തിരുവനന്തപുരം:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത.മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കും.ഏഴ് വരെയുള്ള ക്ലാസുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. അതേസമയം, എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. കര്‍ശന നിയന്ത്രണവും ക്രമീകരണങ്ങളും ഏര്‍പ്പെടുത്താനാണ് നിര്‍ദേശം. ഉത്സവങ്ങളും ആഘോങ്ങളും കുറയ്ക്കാന്‍ നിര്‍ദേശം നല്‍കും. കേരളത്തില്‍ ആറുപേര്‍ക്ക് കോവിഡ്19 ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. പത്തനംതിട്ടയില്‍ അഞ്ചുപേര്‍ക്കും കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി; പ്രദേശവാസികള്‍ ആശങ്കയില്‍
കോഴിക്കോട്:കോഴിക്കോട് കാരശ്ശേരിയില്‍ വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി.കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് സംഭവം.സംഭവമറിഞ്ഞ പ്രദേശവാസികൾ ആശങ്കയിലാണ്.സംഭവമറിഞ്ഞ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്.കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഇതോടെ ജനങ്ങളിൽ പരിഭ്രാന്തി വർദ്ധിച്ചിരിക്കുകയാണ്.വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളും സ്ഥിതി ചെയ്യുന്നുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് അധികൃതര്‍ ചത്ത വവ്വാലുകളില്‍ നിന്നും സാമ്പിളുകൾ ശേഖരിച്ചു. ഇവയെ ശാസ്ത്രീയ രീതിയില്‍ തന്നെ മറവുചെയ്യുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂർ പ്രദേശങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്. നാട്ടുകാരില്‍ പലരും തങ്ങളുടെ കോഴികള്‍ അടക്കമുള്ള വളര്‍ത്തുപ്പക്ഷികളെ കൂട്ടത്തോടെ മാറ്റിയതാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. പലരും വീട്ടില്‍ വളര്‍ത്തുന്ന വിലകൂടിയ അലങ്കാര പക്ഷികളെയും മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും പക്ഷിപ്പനി പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകള്‍ കൂടുതലാണെന്നാണ് അധികൃതര്‍ പറയുന്നത്.
കൊറോണ വൈറസ്;കെ.എസ്.ആര്‍.ടി.സിയില്‍ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി; ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ നൽകും
തിരുവനന്തപുരം:കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലുകളുമായി കെഎസ്ആർടിസിയും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് ഒഴിവാക്കി.കൂടാതെ സര്‍വീസ് നടത്തുന്ന ബസുകളിലെ ജീവനക്കാര്‍ക്ക് മാസ്ക് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പത്തനംതിട്ടയിലെ ജീവനക്കാര്‍ക്ക് ഇന്നു തന്നെ മാസ്ക് എത്തിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്കും ജില്ല വഴി കടന്നുപോകുന്ന മറ്റ് ജില്ലകളിലെ സര്‍വീസുകളിലെ ക്രൂവിനും അതത് ഡിപ്പോയിലെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും ഉപയോഗപ്രദമായ രോഗ പ്രതിരോധ സാധനങ്ങള്‍ വാങ്ങി നല്‍കാനും എംഡി ഉത്തരവിട്ടിട്ടുണ്ട്. പത്തനംതിട്ടയില്‍ ഇന്നലെ വൈകിട്ട് മുതല്‍ ആരംഭിച്ച സര്‍വീസുകളിലെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മാസ്‌ക് ധരിച്ചാണ് യാത്ര ചെയ്തത്.പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതിനാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുളള എല്ലാ ബയോമെട്രിക് സേവനങ്ങളും താത്കാലികമായി നിര്‍ത്തിവെക്കുന്നതായും ജില്ലാകളക്ടര്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി.
സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു;എറണാകുളത്ത് മൂന്ന് വയസുകാരിക്ക് രോഗബാധ
കൊച്ചി:സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു.എറണാകുളം ജില്ലയിൽ മൂന്നുവയസ്സുകാരിക്കാണ് രോഗബാധ സ്ഥിതീകരിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റലിയില്‍ നിന്ന് എത്തിയതാണ് കുട്ടി.ഏഴാം തീയതിയാണ് ഇവര്‍ നാട്ടിലെത്തിയത്.കുട്ടിയുടെ രക്ഷിതാക്കള്‍ക്കും നേരിയ തോതില്‍ പനിയുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.ഇവർ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ അറിയിച്ചു.പരിഭ്രാന്തി വേണ്ടെന്നും മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കുട്ടിയ്ക്ക് പനി ഉണ്ടായിരുന്നു. ഉടന്‍തന്നെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.ഇറ്റലിയില്‍ നിന്ന് ദുബായ് വഴി EK 503 വിമാനത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്.ഇവരെത്തിയ വിമാനത്തിലെ ആളുകളേയും നിരീക്ഷിക്കും.ഈ വിമാനത്തില്‍ സഞ്ചരിച്ച യാത്രക്കാരുടെ ലിസ്റ്റ് എടുത്ത് അതാത് ജില്ലകള്‍ക്ക് കൈമാറാനുള്ള തിരക്കിട്ട ശ്രമത്തിലാണ് എറണാകുളം ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴുള്ളത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്ന് ഇവര്‍ വന്നിറങ്ങിയ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ അടക്കം പരിശോധനക്ക് വിധേയമാക്കും.കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയാണ് സംസ്ഥാനം. വിമാനത്താവളങ്ങളടക്കം അതീവ ജാഗ്രതയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. ഭയപ്പാടല്ല പകരം കരുതലോടെയുള്ള സമീപനമാണ് വേണ്ടതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
കേരളത്തിൽ വീണ്ടും കൊറോണ;പത്തനംതിട്ട ജില്ലയിൽ അഞ്ചുപേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ.പത്തനംതിട്ട ജില്ലയിലെ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ഔദ്യോഗിക പ്രഖ്യാപനം നടത്തി. തിരുവനന്തപുരത്ത് അടിയന്തര യോഗം ചേര്‍ന്ന ശേഷം വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.ഫെബ്രുവരി 29 നാണ് ഇവര്‍ ഇറ്റലിയില്‍ നിന്ന് നാട്ടില്‍ എത്തിയത്. എയര്‍പോര്‍ട്ടിലെ രോഗപരിശോധനക്ക് ഇവര്‍ വിധേയരായിരുന്നില്ല. കൊവിഡ് ബാധ സ്ഥിരീകരിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവര്‍ പാലിച്ചില്ല.റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.ദിവസങ്ങള്‍ക്ക് മുൻപാണ് 55 കാരനും ഭാര്യയും 22-കാരനായ മകനും ഇറ്റലിയില്‍ നിന്നെത്തിയത്.ഇയാളുടെ മൂത്ത സഹോദരന് പനി വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കൊറോണബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുകയും ഇറ്റലിയില്‍ നിന്ന് വന്നവരേയും ഭാര്യയേയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീര സ്രവങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു. ഇവരുമായി ബന്ധപ്പെട്ടവര്‍ നിലവില്‍ നിരീക്ഷണത്തിലാണ്.
ഇറ്റലിയില്‍ നിന്ന് ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ (ക്യു.ആര്‍-126) വെനീസ്-ദോഹ വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. 11.20ന് ഈ വിമാനം ദോഹയിലെത്തി. ഇവിടെ അവര്‍ കൊച്ചിയിലേക്കുള്ള വിമാനത്തിനായി ഒന്നര മണിക്കൂറോളം കാത്തുനിന്നു. തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്‌സിന്റെ തന്നെ ക്യൂ.ആര്‍ 514 വിമാനത്തില്‍ കൊച്ചിയിലേക്ക് വന്നു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20 ഓടെയാണ് ഈ വിമാനം കൊച്ചിയിലെത്തിയത്. ഇവിടെ നിന്ന് സ്വകാര്യ കാറിലാണ് വീട്ടിലേക്ക് പോയത്. ഈ വിമാനത്തിലുണ്ടായിരുന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണമെന്ന് മന്ത്രി അറിയിച്ചു.എയര്‍പോര്‍ട്ടിലെ രോഗപരിശോധനക്ക് ഇവര്‍ വിധേയരായിരുന്നില്ല. കൊവിഡ് ബാധ സ്ഥിരീകരിച്ച വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും ഇവര്‍ പാലിച്ചില്ല.രോഗ ലക്ഷണങ്ങളോടെ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാന്‍ പറഞ്ഞപ്പോള്‍ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. നേരത്തെ മൂന്ന് പേര്‍ക്ക് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നു. ചൈനയില്‍ നിന്നെത്തിയവരായിരുന്നു ഈ മൂന്ന് പേരും. രോഗമുക്തി നേടിയ ശേഷം ഇവരെ വിട്ടയക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളനുസരിച്ച് കേരളത്തിലാകമാനം 637 പേരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്.
പക്ഷിപ്പനി;കോഴിക്കോട് നഗരത്തിൽ കോഴിവിൽപ്പനയ്ക്ക് വിലക്ക്;വളർത്തുപക്ഷികളെ ഇന്നുമുതൽ കൊന്നു തുടങ്ങും
കോഴിക്കോട്:ജില്ലയിൽ പക്ഷിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ കോര്‍പ്പറേഷന്‍ പരിധിയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും മുട്ട വില്‍പ്പന കേന്ദ്രങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്.അലങ്കാര പക്ഷികളെ വില്‍ക്കുന്ന കേന്ദ്രങ്ങളും അടച്ചിടണം.കോര്‍പ്പറേഷന്‍ പരിധിയില്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ കോഴിയിറച്ചി വില്‍പ്പന നടത്തരുതെന്നും കളക്ടര്‍ ഉത്തരവില്‍ പറയുന്നു. അനുസരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം നടപടിയെടുക്കുമെന്നും കളക്ടറുടെ മുന്നറിയിപ്പ്.കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂർ എന്നിവിടങ്ങളിലെ കോഴി ഫാമുകളില്‍ കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.കൊടിയത്തൂരിലെ കോഴിഫാമില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തോളം കോഴികള്‍ ചത്തതിനെത്തുടര്‍ന്നായിരുന്നു മൃഗസംരക്ഷണ വകുപ്പ് സാമ്പിൾ പരിശോധനയ്ക്കയച്ചത്.കണ്ണൂര്‍ റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിൽ പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു.തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ വീണ്ടും പരിശോധന നടത്തി രോഗം പക്ഷിപ്പനിയാണെന്ന് ഉറപ്പിച്ചു.അതേ സമയം പക്ഷിപനി സ്ഥിരീകരിച്ച ഫാമുകള്‍ക്ക് ഒരു കിലോമീറ്റര്‍ പരിധിയില്‍ കോഴികളടക്കമുള്ള വളര്‍ത്തുപക്ഷികളെ ഇന്ന് മുതല്‍ കൊന്നൊടുക്കാൻ തുടങ്ങും.12,000 ത്തിലധികം പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. ഇതിനായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പ്രത്യേക പരിശീലനം നല്‍കിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം.പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാന്‍ ആരോഗ്യവകുപ്പും നിരീക്ഷണം ശക്തമാക്കി.പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ച് വരുന്നതായും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
ഡല്‍ഹി കലാപം സംബന്ധിച്ച വാര്‍ത്താ റിപ്പോര്‍ട്ടിംഗ്;ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു
ന്യൂഡൽഹി:വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട് മലയാളത്തിലെ വാര്‍ത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയാ വണ്ണിനും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏർപ്പെടുത്തിയ രണ്ടുദിവസത്തെ വിലക്ക് പിൻവലിച്ചു.വര്‍ഗീയ പരാമര്‍ശമുള്ളതും കലാപത്തിന് പ്രോത്സാഹനം നല്‍കുന്നതുമായ ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് വിലക്കുന്ന 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലെ ആറ്(1)സി, ആറ് (1) ഇ ചട്ടങ്ങള്‍ പ്രകാരമാണ് ചാനലുകൾക്ക് വിലക്കേർപ്പെടുത്തിയത്. ചാനലുകള്‍ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. കലാപവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ക്ക് മന്ത്രാലയം ഫെബ്രുവരി 25ന് നല്‍കിയ മാര്‍ഗനിര്‍ദ്ദേശം ലംഘിച്ചെന്നും ഉത്തരവില്‍ പറയുന്നു.വിലക്ക് ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് രണ്ടു ചാനലുകള്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.വാര്‍ത്താ സംപ്രേക്ഷണത്തില്‍ ജാഗ്രത പാലിച്ചെന്ന ചാനലുകളുടെ വിശദീകരണം മന്ത്രാലയം തള്ളി.മാര്‍ച്ച് എട്ട് രാത്രി ഏഴര വരെയാണ് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.ഇന്നലെ രാത്രി ഏഴരയ്ക്കാണ് വിലക്കേർപ്പെടുത്തിയത്.എന്നാല്‍ വിലക്കിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് വിലക്ക് പിൻവലിച്ചത്.ഇന്നലെ അര്‍ധരാത്രിയോടുകൂടി ഏഷ്യാനെറ്റിന് കേന്ദ്ര വാര്‍ത്ത വിതരണ മന്ത്രാലയം ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.രാത്രി ഒരുമണിയോടെയാണ് ചാനലിന് സംപ്രേഷണം പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.ഇന്ന് രാവിലെ 9.30 ഓടെയാണ് മീഡിയ വണ്ണിന് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചത്.
സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ വെസ്റ്റ് കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലെ രണ്ട് കോഴി ഫാമുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇതേ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ജാഗ്രതാ നിര്‍ദേശം നല്‍കി. ആശങ്കപ്പെടാനില്ലെന്നും രോഗം നിയന്ത്രണവിധേയമാണെന്നുമാണ് മൃഗസംരക്ഷണവകുപ്പിന്‍റെ വിലയിരുത്തല്‍. നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രത്യേക ജാഗ്രതയിലാണ്.കൂടാതെ അതിജാഗ്രതാ നിര്‍ദേശവും സംസ്ഥാനത്ത് പരിശോധന വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് രണ്ട് ഫാമുകളിലെയും കോഴികള്‍ക്ക് പക്ഷിപ്പനി ബാധിച്ചിട്ടുണ്ടെന്ന സംശയമുണ്ടായത്.തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ കണ്ണൂര്‍ മേഖലാ ലബോറട്ടറിയിലെ പരിശോധന നടത്തി.പക്ഷിപ്പനി സംശയം ബലപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച സാമ്പിളുകൾ വിമാനമാര്‍ഗം ഭോപ്പാലിലെ ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചു.ഈ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.രോഗം സ്ഥിരീകരിച്ച രണ്ട് ഫാമുകളുടെയും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ശനിയാഴ്ച വിദഗ്ധസംഘം പരിശോധന നടത്തും.
യെസ് ബാങ്കിന് ആര്‍.ബി.ഐയുടെ മൊറട്ടോറിയം; പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ
എസ്‌എസ്‌എല്‍സി ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം പൊലീസിന്റെ വിലപേശലിനെ തുടര്‍ന്ന് മുടങ്ങി; ചോദ്യ പേപ്പറുകള്‍ ട്രഷറികളില്‍ തന്നെ സൂക്ഷിക്കും
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ തന്നെ സൂക്ഷിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പൊലീസിന്റെ വിലപേശലിനെ തുടര്‍ന്ന് മുടങ്ങി.ചോദ്യ പേപ്പര്‍ സൂക്ഷിക്കുന്ന സ്‌കൂളുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് ആറ് കോടി രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിച്ചത്.ഇതോടെ ചോദ്യ പേപ്പറുകള്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ട്രഷറികളില്‍ തന്നെ സൂക്ഷിക്കാനുള്ള തീരുമാനത്തില്‍ എത്തുകയായിരുന്നു.സായുധ പൊലീസിന്റെ സുരക്ഷയോടെ ചോദ്യപേപ്പറുകള്‍ സ്കൂളുകളിൽ തന്നെ സൂക്ഷിക്കാനായിരുന്നു ആദ്യം തീരുമാനം. ഇതിനായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിയോട് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ടു.18 ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യപ്പെട്ട ആറ് കോടി രൂപ നല്‍കാനില്ലാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.പൊലീസിന്റെ നടപടിക്കെതിരെ പരാതിപ്പെടണമെന്ന ആവശ്യം വിദ്യാഭ്യാസ വകുപ്പില്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
അതേസമയം നേരത്തെ പൊലീസിനെ വിശ്വസിച്ചു പരീക്ഷയുടെ സമയ ക്രമം മാറ്റിയ വിദ്യാഭ്യാസ വകുപ്പ് പോലീസിന്റെ ഇപ്പോഴത്തെ തീരുമാനത്തോടെ വെട്ടിലായിരിക്കുകയാണ്. മുൻവർഷങ്ങളിൽ ഉച്ചയ്‌ക്കുശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ രാവിലെ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ബാങ്കുകളിലെയും ട്രഷറികളിലെയും ലോക്കറുകളില്‍ ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്നപ്പോള്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷകള്‍ നടത്തിയിരുന്നത്. ഒരു പ്രദേശത്ത് ഒരു ബാങ്കിലായിരിക്കും വിവിധ സ്‌കൂളുകളിലെ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുക. ഇവിടെയെത്തി പൊലീസ് സുരക്ഷയോടെ ചോദ്യ പേപ്പറുകള്‍ സ്വീകരിച്ച് പരിശോധിച്ച് ഉറപ്പു വരുത്തി സ്‌കൂളുകളില്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയെങ്കില്‍ ചോദ്യ പേപ്പറുകള്‍ ശേഖരിച്ച് പരിശോധിച്ച് അതത് സ്‌കൂളുകളില്‍ എത്തിക്കാന്‍ ആവശ്യമായ സമയം ലഭിക്കും. ഇതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നിയോഗിക്കുന്ന സംഘങ്ങള്‍ രാവിലെ എട്ടു മണി മുതല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു പതിവ്. പരീക്ഷ സമയത്തിനും ഒരു മണിക്കൂര്‍ മുൻപെങ്കിലും ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തുമായിരുന്നു.പരീക്ഷ രാവിലെയായി നിശ്ചയിച്ചതോടെ കൃത്യ സമയത്ത് ചോദ്യ പേപ്പറുകള്‍ എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 9.45 ന് തുടങ്ങുന്ന പരീക്ഷയ്ക്ക് 8.45ന് മുൻപ് സ്‌കൂളുകളില്‍ ചോദ്യ പേപ്പറുകള്‍ എത്തിക്കണമെങ്കില്‍ പുലര്‍ച്ചെ നാലു മണിയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടി വരും. ഇതിനെതിരെ അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ച ശേഷമായിരുന്നു ടൈംടേബിള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്.എന്നാൽ സുരക്ഷയൊരുക്കാൻ പോലീസ് വൻതുക ആവശ്യപ്പെട്ടതിനെ തുടർന്ന് ചോദ്യപേപ്പറുകൾ ട്രെഷറികളിൽ തന്നെ സൂക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.