തിരുവനന്തപുരം:സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് തുടങ്ങി. ജില്ലയ്‌ക്കുള്ളില്‍ മാത്രമാണ് ബസ് സര്‍വീസ്. 1850 ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. യാത്രക്കാരുടെ ആവശ്യകത അനുസരിച്ചാകും സര്‍വീസ്.കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വര്‍ദ്ധിപ്പിച്ച ചാര്‍ജുമായാണ് കെഎസ്ആര്‍ടിസി നിരത്തിലിറങ്ങിയത്. യാത്രക്കാരുടെ എണ്ണം കുറയ്‌ക്കുന്നതിനാല്‍ മിനിമം ചാര്‍ജ് ഉയര്‍ത്തിയിട്ടുണ്ട്. 12 രൂപയാണ് ഇപ്പോഴത്തെ മിനിമം ചാര്‍ജ്. കെഎസ്‌ആര്‍ടിസി ബസ്സുകളിലെ യാത്രാ നിരക്കില്‍ 50% വര്‍ധനയുണ്ടാകും.യാത്രാ സൗജന്യമുള്ള വിഭാഗങ്ങള്‍ കൂടിയ നിരക്കിന്റെ പകുതി നല്‍കേണ്ടി വരും.നിലവിലുള്ള റൂട്ടുകളില്‍ മാത്രമാണ് സര്‍വീസ് അനുവദിച്ചിട്ടുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് 499ഉം കൊല്ലത്ത് 208ഉം സര്‍വീസുകളുണ്ടാകും.പിന്‍വാതിലിലൂടെ യാത്രക്കാരെ ബസിനകത്തേക്ക് പ്രവേശിപ്പിക്കും.മുന്‍വാതിലിലൂടെയാണ് പുറത്തിറങ്ങേണ്ടത്. സാമൂഹിക അകലം പാലിച്ചായിരിക്കും ബസ് യാത്ര അനുവദിക്കുക. രണ്ട് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഒരാളെ മാത്രം അനുവദിക്കും. മൂന്ന് പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ രണ്ട് പേരെയും അനുവദിക്കും. യാത്രക്കാര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.സുരക്ഷിത അകലം പാലിച്ചായിരിക്കും യാത്ര.ആകെ സീറ്റുകളുടെ പകുതി യാത്രക്കാരെ മാത്രമേ ബസില്‍ അനുവദിക്കൂ.സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ ശുചിയാക്കിയ ശേഷമേ ബസില്‍ പ്രവേശിക്കാകൂ. ചലോ കാര്‍ഡ് എന്ന പേരില്‍ തിരുവനന്തപുരം – ആറ്റിങ്ങല്‍, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ ക്യാഷ് ലെസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രിപെയ്ഡ് കാര്‍ഡ് വഴി യാത്രക്കാര്‍ക്ക് ടിക്കറ്റ് എടുക്കാവുന്നതാണ്.അതേസമയം 40 ശതമാനം ആളുകളുമായി സര്‍വീസ് നടത്തുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് വ്യക്തമാക്കി.ഡീസലിന്‍റെ നികുതിയും ഒഴിവാക്കണമെന്നും അല്ലാത്ത പക്ഷം നഷ്ടം സഹിച്ച് സര്‍വീസ് നടത്താന്‍ കഴിയില്ലെന്നുമാണ് സ്വകാര്യ ബസുടമകളുടെ പക്ഷം. ഡീസലിന് ടാക്സ് ഒഴിവാക്കി സബ്‍സിഡി നല്‍കുമെങ്കില്‍ മാത്രം സര്‍വീസ് നടത്തുമെന്നും ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഴ്സ് ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥ് പറഞ്ഞു. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരും പുറത്ത് നിന്ന് വന്നവരാണ്.ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നുമെത്തി.8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.ഇവരില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റു രണ്ട് പേരില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നുമെത്തി.സംസ്ഥാനത്തു സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.ഇന്ന് ആരും രോഗമുക്തി നേടിയില്ല. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട് സ്പോട്ടുകള്‍ ആണുള്ളത്.പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ, കോട്ടയം കോരുത്തോട് പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്സ്പോട്.
ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു;മരണം 3163
ന്യൂഡല്‍ഹി:രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു.1,01,139 പേര്‍ക്കാണ് ആകെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 3163 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 134 പേരാണ് മരിച്ചത്. 4970 പുതിയ കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 58,802 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 39,174 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. മഹാരാഷ്ട്രയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 35,000 കടന്നു. 1239 പേരാണ് ഇതുവരെ മരണപ്പെട്ടത്.അതേസമയം, തമിഴ്‌നാട്ടില്‍ വൈറസ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 11,760 പേര്‍ക്ക് തമിഴ്‌നാട്ടില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 81 പേരാണ് മരിച്ചത്. ഗുജറാത്തില്‍ 11,764 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 694 പേര്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 10000 കടന്നു. 160 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.കടുത്ത ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുമ്പോഴും ഇളവുകളില്‍ രാജ്യത്തെ രോഗവ്യാപനം എങ്ങനെയാകുമെന്നത് സര്‍ക്കാരിനെ ആശങ്കപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് 29 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം- 6, തൃശൂര്‍- 4, തിരുവനന്തപുരം-3, കണ്ണൂര്‍- 3, പത്തനംതിട്ട, കോഴിക്കോട്, കാസര്‍കോട് – 2 വീതം, എറണാകുളം, മലപ്പുറം – 1 എന്നിങ്ങനെയാണ് പോസിറ്റീവ് കേസുകൾ. 29 പേരില്‍ 21 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്.ഏഴ് പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. കണ്ണൂരില്‍ ഒരാള്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതൊരു ആരോഗ്യപ്രവര്‍ത്തകയാണ്.127 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 630 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതില്‍ 130 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 69730 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. 69317 വീടുകളില്‍ നിരീക്ഷണത്തിലാണ്. 473 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഇതുവരെ 45,905 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 44,651 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍പ്പെട്ട 5,154 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 5,082 എണ്ണം നെഗറ്റീവായിട്ടുണ്ട്.
സംസ്ഥാനത്ത് നാലാംഘട്ട ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി
തിരുവനന്തപുരം:സംസ്ഥാനത്ത് നാലാംഘട്ട ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്.മദ്യവില്‍പനശാലകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി.ബാറുകള്‍ വഴി മദ്യം പാഴ്‌സലും ഇതേ ദിവസം ആരംഭിക്കും. ഒപ്പം, ക്ലബുകള്‍ തുറക്കാനും അനുമതി നല്‍കുമെങ്കിലും ഇവിടേയും പാഴ്‌സല്‍ മാത്രമാകും അനുവദിക്കുക. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുമെങ്കിലും ഫേഷ്യല്‍ അടക്കമുള്ള സൗന്ദര്യവര്‍ധക പ്രവൃത്തികള്‍ അനുവദിക്കില്ല. ഈ മാസം 31 വരെ നടത്താനിരുന്ന എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകളെല്ലാം മാറ്റി. അന്തര്‍ജില്ലാ-സംസ്ഥാനന്തര യാത്രകള്‍ക്കും പാസ് വേണമെന്ന് നിബന്ധന തുടരാനും തീരുമാനമായി. സംസ്ഥാനത്ത് ഓട്ടോറിക്ഷകള്‍ നിബന്ധനകള്‍ക്ക് വിധേയമായി ഓടാന്‍ അനുവദിക്കും. എന്നാല്‍, കെഎസ്‌ആര്‍ടിസി അടക്കം ബസുകള്‍ ഉടന്‍ സര്‍വീസ് നടത്തില്ല.
രാജ്യത്ത് ലോക്ക് ഡൌൺ മെയ് 31 വരെ നീട്ടി;കേന്ദ്രം മാർഗനിർദേശങ്ങൾ പുറത്തിറക്കി
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 31 വരെ നീട്ടി.മുമ്പുള്ളതില്‍ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും 18 മുതല്‍ തുടങ്ങുന്ന നാലാം ഘട്ട ലോക്ക്ഡൗണ്‍ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയും നേരത്തേ വ്യക്തമാക്കിയിരുന്നു. കൊവിഡന്റെ പശ്ചാത്തലത്തിൽ മാർച്ച് 25 നാണ് രാജ്യത്ത് ലോൺ ആദ്യഘട്ടം പ്രഖ്യാപിച്ചത്. ഏപ്രിൽ 14 വരെയായിരുന്നു ഇത്. പിന്നീട് ത് മെയ് 3 വരേയും 17 വരേയും നീട്ടുകയായിരുന്നു.രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് 31 വരെ ലോക്ക് ഡൗൺ നീട്ടിയത്. നിലവിൽ 90,927 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നാലാംഘട്ട ലോക്ക് ഡൌൺ മാർഗനിർദേശങ്ങൾ:
1. പ്രാദേശിക മെഡിക്കല്‍ ആവശ്യങ്ങള്‍, എയര്‍ ആംബുലന്‍സ് എന്നിവ ഒഴികെയുള്ള വിമാന സര്‍വീസ് ഉണ്ടാകില്ല.
2. മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കില്ല.
3. സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് പരിശീലന കേന്ദ്രങ്ങള്‍ എന്നിവ തുറക്കില്ല. ഓണ്‍ലൈന്‍/ വിദൂര വിദ്യാഭ്യാസം അനുവദിക്കും.
4. ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവ അടഞ്ഞു കിടക്കും.
5. സിനിമ തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയും തുറക്കില്ല.
6. എല്ലാ സാമൂഹിക,രാഷ്ട്രീയ, കായിക, വിനോദ, മതപരമായ ചടങ്ങുകള്‍ തുടങ്ങിയവയ്ക്കും അനുമതി ഇല്ല.
7. ആരാധനാലയങ്ങളും തുറക്കില്ല.
8.രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ അവശ്യ സര്‍വീസ് ഒഴികെ സഞ്ചാരത്തിന് നിരോധനം. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടത്തിന് ഉത്തരവുകള്‍ ഇറക്കാം.
9.ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ക്ക് ഒഴികെ, 65 വയസിനു മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍, 10 വയസില്‍ താഴെ പ്രായമുള്ളവര്‍ എന്നീ ആളുകള്‍ പുറത്തിറങ്ങരുത്.
10.സാധാരണ ട്രെയിന്‍ സര്‍വീസീന് അനുമതി
11.കാണികളെ ഒഴിവാക്കി സ്‌റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും തുറക്കാം.
12.വിവാഹങ്ങള്‍ക്ക് 50 പേരില്‍ കൂടുതലും മൃതദേഹം സംസ്കരിക്കുന്നതിന് 20 പേരില്‍ കൂടുതലും ഒത്തുകൂടാന്‍ പാടില്ല.
കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളവ:
1. സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി.
2. സംസ്ഥാനങ്ങളുടെ അനുമതിയോടെ സംസ്ഥാനത്തിനുള്ളില്‍ നിയന്ത്രണങ്ങളോടെ യാത്രാനുമതി.
ഇതിനു പുറമെ, റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാമെന്നും ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു. റെഡ്, ഓറഞ്ച്, സോണുകള്‍ക്കുള്ളില്‍ കണ്ടെയ്ന്‍മെന്റ്, ബഫര്‍ സോണുകള്‍ എന്നിവ ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യ സര്‍വീസുകള്‍ അനുവദിക്കും. ഈ സോണുകളില്‍ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്രയ്ക്ക് അനുമതി ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം ശക്തമാക്കും.
സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.മലപ്പുറം ജില്ലയില്‍ 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യു.എ.ഇ.)വന്നവരാണ്.10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്(7 പേര്‍ തമിഴ്‌നാട്ടില്‍ നിന്നും 3 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും). എറണാകുളം ജില്ലയിലുള്ളയാള്‍ മാലി ദ്വീപില്‍ നിന്നും വന്ന ഉത്തര്‍പ്രദേശ് സ്വദേശിയാണ്. കൊല്ലം ജില്ലയില്‍ രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ്.ഇതോടെ 101 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 497 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.രോഗം സ്ഥിരികരിച്ച് ചികിത്സയില്‍ ആയിരുന്ന ആരുടേയും പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയില്ല.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 62,529 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 61,855 പേര്‍ വീടുകളിലും 674 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 159 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 45,027 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 43,200 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 5009 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 4764 സാമ്പിളുകള്‍ നെഗറ്റീവ് ആയി.ഇന്ന് വയനാട് ജില്ലയിലെ പനമരം പ്രദേശത്ത കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ നിലവില്‍ ആകെ 23 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
പൊതുമേഖല സ്ഥാപനങ്ങളുടെ എണ്ണം കുറയ്‌ക്കും; സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തി; സാമ്പത്തിക പാക്കേജിന്റെ അവസാനഘട്ട പ്രഖ്യാപനം
ന്യൂഡൽഹി:20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിന്‍റെ അവസാനഘട്ടം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. തന്ത്രപ്രധാനമല്ലാത്ത മേഖലകളിലെ പൊതുമേഖലാ വ്യവസായങ്ങള്‍ സ്വകാര്യവത്കരിക്കും. തന്ത്ര പ്രധാന മേഖലയില്‍ കൂടുതൽ സ്വകാര്യ നിക്ഷേപത്തിന് അവസരം നൽകും.ഇവിടെ പരമാവധി നാല് പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമേ ഉണ്ടാകൂ.പൊതുമേഖലാ വ്യവസായങ്ങള്‍ക്ക് പുതിയ നയം പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.ഏതൊക്കെ മേഖലകളില്‍, ഏതൊക്കെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പ്രഖ്യാപനം പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദാഹരണത്തിന് പെട്രോളിയം മേഖലയില്‍ നാലിലധികം പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കില്‍ അവയുടെ എണ്ണം കുറയ്ക്കും. ഇതിനായി ഏതെല്ലാമാണ് തന്ത്രപ്രധാനമേഖലകള്‍, ഏതെല്ലാമാണ് അവ അല്ലാത്തത് എന്ന് വിഭജിക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനങ്ങള്‍ക്ക് മൊത്തം ആഭ്യന്തര വരുമാനത്തിന്‍റെ അഞ്ച് ശതമാനം വരെ കടമെടുക്കാൻ കേന്ദ്ര ധനമന്ത്രാലയം അനുമതി നൽകി. ഇതുവഴി സംസ്ഥാനങ്ങള്‍ക്ക് 4.28 ലക്ഷം കോടി അധികമായി ലഭിക്കും. കേരളത്തിന് പതിനെണ്ണായിരം കോടി രൂപയാണ് അധികമായി വായ്പയെടുക്കാന്‍ കഴിയുക.നിബന്ധനകളോടെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. കടമെടുക്കുന്ന തുക കൃത്യമായി പാവങ്ങളിലേക്ക് എത്തണം. ഇതിന് നാലു മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.ഈ മേഖലകളില്‍ പണം കൃത്യമായി വിനിയോഗിച്ചിരിക്കണം. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയുടെ നടപ്പാക്കല്‍, വിവിധ സംരംഭങ്ങള്‍ എളുപ്പത്തില്‍ രാജ്യത്ത് ആരംഭിക്കല്‍, കാര്യക്ഷമമായ വൈദ്യുതി വിതരണം, നഗര തദ്ദേശഭരണ കേന്ദ്രങ്ങളുടെ വരുമാനം തുടങ്ങിയ നാലു മേഖലകളാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാലില്‍ മൂന്നെണ്ണമെങ്കിലും കൃത്യമായി നിറവേറ്റിയാല്‍ ശേഷിക്കുന്ന അര ശതമാനം കൂടി കടമെടുക്കാം.12,390 കോടി രൂപ റവന്യൂനഷ്ടം നികത്താനുള്ള ഗ്രാന്റായി നല്‍കി. കേരളത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട നീക്കമാണ് കേന്ദ്രത്തില്‍ നിന്നുണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള വിഡിയോ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം വൈകിയതിന്റെ പേരില്‍ കേരളം കേന്ദ്രത്തിനെതിരെ വിമര്‍ശനവും ഉന്നയിച്ചിരുന്നു.
മൂന്നാംഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും; നാലാം ഘട്ടത്തിലേക്കുള്ള മാര്‍ഗ്ഗരേഖ ഇന്ന്;കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത
ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കും.നാലാം ഘട്ട ലോക്ക് ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും.മെയ് 31 വരെയാകും നാലാം ഘട്ട ലോക്ക് ഡൗണ്‍.നാലാംഘട്ട ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച അന്തിമ രൂപം നല്‍കി.നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഓട്ടോറിക്ഷകള്‍ അനുവദിച്ചേക്കും.സാമൂഹിക അകലം പാലിച്ച് ടാക്സി സർവീസ് നടത്താൻ അനുവാദം നല്കാന്‍ സാധ്യതയുണ്ട്. ഇ- വില്‍പ്പന പുനഃസ്ഥാപിച്ചേക്കും.റെഡ് സോണുകള്‍ പുനര്‍നിര്‍വചിക്കാന്‍ സാധ്യത ഉണ്ട്.ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യവുമായി നിരവധി സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.18 ന് ശേഷം സര്‍വീസ് ആരംഭിക്കാനുള്ള വിമാന കമ്പനികളുടെ ആവശ്യത്തിന് അന്തിമ തീരുമാനം പ്രധാനമന്ത്രി എടുക്കട്ടെ എന്നാണ് ആഭ്യന്തരമന്ത്രാലയം നിലപാടെടുത്തത്. മെട്രോ സര്‍വീസുകള്‍ മെയ് 30 വരെ ഉണ്ടാകില്ല. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെതാണ് തീരുമാനം.ഇത് കൂടാതെ പൊതുഗതാഗതം ഭാഗികമായി പുനഃസ്ഥാപിക്കാനും ഓഫീസുകളില്‍ കൂടുതല്‍ ജീവനക്കാരെ അനുവദിക്കാനും തീരുമാനമുണ്ടായേകും. ഷോപ്പിങ് മാളുകളും തിയേറ്ററുകളും ആരാധനാലയങ്ങളും തുറക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടെയും നിലപാട്.ലോക്ഡൗണ്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തെ 30 നഗരങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന.ഡൽഹി, മുംബൈ, കൊല്‍ക്കത്ത അടക്കമുള്ള സ്ഥലങ്ങളില്‍ ആണ് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുക. കേന്ദ്രത്തിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ ഇന്ന് ഉച്ചയോടെ പുറത്തുവരും എന്നാണ് സൂചന. ലോക്ഡൗണിന്റെ നാലാം ഘട്ടം മറ്റ് മൂന്ന് ഘട്ടങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാകുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;നാല് പേര്‍ രോഗമുക്തരായി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു.തൃശൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 2 പേര്‍ വീതം തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നും 2 പേരുടെ വീതം പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 87 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇതു വരെ 497 പേര്‍ രോഗമുക്തരായി. എയര്‍പോര്‍ട്ട് വഴി 2911 പേരും സീപോര്‍ട്ട് വഴി 793 പേരും ചെക്ക് പോസ്റ്റ് വഴി 50,320 പേരും റെയില്‍വേ വഴി 1021 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 55,045 പേരാണ് എത്തിയത്.ഇന്ന് 6 പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരം, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, കള്ളാര്‍, ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, കരുണാപുരം, വയനാട് ജില്ലയിലെ തവിഞ്ഞാല്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 22 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.