തിരുവനന്തപുരം:ചെറിയപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രാത്രി 9 മണി വരെ കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് മാസപ്പിറവി കണ്ടാല്‍ ഇന്നും നാളെയാണ് കാണുന്നതെങ്കില്‍ നാളെയും രാത്രി 9 മണി വരെ കടകള്‍ തുറക്കാന്‍ അനുവദിക്കും. ഞായറാഴ്ചയാണ് പെരുന്നാള്‍ വരുന്നതെങ്കില്‍ സമ്പൂർണ്ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ തന്നെയാകണമെന്നും ആഘോഷങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പള്ളികളിലും ഈദ്ഗാഹുകളിലും ഒത്തുചേര്‍ന്നുള്ള പെരുന്നാള്‍ നമസ്കാരം ഇക്കുറി ഒഴിവാക്കിയത് സമൂഹത്തിന്റെ സുരക്ഷയും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമത്വത്തിന്റെയും സഹനത്തിന്റെയും അനുതാപത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്ര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം ആള്‍ക്കൂട്ടം നഗരങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാന്‍ പൊലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. മലബാറില്‍ പെരുന്നാള്‍ ദിനത്തിന്റെ തലേന്ന് അഭൂതപൂർവ്വമായ ജനമാണ് മാര്‍ക്കറ്റുകളില്‍ ഒഴുകി എത്താറുള്ളത്.കഴിഞ്ഞ വിഷുദിനത്തില്‍ കോഴിക്കോട് എല്ലാ ലോകഡൗണ്‍ നിയന്ത്രണങ്ങളും പാളിയിരുന്നു.സമാനമായ അവസ്ഥ ആവര്‍ത്തിക്കാത്തിരിക്കാന്‍ പൊലീസും ജില്ലാ ഭരണകൂടവും ജാഗ്രത പുലര്‍ത്തുന്നുണ്ട്.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു;ഒരു ദിവസത്തിനുള്ളില്‍ 6000ത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു;മരണം 3,720
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. 1,25,101 പേര്‍ക്കാണ് രോഗം ബാധിച്ചത്. 24 മണിക്കൂറിനിടെ 6,654 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 137 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 3,720 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 2,940 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 44,582 ആയി. ഇവിടെ 1,517 പേര്‍ രോഗം ബാധിച്ചു മരിച്ചു. കോവിഡ് രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയ്ക്കു തൊട്ടു പിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം തമിഴ്‌നാട് ആണ്. 14,753 കോവിഡ് രോഗികളാണ് ഇവിടെയുള്ളത്. 98 പേര്‍ ഇവിടെ മരിച്ചു. ഗുജറാത്തിലെയും സ്ഥിതി ഗുരുതരമാണ്. 13,268 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധിച്ചത്. തമിഴ്‌നാട്ടിലേക്കാള്‍ കൂടുതല്‍ മരണ സംഖ്യ ഗുജറാത്തില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 802 പേരാണ് ഇവിടെ കോവിഡ് ബാധിച്ചു മരിച്ചത്. ഗുജറാത്തിനു തൊട്ടുപിന്നില്‍ നില്‍ക്കുന്ന സംസ്ഥാനം ഡല്‍ഹിയാണ്. 12,319 പേര്‍ക്കാണ് ഇവിടെ രോഗം ബാധിച്ചിരിക്കുന്നത്. 208 പേര്‍ മരിക്കുകയും ചെയ്തു.അതേസമയം രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ തോത് കുറഞ്ഞതായി ഐ.സി.എം.ആര്‍ അറിയിച്ചു. നേരത്തെ 3.4 ദിവസങ്ങളിൽ ഇരട്ടിക്കുന്നത് ഇപ്പോൾ 13.3 ദിവസങ്ങളായി ഉയർന്നുവെന്ന് ഐ.സി.എം.ആര്‍ അവകാശപ്പെട്ടു.
സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഏറ്റവും അധികം രോഗം റിപ്പോര്‍ട്ട് ചെയ്യുന്ന ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളില്‍ വന്‍വര്‍ധന. ഇന്ന് 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാര്‍ച്ച് 27ലെ 39 രോഗികള്‍ എന്ന കണക്കാണ് മറികടന്നത്. വിദേശത്ത് നിന്നെത്തിയ 17 പേര്‍ക്കും മഹാരാഷ്ട്രയില്‍ നിന്നെത്തിയ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കണ്ണൂര്‍-19, കാസര്‍ഗോഡ്-7, കോഴിക്കോട്-6, പാലക്കാട്-5, തൃശൂര്‍4, മലപ്പുറം-4. രണ്ടു പേരുടെ ഫലം നെഗറ്റീവ് ആയി. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.ഇന്ന് രണ്ടുപേര്‍ രോഗമുക്തി നേടി.സ്ഥിതി ഗുരുതരമാണെന്നും ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നിലവില്‍ 216 കോവിഡ് രോഗികളാണുള്ളത്.
കേരളത്തില്‍ ഇനിയും കോവിഡ് കേസുകൾ കൂടാൻ സാധ്യത; ജാഗ്രതയോടെയിരിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ
തിരുവനന്തപുരം:കേരളത്തില്‍ ഇനിയും കോവിഡ് കേസുകൾ കൂടാൻ സാധ്യത.ജനങ്ങൾ ജാഗ്രതയോടെയിരിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ.പുറത്തു നിന്ന് വരുന്നവര്‍ക്കുള്ളില്‍ രോഗം ഒതുങ്ങി നില്‍ക്കാന്‍ വേണ്ടിയാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്. രോഗം ഇനിയും കൂടാന്‍ സാദ്ധ്യതയുണ്ട്. കാരണം അതിതീവ്രമായി രോഗം പടരുന്ന സ്ഥലങ്ങളില്‍ നിന്നാണ് പലരും വരുന്നത്. ട്രെയിനിലും വിമാനത്തിലും ഒരു കൊവിഡ് രോഗിയുണ്ടായാല്‍ രോഗം അടുത്തിരിക്കുന്നവര്‍ക്കെല്ലാം വരാന്‍ സാദ്ധ്യതയുണ്ടെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ നിരീക്ഷണ സംവിധാനങ്ങള്‍ കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നത് കൊവിഡ് കേസുകളുടെ എണ്ണം കൂട്ടും.രോഗികളുടെ എണ്ണം കൂടിയാല്‍ ആശുപത്രികളില്‍ ഒരുക്കിയിട്ടുള്ള കിടക്കകള്‍ മതിയാകാതെ വരും.അതിര്‍ത്തികളില്‍ കര്‍ശന പരിശോധനകള്‍ നടത്താനുളള ഒരുക്കങ്ങള്‍ ആരംഭിച്ചു.റെഡ് സോണില്‍ നിന്ന് വരുന്നവരെ പ്രത്യേകമായി നിരീക്ഷിക്കും. ആളുകളെ പാര്‍പ്പിക്കുന്നതിന് കൂടുതല്‍ ഹോട്ടലുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. ആളുകളുടെ എണ്ണം കൂടുമ്പോൾ സൗകര്യങ്ങളില്‍ കുറവ് വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.വിദേശത്തു നിന്നും എത്തുന്നവർ വീടുകളില്‍ കര്‍ശനമായി 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം
കേരളത്തിൽ ഒരു കോവിഡ് മരണം കൂടി
തൃശൂർ:കേരളത്തിൽ ഒരു കോവിഡ് മരണം കൂടി.ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കദീജക്കുട്ടിയാണ്(73) മരിച്ചത്.ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.തൃശൂര്‍ സ്വദേശിനിയായ കദീജക്കുട്ടി തിങ്കളാഴ്ചയാണ് മുംബൈയില്‍ നിന്നും റോഡ് മാര്‍ഗം കേരളത്തിലെത്തിയത്.മുംബൈയില്‍ നിന്നും മറ്റു മൂന്ന് പേര്‍ക്കൊപ്പം പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വണ്ടിയിലാണ് കദീജക്കുട്ടി യാത്ര ചെയ്തത്. യാത്രക്കിടയില്‍ ശ്വാസതടസമുണ്ടായതിനെ തുടര്‍ന്ന് മകന്‍ ആംബുലന്‍സിലെത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെയ് 20 നാണ് ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ സ്ഥിതി ഗുരുതരമായതോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം. സ്രവ പരിശോധനയില്‍ ഇവര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.ഇവര്‍ നേരത്തെ തന്നെ പ്രമേഹത്തിനും രക്താതിസമ്മര്‍ദ്ദത്തിനും ശ്വാസതടസ്സത്തിനും ചികിത്സയിലായിരുന്നു.വയോധികയുടെ പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് ഇവരോടൊപ്പം യാത്ര ചെയ്ത മൂന്ന് പാലക്കാട് സ്വദേശികളെയും ആംബുലൻസ് ഡ്രൈവറെയും മകനെയും നീരിക്ഷണത്തിലാക്കി. രാജ്യത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് തൃശൂർ ജില്ലായിലായിരുന്നെങ്കിലും മരണം ഉണ്ടാകുന്നത് ഇതാദ്യമാണ്.മൂന്ന് മാസം മുന്‍പാണ് കദീജക്കുട്ടി മഹാരാഷ്ട്രയിലുള്ള മകളുടെ അടുത്തേക്ക് പോയത്.
സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു;8 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 5, കണ്ണൂര്‍ 4, കോട്ടയം, തൃശൂര്‍ 3, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് എട്ട് പേര്‍ രോഗമുക്തി നേടി. വയനാട് ജില്ലയില്‍നിന്നും അഞ്ചു പേരുടെയും (ഒരു മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഒരാളുമാണ് ഇന്ന് രോഗമുക്തിനേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ വിദേശത്തു നിന്നും(യു.എ.ഇ.-8, കുവൈത്ത്-4, ഖത്തര്‍-1, മലേഷ്യ-1) 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും (മഹാരാഷ്ട്ര-5, തമിഴ്നാട്-3, ഗുജറാത്ത്-1, ആന്ധ്രപ്രദേശ്-1) വന്നതാണ്. നിലവില്‍ സംസ്ഥാനത്ത് 510 പേരാണ് രോഗമുക്തി നേടിയത്. 177 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 80,138 പേര്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. 153 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുതുതായി 3 പ്രദേശങ്ങളെക്കൂടി ഹോട്ട് സ്‌പോട്ടിലാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേ സമയം 8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കോവിഡ് വിവര വിശകലനത്തില്‍നിന്നു സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി
കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവര വിശകലത്തില്‍നിന്ന് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആയിരിക്കും നടത്തുകയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം.സ്പ്രിന്‍ക്ലറുമായി നിലവില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് സ്പ്രിന്‍ക്ലറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആമസോണ്‍ ക്ലൗഡിലേക്കു മാറ്റിയ ഡാറ്റ ഉപയോഗിക്കുന്നനു സ്പ്രിന്‍ക്ലറിന് അനുമതി ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.സ്പ്രിന്‍ക്ലര്‍ നല്‍കുന്നതിനു സമാനമായ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് മൂന്നു തവണ കത്ത് അയച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.വിവര വിശകലനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിന്‍ക്ലറുമായി കരാറുണ്ടാക്കിയത് രാഷ്ട്രീയ വിവാദത്തിന് ഇടവച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷയായിരുന്നു, വിവാദത്തിന്റെ കേന്ദ്ര ബിന്ദു. സൗജന്യ സേവനം വാഗ്ദാനം ചെയ്ത സ്പ്രിന്‍ക്ലറിലേക്ക് സര്‍്ക്കാര്‍ എങ്ങനെ എത്തിയെന്നതായിരുന്നു രണ്ടാമത്തെ വിമര്‍ശനം. ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, സ്പ്രിന്‍ക്ലറിനെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ നടപടിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കരാര്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിച്ചു;കോഴിക്കോട് സര്‍വ്വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതർ അടിച്ച് തകര്‍ത്തു
കോഴിക്കോട്:ഇന്നലെ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വീസ് പുനരാരംഭിച്ചു.തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് സര്‍വീസുകള്‍ ആരംഭിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡം പാലിച്ചാണ് സര്‍വീസ്. ഒരു സീറ്റില്‍ ഒരാള്‍ എന്ന നിരക്കിലാണ് യാത്രക്കാരെ കയറ്റുന്നത്. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു മണിവരെ ഇടവേളകള്‍ നില്‍കി ജില്ല അതിര്‍ത്തിക്കുള്ളിലാണ് യാത്ര.കൊച്ചി നഗരത്തിലും അങ്കമാലി, പെരുമ്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലുമായി അൻപതോളം ബസുകളാണ് സര്‍വീസ് നടത്തുന്നത്. കൊച്ചി നഗരത്തില്‍ ഹൈക്കോടതി, പൂത്തോട്ട, ചോറ്റാനിക്കര ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നു. ബസ് ഓപറേറ്റേഴ്‌സ് ഫോറം എന്ന സംഘടനയുടെ കീഴിലുള്ള പത്ത് ബസുകളാണ് നഗരത്തില്‍ സര്‍വീസ് നടത്തുന്നത്.ഇടുക്കിയിലും 50 ഓളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.രാവിലെ യാത്രക്കാര്‍ വളരെ കുറവാണ്. മലയോര മേഖലകളിലേക്ക് അടക്കം അത്യാവശ്യ സര്‍വീസ് മാത്രമാണ് നടത്തുന്നത്.തിരുവനന്തപുരം നഗരത്തിലും ഏതാനും ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. അതേസമയം കെ എസ് ആര്‍ ടി സി ബസുകള്‍ക്കൊപ്പം ഇന്നലെ കോഴിക്കോട് സര്‍വ്വീസ് നടത്തിയ രണ്ട് സ്വകാര്യ ബസുകള്‍ അജ്ഞാതർ അടിച്ച് തകര്‍ത്തു. കോഴിക്കോട് എരഞ്ഞിമാവില്‍ നിര്‍ത്തിയിട്ട കൊളക്കാടന്‍ ബസുകള്‍ക്ക് നേരെ ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായത്.രാത്രിയിലെത്തിയവര്‍ ബസിന്റെ ചില്ലുകള്‍ അടിച്ച് തകര്‍ത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. കൊളക്കാടന്‍ ഗ്രൂപ്പിന്റെ ആറ് ബസ്സുകൾ ഇന്നലെ നഗരത്തില്‍ സര്‍വ്വീസ് നടത്തിയിരുന്നു. ഇതിന്റെ ദേഷ്യമാകാം ആക്രമണത്തിന് കാരണമെന്നാണ് വിലയിരുത്തല്‍.സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടും മറ്റു ബസുടമകള്‍ സര്‍വ്വീസ് നടത്താതിരുന്നപ്പോള്‍ കൊളക്കാടന്‍ മൂസ ഹാജിയുടെ ഉടമസ്ഥതയിലുള്ള ബസുകള്‍ മുക്കം- കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുകയായിരുന്നു.
സംസ്ഥാനത്ത് 24 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.പാലക്കാട്- 7, മലപ്പുറം- 4, കണ്ണൂർ-3, തിരുവനന്തപുരം-2, പത്തനംതിട്ട-2, തൃശൂർ- 2, ആലപ്പുഴ എറണാകുളം-1, കോഴിക്കോട്-1, കാസർകോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗബാധിതരുടെ എണ്ണം.അഞ്ചുപേര്‍ രോഗ വിമുക്തി നേടി.തൃശ്ശൂരില്‍ രണ്ടുപേര്‍ക്കും കണ്ണൂര്‍,വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് പരിശോധനാഫലം നെഗറ്റീവായത്.ഇന്ന് പോസിറ്റീവായതില്‍ 12 പേര്‍ വിദേശത്തുനിന്ന് വന്നതാണ്. 11 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വന്നതാണ്. മഹാരാഷ്ട്ര-8,തമിഴ്‌നാട്-3. കണ്ണൂരില്‍ ഒരാള്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ 666 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 161 പേര്‍ നിലവില്‍ ചികിത്സയിലാണ്.ഇന്ന് 156 പേരെ പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 48543 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 46961 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. ഇതുവരെ സെന്‍്റിനല്‍ സര്‍വൈലന്‍സിന്‍്റെ ഭാഗമായി 6900 സാംപിള്‍ ശേഖരിച്ചതില്‍ 5028 എണ്ണം നെഗറ്റീവായി. ഇന്ന് പുതിയ ഹോട്ട് സ്പോട്ടില്ല.
എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നടത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി;ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ %B
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാറ്റിവച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. സംസ്ഥാന സര്‍ക്കാരുകളുടെയും സി.ബി.എസ്.ഇ.യുടെയും അഭ്യര്‍ഥ മാനിച്ചാണ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി പരീക്ഷനടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെ സംസ്ഥാനത്ത് നിശ്ചയിച്ചിരുന്ന തീയതികളിൽ തന്നെ പരീക്ഷകള്‍ നടക്കും.ഹോട്ട് സ്‌പോട്ടുകളില്‍ പരീക്ഷാ കേന്ദ്രം ഉണ്ടാവരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമുഹ്യഅകലം പാലിച്ചുകൊണ്ടായിരിക്കണം പരീക്ഷ. തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനവും സാനിറ്റൈസറുകളും കേന്ദ്രങ്ങളില്‍ ഒരുക്കണം. വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ പ്രത്യേക ബസ് സര്‍വീസ് ഒരുക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.നാലാംഘട്ട ലോക്ക് ഡൗണില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പരീക്ഷകള്‍ നീണ്ടുപോവുന്നതിലെ ഉത്കണ്ഠ വിവിധ സംസ്ഥാനങ്ങളും സിബിഎസ്‌ഇയും കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇളവ് പ്രഖ്യാപിച്ചത്. അതെസമയം സംസ്ഥാനത്ത് ശേഷിക്കുന്ന എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഈ മാസം 26 മുതല്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന മന്ത്രി സഭ യോഗം പരീക്ഷ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചു.കേന്ദ്ര മാര്‍ഗനിര്‍ദേശം വരുന്നതിന് പിന്നാലെ ജൂണ്‍ ആദ്യം പരീക്ഷ നടത്തനായിരുന്നു ആലോചന.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ നിലപാട് വ്യക്തമാക്കിയതോടെ സംസ്ഥാനം ഇത് സംബന്ധിച്ച തീരുമാനം ഉടനെടുക്കും. ഇന്നത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും.