തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളില്‍ വ്യക്തത വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഗ്രീന്‍ സോണുകള്‍ കേന്ദ്രീകരിച്ച് ഇളവുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശം. അതേസമയം ഹോട്ട് സ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.ഗ്രീന്‍ സോണിലടക്കം ബാര്‍ബര്‍ ഷോപ്പുകളും ബ്യൂട്ടീ പാര്‍ലറുകളും തുറക്കില്ല. തിയേറ്റര്‍, ബാര്‍, ആരാധനാലയങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ഗ്രീന്‍ സോണുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരീക്ഷകള്‍ക്ക് മാത്രമായി തുറക്കാമെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.കണ്ണൂര്‍,കോട്ടയം ജില്ലകളില്‍ ഇളവുണ്ടാകില്ല. സംസ്ഥാനത്തെ 84 ഹോട്ട്സ്പോട്ടുകളിലും ഇളവുണ്ടാകില്ല. ഇളവുകള്‍ പ്രകാരം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാം. ഈ സമയത്ത് കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ രാത്രി സഞ്ചാരം ഒരു കാരണവശാലും അനുവദിക്കില്ല. നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരിക്കുള്ള സൌകര്യവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ കാറുകളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളു. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ മാത്രമേ പാടുള്ളൂവെന്നും നിബന്ധനയില്‍ പറയുന്നുണ്ട്.പ്രവാസികളുടെ തിരിച്ച് വരവിലും വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്. വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഉണ്ടാകും. രോഗ ലക്ഷണം ഇല്ലെങ്കില്‍ വീട്ടില്‍ പോകാം.വീട്ടില്‍ നിരീക്ഷണം നിര്‍ബന്ധമാണ്. രോഗം പിടിപെടാന്‍ സാധ്യത ഉള്ളവര്‍ വീട്ടില്‍ ഉണ്ടെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറണം. സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ താമസിക്കാം. അവിടെയും നിരീക്ഷണം നിര്‍ബന്ധമാണ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ നിരീക്ഷണത്തിലാണെന്ന് പൊലീസ് ഉറപ്പാക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
മൂവാറ്റുപുഴയില്‍ നിയന്ത്രണം വിട്ട കാര്‍ കെട്ടിടത്തിലേക്കിടിച്ചു കയറി; യുവ നടന്‍ അടക്കം മൂന്ന് പേര്‍ മരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ മേക്കടമ്പിൽ നിയന്ത്രണംവിട്ട കാര്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറി യുവനടന്‍ അടക്കം മൂന്നു പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിധിന്‍ (35),അശ്വിന്‍ (29),യുവനടൻ ബേസില്‍ ജോര്‍ജ് (30) എന്നിവരാണു മരിച്ചത്. പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകനായി അഭിനയിച്ച നടനാണ് മരിച്ച ബേസില്‍ ജോര്‍ജ്.ഇന്നലെ രാത്രി ഒന്‍പതിന് വാളകം മേക്കടമ്പ് പള്ളിത്താഴത്താണ് അപകടം. കാറിലുണ്ടായിരുന്ന രണ്ടുപേർക്കും വീടിന്‍റെ മുന്‍വശത്തെ മുറിയിലുണ്ടായിരുന്ന മൂന്ന് അതിഥി തൊഴിലാളികൾക്കുമാണ് പരിക്കേറ്റത്. കോലഞ്ചേരിയില്‍നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്കു പോകുകയായിരുന്ന കാര്‍ വൈദ്യുതപോസ്റ്റിലിടിച്ച ശേഷം സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വീടിന്‍റെ മുന്‍വശം തകര്‍ത്ത കാറും പൂര്‍ണ്ണമായും തകര്‍ന്നു. തലകീഴായി മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയുമെത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ലിതീഷ് (30), സാഗര്‍ (19), അതിഥി തൊഴിലാളികളായ റമോണ്‍ ഷേഖ്, അമര്‍ ജയദീപ് എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിന്‍മെന്‍റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.ഹോട്ട്സ്പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടും. ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര ഉത്തരവ് പ്രകാരം മെയ് 17 വരെയാണ് ലോക്ക് ഡൗണ്‍.ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീന്‍ സോണ്‍. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകള്‍ ഗ്രീന്‍ സോണിലാണ്. വയനാട്ടില്‍ ഇന്നലെ പോസിറ്റീവ് കേസ് വന്നതിനാല്‍ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി.21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ ഗ്രീന്‍ സോണിലേക്ക് മാറ്റി. നിലവില്‍ കൊവിഡ് പോസിറ്റീവ് രോഗികള്‍ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും.മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും.മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കും.
അനുവദനീയമല്ലാത്ത കാര്യങ്ങള്‍ (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ):
1. പൊതുഗതാഗതം അനുവദിക്കില്ല.
2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
3. ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
4. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.
5. സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.
6. പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല.
7. മദ്യഷാപ്പുകള്‍ ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
8. മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാവുന്നതാണ്.
9. വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല.
10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷാ സംബന്ധമായ ജോലികള്‍ നടത്തേണ്ടിവന്നാല്‍ അതിനു മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാവുന്നതാണ്.
11. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. ( അടുത്ത ആഴ്ച മുതല്‍ പൂര്‍ണ്ണതോതില്‍ പ്രാവര്‍ത്തികമാക്കും) വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണം.
12. അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയില്‍ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകേണ്ടതാണ്.
അതിഥി തൊഴിലാളികൾക്കായി സംസ്ഥാനത്തു നിന്നും ഇന്ന് നാല് ട്രെയിനുകള്‍ കൂടി;പുറപ്പെടുന്നത് തൃശ്ശൂര്‍,കണ്ണൂര്‍,എറണാകുളം എന്നിവിടങ്ങളില്‍ നിന്നും
തിരുവനന്തപുരം:അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനായി ഇന്ന് സംസ്ഥാനത്തു നിന്നും നാല് ട്രെയിനുകൾ കൂടി പുറപ്പെടും.തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുക.എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക.ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കേരളത്തില്‍ നിന്ന് ഇതുവരെ 7,000ത്തോളം പേരാണ് നാട്ടിലേക്ക് മടങ്ങിയത്. കഴിഞ്ഞ ദിവസം മാത്രം അഞ്ചു ട്രെയിനുകള്‍ അതിഥിതൊഴിലാളികളുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. ഒഡീഷ, ബിഹാര്‍ സ്വദേശികളെ മാത്രമാണ് ഈ ട്രെയിനുകളില്‍ കൊണ്ടുപോയത്.തൃശ്ശൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും വൈകീട്ട് അഞ്ച് മണിക്കാണ് ട്രെയിന്‍ പുറപ്പെടുക. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക.ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും.
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 8 പേര്‍ രോഗമുക്തരായി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.8 പേര്‍ ഇന്ന് രോഗമുക്തി നേടി. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. സംസ്ഥാനത്ത് നിലവില്‍ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 96 പേര്‍ ചികിത്സയിലും 21894 പേര്‍ നിരീക്ഷണത്തിലുമാണ്. 21494 പേര്‍ വീട്ടു നിരീക്ഷണത്തിലാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് ആകെ 80 ഹോട്ട് സ്പോട്ടുകള്‍ ആണ് നിലവിലുള്ളത്.ഇന്ന് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കണ്ണൂരില്‍ 23 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള ജില്ല കണ്ണൂരാണ്, 38പേര്‍.ഇവരില്‍ രണ്ടുപേര്‍ കാസർകോട് സ്വദേശികളാണ്.കാസര്‍കോട് 22പേര്‍ കോട്ടയത്ത് 18, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ 12പേര്‍ വീതവും ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.ഒരു മാസത്തിലധികമായി വയനാട്ടില്‍ കോവിഡ്-19 കേസുകളൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ഒരു കോവിഡ്-19 കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ഗ്രീന്‍ സോണില്‍നിന്ന് ഓറഞ്ച് സോണിലേക്ക് മാറും.
രാജ്യത്ത് ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി.മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കിരിക്കെയാണ് പുതിയ തീരുമാനം, രാജ്യത്താകെ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരും. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രണ്ടാഴ്ചത്തേക്ക് പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല.ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്. 21 ദിവസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും.ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.
മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലാ കലക്ടര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു
കാസർകോഡ്:മാധ്യമ പ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതോടെ കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത് ബാബു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.കോവിഡ് 19 സ്ഥിരീകരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു.ഇതോടെയാണ് കളക്ടറും ഡ്രൈവറും ഗണ്‍മാനും നിരീക്ഷണത്തില്‍ പോയത്. കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, അദ്ദേഹത്തിന്റെ ഡ്രൈവര്‍, ഗണ്‍മാന്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയത്.ജില്ലാ കളക്ടറുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.ജില്ലയിലെ സാമൂഹ്യ വ്യാപന സാധ്യത പരിശോധനയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജില്ലയിലെ ദൃശ്യമാധ്യമ പ്രവര്‍ത്തകരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ഈ പരിശോധനയിലാണ് ഒരു പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തത്.മാധ്യമ പ്രവര്‍ത്തകനുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും നിരീക്ഷണത്തില്‍ പോവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.ജില്ലയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകന് പുറമെ മറ്റൊരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചെമ്മനാട് പഞ്ചായത്തിലെ 29 കാരനാണ് കോവിഡ്19 സ്ഥിരീകരിച്ച രണ്ടാമത്തെ വ്യക്തി. ഇദ്ദേഹം മുംബൈയില്‍ നിന്നാണ് നാട്ടിലെത്തിയത്. വീട്ടില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്തു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊല്ലത്ത് ആറുപേര്‍ക്കും തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ക്കു വീതവുമാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ മാധ്യമപ്രവര്‍ത്തകനുമാണ്. കാസര്‍കോഡുള്ള ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്.കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്.തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പത്തുപേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മൂന്നുപേരും പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്.തൃശൂര്‍, ആലപ്പുഴ, വയനാട് നിലവില്‍ രോഗം ബാധിച്ച് ആരും ചികില്‍സയിലില്ല.102 ഹോട്സ്പോട്ടുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് രണ്ട് ഹോട്ട്സ്പോട്ടുകൾ കൂടി. ഇടുക്കിയിലെ വണ്ടിപ്പെരിയാറും കാസർഗോട്ടെ അജാനൂറുമാണ് ഹോട്ട്സ്പോട്ടുകളായി മാറിയത്. ഇവിടങ്ങളിലെ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തും. സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേർക്കാണ്. 20673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20172 പേർ വീട്ടിലും 51 പേർ ആശുപത്രിയിലുമാണ്.
കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ കലക്റ്റർ;ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാടില്ലെന്നും റോഡുകൾ ബ്ലോക്ക് ചെയ്തത് അടിയന്തിരമായി നീക്കാനും നിർദേശം
കണ്ണൂർ:കണ്ണൂരിൽ ജില്ലാ പോലീസ് മേധാവിക്കെതിരെ കലക്റ്റർ.ജിandല്ലയിൽ ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങൾ കണ്ടയ്നമെന്റ് സോണുകളാക്കിയ എസ്പിയുടെ നടപടിക്കെതിരെ കലക്റ്റർ ഉത്തരവിറക്കി.ഇക്കാര്യം ഉന്നയിച്ച് കലക്റ്റർ ടി.വി സുഭാഷ് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയ്ക്ക് .എസ്പി കണ്ടയ്‌മെന്റ് സോൺ തിരിച്ചത് എന്ത് അധികാരം ഉപയോഗിച്ചാണെന്നും റോഡുകൾ ബ്ലോക്ക് ചെയ്യേണ്ട ആവശ്യമെന്താണെന്നും കത്തിൽ കലക്റ്റർ ആരാഞ്ഞു. ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ പാടില്ലെന്നും ബ്ലോക്ക് ചെയ്ത റോഡുകൾ അടിയന്തിരമായി തുറക്കാനും കലക്റ്റർ ആവശ്യപ്പെട്ടു.കടുത്ത ബ്ലോക്ക് കാരണം ആംബുലൻസുകൾ വഴിതിരിച്ച് വിടേണ്ടിവന്നുവെന്നും ഡയാലിസിസ് രോഗികൾക്ക് ആശുപത്രിയിൽ പോകാൻ സാധിച്ചില്ലെന്നും കലക്റ്റർ ചൂണ്ടിക്കാട്ടി.ജില്ലയിലെ യോഗത്തിലും ഇത്തരമൊരു തീരുമാനം എടുത്തിട്ടില്ലെന്നിരിക്കെ എങ്ങനെയാണു എസ്പി ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും കലക്റ്റർ ചോദിച്ചു. കോവിഡ് സംബന്ധമായ യോഗങ്ങളിൽ ജില്ലാ പോലീസ് മേധാവി പങ്കെടുക്കാത്തതെന്തുകൊണ്ടാണെന്നും ഇനിയുള്ള യോഗങ്ങളിൽ പങ്കെടുക്കണമെന്ന നിർദേശവും കളക്ടർ കത്തിലൂടെ നൽകി.ഹോട്സ്പോട്ടുകൾ അല്ലാത്തയിടങ്ങളിൽ റോഡുകൾ ബ്ലോക്ക് ചെയ്തതിനെതിരെ നാട്ടുകാരുടെ ഭാഗത്തു നിന്നും മറ്റും വലിയ പരാതികൾ ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് കലക്റ്റർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.ബുധനാഴ്ച വൈകിട്ടോടെ ബ്ലോക്ക് ചെയ്ത മുഴുവൻ റോഡുകളും തുറന്ന് വാഹനങ്ങൾ കടത്തിവിടണമെന്നും കലക്റ്റർ ആവശ്യപ്പെട്ടു.
അര്‍ഹരായവര്‍ക്ക് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ്; സര്‍ക്കാര്‍ ഉത്തരവിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ കാര്‍ഡ് ഇല്ലാത്ത അര്‍ഹരായ കുടുബങ്ങള്‍ക്ക് അപേക്ഷ നൽകി 24 മണിക്കൂറിനുള്ളില്‍ പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ കൊവിഡ് 19ന്റെ ഭാഗമായി വിതരണം ചെയ്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭക്ഷ്യധാന്യങ്ങള്‍ ലഭ്യമാകാത്തത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.റേഷന്‍കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ താല്‍ക്കാലിക റേഷന്‍ കാര്‍ഡ് അനുവദിക്കണം. രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്തം അപേക്ഷകനായിരിക്കും.തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാ നടപടികള്‍ക്കു വിധേയരാകുമെന്ന സത്യവാങ്‌മൂലവും അപേക്ഷകനില്‍നിന്നു വാങ്ങണമെന്ന് ഉത്തരവിലുണ്ട്.