസ്പെന്റ് ചെയ്തത്.സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുറുപ്പന്തറ കളത്തൂക്കുന്നേല്‍ സൗമ്യയുടെ മകന്‍ പ്രണവ് രാജിനെയാണ് ക്ലാസ് ടീച്ചര്‍ തല്ലിയത്. മലയാളം പുസ്തകം വായിക്കാന്‍ ആവശ്യപ്പെട്ട ടീച്ചര്‍ കുട്ടി വായിക്കുന്നതിനിടെ ശരിയായില്ലെന്ന് പറഞ്ഞ് ചൂരലുപയോഗിച്ച് കൂരമായി തല്ലുകയായിരുന്നെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയുടെ ഇരുകാലുകളിലുമായി അടിയുടെ 21 പാടുകളുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ നീര് കണ്ട അമ്മൂമ്മ കാര്യം തിരക്കിയപ്പോഴാണ് ടീച്ചര്‍ തല്ലിയ കാര്യം പറഞ്ഞത്.ഉടന്‍ തന്നെ കുട്ടിയെയും കൊണ്ട് അമ്മൂമ്മ സ്‌കൂളിലെത്തി. എന്നാല്‍ അപ്പേഴേക്കും അധ്യാപിക വീട്ടിലേക്ക് പോയിരുന്നു. എങ്കിലും മറ്റുള്ള അധ്യാപകര്‍ വ്യാഴാഴ്ച വിവരം തിരക്കാമെന്ന് പറഞ്ഞ് ഇവരെ മടക്കി അയച്ചു.വിദ്യാര്‍ത്ഥിയെ പിന്നീട് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി.ടീച്ചറോട് ചോദിച്ചപ്പോള്‍ മലയാളം വായിച്ച് കണ്ണ് തെളിയാനാണ് കുട്ടിയെ തല്ലിയതെന്നാണ് മറുപടി നല്‍കിയതെന്ന് അമ്മ പറഞ്ഞു.തുടര്‍ന്ന് ജനമൈത്രി പൊലീസുമായി ബന്ധപ്പെട്ട് ഇവര്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ ക്ഷമചോദിച്ച് വീട്ടിലെത്തി. എന്നാല്‍ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വീട്ടുകാര്‍ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കള്‍ ഇതിനെക്കുറിച്ച് പറഞ്ഞതിങ്ങനെ, പഠനത്തില്‍ അല്‍പം പിന്നോട്ടായിരുന്നതിനാല്‍ കുട്ടിക്ക് തല്ല് കൊടുക്കാന്‍ അധ്യാപികയോട് പറഞ്ഞിരുന്നു. അധ്യാപിക ഇന്നലെ ഉച്ചക്ക് ശേഷമുള്ള പീരിയഡില്‍ മലയാളം പാഠപുസ്തകം വായിക്കാന്‍ കുട്ടിയെ വിളിപ്പിക്കുകയായിരുന്നു. ശേഷം പുസ്തകം വായിക്കാന്‍ കുട്ടി ബുദ്ധിമുട്ടിയതിനെത്തുടര്‍ന്ന ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് സ്കൂളിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു.നടപടികളുടെ ഭാഗമായാണ് അധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.
സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്;മൂന്നുപേർ നിരീക്ഷണത്തിൽ
റിയാദ്:സൗദിയിൽ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട്. അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്.ഈ നാലു പേരെയും മറ്റൊരു ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൊറോണ വൈറസ് ബാധിച്ച ഫിലിപ്പീന്‍സ് നഴ്സിനെ പരിചരിച്ച നഴ്സുമാര്‍ക്കാണ് രോഗ ബാധ ഉണ്ടായത്.ഫിലിപ്പീന്‍ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപിട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാര്‍ പറയുന്നു.ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂര്‍ സ്വദേശിനിയിലേക്ക് വൈറസ് പടര്‍ന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താത്ത സ്ഥിതിയാണ് ഇവിടെ.അല്‍ ഹയത് നാഷണല്‍ ആശുപത്രിയില്‍ ഇതിനുള്ള ചികിത്സ ലഭ്യമല്ലെന്നിരിക്കെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാനും ആശുപത്രി അധികൃതര്‍ തയാറാകുന്നില്ല. രോഗം വിവരം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതര്‍. സംഭവം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാര്‍ പറഞ്ഞു.
കൊറോണ വൈറസ്;ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 17 ആയി. 440 പേര്‍ക്ക് വൈറസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ കമ്മീഷനാണ് വാര്‍ത്ത സ്ഥിതീകരിച്ചത്.ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം വ്യാപിക്കുമെന്ന് ആരോഗ്യ കമ്മീഷന്‍ മേധാവി ലി ബിന്‍ ബെയ്ജിംഗില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.അതേസമയം, പുതിയ രോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമോ എന്ന കാര്യം ചര്‍ച്ച ചെയ്യാനും ലോകാരോഗ്യസംഘടന യോഗം ചേരും. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം കൈകൊണ്ടിരുന്നില്ല. കൊറോണ വൈറസിനെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമാണെന്ന വിലയിരുത്തലില്‍ വ്യാഴാഴച വീണ്ടും യോഗം ചേരാന്‍ ഡബ്ല്യുഎച്ച്‌ഒ സമിതി തീരുമാനിക്കുകയായിരുന്നു.നേരത്തെ അഞ്ചുതവണ മാത്രമാണ് ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. എബോള പടര്‍ന്നപ്പോള്‍ രണ്ടുതവണയും പന്നിപ്പനി, പോളിയോ, സികാ വൈറസ് എന്നീ രോഗങ്ങള്‍ പടര്‍ന്ന സാഹചര്യങ്ങളില്‍ ഒരോ തവണയുമാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാന്‍ നഗരത്തിലെ പൊതുഗതാഗതവും വിമാന, ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവിടെയുള്ള ജനങ്ങളോട് നഗരം വിട്ട് പുറത്തുപോകരുതെന്ന നിര്‍ദേശവും അധിതൃതര്‍ നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂടുന്ന പൊതുസമ്മേളനങ്ങളും മറ്റും ഒഴിവാക്കാനും നിര്‍ദേശമുണ്ട്.ഇതുവരെ ചൈനയില്‍ 470 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മുന്‍കരുതലിന്റെ ഭാഗമായി രണ്ടായിരത്തിലേറെ ആളുകള്‍ നിരീക്ഷണത്തിലുണ്ട്. ജനങ്ങള്‍ വുഹാനിലേക്ക് യാത്ര ചെയ്യുന്നതിനും ചൈനീസ് അധികൃതര്‍ ബുധനാഴ്ച വിലക്കേര്‍പ്പെടുത്തി. യു.എസിലും മക്കാവുവിലും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.