ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി.വൈറസ് ബാധിതരുടെ എണ്ണവും അനുദിനം വര്‍ധിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 3320 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 95 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 1981 ആയി ഉയര്‍ന്നു. ഇതുവരെ 17847 പേര്‍ രോഗമുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 19,000 കടന്നു. പുതുതായി 1089 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 19,063 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണ സംഖ്യ 731 ആയി ഉയര്‍ന്നു. അതേസമയം സംസ്ഥാനത്ത് ഇതുവരെ 3470 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. മുംബൈയില്‍ വൈറസ് ബാധിതരുടെ എണ്ണം 11967 ആയി. ധാരാവിയില്‍ മാത്രം 808 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 26 പേരാണ് വൈറസ് ബാധമൂലം ധാരാവിയില്‍ മരിച്ചത്.അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 29.36 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. രാജ്യത്തെ 216 ജില്ലകള്‍ ഇതിനോടകം കൊവിഡ് മുക്തമായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു;കണ്ണൂരിൽ 10 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു.ചെന്നെയിൽ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.10 പേർ രോഗമുക്തരായി.കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന 10 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.സംസ്ഥാനത്ത് 16 പേര്‍ മാത്രമാണ് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്താകെ 503 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 20,157 പേര്‍ നിരീക്ഷണത്തിലുണ്ട്.ഇന്ന് മാത്രം 125 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവിൽ സംസ്ഥാനത്ത് 33 ഹോട്സ്പോട്ടുകളാണുള്ളത്. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് 19 കേരളത്തില്‍ സ്ഥിരീകരിച്ചിട്ട് ഇന്ന് 100 ദിവസം പൂര്‍ത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു.
മഹാരാഷ്ട്രയിൽ അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 മരണം
ഔറംഗാബാദ്:മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്ന അതിഥി തൊഴിലാളികളുടെ മേൽ ഗുഡ്സ് ട്രെയിൻ പാഞ്ഞുകയറി 15 പേർ മരിച്ചു.ഔറംഗബാദ് –നാന്ദേഡ് പാതയിലാണ് അപകടം.സ്ത്രീകളും കുട്ടികളുമുള്‍പ്പെട്ട സംഘം ട്രാക്കില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നിന്ന് നിരവധി അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പലായനം ചെയ്തിരുന്നു. അയല്‍സംസ്ഥാനങ്ങളിലേക്ക് കാല്‍നടയായാണ് ഇവര്‍ മടങ്ങിയിരുന്നത്.മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേക്ക് കുടുംബത്തോടെ മടങ്ങുകയായിരുന്നു ഇവര്‍. യാത്രക്കിടയില്‍ ഔറാംഗാബിദിലെ കര്‍മാടിന് അടുത്ത് അടുത്തുള്ള റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങുകയായിരുന്നു. ചരക്ക് ട്രെയിനിടിച്ചാണ് അപകടമുണ്ടായത്.ജല്‍നയിലെ ഉരുക്ക് ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങുന്നതിനായി ട്രെയിന്‍ പിടിക്കുന്നതിനായി ജല്‍ന മുതല്‍ 170 കിലോമീറ്റര്‍ അകലെയുള്ള ഭുവാസല്‍ വരെ ഇവര്‍ നടക്കുകയായിരുന്നു. 45 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ ട്രാക്കില്‍ വിശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്ന് ഔറംഗാബാദ് എസ്‌പി മോക്ഷദാ പാട്ടീല്‍ പറഞ്ഞു.റെയില്‍വേ സംരക്ഷണ സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പാളത്തില്‍ ആളുകള്‍ കിടക്കുന്നതു കണ്ട ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് ആളുകള്‍ക്കിടയിലേക്കു കയറുകയായിരുന്നെന്നും പരുക്കേറ്റവരെ ഔറംഗാബാദ് സിവില്‍ ആശുപത്രിയിലാക്കിയെന്നും റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തു.പല സംസ്ഥാനങ്ങളും മറ്റു സംസ്ഥാനങ്ങളിലേക്കു മടങ്ങേണ്ട അതിഥിതൊഴിലാളികള്‍ക്കായി ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നുണ്ടെങ്കിലും പലരും സ്വന്തം നാടുകളിലേക്കു നടന്നുപോകുന്നുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും റെയില്‍പാളങ്ങള്‍ വഴിയാണ് സഞ്ചരിക്കുന്നത്. വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്താനും വഴി തെറ്റാതിരിക്കാനും ആണിത്.
തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിന് ആശ്വാസം;ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല;5 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിന് ആശ്വാസം.ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല.മാര്‍ച്ച് 1, 3, 4, 6, 7 തീയതികളിലാണ് അടുത്തിടെ ആര്‍ക്കും തന്നെ കോവിഡ് സ്ഥിരീകരിക്കാത്ത്.അതേസമയം ഇന്ന് അഞ്ച് പേര്‍ രോഗമുക്തരായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 3 പേരുടേയും കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 25 പേര്‍ മാത്രമാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,693 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 16,383 പേര്‍ വീടുകളിലും 310 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 131 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 35,171 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചതില്‍ ലഭ്യമായ 34,519 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. അതേസമയം 56 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. സംസ്ഥാനത്ത് നിലവില്‍ ആകെ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
വിശാഖപട്ടണത്ത് വിഷവാതക ചോർച്ച;എട്ട് മരണം;20 ഗ്രാമങ്ങള്‍ ഒഴിപ്പിക്കുന്നു
വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് എട്ടുപേർ മരിച്ചു.വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്.ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി.സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ വീടുകളിൽ നിന്നൊഴിപ്പിക്കുകയാണ്. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്.ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.പോലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്‍റിന് സമീപത്തെ ജനങ്ങളില്‍നിന്നു പ്രതികരണമുണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണോ എന്നു ആശങ്കയുണ്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേര്‍സ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു.
കേരളത്തിന് ഇന്ന് ആശ്വാസദിനം;ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല;ഏഴ് പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:കേരളത്തിന് ഇന്ന് ആശ്വാസദിനം.ഇന്ന് സംസ്ഥാനത്ത് ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചില്ല. ഏഴ് പേര്‍ കോവിഡില്‍ നിന്നും രോഗമുക്തി നേടുകയും ചെയ്തു. കോട്ടയത്ത് 6 പേരും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് കോവിഡ് നെഗറ്റീവായത്. നിലവില്‍ 30 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.502 പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. 14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 268 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്.സംസ്ഥാനത്തെ 6 ജില്ലകളില്‍ മാത്രമാണ് നിലവില്‍ കൊവിഡ് രോഗികളുള്ളത്. 8 ജില്ലകള്‍ കൊവിഡ് മുക്തമായി. പുതിയ ഹോട്ട് സ്പോട്ടില്ലാത്തതും സംസ്ഥാനത്തിന് ആശ്വാസമാണ്.അതേസമയം, പ്രവാസികളുടെ ക്വാറന്റൈനില്‍ ഇളവുതേടി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കും. ഗര്‍ഭിണികളേയും പ്രായമായവരേയും രോഗികളേയും കുട്ടികളേയും സര്‍ക്കാരിന്റെ ക്വാറന്റൈന്‍ കേന്ദ്രത്തിലാക്കുന്നത് വെല്ലുവിളിയാണെന്നും ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കാന്‍ അനുവദിക്കണമെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായി കൊച്ചി വിമാനത്താവളവും തുറമുഖവും; നെടുമ്പാശ്ശേരിയിൽ ആദ്യഘട്ടത്തില്‍ 10 വിമാനങ്ങളിലായി എത്തുക 2150 പേര്‍
കൊച്ചി: പ്രവാസികളെ സ്വീകരിക്കാന്‍ പൂര്‍ണ്ണ സജ്ജമായി കൊച്ചി വിമാനത്താവളവും തുറമുഖവും. നെടുമ്പാശ്ശേരിയിൽ ആദ്യ ഘട്ടത്തില്‍ 10 വിമാനങ്ങളിലായി 2150 പേരാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാന്‍ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്.ആദ്യ ദിനം കേരളത്തിലേക്കെത്തുക നാല് വിമാനങ്ങളായിരിക്കും. ഇതില്‍ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നുമുള്ള വിമാനങ്ങളാണ് കൊച്ചിയിലേക്ക് വരുന്നത്.രണ്ടു വിമാനങ്ങളിലുമായി 400 പേരെത്തും.കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ ഇവരെ എയറോ ബ്രിഡ്‍ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും.ഇവിടെ നിന്നും നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക് മാറ്റും.തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും.ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കും.മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഡബിള്‍ ചേംബര്‍ ടാക്സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക.ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂര്‍ണ്ണമായും അണുവിമുക്തമാക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനവും നൽകിയിട്ടുണ്ട്.മാലിദ്വീപില്‍ നിന്ന് കപ്പലില്‍ കൊച്ചിയിലെത്തുന്നവരെയും സമാന രീതിയില്‍ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും.പരിശോധനയ്ക്കായി കൊച്ചി തുറമുഖത്ത് തെര്‍മല്‍ സ്കാനറക്കടം സ്ഥാപിച്ചു കഴിഞ്ഞു. നേരത്തെ തുറമുഖത്ത് ഇത്തരം സൗകര്യം കുറവായിരുന്നു. മാലിയില്‍ നിന്നടക്കം കൊച്ചിയിലേക്ക് നേവിയുടെ കപ്പലില്‍ പ്രവാസികളുമായി എത്തിക്കുന്ന സാഹചര്യത്തിലാണ് തുറമുഖത്തെ പരിശോധനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയത്.
സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു;മൂന്നു കേസുകളും വയനാട് ജില്ലയിൽ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് മൂന്നുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.മൂന്നു കേസുകളും വയനാട് ജില്ലയിലാണ്.മൂന്ന് പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധിച്ചത്. ചെന്നൈയിൽ പോയി വന്ന വാഹനത്തിലെ ഡ്രൈവർക്ക് കോവിഡ് ബാധിച്ചു. ഇയാളുടെ അമ്മയ്ക്കും ഭാര്യക്കും പിന്നെ ക്ലീനറുടെ മകനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റിടങ്ങളിൽ പോയി വരുമ്പോൾ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങൾ അയഞ്ഞാൽ ഉണ്ടാകുന്ന അപകടത്തിന്റെ സൂചനയാണിത്. ഇന്ന് ആരുടെ പരിശോധനാ ഫലവും നെഗറ്റീവല്ലായെന്നും മുഖ്യമന്ത്രി അറിയിച്ചു.ഇതുവരെ സംസ്ഥാനത്ത് 502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 37 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. സംസ്ഥാനത്ത് 21034 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ 21034 പേര്‍ വീടുകളിലും രോഗലക്ഷണങ്ങളെ തുടര്‍ന്ന് 308 പേര്‍ വിവിധ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നുമാത്രം 80 പേരെയാണ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.33800 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 33265 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനങ്ങൾ വ്യാഴാഴ്ച മുതൽ എത്തിത്തുടങ്ങും;രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 സര്‍വീസ്; കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസ്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും.വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.
സംസ്ഥാനത്തിന് ഇന്നും ആശ്വാസദിനം;ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ല;61 പേർ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസം. പുതുതായി ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്.അതേസമയം, രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ 61 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം. ഇതോടെ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് കോവിഡ് നെഗറ്റീവായത് ജില്ല തിരിച്ച്:
ഇടുക്കി – 11
കോഴിക്കോട് – 04
കൊല്ലം – 09
കണ്ണൂര്‍ -19
കാസര്‍ഗോഡ് -02
കോട്ടയം -12
മലപ്പുറം – 02
തിരുവനന്തപുരം -02
ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കോവിഡ് രോഗികളില്ലാത്ത ജില്ലകളായി മാറി.ഇന്ന് 1249 കോവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. നിലവില്‍ 84 ഹോട്ട് സ്പോട്ടുകളാണുള്ളതെന്നും ഇതില്‍ പുതിയ കൂട്ടിചേര്‍ക്കലുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുന്നത് ആശ്വാസകരമാണെങ്കിലും വിദേശത്ത് 80 മലയാളികള്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം രാജ്യത്തിനകത്തുള്ള 1,66263 മലയാളികള്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്തതായും ഇതില്‍ 5470 പാസുകള്‍ വിതരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഉച്ചവരെ 515 പേരാണ് വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി എത്തിയത്.