തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതക കേസിന്റെ രേഖകള്‍ സിബിഐക്ക് കൈമാറാതെ സംസ്ഥാന സര്‍ക്കാര്‍. കേസ് ഡയറിയടക്കം രേഖകള്‍ ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണെന്നും സിബിഐ വ്യക്തമാക്കി.കഴിഞ്ഞ ഒക്ടോബറിലാണ് പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി ഹൈക്കോടതി ഇരട്ട കൊലക്കേസില്‍ കുറ്റപത്രം റദ്ദാക്കി കേസ് സിബിഐയ്ക്ക് കൈമാറിയത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു.സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ല.ഈ സാഹചര്യത്തില്‍ അന്വേഷണത്തിനും തടസ്സമില്ല. സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്.അതേസമയം, കേസില്‍ സിബിഐ അന്വേഷണം നിലച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം കൊച്ചി സിബിഐ ഓഫീസിന് മുന്നില്‍ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ കുടുംബം സമരം നടത്തിയിരുന്നു .സംസ്ഥാന സര്‍ക്കാര്‍ ഇടപെടലാണ് അന്വേഷണത്തെ അട്ടിമറിക്കുന്നതെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് കാസര്‍കോട് പെരിയയില്‍ വെച്ച് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്‌ളീനർ വെന്തുമരിച്ചു
തൊടുപുഴ: കുമളിയില്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ക്ലീനര്‍ വെന്തു മരിച്ചു.ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്. ബസ് പൂര്‍ണമായും കത്തി നശിച്ചു.പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം.ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു രാജൻ.ബസില്‍ തീപടരുന്നത് കണ്ട് അടുത്തുണ്ടായിരുന്ന ബസിലെ ജീവനണക്കാര്‍ തീ അണയ്ക്കാനായി എത്തിയെങ്കിലും രാജന്‍ ബസിനുള്ളില്‍ ഉള്ളകാര്യം ഇവർ അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി ഏറെ പണിപ്പെട്ടാണ് തീ അണച്ചത്. അപ്പോഴാണ് രാജന്‍ ബസിനുള്ളില ഉണ്ടായിരുന്ന വിവരം അറിഞ്ഞത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കുമളി – കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊണ്ടോടി എന്ന ബസാണ് കത്തിനശിച്ചത്.രാജന്റെ മൃതദേഹം സമീപത്തെ ആശുപത്രിയില്‍ സൂക്ഷിച്ചരിക്കുന്നു.
കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് കളമശേരി ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു
കൊച്ചി:കൊറോണ ബാധയെന്ന സംശയത്തെ തുടർന്ന് കളമശേരി ഐസോലേഷന്‍ വാര്‍ഡില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു. മലേഷ്യയില്‍നിന്ന് എത്തിയ കണ്ണൂര്‍ സ്വദേശിയാണ് മരിച്ചത്.പനി മൂലമാണ് മലേഷ്യയില്‍നിന്ന് എത്തിയ ഇയാളെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. വൈറല്‍ ന്യുമോണിയ പിടിപെട്ടതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇദ്ദേഹത്തിന്‍റെ ആദ്യ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാഫലം ഇന്ന് ഉച്ചയോടെ ലഭിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ദേവനന്ദയുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; മുങ്ങിമരണം തന്നെയെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: കൊല്ലം ഇളവൂരില്‍ പുഴയിൽ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴു വയസുകാരി ദേവനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ദേവനന്ദയുടെ ശ്വാസകോശത്തിലും വയറ്റിലും വെളളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തലുകള്‍ ഫോറന്‍സിക് വിദഗ്ദ്ധർ വാക്കാല്‍ പോലീസിന് കൈമാറി.കണ്ണനെല്ലൂര്‍ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്. പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് ദേവനന്ദയുടെ മൃതദേഹം എത്തിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ.വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് കുട്ടിയെ കാണാതായത്. ധന്യയും നാലുമാസം പ്രായമുള്ള മകനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കണ്ണനല്ലൂര്‍ പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് ഉടന്‍ സ്ഥലത്തെത്തി വ്യാപകമായ അന്വേഷണമാരംഭിച്ച് വരികയായിരുന്നു. ദേവാനന്ദയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു.തിരച്ചിലിനൊടുവിൽ രാവിലെ 7.30 ഓടെ മൃതശരീരം വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ കണ്ടെത്തുകയായിരുന്നു.
ദേവനന്ദയുടെ മരണം;ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്;മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കൊല്ലം:ഏഴുകോണിൽ നിന്നും നിന്നും ദുരൂഹസാഹചര്യത്തില്‍ കാണാതായ ഏഴു വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്ത്.ശരീരത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്.അതുകൊണ്ടുതന്നെ മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം.ശാസ്ത്രീയ പരിശോധനകളടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.കുട്ടിയെ കാണാതാവുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് മൃതദേഹത്തില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ ഷാളും സമീപത്ത് നിന്ന് കിട്ടി.ഇന്ന് രാവിലെ ഏഴരയോടെയാണ് വീടിന് സമീപത്തുള്ള ആറ്റില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇന്നലെ രാവിലെ പത്തരക്ക് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പ്രദീപ്-ധന്യ ദമ്പതികളുടെ മകൾ ദേവനന്ദയെ കാണാതായത്.ഇന്നലെ മുതല്‍ കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് വ്യാപക തെരച്ചിലാണ് നടത്തിക്കൊണ്ടിരുന്നത്. അന്വേഷണത്തിന് ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു വിപുലമായ അന്വേഷണമായിരുന്നു പോലീസും നടത്തിയ .അതിനിടയിലാണ് ഇന്ന് രാവിലെ മുങ്ങല്‍ വിദഗ്ദ്ധര്‍ പുഴയില്‍ മൃതദേഹം കണ്ടെത്തിയത്.കൊല്ലം നെടുമണ്‍കാവ് പുലിയില ഇളവൂര്‍ തടത്തില്‍ മുക്ക് ധനേഷ് ഭവനില്‍ പ്രദീപ് കുമാർ-ധന്യ ദമ്പതികളുടെ മകളാണ് 7 വയസ്സുകാരി ദേവനന്ദ.കുടവട്ടൂര്‍ വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.
പ്രാർത്ഥനകൾ വിഫലം;കൊല്ലത്തുനിന്നും കാണാതായ ആറുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം:നെടുമണ്‍കാവ് ഇളവൂരില്‍ കഴിഞ്ഞ ദിവസം ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.വീടിനു നൂറുമീറ്റർ അകലെയുള്ള പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പള്ളിമണ്‍ പുലിയില ഇളവൂര്‍ സ്വദേശികളായ പ്രദീപ്-ധന്യ ദമ്പതികളുടെ മകളാണ് ദേവനന്ദ.വ്യാഴാഴ്ച രാവിലെ 10.15 ഓടെയാണ് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ കാണാതായത്.രക്ഷിതാക്കളുടെ പരാതിയില്‍ കണ്ണനല്ലൂര്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി വരവേയാണ് ഇത്തിക്കരയാറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.കുട്ടി പുഴയില്‍ വീണിരിക്കാമെന്നു സംശയമുണ്ടായിരുന്നു.ഈ സാഹചര്യത്തിൽ ഇന്നലെ മുതൽ തന്നെ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു.ഇന്നലെ രാവിലെ 9.30നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ ഈ സമയം തുണി അലക്കി കൊണ്ടിരിക്കുകയായിരുന്നു. സമീപപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവ ചടങ്ങുകള്‍ നടക്കുകയാണ്. ഉത്സവത്തോട് അനുബന്ധിച്ചാണ് കുട്ടി ഇന്നലെ സ്‌കൂളില്‍ നിന്ന് അവധിയെടുത്തത്.
അതേസമയം ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന് സമീപ വാസികള്‍ തറപ്പിച്ചു പറയുന്നു.ദേവനന്ദടെ വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് പുഴ സ്ഥിതി ചെയ്യുന്നത്. പുഴയില്‍ കുറ്റിക്കാടിനോട് ചേര്‍ന്ന് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.കുട്ടി ഒറ്റക്ക് അത്രയും ദൂരം പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്. കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്നു കാണാതായതും ഇപ്പോള്‍ മൃതദേഹം കണ്ടെത്തിയ സാഹചര്യവും ദുരൂഹത ഉണര്‍ത്തുന്നതാണെന്നു നാട്ടുകാര്‍ പറയുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ വാദം.ചെറിയ ദൂരമാണെങ്കില്‍ പോലും ദേവനന്ദ തനിച്ച് അവിടേക്ക് പോവില്ലെന്നാണ് വീട്ടുകാരും നാട്ടുകാരും ഒരുപോലെ പറയുന്നത്.പുറത്തിറങ്ങി കളിക്കുകയോ തനിച്ച് ഇറങ്ങി നടക്കുകയോ ചെയ്യാത്ത കുട്ടിയാണ് ദേവനന്ദ എന്നാണ് വീട്ടുകാരും പറയുന്നത്. കുട്ടിയെ ആരെങ്കിലും അപായപ്പെടുത്തിയതാണോ അതോ കുട്ടി തനിയെ പോയതാണോ തുടങ്ങിയ വിവരങ്ങള്‍ ഇനി അന്വേഷണത്തില്‍ കണ്ടെത്താനിരിക്കുന്നതേയുള്ളു. എന്നാല്‍ മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത് മൃതദേഹം ഒഴുകി എത്തിയതാണെന്നും സമീപത്തെ വള്ളിയിലും കുറ്റിക്കാട്ടിലും കുരുങ്ങിയതുകൊണ്ടാണ് ഇവിടെ നിന്നും മൃതദേഹം ലഭിച്ചതെന്നുമാണ്. മൃതദേഹം ലഭിച്ച പഴയില്‍ ഇന്നലെയും മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു.എന്നാല്‍ ഒന്നും ലഭിച്ചിരുന്നില്ല.
തയ്യിലിലെ ഒന്നര വയസുകാരന്റെ കൊലപാതകം;ശരണ്യയുടെ കാമുകൻ നിധിൻ അറസ്റ്റിൽ
കണ്ണൂർ:തയ്യിലിലെ ഒന്നരവയസ്സുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കുഞ്ഞിന്റെ അമ്മ ശരണ്യയുടെ കാമുകൻ നിഥിനെയും പോലീസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ വാരം സ്വദേശിയായ നിഥിനെ വ്യാഴാഴ്ച ഉച്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലപാതക പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന്‍ വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. അച്ഛനായ പ്രണവിനൊപ്പം ഉറങ്ങികിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് സംഘം കണ്ടെത്തിയിരുന്നു. കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യയുടെ ശ്രമം. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ ശരണ്യയ്ക്ക് എതിരാവുകയായിരുന്നു. ഇതോടെയാണ് ഗത്യന്തരമില്ലാതെ ശരണ്യ കുറ്റം സമ്മതിച്ചത്. അതേസമയം, കൊലപാതകത്തില്‍ കാമുകന് നേരിട്ട് പങ്കില്ലാത്തതിനാലാണ് നിഥിനെ അന്ന് പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. ഇയാളെ പോലീസ് ഒന്നിലേറെ തവണ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവസം പോലീസ് കസ്റ്റഡിയിലിരിക്കെ നിഥിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലില്‍ വന്നിരുന്നത്. അന്വേഷണത്തില്‍ ഈ ഫോണ്‍കോളുകളും വാട്സാപ്പ് സന്ദേശങ്ങളും നിര്‍ണായകമായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യ പൊലീസിന് നൽകിയ മൊഴി.കൊലപാതകം നടക്കുന്നതിന്റെ തലേന്ന് രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ നിതിന്‍ വീട്ടിലെത്തിയെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.കുട്ടി മരിക്കുന്നതിന് തലേ ദിവസം രാത്രി ഒരു മണിക്ക് ശരണ്യയെ കാണാന്‍ വീട്ടില്‍ പോയിരുന്നുവെന്ന് നിതിന്‍ സമ്മതിച്ചതായാണ് വിവരം. ഇത് കൂടാതെ നിതിന്‍ ശരണ്യയുടെ സ്വര്‍ണാഭരണങ്ങള്‍ ശരണ്യയെ കൊണ്ട് തന്നെ പണയം വയ്പ്പിച്ചുവെന്നും ആ പണവുമായി ഇയാള്‍ കടന്നുകളയാന്‍ ശ്രമിച്ചുവെന്നും സൂചനയുണ്ട്.കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊല്ലാനും കൊലയുടെ ഉത്തരവാദിത്തം ഭര്‍ത്താവിന്റെ മേല്‍ സ്ഥാപിക്കാനുമുള്ള നീക്കം ശരണ്യ ഒറ്റയ്ക്ക് നടത്തിയെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാല്‍ ശരണ്യയെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാമുകനായ നിതിന്റെ പങ്ക്കൂടി പുറത്തുവന്നത്.
കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ജില്ലാ ആശുപത്രിയില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയാതായി പോലീസ് അറിയിച്ചു.ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്.ബ്ലേഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം.ജയിലിനുള്ളില്‍ ജോളിക്ക് ബ്ലേഡ് ലഭിച്ചതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്.അതേ സമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍.രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് നിലയില്‍ ലഭിക്കുന്ന വിവരം.
വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ ലൈവ് വീഡിയോ ഇട്ടു;പാലക്കാട് ആര്‍എസ്‌എസുകാരന്‍ അറസ്‌റ്റില്‍
പാലക്കാട്:പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ വീഡിയോ ഇട്ട യുവാവിനെ അറസ്റ്റ് ചെയ്‌തു. അട്ടപ്പാടി സ്വദേശി ശ്രീജിത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയെ തുടർന്ന് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്.പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ മതസ്പര്‍ദ്ധയും വിദ്വേഷവും വളര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.എല്ലാ സന്ദേശങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.
ഡൽഹി കലാപം;മരണം 17 ആയി;പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക്
ന്യൂഡല്‍ഹി:വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. പോലീസുകാരടക്കം ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കലാപം നിയന്ത്രിക്കാന്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.സ്ഥിതിഗതികള്‍ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം അറിയിച്ചു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍ സംഘര്‍ഷ മേഖലയില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്പുര്‍, ജാഫറാബാദ് എന്നിവിടങ്ങളിലാണ് സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. നൂറുകണക്കിന് കടകളും വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചു. കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി യിട്ടുണ്ട്. സംഘര്‍ഷം വ്യാപിക്കുന്ന നാലിടങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ഡല്‍ഹി സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു നിശ്ചയിച്ച കേരള സന്ദര്‍ശനം റദ്ദാക്കിയിരുന്നു. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് അമിത് ഷാ കേരളത്തില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ത്തി വച്ച മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ഡല്‍ഹിയില്‍ അര്‍ധസൈനിക വിഭാഗങ്ങളടക്കം കൂടുതല്‍ സേനയെ വിന്യസിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന ഉന്നതതലയോഗം തീരുമാനമെടുത്തിരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചതായി പോലീസും അറിയിച്ചു. ജഫ്രാബാദ്, കര്‍വാള്‍ നഗര്‍,ഗോകുല്‍പുരി, ഭജന്‍പുര ചൗക്ക്, മൗജ്‍പുര്‍ എന്നീ പ്രദേശങ്ങളില്‍ ഇപ്പോഴും കലാപ അന്തരീക്ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.