തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഏപ്രില്‍ 20ന് ശേഷം കാറില്‍ 4 പേര്‍ക്ക് സഞ്ചരിക്കാമെന്നാണ് മന്ത്രിസഭായോഗത്തിലുണ്ടായ തീരുമാനം.കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം കാറില്‍ രണ്ട് പേര്‍ മാത്രമെ സഞ്ചരിക്കാന്‍ പാടുണ്ടായിരുന്നുള്ളൂ.ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഇളവ് നല്‍കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് ദിവസം ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ഏപ്രില്‍ 20 ന് ശേഷം ശനി, ഞായര്‍ ദിവസങ്ങളിലാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ബ്യൂട്ടി പാര്‍ലറിന് ഇളവ് ഉണ്ടാകില്ല.തിങ്കളാഴ്ച്ചക്ക് ശേഷം തീവ്രമല്ലാത്ത മേഖലയില്‍ കൂടുതല്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ധാരണയായി. പൊതു ഗതാഗതത്തിന് തത്ക്കാലം ഇളവ് അനുവദിക്കില്ല. ഒറ്റയടിക്ക് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയുന്ന തരത്തില്‍ ഒരു തീരുമാനത്തിനും നിലവില്‍ സാധ്യതയില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം വിലയിരുത്തിയത്.അതേ സമയം കയര്‍,കൈത്തറി,കശുവണ്ടി, ബീഡി തൊഴില്‍ മേഖലകളില്‍ ഇളവിനപ്പുറം വലിയ ഇളവുകള്‍ പ്രഖ്യാപിക്കുന്ന കാര്യമൊന്നും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. സാലറി ചലഞ്ച് അടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായില്ലെന്നാണ് വിവരം.
ലോക്ക് ഡൗണിനെ തുടർന്ന് റദ്ദാക്കിയ വിമാനടിക്കറ്റ് തുക തിരികെ നൽകണമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് വിമാനസർവീസ് നിര്‍ത്തലാക്കിയതിനാല്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ആഭ്യന്തര,വിദേശ യാത്രകള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പണം തിരികെ നല്‍കാനാണ് വിമാനകമ്പനികളോട് ആവശ്യപ്പെട്ടത്.ഇതിന് കാന്‍സലേഷന്‍ തുക ഈടാക്കരുത്. ടിക്കറ്റ് റദ്ദാക്കാനുള്ള അപേക്ഷ ലഭിച്ച് മൂന്നാഴ്ചയ്ക്കകം പണം തിരികെ നല്‍കണം.നിര്‍ദേശം ബാധകമാവുക ലോക്ക് ഡൗണ്‍കാലയളവിലെ യാത്രക്കാര്‍ക്ക് മാത്രമാണ്.ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 25 മുതല്‍ മെയ് മൂന്ന് വരെയുള്ള യാത്രക്കായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും പണം യാത്രക്കാര്‍ക്ക് തിരിച്ച് നല്‍കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. വിമാനക്കമ്പനികൾക്കായി പുറപ്പെടുവിച്ച ഉത്തരവിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.അതേ സമയം ലോകരാജ്യങ്ങളില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള പദ്ധതി പരിഗണിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും
:സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും.സംസ്ഥാനത്ത് രോഗവ്യാപനത്തിന്റെ തോത് വലിയ അളവില്‍ കുറഞ്ഞെങ്കിലും വലിയ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയില്ല.കാര്‍ഷിക മേഖലക്കും തോട്ടം മേഖലയ്‌ക്കും പരമ്പരാഗത തൊഴിലിടങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും. കര്‍ഷകരുടെ ഉത്‌പന്നങ്ങള്‍ വിറ്റഴിക്കുന്നതിന് വേണ്ട ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന് വേണ്ട നടപടികള്‍ തീരുമാനിക്കും.അന്തര്‍സംസ്ഥാന, ജില്ലാ യാത്രകള്‍ മേയ് മൂന്ന് വരെ അനുവദിക്കില്ല. പൊതുഗതാഗത സംവിധാനവും ഉണ്ടാകില്ല. ആളുകള്‍ കൂടുതലായി വരാന്‍ സാധ്യതയുള്ള സിനിമ ശാലകള്‍, മാളുകള്‍, ആരാധനലായങ്ങള്‍ എന്നിവ തുറന്ന് കൊടുക്കില്ല. ഹോട്ട് സ്പോര്‍ട്ട് അല്ലാത്ത ജില്ലകളില്‍ മറ്റ് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരിക്കും മന്ത്രിസഭായോഗം ഇളവുകള്‍ തീരുമാനിക്കുക.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുള്ളതിനാല്‍ മദ്യശാലകള്‍ തുറക്കുന്നതില്‍ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കില്ല.സംസ്ഥാനങ്ങള്‍ സ്വന്തം നിലക്ക് ഇളവുകള്‍ പ്രഖ്യാപിക്കാന്‍ പാടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങളിലുണ്ട്.ലോക്ക്‌ഡൗണ്‍ നീട്ടിയ കേന്ദ്ര സര്‍ക്കാര്‍ ഇതുമൂലം സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയെടുത്തില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം;ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിനം. ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 387 ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.കണ്ണൂര്‍ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.അതെസമയം ഇന്ന് ഏഴ് പേര്‍ക്ക് കൂടി രോഗം ഭേദമായി.കാസര്‍കോട് 4 പേര്‍ക്കും, കോഴിക്കോട് 2 പേര്‍ക്കും, കൊല്ലത്ത് ഒരാള്‍ക്കുമാണ് ഇന്ന് രോഗം ഭേദമായത്. ഇതോടെ രോഗമുക്തി നേടുന്നവരുടെ എണ്ണം 218 ആയി വര്‍ധിച്ചു.നിലവില്‍ 167 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 97464 പേരാണ്. ഇതില്‍ 96942 പേര്‍ വീടുകളിലും, 522 പേര്‍ ആശുപത്രിയിലുമാണ്. 86 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 16002 നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.8 പേര്‍ വിദേശികളാണ്. സമ്പര്‍ക്കംമൂലം രോഗമുണ്ടായത് 114 പേര്‍ക്കാണ്. ആലപ്പുഴ 5, എറണാകുളം 21 ഇടുക്കി 10, കണ്ണൂര്‍ 9, കാസര്‍കോട് 187, കൊല്ലം 9 കോട്ടയം 3, കഴിക്കോട് 16, മലപ്പുറം 21, പാലക്കാട് എട്ട്, പത്തനംതിട്ട 17, തിരുവനന്തപുരം 14,തൃശൂര്‍ 13, വയനാട് 3 ഇതാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്.
പാനൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് പിടിയിൽ
കണ്ണൂര്‍: പാനൂരില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ബിജെപി നേതാവായ അധ്യാപകന്‍ പത്മരാജന്‍ പിടിയില്‍. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്മരാജനെ പിടികൂടിയത്. ഒരു മാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു. പ്രതിയുടെ സഹപ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെക്കുറിച്ച് വിവരം കിട്ടിയത്.ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമായ ഇയാള്‍ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് നാലാംക്ലാസുകാരിയെ പീഡിപ്പിച്ചത്. പോക്‌സോ നിയപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് ഒരുമാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിന് എതിരെ വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിരുന്നു.
രണ്ടാംഘട്ട ലോക്ക് ഡൗണിന്റെ ഭാഗമായുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി; പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും, മാസ്ക് നിര്‍ബന്ധം
ന്യൂഡല്‍ഹി: മെയ് മൂന്നുവരെ നീട്ടിയ ലോക്ക്ഡൗണിന്റെ ഭാഗമായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരുന്ന രീതിയിലാണ് പുതിയ നിര്‍ദേശങ്ങള്‍.ടെലികോം മേഖല, ബാങ്ക്, എടിഎം, പത്ര,ദൃശ്യമാധ്യമങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍, പെട്രോള്‍ പമ്പുകൾ, പാചക വിതരണം, സെക്യൂരിറ്റി ഏജന്‍സീസ്, കാര്‍ഷികോപകരണങ്ങള്‍, കാര്‍ഷിക യന്ത്രങ്ങളുടെ റിപ്പയറിംഗ് തുടങ്ങിയവയ്ക്ക് ഇളവുണ്ട്. തേയില തോട്ടങ്ങള്‍ തുറക്കാമെങ്കിലും 50 ശതമാനം തൊഴിലാളികള്‍ക്ക് മാത്രമേ അനുവാദമുള്ളൂ. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞു തന്നെ കിടക്കും.ആരാധനാലയങ്ങള്‍ തുറക്കരുത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം.ചരക്ക് ഗതാഗതം ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം.ക്വാറന്റീനുവേണ്ടി ഹോട്ടലുകളും ഹോം സ്‌റ്റേകളും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവയ്ക്ക് ഇളവ് നല്‍കും.ലോക്ക്ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.റേഷന്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യമാംസം എന്നീ മേഖലയ്ക്ക് നല്‍കിയിരുന്ന ഇളവ് തുടരും. ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം.സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട കാര്യങ്ങളും സാംസ്‌കാരികമായ പ്രവര്‍ത്തനങ്ങളും ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ പാടില്ല. ഇവയെല്ലാം നിര്‍ത്തിവെക്കണം. സംസ്‌കാര ചടങ്ങുകളിലെ നിയന്ത്രണം തുടരും. നിയന്ത്രിത ഇളവുകള്‍ അനുവദിക്കുന്ന ഇടങ്ങളിലെല്ലാം സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 3 വരെ നീട്ടി.ഹോട്ട് സ്പോട്ടുകളില്‍ അതീവ ജാഗ്രത തുടരും. അവശ്യ സേവനങ്ങള്‍ക്കുള്ള ഇളവ് ഏപ്രില്‍ 20ന് ശേഷം പ്രഖ്യാപിക്കും. വിശദമായ മാര്‍ഗനിര്‍ദേശം നാളെ പുറത്തിറക്കുമെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.കൊറണ വൈറസ് വ്യാപനത്തെ തടഞ്ഞുനിർത്തുന്നതിൽ രാജ്യം ഒരു പരിധിവരെ വിജയിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൌൺ പാലിച്ച ജനങ്ങൾക്ക് നന്ദി. കൊറോണയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ജനങ്ങള്‍ വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്ന് അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ പല പ്രമുഖ രാജ്യങ്ങളേക്കാൾ ഇന്ത്യയുടെ സ്ഥിതി ഏറെ മെച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.പത്തൊൻപത് ദിവസം കൂടി ലോക്ക് ഡൗൺ നീട്ടിയേ തീരു എന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.നാളെ മുതൽ ഒരാഴ്ച രാജ്യത്ത് കര്‍ശന നിയന്ത്രണം. ഏപ്രിൽ 20 ന് ശേഷം സ്ഥിതി വിലയിരുത്തി ഉപാധികളോടെ ഇളവുകൾ നൽകുന്നതിനെ കുറിച്ച് ആലോചിക്കും. വിശദമായ മാര്‍ഗ്ഗരേഖ നാളെ പുറത്തിറക്കും. സ്ഥിതി വഷളായാൽ വീണ്ടും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.ഇന്ത്യയില്‍ കോവിഡ് ബാധയുണ്ടാകുന്നതിന് മുന്‍പ് തന്നെ വിദേശത്ത് നിന്നെത്തുന്നവരെ വിമാനത്താവളത്തില്‍ പരിശോധന ആരംഭിച്ചു. കേവലം 500 രോഗബാധിതരായപ്പോള്‍ തന്നെ ലോകത്തെ ഏറ്റവും വലിയ ലോക് ഡൌണ്‍ ഇന്ത്യയില്‍ നടത്തി. മുന്‍പ് ഇന്ത്യക്കൊപ്പം രോഗബാധയുണ്ടായിരുന്ന രാജ്യങ്ങളില്‍ ഇന്ന് 30 ഇരട്ടി വരെ രോഗബാധിതരുണ്ട്. അവിടെയൊക്കെ മരണനിരക്കും കൂടുതലാണ്. ഇന്ത്യ സ്വീകരിച്ച സമീപനവും പെട്ടെന്നെടുത്ത തീരുമാനങ്ങളുമാണ് സഹായകരമായതെന്ന് മോദി പറഞ്ഞു.ലോക്ഡൌണ്‍ കാരണം സാമ്പത്തിക പ്രശ്നങ്ങളുണ്ട്. എന്നാല്‍ മനുഷ്യ ജീവന്‍ അതിനെക്കാള്‍ പ്രധാനമാണ്. നമ്മള്‍ സ്വീകരിച്ച രീതിയെ കുറിച്ച് ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്നു. സംസ്ഥാനങ്ങളുമായി നിരന്തരം ചര്‍ച്ച നടത്തി. ചില സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ ലോക്ക് ഡൌണ്‍ നീട്ടാന്‍ തീരുമാനിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം കോവിഡ് കിടക്കകളുണ്ട്. അറുന്നൂറിലധികം കോവിഡ് ആശുപത്രികളുണ്ട്. കൊറോണക്ക് വാക്സിന്‍ നിര്‍മിക്കാന്‍ യുവശാസ്ത്രജ്ഞര്‍ മുന്നോട്ട് വരണം. ആരോഗ്യ സേതു മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന് ശേഷം നാലാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
- മുൻപ് രോഗങ്ങൾ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം അവര്‍ക്ക് രോഗ സാധ്യത കൂടുതലായതിനാൽ കരുതൽ വേണം.
- സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
- മാസ്ക് ധരിക്കണം, രോഗ പ്രതിരോധ ശേഷി കൂട്ടാൻ ശ്രമിക്കണം.
- ആരോഗ്യ സേതു മൊബൈൽ അപ്പ് ഡൗൺലോഡ് ചെയ്ത് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങൾ പിന്തുടരണം.
- ദരിദ്ര വിഭാഗങ്ങളെ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വരണം.
- ജോലിയിൽ നിന്ന് പുറത്താക്കുന്ന സാഹചര്യം ഉണ്ടാകരുത്.
- കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെ ആദരിക്കണം.
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു;രോഗം സ്ഥിരീകരിച്ചവരില്‍ 50 മലയാളി നഴ്സുമാരും
മുംബൈ: രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 2000 കടന്നു.പുതുതായി 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 2064 ആയെന്ന് മഹാരാഷ്ട്ര ആരോഗ്യവകുപ്പ് പറയുന്നു.പുതുതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 59 കേസുകള്‍ മുംബൈയില്‍ നിന്നുളളതാണ്.മഹാരാഷ്ട്രയില്‍ നാല് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മുംബൈയിലെ ഭാട്യ ആശുപത്രിയിലെ ഒരു നഴ്‌സിനും വൊക്കാഡ് ആശുപത്രിയിലെ രണ്ട് പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്.പുനെയില്‍ റൂബി ഹാള്‍ ആശുപത്രിയിൽ ജോലിചെയ്യുന്ന ഒരു മലയാളി നഴ്‌സിനും കൊറോണ ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ഹോട്ട്‌സ്‌പോട്ടായ മുംബൈയിലെ ധാരാവിയില്‍ പുതുതായി നാലുപേരില്‍ കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തി. ഒരാള്‍ കൂടി മരിച്ചതോടെ ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. 15 ലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ നിലവില്‍ 47 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.നിലവില്‍ നൂറിലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചിട്ടിരിക്കുന്നത്. 60 നഴ്‌സുമാരും പത്തു ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു. ബാക്കിയുള്ളവര്‍ കാര്‍ഡിയാക്, പത്തോളജി ലാബുകളിലെ ടെക്‌നീഷ്യന്മാരും ശുചീകരണമേഖലയില്‍ ഉള്‍പ്പെടുന്നവരുമാണ്. കൊറോണ ബാധിച്ച നഴ്‌സുമാരില്‍ അൻപതോളം പേര്‍ കേരളത്തില്‍നിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
മന്ത്രിസഭാ യോഗം ഇന്ന്;ലോക്ക് ഡൗണിൽ ഇളവുകൾക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരും. ലോക്ക് ഡൗണ്‍ നീട്ടുമ്ബോള്‍ പ്രഖ്യാപിക്കേണ്ട ഇളവുകളെ കുറിച്ച് മന്ത്രിസഭാ യോഗം തീരുമാനം എടുക്കും. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്ഥിതി ഗതികളും യോഗത്തില്‍ ചര്‍ച്ചയാവും. നിലവില്‍ കേരളത്തില്‍ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തലെങ്കിലും ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രം അനുവദിക്കാനാണ് സംസ്ഥാന സര്‍ക്കാറിന്‍റെ തീരുമാനം.ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ കൂടി തീരുമാനം വന്നതിന് ശേഷമാവും കേരളം അന്തിമ നിലപാട് സ്വീകരിക്കുക. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളില്‍ നിയന്ത്രണങ്ങളോടെ ഇളവുകള്‍ പ്രഖ്യാപിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍ ഉണ്ട്. ഇവിടെ കൂടുതല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക്ക് നിര്‍ബന്ധമാക്കാനും ആലോചിക്കുന്നുണ്ട്.ലോക്ക് ഡൗണ്‍ നീട്ടുന്നതിനുള്ള പുതിയ മാർഗനിർദേശങ്ങൾ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പുറത്തിറക്കിയേക്കും. മാര്‍ച്ച് 24 ന് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നാളെ അര്‍ധരാത്രിയാണ് അവസാനിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക് മാത്രം;36 പേര്‍ ഇന്ന് രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് രണ്ടുപേർക്ക്.കണ്ണൂര്‍, പത്തനംതിട്ട സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. 36 പേര്‍ ഇന്ന് രോഗമുക്തരായി. ഇതില്‍ 28 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 179 ആയി. ഇനി ചികിത്സയിലുള്ളത് 194 പേരാണ്.കാസര്‍കോട് 28 പേരുടെയും കണ്ണൂരില്‍ 2 പേരുടെയും മലപ്പുറത്ത് 6 പേരുടെയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.കണ്ണൂരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചയാള്‍ ദുബൈയില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.