കര്‍ണാടക അതിര്‍ത്തി അടച്ചിടല്‍;കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു

keralanews karnataka boarder closed one died i kasarkode with out getting treatment

കാസർകോഡ്:ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികില്‍സ കിട്ടാതെ ഒരുരോഗി കൂടി മരിച്ചു. മഞ്ചേശ്വരം സ്വദേശി ശേഖര്‍ (49) ആണ് മരിച്ചത്. മംഗലാപുരത്തായിരുന്നു ഇദ്ദേഹം ഹൃദ്രോഗത്തിന് ചികില്‍സ തേടിയിരുന്നത്. എന്നാല്‍, ഇന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇദ്ദേഹത്തെ ചികില്‍സയ്ക്കായി കൊണ്ടുപോവാന്‍ സാധിച്ചില്ല. അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് ചികില്‍സ ലഭിക്കാതെ ഇയാള്‍ മരിക്കുകയായിരുന്നു. ഇതോടെ അതിര്‍ത്തി അടച്ചതിന്റെ പേരില്‍ ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം ആറായി.ഇന്നലെ സമാനമായ സാഹചര്യത്തിൽ മൂന്നു പേരാണ് അതിര്‍ത്തില്‍ മരിച്ചത്.അതേസമയം, കാസര്‍ഗോട്ടെ അതിര്‍ത്തി റോഡ് തുറക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ണാടക. ഇക്കാര്യത്തില്‍ തങ്ങളുടെ സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകള്‍ മനസ്സിലാക്കണമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടക നിലപാട് വ്യക്തമാക്കി. കേന്ദ്രനിര്‍ദേശം പാലിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണെന്നും രോഗികളെ ഒരുകാരണവശാലും തടയരുതെന്നും ഹൈക്കോടതി കര്‍ണാടക എജിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം;മരിച്ചത് തിരുവനന്തപുരം സ്വദേശി

keralanews second covid death reported in kerala

തിരുവനന്തപുരം:കേരളത്തിൽ രണ്ടാമത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ചികില്‍സയിലായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുള്‍ അസീസാണ്(68) മരിച്ചത്.രണ്ടുദിവസം മുൻപാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്. നിലവില്‍ മൃതശരീരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ്.ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഇന്നലെ തന്നെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.ശ്വാസകോശ സംബന്ധമായും വൃക്കസംബന്ധമായും അസുഖങ്ങളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.ഇയാള്‍ക്ക് എങ്ങനെയാണ് വൈറസ് രോഗബാധ പിടിപെട്ടതെന്നത് സംബന്ധിച്ച്‌ സ്ഥിരീകരിക്കാനായിട്ടില്ല. അയാളുടെ ആദ്യ പരിശോധനഫലം നെഗറ്റീവായിരുന്നു. ഇദ്ദേഹത്തെ ചികിത്സിച്ച നാല് ഡോക്ടര്‍മാരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്. തോന്നയ്ക്കല്‍ പിഎച്ച്‌സിയിലാണ് രോഗലക്ഷണങ്ങളുമായി ഇദ്ദേഹം ആദ്യം എത്തിയത്. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രി അധികൃതര്‍ തിരികെ വിട്ടു. പിന്നീട് മാര്‍ച്ച്‌ 21-ന് വീണ്ടും കടുത്ത രോഗലക്ഷണങ്ങളുമായി ഇദ്ദേഹം അതേ പിഎച്ച്‌സിയിലെത്തി. പിന്നീട് തൊട്ടടുത്ത ആശുപത്രിയിലേക്ക് കൂടി പോയ ഇദ്ദേഹത്തെ പിന്നീട് അവിടത്തെ ഡോക്ടറാണ് ദിശ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്.മാര്‍ച്ച്‌ 2-ന് നടന്ന ഒരു വിവാഹ ചടങ്ങില്‍ ഇദ്ദേഹം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. നാല് മരണാനന്തര ചടങ്ങുകളിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. മാര്‍ച്ച്‌ 20 വരെ ഇദ്ദേഹം പള്ളിയില്‍ പോയിട്ടുണ്ട്.രോഗലക്ഷണങ്ങളോടെ മാര്‍ച്ച്‌ 23-ന് വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്.നാട്ടിലെത്തിയ പ്രവാസികളുമായോ വിദേശികളുമായോ ഇദ്ദേഹം ഇടപെട്ടതായി ഇതുവരെ കണ്ടെത്താനായിട്ടില്ല. മാര്‍ച്ച്‌ ആദ്യവാരം മുതലുള്ള ഇദ്ദേഹത്തിന്റെ സഞ്ചാര പാത ആരോഗ്യവകുപ്പ് പുറത്തു വിട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;17 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍

keralanews covid 19 confirmed in 32 persons in the state today and 17 coming from abroad

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജില്ലയില്‍ 17 പേര്‍ക്ക് ,കണ്ണൂരില്‍ 11 പേര്‍ക്കും, വയനാട് ഇടുക്കി ജില്ലകളില്‍ 2 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 17 പേര്‍ വിദേശത്തുനിന്നെത്തിയവരും 15പേര്‍ സമ്പർക്കം മൂലവും രോഗം ബാധിച്ചവരാണ്.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 213 ആയി.ആകെ 1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേരും വീടുകളിലാണ്. ആശുപത്രികളിൽ 623 പേരാണുള്ളത്. ഇന്ന് മാത്രം 126 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6991 സാമ്പിളുകളാണ് ഇന്ന് അയച്ചിട്ടുള്ളത്.ഇതിൽ 6031 എണ്ണം നെഗറ്റീവായി. പരിശോധന വേഗത്തിലാക്കാൻ റാപ്പിഡ് ടെസ്റ്റ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതേസമയം പായിപ്പാടില്‍ അതിഥി തൊഴിലാളികളെ ഇളക്കി വിടാന്‍ ശ്രമമുണ്ടായി എന്നും കേരളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേടിയ മുന്നേറ്റങ്ങളെ താറടിച്ച്‌ കാണിക്കാനുള്ള ചില കുബുദ്ധികളുടെ ശ്രമമാണ് ഇതിന് പിന്നില്ലെന്നും കൊറോണ രോഗ അവലോകന പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം

keralanews not decided to extend lock down

ന്യൂഡൽഹി:രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ.21 ദിവസത്തിന് ശേഷം ലോക്ക്ഡൌണ്‍ നീട്ടിയേക്കുമെന്ന് വാർത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണം.ലോക്ക് ഡൗണ്‍ നീട്ടുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കാബിനെറ്റ് സെക്രട്ടറി രാജീവ് ഗൗബ അറിയിച്ചു.അതേസമയം കോവിഡ് 19 ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 29 ആയി. 1100 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 6 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.95 പേര്‍ രോഗം പൂര്‍ണമായും ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യൻ സൈന്യത്തിൽ ഒരു ഡോക്ടറടക്കം രണ്ട് പേർ കോവിഡ് ബാധിതരായി. ഏറ്റവും കൂടുതൽ മരണവും രോഗബാധയും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.രാജ്യത്തെ ജനങ്ങളെ കൊറോണ വൈറസ് എന്ന മഹാമാരിയില്‍ നിന്നും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെന്നും ചിലരുടെ അശ്രദ്ധയും, അവിവേകവും രാജ്യത്തിലെ ജനങ്ങളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിയേക്കാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ പറഞ്ഞിരുന്നു.ലോക്ക് ഡൗണിലും ചരക്കുഗതാഗതം മുടങ്ങരുതെന്നും വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും ഉറപ്പാക്കണമെന്നും കേന്ദ്രം നി‍ര്‍ദേശിച്ചു.അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കൃത്യവിലോപം കാണിച്ചെന്നാരോപിച്ച് രണ്ട് ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരെ കേന്ദ്രം സസ്പെൻഡ് ചെയ്തു. ഡൽഹി സർക്കാറിന് കീഴിലെ ഗതാഗത വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

കണ്ണൂരില്‍ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി

keralanews the number of corona confirmed persons in kannur rises to 30

കണ്ണൂർ:ജില്ലയിൽ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 30 ആയി.ഇന്നലെ 8 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.കൂത്തുപറമ്പ് മൂര്യാട് സ്വദേശികളായ മൂന്നു പേര്‍, തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശികളായ രണ്ടു പേര്‍, കോളയാട് കണ്ണവം സ്വദേശി, നടുവില്‍ കുടിയാന്‍മല സ്വദേശി,ചിറ്റാരിപ്പറമ്പ് സ്വദേശി എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂര്യാട് സ്വദേശിയായ 30 കാരന്‍ മാര്‍ച്ച്‌ 22നു ദുബായില്‍ നിന്നും മൂര്യാട് സ്വദേശി തന്നെയായ 45 കാരന്‍ ഷാര്‍ജയില്‍ നിന്ന് മാര്‍ച്ച്‌ 21നുമാണ് കണ്ണൂരിലെത്തിയത്.മറ്റൊരു മൂര്യാട് സ്വദേശി ദുബായില്‍ നിന്ന് മാര്‍ച്ച്‌ 20ന് എമിറേറ്റ്സിന്റെ ഇകെ 568 വിമാനത്തില്‍ ബാംഗ്ലൂര്‍ വഴിയാണ് കണ്ണൂരിലെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് തുടര്‍ന്ന് മൂന്നു പേരും പിന്നീട് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍  ചികിത്സക്കെത്തുകയായിരുന്നു.നടുവില്‍ സ്വദേശിയായ വ്യക്തി ദുബായില്‍ നിന്ന് മാര്‍ച്ച്‌ 20 നാണ് കരിപ്പൂര്‍ വഴി കണ്ണൂരിലെത്തിയത്.ചിറ്റാരിപ്പറമ്പ് സ്വദേശിയായ 40 കാരന്‍ ദുബായില്‍ നിന്ന് മാര്‍ച്ച്‌ 22ന് നെടുമ്പാശ്ശേരി വഴിയാണ് നാട്ടിലെത്തിയത്.നിലവില്‍ നടുവില്‍ സ്വദേശി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലും കണ്ണവം സ്വദേശി തലശ്ശേരി ജനറല്‍ ആശുപത്രിയിലും ചികിത്സയിലാണ്.

സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു;18 പേര്‍ വിദേശത്ത് നിന്നും എത്തിയവര്‍

keralanews corona virus confirmed in 20 persons in the state today and 18 coming from abroad

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 8 പേര്‍ക്കും കാസര്‍കോഡ് ജില്ലയില്‍ നിന്ന് 7 പേര്‍ക്കും തിരുവനന്തപുരം, എറണാംകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കും ആണ് രോഗം സ്ഥിരികരിച്ചത്. ഇതില്‍ 18പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.എറണാകുളത്ത് ആരോഗ്യപ്രവര്‍ത്തകനിലാണ് രോഗം സ്ഥിരീകരിച്ചത്.പത്തനംതിട്ട ജില്ലയിലെ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.നിലവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 6690 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 5518 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കോട്ടയം പായിപ്പാട് ലോക്ക് ഡൌൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി;ഭക്ഷണവും നാട്ടിലെത്താന്‍ സൗകര്യവും വേണമെന്ന് ആവശ്യം

keralanews other state workers protest in kottayam parippad violating lock down demanding food and facility to reach home

കോട്ടയം:ചങ്ങനാശ്ശേരി പായിപ്പാട് ലോക്ക് ഡൌൺ ലംഘിച്ച് ഇതരസംസ്ഥാന തൊഴിലാളികൾ തെരുവിലിറങ്ങി.പായിപ്പാട് ദേശീയപാതയിലാണ് ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് 100 കണക്കിന് തൊഴിലാളികള്‍ പ്രകടനവുമായി എത്തിയത്. കൂട്ടംകൂടരുതെന്ന കര്‍ശന നിര്‍ദ്ദേശം ലംഘിച്ചാണ് പ്രതിഷേധവുമായി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 11.30 മുതലാണ് ഇവര്‍ സംഘടിച്ച്‌ എത്താന്‍ തുടങ്ങിയത്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം ഇന്നലെ കോണ്‍ട്രാക്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പലര്‍ക്കും ഭക്ഷണം ലഭിച്ചില്ലെന്നാണ് പരാതി. നാട്ടിലുള്ളവരെയോര്‍ത്തും പലര്‍ക്കും ആശങ്കയുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് വീട്ടില്‍ എത്തണമെന്നാണ് ചിലരുടെ ആവശ്യം.തൃക്കൊടിത്താനം പോലീസ് സ്ഥലത്തെത്തി പിരിച്ചുവിടാന്‍ ശ്രമിച്ചുവെങ്കിലും പിരിഞ്ഞ് പോകാന്‍ കൂട്ടാക്കാത്തതിനേത്തുടര്‍ന്ന് പോലീസ് ലാത്തി വീശി.പൊലീസിന് അവരെ പിരിച്ചുവിടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നാട്ടിലേക്ക് പോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ഭക്ഷണവും വെള്ളവും തീര്‍ന്നു. പട്ടിണി സഹിച്ച്‌ ഇനി കഴിയാന്‍ പറ്റില്ലെന്നുമാണ് ഇവര്‍ വ്യക്തമാക്കുന്നത്. അതേസമയം പട്ടിണിയിലായിരുന്നുവെന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാദം ജില്ലാ കളക്ടര്‍ തള്ളി. തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നു. ഇക്കാര്യം നേരത്തെ തന്നെ ഉറപ്പുവരുത്തിയതാണ്. എന്നാല്‍ തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരിഗണിച്ച്‌ പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നൽകുമെന്നും കലക്റ്റർ വ്യക്തമാക്കി.

കണ്ണൂരില്‍ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു

keralanews expat under corona observation in kannur died

കണ്ണൂർ:ജില്ലയിൽ കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന പ്രവാസി മരിച്ചു.കണ്ണൂര്‍ മയ്യില്‍ സ്വദേശിയായ 65കാരനാണ് മരിച്ചത്.ഈ മാസം 21 നാണ് ഇയാള്‍ വിദേശത്തുനിന്നും നാട്ടിലെത്തിയത്.അന്നുമുതൽ ഹോം ക്വാറന്റൈന്‍ നിര്‍ദേശം അനുസരിച്ച്‌ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.വീട്ടുകാരെയെല്ലാം മറ്റുവീട്ടിലേക്ക് മാറ്റി ഒറ്റയ്ക്കായിരുന്നു താമസിച്ചത്.ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയായിരുന്നു എന്നാല്‍പരിശോധന ഫലം ലഭിച്ചിട്ടില്ല.ഭക്ഷണം വീടിന് പുറത്തുവെയ്ക്കാനാണ് കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇന്നലെ വെച്ച ഭക്ഷണം എടുക്കാതിരുന്നതോടെ ബന്ധുക്കള്‍ വീടിനുള്ളില്‍ കയറിനോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇയാള്‍ക്ക് രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവുമുണ്ടായിരുന്നു.സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാര്‍ത്ത് അറിഞ്ഞ് ഇയാള്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കൗണ്‍സിലിങ് നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;സമൂഹവ്യാപനം പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്തും;നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂർ എസ്.പി യുടെ നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി

keralanews covid 19 confirmed six more people in the state today and rapid test will be conducted to check community spread

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരത്ത് രണ്ട്, കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.നാല് പേര്‍ രോഗമുക്തരായി. കേരളത്തിലെ ആദ്യ കോവിഡ് മരണത്തിൽ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. അറുപത്തൊമ്പതുകാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് കേരളത്തില്‍ മരിച്ചത്. കേരളത്തിലെ ആദ്യത്തെ കോവിഡ് മരണമാണിത്.സമൂഹവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത് 165 പേരാണ്. 1,34,370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ശനിയാഴ്ച മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എൻട്രൻസ് പരീക്ഷ മാറ്റിവച്ചതായി മുഖ്യമന്ത്രി പറഞ്ഞു.സംസ്ഥാനത്ത് പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സംസ്ഥാനത്തെ ചില റസിഡന്റ് അസോസിയേഷനുകള്‍ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അത് അവസാനിപ്പിക്കണം.പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും അവശ്യ തടസ്സപ്പെടുത്തരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.കമ്യൂണിറ്റി കിച്ചണുകളിൽ ആവശ്യമായവർക്കു പുറമേ ആൾക്കൂട്ടം കാണുന്ന സാഹചര്യമുണ്ട്.ചിലർ പടമെടുക്കാൻ മാത്രം പോകുന്നുണ്ട്. കിച്ചണുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രം അവിടെ പോയാൽ മതിയെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 1059 കമ്മ്യൂണിറ്റി കിച്ചണുകൾ ഇതുവരെ ആരംഭിച്ചു. 52,480 പേർക്ക് കമ്മ്യൂണിറ്റി കിച്ചണിലൂടെ ഭക്ഷണം നൽകി. നാട്ടുകാരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്.പിയുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചു.അഴീക്കലില്‍ ഒരു കടയ്ക്കു മുന്നില്‍ വച്ച്‌ മൂന്നുപേരെ പരസ്യമായി ഏത്തമിടീച്ച നടപടിയാണ് വിമര്‍ശനത്തിനിടയാക്കിയത്.എസ്.പിയുടെ നടപടിയില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും പൊലീസിന്റെ യശസ്സിന് കളങ്കമേല്‍പ്പിക്കുന്നതാണ് എസ്പിയുടെ നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം, നടപടിയെ ന്യായീകരിച്ച്‌ എസ് പി യതീഷ് ചന്ദ്ര സ്വകാര്യചാനലിലൂടെ രംഗത്തെത്തി. ആളുകള്‍ പറഞ്ഞത് കേള്‍ക്കാത്തതിനാലാണ് ഇത്തരത്തില്‍ ചെയ്തതെന്നും അടിക്കാന്‍ പറ്റാത്തതിനാലാണ് ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്നുമായിരുന്നു യതീശ് ചന്ദ്രയുടെ മറുപടി.

മദ്യം ലഭിക്കാത്തതിനെ തുടർന്ന് കണ്ണൂരില്‍ യുവാവ് ജീവനൊടുക്കി

keralanews youth committed suicide after he did not get alchohol in kannur

കണ്ണൂർ:മദ്യം ലഭിക്കാത്തതിനെ തുടർന്ന്  യുവാവ് ജീവനൊടുക്കി.കണ്ണൂര്‍ വിമാനത്താവളത്തിനടുത്ത പ്രദേശമായ പനയത്താംപറമ്പ് കണ്ണാടി വെളിച്ചത്താണ് സംഭവം. ഇതോടെ മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്നാമത്തെയാളാണ് മരിക്കുന്നത്. അഞ്ചരക്കണ്ടി കണ്ണാടി വെളിച്ചം സ്‌റ്റേഡിയത്തിനടുത്ത തട്ടാന്റെ വളപ്പില്‍ രാജന്റെ മകന്‍ വിജിലാ(35)ണ് മരിച്ചത്. അമിത മദ്യാസക്തിയുള്ള ഇയാള്‍ മദ്യം ലഭിക്കാത്തതിനാല്‍ അസ്വസ്ഥത കാണിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ശനിയാഴ്ച രാവിലെ പത്തുമണിക്ക് വീടിനകത്തെ മുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നിര്‍മാണ തൊഴിലാളിയാണ് വിജില്‍.കഴിഞ്ഞ ദിവസം മദ്യം ലഭിക്കാത്ത അസ്വസ്ഥതയില്‍ തൃശൂരില്‍ യുവാവ് ആത്മഹത്യ ചെയ്തിരുന്നു. തൃശൂര്‍ ജില്ലയിലെ കുന്നംകുളത്ത് തൂവാനൂരിലാണ് മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന്  സനോജ് എന്ന യുവാവ് ആത്മഹത്യ ചെയ്തത്.വെള്ളിയാഴ്ച കരിമുള്‍ പെരിങ്ങാല ചായ്ക്കര സ്വദേശി മുരളിയും (44) മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയിരുന്നു.