കാസര്‍കോട് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചയാള്‍ നൽകുന്നത് തെറ്റായ വിവരങ്ങൾ;റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് കലക്ടര്‍

keralanews man identified with corona virus in kasarkode is giving false information collector said could not prepare route map

കാസര്‍കോട്:ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച രോഗി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കാസര്‍കോട് കലക്ടര്‍. സന്ദര്‍ശന വിവരങ്ങള്‍ ഇയാൾ നൽകുന്നില്ല.തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്.  ഇതുമൂലം റൂട്ട് മാപ്പ് തയ്യാറാക്കാന്‍ കഴിയുന്നില്ല. രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നു.സാഹചര്യത്തിന്‍റെ ഗൌരവം രോഗി മനസ്സിലാക്കുന്നില്ല.ഇയാൾ പലതും മറച്ചുവെക്കുന്നുന്നതായും കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ ദിവസം ഇദ്ദേഹവുമായി ബന്ധപ്പെട്ട 1000 പേരുടെ ഹൈ റിസ്ക് പട്ടിക ആരോഗ്യ വകുപ്പ് തയാറാക്കിയിരുന്നു.ഇനിയും കൂടുതല്‍ പേരുടെ പട്ടിക തയാറാക്കേണ്ടി വരുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. രണ്ട് കല്യാണ ചടങ്ങുകള്‍, ഫുട്ബോള്‍ മത്സരം, വിവിധ സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം എന്നിവ ഇയാള്‍ നടത്തിയതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഒട്ടേറെ തവണ ഇയാള്‍ നഗരത്തിലെത്തിയതായും വിവരമുണ്ട്. അതേസമയം, കാസര്‍കോട് കൊറോണ സ്ഥിരീകരിച്ച വ്യക്തിയും നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തിയും നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ല എന്ന് ജില്ലാ കളക്ടര്‍ സജിത് ബാബു വ്യക്തമാക്കി. വിവരങ്ങള്‍ മറച്ചുവെച്ചും കളളം പറഞ്ഞും ഇവര്‍ പറ്റിക്കുന്നതായും കളക്ടര്‍ പറഞ്ഞു. വിദേശത്ത് നിന്ന് എത്തി നിര്‍ദേശങ്ങള്‍ പാലിക്കാതെ നാട്ടിലെ പൊതുചടങ്ങുകളിലും വിവാഹ ചടങ്ങുകളിലും പങ്കെടുത്ത കാസര്‍കോട് കുഡ്‍ല സ്വദേശി അബ്ദുല്‍ ഖാദറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും എത്തുന്നവര്‍ പാലിക്കേണ്ട സമ്പർക്ക വിലക്ക് ലംഘിച്ചതിനാണ് കേസ്. ഇയാള്‍ ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ച്‌ ഐസൊലേഷനില്‍ കഴിയുന്ന വ്യക്തിയുടെ സുഹൃത്താണ്.നാട്ടുകാരുടെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

കോവിഡ് 19;കാസര്‍കോട് ജില്ലയിൽ കര്‍ശനനിയന്ത്രണങ്ങള്‍; ഓഫീസുകള്‍ ഒരാഴ്ചയും ആരാധനാലയങ്ങള്‍ രണ്ടാഴ്ചയും അടച്ചിടും

keralanews covid19 govt with strict regulations in kasarkode district Offices will be closed for one week and shrines will remain closed for two weeks

കാസര്‍കോട്: ജില്ലയില്‍ വെള്ളിയാഴ്ച ആറുപേര്‍ക്ക് കോവിഡ്19 രോഗബാധ സ്ഥിരീകരിച്ചതോടെ കര്‍ശന നിയന്ത്രണങ്ങളുമായി സർക്കാർ.ഇത് സംബന്ധിച്ച്‌ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളും മറ്റ് പൊതു, സ്വകാര്യ ഓഫീസുകളും ഒരാഴ്ച അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം.കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ മാത്രം പ്രവര്‍ത്തിക്കും. അവശ്യസര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.ക്ലബ്ബുകളും സിനിമാശാലകളും രണ്ടാഴ്ച പ്രവര്‍ത്തിക്കില്ല. പൊതുസ്ഥലങ്ങളായ പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല. ഓഫീസുകള്‍ അവധിയാണെങ്കിലും ജീവനക്കാര്‍ ജില്ല വിട്ടുപോകരുത്.കളക്ടര്‍ ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജോലിയില്‍ പ്രവേശിക്കാന്‍ അവര്‍ സന്നദ്ധരായിരിക്കണം.മൃഗ ചികിത്സ മേഖലയില്‍ അത്യാവശ്യ സേവനങ്ങള്‍ ഒഴികെയുള്ള മറ്റ് സേവനങ്ങള്‍ അടുത്ത ഒരാഴ്ചത്തേയ്ക്കു നിര്‍ത്തി വെച്ചു.എല്ലാ വെറ്ററിനറി സബ് സെന്ററുകളുടെയും പ്രവര്‍ത്തനവും ഒരാഴ്ച്ചത്തേയ്ക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. മൃഗാശുപത്രികളുടെ പ്രവര്‍ത്തന സമയം 10 മണി മുതല്‍ 1മണി വരെയായി ചുരുക്കിയതായും അധികൃതര്‍ അറിയിച്ചു.ഈ നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188 ആം സെക്ഷന്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി കണക്കാക്കും.1897 ലെ പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷന്‍ 2(1) പ്രകാരം നടപടികള്‍ക്ക് കാസര്‍കോട് കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും അധികാരമുണ്ട്. മാര്‍ച്ച്‌ 21ന് വെളുപ്പിന് 12 മണിമുതല്‍ ഉത്തരവ് പ്രാബല്യത്തിലുണ്ട്.

കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ്‌ അവിശ്വാസ പ്രമേയം പാസായി; ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് പുറത്തേക്ക്‌

keralanews ldf passes no confidence motion on kannur corporation

കണ്ണൂര്‍:കണ്ണൂര്‍ കോര്‍പറേഷനില്‍ ഡെപ്യുട്ടി മേയര്‍ പി കെ രാഗേഷിന് എതിരെ സിപിഐ എം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യു ഡി എഎഫിന്റെ കക്കാട് വാര്‍ഡ് കൗണ്‍സിലറായ മുസ്ലീം ലീഗ് അംഗം കെപിഎ സലീം അനുകൂലിച്ച്‌ വോട്ട് ചെയ്തതോടെയാണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ പികെ രാഗേഷിന് സ്ഥാനം ഒഴിയേണ്ടി വരും.28 വോട്ടുകള്‍ക്കാണ് അവിശ്വാസപ്രമേയം പാസായത്. വെള്ളിയാഴ്ച രാവിലെ നടന്ന കൗണ്‍സില്‍ യോഗത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തിയിരുന്നത്. വോട്ടെടുപ്പ് യുഡിഎഫ് ബഹിഷ്ക്കരിച്ചിരുന്നു.എല്‍ഡിഎഫിനൊപ്പം പി.കെ രാഗേഷ് നിലയുറപ്പിച്ചതോടെയാണ് എല്‍ഡിഎഫിന് കോര്‍പറേഷന്‍ ഭരണം കിട്ടിയത്.എന്നാൽ വിയോജിപ്പുകളെല്ലാം പറഞ്ഞു തീർത്ത് രാഗേഷ് ആറ് മാസം മുൻപ് യുഡിഎഫിലേക്ക് മടങ്ങിയതോടെ യുഡിഎഫ് കോർപറേഷൻ ഭരണം പിടിച്ചെടുത്തു. രാഗേഷിനെതിരേ അവിശ്വാസം പാസായതോടെ ഇനി തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനപ്രകാരം വൈകാതെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.പികെ രാഗേഷിന്റെ ധാര്‍ഷ്ട്യത്തിനെതിരെയാണ് താന്‍ വോട്ട് ചെയ്തതെന്ന് അവിശ്വാസ പ്രമേയം പാസായ ശേഷം കെപിഎ സലീം പറഞ്ഞു. അതേസമയം പണം വാങ്ങിയുള്ള കുതിരക്കച്ചവടമാണ് വോട്ടെടുപ്പില്‍ നടന്നതെന്ന് യുഡിഎഫ്‌ ആരോപിച്ചു. ലീഗിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച്‌ വിജയിച്ച കൗണ്‍സിലറാണ് സലീം. കഴിഞ്ഞ രണ്ട് മാസമായി കെപിഎ സലീം ഒളിവിലായിരുന്നു. ലീഗിന്റെ വിപ്പ് മറികടന്ന് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതിനാല്‍ സലീമിനെതിരേ നിയമനടപടികളും തുടരും.

സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി

keralanews all exams including sslc plus two in the state were postponed

തിരുവനന്തപുരം:സംസ്ഥാനത്തെ എസ്എസ്എൽസി പ്ലസ് ടു ഉൾപ്പെടെ എല്ലാ പരീക്ഷകളും മാറ്റി.സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തലയോഗത്തിലാണ് തീരുമാനം.ഇനി നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാമാണ് മാറ്റിയത്‌. കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതലയോഗത്തില്‍ തീരുമാനമായത്.പുതിയ തീയതി പിന്നീട് തീരുമാനിക്കും.കഴിഞ്ഞദിവസം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. നേരത്തേ ഏഴാം ക്ലാസ് വരെയുള്ള എല്ലാ പരീക്ഷകളും ഒഴിവാക്കിയിരുന്നു.രാജ്യത്തെ എല്ലാ പരീക്ഷകളും മാറ്റിവെയ്ക്കാനുള്ള കേന്ദ്രം നിര്‍ദേശം വന്നിട്ടും കേരളത്തില്‍ മുന്‍നിശ്ചയിച്ച പ്രകാരം പരീക്ഷകള്‍ നടത്താനായിരുന്നു വ്യാഴാഴ്ച വരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

കോവിഡ് 19: സംസ്ഥാനത്ത് 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി;എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം;രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ പെൻഷനുകൾ ഈ മാസം

keralanews covid19 chief minister announces package of 20000crore rupees free ration for one month for all two months of social security pensions this month

തിരുവനന്തപുരം: കൊറോണ വൈറസ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ പാക്കേജുമായി പിണറായി സര്‍ക്കാര്‍.ഒരാള്‍ക്ക് കൂടി ഇന്നലെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ആകെ രോഗബാധിതരുടെ എണ്ണം 25 ആകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.സംസ്ഥാനം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കോവിഡ് സാധാരണ ജനജീവിതത്തെ ബാധിച്ചു. ഇത് സാമ്പത്തിക രംഗത്തും വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഈ ഘട്ടത്തില്‍ 20,000 കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കുടുംബ ശ്രീ വഴി 2000 കോടി വായ്പ നല്‍കും. ഏപ്രിലില്‍ നല്‍കേണ്ട സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഈ മാസം നല്‍കും.സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കുടുംബങ്ങൾക്ക് 1000 രൂപയുടെ ഒറ്റത്തവണ അധിക സഹായം നൽകും. സംസ്ഥാനത്താകെ എ.പി.എല്‍ – ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരു മാസത്തെ ഭക്ഷ്യധാന്യം അനുവദിക്കും.കുറഞ്ഞ ചെലവിൽ 20 രൂപക്ക് ഭക്ഷണം ലഭിക്കുന്ന 1000 ഭക്ഷണ ശാലകൾ തുറക്കും.ഓട്ടോ ടാക്സി ഡ്രൈവര്‍മാരെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ക്കുള്ള ഫിറ്റ്‍നസ് ചാര്‍ജില്‍ ഇളവ് നല്‍കും. അടുത്ത മൂന്ന് മാസം നല്‍കേണ്ട നികുതിയില്‍ ഒരു ഭാഗം ഇളവ് നല്‍കാന്‍ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.വൈദ്യുതി, വാട്ടര്‍ അതോറിറ്റി ബില്ലുകള്‍ പിഴ കൂടാതെ അടക്കാന്‍ ഒരു മാസത്തെ ഇളവ് അനുവദിച്ചു. എന്‍റെര്‍ടെയിന്‍മെന്‍റ് ടാക്സില്‍ തിയറ്ററുകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സർവകലാശാല പരീക്ഷകൾ മാറ്റാൻ യുജിസി നിർദേശിച്ചിട്ടുണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ച് പരീക്ഷ നടത്തുന്നതിനാൽ ഇവിടെ പരീക്ഷ മാറ്റേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോവിഡിന്‍റെ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരമൊരു ഘട്ടത്തില്‍ സേനാ വിഭാഗങ്ങളുടെ പൂര്‍ണ പിന്തുണ വേണമെന്ന് അഭ്യര്‍ഥിച്ചു. സേനകളുടെ ആശുപത്രി സൗകര്യം അടിയന്തര സാഹചരത്തിൽ വിട്ടു നൽകുമെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ മാറ്റാന്‍ ഹെലികോപ്റ്ററും മറ്റ് വാഹനങ്ങളും വിട്ട് നല്‍കാന്‍ തയ്യാറാണെന്നും സേന അറിയിച്ചിട്ടുണ്ട്. താത്ക്കാലിക ആശുപത്രികള്‍ക്ക് ആവശ്യമായ സഹായം സേനാവിഭാഗങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണയെ നേരിടാന്‍ നമുക്ക് എല്ലാവര്‍ക്കും ഒരു മനസ്സാണ്. ഈ സാഹചര്യത്തില്‍ ‘ശാരീരിക അകലം സാമൂഹിക ഒരുമ’ എന്നതാകട്ടെ നമ്മുടെ മുദ്രാവാക്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിർഭയയ്ക്ക് നീതി;നാലു പ്രതികളെയും തൂക്കിലേറ്റി

keralanews justice for nirbhaya all four accused were hanged

ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ തൂക്കിലേറ്റി.പ്രതികളായ അക്ഷയ് താക്കൂർ,പവൻ ഗുപ്ത, വിനയ് ശർമ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് ഇന്ന് പുലർച്ചെ 5.30 തീഹാർ ജയിലിൽ വെച്ച് നടപ്പിലാക്കിയത്.രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്. പ്രത്യേക തൂക്ക് തട്ട് തയ്യാറാക്കിയാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയത്.തൂക്കിലേറ്റാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ സ്റ്റേ ആവശ്യപ്പെട്ട് കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത് നാടകീയ രംഗങ്ങള്‍ക്ക് വഴി വെച്ചിരുന്നു. വധശിക്ഷ നടപ്പിലാക്കാന്‍ വിധിച്ച ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹരജി അടിയന്തരമായി പരിഗണിച്ച സുപ്രീം കോടതി വാദം കേട്ടതിന് ശേഷം തള്ളിക്കളയുകയായിരുന്നു. ജസ്റ്റിസ് ആര്‍.ഭാനുമതി അദ്ധ്യക്ഷയായ ബെഞ്ചാണ് ഹരജി തള്ളിയത്. ഒരു ബലാത്സംഗക്കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിനെതിരെയുള്ള ഹരജിയില്‍ അര്‍ധരാത്രി സുപ്രീം കോടതി വാദം കേട്ടെന്ന അപൂര്‍വതയും ഇതിലൂടെ രാജ്യത്ത് നടന്നു. കേസിലെ രണ്ട് പ്രതികളുടെ രണ്ടാമത്തെ ദയാഹരജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. പ്രതികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയെയും സമീപിച്ചിരുന്നു.

2012 ഡിസംബർ 16 നാണ് ഡൽഹിയിൽ ഓടുന്ന ബസ്സിൽ വെച്ച്‌ പാരാമെഡിക്കൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്.പെൺകുട്ടി മരണത്തിനു കീഴടങ്ങിയെങ്കിലും രാജ്യത്ത് വലിയ പ്രക്ഷോഭങ്ങൾക്കും സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമ നിർമാണങ്ങൾക്കും സംഭവം വഴിവെച്ചു. രാജ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇന്ത്യാ ഗേറ്റും രാഷ്ട്രപതി ഭവനും വളഞ്ഞു ഇതുവരെ കാണാത്ത പ്രതിഷേധത്തിനും രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ചു. 2012 ഡിസംബർ 29 നാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്. പ്രതികളായ ആറുപേരെയും പൊലിസ് അറസ്റ്റ് ചെയ്തു. 9 മാസത്തിനുള്ളില് വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ സാകേതിലെ അതിവേഗ കോടതി കേസിലെ നാലു പ്രതികൾക്കും വധശിക്ഷ വിധിച്ചു. മുഖ്യപ്രതി രാംസിംഗ് തീഹാർ ജയിലിൽ വെച്ച്‌ മരിച്ചിരുന്നു.

കോവിഡ് 19;നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍;10 വയസിന് താഴെയുള്ളവരും 65ന് മുകളിലുള്ളവരും പുറത്തിറങ്ങരുത്;50 ശതമാനം സര്‍ക്കാര്‍ ജീവനക്കാർ വീട്ടിലിരുന്ന്‌ ജോലി ചെയ്യണമെന്നും നിര്‍ദേശം

keralanews covid19 central govt tighten regulations under 10 and above 65 must not be released 50percentage of government employees should work at home

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.വിദേശത്തുനിന്നും രാജ്യത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും മാര്‍ച്ച്‌ 22 മുതല്‍ 29 വരെ റദ്ദാക്കി.യാത്രാവിമാനങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്.അതോടൊപ്പം രാജ്യത്ത് പത്തുവയസില്‍ താഴെയുള്ള കുട്ടികളും 65 വയസിന് മേലെയുള്ളവരും വീടുകളില്‍ തന്നെ തുടരണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ജോലിക്രമത്തില്‍ മാറ്റം വരുത്തി.ഗ്രൂപ്പ് ബി, സി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ 50 ശതമാനം പേര്‍ എല്ലാദിവസവും ഓഫീസില്‍ എത്തണം. പകുതി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ജീവനക്കാരുടെ സമയക്രമത്തില്‍ മാറ്റം വരുത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നതിന്റെ സൂചനയാണ് ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന്‌ ജോലി ചെയ്യാനുള്ള പുതിയ നിര്‍ദേശം.രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി 826 ഓളം സാമ്പിളുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കൊറോണയുടെ മൂന്നാംഘട്ടമായ സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്.ഇതിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം.

കേരളത്തില്‍ കോവിഡ് രോഗികളില്‍ എച്ച്.ഐ.വി മരുന്നുകള്‍ പരീക്ഷിച്ച് തുടങ്ങി

keralanews h i v medeicines are started using in covid patients in kerala

കൊച്ചി:കേരളത്തില്‍ കോവിഡ് രോഗികളില്‍ എച്ച്.ഐ.വി മരുന്നുകള്‍ പരീക്ഷിച്ച് തുടങ്ങി.എച്ച്.ഐ.വി ചികിത്സയിൽ പ്രയോജനപ്പെടുത്തുന്ന റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നീ മരുന്നുകളാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ഐസൊലേഷനില്‍ കഴിയുന്ന കോവിഡ് 19 ബാധിതനായ ബ്രിട്ടീഷ് പൌരന് നല്‍കി തുടങ്ങിയത്. ഇന്ത്യയില്‍ ആദ്യമായാണ് ഈ മരുന്നുകള്‍‌ കോവിഡ് 19 രോഗബാധിതന് ഉപയോഗിക്കുന്നത്.കോവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ ഐ.സി.യുവിൽ കഴിയുന്ന ബ്രിട്ടീഷ് പൗരന് ബുധനാഴ്ച്ച രാത്രിയോടെയാണ് എച്ച്.ഐ.വി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നൽകിതുടങ്ങിയത്.രോഗിയുടെ അനുമതിയോടെയാണിത്. ന്യൂമോണിയ ബാധിച്ചിട്ടുള്ള രോഗിക്ക് ഈ മരുന്നുകൾ നൽകാൻ സംസ്ഥാന മെഡിക്കൽ ബോർഡ് അനുമതി നൽകിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിന്‍റെ അനുമതി കൂടി ലഭിച്ചതോടെയാണ് മരുന്ന് ഉപയോഗിച്ച് തുടങ്ങിയത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യുവിന്‍റെ നേതൃത്വത്തില്‍ ചികിത്സയുടെ പ്രോട്ടോക്കോൾ പരിഷ്കരിച്ച ശേഷമാണ് ചികിത്സ ആരംഭിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് റിട്ടോണാവിര്‍, ലോപ്പിനാവിര്‍ എന്നിവ കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. ചൈനയിലെ വുഹാനിൽ ഇവ പരീക്ഷിച്ചിരുന്നു. രോഗിയുടെ പ്രതിരോധ ശേഷി വീണ്ടെടുത്ത് രോഗവിമുക്തി വേഗത്തിലാക്കാന്‍ ഈ മരുന്നുകള്‍ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

സുപ്രീംകോടതി മുന്‍ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

keralanews former supreme court chief justice ranjan gogoi sworn in as a rajya sabha member

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു അദ്ദേഹത്തിെന്‍റ സത്യപ്രതിജ്ഞ. ഗൊഗോയി സത്യപ്രതിജ്ഞക്കായി എത്തുമ്പോൾ “ഇതു നാണക്കേടെന്ന്” കോണ്‍ഗ്രസിെന്‍റ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി.ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്കെതിരായ ഏറ്റവും ഗുരുതരമായതും അഭൂതപൂര്‍വവും മാപ്പര്‍ഹിക്കാത്തതുമായ ആക്രമണങ്ങളിലൊന്നാണിതെന്ന് ഗൊഗോയിയുടെ സ്ഥാനാരോഹണത്തെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചു.നാല് മാസം മുൻപാണ്  സുപ്രീംകോടതിയില്‍ നിന്ന് ഗൊഗോയി വിരമിച്ചത്.ബാബറി മസ്ജിദ് ഉള്‍പ്പടെയുള്ള കേസുകളില്‍ നിര്‍ണായകമായ വിധി പുറപ്പെടുവിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിെന്‍റ വിരമിക്കല്‍. ഇതിന് പിന്നാലെ ഗൊഗോയിയെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നിര്‍ദേശിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി.അതേ സമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വിമര്‍ശനങ്ങളില്‍ താന്‍ വിശദീകരണം നല്‍കുമെന്ന് ഗൊഗോയ് അറിയിച്ചിരുന്നു. ഇതിനിടെ ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്തതു ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജിയും സമര്‍പ്പിക്കുകയുണ്ടായി.

ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19;രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 166 ആയി

keralanews covid19 confirmed in one person in chandigarh number of confirmed cases in the country is 166

ന്യൂഡൽഹി:ചണ്ഡീഗഡില്‍ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. യു.കെ സന്ദര്‍ശിച്ചെത്തിയ 23 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 166 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു.17 സംസ്ഥാനങ്ങളിലാണ് ഇന്ത്യയിൽ ഇതുവരെ കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയിലും ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമായി മൂന്ന് പേരാണ് രാജ്യത്ത് കോവിഡ് 19 ബാധിച്ച്‌ മരിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.