പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്; ഇബ്രാംഹിംകുഞ്ഞിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

keralanews palarivattom flyover scam case vigilance will question ibrahimkunju today

കൊച്ചി:പാലാരിവട്ടം മേൽപ്പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.തിരുവനന്തപുരം പൂജപ്പുര വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക. അന്വേഷണത്തോട് സഹകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും ഇബ്രാഹിംകുഞ്ഞ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.കേസുമായി ബന്ധപ്പെട്ട് ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ് അന്വേഷണത്തിന് കഴിഞ്ഞ ആഴ്ചയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. അനുമതി ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടപടികള്‍ വേഗത്തിലാക്കി. നിയമസഭാ സമ്മേളനം പൂര്‍ത്തിയായതോടെ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കി. കേസില്‍ നേരത്തെ വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.ഇബ്രാഹിംകുഞ്ഞിന് എതിരെ ടി.ഒ സൂരജ് മൊഴി നല്‍കിയതോടെയാണ് അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അന്വേഷണം നടത്താന്‍ വിജിലന്‍സ് സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. സര്‍ക്കാറിന് ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെയാണ് ക്രിമിനല്‍ നടപടി ക്രമത്തിലെ 41 എ വകുപ്പ് പ്രകാരം ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് അയച്ചത്.

നിര്‍ഭയ കേസ്‌ പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

keralanews supreme court rejected the petition of nirbhaya case accused vinay kumar

ന്യൂഡൽഹി:നിര്‍ഭയ കേസ്‌ പ്രതി വിനയ് കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി.രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയതിനെതിരെയാണ് വിനയ് കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജയിലിലെ പീഡനം മാനസിക നിലയെ ബാധിച്ചുവെന്നും ദയാഹര്‍ജി പരിഗണിക്കവേ ഇക്കാര്യം രാഷ്ട്രപതി കണക്കിലെടുത്തില്ലെന്നുമായിരുന്നു വിനയിന്റെ വാദം. അതേസമയം വിനയിന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ലെന്ന് കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.2012 ഡിസംബര്‍ പതിനാറിനാണ് വിനയ് ശര്‍മ ഉള്‍പ്പെടെ ആറുപേര്‍ 23കാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.ആറംഗ സംഘത്തിന്‍റെ ക്രൂരതയ്ക്ക് ഇരയായ മെഡിക്കല്‍ വിദ്യാര്‍ഥിനി ഡിസംബര്‍ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.ഒന്നാംപ്രതി രാംസിങ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിലില്‍ തൂങ്ങിമരിച്ചു.പ്രതികളില്‍ ഒരാള്‍ക്ക് കുറ്റകൃത്യം നടന്ന സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇയാളെ ജൂവനൈല്‍ നിയമപ്രകാരം വിചാരണ ചെയ്ത് മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ചു. ഇയാള്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി. വിനയിനെ കൂടാതെ മുകേഷ് കുമാര്‍ സിങ്, പവന്‍ ഗുപ്ത, അക്ഷയ് എന്നിവരാണ് വധശിക്ഷ കാത്ത് കഴിയുന്നത്.

കൊറോണ വൈറസ്;ചൈനയിൽ മരിച്ചവരുടെ എണ്ണം 1486 ആയി

keralanews corona virus death toll in china rises to 1486

ബെയ്‌ജിങ്‌:കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 1486 ആയി. ഇന്നലെ മാത്രം 114 പേരാണ് മരിച്ചത്. 65,209 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹോങ്കോങ്, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.അതിനിടെ വൈറസ് ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഹൂബെ പ്രവിശ്യയില്‍ അധികാര സ്ഥാനത്തുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി. ഹൂബെയിലെ പാര്‍ട്ടി സെക്രട്ടറി അടക്കമുള്ളവരെയാണ് തത്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. വുഹാനിലെ ചില ഉദ്യോഗസ്ഥരെയും ചൈനീസ് സര്‍ക്കാര്‍ മാറ്റിയിട്ടുണ്ട്. കൊറോണ ഭീഷണി കാരണം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു.വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകള്‍ ഒഴിച്ചാല്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കൊറോണ സ്ഥിതീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; 2019ലെ വോട്ടർ പട്ടിക ഉപയോഗിച്ച് നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്

keralanews high court directed to use voters list of 2019 for local self government elections in kerala

കൊച്ചി:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് 2019 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കി നടത്തണമെന്ന് ഹൈക്കോടതി.2015 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വരുന്ന ഒക്ടോബറില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ യു.ഡി.എഫ് സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടപെടല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍, ആദ്യം 2019-ലെ പട്ടിക തന്നെ ഉപയോഗിക്കണമെന്നാണ് എല്‍ഡിഎഫും യുഡിഎഫും നിലപാടെടുത്തിരുന്നത്. എന്നാല്‍ 2019-ലെ പട്ടിക വാര്‍ഡ് അടിസ്ഥാനത്തില്‍ പുതുക്കുന്നതിന് സമയം വേണ്ടി വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണ് എല്‍ഡിഎഫും സര്‍ക്കാര്‍ ഈ ആവശ്യത്തില്‍ നിന്ന് പിന്‍മാറിയത്. ഇതിനെതിരെ യുഡിഎഫ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു. 2015ലെ വോട്ടര്‍പട്ടിക ഉപയോഗിച്ചാല്‍ ഏകദേശം 30 ലക്ഷത്തോളം വോട്ടര്‍മാര്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താകുമെന്ന് വ്യക്തമാക്കിയാണ് യുഡിഎഫ് കോടതിയെ സമീപിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ വിധി. തുടര്‍ന്ന് സിംഗിള്‍ ബെഞ്ചിന്റെ വിധിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസും മുസ്ലീംലീഗും ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.തീരുമാനം മാറ്റുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിലപാട് തേടിയിരുന്നു. കോടതി അനുവദിച്ചാല്‍ വോട്ടര്‍ പട്ടികയില്‍ മാറ്റം വരുത്താമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ പുതിയ വിധി വന്നിരിക്കുന്നത്. പുതിയ വിധി പ്രകാരം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് വേണ്ടിയുണ്ടാക്കിയ പട്ടിക പുതിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാമെന്ന് ഹൈക്കോടതി അറിയിച്ചു.

ലക്നോ കോടതിയില്‍ സ്ഫോടനം; രണ്ട് അഭിഭാഷകര്‍ക്ക് പരിക്കേറ്റു; മൂന്നു ബോംബുകള്‍ കണ്ടെടുത്തു

keralanews bomb blast near lucknow court two advocates injured and three bombs discovered

ഉത്തർപ്രദേശ്:ഉത്തര്‍പ്രദേശിലെ ലക്നോ കോടതിയുടെ പരിസരത്തുണ്ടായ സ്ഫോടനത്തില്‍ രണ്ടു അഭിഭാഷകര്‍ക്ക് പരിക്ക്. ക്രൂഡ് ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടര്‍ന്ന് പ്രദേശത്ത് പൊലീസും ബോംബ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ മൂന്നു ബോംബുകള്‍ കൂടി കണ്ടെത്തി.സഞ്ജീവ് ലോധി എന്ന അഭിഭാഷകന്റെ ചേംബറിന് നേരെയാണ് ബോംബേറുണ്ടായത്. സംഭവത്തില്‍ ലോധി പരിക്കേല്‍ക്കാതെ രക്ഷപെട്ടു. ഇദ്ദേഹത്തിന് നേരെ രണ്ടു ബോംബുകളാണ് അജ്ഞാതരായ അക്രമികള്‍ എറിഞ്ഞത്. ഇതിലൊന്നാണ് പൊട്ടിത്തെറിച്ചത്. മറ്റൊരു അഭിഭാഷകനായ ജിതു യാദവാണ് ആക്രമണത്തിന് പിന്നിലെന്ന് ലോധി ആരോപിച്ചു.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. കോടതിയിലും പരിസരത്തും അഭിഭാഷകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകര്‍ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.

വെടിയുണ്ടകളും തോക്കുകളും കാണാനില്ല; ഡി.ജി.പിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സി.എ.ജി റിപ്പോര്‍ട്ട്

keralanews missing bullets and rifles c a g report on serious allegations against dgp

തിരുവനന്തപുരം:പൊലീസിനും ഡി.ജി.പിക്കുമെതിരെ രൂക്ഷമായ വിമർശനങ്ങളുമായി സി.എ.ജി റിപ്പോർട്ട്. ഉന്നത ഉദ്യോഗസ്ഥർക്ക് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ഡി.ജി.പി മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നാണ് പ്രധാന കണ്ടെത്തൽ.പൊലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള ക്വാട്ടേഴ്സ് നിർമാണത്തിനുള്ള ഫണ്ടിൽ 2.81 കോടി രൂപ ഡി.ജി.പിക്കും എ.ഡി.ജി.പിമാർക്കുമുള്ള വില്ലകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും സി.എ.ജി കണ്ടെത്തി.ഇതിന് പുറമെ ആഭ്യന്തരവകുപ്പില്‍ പുതിയ വാഹനങ്ങള്‍ വാങ്ങിയതിലും ക്രമക്കേടുണ്ടെന്ന് സിഎജി കണ്ടെത്തി. സ്റ്റേഷനില്‍ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിന് പകരം ടെന്‍ഡറില്ലാതെ ആഡംബര വാഹനങ്ങള്‍ വാങ്ങിയെന്നാണ് റിപോര്‍ട്ടിലെ കുറ്റപ്പെടുത്തല്‍. പോലിസ് വാങ്ങിയ 269 ലൈറ്റ് മോട്ടോര്‍ വാഹനങ്ങളില്‍ 15 ശതമാനവും ഉന്നത ഉദ്യോഗസ്ഥരുടെയും പദ്ധതി മാര്‍ഗനിര്‍ദേശങ്ങള്‍പ്രകാരം ഓപറേഷന്‍ യൂനിറ്റുകളായി കണക്കാക്കാത്ത സിബിസിഐഡി തുടങ്ങിയവയുടെയും ഉപയോഗത്തിനായി വിന്യസിക്കപ്പെട്ട ആഡംബരകാറുകളായിരുന്നു. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ ആഡംബര കാര്‍ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും ഇത് ചട്ടവിരുദ്ധമായ നടപടിയാണെന്നും റിപോര്‍ട്ട് പറയുന്നു. തിരുവനന്തപുരം എസ്.എ.പി. ക്യാമ്പില്‍നിന്ന് 12061 വെടിയുണ്ടകളും 25 തോക്കുകളും കാണാതായെന്നാണ് സി.എ.ജി. റിപ്പോര്‍ട്ടിലെ മറ്റൊരു പ്രധാന പരാമര്‍ശം. തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, എസ്.എ.പി. ക്യാമ്പിലെ തോക്കുകള്‍ എ.ആര്‍. ക്യാമ്പിലേക്ക് നല്‍കിയെന്നാണ് പോലീസിന്റെ വിശദീകരണം. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് സി.എ.ജി.യെ അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.എന്നാല്‍ തോക്കുകള്‍ എ.ആര്‍.ക്യാമ്പില്‍ കൈപ്പറ്റിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ പോലീസ് കഴിഞ്ഞില്ലെന്ന് സി.എ.ജി.യും അറിയിച്ചു. വെടിയുണ്ടകള്‍ എവിടെപോയെന്ന കാര്യത്തില്‍ ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്ന് മാത്രമാണ് പോലീസ് അറിയിച്ചതെന്നും സി.എ.ജി. പ്രതികരിച്ചു. വെടിക്കോപ്പുകള്‍ നഷ്ടപ്പെട്ടത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമാണെന്ന് സിഎജി പറയുന്നു. റവന്യൂ വകുപ്പിനെതിരേയും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. മിച്ചഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് കാലതാമസം വരുത്തുന്നുവെന്ന് സിഎജി കണ്ടെത്തി. 1,588 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിലാണ് വകുപ്പ് കാലതാമസം വരുത്തിയിരിക്കുന്നത്. ഫോറന്‍സിക് വിഭാഗത്തില്‍ പോക്‌സോ കേസുകള്‍ ഉള്‍പ്പടെ നിരവധി കേസുകള്‍ കെട്ടിക്കിടക്കുകയാണെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്.

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 മരണം;20ഓളം പേര്‍ക്ക് പരിക്ക്

keralanews 16 killed and 20 injured when bus hits truck in agra lucknow expressway

ആഗ്ര:ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിന് പിന്നിലിടിച്ച് 16 പേർ മരിച്ചു.20ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.ബുധനാഴ്ച രാത്രിയിലായിരുന്നു അപകടം.ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേയ്ക്ക് പുറപ്പെട്ട വാഹനമാണ് അപകടത്തില്‍പ്പെട്ടത്.ബസില്‍ 40ഓളം യാത്രിക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം.ഫിറോസാബാദ് ജില്ലയിലെ നഗ്ല ഖന്‍ഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം.എക്സ്പ്രെസ്സ്‌വേയിൽ പൊട്ടിയ ടയര്‍ മാറ്റിയിടുന്നതിനായി നിര്‍ത്തിയിട്ട ട്രക്കിന് പിന്നില്‍ വന്ന് ബസ് ഇടിക്കുകയായിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ സാധിച്ചത്. പരിക്കേറ്റവരേയും മരിച്ചവരേയും യുപി റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആശുപത്രിയിലേക്ക് മാറ്റി.പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാം;ഇളവ് മാർച്ച് 31 വരെ

keralanews license renewed without a driving test the concession is only until march 31

തിരുവനന്തപുരം:ഡ്രൈവിംഗ് ടെസ്റ്റ് ഇല്ലാതെ ലൈസൻസ് പുതുക്കാനുള്ള സുവർണ്ണാവസരം നൽകി സർക്കാർ.സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് മാര്‍ച്ച്‌ 31വരെയാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടുന്നതിന് മുന്‍പേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാകുക.ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും. ഇതു സംബന്ധിച്ച്‌ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താന്‍ ഗതാഗത സെക്രട്ടറി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നിര്‍ദേശംനല്‍കി. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതി പ്രകാരം 2019 ഒക്ടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു. പുതുക്കിയ നിയമം അനുസരിച്ച്‌ ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരുവര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ അടച്ച്‌ കാലാവധി പുതുക്കാന്‍ സാധിക്കുകയുള്ളു.എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തണം.അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, റോഡ് ടെസ്റ്റ് വീണ്ടും പാസാകണം തുടങ്ങിയവയായിരുന്നു വ്യവസ്ഥകള്‍.പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് നിര്‍ദേശം പെട്ടെന്ന് നടപ്പാക്കുക ബുദ്ധിമുട്ടാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു.ഇതേ തുടര്‍ന്നാണ് മാര്‍ച്ചുവരെ ഇളവ് നല്‍കിയത്.കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കുന്നതിലെ കര്‍ശന നിബന്ധനകള്‍ ആദ്യമേ സംസ്ഥാന ഗതാഗതവകുപ്പ് ഒഴിവാക്കിയിരുന്നു. ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുളളില്‍ പുതുക്കിയാല്‍ ആയിരം രൂപ പിഴയടക്കണമെന്ന പുതിയ വ്യവസ്ഥയാണ് നേരത്തെ തന്നെ സംസ്ഥാന ഗതാഗത വകുപ്പ് ഒഴിവാക്കിയത്. കൂടാതെ അഞ്ചുവര്‍ഷം കഴിയാത്ത ലൈസന്‍സുകള്‍ പുതുക്കാന്‍ ടെസ്റ്റിനൊപ്പം എച്ചോ, എട്ടോ എടുക്കേണ്ടതില്ലെന്നും ഉത്തരവിറക്കിയിരുന്നു.ഒരു വര്‍ഷം കഴിഞ്ഞാല്‍ പിഴയ്ക്ക് പുറമെ ലേണേഴ്‌സ് ലൈസന്‍സ് എടുത്ത് പ്രായോഗിക ക്ഷമത പരീക്ഷയും പാസാകണം. ഇതില്‍ എച്ച്‌ അല്ലെങ്കില്‍ എട്ട് എടുത്ത് കാണിക്കണമെന്നായിരുന്നു കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമത്തില്‍ പറഞ്ഞിരുന്നത്. ഇതൊഴിവാക്കി പകരം വാഹനം ഓടിച്ച്‌ കാണിച്ചാല്‍ മതിയെന്നാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്. ഈ വാഹനം ഓടിക്കുന്നതിലാണ് ഇപ്പോള്‍ മാര്‍ച്ച്‌ വരെ ഇളവ് നല്‍കിയിരിക്കുന്നത്.

അരവിന്ദ് കെജരിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും

keralanews aravind kejriwal will take oath as delhi chief minister on sunday

ന്യൂഡൽഹി:ഡല്‍ഹി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുക. ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗം അരവിന്ദ് കെജരിവാളിനെ നേതാവായി തെരഞ്ഞെടുക്കും.ഇത് മൂന്നാം തവണയാണ് കെജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ആകെയുള്ള എഴുപതില്‍ 62 സീറ്റും നേടിയാണ് കെജരിവാള്‍ ഭരണം നിലനിര്‍ത്തിയത്. അതേസമയം ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്നതില്‍ കൂടിയാലോചന തുടരുകയാണ്.ഇത്തവണ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍നിന്നു തിളങ്ങുന്ന ജയം നേടിയ അമാനത്തുല്ല ഖാന്‍, കല്‍ക്കാജിയില്‍നിന്നു ജയിച്ച അതിഷി, രാജേന്ദ്ര നഗറില്‍നിന്നു സഭയില്‍ എത്തിയ രാഘവ് ഛദ്ദ തുടങ്ങിയവര്‍ മന്ത്രിമാരായേക്കുമെന്നാണ് സൂചന. മനീഷ് സിസോദിയ തന്നെയായിരിക്കും സര്‍ക്കാരില്‍ രണ്ടാമന്‍. എന്നാല്‍ സിസോദിയയുടെ വകുപ്പു മാറാന്‍ ഇടയുണ്ട്.

ഡൽഹിയിൽ സർക്കാർ രൂപീകരണത്തിന് ചർച്ചകൾ തുടങ്ങി;ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്ന് അരവിന്ദ് കെജ്‌രിവാൾ

keralanews aam aadmi party begun talks to form govt in delhi

ന്യൂഡൽഹി:മിന്നും വിജയം നേടി അധികാര തുടര്‍ച്ചയിലെത്തിയആം ആദ്മി പാർട്ടി ഡൽഹിയിൽ സർക്കാർ രൂപീകരണത്തിനായുള്ള ചർച്ചകൾ തുടങ്ങി. പാര്‍ട്ടിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് രാവിലെ 11.30 ന് ഡല്‍ഹിയില്‍ ചേരും.70 സീറ്റില്‍ 62ഉം നേടിയാണ് പാര്‍ട്ടി ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിലെത്തുന്നത്.അരവിന്ദ് കേജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അതിന് ശേഷം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം.രാംലീല മൈതാനത്ത് വച്ച്‌ ഈ മാസം 14നോ 16നോ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.ഇത്തവണത്തെ ശ്രദ്ധേയരായ സ്ഥാനാര്‍ഥികളായിരുന്ന അതിഷി മര്‍ലേന, രാഘവ് ചന്ദ തുടങ്ങിയവര്‍ക്ക് മന്ത്രി പദം നല്‍കിയേക്കും.ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂ ളുകളുടെ മുഖം മാറ്റാന്‍ സുപ്രധാന പങ്കുവഹിച്ച അതിഷിക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയേക്കും. നിലവില്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയക്ക് മറ്റ് സുപ്രധാന വകുപ്പ് നല്‍കാനാണ് സാധ്യത.പാര്‍ട്ടി വക്താക്കളും ജയിച്ചതിനാല്‍ പാര്‍ട്ടിയില്‍ പുനഃസംഘടനയും ഉണ്ടായേക്കും.ഹാട്രിക് വിജയവുമായി അരവിന്ദ് കെജ്‍രിവാൾ വീണ്ടും എത്തുമ്പോള്‍ പ്രതീക്ഷയിലാണ് ഡല്‍ഹി ജനത.