കോയമ്പത്തൂർ:തമിഴ്‌നാട്ടിൽ കെഎസ്‌ആര്‍ടിസി ബസും കണ്ടെയിനര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം 20 പേർ മരിച്ചു.നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്.കോയമ്പത്തൂർ അവിനാശി റോഡില്‍ ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്.ബംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.അമിത വേഗതയെ തുടര്‍ന്ന് ഡിവൈഡര്‍ മറികടന്ന് വന്ന ലോറി ബസില്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. ടിഡി ഗിരീഷ്, ബൈജു എന്നിവരാണ് മരിച്ചതെന്നാണ് വിവരം.ബസിന്റെ 12 സീറ്റുകളോളം പൂര്‍ണ്ണമായും ഇടിച്ചുതകര്‍ന്ന നിലയിലാണ്. മരിച്ചവരില്‍ കൃഷ് (29), ജോര്‍ദന്‍ (35), കിരണ്‍കുമാര്‍ (33),ഇഗ്നി റാഫേല്‍ (39), റോസ്‌ലി (61) എന്നിവരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ടാണ് ബസ് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് റിസര്‍വ് ചെയ്ത യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്. ബസിലെ 38 യാത്രക്കാര്‍ എറണാകുളത്തേക്ക് റിസര്‍വ് ചെയ്തിരുന്നവരാണ്. യാത്രക്കാരെ കുറിച്ച് അറിയാന്‍ 9495099910 എന്ന ഹെല്‍പ് ലൈന്‍ നമ്ബറില്‍ വിളിക്കാം
കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി;കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഉച്ചവരെ യുഡിഎഫ് ഹർത്താൽ
കണ്ണൂര്‍:കോർപറേഷൻ മേയര്‍ സുമ ബാലകൃഷ്ണനെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്തതായി പരാതി.ബുധനാഴ്ച കൗണ്‍സില്‍ യോഗത്തിന് മുൻപായി മേയറുടെ മുറിയില്‍വെച്ച് ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള ബഹളത്തിനിടെയാണ് മേയര്‍ക്കെതിരേ കൈയേറ്റ ശ്രമമുണ്ടായത്. ഇടതുപക്ഷ അനുകൂല സംഘടനയായ കേരള മുന്‍സിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്റെ സമരം പരിഹരിക്കണമെന്നാവശ്യപ്പെട്ടെത്തിയ പ്രതിപക്ഷാംഗങ്ങള്‍ മേയര്‍ക്ക് നേരെ കൈയേറ്റം ശ്രമം നടത്തിയെന്നാണ് യു.ഡി.എഫിന്റെ ആരോപണം.കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്‍പ്പറേഷന്‍ മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു കൗണ്‍സിലര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്ന് മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തിലേക്ക് വരുമ്ബോള്‍ തന്നെ കടത്തി വിടാതെ തടഞ്ഞു. പ്രമോദ് എന്ന കൗണ്‍സിലര്‍ നെഞ്ചത്ത് കുത്തുകയും ചവിട്ടുകയും ചെയ്തു. ചവിട്ടേറ്റ് വീണതോടെ പിന്നെ സംഘര്‍ഷമായി. രാജീവ്, മുരളി, സജിത്ത് എന്നീ കൗണ്‍സിലര്‍മാരും ആക്രമിച്ചവരിലുണ്ടായിരുന്നുവെന്നും മേയര്‍ പറഞ്ഞു.തന്നെ ഉപദ്രവിക്കുന്നുവെന്ന് സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും രക്ഷിക്കാനോ സുരക്ഷിതയായി പുറത്ത് എത്തിക്കാനോ പൊലീസ് ശ്രമിച്ചില്ലെന്നും മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു.കൈയേറ്റ ശ്രമത്തിന് പിന്നാലെ രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് മേയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.സംഭവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് വ്യാഴാഴ്ച കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് ഹര്‍ത്താല്‍.വാഹനങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞിനെ കടലിലെറിഞ്ഞ് കൊന്നത് സ്വന്തം അമ്മ തന്നെ;കൃത്യം ചെയ്തത് കാമുകനോടൊപ്പം ജീവിക്കാൻ
കണ്ണൂര്‍: തയ്യിലില്‍ കടപ്പുറത്ത് കടല്‍ഭിത്തിയിലെ പാറകള്‍ക്ക് ഇടയില്‍ ഒന്നര വയസ്സുള്ള കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ കുരുക്കഴിച്ച് പോലീസ്. കുഞ്ഞിനെ അമ്മ ശരണ്യ കൊലപ്പെടുത്തിയ ശേഷം കടല്‍ഭിത്തിയില്‍ എറിഞ്ഞു കളയുകയായിരുന്നു എന്നാണ് മൊഴി. കുറ്റം സമ്മതിച്ചതോടെ ശരണ്യയെ പോലീസ് അറസ്റ്റ് ചെയ്തു.കാമുകനൊത്തുളള ജീവിതത്തിനായി ഭര്‍ത്താവിനെയും കുഞ്ഞിനെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് ശരണ്യ കുഞ്ഞിനെ കൊന്നതെന്ന് പോലീസ് പറയുന്നു. ആദ്യവട്ടം കടല്‍ ഭിത്തിക്ക് മുകളില്‍ നിന്നും പാറക്കൂട്ടത്തിലേക്ക് എറിഞ്ഞ കുഞ്ഞ് മരിച്ചില്ലെന്ന് കണ്ടപ്പോള്‍ രണ്ടാം വട്ടവും എടുത്തെറിഞ്ഞെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. കടല്‍ഭിത്തിക്കു മുകളില്‍ ഇന്നലെ രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ചോദ്യം ചെയ്യലും അറസ്റ്റും.അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് ആദ്യം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ കുട്ടിയുടെ അമ്മയുടെ ബന്ധു, പിതാവിനെതിരെ സംശയമുന്നയിച്ച് പൊലീസിന് പരാതി നല്‍കി.ഇതോടെ പ്രണവിനേയും ശരണ്യയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യല്ലില്‍ ഇരുവരും പരസ്പരം ആരോപണം ഉന്നയിച്ചത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കി.വസ്ത്രങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയതിലൂടെയാണ് കുഞ്ഞിനെ കൊന്നത് ശരണ്യയാണെന്ന് വ്യക്തമായതെന്ന് പോലീസ് പറഞ്ഞു.ശരണ്യയുടെ വസ്ത്രങ്ങളില്‍ നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ഉപ്പുവെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പോലീസ് വീണ്ടും ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു.
ശരണ്യ മൂന്ന് മാസം ഗര്‍ഭിണിയായ സമയത്താണ് ഭര്‍ത്താവ് പ്രണവ് വിദേശത്തേക്ക് പോവുന്നത്. ഈ സമയത്താണ് പ്രണവിന്റെ സുഹൃത്ത് കൂടിയായ നിധിനുമായി ശരണ്യ അടുക്കുന്നത്. തുടര്‍ന്ന് ഈ ബന്ധം കൂടുതല്‍ വളര്‍ന്നു. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ പ്രണവ് ഈ ബന്ധത്തെ ചൊല്ലി ശരണ്യയുമായി വഴക്കിടുകയും തുടര്‍ന്ന് ശരണ്യ തയ്യിലിലെ സ്വന്തം വീട്ടിലേക്ക് പോരുകയും ചെയ്തു.മൂന്ന് മാസത്തോളം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നില്ല.എന്നാല്‍ കൊലപാതകത്തിന്റെ തലേന്ന് ശരണ്യ പ്രണവിനെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി. പ്രണവിനൊപ്പം ഉറങ്ങിയ കുഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിയോടെ ഉറക്കമുണര്‍ന്ന് കരഞ്ഞപ്പോള്‍ മറ്റൊരു മുറിയില്‍ കിടന്നിരുന്ന ശരണ്യ കുഞ്ഞിന് പാല് കൊടുക്കുകയും ചെയ്തു.പ്രണവ് ഉറങ്ങിയെന്നുറപ്പാക്കിയപ്പോള്‍ കുഞ്ഞിനെയുമെടുത്ത് ശരണ്യ കടൽക്കരയിലേക്ക് പോയി.തുടര്‍ന്ന് കടല്‍ ഭിത്തിക്ക് മുകളില്‍ നിന്ന് പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ ഉച്ചത്തില്‍ കരഞ്ഞ കുഞ്ഞിനെ എടുത്ത് ഒരു വട്ടം കൂടി പാറക്കെട്ടിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് തിരികെയെത്തി സുഖമായി കിടന്നുറങ്ങി.പിറ്റേന്ന് ഭര്‍ത്താവാണ് കുഞ്ഞിനെ കൊന്നതെന്ന് ശരണ്യ പോലീസിന് മൊഴി നല്‍കി. ഭര്‍ത്താവിനെ കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മൊഴിയിലെ വൈരുദ്ധ്യവും ഫോറന്‍സിക് പരിശോധനഫലവും ശരണ്യയുടെ എല്ലാ പദ്ധതികളും പൊളിക്കുകയായിരുന്നു.
സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിർദേശം; അന്വേഷിക്കുന്നത് പൊലീസിനെതിരായ പരാമര്‍ശങ്ങള്‍
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും ആഭ്യന്തരവകുപ്പിനുമെതിരായ സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം.ആഭ്യന്തര സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പ്രതിപക്ഷ നേതാവിന്‍റെ കൂടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനമുണ്ടായത്.അതേസമയം സ്വതന്ത്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.തോക്കുകളും തിരകളും കാണാതായതും, പോലീസിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് വേണ്ടിയുള്ള പണം വകമാറ്റി ചെലവഴിച്ചതും, ആഡംബര വാഹനങ്ങള്‍ വാങ്ങിയതും ഉള്‍പ്പടെ ഡിജിപിയെ പേരെടുത്ത് കുറ്റപ്പെടുത്തുന്ന നിരവധി കണ്ടെത്തലുകള്‍ സിഎജി റിപ്പോര്‍ട്ടിലുണ്ടായിരുന്നു.ഗുരുതര പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും റിപ്പോര്‍ട്ട് ചോര്‍ന്നുവെന്ന ന്യായമാണ് സര്‍ക്കാര്‍ ആദ്യം നിരത്താന്‍ ശ്രമിച്ചത്. ആദ്യമായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് പരിശോധന നടത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുന്നത്.ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ തുടരന്വേഷണം നടക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കൂ. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക;മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു
ന്യൂഡല്‍ഹി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ 2019 ലെ വോട്ടർപട്ടിക ഉപയോഗിക്കുന്നത് സംബന്ധിച്ച കേസില്‍ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്തു. ഇടക്കാല ഉത്തരവ് വരുംമുന്‍പ് തങ്ങളുടെ വാദംകൂടി കേള്‍ക്കണമെന്നാണ് ഹർജിയിലെ ആവശ്യം.2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക അനുസരിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്പീല്‍ നല്‍കാനിരിക്കെയാണ് ലീഗിന്റെ ഹര്‍ജി. നാദാപുരം മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ ആയിരിക്കും ഹാജരാകുക. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു കാരണവശാലും വൈകിപ്പിക്കരുതെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്ന സമീപനമാണ് സംസ്ഥാനസര്‍ക്കാരിന്റെയും സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന്റെയും ഭാഗത്തുനിന്നുള്ളതെന്ന ആരോപണവും ലീഗിനുണ്ട്. ഇക്കാര്യവും സുപ്രീം കോടതിയെ അറിയിച്ചേക്കും.2015ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.എന്നാൽ ഇതിനെ ചോദ്യം ചെയ്ത് യുഡിഎഫ് സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് 2015-ലെ വോട്ടര്‍പട്ടിക ഉപയോഗിക്കരുതെന്നും 2019ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തദ്ദേശ തിരഞ്ഞെടുപ്പ് നടത്താമെന്നും ഉത്തരവിട്ടത്.2015-ലെ വോട്ടര്‍പട്ടിക ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തുന്ന നടപടി തെറ്റാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഒരിക്കല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട ഒരാള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെടണമെങ്കില്‍ കൃത്യമായ കാരണങ്ങള്‍ വേണം. അത്തരത്തില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാള്‍ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വീണ്ടും പേര് ചേര്‍ക്കേണ്ട സാഹചര്യമുണ്ടാകരുത്. ഇത് വോട്ടര്‍മാരോട് ചെയ്യുന്ന നീതിപൂര്‍വമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.പുതിയ വോട്ടര്‍ പട്ടിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.
കണ്ണൂർ തയ്യിലിൽ വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി;സംഭവത്തിൽ ദുരൂഹത
കണ്ണൂർ:വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് കാണാതായ ഒന്നരവയസ്സുകാരന്റെ മൃതദേഹം കടപ്പുറത്ത് നിന്ന് കണ്ടെത്തി.സിറ്റി തയ്യിലെ കൊടുവള്ളി ഹൗസില്‍ ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹമാണ് തയ്യില്‍ കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. കടപ്പുറത്തെ കരിങ്കല്‍ഭിത്തികള്‍ക്കിടിയില്‍ കുരുങ്ങിയനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.രാത്രി കിടത്തിയുറക്കിയ വിയാനെ കാണാനില്ലെന്ന് അച്ഛന്‍ പ്രണവ് തിങ്കളാഴ്ച രാവിലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. അര്‍ധരാത്രി കുട്ടിയ്ക്ക് മരുന്നും പാലും നല്‍കിയ ശേഷം അച്ഛനൊപ്പം കിടത്തിയുറക്കിയെന്നാണ് ബന്ധുക്കളുടെ മൊഴി.എന്നാല്‍ രാവിലെ ആറുമണിയോടെ ഉറക്കമുണര്‍ന്നപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നായിരുന്നു പ്രണവ് പറഞ്ഞത്. തുടര്‍ന്ന് ബന്ധുക്കളടക്കം തിരച്ചില്‍ നടത്തി. ഇതിനുപിന്നാലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രണവിന്റെ പരാതിയില്‍ പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് രാവിലെ 11 മണിയോടെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന കരിങ്കല്‍ഭിത്തികള്‍ക്കിടയിലായിരുന്നു മൃതദേഹം. പ്രണവ്-ശരണ്യ ദമ്പതിമാർക്കിടയിൽ ഏറെനാളായി അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതായാണ് ബന്ധുക്കളുടെ മൊഴി. ഇതിനാല്‍ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് ഇവരുടെ സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും പോലീസ് ചോദ്യംചെയ്തുവരികയാണ്.
തൃശ്ശൂര്‍ കൊറ്റമ്പത്തൂരിൽ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു
തൃശൂർ:തൃശ്ശൂര്‍ കൊറ്റമ്പത്തൂരിൽ കാട്ടുതീയില്‍ അകപ്പെട്ട് മൂന്ന് വാച്ചര്‍മാര്‍ വെന്തു മരിച്ചു. പൊള്ളം കൊറ്റമ്പത്തൂരിൽ കാട്ടുതീ തടയാന്‍ ശ്രമിക്കവേയാണ് മൂന്നുപേരും വെന്തുമരിച്ചത്. വാഴച്ചാല്‍ ആദിവാസി കോളനിയിലെ താമസക്കാരനും ട്രൈബല്‍ വാച്ചറുമായ കെവി ദിവാകരന്‍ (43), താത്കാലിക ഫയര്‍ വാച്ചര്‍ എരുമപ്പെട്ടി കുമരനെല്ലൂര്‍ കൊടുമ്പ് എടവണ വളപ്പില്‍വീട്ടില്‍ എംകെ വേലായുധന്‍ (55) താത്കാലിക ഫയര്‍ വാച്ചര്‍ കുമരനെല്ലൂര്‍ കൊടുമ്പ് വട്ടപ്പറമ്പിൽ വീട്ടില്‍ വിഎ ശങ്കരന്‍ (46) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി 11 മണിയോടെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സിആര്‍ രഞ്ജിത്ത്(37) കാട്ടുതീയില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.രഞ്ജിത്തിന്റെ നെറ്റിക്ക് ചെറുതായി പൊള്ളലേറ്റു.
വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് കാട്ടുതീയുണ്ടായ കൊറ്റമ്പത്തൂർ.ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ അക്കേഷ്യ അടക്കമുള്ള മരങ്ങളുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് പ്രദേശത്ത് തീ പടര്‍ന്നത്. വനം വകുപ്പുദ്യോഗസ്ഥരും വാച്ചര്‍മാരുമടക്കം 14 പേര്‍ തീയണയ്ക്കാന്‍ സ്ഥലത്തെത്തി. പതിനഞ്ചോളം നാട്ടുകാരും സഹായിക്കാനായി ഇവർക്കൊപ്പം ചേര്‍ന്നിരുന്നു. നാലുമണിയോടെ തീ നിയന്ത്രണ വിധേയമായെന്ന വിലയിരുത്തലില്‍ നാട്ടുകാർ വനം വകുപ്പുദ്യോഗസ്ഥർക്ക് കുടിവെള്ളം നല്‍കി തിരിച്ചുപോന്നു. എന്നാല്‍, ഇതിനുശേഷം ശക്തമായ കാറ്റടിച്ച് തീ പെട്ടെന്ന് ഉയരത്തില്‍ പടര്‍ന്നു പിടിക്കുകയായിരുന്നു. അടിക്കാട് കത്തിയതോടെ പ്രദേശമാകെ വലിയതോതില്‍ പുകനിറഞ്ഞ് പരസ്പരം കാണാനാകാത്ത സ്ഥിതിയിലായി. കുറേപ്പേര്‍ ഓടിരക്ഷപ്പെട്ടു. പക്ഷെ, ദിവാകരന്‍, വേലായുധന്‍, ശങ്കരന്‍, രഞ്ജിത്ത് തുടങ്ങിയവര്‍ തീച്ചുഴിയിൽ പെടുകയായിരുന്നു. ഇതിനിടെ രഞ്ജിത്ത് പുറത്തേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. ദിവാകരനും വേലായുധനും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.ഇന്ദിരയാണ് ദിവാകരന്റെ ഭാര്യ. ഒരുവയസ്സുകാരന്‍ ധ്യാന്‍ ഏക മകനാണ്. കാര്‍ത്യായനിയാണ് വേലായുധന്റെ ഭാര്യ. മക്കള്‍: സുബീഷ്, അനിലന്‍, സുബിത. മരുമക്കള്‍: സ്മിജ, വിജയന്‍. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് എകെ കണ്ണന്റെ സഹോദരനാണ് വേലായുധന്‍. ബിന്ദുവാണ് ശങ്കരന്റെ ഭാര്യ. മക്കള്‍ ശരത്ത്, ശനത്ത്.
ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
ന്യൂഡൽഹി:ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്രിവാള്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.രാംലീല മൈതാനത്ത് രാവിലെ പത്തിനു നടക്കുന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. കേജരിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു.മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗതം എന്നിവരാണ് മറ്റു മന്ത്രിമാര്‍. സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതര സംസ്ഥാന മുഖ്യമന്ത്രിമാരെയും നേതാക്കളെയും വിളിച്ചിട്ടില്ല. ഡല്‍ഹിയുടെ മാറ്റത്തിന് ചുക്കാന്‍പിടിച്ച, വിവിധ മേഖലകളില്‍നിന്നുള്ള അൻപതോളം പേരാണ് സത്യപ്രതിജ്ഞാ ചടങ്ങിലെ വിശിഷ്ടാതിഥികള്‍. ഇവര്‍ കെജ്രിവാളിനൊപ്പം വേദി പങ്കിടും. അധ്യാപകര്‍, ജയ് ഭീം പദ്ധതിയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍, മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍, ബസ് മാര്‍ഷല്‍മാര്‍, സിഗ്‌നേച്ചര്‍ പാലത്തിന്റെ ശില്പികള്‍, ജോലിക്കിടയില്‍ ജീവന്‍ നഷ്ടപ്പെട്ട അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങള്‍, ബൈക്ക് ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, വീട്ടുപടിക്കല്‍ സേവനമെത്തിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് കെജ്രിവാളിനൊപ്പം വേദി പങ്കിടുക.
മാര്‍ച്ച് 31 നകം പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും
ന്യൂഡൽഹി:2020 മാര്‍ച്ച് 31 നകം പാൻ കാർഡ് ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ അസാധുവാകും.നേരത്തെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്നതാണ്. ഇനിയും 17.58 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 2020 ജനുവരി 27 വരെ 30.75 കോടി പാനുകളാണ് ആധാറുമായി ബന്ധിപ്പിച്ചത്.’ജൂലൈ 1, 2017 വരെ പാൻ എടുത്തവർ മാർച്ച് 31-നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ അസാധവുവാകും. ആക്ടിന് കീഴിലുള്ള ഫർണിഷിംഗ്, അറിയിപ്പ്, ഉദ്ധരണികൾ എന്നിവയ്ക്ക് പിന്നീട് പാൻ ഉപയോഗിക്കാൻ കഴിയില്ലെന്നും’ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് (സി.ബി.ഡി.ടി) അറിയിച്ചു. ‘സ്ഥിര അക്കൗണ്ട് നമ്പർ പ്രവർത്തനരഹിതമാകുന്ന രീതി’ എന്ന നോട്ടിഫിക്കേഷനിലൂടെയാണ് സി.ബി.ഡി.ടി ആദായനികുതി നിയമങ്ങൾ ഭേദഗതി ചെയ്തത്.ആധാറിന് ഭരണഘടനാ സാധുതയുണ്ടെന്ന് 2018 സെപതംബറിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡുകൾ അനുവദിക്കുന്നതിനും ബയോമെട്രിക് ഐ.ഡി നിർബന്ധമായി തുടരുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്നും ചൂട് കൂടും;നാലു ജില്ലകള്‍ക്ക് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്;പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ചൂട് കൂടും.നാല് ജില്ലകളില്‍ സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ചൂട് ഉയരും.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഉയര്‍ന്ന താപനില അനുഭവപ്പെടുക. ഇന്നലെ കോട്ടയത്തും ആലപ്പുഴയിലും രേഖപ്പെടുത്തിയത് 37. 3ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ്. ഇന്നും സാധാരണ താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രിസെലല്‍ഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്.വരണ്ട കിഴക്കന്‍കാറ്റും കടല്‍ക്കാറ്റിന്‍റെ സ്വാധീനംകുറഞ്ഞതും അന്തരീക്ഷ ആര്‍ദ്രതയുമാണ് കാരണം. ചൂട് ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. 12 മണിക്കും മൂന്നിനും ഇടയില്‍ പുറത്തിറങ്ങുന്നവര്‍ കൈയില്‍ വെളളം കരുതണം. നിര്‍ജലീകരണത്തിനുളള സാധ്യത ഒഴിവാക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവരും, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്നും മുന്നറിയിപ്പിലുണ്ട്.ചൂട് കൂടുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ തൊഴിലാളികളുടെ ജോലി സമയത്തിൽ ക്രമീകരണം നടത്തിയിരുന്നു.പൊതുസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 12 മണിക്കും മൂന്നിനും ഇടയില്‍ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി.ഇവരുടെ ജോലി സമയം രാവിലെ ഏഴു മണിക്കും രാത്രി ഏഴു മണിക്കും ഇടയിലായി ക്രമീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.