കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളില്‍ യാത്ര ചെയ്യാനുള്ള കൂട്ടിയ ബസ് ചാര്‍ജ് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. സ്വകാര്യ ബസ് ഉടമകളുടെ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. ഇതോടെ സ്വകാര്യ ബസ്സുകള്‍ക്കും കെഎസ്‌ആര്‍ടിസിക്കും അധിക നിരക്ക് ഈടാക്കാം.ലോക്ക്ഡൗണ്‍ കാലാവധി അവസാനിക്കുന്നതുവരെ ഉയര്‍ന്ന നിരക്ക് തുടരാമെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കണം ബസ്സില്‍ യാത്രക്കാരെ കൊണ്ടുപോവേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.നിരക്ക് വര്‍ധന സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കകം ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.നിലവില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ ബസില്‍ യാത്രക്കാരെ കയറ്റാന്‍ സാധിക്കൂ. സാമൂഹിക അകലം പാലിച്ചാണ് യാത്ര അനുവദിക്കുന്നത്. അതുകൊണ്ടുതന്നെ കടുത്ത സാമ്പത്തിക ഷ്ടം സഹിച്ചാണ് സര്‍വീസ് നടത്തുന്നതെന്നും ചാര്‍ജ് കുറയ്ക്കരുതെന്നുമാണ് ബസ് ഉടമകള്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം ഹൈക്കോടതി അംഗീകരിച്ചു.എന്നാല്‍ ചാര്‍ജ് കുറച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കിയില്ല. താല്‍ക്കാലിക സ്‌റ്റേ മാത്രമാണുള്ളത്. നിയന്ത്രണങ്ങള്‍ പാലിച്ച് സര്‍വീസ് നടത്താന്‍ ബസ് ഉടമകളോട് കോടതി നിര്‍ദേശിച്ചു.കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ബസ് ഉടമകള്‍ അടുത്ത ദിവസം മുതല്‍ സമ്പൂർണ്ണ തോതില്‍ സര്‍വീസ് ആരംഭിക്കുമെന്നും അറിയിച്ചു.അതേസമയം നേരത്തെ ഒന്നിടവിട്ട സീറ്റ് ഒഴിച്ചിടണമെന്ന് നിര്‍ദേശിച്ച സാഹചര്യത്തിലാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ മുഴുവന്‍ സീറ്റിലും ഇരുന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വര്‍ധിപ്പിച്ച നിരക്ക് കുറച്ചത്. ചാര്‍ജ് കൂട്ടേണ്ട സാഹചര്യം ഇപ്പോഴില്ല. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 34 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 11 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 10 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 8 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ 4 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 53 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ. -30, കുവൈറ്റ് -10, താജിക്കിസ്ഥാന്‍- 4, നൈജീരിയ-4, റഷ്യ-3, സൗദി അറേബ്യ-2) 27 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-14, തമിഴ്നാട്-5, ഡല്‍ഹി-5, കര്‍ണാടക-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 4 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.അതേസമയം ചികിത്സയിലായിരുന്ന 34 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 12 പേരുടെയും (ഒരു കൊല്ലം സ്വദേശി), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, തൃശൂര്‍, കോഴിക്കോട് (ഒരു വയനാട് സ്വദേശി) ജില്ലകളില്‍ നിന്നുള്ള 4 പേരുടെ വീതവും കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. 1231 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 848 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.ഇന്ന് പുതുതായി 10 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട്, ചെങ്കള, നീലേശ്വരം, പുല്ലൂര്‍ പെരിയ, തൃശൂര്‍ ജില്ലയിലെ അവണൂര്‍, അടാട്ട്, ചേര്‍പ്പ്, വടക്കേക്കാട്, തൃക്കൂര്‍, ഇരിഞ്ഞാലക്കുട മുന്‍സിപ്പാലിറ്റി എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 158 ഹോട്ട്സ്‌പോട്ടുകളാണ് ഉള്ളത്.
ക്വാറന്റൈന്‍ ലംഘനം;ഇരിട്ടിയിൽ കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു
കണ്ണൂർ:ക്വാറന്റൈന്‍ ചട്ട ലംഘനം നടത്തിയതിന് കോവിഡ് സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി പയഞ്ചേരിമുക്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച പ്രവാസിയുടെ കുടുംബാംഗങ്ങള്‍ വീട്ടില്‍ നിന്നും അധികൃതരെ അറിയിക്കാതെ മാറി താമസിച്ചുവെന്നാണ് ആരോപണം. പകര്‍ച്ചവ്യാധി വ്യാപന നിയമപ്രകാരമാണ് ഇരിട്ടി പൊലീസ് കേസെടുത്തത്.ഭാര്യയ്ക്കും രണ്ട് വയസ്സുള്ള കുട്ടിക്കും മാതാപിതാക്കള്‍ക്കുമൊപ്പം വിദേശത്ത് നിന്നെത്തിയ 38 കാരനായ പ്രവാസിയ്ക്ക് മെയ് 31 നാണ് കോവിഡ് സ്ഥിരീകരിച്ചത്. പൊലീസും ആരോഗ്യ പ്രവര്‍ത്തകരും ഇവരെ നിരീക്ഷിച്ചു വരുന്നതിനിടയിലാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തത്. കരള്‍ രോഗത്തിനുള്‍പ്പെടെ ചികിത്സയിലുള്ള കോവിഡ് ബാധിതന്റെ പിതാവ് തുടര്‍ ചികിത്സക്കായി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ബന്ധപ്പെട്ടിരുന്നു. സൂപ്രണ്ട് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ വിളിച്ച് ചികിത്സക്കുള്ള ക്രമീകരണം ഏര്‍പ്പെടുത്തി. എന്നാല്‍, കോവിഡ് ബാധിതന്റെ ഭാര്യയും കുഞ്ഞും വേങ്ങാടുള്ള അവരുടെ വീട്ടിലും പിതാവും മാതാവും കൂത്തുപറമ്പിലെ സ്വന്തം വീട്ടിലുമാണ് എത്തിയത്. പരിയാരത്ത് പരിശോധനക്ക് ചെന്നപ്പോള്‍ കാണേണ്ട ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്നും അതിനെ തുടര്‍ന്നാണ് കൂത്തുപറമ്പിലെ വീട്ടില്‍ എത്തിയതെന്നുമാണ് പറയുന്നത്.തങ്ങള്‍ ആശുപത്രിയില്‍ പോകുമ്പോൾ മകന്റെ ഭാര്യയും കുഞ്ഞും തനിച്ചവാതിരിക്കാനാണ് അവരെ അവരുടെ വീട്ടില്‍ വിട്ടതെന്നാണ് പ്രവാസിയുടെ വീട്ടുകാരുടെ വിശദീകരണം. നിരീക്ഷണ വ്യവസ്ഥകള്‍ ലംഘിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ രണ്ട് വീട്ടിലും മറ്റുള്ളവരുമായി സമ്പർക്കം ഇല്ലാതെയാണ് കഴിയുന്നത്. അതിനാല്‍ മറ്റ് ആശങ്കകള്‍ വേണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കൊറോണ വൈറസ്;രാജ്യത്ത് 24 മണിക്കൂറിനിടെ 331 മരണം,പതിനായിരത്തോളം രോഗികള്‍
ന്യൂഡൽഹി:ആശങ്കയുണർത്തി രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു.24 മണിക്കൂറിനിടെ 9987 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 331 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 2.60 ലക്ഷം കടന്നു. ഇതുവരെ 266,598 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയേറ്റത്. ഇതില്‍ 1,29,917 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 1,29,215 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നിലവില്‍ 7466 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
അതേസമയം കോവിഡ് രോഗികളുടെ എണ്ണം 71.93ലക്ഷം കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7,193,476 ആയി. 408,614 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഏഷ്യയില്‍ മാത്രം 35,000 പേരാണ് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. വിവിധ രാജ്യങ്ങളിലായി 3,249,308പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 53,798 പേര്‍ ഗുരുതരാവസ്ഥയിലുള്ളവരാണ്. ഏറ്റവുമധികം രോഗബാധിതരുള്ളത് അമേരിക്കയിലാണ്. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു.കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ലോകത്ത് രോഗികളുടെ പ്രതിദിന വര്‍ധന ഇപ്പോള്‍ റെക്കോഡിലാണെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;11 പേർക്ക് രോഗമുക്തി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 27 പേര്‍ തൃശൂര്‍ ജില്ലയിലാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ 13 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും, വയനാട് ജില്ലയില്‍ 2 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-42, കുവൈറ്റ്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1) 15 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-6, ഡല്‍ഹി-2, കര്‍ണാടക-1) വന്നതാണ്. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഡിനി ചാക്കോ (41) ഇന്ന് മരണമടഞ്ഞു. മേയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഇന്നുച്ചയ്ക്ക് 1 മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്. ഇതോടെ 16 പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 11 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 5 പേരുടെയും, പാലക്കാട്, വയനാട്, കണ്ണൂര്‍ (കാസര്‍ഗോഡ് സ്വദേശികള്‍) ജില്ലകളില്‍ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 1174 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 814 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;മരിച്ചത് തൃശൂർ സ്വദേശി ഡിന്നി ചാക്കോ
തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43)ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. ഡിന്നി ചാക്കോയുടെ മരണത്തോടെ ജില്ലയിലെ തൃശൂര്‍ ജില്ലയിലെ കൊവിഡ് മരണം മൂന്നായി.മാലി ദീപില്‍ നിന്ന് എത്തി നോര്‍ത്ത് ചാലക്കുടിയില്‍ ബന്ധുവീട്ടില്‍ നീരീക്ഷണത്തില്‍ കഴിയുന്നതിനിടയില്‍ ടെസ്റ്റ് റിസല്‍ട്ട് പോസ്റ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.ഡിന്നിയുടെ ഭാര്യക്കും മകനും ഭാര്യ മാതാവിനും അടുത്ത ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ച് അവരും ചികിത്സയിലായിരുന്നു. അവര്‍ സുഖം പ്രാപിച്ചെങ്കിലും ഡിന്നിക്ക് ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. അതിതീവ്ര പരിചരണ വിഭാഗത്തിലായിരിക്കെ മരണമടയുകയായിരുന്നു. മെയ് പതിനാറിനായിരുന്നു മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം
തൃശൂർ:സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.തൃശൂർ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ കുമാരനാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് മരണം 16 ആയി.ശ്വാസം മുട്ടലിനെ തുടർന്നാണ് കുമാരൻ ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.പിന്നീട് ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ ഇരിക്കവേയാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ കോളജില്‍ എത്തിച്ച ഉടന്‍ മരണം സംഭവിച്ചു. ന്യൂമോണിയ ബാധിതനായിരുന്നു.ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരടക്കം 40 പേരെ നിരീക്ഷണത്തിലാക്കി.ചേറ്റുവ സ്വകാര്യ ആശുപത്രിയിലേതുൾപ്പെട്ട ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെടാൻ സാധ്യതയുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്. എവിടെ നിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തുന്നതിനുള്ള നടപടികളിലേക്കും അധികൃതർ കടന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം സംസ്കരിക്കും.
സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 41 പേര്‍ക്ക് രോഗമുക്തി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 107 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3 പേര്‍ക്ക് വീതം, കണ്ണൂര്‍ 2, ഇടുക്കി ജില്ലയില്‍ ഒന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 71 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ-39, കുവൈറ്റ്-21, സൗദി അറേബ്യ-4, റഷ്യ-2, താജിക്കിസ്ഥാന്‍-2, ഖത്തര്‍-1, ഒമാന്‍-1, ഇറ്റലി-1) 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, തമിഴ്നാട്-7, ഡല്‍ഹി-4, ഗുജറാത്ത്-1, തെലുങ്കാന-1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 8 പേര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 3 പേര്‍ക്കും മലപ്പുറം, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.ചികിത്സയിലായിരുന്ന 41 പേരുടെ പരിശോധനാഫലം നെഗറ്റീവായി. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 14 പേരുടെയും (2 പാലക്കാട് സ്വദേശി), കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേരുടെ വീതവും, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട് (തൃശൂര്‍ സ്വദേശി) ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1095 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 803 പേര്‍ രോഗമുക്തരായി.ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളുണ്ട്. കണ്ണൂര്‍ ജില്ലയിലെ എരുവേശ്ശി, ഉദയഗിരി, മാങ്ങാട്ടിടം, കുറ്റ്യാട്ടൂര്‍, പാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 144 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;50 പേർ രോഗമുക്തി നേടി
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.അതേസമയം രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇന്നലെ പുതുതായി 10 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു.പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.
കൊറോണ വൈറസ്;ഇരിട്ടി നഗരത്തില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ ഏർപ്പെടുത്തി
ഇരിട്ടി:കോവിഡ് വൈറസ് രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്ന് ഇരിട്ടി ടൗണിൽ ട്രിപ്പിൾ ലോക്ക് ഡൌൺ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം ഗള്‍ഫില്‍ നിന്നെത്തി കോവിഡ് സ്ഥീരീകരിച്ച 38കാരനില്‍ നിന്നും സമ്പർക്കം വഴി രോഗവ്യാപനമുണ്ടായി എന്ന സംശയത്തെ തുടര്‍ന്നാണ് ടൗണ്‍ ഉള്‍പ്പെടുന്ന വാര്‍ഡ് പൂര്‍ണമായും അടച്ചിടാന്‍ ഉത്തരവായത്. ഇയാള്‍ക്ക് സമ്പർക്കത്തിലൂടെയല്ല രോഗബാധയുണ്ടായതെന്ന് എന്നായിരുന്നു രോഗം സ്ഥീരീകരിച്ചപ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്നുമുണ്ടായ വിശദീകരണം. എന്നാല്‍ ഇയാളുടെ കുടുംബത്തിലെ മറ്റു ചിലര്‍ക്കും സമ്പർക്കം വഴി രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്നാണ് നഗരം പൂര്‍ണ്ണമായും അടച്ചിടാന്‍ തീരുമാനിച്ചത്.നഗരസഭാ ചെര്‍മാന്‍ പി പി അശോകന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മോണിറ്ററിങ് സമിതി യോഗത്തിലാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് പരിഗണിച്ച് സമ്പൂർണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. ഇരിട്ടി ബസ്റ്റാന്റ് പൂര്‍ണമായും അടച്ചിട്ടു. മട്ടന്നൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ കീഴൂരില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കീഴൂര്‍ കഴിഞ്ഞാല്‍ ഇരിട്ടി പാലത്തിനപ്പുറം മാത്രമെ ബസ്സുകള്‍ നിര്‍ത്താന്‍ പാടുള്ളു. പേരാവൂര്‍ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ക്ക് പയഞ്ചേരി എസ് ബി ഐയ്ക്ക് സമീപം മാത്രമാണ് സ്റ്റോപ്പ്. തളിപ്പറമ്പ്, ഉളിക്കല്‍, കൂട്ടപുഴ ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ ഇരിട്ടി പാലത്തിന് സമീപം ആളെ ഇറക്കി തിരിച്ചുപോകണം.കണ്ണൂര്‍, തലശ്ശേരി ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്കായി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപം താല്‍ക്കാലിക ബസസ്റ്റാന്റ് ക്രമീകരിക്കും.ടൗണിലെ മുഴുവന്‍ ബാങ്കുകളും അടച്ചിടും.നഗരത്തിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനുമായി ഒരറ്റ വഴി മാത്രമെ തുറക്കൂ. നഗരത്തിലേക്കുള്ള മറ്റ് ഇടവഴികളെല്ലാം അടക്കും. നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ എട്ടുമുതല്‍ രണ്ട് മണിവരെ മാത്രമെ തുറക്കൂ. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഹോം ഡെലിവറിക്കായി രാവിലെ എട്ടുമൂതല്‍ പത്ത് വരെ രണ്ട് മണിക്കൂര്‍ മാത്രം തുറക്കാം. നഗരസഭ ഹോം ഡെലിവറിക്കുള്ള സംവിധാനം ഒരുക്കും. പഴം, പച്ചക്കറി സ്ഥാപനങ്ങള്‍ പുലര്‍ച്ചെ അഞ്ചുമതല്‍ രാവിലെ 11 മണിവരെ മാത്രമെ തുറക്കൂ. ഇവിടെ നിന്നും വ്യക്തികള്‍ക്ക് സാധനങ്ങള്‍ വില്ക്കാന്‍ പാടില്ല. മറ്റ് വ്യാപാര സ്ഥാപനങ്ങളെല്ലാം പൂര്‍ണ്ണമായും അടച്ചിട്ടും. ഓട്ടോറിക്ഷകളും ടാക്‌സികളും നഗരത്തില്‍ പാര്‍ക്ക് ചെയ്ത് ഓടുന്നത് പൂര്‍ണ്ണമായും നിരോധിച്ചു. ഹോട്ടലുകളില്‍ നിന്നും പാര്‍സലുകളും ഹോം ഡെലിവറിയും നിരോധിച്ചു. നഗരത്തിലെ ബാറുകളും മറ്റ് മദ്യശാലകളും തുറക്കില്ല. പോലീസ് മേഖലയില്‍ മൈക്ക് പ്രചരണം നടത്തി. മോണിറ്ററിങ് സമിതി യോഗത്തില്‍ ഇരിട്ടി സിഐ എ കുട്ടികൃഷ്ണന്‍, നഗരസഭാ സെക്രട്ടി അന്‍സല്‍ ഐസക്ക്, ഉന്നത ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.