ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ എം.പിമാരുടെ ശമ്പളവും അലവന്‍സുകളും മുന്‍ എം.പിമാരുടെ പെന്‍ഷനും വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചു.മുപ്പതു ശതമാനം കുറവാണ് വരുത്തുക. ഇതിനായുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏപ്രില്‍ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിലും പെന്‍ഷനിലും കുറവു വരുത്തുക.രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവര്‍ സ്വമേധയാ ശമ്പളത്തിന്റെ 30 ശതമാനം വിട്ട് നല്‍കും. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് താല്‍ക്കാലികമായി റദ്ദ് ചെയ്തു.ഈ ഇനത്തിലെ 7,900 കോടിരൂപ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് പോകും. ഈ തുക കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കായി ഉപയോഗിക്കും.നേരത്തെ തന്നെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഗവര്‍ണര്‍മാരും തങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനം സ്വമേധയാ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. പ്രധാനമന്ത്രി അടക്കമുള്ളവരും ഈ തീരുമാനത്തിലേക്ക് വന്നു. അതിന് ശേഷമാണ് ഇപ്പോള്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തിന്റെ 30 ശതമാനവും പിടിക്കാന്‍ തീരുമാനമായിരിക്കുന്നത്.
അജ്മാനില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു
അജ്‌മാൻ:അജ്മാനില്‍ കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു.പേരാവൂര്‍ കോളയാട് സ്വദേശി ഹാരിസ് മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഇന്ന് പുലര്‍ച്ചെ അജ്മാനിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലി ചെയ്യുകയായിരുന്നു.ഭാര്യ ജസ്മിന. മക്കള്‍ മുഹമ്മദ് ഹിജാന്‍, ശൈഖ ഫാത്തിമ.
രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ; സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും പരിശോധനക്ക് വിധേയമാക്കും
തിരുവനന്തപുരം:സംസ്ഥാനത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്.രോഗം ലക്ഷണം പുറമേക്ക് പ്രകടിപ്പിക്കാത്തവരില്‍ നിന്ന് രോഗം കണ്ടെത്തുന്നതിന് മുമ്പ് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ ഇടയുണ്ടെന്നതും ആശങ്ക വർധിപ്പിക്കുന്നു.ഈ സാഹചര്യത്തിൽ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെയെല്ലാം സ്രവം പരിശോധനക്ക് വിധേയമാക്കും. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും അടുത്തിടപെട്ടവരുടെ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. നിസാമുദ്ദീനിലെ തബ് ലീഗ് ആസ്ഥാനത്ത് പോയി തിരിച്ചെത്തിയ നാല് കോഴിക്കോട് സ്വദേശികളുടെ പരിശോധനാഫലം പോസിറ്റീവായിരുന്നു.ഇവര്‍ക്ക് ആര്‍ക്കും പ്രത്യക്ഷത്തില്‍ കോവിഡ് 19 രോഗലക്ഷണങ്ങളില്ല. രോഗം സ്ഥിരീകരിച്ചശേഷവും ഇത് തന്നെയാണ് സാഹചര്യം. സമാനമാണ് പത്തനംതിട്ടയിലെ വിദ്യാര്‍ത്ഥിനിയുടേയും അവസ്ഥ. ഡല്‍ഹിയില്‍ നിന്നും എത്തിയ വിദ്യാര്‍ത്ഥിനി വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് ഒന്നും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. ഡെല്‍ഹി ഹോട്ട്സ്പോട്ടായതിനാല്‍ ശ്രവം പരിശോധിച്ചപ്പോഴാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.എന്നാൽ ഇപ്പോഴും തൊണ്ടവേദനയോ പനിയോ അടക്കം രോഗലക്ഷണങ്ങളോ ഇല്ല.പ്രതിരോധ ശക്തി കൂടുതലുള്ള ഒരു വിഭാഗം ഇത്തരത്തില്‍ രോഗ ലക്ഷണങ്ങള്‍ പുറമേക്ക് കാട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പക്ഷേ അപ്പോഴും ഇവരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പേ സമ്പര്‍ക്കം പുലര്‍ത്തുന്നവരിലേക്ക് പടരാനിടയുണ്ട്. അതിനാല്‍ ഇത്തരം രോഗികളുമായി ഇടപഴകിയ എല്ലാവരുടേയും ശ്രവം പരിശോധനയ്ക്ക് വിധേയമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു;6 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.കോഴിക്കോട് ജില്ലയില്‍ നിന്നും അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ദില്ലിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്.നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് .ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 6 പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
കർണാടക അതിർത്തി അടച്ചിടൽ;കാസര്‍കോട് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു
കാസര്‍കോട്: കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട്-കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഗൊസങ്കടി സ്വദേശി രുദ്രപ്പ (51) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായി കഴിഞ്ഞ കുറേ കാലമായി ചികിത്സയിലുമായിരുന്നു ഇയാള്‍.കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇവിടെനിന്ന് 8 കിലോമീറ്റര്‍ മാത്രം അകലെയായിരുന്നു അദ്ദേഹം ചികിത്സ തേടിയിരുന്ന ആശുപത്രി. എന്നാല്‍ അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിച്ചില്ല. ഇന്ന് രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരിവിലേക്ക് പോയെങ്കിലും അതിര്‍ത്തി കടത്തിവിട്ടില്ല. തുടര്‍ന്ന് തിരിച്ച് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ഒൻപതായി ഉയര്‍ന്നു.അതേ സമയം മംഗളൂരു- കാസര്‍കോട് അതിര്‍ത്തി തുറക്കുന്നത് മരണം ചോദിച്ചു വാങ്ങുന്നതിന് തുല്യമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പ്രതികരിച്ചത്. അതിര്‍ത്തി അടച്ചത് മുന്‍കരുതല്‍ നടപടി മാത്രമാണെന്നും കാസര്‍കോട് നിന്നുളള രോഗികളെ കടത്തിവിടാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയ്ക്ക് അയച്ച കത്തിലാണ് പ്രതികരണം.
കോവിഡ് 19;തിരുവനന്തപുരത്തുനിന്നുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘം കാസർകോട്ടേക്ക് പുറപ്പെട്ടു
തിരുവനന്തപുരം:കൊറോണ വൈറസ് പടരുന്ന കാസര്‍കോട് ജില്ലയിലേക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം പുറപ്പെട്ടു. ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.കാസര്‍കോട്ട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ചികിത്സ നിഷേധിച്ച് കര്‍ണാടകം അതിര്‍ത്തി അടച്ചതും കണക്കിലെടുത്താണ് മെഡിക്കല്‍ സംഘം അങ്ങോട്ടേക്ക് യാത്ര തിരിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തില്‍ 10 ഡോക്ടര്‍മാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്. താത്ക്കാലിക ആശുപത്രി സജ്ജമാക്കി ഇവര്‍ പ്രവര്‍ത്തനം തുടങ്ങും.സ്വമേധയായാണ് ഡോക്ടര്‍മാര്‍ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാല്‍ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;6 പേര്‍ കാസര്‍കോട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്.ഇവരില്‍ 5 പേര്‍ ദുബായില്‍ നിന്നും (കാസര്‍ഗോഡ്-3, കണ്ണൂര്‍, എറണാകുളം) 3 പേര്‍ നിസാമുദ്ദീനില്‍ നിന്നും (ആലപ്പുഴ, കൊല്ലം, കാസര്‍ഗോഡ്) ഒരാള്‍ നാഗ്പൂരില്‍ നിന്നും (പാലക്കാട്) വന്നവരാണ്.2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് (കാസര്‍ഗോഡ്) രോഗം വന്നത്.കേരളത്തില്‍ 306 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ഇന്ന് കേരളത്തില്‍ 8 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നിന്നും 7 പേരുടെയും തിരുവനന്തപുരം ജില്ലയിലെ ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 254 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 50 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9744 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8586 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കോവിഡ്19;സംസ്ഥാനത്ത് റാപിഡ് ടെസ്റ്റ് ഇന്ന് മുതൽ;ആദ്യ പരിശോധന പോത്തന്‍കോട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് ഇന്നുമുതല്‍ തുടങ്ങും.നൂറോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഐഎംജിയിലും സാമൂഹ വ്യാപനം ഉണ്ടോയെന്ന് സംശയിക്കുന്ന തിരുവനന്തപുരത്തെ പോത്തന്‍കോടുമാണ് ആദ്യ ടെസ്റ്റ് നടക്കുക.പോത്തന്‍ കോട് സ്വദേശിയായ ഒരാള്‍ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചിരുന്നു.ഇയാൾ നിസ്‌കാരത്തില്‍ പങ്കെടുത്ത പോത്തന്‍കോട്ടെ ജുമാമസ്ജിദിലുള്ളവരെ കണ്ടെത്തി പരിശോധന നടത്താനാണ് തീരുമാനം.പബ്ലിക്ക് ലാബിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലുമായിട്ടായിരിക്കും റാപ്പിഡ് ടെസ്റ്റ് ഫലങ്ങള്‍ പരിശോധിക്കുകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.ശശിതരൂര്‍ എം.പി ഫണ്ടുപയോഗിച്ച് പൂനൈയില്‍ നിന്നാണ് കിറ്റുകള്‍ എത്തിച്ചത്. ഐ.സി.എം.ആര്‍. അംഗീകാരം ലഭിച്ച ‘മൈ ലാബ്’ എന്ന കമ്പനിയാണ് കിറ്റുകള്‍ തയ്യാറാക്കിയത്.ഞായറാഴ്ചയോടെ 2000 കിറ്റുകള്‍ കൂടിയെത്തും. രണ്ടര മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രത്യേകത.കിറ്റുകളെത്തിച്ച എംപിയെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പേരെടുത്ത് അഭിനന്ദിച്ചിരുന്നു. 57 ലക്ഷം രൂപ ചെലവിട്ടാണ് റാപിഡ് ടെസ്റ്റ് കിറ്റുകള്‍ ശശി തരൂര്‍ എം പി എത്തിക്കുന്നത്.
ലോക്ക് ഡൌൺ ലംഘിച്ച് പ്രഭാത സവാരി;കൊച്ചിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ 41 പേര്‍ അറസ്റ്റില്‍;കുടുങ്ങിയത് ഡ്രോണ്‍ പരിശോധനയില്‍
കൊച്ചി: ലോക്ഡൌണ്‍ ലംഘിച്ച് പ്രഭാതസവാരിക്കിറങ്ങിയ 41 പേരെ എറണാകുളത്ത് അറസ്റ്റ് ചെയ്തു. എപ്പിഡെമിക്ക് ആക്‌ട് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡ്രോണ്‍ വഴിയുള്ള പരിശോധനയിലാണ് പ്രഭാത സവാരിക്കാര്‍ കുടുങ്ങിയത്. അറസ്റ്റ് ചെയ്തവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.പനമ്പിള്ളി നഗര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ നിലവിലിരിക്കെ പോലീസ് വിലക്കിയിട്ടും പ്രഭാത സവാരിക്കും വ്യായാമത്തിനുമായി ഇറങ്ങിയവരാണ് അറസ്റ്റിലായത്‍. അറസ്റ്റിലായവരില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നു.കേരളാ എപ്പിഡെമിക്‌സ് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമാണ് അറസ്റ്റ്. ഇതനുസരിച്ച് പതിനായിരം രൂപ പിഴയും 2 വര്‍ഷം വരെ തടവും ലഭിക്കാം.ഡ്രോണ്‍ ഉപയോഗിച്ചുള്ള പൊലീസിന്റെ നിരീക്ഷണത്തില്‍ ആളുകള്‍ കൂട്ടം ചേര്‍ന്ന് പ്രഭാത നടത്തത്തിന് എത്തുന്നതായി പൊലിസ് കണ്ടതോടെ നേരത്തെ ഇത് വിലക്കിയിരുന്നു. എന്നാല്‍ വീണ്ടും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി പിന്നീട് ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയതോടെ പൊലീസിന് വ്യക്തമായി. ഇതോടെയാണ് അറസ്റ്റിലേയ്ക്ക് നീങ്ങിയത്.
കേരളത്തിൽ ഇന്ന് 9 പേർക്ക് കൊറോണ സ്ഥിരീകരിച്ചു;7 പേരും കാസർകോട്ടുകാർ
കേരളത്തിൽ 9 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളത്തില്‍ പറഞ്ഞു. കാസര്‍കോട് ഏഴ് പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ഓരോ പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നിസാമുദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവരാണ്. ഇതില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നുമാണ് കേരളത്തിലേക്ക് എത്തിയത്. 706 പേര്‍ ആശുപത്രിയിലടക്കം സംസ്ഥാനത്ത് 169990 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊവിഡ് രോഗം ബാധിച്ച 14 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. കോട്ടയത്തെ ആരോഗ്യപ്രവര്‍ത്തകയും റാന്നിയിലെ വൃദ്ധ ദമ്ബതികളും രോഗം ഭേദമായവരുടെ കൂട്ടത്തില്‍ പെടും.ഇതുവരെ രോഗമുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് വന്നവരും ഏഴ് പേര്‍ വിദേശികളുമാണ്. 78 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.