കണ്ണൂര്‍:കൊവിഡ് പരിശോധനാഫലം തുടര്‍ച്ചയായി പോസിറ്റീവായതിനെത്തുടര്‍ന്ന് 42 ദിവസമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശൂപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശിയായ 81 കാരന് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയി. ചികിത്സാ കാലയളവില്‍ 16 തവണയാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഒരേ പി.സി.ആര്‍ ലാബില്‍ നിന്നും തുടര്‍ച്ചയായി രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതിന് ശേഷമാണ് ഇദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി വീട്ടില്‍ നിന്നുതന്നെ ദിവസവും 15 മണിക്കൂറോളം പ്രത്യേകമായി ഓക്‌സിജന്‍ സ്വീകരിക്കേണ്ടിവന്നിരുന്ന ഘട്ടത്തിലായിരുന്നു അദ്ദേഹത്തിന് കൊവിഡ് വൈറസ് ബാധയുമുണ്ടായത്. ഹൃദയസംബന്ധമായ ചികിത്സയ്‌ക്കൊപ്പം പ്രായാധിക്യം കൊണ്ടുള്ള മറ്റ് പ്രശ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സയ്ക്കിടെ ഹൃദയാഘാതം സംഭവിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.ഒരേ സമയം കൊവിഡ് ഉൾപ്പെടെ ഒന്നിലേറെ ഗുരുതര അസുഖങ്ങള്‍ക്ക് ചികിത്സ തേടിയ അദ്ദേഹം, ദിവസങ്ങളോളം ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രത്യേക കൊവിഡ് ഐ.സി.യുവില്‍ ആയിരുന്നു.
കോവിഡ് മൂന്നാം ഘട്ടം അപകടകരം;മരണം ഇല്ലാതാക്കുകയാണ് ലക്ഷ്യം;കേരളം വാക്സിന് പരീക്ഷണം തുടങ്ങിയെന്നും ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മൂന്നാം ഘട്ടം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.ക. ഷൈലജ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം.ഇല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും.ജനങ്ങള്‍ കൂട്ടത്തോടെ മരിച്ചോട്ടെയെന്ന് കരുതാന്‍ സര്‍ക്കാരിന് ആവില്ലെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ ക്രമാതീതമായി കൂടിയാല്‍ നിലവിലെ ശ്രദ്ധ നല്‍കാനാവില്ല. കോവിഡ് മരണം ഒഴിവാക്കുകയാണ് സംസ്ഥാനത്തിന്‍റെ ലക്ഷ്യം. ഇതിനായി കേരളം ഒറ്റക്കെട്ടായി പോരാടണമെന്നും അവര്‍ പറഞ്ഞു.പ്രവാസികളും ഇതര സംസ്ഥാനത്തുള്ള മലയാളികളും കേരളത്തിന്‍റെ മക്കളാണ്. അവര്‍ കേരളത്തിലേക്ക് വരണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ടും കല്‍പിച്ച് എന്ന നിലയ്ക്ക് ഒരു തീരുമാനവും സര്‍ക്കാര്‍ എടുക്കില്ലെന്നും മന്ത്രി പറഞ്ഞു.പ്രതിരോധ വാക്സിനായുള്ള പരീക്ഷണം തുടങ്ങി. ഐസിഎംആറുമായി ചേര്‍ന്നാണ് പ്രവര്‍ത്തനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സാമ്പത്തികമായി വലിയ തകര്‍ച്ചയാണ് സംസ്ഥാനം നേരിടുന്നത്. വാര്‍ഡ്തല സമിതികളില്‍ രാഷ്ട്രീയം കാണാന്‍ പാടില്ല. ഡെങ്കിപ്പനിക്കും എലിപ്പനിക്കും എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സാഹചര്യമാണുള്ളതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
തെലുങ്കാനയില്‍ വാഹനാപകടത്തിൽ ഒന്നര വയസ്സുകാരിയടക്കം മൂന്നുമലയാളികള്‍ മരിച്ചു
കോഴിക്കോട്:തെലുങ്കാനയില്‍ വാഹനാപകടത്തിൽ ഒന്നര വയസ്സുകാരിയടക്കം മൂന്നു മലയാളികള്‍ മരിച്ചു.ബീഹാറിൽ നിന്നും കോഴിക്കോട്ടെ വീട്ടിലേക്ക് വരികയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം തെലങ്കാനയിലെ നിസാമാബാദില്‍ വെച്ച് അപടത്തില്‍പ്പെടുകയായിരുന്നു.ഡ്രെവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അപകടം.കോഴിക്കോട് ചെമ്പുക്കടവ് സ്വദേശി അനീഷ്, മകള്‍ അനാമിക,ഡ്രൈവര്‍ മംഗളുരു സ്വദേശി സ്റ്റാലി എന്നിവരാണ് മരിച്ചത്.ഇവര്‍ സഞ്ചരിച്ച കാറിനു പുറകില്‍ ട്രക്ക് ഇടിക്കുകയായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനീഷിന്റെ ഭാര്യയെയും മൂത്ത കുട്ടിയേയും നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബീഹാര്‍ വാസ്‌ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്കൂളില്‍ അധ്യാപകനാണ് അനീഷ്.അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.വയനാട് 5, മലപ്പുറം 4, ആലപ്പുഴ, കോഴിക്കോട് രണ്ടുവീതം, കൊല്ലം, പാലക്കാട്, കാസര്‍കോട് ഒന്നുവീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നു വന്നവരാണ്. തമിഴ്‌നാട്ടില്‍നിന്നു വന്ന നാലു പേര്‍ക്കും മുംബൈയില്‍നിന്നു വന്ന രണ്ടു പേര്‍ക്കും രോഗബാധ ഉണ്ടായി.മൂന്നു പേര്‍ക്ക് രോഗബാധ ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്.ഇന്ന് ആരുടെയും പരിശോധനാഫലം നെഗറ്റീവ് ആയിട്ടില്ല.മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത് ഇതുവരെ 576 പേർക്കാണ് സംസ്ഥാനത്തു ആകെ രോഗം. 80 പേർ നിലവിൽ ചികിത്സയിലുണ്ട്. മലപ്പുറത്ത് 36 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയനാട്ടിലെ ആകെ രോഗികളുടെ എണ്ണം 19 ആയി. ആലപ്പുഴ ജില്ലയിൽ 37 ദിവസത്തിനു ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പര്‍ക്കം വഴി രോഗം പടരാനുള്ള സാധ്യതയുണ്ട്, സാമൂഹിക അകലവും വ്യക്തി ശുചിത്വവും പാലിക്കണം.ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുത്. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തും. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളിലും സമീപത്തും പൊലീസുകാര്‍ ബൈക്കില്‍ പട്രോളിങ് നടത്തും. ശനിയാഴ്ചകളിലെ സര്‍ക്കാര്‍ ഓഫീസ് അവധി തുടരണോയെന്ന് ആലോചിക്കും. നാളെ അവധിയാണ്. ഞായറാഴ്ച സമ്പൂർണ്ണ ലോക്ക് ഡൗണായി തുടരും.നിരീക്ഷണത്തിലുള്ളവരെയും ക്വാറന്റൈനില്‍ ഉള്ളവരെയും വാര്‍ഡ് തലസമിതി പരിശോധിക്കും. വാര്‍ഡ് തലസമിതി സ്ഥിരമായിട്ടുള്ളതാണ്. പുറത്ത് നിന്ന് വരുന്നവരെ സ്വീകരിക്കുമ്പോള്‍ ജാഗ്രത അത്യാവശ്യമാണ്. സംസ്ഥാനത്തെ ജലഗതാഗതം പൊതു ഗതാഗതം തുടങ്ങുമ്പോഴെ പുനരാരംഭിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ നാലാം ഘട്ടത്തിൽ കൂടുതൽ ഇളവുകൾ;പൊതുഗതാഗതം ഭാഗികമായി ആരംഭിച്ചേക്കും
ന്യൂഡല്‍ഹി: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ നാലാം ഘട്ട ലോക്ക് ഡൗണില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ച അന്തിമരൂപം തയ്യാറാവുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും കേന്ദ്രം പ്രഖ്യാപിക്കുക.ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചേക്കും.യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചു കൊണ്ട് ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാനും നാലാം ഘട്ട ലോക്ക് ഡൗണില്‍ അനുമതിയുണ്ടാവും. ഓണ്‍ലൈന്‍ വ്യാപാരത്തിന് ഏര്‍പ്പെടുത്തിയ എല്ലാത്തരം നിയന്ത്രണങ്ങളും പിന്‍വലിക്കും. എല്ലാതരം ഓണ്‍ലൈന്‍ വ്യാപാരവും അനുവദിക്കും. ഹോട്ട് സ്പോട്ടുകള്‍ നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കിയേക്കും. ട്രെയിനുകളില്‍ എത്തുന്ന യാത്രക്കാരെ പ്രത്യേക ബസുകളില്‍ വീടുകളില്‍ എത്തിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇതിനായി സമൂഹ്യ അകലം ഉറപ്പാക്കി ബസ് സര്‍വ്വീസുകള്‍ നടത്താമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.ലോക്ക് ഡൗണ്‍ മൂലം നിര്‍ജീവമായ രാജ്യത്തെ ഭാഗികമായെങ്കിലും സാധാരണ നിലയിലേക്ക് മടക്കി കൊണ്ടു വരുന്ന തരത്തിലാവും നാലാം ഘട്ട ലോക്ക് ഡൗണ്‍ നടപ്പാക്കുക എന്നാണ് സൂചന.പൂര്‍ണമായും നിര്‍ത്തിവച്ച വിമാനസര്‍വ്വീസുകളുടെ നാലില്‍ ഒന്നെങ്കിലും നാലാം ഘട്ട ലോക്ക് ഡൗണില്‍ തുടങ്ങും എന്നാണ് സൂചന. ഇക്കാര്യത്തില്‍ ഇന്നോ നാളെയോ കേന്ദ്രസര്‍ക്കാര്‍ അന്തിമതീരുമാനമെടുക്കും.ആന്ധ്രാപദേശ്, കേരളം, കര്‍ണാടക ഗുജറാത്ത്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണിൽ കൂടുതല്‍ ഇളവുകള്‍ തേടിയിരിക്കുന്നത്.അതേസമയം, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ കര്‍ശനമായി തുടരണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. കുടിയേറ്റ തൊഴിലാളികളുടെ മടങ്ങിവരവ് കണക്കിലെടുത്താന് ഈ തീരുമാനം.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം എൺപതിനായിരം കടന്നു; മരണം 2,649
ന്യൂഡല്‍ഹി:രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി കുതിക്കുന്നു. 81,970 പേര്‍ക്കാണ് രാജ്യത്ത് രോഗം ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി രോഗം ബാധിച്ചിരിക്കുന്നത് 3,967 പേര്‍ക്കാണ്. ഇതുവരെ രോഗം ബാധിച്ച് 2,649 ആളുകള്‍ മരിച്ചു. 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. 27,920 പേരുടെ രോഗം ഭേദമായി. ഡൽഹിയിലെ മരണനിരക്കിലും വർദ്ധനവുണ്ടായി. ഇന്നലെ മാത്രം മരിച്ചത് 20 പേരാണ്. ഇന്നലെ 359 കോവിഡ് കേസുകളടക്കം സംസ്ഥാത്തെ രോഗബാധിതരുടെ എണ്ണം 7998 ആയി.ഡൽഹി സി.ആര്‍.പി.എഫിലെ മൂന്ന് പേർക്ക് കൂടി കോവിഡ് റിപ്പോർട്ട് ചെയ്തു.മഹാരാഷ്ട്രയിൽ രോഗ ബാധിതരുടെ എണ്ണം 24,427 ആയി.മുംബൈയിൽ രോഗികളുടെ എണ്ണം 15,000 കടന്നു. ഗുജറാത്തിൽ മരണം 537ലും രോഗബാധിതർ 8904 ആണ്. രാജസ്ഥാനിൽ പുതിയ 152 കോവിഡ് കേസുകൾ ഇവിടെ ആകെ രോഗികൾ 4278 ആണ്. മരണം 120 കടന്നു. ഒഡീഷയിൽ 101 പേ൪ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു.മധ്യപ്രദേശില്‍ 4,173 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 232 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു.കേരളത്തില്‍ വ്യാഴാഴ്ച മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും നാലുപേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും വന്നതാണ്. 11 പേര്‍ക്കു സമ്പർക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതോടെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 560 ആയി.
സംസ്ഥാനത്ത് ഇന്ന് 26 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ 5 പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ 2 പേര്‍ക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതിൽ 14 പേരാണ് കേരളത്തിന് പുറത്ത് നിന്നും വന്നത്. ഇതില്‍ 7 പേര്‍ വിദേശത്ത് (യു.എ.ഇ.-5, സൗദി അറേബ്യ-1, കുവൈറ്റ്-1) നിന്നും വന്നതാണ്. 4 പേര്‍ മുംബൈയില്‍ നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാഗ്ലൂരില്‍ നിന്നും വന്നതാണ്. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലുള്ള 7 പേര്‍ക്കും വയനാട് ജില്ലയിലുള്ള 3 പേര്‍ക്കും പാലക്കാട് ജില്ലയിലുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇടുക്കി ജില്ലയില്‍ രോഗം ബാധിച്ചയാള്‍ ബേക്കറി ഉടമസ്ഥനാണ്. സെന്റിനല്‍ സര്‍വൈലന്‍സിലൂടെയാണ് ഇദ്ദേഹത്തിന്റെ രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വയനാട് ജില്ലയില്‍ രോഗം ബാധിച്ച ഒരാള്‍ പോലീസ് ഉദ്യോഗസ്ഥനാണ്.കേരളത്തില്‍ ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 64 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 493 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 174 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 40692 സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 39619 എണ്ണം രോഗബാധ ഇല്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
കോഴക്കേസ്;കെഎം ഷാജി എംഎല്‍എക്കെതിരെ വിജിലന്‍സ് മൊഴി രേഖപ്പെടുത്തി
മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്;സ്റ്റേഷനിലെ 24 പൊലീസുകാര്‍ നിരീക്ഷണത്തില്‍
വയനാട്:മാനന്തവാടി പോലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.വയനാട് ജില്ലാ പോലീസ് മേധാവിയെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച പോലീസുകാരില്‍ ഒരാള്‍ പോലീസ് മേധാവിയുടെ കമാന്‍ഡോ ആയിരുന്നു. കഴിഞ്ഞ ദിവസം വരെ ഇദ്ദേഹം ജോലിചെയ്തിരുന്നതായും ജില്ലാ പോലീസ് മേധാവിയോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേധാവിയെയും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച രണ്ട് പൊലീസുകാര്‍ക്കും രോഗബാധയുണ്ടായത് വയനാട്ടില്‍ വെച്ച് തന്നെയാണ്. ഒരാള്‍ കണ്ണൂര്‍ സ്വദേശിയും മറ്റൊരാള്‍ മലപ്പുറം സ്വദേശിയുമാണ്.പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ച അവസ്ഥയിലാണ്. പൊതുജനങ്ങളെ സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുന്നില്ല. പരാതി നല്‍കേണ്ടവര്‍ ഇ മെയില്‍ വഴിയൊ മറ്റു സ്റ്റേഷനിലൊ പരാതി നല്‍കാനാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉന്നത ഉദ്യോഗസ്ഥര്‍ ക്വാറന്റൈനീല്‍ പോയ സാഹചര്യത്തില്‍ ഇവരുടെ ചുമതലകള്‍ മറ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു. മാനന്തവാടിയില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ അതത് ഡ്യൂട്ടി പോയിന്റുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. അത്യാവശ്യ ഘട്ടത്തില്‍ സ്റ്റേഷനിലേക്ക് പിപിഇ കിറ്റ് ധരിച്ച രണ്ടു പോലീസ് ഉദ്യോഗസ്ഥരെ മാത്രമെ പ്രവേശിപ്പിക്കുകയുള്ളു. ആരോഗ്യവകുപ്പിന്റെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ സ്റ്റേഷന്‍ ഉടന്‍ അണുവിമുക്തമാക്കും.കൊവിഡ് മുക്തമായിരുന്ന വയനാട്ടിൽ കോയമ്പേട് നിന്നെത്തിയ ട്രക്ക് ഡ്രൈവറിലൂടെയാണ് വീണ്ടും ജില്ലയില്‍ ആശങ്ക പടര്‍ന്നിരിക്കുന്നത്. ട്രക്ക് ഡ്രൈവറുടെ സഹയാത്രികന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ മകന്റെ സുഹൃത്തും കൊവിഡ് ബാധിതനായി. മകന്റെ സുഹൃത്തിനെ മറ്റൊരു കേസില്‍ ചോദ്യം ചെയ്തതില്‍ നിന്നാണ് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് വിവരം.ചോദ്യം ചെയ്ത സംഭവത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസുകാരില്‍ കൊറോണ ബാധ സ്ഥിരീകരിച്ചത്.വയനാട്ടില്‍ ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ 26 കാരിക്കും അഞ്ചു വയസ്സുകാരിക്കുമാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇവര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയില്‍ നിലവില്‍ രോഗ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം പത്തായി.
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ 3 പേര്‍ക്കും, വയനാട്, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 4 പേര്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും 2 പേര്‍ ചെന്നൈയില്‍ നിന്നും വന്നതാണ്.4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. വയനാട് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത് ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരാളും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാളും വയനാടില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ്. ഇവര്‍ക്കും ചെന്നൈയില്‍ നിന്നും വന്ന ട്രക്ക് ഡ്രൈവറിലൂടെയാണ് രോഗമുണ്ടായത്. ഇതോടെ ഈ ട്രക്ക് ഡ്രൈവറില്‍ നിന്നും 10 പേര്‍ക്കാണ് രോഗം പടര്‍ന്നത്.അതേസമയം കൊല്ലം ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 490 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 41 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. നിലവില്‍ ആകെ 34 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.