കോഴിക്കോട്:കോവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ് മരിച്ച കോഴിക്കോട് സ്വദേശിയുടെ പരിശോധനാഫലം നെഗറ്റിവ്.അഴിയൂര്‍ സ്വദേശി ഹാഷിമിന്റെ സ്രവ പരിശോധന ഫലമാണ് നെഗറ്റിവായിരിക്കുന്നത്.ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷിം വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.തലശേരി സഹകരണ ആശുപത്രിയില്‍ വെച്ചാണ് ഹാഷിം മരണപ്പെട്ടത്. ഹാഷിം നിരീക്ഷണത്തിലിരിക്കുന്ന ആള്‍ ആണെന്ന കാര്യം വെളിപ്പെടുത്താതെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.ഇതേ തുടര്‍ന്ന് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു.മരണത്തിന് ശേഷമാണ് ഹാഷിം ക്വാറന്റൈനില്‍ കഴിഞ്ഞ വ്യക്തിയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയുന്നത്.അതിനാല്‍ ഹാഷിമുമായി ഇടപെട്ട ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ ക്വാറന്റീനില്‍ പോയിരുന്നു.
വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട്:വിദേശത്തു നിന്നെത്തി കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാൾ കുഴഞ്ഞുവീണ് മരിച്ചു.അഴിയൂര്‍ സ്വദേശി ഹാഷിം എന്ന അറുപത്തിരണ്ടുകാരനാണ് മരിച്ചത്. വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം മാഹി ആശുപത്രിയിലും തുടര്‍ന്ന് തലശേരി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇയാളെ ആശുപത്രിയിലെത്തിച്ച ബന്ധുക്കള്‍ നിരീക്ഷണത്തിലിരിക്കുകയാണെന്ന കാര്യം മറച്ചുവച്ചുവെന്ന് ആരോപണമുണ്ട്.ആശുപത്രിയില്‍ കൊണ്ടുപോകുന്ന കാര്യം ആരോഗ്യവകുപ്പും അറിഞ്ഞിട്ടില്ല. മൃതദേഹം തലശേരി സഹകരണ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇയാളുടെ സ്രവപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇയാളെ പരിശോധിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
10 ദിവസം മുന്‍പാണ് ഇയാള്‍ വിദേശത്തു നിന്നും നാട്ടില്‍ എത്തിയത്.ഇന്നലെ വൈകിട്ട് 3.30മണിയോടെ വീട്ടില്‍ നിന്നും വീണു നെറ്റിക്ക് പരുക്കേറ്റ ഇയാളെ മാഹി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അബോധവസ്ഥയില്‍ ആയിരുന്ന ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ സ്‌കാനിങ് ചെയുവാന്‍ വേണ്ടിയും തുടര്‍ ചികിത്സയ്ക്കുമായി മാഹി ആശുപത്രി ആംബുലന്‍സ് കൊണ്ടുപോകുകയായിരുന്നു.ഇയാള്‍ വിദേശത്തു നിന്നും വന്നതാണെന്ന് വിവരവും നിരീക്ഷണത്തില്‍ ആണെന്നുള്ള വിവരവും കൊണ്ടുവന്നവര്‍ മറച്ചു വെച്ചതായി ആരോപണമുണ്ട്.തുടര്‍ന്ന് ഡോക്ടര്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ മതിയായ സുരക്ഷ സംവിധാനങ്ങളോടെ ആയിരുന്നില്ല രോഗിയെ കൈകാര്യം ചെയ്തത്. വൈകിട്ട് മരണ വിവരം അറിഞ്ഞ സമയത്താണ് ഇയാള്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളാണെന്ന് ആശുപത്രി അധികൃതര്‍ മനസ്സിലാക്കിയത്.തുടര്‍ന്ന് ഇയാളുടെ കൊവിഡ് ഫലം വരും വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പടെ ഉള്ള ജീവനക്കാര്‍ ക്വാറന്റൈനിൽ പോകുകയായിരുന്നു.
കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടി; ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും
കണ്ണൂർ:ജില്ലയിൽ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടി.ഇതോടെ കൂടുതല്‍ രോഗബാധയുളള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തണ്ടി വന്നേക്കും.കോവിഡ് 19ന്‍റെ മൂന്നാംഘട്ടത്തില്‍ കണ്ണൂരില്‍ ആകെ രോഗം ബാധിച്ച 95 പേരില്‍ 21 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ അയ്യന്‍കുന്ന് സ്വദേശിനിയായ ആദിവാസി യുവതിയും കൂടാളി സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തകയും രോഗവിമുക്തി നേടി ആശുപത്രി വിട്ടു. രോഗം ബാധിച്ച ഒരാള്‍ മരണത്തിന് കീഴടങ്ങി.ബാക്കിയുളള 18 പേരാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരായി ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്.ഇതില്‍13 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്.രണ്ട് റിമാന്‍ഡ് പ്രതികളും രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഒരു ചെറുവാഞ്ചേരി സ്വദേശിയുമാണ് മറ്റുളളവര്‍.സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ സംസ്ഥാന ശരാശരി 10 ശതമാനമാണെങ്കില്‍ കണ്ണൂരില്‍ അത് 20 ശതമാനമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ രോഗബാധിതര്‍ കൂടുതലുളള പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്‍റെ തീരുമാനം.കണ്ണപുരം, മുണ്ടേരി, മുഴുപ്പിലങ്ങാട് എന്നീ തദ്ദേശ സ്ഥാപനങ്ങളെ കൂടി ജില്ലയില്‍ ഹോട്ട് സ്പോട്ട് പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജില്ലയിലെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 25 ആയി.ഈ പ്രദേശങ്ങളിലാവും ആദ്യ ഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ അടക്കമുളള കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്നാണ് സൂചന.
സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് സമൂഹ വ്യാപനം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യമന്ത്രി. ഉറവിടം അറിയാത്ത കേസുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിന്‍റെ തുടര്‍ച്ചയായി ഒരേ സ്ഥലത്തു തന്നെ ഒത്തിരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സെന്‍റിനല്‍ സര്‍വയലന്‍സ് ടെസ്റ്റിലും പൊസിറ്റീവ് കേസുകള്‍ കുറവാണ്. സമൂഹ വ്യാപനത്തിലേക്ക് എത്തിയിട്ടില്ല എന്നു തന്നെയാണ് ഇതു നല്‍കുന്ന സൂചനകളെന്ന് ആരോഗ്യമന്ത്രി പറയുന്നു.മൂന്നു തടവുകാര്‍ക്ക് കൊവിഡ് ബാധയുണ്ടായ വെഞ്ഞാറമൂടും സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ദിവസം 3000 ടെസ്റ്റുകള്‍ നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.ടെസ്റ്റ് കുറവാണെന്ന് പറയുന്നതിന്‍റെ മാനദണ്ഡം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. ഇന്ന് കൊവിഡ് ബാധിച്ച് മരിച്ച പത്തനംതിട്ട സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതായും മന്ത്രി പറഞ്ഞു. എന്നാല്‍ കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും തടസ്സമായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്ന പത്തനംതിട്ട സ്വദേശി ജോഷിയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ മരിച്ചത്.അബുദാബിയിൽ നിന്ന് ഈ മാസം 11-ന് എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് ചികിത്സയിലേക്ക് മാറ്റുകയായിരുന്നു.
എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ചു
കോഴിക്കോട്:മുന്‍ കേന്ദ്ര മന്ത്രിയും ജനതാദള്‍ നേതാവും രാജ്യാസഭാംഗവുമായ എം പി വീരേന്ദ്ര കുമാര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.വെള്ളിയാഴ്ച രാവിലെ ഭൗതിക ശരീരം വയനാട്ടിലേക്കു കൊണ്ടുപോകും. സംസ്കാരം വൈകിട്ട്.ജനതാദള്‍(എസ്), സോഷ്യലിസ്റ്റ് ജനത(ഡെമോക്രാറ്റിക്), ജനതാദള്‍(യുണൈറ്റഡ്) എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ലോക് താന്ത്രിക് ജനതാദള്‍ പാര്‍ട്ടി സ്ഥാപക നേതാവാണ്.ഉഷയാണ് ഭാര്യ. മക്കള്‍: ആഷ, നിഷ, ജയലക്ഷ്മി, എം.വി.ശ്രേയാംസ്‌കുമാര്‍ എംഎല്‍എ(ജോയിന്റ് മാനേജിങ് ഡയറക്‌ടര്‍, മാതൃഭൂമി). സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവും മദിരാശി നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാ ഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് വയനാട്ടിലെ കല്പറ്റയിലാണ് വീരന്ദ്രകുമാര്‍ ജനിച്ചത്.മദിരാശി വിവേകാനന്ദ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും അമേരിക്കയിലെ സിന്‍സിനാറ്റി സര്‍വകലാശാലയില്‍ നിന്ന് എംബിഎ. ബിരുദവും നേടി. 1987 ല്‍ നിയമസഭാംഗവും വനം മന്ത്രിയുമായി. 48 മണിക്കൂറിനുള്ളില്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയില്‍ ധനകാര്യ സഹമന്ത്രിയും പിന്നീട് തൊഴില്‍ വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സഹമന്ത്രിയുമായി.ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍, പിടിഐ ഡയറക്ടര്‍, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ട്രസ്റ്റി, ഇന്റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട് മെമ്പർ, കോമണ്‍വെല്‍ത്ത് പ്രസ് യൂണിയന്‍ മെമ്ബര്‍, വേള്‍ഡ് അസോസിയേഷന്‍ ഓഫ് ന്യൂസ് പേപ്പേഴ്സ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്ബര്‍, ജനതാദള്‍(യു) സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. സ്കൂൾ വിദ്യാർഥി ആയിരുന്ന കാലത്ത് സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനാണ് പാർട്ടിയിൽ അംഗത്വം നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് സ്വത്തുക്കൾ കണ്ടുകെട്ടുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 2004 ലും 1996 ലും കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്‌സഭാംഗമായി. 2016 ലും 2018 ലും രാജ്യസഭാംഗമായി.ഹൈമവതഭൂവില്‍,സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, ഡാന്യൂബ് സാക്ഷി, ഇരുള്‍ പരക്കുന്ന കാലം, അധിനിവേശത്തിന്റെ അടിയൊഴുക്കുകള്‍, ഗാട്ടും കാണാച്ചരടുകളും, രാമന്റെ ദുഃഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. സി.അച്യുത മേനോന്‍ സാഹിത്യപുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്കാരം, മൂര്‍ത്തിദേവി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടി.
സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതിൽ 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നവരാണ്.സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തുന്ന ഉയര്‍ന്ന കോവിഡ് നിരക്കാണിത്.കാസര്‍ക്കോട് 18, പാലക്കാട് 16 കണ്ണൂര്‍ 10, മലപ്പുറം 8 തിരുവനന്തപുരം 7, തൃശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ 1 വീതം.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേർ വിദേശത്തുനിന്നും 48 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കും രോഗംപിടിപെട്ടു.മൂന്നുപേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവടങ്ങിടങ്ങിലാണ് ഓരോരുത്തരുടെ പരിശോധന ഫലം നെഗറ്റീവായത്. 1088 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 526 പേര്‍ ചികിത്സയിലുണ്ട്. 210 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം കോവിഡ് ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സലായിരുന്നു തെലുങ്കാന സ്വദേശി മരിച്ചു.തെലങ്കാന സ്വദേശി നഞ്ചയ്യയാണ് മരിച്ചത്.
കണ്ണൂരില്‍ രോഗ ബാധയുടെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്; പ്രസവചികിത്സയ്‌ക്കെത്തിയ യുവതിക്കും കൊറോണ
കണ്ണൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ ജില്ലയില്‍ സമ്പർക്കത്തിലൂടെ കൊറോണ ബാധിച്ചതില്‍ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യ വകുപ്പ്. രോഗബാധിതരുടെ സമ്പർക്കപ്പട്ടികയോ റൂട്ട് മാപ്പോ കൃത്യമായ തയാറാക്കാനോ സാധിച്ചിട്ടില്ല. കഴിഞ്ഞ 11 ദിവസത്തിനിടെ ജില്ലയിൽ സമ്പർക്കം വഴി 21 പേര്‍ക്കാണ് അസുഖം ബാധിച്ചത്.ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കോഴിക്കോട് ജില്ലയിലായതിനാല്‍ ഇവരെ കോഴിക്കോട് ജില്ലയിലെ രോഗികളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ അസുഖം ബാധിച്ച് മരിച്ച ധര്‍മ്മടം സ്വദേശിനി ആയിഷയ്ക്ക് രോഗബാധയുണ്ടായത് എങ്ങനെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.ഇവരുടെ രണ്ട് മക്കള്‍ തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ മൊത്തക്കച്ചവടം നടത്തുന്നവരാണ്. ഇവർക്ക് സ്രവപരിശോധന നടത്തി രോഗം സ്ഥിരീകരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആയിഷയ്ക്ക് രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം.എന്നാല്‍, മത്സ്യമാര്‍ക്കറ്റില്‍ മറ്റാര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മാര്‍ക്കറ്റിലെത്തിയ ലോറിത്തൊഴിലാളികളില്‍ നിന്ന് അസുഖ ബാധയുണ്ടായിരിക്കാമെന്ന നിഗമനത്തിലെത്തുമ്പോഴും ഇതിലും വ്യക്തതയില്ല.പ്രസവചികിത്സയ്ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 24 വയസുകാരിക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് പ്രത്യേക സംഘം അന്വേഷിക്കുന്നുവെങ്കിലും ഇതുവരെ സ്രോതസ്സ് കണ്ടെത്താനായിട്ടില്ല.ജില്ലാ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. രോഗപ്പകര്‍ച്ചയുടെ സ്രോതസ്സ് വ്യക്തമാകാത്ത സാഹചര്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും ഡിഎംഒ ഓഫീസിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു.ആരോഗ്യ പ്രവര്‍ത്തകനും ചികിത്സയ്‌ക്കെത്തിയ ആള്‍ക്കും രോഗബാധയുണ്ടായതോടെ ജില്ലാ ആശുപത്രി സൂപ്രണ്ട്, ആര്‍എംഒ, നാല് ഡോക്ടര്‍മാര്‍, ഒരു ഹെഡ് നഴ്‌സ് എന്നിവര്‍ ഇപ്പോള്‍ പ്രത്യേക നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പത്ത് പേർക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. 28 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ യാണ് രോഗം സ്ഥിരീകരിച്ചത്.അതേസമയം പത്ത് പേരുടെ ഫലം നെഗറ്റീവ് ആയി.മലപ്പുറം 6, ആലപ്പുഴ 1, വയനാട് 1, കാസർകോട് 2 എന്നിങ്ങനെയാണ് നെഗറ്റീവ് കേസുകളുടെ എണ്ണം. സംസ്ഥാനത്ത് ആകെ 81 ഹോട്സ്പോട്ടുകൾ ഉണ്ട്. ഇന്നു പുതതായി 13 എണ്ണം കൂടിയുണ്ടായി. പാലക്കാട് 10, തിരുവനന്തപുരം മൂന്ന് എന്നിങ്ങനെയാണ് പുതിയ ഹോട്സ്പോട്ടുകൾ.വിദേശരാജ്യങ്ങളിലും മറ്റ് സംസ്ഥാനങ്ങലും മരിക്കുന്നത് വേദനാജനകമാണ്. കഴിഞ്ഞയാഴ്ച വിദേശ പ്രവാസികളുടെ മരണം 124 ആയിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്ക് അത് 173 ആയി ഉയര്‍ന്നു. അവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു.
വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും പ്രവാസികള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോടെ രോഗ പ്രതിരോധം പുതിയ ഘട്ടത്തിലേക്ക് കടന്നു. കേരളത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു. ആശങ്കയുണ്ടാക്കന്നതാണ് ഈ സാഹചര്യം. ഇത് ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുമായി ചര്‍ച്ച നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ചര്‍ച്ച. ഒന്നിച്ചു നീങ്ങണമെന്ന പൊതുഅഭിപ്രായം രൂപപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രോഗവ്യാപനം തടയുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളിൽ കക്ഷിനേതാക്കൾ മതിപ്പ് പ്രകടിപ്പിച്ചു. എല്ലാവിധ പിന്തുണയും ഇവര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും; ഇളവുകൾ സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
ന്യൂഡൽഹി:രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടിയേക്കും.ജൂൺ 15 വരെ അടച്ചുപൂട്ടൽ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധ തുടരുന്ന 11 നഗരങ്ങളിലേക്ക് നിയന്ത്രിത മേഖലകൾ ചുരുക്കിയേക്കും. ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കാനും ആലോചനയുണ്ട്. ഇളവുകളുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാന്‍ അനുമതി നല്‍കും.രാജ്യത്ത് ഒരോ ദിവസവും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒറ്റയടിക്ക് ലോക്ഡൗണ്‍ പിന്‍വലിക്കാനാവില്ല.ഓരോഘട്ടത്തിലും ഇളവുകള്‍ പ്രഖ്യാപിച്ച് ഘട്ടംഘട്ടമായിട്ടായിരിക്കും സാധാരണ നിലയിലേക്ക് പോവുക. മെയ് 31 ഞായറാഴ്ചയാണ് നാലാംലോക്ഡൗണ്‍ അവസാനിക്കുക. അന്ന് പ്രധാനമന്ത്രിയുടെ മന്‍കിബാത്തില്‍ ഇതു സംബന്ധിച്ച തീരുമാനം ഉണ്ടാകും എന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. അതേസമയം ലോക്ക്ഡൗണ്‍ നീട്ടുന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി രൂക്ഷമായ പതിനൊനന്ന് നഗരങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പ്രധാനമായും ലോക്ഡൗണ്‍ അഞ്ചാംഘട്ടം പുരോഗമിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ കോവിഡ് കേസുകളില്‍ 70 ശതമാനവും ഈ നഗരങ്ങളിലാണ്. ഡല്‍ഹി, മുംബൈ, ബംഗളൂരു, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, സൂരത്ത്, കൊല്‍ക്കത്ത എന്നിവയാകും ആ പതിനൊന്ന് നഗരങ്ങള്‍.അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഞ്ചാം ഘട്ടത്തിലും അടഞ്ഞ് തന്നെ കിടന്നേക്കും. മാളുകളും തിയേറ്ററുകളും തുറക്കാനും അനുവദിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതൽ ആരംഭിക്കും;നിബന്ധനകൾ ഇങ്ങനെ
തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവിതരണം നാളെ മുതൽ പുനരാരംഭിക്കും.രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ മദ്യഷാപ്പുകള്‍ തുറക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് 10 വരെയാണ് ആപ്പ് വഴിയുള്ള മദ്യത്തിന്‍റെ ബുക്കിംഗ്. ഇതിനായി ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാക്കി. ടോക്കൺ വഴിയാണ് മദ്യ വിതരണം. ഇതിനായി ടോക്കണ്‍ ലഭിച്ചവര്‍ മാത്രം വാങ്ങാൻ വരണമെന്ന് മന്ത്രി അറിയിച്ചു. വരിയിൽ ഒരു സമയം 5 അംഗങ്ങളെ മാത്രമേ അനുവദിക്കൂവെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ അറിയിച്ചു. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്പില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തെ 576 ബാറുകളിലും 301 കണ്‍സ്യൂമര്‍ഫെഡ് ബെവ്കോ ഔട്ട് ലെറ്റുകളിലും മദ്യം പാഴ്സലായി ലഭിക്കും. 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലും മദ്യം ലഭിക്കും. മൊബൈല്‍ ആപ്പില്‍ തിരക്ക് കുറക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. 612 ബാര്‍ ഹോട്ടലുകളാണുള്ളത്. ഇതില്‍ 576 ബാര്‍ ഹോട്ടലുകളാണ് സര്‍ക്കാരിന്‍റെ പുതിയ സംവിധാനത്തിലൂടെ മദ്യം നല്‍കാന്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടേയും മദ്യം വാങ്ങാം. ഇവിടെ പ്രത്യേക കൗണ്ടറുകളുണ്ടാവും പക്ഷെ ഇരുന്ന് കഴിക്കാനുള്ള സംവിധാനമുണ്ടാവുകയില്ലെന്നും മന്ത്രി പറഞ്ഞു.291 ബിയര്‍ ആന്‍ഡ് വൈന്‍ വില്‍പ്പന ശാലകളിലും ഇത്തരത്തില്‍ വില്‍പ്പന നടത്താവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.ഒരു ഉപഭോക്താവില്‍ നിന്ന് 50 പൈസ വീതം ബന്ധപ്പെട്ട ഏജന്‍സി ബിവറേജസ് കോര്‍പ്പറേഷനില്‍ അടയ്ക്കണം. ഈ പണം കമ്പനിക്കല്ല നല്‍കുന്നത്. ആ രീതിയില്‍ വ്യാജ പ്രചരണങ്ങള്‍ പല മാധ്യമങ്ങളിലും പ്രചരിച്ചുവെന്നും ഇത് തെറ്റായ വിവരമാണെന്നും മന്ത്രി പറഞ്ഞു. എസ്‌എംഎസ് വഴി അയക്കാനുള്ള 15 പൈസ ഫെയര്‍കോഡ് കമ്ബനിയാണ് നല്‍കേണ്ടത്. അതിന്റെ ബില്ല് ബിവറേജസ് കോര്‍പ്പറേഷന് നല്‍കണമെന്നും മന്ത്രി പറഞ്ഞു.