കണ്ണൂര്‍: കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവ്. മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായതോടെ കേരളത്തില്‍ രോഗവിമുക്തി നേടുന്ന നാലാമത്തെയാളാണിത്. ഇയാളുടെ രോഗം മാറിയെങ്കിലും 14 ദിവസം നിരീക്ഷണത്തില്‍ തുടരും.ഇയാളുടെ മകന്‍, ഭാര്യ ,അമ്മ, ചികിത്സിച്ച ഡോക്ടര്‍ എന്നിവര്‍ക്ക് രോഗം പിടിപെട്ടിട്ടില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ദുബായില്‍ നിന്നെത്തിയ രോഗിയുമായി അടുത്ത് ഇടപെഴകിയവരാണ് ഇവര്‍.ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന ഇയാള്‍ മാര്‍ച്ച് മൂന്നിന് പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ന്ന് മാര്‍ച്ച് അഞ്ചിന് രാത്രി ഒൻപതുമണിക്ക് സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് കോഴിക്കോട് ഇറങ്ങിയത്.പ്രദേശത്തെ ഒരു ക്ലിനിക്കില്‍ പരിശോധനക്ക് ശേഷമാണ് ഏഴാം തീയതി പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായത്. നാല് ദിവസം കഴിഞ്ഞ് പ്രകടമായ രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാൽ ഇയാളെ ഡിസ്ചാര്‍ജ് ചെയ്തു.പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
കൊറോണ ബാധിച്ച് ഒരാൾ കൂടി മരിച്ചു;രാജ്യത്ത് മരണം മൂന്നായി
ന്യൂഡൽഹി:രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്.ഭാര്യക്കും മകനുമൊപ്പം ദുബൈയില്‍ നിന്നെത്തിയ ഇയാളെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്.തുടര്‍ന്ന് കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യക്കും മകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ഇവരും കസ്തൂര്‍ബാ ആശുപത്രിയില്‍ ചികിത്സയിലാണ്.കോവിഡ് 19 ബാധയെ തുടര്‍ന്നുള്ള മഹാരാഷ്ട്രയിലെ ആദ്യ മരണമാണിത്.നേരത്തെ കര്‍ണാടകയിലും ഡല്‍ഹിലുമായിരുന്നു ഓരോരുത്തര്‍ മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്.
കോഴിക്കോട് തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം;ഒരാൾ കൊല്ലപ്പെട്ടു
കോഴിക്കോട്:തൊട്ടില്‍പാലത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ലീഗ് പ്രവര്‍ത്തകനായ എടച്ചേരിക്കണ്ടി അന്‍സാര്‍ (28) ആണ് കൊല്ലപ്പെട്ടത്.ലീഗ് ഓഫീസിനുള്ളില്‍ വച്ച് കുത്തേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ലീഗ് പ്രവര്‍ത്തകന്‍ തന്നെയായ ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം.കൊല്ലപ്പെട്ട അന്‍സാറും അഹമ്മദും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അഹമ്മദിനെതിരെ അപവാദ പ്രചരണം നടത്തിയിരുന്നുവെന്നാണ് ലീഗ് നേതാക്കള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ലീഗ് പ്രാദേശിക നേതൃത്വം ഇടപെട്ട് മധ്യസ്ഥ ചര്‍ച്ചയ്ക്കായി ഇരുവരെയും വിളിച്ചിരുന്നു. തൊട്ടില്‍പ്പാലം ഓഫീസില്‍ വച്ച് ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങവെ അഹമ്മദ് ഹാജി അരയിലൊളിപ്പിച്ചിരുന്ന കത്തിയെടുത്ത് അന്‍സാറിനെ കുത്തുകയായിരുന്നു.കുത്തേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു;രോഗബാധിതരുടെ എണ്ണം 24 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറത്ത് രണ്ട് പേര്‍ക്കും കാസര്‍കോട് ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി.അതേസമയം, സംസ്ഥാനത്ത് 12,470 പേര്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.2297 സാംപിളുകള്‍ ഇന്ന് പരിശോധനയ്ക്കയച്ചു. 1693 എണ്ണം നെഗറ്റീവ് ആണ്. ഇന്ന് 72 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇന്നു ചേര്‍ന്ന സര്‍വ്വകക്ഷിയോഗം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും മാരക വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനുവരി അവസാനത്തോടെയാണ് കൊവിഡ് 19 വൈറസ് ബാധ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ല രീതിയില്‍ തന്നെ ആദ്യാവസാനം ആരോഗ്യവകുപ്പ് വൈറസ് ബാധയെ നേരിട്ടുണ്ട്.സര്‍വകക്ഷി യോഗതീരുമാനങ്ങളെ കുറിച്ചും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തെകുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നും എല്ലാവരും ഒരുമിച്ച് സഹകരിക്കുന്ന സമീപനമാണ് സര്‍വകക്ഷി യോഗത്തില്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊറോണ;ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍; അൻപതിലധികം ആളുകൾ ഒത്തുകൂടുന്നതിന് വിലക്ക്
ന്യൂഡൽഹി:കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങളുമായി ഡൽഹി സർക്കാർ.വിവാഹ ചടങ്ങുകള്‍ ഒഴികെ 50 ആളുകളിലധികം ഒത്തുചേരുന്ന ചടങ്ങുകള്‍ പാടില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ നിര്‍ദ്ദേശിച്ചു. ഡല്‍ഹിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.പൊതുചടങ്ങുകളില്‍ നിന്നും ആളുകള്‍ കഴിവതും ഒഴിവാകണം. ശുചിത്വം പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. ജിമ്മുകള്‍, നൈറ്റ് ക്ലബുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31 അടച്ചിടാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.ഷഹീന്‍ബാഗ് സമരത്തിനും നിയന്ത്രണങ്ങള്‍ ബാധകമായിരിക്കുമെന്നാണ് കേജരിവാള്‍ അറിയിച്ചത്.50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന മത, സാംസ്കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.ജനങ്ങള്‍ക്ക് 14 ദിവസം നിരീക്ഷണത്തില്‍ കഴിയാനായി പണം കൊടുത്ത് താമസിക്കാന്‍ തരത്തില്‍ മൂന്നു ഹോട്ടലുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കണ്ണൂർ പെരിങ്ങോമിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്
കണ്ണൂർ:പെരിങ്ങോമിൽ കോവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവ്. ഇയാളുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേർക്കും രോഗ ബാധ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി വൈകിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍നിന്ന് പരിശോധനാഫലം ലഭിച്ചത്. യുവാവിന്റെ ഭാര്യക്കും അമ്മയ്ക്കും പരിശോധിച്ച ഡോക്ടര്‍ക്കും രോഗബാധയില്ല. ഇവരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ടും ഞായറാഴ്ച ലഭിച്ചു.നിലവില്‍ യുവാവ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്.അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു പരിശോധനാഫലം കൂടി നെഗറ്റീവായാലേ രോഗബാധയില്ലെന്ന് പ്രഖ്യാപിക്കാനാകൂവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഇയാളുടെ കുട്ടിയുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും.ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാമ്പിളുകളുടെ ഫലമാണ് ഇന്നലെ പുറത്ത് വന്നത്. ഇവയെല്ലാം നെഗറ്റീവ് ആണ്. 17 പേരുടെ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.
കൊവിഡ് 19 ജാഗ്രതക്കിടെ റിയാലിറ്റി ഷോ താരത്തിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ സ്വീകരണം; കേസെടുത്ത് ജില്ലാ കലക്റ്റർ
കൊച്ചി:സംസ്ഥാനത്ത് കോവിഡ് 19 ജാഗ്രത നിലനിൽക്കുന്നതിനിടെ റിയാലിറ്റി ഷോ താരത്തിന് നെടുമ്പാശ്ശേരി എയർപോർട്ടിൽ സ്വീകരണം നൽകിയതിനെതിരെ കേസെടുത്ത് എറണാകുളം ജില്ലാ കലക്റ്റർ.വന്‍ജനക്കൂട്ടം തടിച്ചുകൂടിയ സംഭവത്തില്‍ എണ്‍പതോളം പേര്‍ക്കെതിരെ കേസെടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു.പേരറിയാവുന്ന നാലുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയുമാണ് നിയമലംഘനത്തിന് കേസെടുത്തതെന്ന് കലക്ടര്‍ ഫേസ്ബുക്ക് പോസ്റ്റ് വഴി വ്യക്തമാക്കി.കോവിഡ് 19 വ്യാപനം ആശങ്കാജനകമാകുന്നതിനിടെയാണ് കഴിഞ്ഞദിവസം ബിഗ്‌ബോസ് റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ രജിത് കുമാറിന് സ്വീകരണമൊരുക്കാന്‍ വന്‍ജനക്കൂട്ടം വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.
കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകം മുഴുവന്‍ ജാഗ്രതയില്‍ നില്‍കുമ്ബോള്‍ ഒരു റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയും ഫാന്‍സ് അസോസിയേഷനും ചേര്‍ന്ന് കൊച്ചി എയര്‍പോര്‍ട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്. ജാഗ്രതയുടെ ഭാഗമായി മതരാഷ്ട്രീയ സാമുദായിക സംഘടനങ്ങള്‍ പോലും എല്ലാ വിധ സംഘം ചേര്‍ന്ന പ്രവര്‍ത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ക്കു മുന്‍പില്‍ കണ്ണടക്കാന്‍ നിയമപാലകര്‍ക്കു കഴിയില്ല. പേരറിയാവുന്ന നാല് പേര്‍ക്കും കണ്ടാലറിയാവുന്ന മറ്റു 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസെടുത്തതായി കലക്റ്റർ ഫേസ്‍ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല.ഇങ്ങനെ ചില ആളുകള്‍ നടത്തുന്ന കാര്യങ്ങള്‍ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുന്‍പില്‍ അവമതിപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും കലക്റ്റർ പറഞ്ഞു.
കോവിഡ് ബാധ സ്ഥിതീകരിച്ച ബ്രിട്ടീഷ് പൗരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ;യാത്രക്കാരെ വിമാനത്തിൽ നിന്നും തിരിച്ചിറക്കി
കൊച്ചി: അധികൃതരുടെ കണ്ണുവെട്ടിച്ച് മൂന്നാറില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ ബ്രിട്ടീഷ് പൗരനായ കൊറോണ ബാധിതന്‍ ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു.നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി എമിറേറ്റ്സ് വിമാനത്തില്‍ കയറിയ ഇയാളെ തിരിച്ചിറക്കി. കൊച്ചിയില്‍ നിന്ന് ദുബൈയിലേക്ക് പോകുന്ന വിമാനത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കൊപ്പം19 അംഗ സംഘത്തെയും തിരിച്ചിറക്കിയിട്ടുണ്ട്.വിമാനത്തിലുണ്ടായിരുന്ന 270 പേരേയും പരിശോധനയ്ക്കായി തിരിച്ചിറക്കി.ഈ മാസം ഏഴിനാണ് 19 പേരുമായി ഇയാൾ മൂന്നാറില്‍ വിനോദയാത്രക്കെത്തിയത്.മൂന്നാര്‍ ടീ കൗണ്ടി റിസോട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.പത്താം തീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു.ആദ്യ ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും രണ്ടാമത്തെ ഫലം കൂടി ലഭിച്ചതിന് ശേഷം മാത്രമേ തിരികെ മടങ്ങാവൂ എന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചുകൊണ്ടാണ് ഇവര്‍ യാത്രക്കൊരുങ്ങിയത്.ഞായറാഴ്ച രാവിലെയാണ് ബ്രിട്ടീഷ് പൗരന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
പെരുമ്പാവൂരിൽ വാഹനാപകടം;ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
എറണാകുളം:പെരുമ്പാവൂരിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു.നിര്‍ത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ ഹനീഫ, ഭാര്യ സുമയ്യ, സഹോദരന്‍ ഷാജഹാന്‍ എന്നിവരാണ് മരണമടഞ്ഞത്.എം സി.റോഡിൽ പുലർച്ചെ 3.30നാണ് അപകടമുണ്ടായത്.മലപ്പുറത്തുനിന്നും മുണ്ടക്കയത്തേയ്ക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹങ്ങള്‍ പെരുമ്പാവൂർ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.അപകടകാരണം വ്യക്തമല്ല.കാർ ഡ്രൈവര്‍ ഉറങ്ങിയതാവാം എന്നാണ് സംശയിക്കുന്നത്.
കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍;മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം നല്‍കും
ന്യൂഡൽഹി:കോവിഡ് 19 ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍;മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം ധനസഹായം നല്‍കും.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം നല്‍കുമെന്ന് കേന്ദ്രം അറിയിച്ചു. കൊറോണ രോഗബാധയെ പ്രഖ്യാപിത ദുരന്തം എന്ന നിലയ്ക്കാണ് കാണുക. സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫണ്ടില്‍ നിന്ന് ചികിത്സയ്ക്ക് സഹായവും നല്‍കും.കൊറോണ ബാധിതരുടെ ചികിത്സാചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി എത്രത്തോളം സൗകര്യങ്ങള്‍ ആവശ്യമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി വിലയിരുത്തണമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനിടെ അപായം സംഭവിക്കുന്നവരുടെ കുടുംബാംഗങ്ങള്‍ക്കും ധനസഹായം ഉറപ്പാക്കും. മരണകാരണം വ്യക്തമാക്കുന്ന ഉത്തരവാദിത്തപ്പെട്ടവരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സഹായധനം അനുവദിക്കുകയെന്നും കത്തില്‍ പറയുന്നു.നിലവില്‍ രാജ്യത്ത് 88 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.രോഗബാധയെ തുടര്‍ന്ന് ഇതുവരെ രണ്ടുപേരാണ് രാജ്യത്ത് മരിച്ചത്.