കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന;സമൂഹവ്യാപന സാദ്ധ്യതയെന്ന് വിദഗ്ദ്ധ സമിതി

keralanews number of covid patients increasing in kerala expert said chance for social spreading

തിരുവനന്തപുരം:കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധന.ഇതോടെ സംസ്ഥാനത്ത് സമൂഹവ്യാപന സാധ്യതയെന്ന് ആശങ്ക.മൂന്നു ഘട്ടങ്ങളിലായി ഉറവിടമറിയാത്ത മുപ്പതോളം രോഗബാധിതരുണ്ടായത് സമൂഹ വ്യാപനസാധ്യതയാണ് കാണിക്കുന്നതെന്ന് വിദഗ്ധസമിതി മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.5 ദിവസത്തിനിടെ 273 പുതിയ രോഗികള്‍.അതില്‍ തന്നെ 32 പേര്‍ക്ക് രോഗം പടര്‍ന്നത് സമ്പര്‍ക്കത്തിലൂടെ.ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും പൊലീസുകാരും റിമാന്‍ഡ് പ്രതികളും വരെയുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നു.കണ്ണൂര്‍ ധര്‍മ്മടത്ത് ഉറവിടമറിയാതെ വൈറസ് ബാധിച്ച്‌ മരിച്ച രോഗിയില്‍ നിന്ന് രോഗം പകര്‍ന്നത് പതിനൊന്നുപേര്‍ക്കാണ്. കാര്യമായ ലക്ഷങ്ങളൊന്നും കാണിക്കാത്ത രോഗിയില്‍ വൈറസ് ബാധ തിരിച്ചറിയും മുന്നേതന്നെ വൈറസ് വ്യാപനമുണ്ടായെന്നാണ് കരുതുന്നത്.ചക്ക തലയില്‍ വീണ് ചികിത്സ തേടിയ കാസര്‍കോട്ടുകാരന്‍, കണ്ണൂരിലെ റിമാന്‍ഡ് പ്രതികള്‍, തിരുവനന്തപുരത്തെ അബ്കാരി കേസ് പ്രതി,ആദിവാസിയായ ഗര്‍ഭിണി, കൊല്ലത്ത് പ്രസവ ശസ്ത്രക്രിയയ്ക്കെത്തിയ യുവതി തുടങ്ങി മൂന്നു ഘട്ടങ്ങളിലായി 23 പേര്‍ക്ക് രോഗം എങ്ങനെ പകര്‍ന്നതെന്ന് കണ്ടെത്താന്‍ ആരോഗ്യവകുപ്പധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതാണ് സമൂഹ വ്യാപന സാദ്ധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നത്. മറ്റിടങ്ങളെ അപേക്ഷിച്ച്‌ പരിശോധന കുറവായതിനാല്‍ അപകടകരമായ അവസ്ഥയാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആരോഗ്യ പ്രവര്‍ത്തകരിലുള്‍പ്പെടെ പരിശോധനകള്‍ കൂട്ടിയാലേ യഥാര്‍ത്ഥ വസ്തുത പുറത്തു വരികയുള്ളുവെന്നും സമിതി നിര്‍ദേശിച്ചു. എന്നാല്‍ രോഗവ്യാപനത്തിന്റെ നിരക്ക് ഇതേപോലെ തുടരുകയും കൂടുതല്‍ പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്യുന്ന സാഹചര്യത്തിലേ സമൂഹവ്യാപനമെന്ന് പറയാനാവൂ. പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കുന്ന മുറയ്ക്ക് പുതിയ രോഗികളുടെ എണ്ണം കുറയുമെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ പ്രതീക്ഷ.

സംസ്ഥാനത്ത് ഇന്നലെ മാത്രം 67 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പ്രതിദിന കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മഹാരാഷ്ട്രയില്‍ നിന്നെത്തിയ 15 പേര്‍ക്കും തമിഴ്നാട്ടില്‍ നിന്നെത്തിയ 9 പേര്‍ക്കും പുറമെ ഗുജറാത്തില്‍ നിന്നു വന്ന അഞ്ച് പേര്‍ക്കും കര്‍ണാടകയില്‍ നിന്നുള്ള ഒരാള്‍ക്കും പോണ്ടിച്ചേരി, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെത്തിയ ഓരോരുത്തര്‍ക്കും വൈറസ് ബാധ കണ്ടെത്തി. ഏഴ് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.പാലക്കാട് ജില്ലയില്‍ ഇതിനോടകം സമൂഹവ്യാപനം നടന്നതായി ആശങ്കയുണ്ട്. ഇന്നലെ മാത്രം 29 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മുക്തി നേടി രണ്ടാഴ്ച കഴിയുമ്പോഴാണ് ജില്ലയില്‍ ക്രമാതീതമായി രോഗികളുടെ എണ്ണം വര്‍ധിക്കുന്നത്.നിലവില്‍ 82 രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.ഏറ്റവുമധികം രോഗികളുണ്ടായിരുന്ന കാസര്‍കോഡിനും പിന്നെ കണ്ണൂരിനും ഒപ്പം പാലക്കാട്ടും രോഗവ്യാപനം തീവ്രമാകുമ്പോൾ സമൂഹവ്യാപനമെന്ന ഭീതികൂടിയുണ്ട്.

സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;10 പേർക്ക് രോഗമുക്തി

keralanews 67 covid cases confirmed in the state today ten cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് 29,കണ്ണൂര്‍ 8,കോട്ടയം 6, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശൂര്‍ കൊല്ലം നാല് വീതം, കാസർകോഡ്,ആലപ്പുഴ മൂന്ന് വീതം എന്നിങ്ങനെയാണ് രോഗികള്‍.10 പേര്‍ക്ക് രോഗം ഭേദമായി.മലപ്പുറത്ത് മൂന്ന് പേരും കാസര്‍ഗോട്ടും പാലക്കാട്ടും രണ്ട് പേരും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒരോരുത്തരുമാണ് രോഗമുക്തി നേടിയത്. പോസിറ്റീവായവരിൽ 27 പേർ വിദേശത്തുനിന്ന് വന്നവരാണ്. തമിഴ്നാട്ടിൽനിന്ന് വന്ന 9 പേർക്കും, മഹാരാഷ്ട്രയിൽനിന്ന് വന്ന 15 പേര്‍ക്കും, ഗുജറാത്തിൽനിന്ന് വന്ന 5 പേർക്കും, കർണാകടയിൽനിന്ന് വന്ന 2 പേർക്കും പോണ്ടിച്ചേരിയിൽനിന്നും ഡൽഹിയിൽ നിന്നും വന്ന ഓരോ ആളുകൾക്കും രോഗം സ്ഥിരീകരിച്ചു.സമ്പർക്കമൂലം 7 പേർക്ക് രോഗം വന്നു. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 963 ആയി. 415 പേര്‍ ചികിൽസയിലുണ്ട്.

കേരളത്തിൽ വീണ്ടും കൊവിഡ് മരണം;മരിച്ചത് കണ്ണൂര്‍ ധർമടം സ്വദേശിനി;സംസ്ക്കാരം ഇന്ന്

keralanews covid death in kerala kannur dharmadam native lady died of covid

കണ്ണൂർ:കേരളത്തിൽ വീണ്ടും കൊവിഡ് മരണം.കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴാണ് ആസിയയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.വൈറല്‍ ന്യൂമോണിയ കൂടി ബാധിച്ചതോടെ ആസിയയുടെ നില രണ്ട് ദിവസമായി ഗുരുതരമായി തുടരുകയായിരുന്നു.തിങ്കളാഴ്ച രാത്രി എട്ടരയോടെ ഹൃദയാഘാതമുണ്ടാവുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നു.ഇവര്‍ക്കെവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.എന്നാല്‍ ഇവരുമായി സമ്പർക്കം പുലര്‍ത്തിയ എട്ട് പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ സ്രവം കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കൊവിഡ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച്‌ വയനാട് സ്വദേശിനി ആമിന കഴിഞ്ഞ ദിവസം മരിച്ചിരുന്നു.കഴിഞ്ഞ രണ്ടുദിവസമായി ഇവര്‍ സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി.അതേസമയം ആസിയയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. കൊവിഡ് അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാകും സംസ്കാരം.

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;12 പേര്‍ രോഗമുക്തി നേടി

keralanews 49 covid cases confirmed in the state today and 12 cured

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.വിദേശത്ത് നിന്നും 18 പേരും (യു.എ.ഇ.-12, ഒമാന്‍-1, സൗദി അറേബ്യ-1, അബുദാബി-1, മാലി ദ്വീപ്-1, കുവൈറ്റ്-1, മസ്‌കറ്റ്-1) 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാണ്ട് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്.അതേസമയം രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന 12 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും കൊല്ലം ജില്ലയില്‍ നിന്നുള്ള 2 പേരുടെയും എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 359 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്ന് 4 പ്രദേശങ്ങളെ കൂടി ഹോട്ട് സ്പോട്ടുകളാക്കി. കണ്ണൂര്‍ ജില്ലയിലെ പിണറായി, പാലക്കാട് ജില്ലയിലെ പുതുശ്ശേരി, മലമ്പുഴ,ചാലിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.സംസ്ഥാനത്ത് നിലവില്‍ ആകെ 59 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

തെലങ്കാനയില്‍ ഒൻപത് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മുഖ്യപ്രതി അറസ്റ്റില്‍

keralanews incident of nine bodies found inside well in thelangana is murde main accused arrested

ഹൈദരാബാദ്:തെലങ്കാനയില്‍ ഒൻപത് അന്യസംസ്ഥാന തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മുഖ്യപ്രതിയെ തെലങ്കാന പൊലിസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശി സജ്ഞയ് കുമാറാണ് അറസ്റ്റിലായത്. ശീതള പാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊന്ന ശേഷം മൃതദേഹങ്ങള്‍ കിണറ്റില്‍ തള്ളിയതാണെന്നാണ് പൊലിസ് പറയുന്നത്.കൊല്ലപ്പെട്ട മക്‌സൂദ് ആലമിന്റെ മകളുമായി സജ്ഞയ് കുമാറിന് ബന്ധമുണ്ടായിരുന്നതായും ബന്ധം പിരിഞ്ഞതിലെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലിസ് പറയുന്നു. വ്യാഴാഴ്ച വൈകുന്നേരവും വെള്ളിയാഴ്ച രാവിലെയുമായാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.പരിക്കുകളൊന്നും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. മരിച്ചവരില്‍ ആറുപേര്‍ ഒരു കുടുംബത്തില്‍ നിന്നുള്ളവരാണ്. മറ്റു മൂന്ന് പേര്‍ ഇവര്‍ക്ക് സമീപം താമസിക്കുന്നവരുമാണ്.വ്യാഴാഴ്ച്ചയാണ് ബംഗാള്‍ സ്വദേശികളായ മഖ്‌സൂദ് ആലം (55), ഭാര്യ നിഷ (48), മക്കളായ ഷഹബാസ് (20), സൊഹൈല്‍(18), ബുഷ്‌റ(22), ബുഷ്‌റയുടെ മൂന്നു വയസ്സുള്ള മകന്‍, മഖ്സൂദിന്റെ ബന്ധു മുഹമ്മദ് ഷക്കീല്‍(40) ബിഹാര്‍, ത്രിപുര സ്വദേശികളായ തൊഴിലാളികളായ ശ്രീറാം കുമാര്‍ ഷാ(26), ശ്യാം കുമാര്‍ ഷാ(21), എന്നിവരുടെ മൃതദേഹം ഖൊറേകുണ്ഡ ഗ്രാമത്തിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ഇവരില്‍ മഖ്സൂദിന്റേതടക്കം നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച്ചയും ബാക്കി അഞ്ചു പേരുടേത് വെള്ളിയാഴ്ച്ച രാവിലെയുമാണ് പുറത്തെടുത്തത്.

ഇരുപത് വര്‍ഷം മുൻപാണ് മഖ്സൂദും കുടുംബവും വാറങ്കലില്‍ എത്തിയത്.സ്ഥലത്തെ ചണമില്‍ ഫാക്ടറിയിലാണ് മഖ്സൂദ് ജോലി ചെയ്തിരുന്നത്.അറസ്റ്റിലായ സഞ്ജയ് കുമാറും ഇതേ ഫാക്ടറിയിലെ ജീവനക്കാരനാണ്.മരിച്ച ഇതര സംസ്ഥാന തൊഴിലാളികളും ഇതേ ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്.സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ:സ‍ഞ്ജയ് കുമാറും മഖ്സൂദിന്റെ മകള്‍ ബുഷ്റയും തമ്മില്‍ അടുപ്പത്തിലായിരുന്നു.ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമാണ് ബുഷ്റ കഴിഞ്ഞിരുന്നത്. ഇരുവരുടേയും ബന്ധം അറിഞ്ഞതോടെ മഖ്സൂദ് ഇടപെട്ട് ബന്ധം അവസാനിപ്പിച്ചിരുന്നു.ഇതിനെ തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കാന്‍ സഞ്ജയ് പദ്ധതി തയ്യാറാക്കുകയായിരുന്നു.അറസ്റ്റിലായവരില്‍ ഒരാള്‍ വാറങ്കല്‍ സ്വദേശി തന്നെയാണ്.ഇയാള്‍ക്കും മഖ്സൂദിന‍്റെ കുടുംബത്തിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.മകന്റെ പിറന്നാള്‍ ദിവസം മഖ്സൂദ് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഫാക്ടറിയിലെ തൊഴിലാളികളായ ശ്രീറാമിനേയും ശ്യാം കുമാറിനേയും വിരുന്നിന് ക്ഷണിച്ചു.ഈ വിരുന്നില്‍ വിതരണം ചെയ്ത സോഫ്റ്റ് ഡ്രിങ്കിലാണ് പ്രതികള്‍ മയക്കുമരുന്ന് നല്‍കിയത്. ശേഷം അടുത്തുള്ള കിണറ്റിലേക്ക് തള്ളുകയായിരുന്നു.

കൊല്ലം അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകം;ഭർത്താവും സുഹൃത്തും അറസ്റ്റിൽ

keralanews incident of lady died of snake bite in kollam is murder husband and friend arrested

കൊല്ലം: അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. ഉത്രയെ ഭര്‍ത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.സൂരജ് കുറ്റം സമ്മതിച്ചു. സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെയും പാമ്പുകളെ എത്തിച്ച്‌ നല്‍കിയ കല്ലുവാതുക്കല്‍ സ്വദേശി സുരേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.പാമ്പു പിടുത്തക്കാരനായ സുരേഷ്, സൂരജിന്റെ സൂഹൃത്തുകൂടിയാണ്.ഫെബ്രുവരി മാസം അവസാനം സുരേഷ് മുഖാന്തരം സൂരജ് ഒരു അണലിയെ കൈക്കലാക്കി.സുരേഷിന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ പാമ്പിനെ ഉപയോഗപ്പെടുത്തി സൂരജിന്റെ വീട്ടില്‍ വച്ച്‌ ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു.എന്നാല്‍ അന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഉത്ര ചികിത്സയ്ക്കും വിശ്രമത്തിനുമായി സ്വന്തം വീട്ടിലേക്ക് പോയി.ഏപ്രില്‍ 22നാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി അഞ്ചലിലെ വീട്ടിലേക്ക് ഉത്ര മടങ്ങിയത്.ആദ്യ ശ്രമം പരാജയപ്പെട്ടെതിനെ തുടര്‍ന്ന് സൂരജ് മാര്‍ച്ച്‌ 24ന് വീണ്ടും സുരേഷുമായി ബന്ധപ്പെട്ട് മൂര്‍ഖന്‍ പാമ്പിനെ വാങ്ങുകയും പാമ്പുമായി ഉത്രയുടെ വീട്ടില്‍ എത്തുകയുമായിരുന്നു.കട്ടിലിന്റെ അടിയില്‍ ബാഗിനുള്ളില്‍ ഒരു ഡബ്ബയിലാക്കി സൂക്ഷിച്ചിരുന്ന മൂര്‍ഖനെ മേയ് ആറിന് രാത്രി പുറത്തെടുത്ത് ഉത്രയുടെ ദേഹത്ത് വയ്ക്കുകയായിരുന്നു.എന്നാല്‍ പാമ്പിനെ തിരിച്ച്‌ ഡബ്ബയിലാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിറ്റേദിവസം രാവിലെ അമ്മയെത്തി ഉത്രയെ വിളിച്ചിട്ടും എണീക്കാത്തതിനെ തുടര്‍ന്ന് അമ്മയും സഹോദരനും സൂരജും ചേര്‍ന്ന് അഞ്ചല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ വച്ച്‌ മരണം സ്ഥിരീകരിക്കുകയായിരുന്നു.വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അലമാരയുടെ അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയും തല്ലിക്കൊല്ലുകയും ചെയ്തു.മരിച്ച അന്നു തന്നെ ഉത്രയുടെ മാതാപിതാക്കളും ബന്ധുക്കളും മരണത്തില്‍ സംശയം ഉന്നയിച്ചിരുന്നു.എസി ഉണ്ടായിരുന്ന, നിലം ടൈലിട്ട അടച്ചുറപ്പുള്ള മുറിയിലാണ് ഉത്ര ഉറങ്ങാന്‍ കിടന്നത്. ഈ മുറിയില്‍ എങ്ങനെ മൂര്‍ഖന്‍ പാമ്പ് കയറി എന്നതായിരുന്നു പ്രധാന സംശയം. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. അപ്പോഴാണ് കല്ലുവാതുക്കലിലെ ഒരു പാമ്പു പിടുത്തക്കാരനുമായി സൂരജിന് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ സൂരജിനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിപ്പിച്ചത്.

കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം;ഭര്‍ത്താവ് കസ്‌റ്റഡിയില്‍

keralanews incident lady died of snake bite in kollam husband under custody

കൊല്ലം:കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. പാമ്പ്പിടിത്തക്കാരനായ സൂരജിന്‍റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പ് കടിയേറ്റത്.ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ അടൂരിലുള്ള വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്.തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു.എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിലാണ് പാമ്പ് കയറിയത്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. സൂരജിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്നും ഉത്രയുടെ ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണു സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും അറിവ് തേടുന്നുണ്ട്.ഉറക്കത്തില്‍ വിഷപ്പാമ്പിന്റെ കടിയേറ്റാല്‍ ഉണരുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഉത്ര ഉണര്‍ന്നില്ല. അതിന്റെ കാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അറിയാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണു പൊലീസ്.അതേസമയം ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കര്‍ മാര്‍ച്ച്‌ 2നു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിന്റെയും സംയുക്ത അക്കൗണ്ടിലാണ് ലോക്കര്‍. മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംസ്ഥാനത്ത് 9 പുതിയ ഹോട്സ്പോട്ടുകൾ കൂടി; 7 എണ്ണം കണ്ണൂരിൽ

keralanews 9 new hotspots in the state and 7 in kannur district

തിരുവനന്തപുരം:സംസ്ഥാനത്ത് 9 പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി.ഇതിൽ ൭ എണ്ണം കണ്ണൂർ ജില്ലയിലാണ്.പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍,പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്പിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്സ്പോട്ടുകൾ.സംസ്ഥാനത്ത് നിലവില്‍ ആകെ 37 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. സംസ്ഥാനത്ത്  ഇന്നലെ  62 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേർക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്,കാസർകോഡ് ജില്ലകളിലെ നാലുപേർക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് ഇന്ന് 62 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു;കണ്ണൂരിൽ 16 പേർക്ക്,പാലക്കാട് 19 പേർക്ക്

keralanews 62 covid cases confirmed in kerala today 16 cases in kannur and 19 cases in palakkad

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സംസ്ഥാനത്ത് സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ നിരക്കാണിത്.പാലക്കാട്- 19, കണ്ണൂര്‍-16, മലപ്പുറം-8, ആലപ്പുഴ- 5, കോഴിക്കോട്-4, കാസര്‍കോട്-4, കൊല്ലം-3, കോട്ടയം-2, വയനാട്- 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് ബാധിച്ചവരുടെ കണക്ക്.ഇതില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും (യു.എ.ഇ.-9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്‍-1, മസ്‌കറ്റ്-1, ഖത്തര്‍-1) 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-12, ഗുജറാത്ത്-2, കര്‍ണാടക-2, ഉത്തര്‍പ്രദേശ്-1, ഡല്‍ഹി-1) വന്നതാണ്.13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.13 പേരില്‍ ഏഴ് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇവരില്‍ 3 പേര്‍ പാലക്കാട് ജില്ലയിലുള്ളവരും 2 പേര്‍ വീതം കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.അതേസമയം രോഗം സ്ഥിരികരിച്ച്‌ ചികിത്സയിലായിരുന്ന 3 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. കൊല്ലം, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 275 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 515 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

അതേസമയം ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച്‌ സാധാരണ ഞായറാഴ്ചകളില്‍ അനുവദനീയമായ പ്രവൃത്തികള്‍ക്ക് പുറമേ 23ന് കേരളത്തില്‍ ഞായറാഴ്ച ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി സ്‌റ്റോറുകള്‍, ചെരുപ്പുകടകള്‍ എന്നിവ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ഏഴുമണിവരെ പ്രവര്‍ത്തിക്കാം.ഇറച്ചി, മത്സ്യവ്യാപാരം എന്നിവ രാവിലെ ആറു മുതല്‍ 11 വരെ അനുവദിക്കും.

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം; അറിയിപ്പ് ലഭിച്ചത് അവസാന നിമിഷം

keralanews confusion in allowing stop in kannur for train from mumbai to kerala

കണ്ണൂർ:മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ട്രയിനിന് കണ്ണൂരിൽ സ്റ്റോപ്പ് അനുവദിച്ചതിൽ ആശയക്കുഴപ്പം.ട്രയിനെത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് ജില്ലാ ഭരണകൂടം വിവരമറിഞ്ഞത് . ട്രയിന്‍ ഇറങ്ങുന്നവരെ പരിശോധിക്കുന്നതിന് ഉള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഒരുക്കേണ്ടി വന്നു.ഇന്നലെ രാത്രി പത്ത് മണിക്കാണ് മുംബൈ ലോക് മാന്യ തിലക് റെയിൽവെ സ്റ്റേഷനിൽ നിന്ന് 1400 ഓളം യാത്രക്കാരുമായി ട്രെയിൻ പുറപ്പെട്ടത്. കോൺഗ്രസ് മഹാരാഷ്ട്ര ഘടകമാണ് മലയാളികൾക്ക് മാത്രമായി ഈ ട്രെയിൻ ഏർപ്പാട് ചെയ്തത്. ഷൊർണൂർ, എറണാകുളം,തിരുവനന്തപുരം എന്നിവിടങ്ങളിൽ മാത്രമായിരുന്നു ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ രാവിലെ 9.30 ഓടെയാണ് ട്രെയിൻ കണ്ണൂരിൽ നിർത്തുമെന്ന വിവരം സ്റ്റേഷൻ അധികൃതർക്ക് ലഭിച്ചത്. കണ്ണൂരിലിറങ്ങുന്ന യാത്രക്കാരുടെ വിവരം ലഭിക്കാൻ പിന്നെയും വൈകി.പതിനൊന്ന് മണിയോടെയാണ് ഇവരുടെ അന്തിമ പട്ടിക ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്.പിന്നാലെ എസ്.പി, ഡപ്യൂ. കലക്ടർ, എ.ഡി.എം, തഹസിൽദാർ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ വൻ നിര റെയിൽവെ സ്റ്റേഷനിലെത്തി. തുടർന്ന് യുദ്ധകാല അടിസ്ഥാനത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കി.കണ്ണൂർ ജില്ലയിൽ നിന്നുള്ള 103 പേരും കോഴിക്കോട് ജില്ലക്കാരായ 50 പേരും വയനാട് ജില്ലയിൽ നിന്നുള്ള 16 പേരും അടക്കം ഏതാണ്ട് 200 ഓളം പേർ കണ്ണൂരിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇവർക്കായി 15 ഓളം കെ.എസ്.ആർ.ടിസി ബസുകളും ആരോഗ്യ പരിശോധനാ സംവിധാനവുമടക്കം റെയിൽവെ സ്റ്റേഷനിൽ തയ്യാറാക്കിയിട്ടുണ്ട്.അതേസമയം, മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അയക്കാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ ശ്രമം കേരളത്തിന്‍റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പിന്നെയും നീട്ടി. രാജ്കോട്ടില്‍ നിന്ന് ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനാണ് കേരളസര്‍ക്കാരിന്‍റെ ഔദ്യോഗികമായ അഭ്യര്‍ഥന മാനിച്ച്‌ യാത്ര നീട്ടി വച്ചത്. ക്വാറന്‍റീന്‍ സൗകര്യങ്ങളടക്കം ഒരുക്കുന്നതില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടാണ് കേരളം എതിര്‍പ്പറിയിച്ചതെന്ന് ഗുജറാത്തിലെ നോഡല്‍ ഓഫീസര്‍ ഭാരതി ഐഎഎസ് വെളിപ്പെടുത്തി.