തൃശൂർ:കേരളത്തിൽ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെ തൃശൂരിലെ ജില്ലാ ആശുപത്രിയില്‍ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.രോഗം സംശയിച്ച് ഐസലേറ്റ് ചെയ്യപ്പെട്ട നാലു പേരില്‍ ഒരു വിദ്യാര്‍ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യ ഘട്ട പരിശോധനയിലാണ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണു രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തുനിന്ന് അയച്ച 20 സാംപിളുകളില്‍ ഒന്നിലാണ് കൊറോണ സ്ഥിരീകരിച്ചത്. അതില്‍ പത്തു സാംപിളുകള്‍ നൈഗറ്റീവ് ആണ്. ആറെണ്ണം ലാബ് അധികൃതര്‍ ഹോള്‍ഡ് ചെയ്തിരിക്കുകയാണ്. വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി വൈകിട്ടു തൃശൂരിലേക്കു പോകും. തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇപ്പോള്‍ യോഗം ചേരുകയാണ്. മന്ത്രി രാത്രി 10 മണിയോടെ തൃശൂരിലെത്തും.രോഗിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നും രോഗിയെ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യമായാണ് കൊറോണ ബാധ സ്ഥിരീകരിക്കുന്നത്.ചുമ, പനി, ശ്വാസതടസം എന്നിവയാണ് വൈറസ്ബാധയുടെ പ്രധാന രോഗലക്ഷണങ്ങള്‍.പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമാകാറില്ല. എന്നാല്‍ ഹൃദ് രോഗമുള്ളവര്‍, ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണ്.
ഇന്ത്യയിലെ ആദ്യത്തെ കൊറോണ വൈറസ് കേസ് കേരളത്തിൽ സ്ഥിതീകരിച്ചു
കൊച്ചി:കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.ചൈനയില്‍ നിന്നുമെത്തിയ മലയാളി വിദ്യാര്‍ഥിക്കാണ് രോഗം സ്ഥിതീകരിച്ചത്.ചൈനയിലെ വൂഹാന്‍ യൂണിവെര്‍സിറ്റിയിലാണ് വിദ്യാർത്ഥി പഠിച്ചിരുന്നത്.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.വിദ്യാര്‍ഥിയുടെ നിലഗുരുതരമല്ലെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് കൊറോണവൈറസ് സ്ഥിരീകരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം അനുസരിച്ച് രോഗ ബാധിതന്റെ പോരോ മറ്റു വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.വിവരം പുറത്തുവിട്ടതോടെ സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഐസൊലേഷന്‍ വാര്‍ഡ് സജ്ജമായിട്ടുണ്ട്.എന്നാൽ സംസ്ഥാന ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഇന്നലെ അറിയിച്ചിരുന്നു.ചൈനയില്‍ നിന്നും വരുന്നവര്‍ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ വീടിനുള്ളില്‍ ആരുമായും സമ്പർക്കമില്ലാതെ ഒരു മുറിയില്‍ 28 ദിവസം കഴിയണമെന്നും മന്ത്രി പറഞ്ഞു.പനി, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ജില്ലകളില്‍ സജ്ജമായിരിക്കുന്ന പ്രത്യേക ചികിത്സാ സംവിധാനവുമായി ബന്ധപ്പെട്ട ശേഷം അവിടെ എത്തണം. ചികിത്സാ സംവിധാനങ്ങളുടെ വിശദവിവരങ്ങള്‍ ദിശ 0471 2552056 എന്ന നമ്പറിൽ ലഭ്യമാണ്. സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി അറിയിച്ചു. അതില്‍ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 796 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്. ഇതുവരെ 19 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ 9 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇന്സ്ടിട്യൂട്ടിലെക്ക് അയച്ചിട്ടുണ്ട്. അതില്‍ 10 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. 6 പേരുടെ ഫലം വരാനുണ്ടെന്നും മന്ത്രി അറിയിച്ചു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫിന്റെ ‘മനുഷ്യഭൂപടം’ ഇന്ന്;വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ ലോംഗ് മാര്‍ച്ച്
തിരുവനന്തപുരം:കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ്ന്റെ ‘മനുഷ്യഭൂപടം’ ഇന്ന്. 13 ജില്ലകളിലാണ് യുഡിഎഫ് ഇന്ന് മനുഷ്യഭൂപടം തീര്‍ക്കുക.ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത-സാമൂഹ്യ-സാംസ്‌ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്റെ നീക്കം.ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീര്‍ക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്റെ മാതൃകയില്‍ നേതാക്കളും അണികളും മൂവര്‍ണ്ണ നിറത്തിലെ തൊപ്പികള്‍ ധരിച്ച് അണിചേരും. നാലുമണിക്കാണ് റിഹേഴ്‌സല്‍. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീര്‍ക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്റണിയും മറ്റിടങ്ങളില്‍ പ്രമുഖ നേതാക്കളും നേതൃത്വം നല്‍കും.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോംഗ് മാര്‍ച്ചും നടത്തും.കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍നിന്ന് പുതിയ സ്റ്റാന്‍ഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ജില്ലാ കമ്മിറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയോടനുബന്ധിച്ച് കല്‍പ്പറ്റയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കര്‍ശന ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പോലിസ് മേധാവിയും അറിയിച്ചിട്ടുണ്ട്.കേന്ദ്രത്തിനും ഗവര്‍ണ്ണര്‍ക്കും ഒപ്പം സംസ്ഥാന സര്‍ക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.തുടര്‍ന്ന് രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും.
കൊറോണ വൈറസ് ബാധ;ചൈനയില്‍ മരണം 170; ലോകാരോഗ്യസംഘടനയുടെ അടിയന്തര യോഗം ഇന്ന്
ബെയ്‌ജിങ്:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. പുതുതായി 1000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ സാഹചര്യത്തില്‍ ലോകം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.വിഷയം ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന ഇന്ന് അടിയന്തര യോഗം ചേരും.കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം 10 ല്‍ നിന്ന് 16ലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന യോഗം ചേരുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. മുമ്പ് സാധാരണ നിലയിലുള്ള ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതില്‍ ഖേദിക്കുന്നതായും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുന്നതായും ഡബ്ല്യൂ.എച്ച്.ഒ അധികൃതര്‍ വ്യക്തമാക്കി. അതേസമയം ആഗോള അടിയന്താരാവസ്ഥ ഇപ്പോള്‍ പ്രഖ്യാപിക്കുന്നത് ധൃതിപിടിച്ച തീരുമാനായിരിക്കുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചനക്ക് ശേഷം തീരുമാനമെടുക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെന്‍ഡ്രോസ് അഥേനോം ഗബ്രിയാസിസ്‍ പറഞ്ഞു.ചൈനയുടെ മറ്റ് മേഖലകളിലും മറ്റ് രാജ്യങ്ങളിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.രോഗം വ്യാപിക്കുന്നത് തടയാന്‍ ശരിയായ നടപടിയാണ് ചൈന കൈക്കൊണ്ടിരിക്കുന്നത്. നടപടികള്‍ ഫലപ്രദവും ഹ്രസ്വകാലത്തേക്കുമാത്രമായി ഉള്ളതാണെന്നുമാണ് മനസിലാക്കുന്നത്. സഞ്ചാരവും വ്യാപാരവും തടയുന്ന രീതിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഡബ്ല്യൂ.എച്ച്.ഒ ശിപാര്‍ശ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ചൈനയിലെത്തുകയും രോഗവ്യാപനം സംബന്ധിച്ച് പഠനം നടത്തുകയും ചെയ്യും. കൊറോണ ബാധിതര്‍ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെന്നും അഞ്ചില്‍ ഒന്ന് രോഗികള്‍ക്ക് മാത്രമേ ന്യുമോണിയ, ശ്വാസ തടസ്സം പോലുള്ള ലക്ഷണങ്ങളുള്ളൂ എന്നുമാണ് നിഗമനം. അതേസമയം വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്ന് തങ്ങളുടെ പൌരന്‍മാരെ മടക്കിക്കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബ്രിട്ടീഷ് എയര്‍ വേയ്സ്, ലയണ്‍ എയര്‍ അടക്കമുള്ള വിമാനക്കമ്പനികള്‍ ചൈനയില്‍ നിന്നും തിരിച്ചുമുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.
കൊറോണ വൈറസ് ബാധ;വുഹാനിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങാന്‍ ചൈനയുടെ അനുമതി
ബീജിംഗ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കു നാട്ടിലേക്ക് മടങ്ങാന്‍ ചൈനയുടെ അനുമതി.നേരത്തെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് ചൈന തടഞ്ഞിരുന്നു.തുടർന്ന് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ചൈന തയാറായത്.വുഹാനില്‍ നിന്ന് 250 ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഇന്ന് അര്‍ധരാത്രി മുംബൈയില്‍നിന്നു വിമാനം ചൈനയിലേക്ക് പുറപ്പെടും. ഇന്ത്യയില്‍ മടങ്ങി എത്തുന്നവരെ 14 ദിവസം പ്രത്യേകം നിരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി ജനുവരി 27ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വിദേശകാര്യ, സിവില്‍ ഏവിയേഷന്‍, ഷിപ്പിംഗ്, ഐ ആന്‍ഡ് ബി, പ്രതിരോധ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണറെ പ്രതിപക്ഷം നടുത്തളത്തിൽ തടഞ്ഞു;പ്രസംഗം ബഹിഷ്‌കരിച്ചു;സഭയിൽ നാടകീയ രംഗങ്ങൾ
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയുടെ നടുത്തളത്തില്‍ തടഞ്ഞു.ഗോ ബാക്ക് വിളികളുമായി പ്ലക്കാര്‍ഡുകളേന്തി പ്രതിപക്ഷാംഗങ്ങള്‍ ഗവര്‍ണറുടെ മാര്‍ഗമധ്യേ നിലയുറപ്പിക്കുകയായിരുന്നു. 10 മിനിട്ടോളം ഗവര്‍ണര്‍ക്ക് ഡയസിലേക്ക് പ്രവേശിക്കാനായില്ല.പിന്നീട് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി.പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് സഭയിലേക്ക് ആനയിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി നിന്നത്. ഇവരെ നീക്കാനുളള അനുനയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ച് വരുത്തി.തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ പ്രതിപക്ഷാംഗങ്ങളെ നീക്കുകയായിരുന്നു.വാച്ച് ആന്‍ഡ് വാര്‍ഡിന്റെ വലയത്തില്‍ സ്പീക്കറുടെ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലും നയപ്രഖ്യാപന പ്രസംഗം ആരംഭിക്കുകയായിരുന്നു. മലയാളത്തില്‍ നിയമസഭയെ അഭിസംബോധന ചെയ്ത ഗവര്‍ണര്‍ അംഗങ്ങളോട് നന്ദി രേഖപ്പെടുത്തി. ഇതിനിടയില്‍ പ്രതിപക്ഷം മുദ്രാവാക്യങ്ങള്‍ മുഴക്കി സഭ ബഹിഷ്‌കരിച്ചു. നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.
കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്;ആശങ്കയിൽ ലോകം
ബെയ്‌ജിങ്:ചൈനയിലെ വുഹാനില്‍ നിന്നു പടര്‍ന്ന നിഗൂഢമായ കൊറോണ വൈറസിന്റെ ഉത്ഭവത്തെ കുറിച്ച് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവനും അതിവേഗം പടര്‍ന്നുപിടിച്ച അതി മാരകമായ കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണമാണെന്ന് റിപ്പോര്‍ട്ട്. ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേല്‍ സൈനിക ഇന്റലിജന്‍സ് മുന്‍ ഓഫിസറുമായ ഡാനി ഷോഹത്തിന്റേതാണു നിഗമനം.ചൈനീസ് നഗരമായ വുഹാനില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം. “ചൈനയുടെ ഏറ്റവും നൂതന വൈറസ് ഗവേഷണ ലബോറട്ടറിയായ ”വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി” ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മനുഷ്യ ജീവനു ഹാനികരമാവുന്ന മാരക വൈറസുകളെയും നിര്‍മിക്കുന്ന ചൈനയിലെ ഏക ലബോറട്ടറിയാണിത്. ലബോറട്ടറിയില്‍ നിന്നും പുറത്തുപോയ ഒരു വ്യക്തിയില്‍ അണുബാധ ഉണ്ടായതോ, പരീക്ഷണത്തിനിടെ ചോര്‍ന്നതോ ആവാം വൈറസ് പുറത്തേക്ക് പോയതെന്നാണ് ഷോഹാമിന്റെ നിഗമനം. എന്നാല്‍ ഇതിനാവശ്യമായ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന അഭ്യൂഹം സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ തെറ്റായ പല അഭ്യൂഹങ്ങലും അമേരിക്കയ്ക്കെതിരായി ചൈനീസ് ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ വാഷിംഗ്ടണ്‍ ടൈംസിനോട് പറഞ്ഞു. വ്യാപാരയുദ്ധത്തില്‍ പരാജയപ്പെട്ട അമേരിക്ക, ചൈനയെ തകര്‍ക്കാന്‍ പ്രയോഗിച്ച ജൈവായുധമാണു പുതിയ വൈറസ് എന്നു ചൈനയിലും പ്രചാരണമുണ്ട്. അണുവായുധങ്ങള്‍ പ്രചരിപ്പിക്കാനുള്ള യു.എസ് ഗൂഢാലോചനയുടെ ഭാഗമാണ് വൈറസ് എന്നും ചൈന അവകാശപ്പെടുന്നുണ്ട്.ആക്രമണാത്മക ജൈവ ആയുധങ്ങള്‍ തങ്ങളുടെ കയ്യില്‍ ഇല്ലെന്ന് ചൈന മുൻപ് പറഞ്ഞിരുന്നു.എന്നാല്‍ ചൈന രഹസ്യമായ ജൈവ യുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
ആശങ്കയിൽ ലോകം;കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കഴിഞ്ഞു;1300 പേർക്ക് രോഗം സ്ഥിതീകരിച്ചു
ബെയ്‌ജിങ്:ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി.1300 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ചൈനയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 4000ത്തിലധികമായി.മരിച്ചവരില്‍ മിക്കവരും വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത ഹുബൈ പ്രവിശ്യയിലുള്ളവരാണ്. രോഗികളുമായി അടുത്ത് സമ്ബര്‍ക്കം പുലര്‍ത്തിയ 32,799 പേര്‍ നിരീക്ഷണത്തിലാണ്. ചൈനയിലെ എല്ലാ പ്രവിശ്യകളിലും വൈറസ് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.ചൈനീസ് പ്രധാനമന്ത്രി ലി കുചിയാങ് തിങ്കളാഴ്ച ഹുബൈ തലസ്ഥാനമായ വുഹാനിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.സ്ഥിതിഗതികള്‍ വിലയിരുത്താനായി ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ചൈനയിലെത്തി. വൈറസ് ബാധയുടെ വ്യാപ്തി വലുതാണെന്നും രോഗികളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരും കര്‍ശന മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 288 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഇതില്‍ 281 പേര്‍ വീട്ടിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. പരിശോധനാഫലങ്ങളിലൊന്നും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ രണ്ട് പേര്‍ക്ക് എച്ച് വണ്‍, എന്‍ വണ്‍ ബാധയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംശയാസ്പദമായവരുടെ രക്തസാമ്ബിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇന്നു ഫലം കിട്ടുമെന്നും മന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മംഗലൂരു വിമാനത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി
മംഗലൂരു:മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ആദിത്യ റാവുവിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തി.കര്‍ണാടക ബാങ്കിന്റെ ഉഡുപ്പി കുഞ്ചിബെട്ടു ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സയനൈഡ് ശേഖരം കണ്ടെത്തിയത്. ഫോറന്‍സിക് പരിശോധനയില്‍ ഇത് സയനൈഡ് ആണെന്ന് തെളിഞ്ഞിട്ടുമുണ്ട്. വിമാനത്താവളത്തില്‍ ബോംബ് വയ്ക്കാന്‍ കാരണം ജോലി കിട്ടാത്തതിന്റെ പ്രതികാരമാണെന്നാണ് ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നേരത്തേ പറഞ്ഞിരുന്നത്. മംഗളൂരു വിമാനത്താവളത്തില്‍ ജോലിക്ക് അപേക്ഷിച്ചിട്ട് അവിടെ ജോലി ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് ബോംബ് വെച്ചതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ ബാങ്ക് ലോക്കറില്‍ നിന്ന് സയനൈഡ് ശേഖരം കണ്ടെത്തിയതോടെ പോലീസ് കേസ് പുതിയ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്.ജനുവരി 20നാണ് വിമാനത്താവളത്തില്‍ ബോംബ് കണ്ടെത്തിയത്. പ്രതി ആദിത്യ റാവു പോലീസില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ 8.45 ഓടെയാണ് മംഗലൂരു വിമാനത്താവളത്തിലെ ഇന്‍ഡിഗോ ടിക്കറ്റ് കൗണ്ടറിന് സമീപം കറുത്ത ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് സിഐഎസ് എഫ് നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വൈകിട്ട് 5.40 ഓടെയാണ് ബോംബ് നിര്‍വീര്യമാക്കിയത്. പത്ത് കിലോ സ്‌ഫോടകശക്തിയുള്ള ഐഇഡി ബോംബാണ് കണ്ടെത്തിയതെന്ന് വിദഗ്ദ സംഘം സ്ഥിരീകരിച്ചു.അരകിലോമീറ്റര്‍ ചുറ്റളവില്‍ ആഘാതമുണ്ടാക്കുവാനുള്ള പ്രഹര ശേഷി കണ്ടെടുത്ത ബോംബിനുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു.
കാസർകോട്ടെ സ്‌കൂള്‍ അധ്യാപികയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം
കാസര്‍കോട്:സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ കൊലപാതകത്തിന് പിന്നില്‍ നഗ്നനാരീപൂജയും ദുര്‍മന്ത്രവാദവുമാണെന്ന് സംശയം.വിവിധ ശാക്തേയ പൂജയും മന്ത്രവാദവും നടത്തിയിരുന്ന ആളാണ് കേസില്‍ അറസ്റ്റിലായ സ്‌കൂളിലെ സഹ അധ്യാപകന്‍ കൂടിയായ വെങ്കിട്ടരമണ എന്നത് സംശയത്തിന് ആക്കം കൂട്ടുന്നു.കൊലപാതകം നടത്തുന്നതിന് വെങ്കട്ടരമണ സ്വന്തം വീടു തന്നെ തെരഞ്ഞെടുത്തത് ദുര്‍മന്ത്രപൂജകളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പൊലീസ് വിലയിരുത്തുന്നു.നഗ്നനാരീപൂജ കാസര്‍കോട് അതിര്‍ത്തി മേഖലയില്‍ ശക്തമായി നിലനില്‍ക്കുന്നുണ്ട്.ഇത്തരം ഗൂഢപൂജകളിലൂടെ സമ്ബത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്. കര്‍ണാടക സര്‍ക്കാര്‍ അടുത്തിടെ നഗ്‌നനാരീപൂജകള്‍ നിരോധിച്ചിരുന്നു.രൂപശ്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ചിത്രകല അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര(41), സഹായി മിയാപദവ് സ്വദേശി നിരഞ്ജന്‍കുമാര്‍ (22) എന്നിവര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ജനുവരി 13 മുതല്‍ വെങ്കിട്ടരമണ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അവധിയും മന്ത്രവാദവുമായി ബന്ധപ്പെട്ടതാണോയെന്നും സംശയമുണ്ട്. രൂപശ്രീക്ക് മറ്റൊരാളുമായുള്ള അടുപ്പമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വെങ്കിട്ടരമണ പൊലീസിനോട് പറഞ്ഞത്.എന്നാൽ പ്രതിയുടെ മൊഴിക്കൊപ്പം ദുര്‍മന്ത്രവാദം നടന്നിരിക്കാനുള്ള സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. രൂപശ്രീയുടെ മൃതദേഹത്തില്‍ വസ്ത്രങ്ങളില്ലാതിരുന്നത് നഗ്നനാരീപൂജ നടന്നതുകൊണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. മുടി മുറിച്ചുമാറ്റിയതും ആഭിചാരകര്‍മത്തിന്റെ ഭാഗമാണെന്നും സംശയമുണ്ട്.
വെങ്കിട്ട രമണ വിവിധ സ്ഥലങ്ങളില്‍ പൂജകള്‍ക്ക് പോകുമ്പോൾ സഹായിയായി കൂടെ കൂട്ടാറുള്ളയാളാണ് നിരഞ്ജന്‍. കൊലപാതകം നടക്കുമ്പോൾ നിരഞ്ജനും വീട്ടിലുണ്ടായിരുന്നു. ബ്രാഹ്മണരുടെ ഗൂഢപൂജകളില്‍ ബലി നടത്തുന്നതിന് ആയുധമുപയോഗിക്കാതെ പകരം ശ്വാസംമുട്ടിച്ച് കൊല്ലുന്ന രീതിയാണ് അവലംബിക്കാറെന്നും പറയപ്പെടുന്നു.വെങ്കിട്ടരമണയുടെ വീട്ടിനകത്ത് സൂക്ഷിച്ച വീപ്പയിലെ വെള്ളത്തില്‍ രൂപശ്രീയെ മുക്കിക്കൊന്നശേഷം കടലില്‍ തള്ളിയതാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മിയാപദവ് ആസാദ് നഗറിലെ വെങ്കിട്ട രമണയുടെ വീടിനെപ്പറ്റിയും സമീപവാസികള്‍ സംശയം ഉന്നയിച്ചിട്ടുണ്ട്. നിഗൂഡത ഏറെയുള്ള വീടിനകത്ത് അഗ്നികുണ്ഡവും മന്ത്രവാദക്കളവുമുണ്ട്.പൂജകള്‍ നടത്തുന്നതിനായി മാത്രം സിറ്റൗട്ടിനോടു ചേര്‍ന്ന് വലിയൊരു മുറിയുണ്ടെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു. സംഭവദിവസം നേരത്തേ സ്‌കൂളില്‍നിന്നിറങ്ങിയ രൂപശ്രീ ഒരു വിവാഹച്ചടങ്ങിലും മകള്‍ പഠിക്കുന്ന സ്‌കൂളിലും പോയതിനുശേഷം വീട്ടിലേക്കു പോകുമ്പോൾ വെങ്കിട്ടരമണ കാറില്‍ കയറ്റി തന്ത്രപൂര്‍വം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.രൂപശ്രീയുടെ സ്‌കൂട്ടര്‍ ഈ വഴിയിലുള്ള ദുര്‍ഗിപള്ള എന്ന സ്ഥലത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. വീട്ടില്‍വച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ തല താഴ്ത്തിപ്പിടിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം നിരഞ്ജന്റെ സഹായത്തോടെ കാറിലിട്ട് കൊണ്ടുപോയി കടലില്‍ തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.