കണ്ണൂർ:കണ്ണൂര്‍ ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കാനായി പോലീസ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശകതമാക്കിയത്.നിയന്ത്രണം ലംഘിച്ച് റോഡില്‍ ഇറങ്ങുന്നവരെ പിടികൂടി ക്വാറന്റൈനില്‍ ആക്കാനാണ് പോലീസിന്റെ തീരുമാനം.അതിനാല്‍ ജില്ലയിലെ റോഡുകളിലെല്ലാം പോലീസ് പരിശോധന ശക്തമാക്കി. കൂടാതെ അനാവശ്യമായി റോഡില്‍ ഇറങ്ങുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം അടക്കം കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.നോർത്ത് സോൺ ഐജി അശോക് യാദവ് ഐപിഎസ്സിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ ജില്ലയിൽ മൂന്ന് എസ്പിമാർക്ക് ചുമതല നൽകി.ഐജി അശോക് യാദവിനാണ് കണ്ണൂർ ജില്ലയുടെ മേൽനോട്ടം.കണ്ണൂരിൽ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കും തളിപ്പറമ്പിൽ നവനീത് ശർമ്മ ഐപിഎസ്സിനും തലശ്ശേരിയിൽ അരവിന്ദ് സുകുമാർ ഐപിഎസ്സിനും ചുമതല നൽകി.പോലീസ് സ്റ്റേഷൻ അതിർത്തികളിൽ ഒരു എക്സിറ്റും എൻട്രൻസും മാത്രം അനുവദിക്കും.മരുന്നുകൾ വാങ്ങുന്നതിനും ഹോം ഡെലിവറികൾക്കും ജില്ലാ പഞ്ചായത്ത് കോൾ സെന്ററുകളെ സമീപിക്കുക.അവശ്യസാധനങ്ങൾ തൊട്ടടുത്ത കടയിൽ നിന്നും വാങ്ങണം.മാർക്കറ്റിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. അത്യാവശ്യ ഘട്ടത്തിൽ മാത്രം ആശുപത്രി യാത്ര അനുവദിക്കും.അതും തൊട്ടടുത്ത ആശുപത്രിയിലേക്കോ അല്ലെങ്കിൽ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കോ മാത്രം. നിരീക്ഷണത്തിൽ കഴിയുന്നവരെ ശ്രദ്ധിക്കാൻ പ്രാദേശിക ഭരണകൂടവും പോലീസും ചേർന്ന പ്രത്യേക കമ്മിറ്റി രൂപീകരിക്കും.ഹൈവേയിൽ കൂടിയുള്ള യാത്ര ആവശ്യസേവനങ്ങൾക്ക് മാത്രമായിരിക്കുമെന്നും ഉന്നതതല യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്ത് ഇന്ന് ആറുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ആറുപേരും കണ്ണൂർ ജില്ലക്കാർ;21 പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആറു പേരും കണ്ണൂര്‍ സ്വദേശികളാണ്.ഇവരിൽ അഞ്ചുപേരും വിദേശത്തു നിന്ന് വന്നതാണ്. ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് പകര്‍ന്നത്.അതേസമയം ഇന്ന് 21 പേര്‍ രോഗമുക്തരായി. കാസര്‍കോട്ട് 19 പേരും ആലപ്പുഴയില്‍ രണ്ടു പേരുമാണ് രോഗമുക്തരായത്.ഇതോടെ ആലപ്പുഴ ജില്ലയില്‍ കൊവിഡ് രോഗം ബാധിച്ച അവസാന രോഗിക്കും രോഗം ഭേദമായി ആശുപത്രി വിട്ടു. 114 പേരാണ് ഇനി ചികിത്സയിലുള്ളത്.46,323 പേർ ഇനി നിരീക്ഷണത്തിലുണ്ട്. 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 62 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,756 സാംപിൾ പരിശോധനയ്ക്ക് അയച്ചു.19,074 എണ്ണത്തിൽ രോഗബാധ ഇല്ലെന്നു കണ്ടെത്തി. ആശുപത്രിയില്‍ ക്വാറന്റൈനിലുള്ള മുഴുവന്‍ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടു മൂന്നുദിവസം കൊണ്ട് ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലോക്ക്ഡൗണ്‍ അവസാനിക്കുന്ന മെയ് മൂന്നുവരെ എല്ലാ ദിവസവും മാധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രവാസികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.സര്‍ക്കാരിന്‍റെ പൊങ്ങച്ചം അവതരിപ്പിക്കാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ദിവസേനയുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കാനാണ് വാര്‍ത്താസമ്മേളനം നടത്തിവന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ കോവിഡ് അവസ്ഥയില്‍ കാര്യമായ പുരോഗതി ഉണ്ടായതോടെയാണ് എല്ലാ ദിവസവും ഉണ്ടായിരുന്ന വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ വാര്‍ത്താ സമ്മേളനം എന്നായിരുന്നു തീരുമാനം.നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. ആറുമണിത്തള്ള് എന്നായിരുന്നു പ്രതിപക്ഷ യുവ എംഎല്‍എമാരുടെ പരിഹാസം.
മുംബൈയില്‍ ഇന്ന് 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ ഇന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാന്‍മാന്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പർക്കപ്പട്ടികയിൽ ഉള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല സയണിലെ മീഡിയ കോളനി അടച്ചിടാനാണ് തീരുമാനം.മുംബൈയില്‍ മണിക്കൂറുകള്‍ക്കിടെ 552 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4203 ആയി. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നു. തമിഴ് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകരെയും മറ്റ് ജീവനക്കാരെയും നീരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടില്‍ ഇതുവരെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ച് കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണ്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷമാകും എന്ത് നടപടി വേണമെന്ന് തീരുമാനിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. രണ്ടാംഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം, കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഈ നിയന്ത്രണങ്ങള്‍ക്ക് ഏപ്രില്‍ 20 ശേഷം ഇളവുണ്ടാകുമെന്നും ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്. അതിന് ശേഷം ഏപ്രില്‍ 15 ന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു കത്താണ് കേന്ദ്രം ഇപ്പോള്‍ അയച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് അജയ് കുമാര്‍ ഭല്ലയാണ് കത്ത് അയച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദീകരണം ചോദിച്ചേക്കുമെന്നുമുള്ള സൂചനകളും കത്തിലുണ്ട്. സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കികൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.കണ്ണൂര്‍ ജില്ലയില്‍ 3 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 3 പേര്‍ ദുബായില്‍ നിന്നും വന്നതാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.കണ്ണൂര്‍ ജില്ലയിലെ 2 പേരും കോഴിക്കോട് ജില്ലയിലെ ഒരാളുമാണ് ദുബായില്‍ നിന്നും വന്നത്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.അതേസമയം 2 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 67,190 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 66,686 പേര്‍ വീടുകളിലും 504 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 104 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 18,774 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 17,763 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
കെ.എം ഷാജിക്കെതിരെ വിജിലൻസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു
: മുസ്ലിം ലീഗ് എം.എല്‍.എ കെ.എം. ഷാജിക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിക്കാന്‍ പണം വാങ്ങിയെന്ന പരാതിയിലാണ് എഫ്.ഐ.ആര്‍.സര്‍ക്കാര്‍ അന്വേഷണത്തിന് കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. വിജിലന്‍സ് കണ്ണൂര്‍ ഡി.വൈ.എസ്.പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കോഴിക്കോട് വിജിലന്‍സ് റേഞ്ച് എസ്.പി പി.സി സജീവനാണ് മേല്‍നോട്ടച്ചുമതല.അഴീക്കോട് സ്കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിനായി സ്കൂള്‍ മാനേജ്മെന്റില്‍ നിന്ന് കെ.എം.ഷാജി എം.എല്‍.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം. എം.എല്‍.എ പണം കൈപറ്റിയെന്ന ആരോപണം ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുന്‍ ഉപാദ്ധ്യക്ഷന്‍ നൗഷാദ് പൂതപ്പാറയാണ് ഉയര്‍ത്തിയത്. തുടര്‍ന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവന്‍ പത്മനാഭന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കോവിഡ് ഫലം നെഗറ്റീവ് ആയ മലപ്പുറം കീഴാറ്റൂർ സ്വദേശി മരിച്ചു
മലപ്പുറം:കോവിഡ് ഫലം നെഗറ്റീവ് ആയ മലപ്പുറം കീഴാറ്റൂർ സ്വദേശി മരിച്ചു.കീഴാറ്റൂര്‍ സ്വദേശി വീരാന്‍കുട്ടി(85) ആണ് മരിച്ചത്. വീരാന്‍കുട്ടിയുടെ അവസാനത്തെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഏറെക്കാലമായി ഹൃദയസംബന്ധമായ അസുഖങ്ങളുള്ളയാളാണ്. ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഏറെക്കുറെ സാധാരണ നിലയിലേക്ക് മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഉംറ കഴിഞ്ഞെത്തിയ മകനിൽ നിന്നാണ് ഇയാൾക്ക് കോവിഡ് ബാധിച്ചത്.അതേസമയം ഇദ്ദേഹത്തിന്റെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇദ്ദേഹത്തിന്റെ അവസാന രണ്ട് പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. മൂന്നാമത്തെ ഫലം കാത്തിരിക്കുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.
കോഴ ആരോപണം;കെ.എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സർക്കാർ അനുമതി
തിരുവനന്തപുരം:അഴീക്കോട് എം എല്‍ എ കെ എം ഷാജിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനു അനുമതി നല്‍കി സര്‍ക്കാര്‍.കണ്ണൂർ അഴീക്കോട് സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി അനുവദിക്കാന്‍ 25 ലക്ഷം രൂപ വാങ്ങി എന്ന പരാതിയില്‍ ആണ് നടപടി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പദ്മനാഭനാണ് പരാതി നല്‍കിയത്.2017 ല്‍ സ്കൂളില്‍ ഹയര്‍ സെക്കന്ററി അനുവദിച്ച സമയത്ത് ഈ 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്നാണ് ആരോപണം.സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് കെ.എം.ഷാജി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് കേസെടുത്തതെന്നത് ശ്രദ്ധേയമാണ്. ഹൈസ്‌കൂളുകള്‍ക്ക് ഹയര്‍ സെക്കന്ററി അനുവദിക്കുന്ന സമയത്ത് അഴീക്കോട് സ്‌കൂളിന് അനുമതി ലഭിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ലീഗ് പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. മാനേജ്‌മെന്റ് ലീഗ് നേതാക്കള്‍ക്ക് കോഴ കൊടുക്കാന്‍ തയ്യാറായിരുന്നു. കെഎം ഷാജി ഇടപെട്ട് പണം കൊടുത്തില്ല. പിന്നീട് സ്‌കൂളിന് അനുമതി ലഭിച്ചപ്പോള്‍ മാനേജ്‌മെന്റ് 25 ലക്ഷം കെഎം ഷാജിക്ക് നല്‍കിയെന്നാണ് പരാതി. ഈ വിഷയത്തില്‍ ലീഗിന്റെ പ്രാദേശിക നേതൃത്വം തന്നെ ഷാജിക്ക് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
സംസ്ഥാനത്ത് കാസർകോഡ്,കണ്ണൂർ,കോഴിക്കോട്, മലപ്പുറം ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തി
തിരുവനന്തപുരം:സംസ്ഥാനത്ത് 4 ജില്ലകളെ റെഡ് സോണായി പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം.രോഗവ്യാപനം കൂടുതലുള്ള നാലു ജില്ലകളെ മാത്രം റെഡ് സോണിൽ ഉൾപ്പെടുത്തിയാൽമതി എന്നാണ് മന്ത്രിസഭായോഗം വിലയിരുത്തിയത്. ഇത് പ്രകാരം കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളെയായിരിക്കും റെഡ് സോണില്‍ ഉള്‍പ്പെടുത്തുക. കൂടാതെ കേന്ദ്രം നിർദേശിച്ച റെഡ് സോൺ മേഖലകളിൽ മാറ്റം വരുത്തണമെന്ന് നിർദേശിക്കാനും മന്ത്രിസഭാ യോഗത്തിൽ ധാരണയായി.വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകളെ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
റെഡ് സോൺ:
കാസർകോഡ്,കണ്ണൂർ,കോഴിക്കോട്,മലപ്പുറം എന്നീ ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9,കോഴിക്കോട് 9 എന്നിങ്ങനെയാണ് ഈ ജില്ലകളിൽ പോസിറ്റീവ് കേസുകൾ നിലവിലുള്ളത്.നാലു ജില്ലകളും ചേർത്ത് ഒരു മേഖല ആക്കുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് സംസ്ഥാന സർക്കാരിന്. ഇതു കേന്ദ്രസർക്കാരിനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.നാലിടങ്ങളിലും ലോക്ഡൗണ്‍ ഇളവില്ലാതെ തുടരണം. മേയ് 3 വരെ ലോക്ഡൗൺ കർശനമായി തുടരും.
ഓറഞ്ച് സോൺ:
ഓറഞ്ച് സോണായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ ജില്ലകളിൽ രോഗികളുടെ എണ്ണം കുറവായതിനാലാണ് പ്രത്യേക വിഭാഗമാക്കി ഈ മൂന്നു ജില്ലകളെ കണക്കാക്കുന്നത്. 3 ജില്ലകളിൽ ഏപ്രിൽ 24 വരെ കടുത്ത ലോക്ഡൗൺ തുടരും. ഹോട്സ്പോട്ട് പ്രദേശങ്ങൾ കണ്ടെത്തി അടച്ചിടും. 24 കഴിഞ്ഞാല്‍ സാഹചര്യം അനുകൂലമാണെങ്കിൽ ചില ഇളവുകൾ അനുവദിക്കും.
യെല്ലോ സോൺ:
ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് , തൃശൂർ, വയനാട് എന്നീ ജില്ലകളെയാണ് യെല്ലോ സോണായി നിശ്ചയിച്ചിരിക്കുന്നത്.ഇതിൽ ഹോട്സ്പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. തിരുവനന്തപുരം ജില്ലയുടെ പോസിറ്റീവായ കേസുകളെടുത്താൽ 2 പേർ മാത്രമാണ് ഉള്ളത്. മൂന്നാമത്തെ ഗണത്തിൽ തിരുവനന്തപുരം വരുന്നതാണ് നല്ലതാണെന്നാണ് അഭിപ്രായം. ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. അതിർത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്സ്പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.
ഗ്രീൻ സോൺ:
പോസിറ്റീവ് കേസുകളില്ലാത്ത കോട്ടയവും ഇടുക്കിയുമാണ് ഗ്രീൻ സോണിൽ ഉൾപ്പെട്ടിരിക്കുന്നത്.സംസ്ഥാന അതിർത്തിയുണ്ട് എന്നതുകൊണ്ട് ഇടുക്കിയിൽ കൂടുതൽ ജാഗ്രത വേണം. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാൽ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേർക്ക്;അഞ്ചുപേർ വിദേശത്തുനിന്നും എത്തിയവർ;27 പേര്‍ കൂടി രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് ഏഴുപേർക്ക്.കണ്ണൂര്‍-നാല്, കോഴിക്കോട് -രണ്ട്, കാസര്‍കോട്-ഒന്ന് എന്നിങ്ങനെയാണ് പുതിയ രോഗബാധിതര്‍ .ഇവരില്‍ 5 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. രണ്ട് പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. അതേസമയം സംസ്ഥാനത്ത് 27 പേര്‍ രോഗ മുക്തരായി.കാസര്‍കോട് -24, എറണാകുളം, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒന്നുവീതം കോവിഡ് ബാധിതരാണ് രോഗമുക്തി നേടിയത്.ആകെ 394 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.147 പേര്‍ നിലവില്‍ ചികിത്സയിലുണ്ട് . 88,885 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 504 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.108 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്‍റെ മൂന്നരട്ടിയലധികമാണ് രോഗ മുക്തി നേടിയവരുടെ എണ്ണമെന്നും മുഖ്യമന്ത്രി അറിയിച്ചു.