ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ലോക്ഡൗൺ തുടരുമെങ്കിലും നാലാം ഘട്ടം പുതിയ നിയമങ്ങൾ അനുസരിച്ചായിരിക്കുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിശദാംശങ്ങൾ ഈ മാസം 18ന് മുൻപ് പ്രഖ്യാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.കോവിഡ് 19 പശ്ചാത്തലത്തില്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എല്ലാ മേഖലകളേയും ഉത്തേജിപ്പിക്കാനായാണ് 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ എന്ന പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.പുതിയ പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പ്രഖ്യാപിക്കും.രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക.ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.കൊറോണ വൈറസിനെതിരായ യുദ്ധത്തിലാണ് രാജ്യം. ഇത്തരം സാഹചര്യം രാജ്യം ഇതുവരെ നേരിട്ടിട്ടില്ല. രാജ്യത്ത് നിരവധി ജീവനുകള്‍ നഷ്ടമായി. പലര്‍ക്കും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. നാം കീഴടങ്ങുകയോ തോറ്റുകൊടുക്കുകയോ ഇല്ല. പോരാട്ടം തുടരും. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുടില്‍വ്യവസായം, ചെറുകിടം–- ഇടത്തരം സംരംഭങ്ങള്‍, തൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായങ്ങള്‍ എന്നിവയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പാക്കേജാണ് പ്രഖ്യാപിക്കുക. സ്വയംപര്യാപ്ത ഇന്ത്യക്ക് ഊര്‍ജമേകും. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ എന്നിവയ്ക്കാണ് ഊന്നൽ നൽകുക.രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ ധീരമായ പരിഷ്കാരം ആവശ്യമാണ്. എങ്കില്‍ മാത്രമേ ഭാവിയില്‍ കോവിഡിന് സമാനമായ പ്രതിസന്ധികളെ മറികടക്കാനാകൂ. കാര്‍ഷികമേഖലയ്ക്കായി വിതരണശൃംഖലാ പരിഷ്കാരം, നികുതി സംവിധാനം, ലളിതവും വ്യക്തവുമായ നിയമങ്ങള്‍, ശേഷിയുള്ള മനുഷ്യവിഭവം, ശക്തമായ ധനസംവിധാനം എന്നിവയ്ക്കായി പരിഷ്കാരങ്ങൾ ഉണ്ടാകും. ഇത് ബിസിനസുകളെ പ്രോത്സാഹിപ്പിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും. സ്വയംപര്യാപ്തത ആഗോളവിതരണ ശൃംഖലയില്‍ കടുത്ത മത്സരത്തിന് രാജ്യത്തെ സജ്ജമാക്കും. ഈ മത്സരത്തില്‍ ജയിക്കേണ്ടതുണ്ട്. ഇത് മനസ്സില്‍ കണ്ടാണ് പാക്കേജ് ഒരുക്കിയതെന്നും പ്രധാനമന്ത്രി പറഞ്ഞു.അടച്ചിടല്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി പ്രത്യേക പാക്കേജ് വേണമെന്ന് സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ധനമന്ത്രി നേരത്തെ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെയും ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച 50,000 കോടിയുടെയും പാക്കേജ് ഉള്‍പ്പെടെയാണ് പുതിയ പ്രഖ്യാപനം.
സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 32 ആയി.അതില്‍ 23 പേര്‍ക്കും രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ചെന്നൈയില്‍ നിന്ന് വന്ന ആറ് പേർ, മഹാരാഷ്ട്രയില്‍ നിന്ന് വന്ന നാല് പേർ, നിസാമുദ്ദീനില്‍ നിന്നും വന്ന രണ്ട് പേര്‍, വിദേശത്ത് നിന്ന് വന്ന 11 പേര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്നാണ്. 9 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പർക്കം മൂലമാണ്. ഇതില്‍ ആറ് പേര്‍ വയനാട്ടിലാണ്. ചെന്നൈയില്‍ പോയിവന്ന ലോറി ഡ്രൈവറുമായും സഹ ഡ്രൈവറുമായും സമ്പർക്കമുള്ളവരാണിവര്‍.ഇതുവരെ 524 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 32 പേര്‍ നിലവില്‍ ചികിത്സയിലാണ്. 95 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.വയനാടിനു പുറത്ത് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ മൂന്നുപേര്‍ ഗള്‍ഫില്‍നിന്ന് വന്നവരുടെ ബന്ധുക്കളാണ്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനത്തിന്റെ തോത് സങ്കല്‍പതീതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട്ട് ഒരാളില്‍നിന്ന് 22 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. കണ്ണൂരില്‍ ഒരാളില്‍നിന്ന് ഒമ്പതുപേര്‍ക്കും വയനാട്ടില്‍ ആറുപേര്‍ക്കുമാണ് രോഗം പടര്‍ന്നത്. സംസ്ഥാനത്ത് ഇതുവരെ 70% പേര്‍ക്ക് പുറത്തുനിന്നും 30% പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്.
നിർണായക തീരുമാനത്തിന് കാതോർത്ത് രാജ്യം; പ്രധാനമന്ത്രി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി:നിർണായക തീരുമാനത്തിന് കാതോർത്ത് രാജ്യം.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും.മുന്നാംഘട്ട ലോക്ക് ഡൗണ്‍ മെയ് 17ന് അവസാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ട സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും.കൂടാതെ ലോക നഴ്‌സസ് ദിനം കൂടിയായ ഇന്ന് കൊറോണ മഹാമാരിക്കെതിരെ മുന്നിരയിൽ നിന്നും പോരാടുന്ന ഭൂമിയിലെ മാലാഖമാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി തിങ്കളാഴ്ച ആറ് മണിക്കൂര്‍ നീണ്ട കൂടിയാലോചന നടത്തിയിരുന്നു. ഈ വീഡിയോ കോണ്‍ഫറന്‍സിലാണ് ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ആന്ധ്രാ പോലെ ചില സംസ്ഥാനങ്ങള്‍ ലോക്ക്ഡൗൺ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവായ സാഹചര്യം വിലയിരുത്തി ലോക്ക്ഡൗണ്‍ നീട്ടണമോ അതോ റെഡ്സോണില്‍ മാത്രമായി ലോക്ക്ഡൗണ്‍ തുടരുമോ എന്നതിലും ഇന്ന് തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ട്രെയിന്‍, വിമാന സര്‍വീസുകള്‍ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകുമോ എന്നതിലും തീരുമാനമുണ്ടായേക്കും. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി സൂചന നല്‍കിയിരുന്നു. അതിനാല്‍ തന്നെ മൂന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ നാലാം ഘട്ടത്തില്‍ തുടരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.ലോക്ഡൗണിന് ശേഷമുള്ള ലോകത്തെ അഭിമുഖീകരിക്കാന്‍ എല്ലാവരും തയ്യാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ മെയ് 17ന് തീരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രിയുടെ അഭിപ്രായ പ്രകടനം. ഗുരുതരമായ പ്രശ്‌നങ്ങളില്ലാത്ത ഇടങ്ങളില്‍ മെയ് 17ന് ശേഷം ഇളവുകള്‍ വരുത്തുമെന്നാണ് സൂചന.യോഗത്തില്‍ ലോക് ഡൗണ്‍ തുടരണമെന്ന് ആവശ്യപ്പെട്ട സംസ്ഥാനങ്ങള്‍ പോലും ഹോട്‌സ്‌പോട്ട് അല്ലാത്തയിടങ്ങളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ ലോക്ഡൗണ്‍ തുടരണമെന്ന നിലപാടാണ് അറിയിച്ചത്. പൊതുഗതാഗതം ആരംഭിക്കുന്നതിനുള്ള തീരുമാനം എടുക്കുന്നതിനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു.മെയ് 15ന് മുന്‍പ് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്ന് അറിയിക്കണമെന്നും മോദി സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളുമായി നടത്തിയ ആറാമത്തെ യോഗമാണ് തിങ്കളാഴ്ച നടന്നത്. രാജ്യത്ത് മെയ് 17-ന് മൂന്നാംഘട്ടത്തിന് ശേഷം ലോക്ക്ഡൗണ്‍ വീണ്ടും നീട്ടിയാല്‍, നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.
വന്ദേ ഭാരത് മിഷന്‍;പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും
കണ്ണൂർ:വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായി കണ്ണൂരിലേക്കുളള ആദ്യ വിമാനം ഇന്നെത്തും.രാത്രി 7.10നാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ദുബൈയില്‍ നിന്നും കണ്ണൂരിലെത്തുക.180 പേരാണ് ആദ്യ വിമാനത്തില്‍ യാത്രക്കാരായുളളത്.ആകെ യാത്രക്കാരില്‍ 109 പേരും കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോഡ് 47, കോഴിക്കോട് 12, മലപ്പുറം 7, മാഹി 3, വയനാട്, തൃശൂര്‍ ജില്ലകളില്‍ നിന്ന് ഓരോരുത്തര്‍ എന്നിങ്ങനെയാണ് മറ്റ് യാത്രക്കാരുടെ എണ്ണം.20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കുക. തുടര്‍ന്ന് മെഡിക്കല്‍ പരിശോധന നടത്തും.എയറോഗ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി അഞ്ച് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരെ ഇവിടെ നിന്നും ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കും.വിമാനത്താവളത്തിന് പുറത്ത് ഓരോ ജില്ലക്കാര്‍ക്കും പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഒരുക്കിയിട്ടുണ്ടാകും. ഒരു ബസില്‍ 20 പേര്‍ക്കാണ് യാത്ര ചെയ്യാനാവുക. കണ്ണൂര്‍ ജില്ലക്കാരെ വിവിധ ക്വാറന്‍റെന്‍ കേന്ദ്രങ്ങളിലേക്കും മറ്റ് ജില്ലക്കാരെ അതാത് ജില്ലാ അതിര്‍ത്തി വരെയുമാണ് ബസില്‍ എത്തിക്കുക. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിന് താഴെയുള്ള കുട്ടികള്‍, വയോജനങ്ങള്‍ എന്നിവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. വിദേശത്ത് നിന്നെത്തുന്നവരെ ക്വാറന്‍റെന്‍ ചെയ്യുന്നതിനായി കണ്ണൂര്‍, തലശേരി എന്നിവിടങ്ങളില്‍ 500ഓളം ഹോട്ടല്‍ മുറികളും ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. പ്രവാസികളെ എത്തിക്കുന്നതിനുളള എയര്‍ഇന്ത്യ എക്സ്പ്രസിന്‍റെ വിമാനം രാവിലെ 10.30ഓടെ കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് തിരിക്കും.
സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4 പേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈറ്റില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല.27 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.ഇന്നലെ വരെ 1307 പേരാണ് അടുത്തിടെ വിദേശത്ത് നിന്നും വന്നത്. ഇതില്‍ 650 പേര്‍ വീട്ടിലും 641 പേര്‍ കോവിഡ് കെയര്‍ സെന്ററിലും 16 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതില്‍ 229 പേര്‍ ഗര്‍ഭിണികളാണ്.സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട് കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ നെന്മേനിയെയാണ് ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.ഇതുവരെ 37,858 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിൾ ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3791 സാമ്പിളുകള്‍ നെഗറ്റീവ് ആയി.
ഹോം ക്വാറന്റൈന്‍;മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കി
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് ഇതര സംസ്ഥാനത്ത് നിന്നുള്ള മലയാളികളുടെ മടങ്ങിവരവ് ആരംഭിച്ചതിനെ തുടര്‍ന്ന് കോവിഡ് വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഹോം ക്വാറന്റൈന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി ഉത്തരവിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പരിമിതമായ സൗകര്യങ്ങളുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ രോഗ വ്യാപനത്തിന് വഴിവച്ചേക്കാമെന്നും അതിനേക്കാള്‍ മെച്ചം കേരളത്തില്‍ ആദ്യ രണ്ട് ഘട്ടങ്ങളില്‍ വളരെ ഫലപ്രദമായി നടപ്പാക്കിയ ഹോം ക്വാറന്റൈന്‍ സംവിധാനം കര്‍ശനമായ മേല്‍നോട്ടത്തിലും കേരളത്തില്‍ എത്തിച്ചേരുന്നവരുടെ വ്യക്തിപരമായ ഉത്തരവാദിത്തം ഉറപ്പാക്കിയും നടപ്പാക്കുന്നതാണ് ഉചിതമെന്ന് എക്സ്പേര്‍ട്ട് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കുകയും ശിപാര്‍ശ അംഗീകരിക്കുകയും ചെയ്താണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചതെന്നും മന്ത്രി വ്യക്തമാക്കി.ഇതര സംസ്ഥാനത്തുനിന്നും മടങ്ങിവരുന്ന എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുമാണ്. ആര്‍.റ്റി.പി.സി.ആര്‍. പരിശോധന ഫലം നെഗറ്റീവ് ആകുന്നവരെയും വൈദ്യ പരിശോധനാ സമയത്ത് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരേയും 14 ദിവസത്തേയ്ക്ക് ഹോം ക്വാറന്റൈനില്‍ അയക്കേണ്ടതാണ്. ഇങ്ങനെ ഹോം ക്വാറന്റൈനില്‍ പാര്‍പ്പിക്കപ്പെടുന്നവര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ അവരെ ആര്‍.റ്റി.പി.സി.ആര്‍. പരിശോധനയ്ക്ക് വിധേയമാക്കേണ്ടതും തുടര്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുമാണ്.ഇന്ത്യയ്ക്കകത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ കര്‍ശനമായി നടപ്പാക്കേണ്ടതാണ്.എന്നാല്‍ അതേസമയം ഇങ്ങനെ എത്തുന്ന വ്യക്തികളുടെ വീട്ടില്‍ ഹോം ക്വാറന്റൈന്‍ നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഹോട്ടലുകളില്‍ പെയിഡ് ക്വാറന്റൈന്‍ സൗകര്യമോ, സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമോ സ്വീകരിക്കാവുന്നതാണ്.
വീടിനുള്ളില്‍ നിരീക്ഷണത്തിലുള്ളവര്‍ താമസിക്കുന്ന മുറി:
- ശുചിമുറികള്‍ അനുബന്ധമായിട്ടുള്ള മുറികളാണ് രോഗികള്‍ക്ക് വേണ്ടി തെരഞ്ഞെടുക്കേണ്ടത്.
- ഇവ നല്ലരീതിയില്‍ വായു സഞ്ചാരമുള്ളതും എ.സി. ഇല്ലാത്തതുമായിരിക്കണം.
- മുറിയിലെ ജനാലകള്‍ വായു സഞ്ചാരത്തിനായി തുറന്നിടേണ്ടതാണ്.
വീടിനെ സംബന്ധിച്ച പൊതുനിബന്ധനകള്‍:
- രോഗി താമസിക്കുന്ന വീട്ടിലേയ്ക്ക് സന്ദര്‍ശകര്‍ പാടില്ല.
- രോഗി താമസിക്കുന്ന വീട്ടിലെ അംഗങ്ങള്‍ എല്ലാവരും സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ അനുമതിയോടുകൂടി മാത്രമേ പുറത്ത് പോകാന്‍ പാടുള്ളു.
- ഇവര്‍ ഹാന്‍ഡ് വാഷ്, മാസ്‌ക് എന്നിവ വീട്ടിനുള്ളില്‍ ഉപയോഗിക്കേണ്ടതും സാമൂഹ്യ അകലം പാലിക്കേണ്ടതുമാണ്.
ക്വാറന്റൈനിലുള്ള വ്യക്തി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
- ക്വാറന്റൈനിലുള്ള വ്യക്തി മുറിയില്‍ തുടരേണ്ടതും ഭക്ഷണം കഴിക്കുന്നതിനുപോലും പുറത്തേയ്ക്ക് വരാന്‍ പാടുള്ളതുമല്ല. ആഹാരശേഷം അവര്‍ ഉപയോഗിച്ച പാത്രങ്ങള്‍ സ്വയം കഴുകി വൃത്തിയാക്കേണ്ടതും അവരുടെ മുറിയ്ക്ക് പുറത്ത് സൂക്ഷിക്കേണ്ടതുമാണ്.
- ക്വാറന്റൈനിലുള്ള വ്യക്തിയുടെ ലഗേജ് ഉള്‍പ്പെടെ എല്ലാ വസ്തുക്കളും ആ വ്യക്തി തന്നെ കൈകാര്യം ചെയ്യേണ്ടതാണ്.
- കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ ആരും തന്നെ വ്യക്തി ഉപയോഗിക്കുന്ന മുറിയില്‍ പ്രവേശിക്കുവാന്‍ പാടുള്ളതല്ല. രോഗിയെ പരിചരിക്കുന്ന ആള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം മുറിയില്‍ പ്രവേശിക്കാവുന്നതാണ്.
- മൂക്കും വായും മാസ്‌ക് ഉപയോഗിച്ച് മറക്കേണ്ടതാണ് (പ്രത്യേകിച്ച് തുമ്മുമ്പോഴും ചുമക്കുമ്പോഴും)
- ഒരു കാരണവശാലും ക്വാറന്റൈനിലുള്ള വ്യക്തി 2 മീറ്ററിനുള്ളില്‍ വച്ച് മറ്റൊരു വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളതല്ല.
- ആരോഗ്യ വകുപ്പധികൃതരുടെ ഫോണ്‍ കോളുകള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ടതാണ്. ഇവരോടുതന്നെ സംശയനിവാരണം നടത്തേണ്ടതുമാണ്.
- ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുമായി ഫോണില്‍ ബന്ധപ്പെടേണ്ടതാണ്.
- യാതൊരു കാരണവശാലും ആരോഗ്യ വകുപ്പധികൃതരുടെ അനുമതി കൂടാതെ ചികിത്സയ്ക്ക് ആണെങ്കില്‍ പോലും വീടിനു പുറത്ത് പോവാന്‍ പാടുള്ളതല്ല.
ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത്:
- പരിചരിക്കുന്നവര്‍ ഒരു കാരണവശാലും വീട് വിട്ട് പുറത്ത് പോവാന്‍ പാടുള്ളതല്ല.
ഇവര്‍ മറ്റ് കുടുംബാംഗങ്ങളെ പരിചരിക്കുവാന്‍ പാടുള്ളതല്ല. - ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന മുറിയില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ പരിചരിക്കുന്ന വ്യക്തി കയറാന്‍ പാടുള്ളു.
- അങ്ങനെ കയറേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇവര്‍ സര്‍ജിക്കല്‍ മാസ്‌കും ഗ്ലൗസ്സൂം ഉചിതമായ രീതിയില്‍ ധരിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
- ഒരു തവണ ഉപയോഗിച്ചശേഷം മാസ്‌കും ഗ്ലൗസ്സും ഉപേക്ഷിക്കേണ്ടതും ഒരു കാരണവശാലും വീണ്ടും ഉപയോഗിക്കാന്‍ പാടുള്ളതുമല്ല.
- മുറിയില്‍ നിന്ന് ഇറങ്ങിയ ശേഷവും രോഗിയുടെ പരിചരണശേഷവും ഉടന്‍ തന്നെ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
- മുറിക്കുള്ളിലെ കതകിന്റെ പിടികള്‍, ടേബിളുകള്‍, സ്വിച്ചുകള്‍ മുതലായ ഒരു പ്രതലത്തിലും സ്പര്‍ശിക്കാന്‍ പാടുള്ളതല്ല.
- രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നോ എന്ന് സ്വയം നിരീക്ഷിക്കേണ്ടതും ഏറ്റവും ചെറിയ തരത്തിലെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ അറിയിക്കേണ്ടതാണ്.
മറ്റ് കുടുംബാംഗങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍:
- കുടുംബാംഗങ്ങളില്‍ പ്രായമായവരോ മറ്റ് രോഗങ്ങളോ ഉള്ളവര്‍ ക്വാറന്റൈന്‍ കാലാവധി കഴിയുന്നതുവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറുന്നതാണ് അഭികാമ്യം.
- ക്വാറന്റൈനിലുള്ള വ്യക്തി താമസിക്കുന്ന വീട്ടില്‍ കഴിയുന്നവര്‍ കാലാവധി കഴിയുന്നതുവരെ വീടിന് പുറത്തേയ്ക്ക് പോകാന്‍ പാടുള്ളതല്ല.
- കുടുംബാംഗങ്ങളില്‍ ഒരു വ്യക്തി തന്നെ സ്ഥിരമായി ക്വാറന്റൈനിലുള്ള വ്യക്തിയെ പരിചരിക്കേണ്ടതും മറ്റാരും തന്നെ ഒരു കാരണവശാലും ഈ വ്യക്തിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടുള്ളതല്ല.
- പാത്രങ്ങളോ തുണികളോ മൊബൈല്‍ ഫോണ്‍ പോലുള്ള മറ്റ് വസ്തുക്കളോ പങ്കിടരുത്.
എല്ലാ കുടുംബാംഗങ്ങളും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകേണ്ടതാണ്. - കുടുംബാംഗങ്ങള്‍ വാതിലിന്റെ പിടികള്‍, സ്വിച്ചുകള്‍ എന്നിങ്ങനെ ക്വാറന്റൈനിലുള്ള വ്യക്തി സ്പര്‍ശിക്കുവാന്‍ സാധ്യതയുള്ള പ്രതലങ്ങള്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കണം.
- ചെറിയ രീതിയിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നുണ്ടോ എന്ന് സ്വയം നിരീക്ഷിക്കുകയും അതുണ്ടാകുമ്പോള്‍ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെയോ മറ്റ് പ്രാദേശിക പൊതുആരോഗ്യ സ്ഥാപന അധികാരികളെയോ ബന്ധപ്പെടേണ്ടതാണ്.
ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം മതിയെന്ന് അഭിപ്രായം
തിരുവനന്തപുരം:മൂന്നാംഘട്ട ലോക്ക് ഡൌൺ മെയ് 17 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രിയുമായി ഇന്ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും.ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടായിരിക്കും സംസ്ഥാനം സ്വീകരിക്കുക. രോഗവ്യാപനത്തിന്‍റെ തോത് പരിഗണിച്ച് മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് സംസ്ഥാനത്തിന്‍റെ അഭിപ്രായം.സംസ്ഥാനത്ത് രോഗവ്യാപനം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.മേയ് പകുതി വരെ ഭാഗിക ലോക്ക് ഡൌണ്‍ വേണമെന്ന നിലപാടായിരുന്നു പ്രധാനമന്ത്രിയുമായി നേരത്തെ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം സ്വീകരിച്ചിരുന്നത്. അടുത്ത ഞായറാഴ്ച രാജ്യവ്യാപക ലോക്ക് ഡൌണ്‍ അവസാനിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി ഇന്നത്തെ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്രത്തെ അറിയിക്കും.നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൌണ്‍ നീട്ടേണ്ടതില്ലെന്ന അഭിപ്രായമായിരിക്കും കേരളം സ്വീകരിക്കുക. പൊതു ഗതാതഗം പുനരാരംഭിക്കണമെന്നതടക്കമുള്ള ആവശ്യം മുന്നോട്ട് വച്ചേക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഉച്ചകഴിഞ്ഞ് മൂന്നിന് വിഡിയോകോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും.ജനജീവിതം സാധാരണ നിലയിലാക്കാന്‍ വേണ്ടിയുള്ള ഇളവുകള്‍ വേണമെന്നാവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കും. സാഹചര്യം പരിഗണിച്ച് കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കണമെന്നാവശ്യവും കേരളം മുന്നോട്ട് വച്ചേക്കും.കൂടുതല്‍ പ്രവാസികളെ തിരികെയെത്തിക്കാന്‍ അധികവിമാനങ്ങള്‍ അനുവദിക്കണം.മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്ക് വേണ്ടി ട്രെയിന്‍ സര്‍വീസ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും കേരളം ഉന്നയിക്കാനാണ് സാധ്യത.പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സാണ്. മൂന്നാംഘട്ട ലോക് ഡൗണ്‍ മേയ് 17ന് അവസാനിക്കും.
സംസ്ഥാനത്ത് ഇന്ന് ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു;4 പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനഫലം ഇന്ന് നെഗറ്റീവായി. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്.135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം ഇന്ന് കോവിഡ് സ്ഥിരീകരിച്ച ഏഴ് പേരില്‍ മൂന്നുപേരും വിദേശത്തുനിന്നെത്തിയവരാണ്.തൃശ്ശൂര്‍ ജില്ലയില്‍ രണ്ടുപേരും മലപ്പുറം ജില്ലയില്‍ ഒരാളുമാണ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികള്‍. ഏഴാം തീയതി അബുദാബിയില്‍നിന്ന് വന്നരാണ് ഇവര്‍. ഇന്നലെ രണ്ട് പ്രവാസികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.ഇന്ന് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 135 പേരില്‍ കൂടുതല്‍ പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണെന്നാണ് സൂചന.വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.ഇതുവരെ 37,464 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ ‘ജലാശ്വ’ കൊച്ചി തീരത്തെത്തി
കൊച്ചി:മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഇന്ത്യന്‍ നാവികസേനയുടെ ആദ്യ കപ്പല്‍ ‘ജലാശ്വ’ കൊച്ചി തീരത്തെത്തി.440 മലയാളികൾ ഉൾപ്പെടെ 698 പേരാണ് കപ്പലില്‍ ഉള്ളത്.20 സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും കപ്പലില്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.കൊച്ചി സാമുദ്രിക തുറമുഖത്തെത്തിയ കപ്പലില്‍ നിന്നും പരിശോധനകള്‍ക്ക് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിക്കുക.തെര്‍മല്‍ സ്‌കാനിങ് അടക്കം നിരവധി പരിശോധനകളാണ് ഉണ്ടാകുക.50 പേരടങ്ങുന്ന സംഘങ്ങളായാണ് കപ്പലില്‍ നിന്ന് ആളുകളെ ഇറക്കുക. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും മറ്റ് രോഗബാധിതര്‍ക്കും പ്രത്യേക സംവിധാനങ്ങള്‍ തുറമുഖത്ത് സജ്ജീകരിച്ചിട്ടുണ്ട്.കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെ തുറമുഖത്ത് എത്തുമ്പോൾത്തന്നെ ഐസോലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും. പോലീസുകാരുടെ സഹായത്തോടെ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കി ഇവരെ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കും തുടര്‍ നിരീക്ഷണത്തിനായി എത്തിക്കും.കൊവിഡ് ഇതര രോഗങ്ങള്‍ ഉള്ളവരുടെ ആരോഗ്യകാര്യങ്ങള്‍ പരിശോധിക്കാനുള്ള ചുമതല പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിക്കാണ്. രോഗലക്ഷണമില്ലാത്തവരെ സാധാരണ തരത്തിലുള്ള പരിശോധനക്കു വിധേയരാക്കി അതത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതരസംസ്ഥാനക്കാരെ കൊച്ചിയില്‍ തന്നെ ക്വാറന്റീനില്‍ ആക്കും.കടല്‍മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്. കപ്പലിലുള്ള 698 പേരില്‍ 595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്.പരിശോധനകളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ഇവരെ കപ്പലില്‍ കയറ്റിയത്. മാലദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറേറ്റ് വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങാനുള്ളവരുടെ പട്ടിക തയ്യാറാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയിലെത്തിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടംപിടിച്ചത്. പ്രവാസികളെ കൊണ്ടുവരാനായി ഐഎന്‍എസ് ജലാശ്വക്ക് പുറമേ നാവികസേനയുടെ മറ്റൊരു കപ്പലായ ഐഎന്‍എസ് മഗറും തിരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു;രണ്ടുപേരും കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തുനിന്നും എത്തിയവർ
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.രണ്ടുപേരും കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തുനിന്നും എത്തിയവരാണ്.ഏഴാം തീയതി ദുബായില്‍ നിന്ന് കോഴിക്കോട്ട് എത്തിയ വിമാനത്തിലും അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉള്ളവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇവരിൽ ഒരാള്‍ കോഴിക്കോടും ഒരാൾ കൊച്ചിയിലും ചികിത്സയിലാണ്.സംസ്ഥാനത്ത് 505 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.ഇതിൽ 17 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 23930 പേര്‍ നിരീക്ഷണത്തിലുണ്ട്. 23596 പേര്‍ വീടുകളില്‍, 334 പേര്‍ ആശുപത്രിയില്‍. 123 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാംപിളുകള്‍ പരിശോധിച്ചു. 36002 എണ്ണം നെഗറ്റീവ്.അതേസമയം, ഇടുക്കിയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി.