ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ആയിരം കടന്നു.മരിച്ചവരുടെ എണ്ണം 1007 ആയി. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. ഒരു ദിവസം മരണസംഖ്യ 70 കടക്കുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയില്‍ മാത്രം മരണം 400 ആയി.കൊറോണ രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. രാജ്യത്തെ രോഗബാധിതര്‍ 31,000 കടന്നു. 31,332 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. 1897 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 7695 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. മാർച്ച് 23ന് 82 ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്ത രോഗം ഏപ്രിൽ 24 ആകുമ്പോൾ 430 ജില്ലകളിലേക്ക് വ്യാപിച്ചു. മാർച്ച് 28 നും ഏപ്രിൽ 28നും ഇടയിൽ 301 ജില്ലകളിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തു. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ രോഗവ്യാപനം കൂടുകയും ചെയ്തു. ഉത്തർപ്രദേശിൽ 41ഉം തമിഴ്‍നാട്ടിൽ 26ഉം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളിൽ വീതം 500നു മുകളിൽ ആളുകൾക്ക് ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്തും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ലോകവ്യാപകമായി 31,37,761 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ രണ്ടേകാല്‍ ലക്ഷം കടന്നു. 2,17,948 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,55,695 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10,35,765ആയി. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം;പകരം ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തെത്തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.പകരം സാലറി കട്ടില്‍ ഓര്‍ഡിനന്‍സ് ഇറക്കാനാണ് മന്ത്രിസഭയുടെ തീരുമാനം. ഇതുവഴി ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് നിയമപ്രാബല്യം നല്‍കാനാണ് തീരുമാനമായത്. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘട്ടങ്ങളില്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന നിയമം കൊണ്ടുവരാനാണ് തീരുമാനം.ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതും, തുടര്‍ നടപടികളും കൂടുതല്‍ കാലതാമസത്തിന് ഇടയാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറു ദിവസങ്ങളിലെ ശമ്പളം എന്ന ക്രമത്തില്‍ അഞ്ചുമാസം ശമ്പളം മാറ്റിവെക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള സാലറി കട്ടിനാണ് തീരുമാനിച്ചിരുന്നത്.മന്ത്രിസഭ അന്തിമതീരുമാനമെടുത്തു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും.ഓര്‍ഡിനന്‍സ് നിയമമാകുന്നതിന് ഗവര്‍ണര്‍ ഒപ്പിടേണ്ടതുണ്ട്. സാലറി കട്ടിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് സാലറി കട്ടിന് കോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത്. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.
കണ്ണൂര്‍ ജില്ലയില്‍ ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കണ്ണൂര്‍: ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. രണ്ടു പേര്‍ ദുബൈയില്‍ നിന്നെത്തിയവരാണ്.ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 116 ആയി.മാര്‍ച്ച് 17ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മൂര്യാട് സ്വദേശിയായ 21 കാരനും മാര്‍ച്ച് 21ന് ഐഎക്‌സ് 434 ല്‍ നെടുമ്പാശ്ശേരി വഴിയെത്തിയ ചെറുവാഞ്ചേരി സ്വദേശിനിയായ 20കാരിയുമാണ് ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍. മൂര്യാട് സ്വദേശിയായ 40കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധിതനായത്. അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ഏപ്രില്‍ 26നാണ് മൂന്നു പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്.അതിനിടെ, ജില്ലയില്‍ നിന്ന് രണ്ടു പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 66 ആയി.ജില്ലയില്‍ നിലവില്‍ 2552 പേരാണ് നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴ് പേരും ജില്ലാ ആശുപത്രിയില്‍ 14 പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 33 പേരും വീടുകളില്‍ 2449 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 2960 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2801 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2626 എണ്ണം നെഗറ്റീവാണ്. 159 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
സർക്കാരിന് തിരിച്ചടി;ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ
:കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ട് മാസത്തേക്കാണ് സ്റ്റേ.സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ല. ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സ്റ്റേ.ദുരന്ത നിവാരണ നിയമം അനുസരിച്ചും പകർച്ചവ്യാധി നിയമം അനുസരിച്ചും ഉത്തരവിന് സാധുത ഇല്ല. ശമ്പളം നീട്ടി വയ്ക്കുന്നത് നിരസിക്കൽ ആണ്.ഏത് ചട്ടം അനുസരിച്ചാണ് ശമ്പളം കട്ട് ചെയ്യല്‍ എന്ന് സര്‍ക്കാര്‍ ഉത്തരവിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിയന്തര പ്രാധാന്യം കണക്കിലെടുത്താണ് ഹർജി പരിഗണിച്ചതെന്നും കോടതി വ്യക്തമാക്കി.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി;24 മണിക്കൂറിനിടെ 60 മരണം
ന്യൂഡൽഹി:രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി.24 മണിക്കൂറിനിടെ 60 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണിത്.1,543 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയര്‍ന്നു.6,869 പേര്‍ രാജ്യത്ത് കൊവിഡ് രോഗമുക്തരായി. ആകെ രോഗികളില്‍ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 8,590 ആയി ഉയര്‍ന്നു. 369 പേര്‍ മരിച്ചു. ഗുജറാത്തില്‍ 3,548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവന്‍ നഷ്ടമായി.രാജസ്ഥാനില്‍ 2,262 പേര്‍ക്കും മധ്യപ്രദേശില്‍ 2,165 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു. കേരളത്തില്‍ 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്.ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.
രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.യോഗത്തില്‍ സംസാരിച്ച നാല് മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൌൺ പിന്‍വലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഒൻപത് മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും ആ നിര്‍ദേശം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. പലയിടങ്ങളിലും നിലവില്‍ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുണ്ട്.എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല. ഒരു കാരണവശാലും ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കരുതെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടു.
കണ്ണൂരിലും കോവിഡ് രോഗികളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്
കോവിഡ് 19;കണ്ണൂരില്‍ സി.ഐ അടക്കം ആറ് പോലീസുകാര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍:കണ്ണൂര്‍ ചൊക്ലിയില്‍ സിഐയും എസ്‌ഐയും അടക്കം ആറ് പൊലീസുകാര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധിച്ച പെരിങ്ങത്തൂര്‍ സ്വദേശിയുടെ സെക്കന്ററി കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.പെരിങ്ങത്തൂര്‍ സ്വദേശിയായ 20 കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചൊക്ലി പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചത്.പോലീസ് സ്റ്റേഷനിലും താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.സിഐയും എസ്‌ഐയും നാല് പൊലിസുകാരുമാണ് നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച ഇരുപതുകാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉള്‍പ്പെട്ട സുഹൃത്ത് ഈ പൊലീസുകാരുമായി അടുത്തിടപഴകിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി റോഡുകള്‍ അടക്കാന്‍ ഇയാള്‍ പോലീസ് ഉദ്യോഗസ്ഥരെ സഹായിച്ചിരുന്നു. ഇയാളുടെ സ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട് . പൊലീസ് സ്റ്റേഷനിലും താൽക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തി.അതേസമയം, ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ നാട്ടിലേക്ക് വരുമ്പോൾ കൊവിഡ് ബാധിച്ച ചെങ്ങളായി സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായി അടുത്ത ഇടപഴകിയവരുടെ ഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;7 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂരിൽ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ ആകെ എണ്ണം 457 ആയി. 116 പേര്‍ ചികിത്സയിലുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് ഏഴ് പേരുടെ ഫലം നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.കോഴിക്കോട് ഇന്ന് 84 വയസുകാരന്‍ രോഗമുക്തി നേടി.കൂത്തുപറമ്പ് സ്വദേശിയാണ്. ഇത് കേരളത്തിന് നേട്ടമാണ്.വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ല.കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. പ്രവാസികളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടി കേന്ദ്രത്തെ അറിയിച്ചു. അതിലും കേന്ദ്രം അഭിനന്ദിച്ചു. ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.ഹോട്സ്‌പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ കടകള്‍ തുറക്കാം. ആദ്യം കടകള്‍ പൂര്‍ണമായി ശൂചീകരിക്കുകയും അണുമുക്തമാക്കുകയും വേണം. ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഗ്രാമപ്രദേശങ്ങളിൽ ചെറുകിട, ഇടത്തരം ഷോപ്പുകള്‍ തുറക്കാം;ലോക്ക് ഡൗണിൽ ഇളവുകളുമായി കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുമായി കേന്ദ്രം.കോവിഡ് ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിറക്കി.ചെറുകിട, ഇടത്തരം ഷോപ്പുകൾക്കാണ് അനുമതി. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. ഷോപ്പിംഗ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. ജീവനക്കാര്‍ മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഇളവ് ബാധകമാകില്ല. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല.നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിലാണ് കടകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. 28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അടച്ചുപൂട്ടൽ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതർ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.