കണ്ണൂര്‍: കണ്ണൂരില്‍ കൊറോണ വൈറസ് (കൊവിഡ് 19) ബാധ സ്ഥിരീകരിച്ച ആള്‍ക്കൊപ്പം ദുബായിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ഏഴുപേരെ നാട്ടിലെത്തിച്ചു. അര്‍ധരാത്രിയോടെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഇവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. നേരത്തേ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. ഇവരും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുമായി നേരിട്ട് ഇടപഴകിയ പതിനഞ്ച് പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇവര്‍ ഇടപഴകിയ ആളുകളുടെ രണ്ടാംഘട്ട സമ്പർക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. ഇന്ന് മന്ത്രി ഇപി ജയരാജന്റെ അധ്യക്ഷതയില്‍ കണ്ണൂരില്‍ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും. നിലവില്‍ മുപ്പത് പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 200 പേരാണ് വീടുകളില്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.ജില്ലയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരത്ത് രണ്ട് ഐസോലേഷന്‍ വാര്‍ഡുകള്‍ കൂടി തുറന്നിട്ടുണ്ട്.അതേസമയം സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം 19 ആയി. തിരുവനന്തപുരത്ത് രണ്ട് പേര്‍ക്കും വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുന്ന ഇറ്റാലിയന്‍ പൗരനുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 5468 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
പത്തനംതിട്ട:പത്തനംതിട്ട ജില്ലയിൽ നിന്നും ആശ്വാസ വാർത്ത.ജില്ലയിൽ കൊവിഡ് 19 ബാധ സംശയിച്ച് ഐസൊലേഷൻ വാർഡിൽ കഴിയുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. രണ്ട് വയസുള്ള രണ്ട് കുട്ടികളടക്കമുള്ളവരുടെ പരിശോധനാ ഫലമാണ് ലഭിച്ചത്. ഇപ്പോള്‍ പുറത്തുവന്ന ഫലം ജനങ്ങള്‍ക്ക് ആശ്വാസം പകരുന്നതും വൈറസിനെ അതിജീവിക്കുമെന്ന ആത്മവിശ്വാസം നല്‍കുന്നതുമാണെന്ന് കലക്ടര്‍ പിബി നൂഹ് വ്യക്തമാക്കി.അതേസമയം ലഭിക്കാനുള്ള 23 ഫലങ്ങളില്‍ 7 എണ്ണം ആവര്‍ത്തിച്ചുള്ള പരിശോധനക്ക് അയച്ചതാണെന്നും ഇതില്‍ ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും കലക്ടര്‍ പറഞ്ഞു.നിലവില്‍ രോഗലക്ഷണങ്ങളോടെ പുതുതായി ആറു പേരെക്കൂടി പത്തനംതിട്ടയില്‍ ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 17 പേരും ജില്ലാ ആശുപത്രിയില്‍ 10 പേരും തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലെ ഓരാളുമുള്‍പ്പെടെ 28 പേരാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
കോവിഡ് 19;കണ്ണൂരിൽ രോഗബാധ സ്ഥിരീകരിച്ചയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ കോവിഡ്-19 സ്ഥിരീകരിച്ച ആളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.ഇയാളുടെ അമ്മയും ഭാര്യെയും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.ഇയാളുമായി അടുത്ത് ഇടപഴകിയ ആളുകളെ കേന്ദ്രീകരിച്ചു സമ്പർക്കപ്പട്ടിക തയാറാക്കുകയാണ് ആരോഗ്യ വകുപ്പ്.ദുബായില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശിക്കും ഖത്തറില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിക്കുമാണ് പുതുതായി കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്.ഇറ്റലിയില്‍നിന്നെത്തിയ തിരുവനന്തപുരം സ്വദേശിക്കും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇറ്റലിയില്‍നിന്നു ദുബായ് അടക്കം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചശേഷം തിരുവനന്തപുരത്തെത്തിയ ഇയാൾ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.നേരത്തെ രോഗം സ്ഥിരീകരിച്ച ഇറ്റലിയില്‍നിന്നെത്തിയ റാന്നി സ്വദേശി സഞ്ചരിച്ചിരുന്ന വിമാനത്തിലാണ് ഇദ്ദേഹവും സഞ്ചരിച്ചിരുന്നതെന്നാണു സൂചന. ഇദ്ദേഹം വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.ഇതോടെ സംസ്ഥാനത്ത് 20 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ ചികിത്സയിലായിരുന്ന മൂന്നുപേര്‍ പൂര്‍ണസുഖം പ്രാപിച്ചു. 4,180 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 270 പേർ ആശുപത്രികളിലും 3910 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.ഇതുവരെ പരിശോധനയ്ക്ക് അയച്ച 453 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണ്. 65 പേര്‍ ഇന്നലെ മാത്രം ചികിത്സ തേടി.
സംസ്ഥാനത്ത് രണ്ടുപേർക്ക് കൂടി കൊറോണ; രോഗബാധ സ്ഥിതീകരിച്ചത് കണ്ണൂർ,തൃശൂർ സ്വദേശികൾക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശി ദുബായില്‍ നിന്നും തൃശൂര്‍ സ്വദേശി ഖത്തറില്‍ നിന്നുമാണ് നാട്ടിലെത്തിയത്.കണ്ണൂര്‍ സ്വദേശിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഖത്തറില്‍ നിന്ന് എത്തിയ തൃശൂര്‍ സ്വദേശി തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ റിപോര്‍ട്ട് ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതോടെ സംസ്ഥാനത്ത് കോവിഡ്19 ബാധിച്ചവരുടെ ആകെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് പേര്‍ നേരത്തെ രോഗവിമുക്തരായിരുന്നു. 16 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് 4180 പേര് നിരീക്ഷണത്തില് കഴിയുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 3910 പേര്‍ വീടുകളിലും 270 പേര്‍ ആശുപത്രിയിലും ആണ് തിരുവനന്തപുരം കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 900 പേരാണ് പുതുതായി രോഗ സാധ്യതാ ലിസ്റ്റിലേക്ക് വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രായമായവരിലേക്കും മറ്റു രോഗബാധിതരിലേക്കും രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രായമായവര്‍ക്ക് രോഗബാധ ഉണ്ടായാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അതെസമയം രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ഇന്ന് പുറത്തുവന്ന രണ്ട് കോവിഡ് 19 പരിശോധനാഫലങ്ങളും നെഗറ്റീവ്
പത്തനംതിട്ട:പത്തനംതിട്ടയിൽ ഇന്ന് പുറത്തുവന്ന പുതിയ രണ്ട് കോവിഡ് 19 പരിശോധന ഫലങ്ങളും നെഗറ്റീവ്. ഹൈ റിസ്ക് വിഭാഗത്തിലുൾപ്പെട്ടവരുടേത് ഉൾപ്പെടെ 12 സാമ്പിളുകളുടെ പരിശോധന ഫലങ്ങൾ കൂടി ഇന്ന് ലഭിച്ചേക്കുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. 27 പേരാണ് നിലവിൽ ജില്ലയിൽ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയുന്നത്.കഴിഞ്ഞ ദിവസം ലഭിച്ച 10 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവ് ആയതിന് പിറകേയാണ് ഇന്ന് പുതുതായി ലഭിച്ച 2 പരിശോധനഫലങ്ങൾ കൂടി നെഗറ്റീവ് ആയത്. നേരത്തെ രോഗം സ്ഥിരീകരിച്ച 5 പേരുടെ സാമ്പിളുകളുടെ റിപ്പിറ്റഡ് ടെസ്റ്റിലും പരിശോധനഫലം പോസിറ്റീവ് ആയി തുടരുകയാണ്.രോഗം സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ആരോഗ്യവകുപ്പിന്റെ ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെടുന്ന ആളുകളുടെയടക്കമുള്ള പരിശോധനഫലമാണ് ഇനി ലഭിക്കാനുള്ളത്.നിലവിൽ ആശുപത്രികളിൽ ഐസോലേഷനിൽ കഴിയുന്ന എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വീടുകളിൽ 969 ആളുകളും ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. അതേസമയം മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. കൊറോണ ഭീതി നിലനിൽക്കുന്നതിനാൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തി കർശന നിയന്ത്രണങ്ങളോടെയാണ് നട തുറക്കുക.
കോവിഡ് 19;കണ്ണൂർ ജില്ലയില്‍ 170 പേര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍: കോവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 170 പേർ.ഇതിൽ ൭പേർ ആശുപത്രികളിലും ബാക്കി 163 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്.കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഒരാളും പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ആറുപേരുമാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.തലശ്ശേരി ജനറല്‍ ആസ്പത്രി ഐസൊലേഷന്‍ വാര്‍ഡിലുണ്ടായിരുന്ന ഒരാള്‍ ആശുപത്രി വിട്ടു .16 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.അതേസമയം ജില്ലാ ആസ്പത്രിയില്‍ 15 കിടക്കകളും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ 25 കിടക്കകളും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 30 കിടക്കകളും ഐ.സി.യു. സൗകര്യത്തോടുകൂടിയുള്ള ആറുകിടക്കകളും ഐസൊലേഷന്‍ വാര്‍ഡില്‍ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു .
കൊറോണ വൈറസ്;ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പോകും
ഡല്‍ഹി:ഇറ്റലിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് കൊറോണ പരിശോധനയ്ക്കായി ഇന്ത്യന്‍ മെഡിക്കല്‍ സംഘം ഇന്ന് ഇറ്റലിയിലേക്ക് പുറപ്പെടും. സ്രവ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.വിമാനത്താവളത്തില്‍ കുടുങ്ങിയ ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന പരാതി പരിശോധിച്ച് നടപടിയുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇറ്റലിയില്‍ നിന്ന് നേരത്തെ 83 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. മിലാനില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ ഇവരെ മനേസറിലെ സൈനിക ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍ നിന്ന് ഇന്നലെ കൊച്ചിയിലെത്തിയ 52 പേരില്‍ 9 പേരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 18 പേരെ ആലുവ താലൂക്ക് ആശുപത്രിയും നിരീക്ഷണത്തിലാക്കി. ബാക്കി 25 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.ഇന്ത്യയിൽ 17 സംസ്ഥാനങ്ങളിലായി 63 പേർക്കാണ് കോവീഡ് 19 സ്ഥിതീകരിച്ചിരിക്കുന്നത്.പുതിയ കേസുകള്‍ സ്ഥിതീകരിക്കുന്ന സ്ഥലങ്ങളില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി.രാജ്യത്തെ 22 അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിസ അനുവദിക്കുന്നതിലും ഏപ്രിൽ 15 വരെ കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ത്യയിലുള്ള വിദേശികൾ വിസ ആവശ്യങ്ങൾക്കായി റജിസ്ട്രേഷൻ ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു.
കൊറോണ വൈറസ്:പത്തനംതിട്ടയിൽ പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്
പത്തനംതിട്ട:കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന പത്തു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്.രോഗലക്ഷണമുള്ള 24 പേരുടെ പരിശോധനാ ഫലത്തില്‍ ഇന്ന് ഉച്ചയ്ക്ക് ലഭിച്ചത് അഞ്ച് പേരുടെ ഫലമാണ്. ഇത് അഞ്ചും നെഗറ്റീവായിരുന്നു. വൈകുന്നേരത്തോടെ അഞ്ച് പേരുടെ കൂടി ഫലം ലഭിച്ചപ്പോള്‍ അവര്‍ക്കും വൈറസ് ബാധയില്ലെന്ന് തെളിഞ്ഞു. മാര്‍ച്ച് 10ന് സാമ്പിള്‍ അയച്ച 12 പേരുടെ ഫലം നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷ.പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്ന 28 പേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് കലക്ടര്‍ പറഞ്ഞു. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വലിയ അളവില്‍ പ്രാഥമിക സമ്പര്‍ക്കം ഉണ്ടായതിനാല്‍ കുറച്ച് ആളുകള്‍ കൂടി രോഗലക്ഷണങ്ങള്‍ കാണിച്ചേക്കാം. ഇങ്ങനെയുള്ളവരെ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളിലേക്കു മാറ്റും.നിലവില്‍ 900 പേരാണ് ജില്ലയില്‍ വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതിനാല്‍ അവരുടെ ലിസ്റ്റ് തയ്യാറാക്കി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവര്‍ പുറത്തിറങ്ങുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച രോഗികള്‍ സന്ദര്‍ശിച്ച സ്ഥലങ്ങളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടതിനെ തുടര്‍ന്ന് 30പേര്‍ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് 19 മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് 19 മൂലമുള്ള മരണസാധ്യത തള്ളിക്കളയാനാവില്ലെന്ന് ആരോഗ്യമന്ത്രി.അതീവ സാഹസികമായിട്ടാണ് ആരോഗ്യവകുപ്പ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി, സഭയെ അറിയിച്ചു. കോവിഡ് നയന്‍റീന്‍ നേരിടുന്നതിനെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു കെ കൈ ശൈലജ.സംസ്ഥാനത്ത് 14 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 85 വയസുള്ള രോഗിയുടെ ആരോഗ്യ നില ഗുരുതരമാണ്. ഇറ്റലിയില്‍ നിന്നും വന്ന കോവിഡ് ബാധിതരുടെ അടുത്ത ബന്ധുവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്.മറ്റുള്ളവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ പരിശോധനക്കയച്ച 12 പേരുടെ സാമ്ബിളുകളുടെ ഫലം വൈകീട്ടോടെ ലഭിക്കും. നിലവില്‍ സാമ്ബിള്‍ ആലപ്പുഴയിലേക്കാണ് അയക്കുന്നത്. രണ്ട് മെഡിക്കല്‍ കോളജുകള്‍ക്ക് കൂടി പരിശോധനക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇനി പരിശോധന ഫലം വേഗത്തിലാവും.
അതേസമയം പത്തനംതിട്ടയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി. ഇറ്റലിയില്‍ നിന്ന് വന്ന കുടുംബത്തിന്റെയും രോഗം സ്ഥിരീകരിച്ച മറ്റുള്ളവരുടെയും റൂട്ട് മാപ്പാണ് തയ്യാറാക്കിയത്. രോഗബാധിതരുമായി നേരിട്ടും, അല്ലാതെയും ഇടപഴകിയ 800 ലധികം ആളുകളെയും തിരിച്ചറിഞ്ഞു. റൂട്ട്മാപ്പില്‍ ഉള്‍പ്പെട്ടവര്‍ 9188297118, 9188294118 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.റൂട്ട് മാപ്പ് കണ്ടതിന് ശേഷം 30 പേര്‍ ആരോഗ്യവകുപ്പിനെ സമീപിച്ചുവെന്നും ഇനിയും കൂടുതല്‍ ആളുകള്‍ സമീപിക്കുമെന്നാണ് പ്രതീക്ഷയെന്നും പത്തനംതിട്ട കലക്ടര്‍ പിബി നൂഹ് അറിയിച്ചു. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുന്ന സാഹചര്യമുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.രോഗ ബാധിതര്‍ ആദ്യം ചികിത്സ തേടി എത്തിയ കോട്ടയം തിരുവാര്‍പ്പിലെ ക്ലിനിക് പൂട്ടിച്ചു.
സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14 ആയി;ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരം
തിരുവനന്തപുരം:ഇന്നലെ രണ്ടുപേർക്ക് കൂടി രോഗബാധ സ്ഥിതീകരിച്ചതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 14 ആയി.ഇറ്റലിയില്‍ നിന്നുവന്ന് രോഗം സ്ഥിരീകരിച്ച എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള മൂന്ന് വയസ്സുകാരന്റെ അച്ഛനും അമ്മക്കും ആണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.ഇവരുടെ നില തൃപ്തികരമാണ്. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന 4 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും നേരത്തെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ നിലവില്‍ സംസ്ഥാനത്ത് കോവിഡ് 19 രോഗം ബാധിച്ച 14 ആയി.അതേസമയം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 85 വയസിന് മുകളില്‍ പ്രായമുള്ള രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ.ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്നും മന്ത്രി വ്യക്തമാക്കി.എറണാകുളത്ത് ചികിത്സയിലുള്ളവരോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ് അധികൃതർ.ആരുമായിട്ടൊക്കെ ഇവര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടു എന്നതാണ് പ്രധാന അന്വഷണം.അവസാനമായി ബന്ധപ്പെട്ട ആളിനെ വരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ്. നിലവിൽ സംസ്ഥാനത്ത് 1495 പേരാണ് നിരീക്ഷണത്തിലുള്ളത്.1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലും. സംശയം തോന്നിയ 980 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 815 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 9 പരിശോധനകള്‍ നടത്തി.ഇവയെല്ലാം നെഗറ്റീവാണ്.തൃശൂര്‍ മെഡിക്കല്‍ കോളേജിലും രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിലും പരിശോധന നടത്താൻ കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്.